ആ പഴയ നടുവേദനക്ക് ഒരു ശമനവും ഇല്ല ഇപ്പോഴാണെങ്കിൽ അതുകാരണം ജോലിക്ക് പോകാൻ പറ്റുന്നില്ല.. ഇങ്ങോട്ട് വരാൻ വണ്ടിക്കൂലി ഒക്കെ വേണ്ടേ.. പിന്നെ കുഞ്ഞുമോൾക്ക്

എന്റെ അനിയത്തി
രചന: Vijay Lalitwilloli Sathya

.

വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോഴേക്കും ഷീന ടീച്ചറുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്റെ അക്കൗണ്ടിൽ തന്റെ ആദ്യത്തെ സാലറി വന്നിരിക്കുന്നു.. എമൗണ്ട് എത്രയാണെന്നോ ഒരു ഹൈസ്കൂൾ ടീച്ചറുടെ തുടക്കം ശമ്പളം..

അവൾക്ക് സന്തോഷം അടക്കാനായില്ല.. തന്റെ ആശ്രാന്ത പരിശ്രമം മൂലം തന്റെ പ്രാരാബ്ദത്തിനും അച്ഛന്റെ കഷ്ടപ്പാടിന് അറുതി വന്നിരിക്കുന്നു..

നാളെ എ ടി എം ഉപയോഗിച്ച് ടൗണിൽ പോയി കാശ് എടുക്കണം. എന്നിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ചില ചില കൊച്ചു മോഹങ്ങളും സ്വപ്നങ്ങളും പൂവണിയിക്കാൻ ഉണ്ട്..

പിറ്റേന്ന് രാവിലെ തന്നെ അവൾ തൊട്ടടുത്തുള്ള ടൗണിൽ പോയി മനസ്സിൽ ഉദ്ദേശിച്ച പല കാര്യങ്ങളും നിർവഹിച്ചു.

നേരെ ചേച്ചി ഷൈനിയുടെ വീട്ടിലേക്ക് എത്തി. മുറ്റത്ത് റിക്ഷയുടെ ശബ്ദം കേട്ടപ്പോൾ
ഷൈനിയും മകൾ വൈഗയും പുറത്തിറങ്ങി.

റിക്ഷയിൽ നിന്നും ചാടിയിറങ്ങിയ ഷീന
വൈഗ മകൾക്ക് കൈയിലുള്ള സ്വീറ്റ്സും ഐസ്ക്രീം ഒക്കെ നൽകി.

“ചേച്ചി വേഗം വരുമോ ഞാൻ റിക്ഷാ വീട്ടിട്ടില്ല നമുക്ക് വേഗം ടൗണിൽ പോകാം ഒരു കാര്യമുണ്ട്.”

“എന്താണ് മോളെ..?”

ഷൈനിക്ക് അത്ഭുതമായിരുന്നു.

“വേഗം വാ.. ഒക്കെ കണ്ടിട്ട് അറിയാം ”

“അയ്യോ ഈ വേഷത്തിൽ ഞാൻ ഒന്ന് ഒരുങ്ങട്ടെ..”

“എങ്കിൽ വേഗം വേണം..”

അനിയത്തിയുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോൾ റിക്ഷ യാത്രക്കിടെ ജിജ്ഞാസയോടെ ഷൈനി ചിരിച്ചുകൊണ്ട് ചോദിച്ചു

“എവിടെയാടി നീ എന്നെ കൊണ്ടുപോകുന്നത്..”

“അതൊക്കെയുണ്ട് പറയാം.”

അവർ നേരെ ഒരു അപ്പ്രൈസറുടെ അടുത്തെത്തി.
ഷൈനിക്ക് കാര്യം പിടികിട്ടി..

“ഓ ഇതിനായിരുന്നോ ഈ പെണ്ണിന്റെ ഒരു കാര്യം…”

അതും പറഞ്ഞ് ഷൈനി പൊട്ടിച്ചിരിച്ചു

കാതുകുത്താനും മൂക്ക് കുത്താനും വന്നവരൊക്കെ ആ രണ്ട് പെൺകുട്ടികളുടെ ചിരിയും കളിയും ശ്രദ്ധിച്ചു..

ഷീനയുടെ നിർദ്ദേശപ്രകാരം അപ്രൈസർ കയ്യിലുള്ള ഒരു മിഷൻ ഉപയോഗിച്ചു ഷൈനിയുടെ മൂക്കു തുളച്ചു. മുള്ളു ഇട്ടുകൊടുത്തു.

അപ്രൈസർക്ക് അവരെ പരിചയമുണ്ട്. അയാൾ ചിരിച്ചു കൊണ്ട് കുശലാന്വേഷണം നടത്തി. രണ്ടുവർഷം മുമ്പ് വൈഗയുടെ കാതുകുത്താൻ അവർ ആ ഷോപ്പിൽ വന്നിരുന്നു..

ഷീനയും ഷൈനിയും വൈഗയുമായി അതേ വേഗത്തിൽ അവൾ വീട്ടിൽ തിരിച്ചെത്തി.

ഷീന റിക്ഷയുടെ ഇടപാട് തീർത്തു വിട്ടു.

“ഇതൊക്കെ എന്തിനായിരുന്നു മോളെ..ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ വേണമായിരുന്നോ…? ”

“അനിയത്തി ഒപ്പിച്ച കുസൃതി കണ്ട് അവൾ ചോദിച്ചു”

“അതൊക്കെ വേണം”

ഷീന അവളുടെ ആഗ്രഹത്തിന്റെ തീവ്രതയോടെ പറഞ്ഞു.

അനിയത്തിയുടെ ഉള്ളിൽ തന്നെ മൂക്കുത്തി ഇട്ടു കാണാൻ അതുമല്ലെങ്കിൽ തന്റെയീ കുഞ്ഞു ആഗ്രഹം സഫലീകരിച്ച് കാണാൻ ഉള്ളിൽ ഒരു ഫയർ ഉണ്ടായിട്ടുണ്ടാവും.. രണ്ടുവർഷം മുമ്പാണ് ആ ഒരു സംഭവം..
ഷൈനി ഓർത്തു..

“ഈ അമ്മയ്ക്കു മൂക്കുകുത്തി കൂടെ.? എന്റെ ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരൊക്കെ മൂക്കുകുത്തിയിട്ടുണ്ടല്ലോ.”

നാലാം ക്ലാസുകാരി മകൾ വൈഗയുടെ ആ ചോദ്യം കേട്ടപ്പോൾ
കുറച്ചു നാളായി തനിക്കും ഉള്ളിലുള്ള ഒരാഗ്രഹമാണ് മകൾ പറയുന്നത് എന്ന് തോന്നി ;എങ്കിലും ഇവിടുത്തെ ജീവിതം പ്രാരാബ്ദം ഓർത്തപ്പോൾ
ഷൈനിക്ക്‌ ഇങ്ങനെ പറയാനാണ് തോന്നിയത്..

“അപ്പോൾ ഞാൻ ഇപ്പോൾ മൂക്കുകുത്തിയിട്ടല്ലേ ഉള്ളത് ജോലിക്കു പോകാതെ കിട്ടുന്ന കാശിനു കള്ളുകുടിച്ച് തേരാപ്പാര നടക്കുന്ന നിന്റെ അപ്പനെ കെട്ടിയതോടുകൂടി..ശരിക്കും മൂക്കും കുത്തി വീണിരിക്കുകയാണ് മോളെ.. ”

“ങ്ങേ.. അമ്മ വാക്യത്തിൽ പ്രയോഗിച്ചത് തെറ്റാണല്ലോ.. മൂക്കുത്തി ഇടാൻ വേണ്ടി മൂക്ക് കൊണ്ടുപോയി കുത്തുന്ന കാര്യമാണ് ഞാൻ പറഞ്ഞത്..”

“അങ്ങനെ ഈ മൂക്ക് കൊണ്ടുപോയി തൽക്കാലം കുത്തിയിടാൻ അമ്മയുടെ കയ്യിൽ കാശ് ഒന്നും ഇല്ല.. മോള് പോയി തൽക്കാലം അമ്മയുടെ മൊബൈൽ കൊണ്ടുപോയി ചാർജ് ചെയ്യാൻ കുത്തിയിട്…”.

“ശോ ഈ അമ്മ വീണ്ടും കുത്തി ഇടുന്ന പദം വേറൊന്നിൽ പ്രയോഗിച്ചു സമ്മതിക്കണം..അമ്മയെ വെറുതെയല്ല അച്ഛൻ കള്ളുകുടിച്ചു വന്നാൽ അമ്മയുടെ മുതുകത്തു നാലു കുത്തു വച്ച് കൊടുക്കുന്നത്..”

ഇടക്കൊക്കെ കിട്ടുന്ന തൊഴിലുറപ്പ് ജോലിക്ക് പോയി ഷൈനി ഒരു കുഞ്ഞ് മൂക്കുത്തി വേണ്ടുന്ന അല്പം രൂപ ആ ഒരു ആഗ്രഹത്തിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്.

മകള് പറഞ്ഞതല്ലേ. അവളും അമ്മയെ മൂക്കുത്തിയിട്ട് കാണാൻ ആഗ്രഹിക്കുന്നു. അവൾക്ക് ഒത്തിരി സന്തോഷമാകും ഏതായാലും നാളെ പോയി കുത്തണം. എന്നിട്ട് ആ കാശിന് ഒരു തരി പൊന്നുഉള്ള മൂക്കുത്തി വാങ്ങിയിട്ട് വരണം. വ്രണം ഉണങ്ങി മുള്ളു എടുത്തതിനുശേഷം ആ മൂക്കുത്തി ഒന്ന് ഇടണം. എന്നിട്ട് കണ്ണാടിയിൽ നോക്കി വട്ടത്തിൽ ഒരു ചുവന്ന പൊട്ടു കുത്തണം. മുടി ഒരു വശത്തോട്ടു ഇട്ട് ചുണ്ടുകൾ ചേർത്ത് പുഞ്ചിരിച്ച ഒരു ക്ലോസ് ഓഫ് സെൽഫി എടുക്കണം..

“ഹായ്… അപ്പുപ്പൻ…വന്നു…അമ്മേ ദേ അപ്പൂപ്പൻ വന്നിരിക്കുന്നു..”

മോളു വിളിച്ചുപറയുന്നത് കേട്ട് ഓടി കിതച്ച് ഉമ്മറത്ത് എത്തിയപ്പോൾ ദേ അച്ഛൻ വന്നു നിൽക്കുന്നു..

“എത്ര നാളായി അച്ഛനെ കണ്ടിട്ട്.. എന്താ വരാഞ്ഞത്..?”

ഷൈനി സന്തോഷത്തോടെ,അതിൽ അല്പം സങ്കടവും പരിഭവവും കലർത്തി അച്ഛനോട് ചോദിച്ചു..

“അച്ഛന് വയ്യായ്ക ആയിരുന്നു മക്കളെ..ആ പഴയ നടുവേദനക്ക് ഒരു ശമനവും ഇല്ല ഇപ്പോഴാണെങ്കിൽ അതുകാരണം ജോലിക്ക് പോകാൻ പറ്റുന്നില്ല.. ഇങ്ങോട്ട് വരാൻ വണ്ടിക്കൂലി ഒക്കെ വേണ്ടേ.. പിന്നെ കുഞ്ഞുമോൾക്ക് വല്ലതും കൊണ്ടുവരേണ്ട. അവൾ എന്റെ കൈയിൽ വല്ലതുമുണ്ടോ എന്നു നോക്കൂലേ കുഞ്ഞല്ലേ അത്..
എന്നുപറഞ്ഞ് അയാൾ കയ്യിലുള്ള സ്വീറ്റ്സ് കവർ പേരമകൾ വൈഗക്കു കൊടുത്തു..

” ഹായ് കിറ്റ്-കാറ്റ്… താങ്ക്സ് അപ്പുപ്പ.. ”

അവൾ അതും വാങ്ങി മുറ്റത്തേക്കു കളിക്കാൻ ഇറങ്ങി.

അച്ഛൻ കയ്യിലുള്ള മറ്റൊരു സഞ്ചി ഷൈനി ഏൽപ്പിച്ചു.

“ഇത് എന്താ അച്ഛാ”

“അത് അല്പം പഴമാണ് നമ്മുടെ അടുക്കളയുടെ ഭാഗത്തുള്ള വാഴക്കുലയിൽ നിന്നും.. ”

ഷൈനി സന്തോഷത്തോടെ അത് വാങ്ങി.

“അച്ഛൻ വരൂ അകത്ത് ഇരിക്കാം..”

അച്ഛന് കാപ്പിയൊക്കെ ഇട്ടു നൽകിയപ്പോൾ, ഷൈനി വീട്ടിലെ വിശേഷങ്ങൾ ഒക്കെ തിരക്കി.ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു

“മോളെ ഞാൻ വന്നത്.. ഇത്തിരി പൈസക്കു വേണ്ടിയാണു..വേറെ ഒരു നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്..
നിന്റെ അനിയത്തി ഷീനയുടെ അവസാന വർഷ ബി എഡ് സെമസ്റ്റർ എക്സാം ആണ്.. ഫീസിനും മറ്റു ചിലവുകൾക്കും ആയി മൂവായിരം രൂപ വേണം.. പണ്ട് ഞാൻ കെട്ടിയ താലി മാല എനിക്ക് അസുഖം വന്നപ്പോൾ വിൽക്കുന്നതിന് മുമ്പ് മാറ്റിവെച്ച അതിന്റെ പൊട്ടിയ ഒരു കൊളുത്ത് ബാക്കി ഉണ്ടായിരുന്നു. അതു തട്ടാന് കൊടുത്തപ്പോൾ അഞ്ഞൂറ് രൂപ തന്നിട്ടുണ്ട്.
ഒരു രണ്ടായിരത്തിയഞ്ഞൂറു രൂപ കൂടി ഉണ്ടെങ്കിലേ കാര്യം നടക്കുള്ളൂ.. എവിടുന്നെങ്കിലും എന്റെ മകൾ ആക്കി തരും എന്നുള്ള പ്രതീക്ഷയിൽ ആണ് അവസാനമായി ഇങ്ങോട്ട് വന്നത്…”

ഷൈനിക്ക് അത് കേട്ടപ്പോൾ വളരെ വിഷമം ആയി..

എത്ര കൊടിയ പ്രാരാബ്ദം ആണ് ദൈവം ഈ കുടുംബത്തിന് തരുന്നത്..

തലകുമ്പിട്ട് കണ്ണീർ വാർക്കുന്ന അച്ഛനെ കണ്ടപ്പോൾ ആ മകൾക്ക് സഹിച്ചില്ല അവൾക്ക് ദുഃഖം നിയന്ത്രിക്കാനായില്ല
അവളും സങ്കടപ്പെട്ട് കരഞ്ഞ് പോയി.

“അച്ഛൻ വിഷമിക്കേണ്ട ”

അതും പറഞ്ഞ് അവൾ അവളുടെ റൂമിനകത്ത് കയറി ഭർത്താവ് കാണാതെ അവളുടെ കല്യാണ സാരിയുടെ മടക്കുകളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്ന ആ മൂവായിരം രൂപ എടുത്ത് സന്തോഷപൂർവ്വം അച്ഛനെ ഏൽപ്പിച്ചു.

“അച്ഛൻ ഇത് കൊണ്ട് പോയി അവളുടെ ഫീസ് അടക്കുക”

“എന്റെ കുട്ടിയുടെ കയ്യിൽ കാശ് ഉണ്ടായിരുന്നോ.?”

“ഉണ്ടായിരുന്നച്ഛാ.. ഒരു പൊട്ട ആഗ്രഹത്തിന് പേരിൽ ഇവിടുത്തെ ചിലവുകൾ കഴിഞ്ഞു ഇത്തിരി മാറ്റിവെച്ചത് ആയിരുന്നു. സാരമില്ല നമ്മുടെ ഷീന മോൾക്ക് വേണ്ടി അല്ലേ..
അച്ഛൻ ഇനി ഇതേ കുറിച്ചോർത്ത് ദുഃഖിക്കരുത്”

” എന്റെ മോളു മൂക്കുത്തി വാങ്ങാൻ വെച്ച കാശാണോ ഇത്..വേണ്ട മോളെ.. ഇത്.. അച്ഛന് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു എന്റെ മോളുടെ കയ്യിൽ എന്തെങ്കിലും ഉണ്ടാവും എന്ന്.. അതാ അച്ഛൻ ഇങ്ങോട്ട് വന്നത്.. ”

കയ്യിലിരുന്ന കാശ് മകൾക്ക് നേരെ തിരിച്ചു നീട്ടി അയാൾ പറഞ്ഞു.

“സാരമില്ല അച്ഛാ അവൾ എന്റെ അനിയത്തി അല്ലേ.. എന്റെ സ്വന്തം അനിയത്തി.. അപ്പോൾ എന്റെയും കൂടി ഉത്തരവാദിത്വം അല്ലേ അവളുടെ പഠിപ്പ് . ”

ഉച്ചഭക്ഷണത്തിനുശേഷം അച്ഛൻ കണ്ണിൽ നിന്നും മറയുവോളം അവൾ ആ യാത്ര നോക്കി നിന്നു.. ദൂരെ ഒരു പൊട്ടു പോലെ അച്ഛൻ മറയുമ്പോൾ അവളുടെ കണ്ണിലും ഓരോ തുള്ളി കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു..

അന്ന് അച്ഛൻ ആ കാശ് കൊണ്ടുപോയി ഷീനയ്ക്ക് നൽകി ഫീസ് അടപ്പിച്ചു..

എക്സാം എഴുതി അവൾ പാസായി നല്ല മാർക്കോട് കൂടി. പഠിപ്പിൽ മിടുക്കിയായിരുന്ന അവൾ സർട്ടിഫിക്കറ്റുകൾക്ക് കിട്ടിയശേഷം ജോലിക്കു ശ്രമിച്ചു.

അവൾ പ്രതീക്ഷിച്ചപോലെ ഒരു ടീച്ചർ ഉദ്യോഗം അവൾക്ക് ലഭിച്ചു. അതിന്റെ ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ ഓടി വന്നു കാണിക്കുന്നതാണ് ഈ പരാക്രമം..

“എന്റെ ചേച്ചി എനിക്ക് തന്ന ആ കാശ് ചേച്ചിയുടെ കുഞ്ഞ് മോഹമായിരുന്ന ഈ മൂക്കുത്തി ആണെന്ന് എനിക്കറിയാം.. എന്നിട്ടും ചേച്ചി മുൻപിൻ നോക്കാതെ എനിക്കായി അച്ഛന്റെ കയ്യിൽ കൊടുത്തു വിട്ടില്ലേ അപ്പോൾ ഞാൻ മനസ്സിൽ കരുതിയതാണ് ഒരു ജോലി കിട്ടി ആദ്യത്തെ ശമ്പളം കിട്ടിയാൽ എന്റെ പൊന്നു ചേച്ചിക്ക് മൂക്കിന് ഒരു പൊന്നു മൂക്കുത്തി ഇട്ട ബാക്കി എന്തുള്ളു എന്ന്..”

ഷീന തന്റെ ബാഗിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്ന മൂക്കുത്തി എടുത്തത് ചേച്ചിക്ക് നൽകി.

ഷൈനി അതെടുത്തു നോക്കി.

“ഹായ് എന്തൊരു ഭംഗിയാ ഇതിന്റെ കല്ലിന്.. എന്റെ കുട്ടി നീ ഇതൊക്കെ ഓർത്തു വച്ചിട്ടുണ്ടായിരുന്നോ..ഞാനത് അപ്പോഴേ മറന്നു..”

“എനിക്കു മറക്കാൻ പറ്റുമോ എന്റെ പൊന്നു ചേച്ചിയുടെ കുഞ്ഞാശയമല്ല.?”

അവൾ ചേച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ചേച്ചിയും ആ അനിയത്തിക്കുട്ടിയെ ആശ്ലേഷിച്ചു വാത്സല്യപൂർവ്വം അവളുടെ പുറത്തു തലോടി..

“അപ്പോൾ എന്നെ ആർക്കും വേണ്ടേ.”

നേരത്തെ കുഞ്ഞാന്റി കൊണ്ടുവന്ന ഐസ്ക്രീം മിഠായികളും സ്വീറ്റ്സ് തിന്നു വയറു നിറച്ചുകൊണ്ടുണ്ടായിരുന്ന വൈഗ മോൾ അവിടെ കയറി വന്ന് ചോദിച്ചു..

“നീയും വാ”

അവർ വൈഗ മോളെയും ചേർത്തു നിർത്തി..

അപ്പോഴേക്കും ഫിറ്റായി ആടിയാടി ഷൈനിയുടെ ഭർത്താവ് കുഞ്ഞുമോൻ കയറിവന്നു..

” ഫസ്റ്റ്…ഇത് എന്തോന്നാ ഇവിടെ…മെസ്സി ഗോൾ അടിച്ചോ..? മൂന്നുപേരും ഇങ്ങനെ കെട്ടിപ്പിടിച്ചു താഴോട്ടു നോക്കി നിൽക്കുന്നത് .. 😂”

“ആഹാ.. രഘു ചേട്ടൻ വന്നോ..? കണ്ടിട്ട് പോകാമെന്ന് വെച്ചു കാത്തിരിക്കുകയായിരുന്നു”

“എന്താ ഷീന മോളെ ടീച്ചർ ജോലിയൊക്കെ കിട്ടിയപ്പോൾ നമ്മളൊക്കെ മറന്നോ..? ”

“എവിടെ…അതുകൊണ്ടല്ല ആദ്യ ശമ്പളം കിട്ടിയപ്പോ ഇങ്ങോട്ട് തന്നെ വന്നത് ”

“ഷമ്പളം കിട്ടിയോ അപ്പൊ എനിക്ക് കുടിക്കാൻ തരുമല്ലോ?”

“കഷ്ടം..എന്താ ചേട്ടാ ഇത്..? കുടിക്കാനാണോ ജീവിക്കേണ്ടത്?”

അതുകേട്ട് രഘു തലതാഴ്ത്തി.

അവൾ തുടർന്നു

“ഇതാ ഇങ്ങോട്ട് നോക്കൂ വൈഗ മോൾ വളർന്നുവരികയാണ്
പിന്നെ എനിക്കാണെങ്കിൽ ടീച്ചർ ജോലിയും കിട്ടി. പട്ടിണിയും പരിവട്ടവുമായ നമ്മുടെ കുടുംബത്തിന്റെ സ്റ്റാറ്റസ് ഒത്തിരി ഒന്നുമില്ലെങ്കിലും ഇത്തിരി ഉയർന്നുകൊണ്ടിരിക്കുകയാണ്.. നമുക്കും സമൂഹത്തിൽ നല്ല നിലയിൽ ജീവിക്കേണ്ട. ചേട്ടാ.? നിങ്ങൾ എപ്പോഴും ഇങ്ങനെ കുടിച്ച് ബോധമില്ലാതെ നടന്നാൽ ചേട്ടന്റെ ഈ കൊച്ചു കുടുംബത്തിന്റെ ഭാവി എന്താവും.. നിങ്ങളെ വിശ്വസിച്ചല്ലേ ചേച്ചി കല്യാണം കഴിഞ്ഞു വന്നത്..?”

“അതെല്ലാം മോളെ ഒരു ജോലി എനിക്കു ഇല്ലാത്തതു കൊണ്ടല്ലേ ഞാൻ ഇങ്ങനെ ആയിപ്പോയത് ”

“സ്ഥിരമായ ഒരു ജോലി കിട്ടിയാൽ ആ ജോലിക്ക് നേരെ പോകുമോ? ”

“അമ്മയാണെ സത്യം…ജോലി കിട്ടിയാൽ ഞാൻ നേരെ പോകും”

“കുടിക്കില്ലെന്ന് ഉറപ്പാണോ?”

“ജോലിയില്ലാത്ത ടെൻഷനിലാണ് കുടിക്കുന്നത്…ജോലി കിട്ടിയാൽ പിന്നെ അതും നോക്കി കുടുംബം നോക്കി മുന്നോട്ടു പോവും കൊച്ചേ..”

“ആ ജോലി ചെയ്യുമ്പോൾ കാശ് കിട്ടിയാലോ? അപ്പൊ കുടിക്കുമോ..?”

“ഞാൻ കുടുംബം നോക്കി ജീവിക്കും.. കല്യാണം കഴിക്കുന്ന അവസരത്തിൽ ഞാൻ സ്ഥിരം ജോലിക്ക് പോയിരുന്നു.. ആ ജോലി മുടങ്ങി… പിന്നെ ഇങ്ങനെയും ആയി ”

“ട്രെയിനിങ്ങിന് ഇടയിൽ പരിചയപ്പെട്ട എന്റെ ഗുരുനാഥയും സുഹൃത്തുമായ രജിത മാഡത്തിന്റെ സ്കൂളിൽ ഒരു പ്യൂൺ പോസ്റ്റ് ഒഴിവുണ്ട്. സത്യത്തിൽ പ്യൂണിനെ ഒക്കെ നിയമിച്ചതാണ് പുള്ളി ആക്സിഡന്റ് ആയി പരിക്കുപറ്റി കിടക്കുകയാണ് ആറ് മാസത്തേക്ക് താൽക്കാലിക നിയമനത്തിന് ഒരാളെ വേണം അപ്പോൾ ഞാൻ ചേട്ടനെ മനസ്സിൽ കണ്ടു കൊണ്ട് ഒരു സജസ്റ്റ് ചെയ്തിട്ടുണ്ട്.. വലിയ ഉറപ്പൊന്നും പറയാൻ പറ്റില്ല..ചേട്ടന്റെ കുടിക്കില്ലെന്ന് ഉറപ്പു കിട്ടിയാലേ ആ ജോലിയിൽ ചേട്ടനെ നിയമിക്കാൻ പറയാനുള്ള ഉത്സാഹവും ആയി മുന്നോട്ടു പോകാൻ പറ്റൂ..
എന്തു പറയുന്നു.., ”

“സത്യായിട്ടും കുടിക്കില്ല മോളേ.”

രഘുവിന് ആ ജോലി എടുത്താൽ കൊള്ളാമെന്നുണ്ട്.

“ഞങ്ങളെയൊക്കെ തലയിൽ തൊട്ടു സത്യം ചെയ്തിട്ട് പറയൂ”

അങ്ങനെ
അവരുടെ മൂന്നുപേരുടെയും തലയിൽ തൊട്ടു രഘു സത്യം ചെയ്തു.

ഷീന തിരിച്ചു പോയി മേഡത്തിന് നേരിട്ടുകണ്ടു ഇമ്പ്രെസ്സ്ചെയ്തു. ചേച്ചിയുടെ പ്രാർത്ഥന കൊണ്ടോ എന്തോ ആ ജോലി ചേട്ടത്തിയുടെ ഭർത്താവിന് ശരിയായികിട്ടി.

രഘു പിന്നെ നല്ല കുട്ടിയായി ആ ജോലിക്ക് പോയി തുടങ്ങി.

മൂക്കുകുത്തിയ വ്രണവും വേദനയൊക്കെ പോയപ്പോൾ ഷൈനി ആ മൂക്കുത്തിയിട്ട് ഒന്ന് കണ്ണാടിയിലേക്ക് നോക്കി.

അതിന്റെ കല്ല് കിടന്ന് തിളങ്ങി പ്രകാശം കണ്ണിൽ അടിച്ചു.

ത്യാഗത്തിന്റെ ദീപ്തിയും അനിയത്തിയുടെ സ്നേഹവും അവളുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണം പകർന്നിരിക്കുന്നു..

ഒരു നല്ല ത്യാഗം കൊണ്ട് ഒരുപാട് നന്മകൾ പിറകേ ഉണ്ടാകണമെന്ന് ഷൈനി ക്ക് മനസ്സിലായി..

❤❤

കമന്റ്, ലൈക്കും ചെയ്യണേ

Leave a Reply

Your email address will not be published. Required fields are marked *