മോളേ… മോളെ നിങ്ങളുടെ അമ്മയെ മറന്ന് അപ്പച്ചൻ ഒരു തെറ്റു ചെയ്തിട്ടില്ല. മോളെങ്കിലും ഈ അപ്പച്ചൻ പറയുന്നത് വിശ്വസിക്കണം.

(രചന: സ്നേഹ)

മോളേ… മോളെ നിങ്ങളുടെ അമ്മയെ മറന്ന് അപ്പച്ചൻ ഒരു തെറ്റു ചെയ്തിട്ടില്ല. മോളെങ്കിലും ഈ അപ്പച്ചൻ പറയുന്നത് വിശ്വസിക്കണം.

ജീന മുറിയിലേക്ക് കടന്നു ചെന്ന ഉടൻ തന്നെ അലക്സ് പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു.

അപ്പച്ചൻ വിഷമിക്കാതെ എനിക്കു അപ്പച്ചനെ വിശ്വാസമാണ് കട്ടിലിൽ ഇരുന്ന് അപ്പച്ചൻ്റെ കൈ എടുത്ത് തലോടികൊണ്ട് ജീന പറഞ്ഞു.

അപ്പച്ചാ…

അല്‌കസ് കണ്ണുകളുയർത്തി ജീനയെ നോക്കി നിറഞ്ഞു വന്ന നീർമണിമുത്തുകളെ ഇരുകൈ കൊണ്ടും അമർത്തി തുടച്ച് കൊണ്ട് അലക്സ് ചുണ്ടിൽ ചിരി വരുത്താൻ ശ്രമിച്ചു.

എന്താ അന്നു സംഭവിച്ചത് അപ്പച്ചൻ തുറന്നു പറയാത്തതു കൊണ്ടല്ല അവരു അപ്പച്ചനെ തെറ്റിദ്ധരിച്ചത്.

ഞാൻ പറഞ്ഞതു വിശ്വസിക്കാൻ ആരും ശ്രമിച്ചില്ല അവർക്ക് വിശ്വാസം ആ സ്ത്രിയേയും അവരുടെ മരുമകനേയും ആയിരുന്നു.

മോളു വന്നതല്ലേയുള്ളു പോയി ചായയോ വെള്ളമോ എന്തെങ്കിലും കുടിച്ചിട്ടു വാ അപ്പച്ചൻ എല്ലാം പറയാം..

എനിക്കിപ്പോ ഒന്നും വേണ്ട ആദ്യം തന്നെ അപ്പച്ചൻ ഒന്നു എഴുന്നേറ്റിരുന്നേ ഈ ഡ്രസ്സൊക്കെ മാറ്റി ഒന്നു ഫ്രഷായിക്കേ.

ജീന അപ്പച്ചനെ നിർബദ്ധിപ്പിച്ച് കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ചു. ബാത്ത് റൂമിൽ പോയി കൈയും കാലും കഴുകി വാ ജീന ഉന്തി തള്ളി അലക്സിനെ ബാത്ത് റൂമിലേക്ക് പറഞ്ഞു വിട്ടു.

ആ സമയത്താണ് അലക്സിൻ്റെ മൂത്ത മോൾ ജെസ്സിയും ഭർത്താവ് ഡേവിഡും മോൻ ജീവനും റീനയും അപ്പച്ചൻ്റെ മുറിയിലേക്ക് കടന്നു വന്നത്

നിന്നോടെന്തെങ്കിലും പറഞ്ഞോടി അപ്പച്ചൻ

ഇല്ല.

പറയില്ല…. മനുഷ്യനെ നാണം കെടുത്താൻ വേണ്ടി … കണ്ട സ്ത്രികളെ തേടി പോയിട്ട് എല്ലാവരും അറിഞ്ഞു എന്നറിഞ്ഞപ്പോൾ വാതിലും അടച്ച് മുറിയിൽ കയറി ഇരിക്കുന്നു.

എടാ നീ എന്തു വർത്തമാനമാണ് ഈ പറയുന്നത്. നിൻ്റെ അപ്പച്ചനെ നിനക്കറിയില്ലേ ഈ കാലം അത്രയും നമുക്ക് വേണ്ടി ജീവിച്ച അപ്പച്ചനെ നീ തെറ്റിദ്ധരിക്കും മുൻപ് എന്താ സംഭവിച്ചെ എന്നെങ്കിലും നിനക്ക് അപ്പച്ചനോട് ചോദിക്കാമായിരുന്നു.

കൊള്ളാം ഞാനും എൻ്റെ ഭാര്യയും ആവുന്നത്ര ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാത്തതു കൊണ്ടാ പെൺമക്കളായ നിങ്ങളെ വിളിപ്പിച്ചത്. ആദ്യം ഇവളും അളിയനും എത്തി അവരും ചോദിച്ചു.

എന്നിട്ടോ വാ ഒന്നു തുറക്കണമല്ലോ കണ്ണും അടച്ച് മേലോട്ടും നോക്കി ഒരേ കിടപ്പ് അതു കണ്ട് അവൾക്കും കലി വന്നു.

ഞാനി വീട്ടിൽ നിൽക്കില്ലാട്ടോ നാളെ എൻ്റെ നേരെ വരില്ലന്ന് ആരു കണ്ടു ഇതല്ലേ സ്വഭാവം പട്ടിണി ആണേലും സുരക്ഷിതമായി കിടക്കാലോ നാളെ ഞാൻ മക്കളേയും കൂട്ടി എൻ്റെ വീട്ടിൽ പോകും.

രണ്ടു ദിവസം മുൻപു വരെ അപ്പച്ചൻ ഈ വീട്ടിൽ അല്ലേ ഉണ്ടായിരുന്നത്. നിന്നോട് ഏതെങ്കിലും തരത്തിൽ അപമര്യാദയായി പെരുമാറിയിട്ടുണ്ടോ?

ഇന്നലെ വരെ ഇല്ലാത്ത പേടി നിനക്ക് ഇപ്പോ എങ്ങനെയാ ഉണ്ടായത്.

നിൻ്റെ കെട്ടിയോൻ അതായത് എൻ്റെ പുന്നാര ആങ്ങള നിന്നെയും മക്കളേയും ഈ അപ്പച്ചൻ്റ അടുത്ത് ഏൽപ്പിച്ചിട്ട് എവിടെയെല്ലാം പോയിട്ടുണ്ട് അന്നൊന്നും നിനക്ക് സുരക്ഷിതത്വം ഇല്ലായിരുന്നോ? നിൻ്റെ മുറി തേടി അന്ന് എപ്പോഴേലും അപ്പച്ചൻ വന്നിരന്നോ?

എല്ലാവരും കൂടി വന്നിരിക്കുന്നു ക്രോസ് ചെയ്യാനായിട്ട്. ഇറങ്ങി പോ നിങ്ങളി മുറിയിൽ നിന്ന്‌

ഞങ്ങളു പോകാം ഇത്തിരി കഴിയുമ്പോൾ നിനക്കും മനസ്സിലാകും അപ്പൻ ആരാന്ന്.

എനിക്ക് എൻ്റെ അപ്പനെ അറിയാം ദയവു ചെയ്ത് നിങ്ങൾ ഈ മുറിയിൽ നിന്ന് ഒന്നു പോയി തന്നാ മതി. അവരെല്ലാവരും മുറി വിട്ടിറങ്ങി.

അലക്സ് കുളി കഴിഞ്ഞ് ഡ്രസ്സ് മാറി മുറിയിലേക്ക് വന്നു. ജീന തൻ്റെ ബാഗ് തുറന്ന് ഒരു പൊതി എടുത്ത് മേശപ്പുറത്തു വെച്ചു.

അപ്പച്ചൻ ഇവിടെ വന്നിരിക്ക്.

അലക്സ് കസേര വലിച്ചിട്ട് മേശക്കരികിൽ ഇരുന്നു ജീന ആ പൊതി അഴിച്ച് അലക്സിൻ്റ മുന്നിലേക്ക് നീങ്ങി വെച്ചു. പാലപ്പവും ബീ ഫ് കറിയും. ജീന അത് അടുത്തിരുന്ന് അലക്സിനെ കൊണ്ട് കഴിപ്പിച്ചു

കഴിച്ചെഴുന്നേറ്റ് അലക്സ് വീണ്ടും കട്ടിലിൽ ചെന്നിരുന്നു. ജീനയും ചെന്ന് അടുത്തിരുന്നു.

നിൻ്റെ അമ്മ ഉണ്ടാക്കി തന്നിരുന്ന അതേ രുചി പാലപ്പത്തിനും കറിക്കും.

അമ്മയുടെ കൈപുണ്യം എനിക്കും കിട്ടിയിട്ടുണ്ടല്ലേ അപ്പച്ചാ

ഉം ഇത്തിരിയൊക്കെ…

നിൻ്റെ അമ്മച്ചി ഇപ്പോ അടുത്തുണ്ടായിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു പോവുകയാ…

അമ്മച്ചി അപ്പച്ചൻ്റെ കൂടെ ഇല്ലന്ന് ആരാ പറഞ്ഞത് അദൃശ്യ ശക്തിയായിട്ടാണന്നു മാത്രം.

അവളു പോയിട്ടും ഇത്ര കൊല്ലമായില്ലേ. എന്നാലും ഈ മുറിയിൽ ഇപ്പോഴും അവളുണ്ട്. അതുകൊണ്ടാ ഞാനിമുറിയിൽ കയറി വാതിലടച്ച് ഇരുന്നത്. ആർക്ക് എന്നെ മനസ്സിലാക്കാൻ പറ്റിയില്ലങ്കിലും അവൾക്കെന്നെ മനസ്സിലാകും

പിന്നെ ഈ മോൾക്കും ജീന അലകസിൻ്റ തലയിൽ തലോടികൊണ്ട് പറഞ്ഞു.

ഉം…

എന്താ അപ്പച്ചാ അന്നു സംഭവിച്ചത്. അപ്പച്ചൻ ആ സ്ത്രീയുടെ വീട്ടിൽ പോയിരുന്നല്ലോ? അതു പിന്നെ ദു:ചിന്തയോടെ പോയതല്ലന്ന് എനിക്കുറപ്പുണ്ട്.

മോളെ… ഞാൻ പോയതല്ല മോളെ എന്നെ വിളിച്ചു വരുത്തിയതാ അവർ അങ്ങോട്ട്.

എന്തിന്?

ആ സ്ത്രിയുടെ മരുമോൻ അവരുടെ കുഞ്ഞ് ആശുപത്രിയിൽ കിടന്ന സമയത്ത് എൻ്റെ കൈയിൽ നിന്നും ഒരു പതിനായിരം രൂപ ഒരാഴ്ച അവധി പറഞ്ഞ് കടം വാങ്ങിയിരുന്നു ഒരു വർഷം കഴിഞ്ഞു.

ഞാൻ പല തവണ അവനോട് കൊടുത്ത പണം ആവശ്യപ്പെട്ടു അവൻ ഓരോ അവധി പറഞ്ഞു. ഇവിടെ മോൻ അറിയാതെ കൊടുത്ത കാശാണ്. ഇവനറിഞ്ഞാൽ ഉണ്ടാകുന്ന പുകിലോർത്ത് ഞാനെപ്പോഴും ചോദിക്കാമായിരുന്നു.

ഞാനവനോട് കാശ് ചോദിക്കുന്നതു കേട്ട് വടക്കേലെ ഷാജി പറഞ്ഞു രണ്ടു വർഷം മുൻപ് അവനോടും രണ്ടായിരം മേടിച്ചിട്ട് ഇതുവരെ കൊടുത്തില്ലന്ന്.

മിനിഞ്ഞാന്ന് അവനോട് അല്പം ദേഷ്യത്തിലാണ് ഞാൻ കാശ് ചോദിച്ചത് അതും, പറഞ്ഞ് ഞങ്ങളന്ന് ഉടക്കിയാണ് പിരിഞ്ഞത്.

അന്നു വൈകുന്നേരം പതിവുപോലെ രണ്ടെണ്ണം അടിച്ചിട്ടിരിക്കുമ്പോളാണ് അവനെൻ്റെ ഫോണിലേക്ക് വിളിച്ചത്. അവിടം വരെ ചെന്നാൽ ഞാൻ കൊടുത്ത പൈസ തരാന്ന് പിന്നീട് ഞാനൊന്നും ആലോചിച്ചില്ല.

അവിടെ ചെന്നു അവരെനിക്ക് പതിനായിരം രൂപ തന്നു. എന്നിട്ടവൻ എന്നോടു പറഞ്ഞു തെളിവിനായി ഫോട്ടോ എടുക്കണം എന്ന്

അവൻ്റെ അമ്മായിയമ്മയാണ് എനിക്ക് പൈസ തന്നത് തെളിവിനായി ഫോട്ടോ എടുക്കണം എന്നും പറഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല പൈസയുമായി ഞാൻ തിരികെ പോരാൻ എഴുന്നേറ്റ സമയം നോക്കി അവനെന്നെ ത ല്ലി.

അവൻ്റെ അമ്മായിയമ്മക്ക് കാശും കൊടുത്ത് മയക്കാൻ ചെന്നെന്നും പറഞ്ഞ്. ആ ദുഷ്ടൻ എന്നെ ഒരു പാട് ത ല്ലി അമ്മയോട് ക്ഷമ പറഞ്ഞ് കാലു പിടിച്ചാൽ വെറുതെ വിടാം എന്നവൻ പറഞ്ഞു.

എങ്ങനെയെങ്കിലും രക്ഷപെടണം എന്നാഗ്രഹം കൊണ്ട് ഞാനവരുടെ മുന്നിൽ കൈകൂപ്പി ഇതിൻ്റെയെല്ലാം ഫോട്ടോ അവനെടുത്ത് എൻ്റെ മോന് അയച്ചുകൊടുത്തു ഇതെല്ലാം കണ്ട് മോനവിടെ വന്നു.

അവൻ പറഞ്ഞതെല്ലാം സത്യമാണന്ന് എൻ്റെ മോൻ വിശ്വസിച്ചു. എൻ്റെ റോസി നിങ്ങൾ മൂന്നു മക്കളെ എന്നെ ഏൽപ്പിച്ചു പോയിട്ട് വർഷം പതിനെട്ടു കഴിഞ്ഞു.

അന്നെനിക്ക് നാൽപ്പത്തിയഞ്ച് വയസ്. ആ പ്രായത്തിൽ പോലും ഞാൻ മറ്റൊരു കൂട്ട് തേടി പോയിട്ടില്ല.

നിങ്ങളായിരുന്നു എനിക്കെല്ലാം നിങ്ങളുടെ വളർച്ചയിലൂടെ ഞാനവളെ കണ്ടു, പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന എൻ്റെ റോസിയെ. അവളെ മറന്നൊരു ജീവിതം വേണ്ടന്നു ഞാൻ സ്വയം തീരുമാനിച്ചതാ .എൻ്റെ മക്കൾക്കു വേണ്ടി എൻ്റെ റോസിക്കു വേണ്ടി.

ഈ വിവരം ജീവൻ ചോദിച്ചപ്പോൾ പറയാൻ പാടില്ലായിരുന്നോ?

ഞാൻ തെറ്റു ചെയ്തു എന്നു പൂർണ്ണമായി വിശ്വസിച്ചുകൊണ്ടാണ് മോൻ എന്നോട് ചോദിച്ചത്. ഞാൻ നിഷേധിച്ചപ്പോൾ എന്നിൽ ആ തെറ്റ് അടിച്ചേൽപ്പിക്കാനാണ് അവൻ ശ്രമിച്ചത്.

അവന് തെളിവ് ഉണ്ടന്നു പറഞ്ഞാൽ ഞാനെന്തു പറഞ്ഞ് എൻ്റെ നിരപരാധിത്വം തെളിയിക്കും.

മൂത്ത മോൾ വന്നിട്ടും എൻ്റെ മേൽ കുറ്റം അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത് പിന്നെ ഞാൻ ആരോട് പറയും എൻ്റെ റോസിക്ക് ഞാൻ പറയാതെ തന്നെ അറിയാം ഞാൻ നിരപരാധിയാണന്ന്.

അപ്പച്ചൻ വിഷമിക്കാതെ സ്വന്തം അപ്പനെക്കാളും വിശ്വാസം നാട്ടുകാരെ ആണെങ്കിൽ അവരങ്ങനെ വിശ്വസിക്കട്ടെ

അവരെന്നെ അവിശ്വസിച്ചതിൽ അല്ല മോളെ എനിക്കു സങ്കടം എൻ്റെ മൂത്ത മോൾ ഞാൻ നല്ലതുമാത്രം ചൊല്ലി പഠിപ്പിച്ചവൾ ഇന്ന് എൻ്റെ മുഖത്തു നോക്കി ഒരപ്പനോട് മകൾ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്.

എൻ്റെ മരുമോൾ ഞാൻ സ്വന്തമോളായി കണ്ടു സ്നേഹിച്ചവൾക്ക് എന്നെ പേടിയാണന്ന്.

വെല്യപ്പച്ചൻ്റെ മുറിയിൽ പോകരുതെന്നും പറഞ്ഞ് എൻ്റെ കുഞ്ഞു മക്കളെ തടഞ്ഞുവെച്ചിരിക്കുന്നു. ഇതിലും വലിയ വേദന വേറെ എന്താ മോളെ? ഒരു നികൃഷ്ടജീവിയെ കാണും പോലെയാണ് അവരെന്നെ കാണുന്നത്.

അവർക്കു തെറ്റുപറ്റി എന്നു കാലം തെളിയിക്കും അപ്പച്ചനായിരുന്നു ശരി എന്ന് അവർക്ക് ബോധ്യമാകും. അന്ന് അവർ അപ്പച്ചൻ്റെ മുറിയിൽ വരും അപ്പച്ചനോട് ക്ഷമ പറയും.

ആ സമയത്താണ് ജീവനും റീനയും ജെസ്സിയും വാതിൽ തുറന്ന് മുറിയിലേക്ക് കടന്നുവന്നത്. അപ്പച്ചാ ഞങ്ങളോട് ക്ഷമിക്ക്. ഞങ്ങൾക്കു തെറ്റുപറ്റി.ആ ഫോട്ടോസ് എല്ലാം കണ്ടപ്പോൾ അപ്പച്ചൻ തെറ്റു ചെയ്തു എന്ന് ഞങ്ങൾ വിശ്വസിച്ചു

ചെല്ലുമക്കളെ അച്ചാച്ചൻ്റെ അടുത്തേക്ക് റീന മക്കളെ തള്ളി അലക്സിൻ്റ അടുത്തേക്കു വിട്ടു.

എന്നാൽ ആ കുഞ്ഞു മക്കൾ അച്ചാച്ചൻ്റെ അടുത്തേക്കു പോകുന്നതിന് പകരം തിരിഞ്ഞു നിന്ന് റീനയോട് ചോദിച്ചു. അച്ചാച്ചൻ ചീത്തയാണന്ന് അമ്മയല്ലേ പറഞ്ഞത്. അച്ചാച്ചൻ്റെ അടുത്ത് പോകരുതെന്ന് അമ്മയല്ലേ ഞങ്ങളോടു പറഞ്ഞത്.

മക്കളേ…… അലക്സ് ഹൃദയം പൊട്ടി വിളിച്ചു. അച്ചാച്ചൻ്റെ മക്കളു ഇങ്ങു വന്നേ.. ഐഡയും ഐറിനും ഓടി ചെന്ന് അലക്സിനെ കെട്ടിപ്പിച്ചു. തൻ്റെ കൊച്ചു മക്കളെ ചേർത്തു പിടിച്ച് ആ നെറുകയിൽ മാറി മാറി ചുംബിച്ചു.

മോളെ ജെസ്സി അപ്പച്ചൻ ഉപദ്രവിക്കും എന്നു പേടിച്ചാണോ നീ നിൻ്റെ മക്കളെ കൊണ്ടുവരാതെ ഇരുന്നത് ഇടറിയ ശബ്ദത്തിൽ അലക്സ് ചോദിച്ചു.

അപ്പച്ചാ…. അത്..

പേടി കാണും പട്ടാപകൽ വിധവയായ സ്ത്രീയെ പീ ഡിപ്പിക്കാൻ പോയ അപ്പച്ചനെ പേടിക്കണം.

ജെസ്സി ഓടി ചെന്ന് അപ്പച്ചൻ്റെ കാൽകീഴിൽ മുട്ടുകുത്തി നിന്നു

മാറി പോ….. കാലുകൾ പിൻവലിച്ചുകൊണ്ട് അലക്സ് ചാടി എഴുന്നേറ്റു.

അപ്പച്ചാ…

ആരുടെ അപ്പച്ചൻ.

റീന അലക്സിൻ്റെ മുന്നിലെത്തി കൈകൂപ്പി…

വേണ്ട… ഞാൻ പീ ഢി പ്പിക്കും. ഒന്നും അറിയാത്ത എൻ്റെ കൊച്ചു മക്കളെ പോലും പറഞ്ഞ് തിരിപ്പിച്ചിട്ട് വന്നിരിക്കുന്നു. ഇതെൻ്റെ വീടാണ് എന്നെ വിശ്വാസമില്ലാത്തവർ ഇന്ന് ഈ വീടിൻ്റെ പടി ഇറങ്ങണം.

ങേ അപ്പച്ചൻ എന്തൊക്കെയാ പറയുന്നത്…

മനസ്സിലായില്ലേ ഇന്നു മുതൽ ആരും വേണ്ട ഇവിടെ ഞാനും എൻ്റെ റോസിയും മതി ഇവിടെ ബാക്കി എല്ലാവരും ഇവിടെ നിന്നും ഇറങ്ങണം എൻ്റെ കാലശേഷം ഈ വീടും സ്ഥലവും ഏതെങ്കിലും അനാഥാലയത്തിന് കിട്ടാൻ വേണ്ടി ഞാൻ പ്രമാണം തയ്യാറാക്കും.

അപ്പച്ചാ…. ജീന ഒഴിച്ച് ബാക്കി എല്ലാവരും ഒരുമിച്ചു വിളിച്ചു…

ഞാൻ ആരുടേയും അപ്പച്ചൻ അല്ല.

ഞങ്ങൾക്ക് തെറ്റുപറ്റി എന്നു പറഞ്ഞല്ലോ…

ജെസ്സി മോളെ ഇത്തിരി മുൻപ് നീ പറഞ്ഞ വാക്കുകൾ നിനക്ക് തിരിച്ചെടുക്കാൻ പറ്റുമോ? ആ വാക്കുകൾ തുളഞ്ഞുകയറിയത് ഈ ഹൃദയത്തിലാ ഹൃദയത്തിനേറ്റ മുറിവ് മാറ്റാൻ നിനക്ക് പറ്റുമോ?

നീ എന്താ പറഞ്ഞതെന്ന് നിനക്ക് ഓർമ്മയുണ്ടോ? ഒരു സ്ത്രിയുടെ. ചൂട് എനിക്ക് വേണമായിരുന്നെങ്കിൽ അതെനിക്ക് പണ്ടേ ആകാമായിരുന്നു. കാ മം മൂത്ത് ആരുടേയും പിന്നാലെ ഇന്നുവരെ പോയിട്ടില്ല ഇനി പോകാൻ ഉദ്ദേശ്യക്കുന്നതുമില്ല

അപ്പോ എങ്ങനാ നിങ്ങളിവിടുന്ന് ഇറങ്ങുകയല്ലേ.

ഞങ്ങളേയും അപ്പച്ചനേയും തമ്മിൽ പിരിക്കാൻ ശ്രമിച്ച അവനെ ഞാനിന്ന്…

നീ അവനെ എന്തു ചെയ്യാൻ പോകുന്നു. അവനും നീയും തമ്മിൽ എന്താ വിത്യാസമുള്ളത് ‘നിനക്ക് എന്തു യോഗ്യതയാണ് ഇതിൻ്റെ പേരിൽ അവനെ എന്തെങ്കിലും ചെയ്യാൻ

ജീന നീയെങ്കിലും ഒന്നു പറഞ്ഞ് മനസ്സിലാക്ക് . അപ്പച്ചനെ…

നിങ്ങൾ അപ്പച്ചനെ മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കിയില്ല. ഇനി ഞാനെന്തു പറഞ്ഞ് മനസ്സിലാക്കാനാണ്

മറ്റുള്ളവരുടെ വാക്കും കേട്ട് അപ്പച്ചനെ തെറ്റിദ്ധരിച്ചത് നിങ്ങൾക്ക് അപ്പച്ചനെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ .

അച്ചാച്ചാ ഞങ്ങളെ ഇവിടുന്ന് പറഞ്ഞു വിടല്ലേ അച്ചാച്ചനോടു മിണ്ടാതെ കാണാതെ ഞങ്ങൾക്കു പറ്റില്ല. അതല്ലേ അമ്മ അറിയാതെ ഞങ്ങൾ അച്ചാച്ചനെ കാണാൻ വന്നോണ്ടിരുന്നത്.

ഞാൻ ഈ മക്കൾക്കു പകർന്നു കൊടുത്ത സ്നേഹവും വിശ്വാസവുമാണ് ഇവർ എന്നോട് കാണിച്ചത്. നിങ്ങൾ പറഞ്ഞ കള്ളക്കഥകൾ ഒന്നും വിശ്വസിക്കാത്ത നിഷ്കളങ്ക ബാല്യം.

സങ്കടപ്പെടാതെ അച്ചാച്ചൻ്റെ കൊച്ചു മക്കൾ നിങ്ങളെ ഒരിടത്തും പറഞ്ഞു വിടില്ല കൊച്ചു മക്കളെ ഇരുവശത്തും ചേർത്തു പിടിച്ചു കൊണ്ട് അലക്സ് പറഞ്ഞു.

ആ സമയത്താണ് ആ സ്ത്രിയും മരുമകനും അങ്ങോട്ടേക്ക് വന്നത്. കൂടെ ജീനയുടെ ഭർത്താവും.

അപ്പച്ചാ ഇവരെ ഞാനിങ്ങു പൊക്കി.

വേണ്ട മോനെ അവരെ വെറുതെ വിട്ടേക്കു ഇവരും ചെയ്തതിലും വലിയ തെറ്റു ചെയ്ത ഇവരോട് ഞാൻ ക്ഷമിച്ചു.

മോനെപ്പോ വന്നു.

ഞാനും റോണിച്ചനും ഒരുമിച്ചാണ് വന്നത്. ജീവൻ വിളിച്ച് പറഞ്ഞപ്പോ തന്നെ ഞാൻ റോണിച്ചനോട് വിവരം പറഞ്ഞു. വിവരം കേട്ട ഉടൻ തന്നെ റോണിച്ചൻ പറഞ്ഞു അപ്പച്ചൻ അങ്ങനെ ഒരാളല്ലന്ന് ഞാൻ ഇങ്ങോട്ടും റോണിച്ചൻ നേരെ ഇവരുടെ വീട്ടിലേക്കുമാണ് പോയത്…

ഞാനൊരു പോ ലീസുകാരൻ ആണന്നറിഞ്ഞപ്പോൾ ഇവനെല്ലാം തുറന്നു പറഞ്ഞു

പണം കടം വാങ്ങുക തിരികെ ചോദിക്കുന്നവരെയെല്ലാം ഈ രീതിയിൽ വിളിച്ചു വരുത്തി ഫോട്ടോ എടുത്ത് ഭാര്യക്കും മക്കൾക്കും ഒക്കെ അയച്ചു കൊടുക്കുന്നു നാണക്കേട് ഭയന്ന് അവരെല്ലാവരും പണം വേണ്ടന്നു വെയ്ക്കും ഇതിവൻ്റെ സ്ഥിരം പരിപാടിയാണ്.

കൊടുക്കടാ ആ പൈസ… അവൻ തൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ കിടന്ന കാശെടുത്ത് അലക്സിൻ്റ നേരെ നീട്ടി.

അവിടെ വെച്ചേക്കു. ഈ പതിനായിരം രൂപ കൊണ്ട് എനിക്ക് നിന്നേയും എൻ്റെ മക്കളേയും മനസ്സിലാക്കാൻ പറ്റി. എൻ്റെ ജീനമോളും റോണിയും കൂടി നിൻ്റെ കള്ളക്കളി പൊളിച്ചില്ലേ. ഈ പതിനായിരം രൂപ കൊണ്ട് ഇത്രയും സാധിച്ചില്ലേ.

എല്ലാം നല്ലതിനാണ് വിശ്വസിക്കാം അപ്പച്ചാ റോണി പറഞ്ഞു.

ഉം ഇനി നിങ്ങളുപൊയ്ക്കോ അപ്പച്ചന് പരാതി ഇല്ലാത്തത് നിൻ്റെ ഭാഗ്യം…

അവരെ പറഞ്ഞു വിട്ട് റോണി അപ്പച്ചനരികിലെത്തി പറഞ്ഞു. അപ്പച്ചാ ഒരു വട്ടം ഇവരോട് ക്ഷമിക്ക് .

ഇവരോടെനിക്ക് ദേഷ്യമില്ല ഞാൻ ക്ഷമിച്ചു പൊറുത്തിരിക്കുന്നു. പക്ഷേ ഇവർ പറഞ്ഞ ഓരോ വാക്കും എൻ്റെ ദാ ഇവിടെ ഇരിക്കുന്നു മറക്കാൻ പറ്റില്ല എനിക്ക്.

അതെ നമ്മൾ മറ്റുള്ളവരോട് പറയുന്ന വക്കുകൾ വേദനകൾ ചിലപ്പോ ക്ഷമിച്ചേക്കാം പക്ഷേ മറക്കണമെന്നില്ല അതുകൊണ്ട് നാം പറയുന്ന ഓരോ വാക്കും മറ്റുള്ളവർക്ക് എത്ര വേദന ഉണ്ടാക്കും എന്നു ചിന്തിച്ചു മാത്രം പറയുക…

Leave a Reply

Your email address will not be published. Required fields are marked *