(രചന: J. K)
“” ഇറങ്ങി പൊയ്ക്കോണം മേലാൽ ഈ പടി കയറരുത്”””
എന്ന് അയാളോട് ആക്രോശിച്ചപ്പോഴേക്കും മുഖമടച്ച് ഒരു അടി വീണിരുന്നു…
മേദിനിക്ക് അയാളുടെ താളത്തിന് ഇനിയും നിന്നിട്ടുണ്ടെങ്കിൽ ഒരിക്കലും തനിക്ക് സമാധാനം കിട്ടില്ല എന്ന് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ അകത്തേക്ക് കയറി പോയി കയ്യിൽ കിട്ടിയത് ഒരു വെട്ടുകത്തി ആയിരുന്നു അതും എടുത്തു കൊണ്ടുവന്ന അയാളോട് പറഞ്ഞു ഇറങ്ങിയില്ലെങ്കിൽ ഉറപ്പായിട്ടും വെട്ടും എന്ന്…
അയാൾക്ക് അറിയാമായിരുന്നു ഞാൻ പറഞ്ഞതുപോലെ ചെയ്യുമെന്ന്… അയാളോട് കൂടിയുള്ള ജീവിതത്തെക്കാൾ നല്ലത് ജയിൽ ജീവിതമാണ് എത്രയോ തവണ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…
തന്നെയുമില്ല അപ്പോഴേക്കും അവിടെ നിറയെ ആളുകൾ വന്ന് തടിച്ചു കൂടിയിരുന്നു അവർക്കെല്ലാം അയാളെ കണ്ണിന് നേരെ കണ്ടുകൂടാ എന്നുള്ളത് അയാൾക്കും കൂടി അറിയാവുന്ന ഒരു സത്യമാണ്..
അതുകൊണ്ടുതന്നെയാവണം അയാൾ അവിടെ നിന്ന് പോയത്.. ഒപ്പം അയാളുടെ കള്ളുകുടി സംഘവും..
അയാൾ പോയതും ആളുകളുടെ കണ്ണുകൾ എന്നിലേക്ക് നീളുന്നത് ഞാൻ അറിഞ്ഞു പല കണ്ണിലും സഹതാപമാണ്…
അത് കാണെ എനിക്ക് തന്നെ ദേഷ്യം തോന്നി. ഞാൻ വീടിനകത്തേക്ക് കയറി വാതിൽ അടച്ചു..
സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു ജന്മം അതായിരുന്നു എന്റെത് അച്ഛൻ മുഴുക്കുടിയൻ ആയിരുന്നു ചെറുപ്പം മുതലേ കുടിച്ചു വന്ന അമ്മയെ തല്ലുന്നത് കണ്ടാണ് വളർന്നത് അമ്മയ്ക്ക് അച്ഛനെ എതിർക്കാനോ ഞങ്ങളെ വിളിച്ചു മറ്റൊരിടത്തേക്ക് പോയി താമസിക്കാനോ തന്റേടം ഉണ്ടായിരുന്നില്ല
അനിയൻ അവനെക്കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും എന്ന് അവസ്ഥ വന്നപ്പോൾ ആ വീട് വിട്ടു പോയി അവനെയും കുറ്റം പറയാൻ പറ്റില്ല എത്ര കാലമാണ് ഇതെല്ലാം കണ്ട് സഹിച്ചു അവിടെ നിൽക്കുക വേറെ ഒരു വഴിയുമില്ലാതെ ഞാനും അമ്മയും അവിടെത്തന്നെ നിന്നു. അയാളുടെ എല്ലാ ഭ്രാന്തുകളും സഹിച്ച്…
അയാൾക്ക് കുടിയിൽ നിന്ന് കിട്ടിയ കൂട്ടുകാരനായിരുന്നു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അയാൾ അച്ഛന്റെ കൂടെ സ്ഥിരമായി മദ്യപിച്ച് ഒടുവിൽ അച്ഛനോട് തന്നെ ചോദിച്ചതാണ് എന്നെ കല്യാണം കഴിച്ചു തരുമോ എന്ന്
ഒരു കുപ്പി മദ്യം കൊടുത്താൽ അച്ഛൻ എന്തും ആർക്കും കൊടുക്കുമായിരുന്നു അങ്ങനെയാണ് എന്നെ അയാളുടെ തലയിൽ കെട്ടിവച്ചത് ഞാൻ കുറെ എതിർത്തു നോക്കി എനിക്കറിയാമായിരുന്നു എന്റെ അമ്മയുടെ അതുപോലെതന്നെ ഇനിയങ്ങോട്ട് എന്റെ ജീവിതവും എന്ന്
പക്ഷേ അച്ഛൻ ബലമായിത്തന്നെ എന്നെ അയാളുടെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു എനിക്ക് വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അമ്മ മൗനം പാലിച്ചു എനിക്ക് ആ നിമിഷം അമ്മയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു
എന്നെങ്കിലും ഒരിക്കൽ അച്ഛനെതിരെ ശബ്ദമുയർത്തിയിരുന്നെങ്കിൽ ഒരിക്കലും ഞങ്ങളുടെ ഒന്നും ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല..
പക്ഷേ ഇപ്പോൾ ഞാൻ എത്ര എതിർത്തിട്ടും എന്റെ വിവാഹം എന്റെ സമ്മതം കൂടാതെ തന്നെ നടന്നു… അല്ലെങ്കിൽ അമ്മയെ തോഴിച്ചു കൊല്ലും എന്നായിരുന്നു അച്ഛന്റെ ഭീഷണി…
കാലങ്ങളായി അച്ഛന്റെ അടിയേറ്റ് അവശയായ അമ്മയെ ഇനിയും അയാളുടെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കാൻ തോന്നിയില്ല അങ്ങനെയാണ് മനസ്സില്ല മനസ്സോടെ ഈ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത് വിചാരിച്ചത് പോലെ തന്നെയായിരുന്നു ജീവിതം അയാൾക്ക് കുടിച്ചുവന്ന് മെക്കിട്ട് കയറാൻ ഒരാൾ..
അയാളോട് ആദ്യമൊക്കെ നല്ല രീതിക്ക് നിന്ന് നോക്കി ഒക്കെ വെറുതെ ആയിരുന്നു അയാൾക്ക് ഒരു കാട്ടാളന്റെ സ്വഭാവം മാത്രമായിരുന്നു..
ഒരു വാടക വീട്ടിലായിരുന്നു അയാൾ എന്നെ കൊണ്ടുപോയത് അവിടെ താമസിക്കുമ്പോൾ അയാൾ വല്ലപ്പോഴും എന്തെങ്കിലും ഒക്കെ ചെലവിന് തന്നാലായി….
വീടിന്റെ വാടക കൊടുക്കാഞ്ഞിട്ട് അതിന്റെ ഉടമസ്ഥൻ വന്ന പ്രശ്നമുണ്ടാക്കാൻ തുടങ്ങി അവിടെ നിന്ന് ഞാൻ ഇറങ്ങി..
എന്റെ വീട്ടിലേക്ക് വന്നതും അയാൾ പുറകെ വന്നിരുന്നു നീ ആരോട് ചോദിച്ചിട്ട് അവിടെ നിന്ന് ഇറങ്ങിയത് എന്ന് പറഞ്ഞു അവിടെ എന്റെ അമ്മയുടെയും അച്ഛനെയും മുന്നിലിട്ട് എന്നെ ഉപദ്രവിച്ചു…
അമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു പക്ഷേ അച്ഛന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചത് ആണുങ്ങളെ വിലയില്ലെങ്കിൽ ഇതൊക്കെ അനുഭവിക്കേണ്ടിവരും എന്ന്…
ഇവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി സ്വന്തം മകളെ കൺമുന്നിൽ ഇട്ട് തല്ലി ചതക്കുന്നത് കണ്ടപ്പോൾ ഒരു അച്ഛന്റെ വായിൽ നിന്ന് വന്ന വാക്കുകൾ ആണത്
ഇവരോട് ഒന്നും സ്നേഹം കാണിച്ചിട്ട് ഒരു കാര്യവുമില്ല തിരിച്ച് അവർക്ക് നമ്മളോട് ഒരു തരിമ്പ് സ്നേഹം പോലും തോന്നില്ല നമ്മൾ വിഡ്ഢികളായി പോവുകയേ ഉള്ളൂ എന്ന് എനിക്ക് മനസ്സിലായിരുന്നു..
അയാളെ ഉപേക്ഷിക്കാൻ തീരുമാനിച്ചതും എനിക്ക് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു ഞാൻ ഗർഭിണിയാണ് എന്ന വിവരം..
കുടിച്ച് കൂത്താടി രാത്രിയിൽ കയറി വന്ന് അയാൾ കാണിച്ച പേക്കൂത്തിന്റെ ഫലം..
പിന്നീട് അങ്ങോട്ട് ഉപദേശങ്ങൾ ആയിരുന്നു കുഞ്ഞിന് അച്ഛൻ വേണം അതുകൊണ്ട് എങ്ങനെയെങ്കിലും അയാളുടെ കൂടെ തന്നെ പോകു.. എന്നൊക്കെ..
ജീവിതത്തെ അത്രമേൽ ഞാൻ വെറുക്കാൻ തുടങ്ങിയ നിമിഷങ്ങൾ ആയിരുന്നു അത്.. ഗർഭിണിയാണെന്ന് പരിഗണനയൊന്നും എനിക്ക് അയാളിൽ നിന്ന് കിട്ടിയിരുന്നില്ല നേരത്തിന് ആഹാരം പോലും…
എന്തെങ്കിലും ഉള്ളിലോട്ട് ചെല്ലണമെങ്കിൽ ഞാൻ തന്നെ അധ്വാനിക്കണം എന്ന് എനിക്ക് മനസ്സിലായി അങ്ങനെയാണ്, അടുത്തുള്ള ഒരു കടയിലേക്ക് സാധനങ്ങൾ എടുത്തു കൊടുക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ചെല്ലുന്നത് എന്റെ ചെലവിനുള്ളത് കിട്ടുമായിരുന്നു അവിടെനിന്ന് അവിടെയും അയാൾ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.
“” നിന്നെ ഇവിടെ എന്തിനാണ് ജോലിക്ക് എടുത്തിരിക്കുന്നത് എന്ന് എനിക്കറിയാം.. നിനക്ക് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പറ്റൂ എന്നെ പറ്റിക്കാൻ പറ്റില്ല എന്നെല്ലാം എന്നെപ്പറ്റി ഒരുപാട് വൃത്തികേട് അവിടെ വന്ന് പറഞ്ഞു… അതും ആ കടയുടെ ഉടമസ്ഥനെയും വെച്ച്..
അയാൾ കുടുംബത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന ഒരാളായിരുന്നു അയാളുടെ പേരിൽ ഇതുപോലുള്ള ആരോപണങ്ങൾ വന്നാൽ കുടുംബ ജീവിതം താറുമാറാകും എന്ന് പേടിച്ച് എന്നോട് മാന്യമായി തന്നെ പറഞ്ഞു അവിടെനിന്ന് ഇറങ്ങിപ്പോയി തരാൻ..
ജീവിതം വഴിമുട്ടി പോയ അവസ്ഥ അയാളെ കൊന്നു കളഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു..
പലപ്പോഴും ഞാൻ അത് അയാളോട് പറയുകയും ചെയ്തു വേറെ മാർഗ്ഗമില്ലാതെ ഞാൻ എന്റെ വീട്ടിലേക്ക് തന്നെ പോയി അവിടെ നിന്നാണ് എന്റെ കുഞ്ഞിന് ജന്മം കൊടുത്തത് ഇനി തിരിച്ച് അയാളുടെ കൂടെ പോവില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു…
അമ്മയുടെ പേരിൽ ഒരു നാല് സെന്റ് പണ്ട് അമ്മൂമ്മ എഴുതിക്കൊടുത്തത് ഉണ്ടായിരുന്നു അമ്മ അത് എന്റെ പേരിൽ ആക്കി തരാം എന്ന് പറഞ്ഞു. എനിക്ക് ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു കച്ചി തുരുമ്പ് ആയിരുന്നു അത്…
പഞ്ചായത്തിൽ വീടിന് അപേക്ഷ കൊടുത്തു അവിടെനിന്ന് പാസ്സായ പൈസയും പിന്നെ അമ്മ ചേർത്തുവച്ച് ഉണ്ടാക്കിയതും പിന്നെ എന്റെ അധ്വാനവും കഴുത്തിൽ കിടക്കുന്ന മാല വിറ്റതും എല്ലാം കൂടെ ഞാൻ അവിടെ ഒരു കുഞ്ഞു കൂര പണിതു..
അതിന്റെ പണി കഴിഞ്ഞപ്പോഴായിരുന്നു പിന്നെയും അയാളുടെ ശല്യം അവിടെ അധികാരത്തോടെ കയറിവന്നു കൂട്ടുകാരുമൊത്ത് കള്ളുകുടിച്ച് അർമാദിക്കാൻ..
എന്റെ കുഞ്ഞുണ്ടായപ്പോൾ അയാളെ കണ്ടിട്ടില്ല എന്റെ കുഞ്ഞിന് ഒരു ബിസ്ക്കറ്റിന്റെ പാക്കറ്റ് പോലും അയാൾ ഇതുവരെ വാങ്ങി കൊടുത്തിട്ടില്ല കഷ്ടപ്പെട്ട് ഞാൻ ഈ വീടുണ്ടാക്കുമ്പോഴും അയാളുടെ ഒരു സഹായവും കിട്ടിയിട്ടില്ല ഞങ്ങൾ അതിലേക്ക് താമസം മാറുമ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ഒരു ശല്യം പോലെ..
നാട്ടുകാരെല്ലാം എന്റെ ഭാഗത്തുനിന്നും ഞാൻ കഷ്ടപ്പെടുന്നത് അവർ എല്ലാം കാണുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ അയാൾക്ക് പ്രത്യക്ഷത്തിൽ എന്നെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു അന്ന് രാത്രി കുടിച്ച് അയാൾ വന്നിരുന്നു എന്നെ ഉപദ്രവിക്കാൻ.
എന്നെ ഉപദ്രവിക്കുന്നത് കണ്ട് അടുത്ത വീട്ടിൽ ആരോ പോലീസിൽ പരാതി കൊടുത്തു…
പോലീസുകാർ ഒന്ന് അയാളെ പിടിച്ചുകൊണ്ടു പോകുമ്പോൾ എനിക്ക് സമാധാനമായിരുന്നു ഒരിക്കലും അയാൾ ജയിലിൽ നിന്ന് ഇറങ്ങിയില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു..
എന്റെ പ്രാർത്ഥന ദൈവം കേട്ടതുപോലെ തന്നെ പിറ്റേദിവസം അറിഞ്ഞത് അയാൾ ഹാർട്ടറ്റാക്ക് വന്ന് മരിച്ചു എന്ന വാർത്തയാണ്..
അതല്ല പോലീസുകാരുടെ മെക്കിട്ട് കേറിയപ്പോൾ അവർ അടിച്ചത് മർമ്മത്തതുകൊണ്ടതാണ് എന്നും കേട്ടു..
എന്തൊക്കെയായാലും എനിക്ക് സമാധാനമായിരുന്നു ഒരാൾ മരിക്കുന്നതിൽ സന്തോഷിക്കാൻ പാടില്ല അത് ക്രൂരതയാണ് എന്നറിയാകയല്ല പക്ഷേ ഇതുപോലെ ചില ജന്മങ്ങൾ ഉണ്ട് ഭൂമിയിൽ മൃഗങ്ങളെക്കാൾ മോശമായവർ അവർ ഈ ഭൂമിക്ക് തന്നെ ഭാരമാണ് ഇല്ലാതായി തീരുമ്പോൾ എല്ലാവർക്കും സമാധാനവും.