(രചന: Jk)
വിനീതയുടെ ആളുകൾ???””” എന്ന് നഴ്‌സ് വന്നു ചോദിച്ചതും അവിടെയെങ്ങും ആരെയും കണ്ടില്ല!! കുറേനേരം വിളിച്ചു നോക്കിയിട്ട് അവർ ലേബർ റൂമിന് അകത്തേക്ക് ചെന്നു..
“””വിനീത, തന്റെ കൂടെ ആരും വന്നിട്ടില്ലേ??”””
വേദനയുടെ പാരമ്യത്തിൽ അവൾ അത് കേട്ടു..
“”‘നാത്തൂൻ ഉണ്ടായിരുന്നു!””
എന്നു പറഞ്ഞപ്പോൾ സിസ്റ്റർ അവരോട് പറഞ്ഞു അവിടെയെങ്ങും ആരെയും കണ്ടില്ല എന്ന്…
വേദന സഹിച്ച് തളർന്ന അവൾ ഒന്നുകൂടി തളർന്നത് സിസ്റ്റർ ശ്രദ്ധിച്ചില്ല…
“””ഒന്ന് കൂടി നോക്കിയിട്ട് വരാം!! അപ്പോഴേ പറഞ്ഞിരുന്നല്ലോ ഫ്രണ്ട് ഓപ്പൺ നൈറ്റി വേണം എന്ന്!!!””
വിനീത എന്ത് ചെയ്യണം എന്നറിയാതെ സിസ്റ്ററിനെ നോക്കി പുറത്തേക്ക് അവളുടെ ആളുകളെ വിളിക്കാൻ പോകുന്ന സിസ്റ്ററിനെ അവൾ പുറകിൽ നിന്ന് വിളിച്ചു…
“” നേരത്തെ വിളിച്ചിട്ട് കണ്ടില്ലെങ്കിൽ പിന്നെ അവിടെ ആരും ഉണ്ടാവില്ല സിസ്റ്ററെ പോയിക്കാണും!!!””
“”പോവേ??? എങ്ങോട്ട് പ്രസവിക്കാൻ ഒരു പെണ്ണിനെ ഈ ലേബർ റൂമിനകത്തേക്ക് കൊണ്ടുവന്ന് തള്ളിയിട്ട് പിന്നെ എല്ലാവരും വീട്ടിൽ പോയി ഒളിച്ചിരിക്കാണോ???”””
എന്ന് സിസ്റ്റർ ശബ്ദമെടുത്ത് ചോദിച്ചപ്പോഴേക്കും അവളുടെ മുഖത്ത് സങ്കടം തെളിഞ്ഞിരുന്നു… പ്രാണൻ പോകുന്ന വേദന ശരീരത്തിൽ ഉണ്ട് ഒപ്പം മനസ്സ് കൂടി വേദനിച്ചപ്പോൾ അവൾക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല…
“” അവിടെ വെള്ള നിറത്തിൽ ഒരു കവർ വെച്ച് കാണും അതിൽ ഉണ്ടാവും എല്ലാം!!!”””
എന്നവൾ ആ വേദനയിലും പറഞ്ഞു ഒപ്പിച്ചു. അതുകണ്ട് അല്പം ദയവു തോന്നിയിരുന്നു സിസ്റ്റർക്ക് അതുകൊണ്ടുതന്നെ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ അവിടെ ഒരു തൂണിന് അരികിൽ ഒരു വെള്ള കവർ കൊണ്ടുവന്ന് വെച്ചിരിക്കുന്നത് കണ്ടു.
ഇത് നിങ്ങളുടെ ആരുടെയെങ്കിലും ആണോ എന്ന് അവിടെയുള്ളവരോട് വിളിച്ചു ചോദിച്ചപ്പോൾ അതിന് ആളുണ്ടായിരുന്നില്ല അപ്പോൾ മനസ്സിലായി അത് അകത്ത് കിടക്കുന്ന ആ പെണ്ണിന്റേത് തന്നെ ആവും എന്ന് അതെടുത്ത് അവർ അകത്തേക്ക് കൊണ്ടുവന്നു അതിൽ നിന്ന് അവൾക്ക് ആവശ്യമുള്ള നൈറ്റിയും തുണിയും എല്ലാം എടുത്ത് കൊടുത്തു….
കുറച്ചു കഴിഞ്ഞപ്പോഴേക്ക് പ്രസവം നടന്നിരുന്നു കുട്ടി മൂന്നര കിലോയിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു എങ്കിലും എന്തോ ഭാഗ്യത്തിന് അത് സുഖപ്രസവം തന്നെ ആയി… സിസേറിയൻ ആയിരുന്നെങ്കിൽ ഉറപ്പായിട്ടും ആരെങ്കിലും ഒപ്പിട്ട് തരേണ്ടി വരുമായിരുന്നു എന്ന് അവളെ ഓർമിപ്പിച്ചു സിസ്റ്റർ!!!!!
അതൊരു പെൺകുഞ്ഞ് ആയിരുന്നു അത് പറഞ്ഞപ്പോഴേ അവളുടെ മുഖം വാടുന്നത് കണ്ടു…
“”” ആൺകുഞ്ഞിനെയായിരുന്നോ ഇഷ്ടം??? “”
എന്ന് അതുകണ്ട് സിസ്റ്റർ ചോദിച്ചു..
“”” എനിക്കിഷ്ടം പെൺകുഞ്ഞിനെയാ പക്ഷേ ഞാൻ ഒരുപാട് പ്രാർത്ഥിച്ചിരുന്നു ഇതൊരിക്കലും ഒരു പെൺകുഞ്ഞ് ആവരുത് എന്ന് എന്നെപ്പോലെ ഈ കുഞ്ഞും അനുഭവിക്കാൻ ഇടവരരുത് എന്ന്….!”””
കണ്ണീരിന്റെ അകമ്പടിയോടെ അവളത് പറഞ്ഞപ്പോൾ മനസ്സിലായിരുന്നു അവൾക്ക് ഒരുപാട് ദുരിതങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് അതൊന്നും അന്നേരം ചോദിക്കാൻ മെനക്കെട്ടില്ല സിസ്റ്റർ…. പകരം അവളുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തു..
ആ തളർച്ചയിലും വേദനയിലും തന്റെ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് അതിന്റെ നെറുകയിൽ ചുംബിച്ചു അവൾ…
കുറച്ചുനേരം കൂടി അവിടെ ഒബ്സർവേഷനിൽ വച്ചിട്ട് അവളെ വാർഡിലേക്ക് മാറ്റി…
കൂടെ നിൽക്കാൻ ആരും വരാൻ പോകുന്നില്ല എന്ന് ഉറപ്പായിരുന്നു…
വേണമെങ്കിൽ ഇതൊരു പ്രശ്നമാക്കാം പക്ഷേ അവൾ കരഞ്ഞു കാലുപിടിച്ചതുകൊണ്ട് പിന്നെ കൂടുതൽ ഒന്നും അന്വേഷിച്ചില്ല… വാർഡിൽ, അവളുടേ ബെഡിനപ്പുറത്ത് ഉള്ള അവൾക്ക് പരിചയമുള്ള ഒരു സ്ത്രീ കാരുണ്യം തോന്നി അവൾക്ക് വേണ്ടുന്നതൊക്കെ അത്യാവശ്യം ചെയ്തു കൊടുത്തിരുന്നു..
“”നീ വല്ലതും കഴിച്ചോ???”””
എന്ന് അവളോട് അല്പം കഴിഞ്ഞപ്പോൾ ഞാൻ വന്നു ചോദിച്ചു പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് അധികം കട്ടിയില്ലാത്ത ആഹാരം എന്തെങ്കിലും ആ നേരത്ത് കൊടുക്കാൻ പറയാറുണ്ടായിരുന്നു…
സാധാരണ അവർക്ക് വേണ്ടുന്നതെല്ലാം ഹോസ്പിറ്റലിൽ നിന്ന് സൗജന്യമായി കിട്ടും ഈ നേരത്ത് ഒന്നും പതിവില്ല അതുകൊണ്ടാണ് കരുണ തോന്നി ച്ചെന്നു ചോദിച്ചത് അത് കേട്ടതും അവൾ പൊട്ടിക്കരഞ്ഞു…
“” നിനക്ക് ഭർത്താവും വീട്ടുകാരും ഒന്നുമില്ലേ???? “”
ഇത്തവണ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല!!!
“”” ഉണ്ട്, പക്ഷേ ഇപ്പോൾ ആരും ഇല്ലാത്ത അവസ്ഥയാണ്!!!””
എന്നു പറഞ്ഞപ്പോൾ ഞാൻ അവളെ തന്നെ നോക്കി…
“””” അമ്മയ്ക്ക് ഞങ്ങൾ മൂന്നു മക്കളാ ഞാനാണ് മൂത്തത് എന്റെ താഴെ ഒരു പെണ്ണും ഏറ്റവും ഇളയത് ഒരു ചെറുക്കനും ഉണ്ട്!!! അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നെ…
ജീവിതത്തിൽ ഒരു സ്വൈര്യവും അമ്മക്ക് കൊടുക്കാത്ത ഒരു ഭർത്താവായിരുന്നു ഞങ്ങളുടെ അച്ഛൻ!!! എന്റെ അനിയനെ അമ്മ പ്രസവിച്ച് കുറെ കഴിയുന്നതിനുമുമ്പ് തന്നെ അച്ഛൻ മരിച്ചു….
പക്ഷേ അച്ഛനോടുള്ള ദേഷ്യം അപ്പോഴും അമ്മയ്ക്ക് ഉണ്ടായിരുന്നു അത്രത്തോളം അച്ഛൻ അമ്മയെ അനുഭവിപ്പിച്ചിട്ടുണ്ട്…
ഞാൻ അച്ഛന്റെ അതേ ചായയാണ് അതുകൊണ്ടുതന്നെ അമ്മയ്ക്ക് അച്ഛനോടുള്ള ദേഷ്യം എന്നോടും ഉണ്ടായിരുന്നു….
സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചിട്ടോ ഒരു നല്ല വാക്ക് എന്നോട് പറഞ്ഞിട്ടോ എന്റെ ഓർമ്മയിൽ പോലും ഇല്ല!!!
അനിയത്തിയെയും അനിയനെയും ഇടയ്ക്ക് ചേർത്തുപിടിക്കുന്നത് കാണാം നല്ല വാക്കുകൾ പറയുന്നത് കാണാം. എന്നെ മാത്രം എന്തോ ഒരു നികൃഷ്ട ജീവിയെ പോലെ അമ്മ മാറ്റി നിർത്തിയിരുന്നു..
ആരെങ്കിലും എന്നോട് സ്നേഹത്തോടെ പെരുമാറിയാൽ എന്നെ ഒന്ന് ചേർത്ത് പിടിച്ചാൽ എനിക്ക് അത്രയും മതിയായിരുന്നു അതുകൊണ്ടാണ് തുന്നൽ ജോലിക്ക് പോകുന്നിടത്ത് എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു വന്ന അജയനെ ഞാൻ സ്നേഹിച്ചത്!!! അയാളുടെ മനസ്സിൽ വേറെ ചീത്ത ലക്ഷ്യമായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല…
ഈ കുഞ്ഞെന്റെ വയറ്റിൽ ജന്മം എടുത്തപ്പോഴാണ് എനിക്ക് അത് മനസ്സിലായത് അന്നുമുതൽ അജയന് എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതി എന്നായിരുന്നു… പക്ഷേ വീട്ടിൽ അമ്മയറിഞ്ഞു അമ്മ എന്നെ പിടിച്ച പിടിയാലേ കൊണ്ടുപോയി അജയന്റെ വീട്ടിലേക്ക്… ഒപ്പം നാട്ടുകാരെയും വിളിച്ചുകൊണ്ടുപോയി അതൊരു വലിയ പ്രശ്നമാക്കി!!!
അതോടെ അജയനായി നിശ്ചയിച്ചു വച്ചിരുന്ന നല്ലൊരു കല്യാണം മുടങ്ങി അവന് എന്നെ സ്വീകരിക്കേണ്ടി വന്നു..
അവിടെ എനിക്ക് ദുരിതമായിരുന്നു സിസ്റ്ററെ എന്നെ പട്ടിണിക്കിട്ടിട്ടുണ്ട്…
അടിച്ച് ഒന്ന് എണീക്കാൻ പോലും വയ്യാത്ത അവസ്ഥയിലാക്കിയിട്ടുണ്ട് ഗർഭിണിയാണ് എന്ന് പോലും ഓർക്കാതെ എല്ലാം സഹിച്ചു ഞാൻ അവിടെ പിടിച്ചുനിന്നു കാരണം എന്റെ വീട്ടിലേക്ക് പോയാൽ അതിലും ഭീകരമായ അനുഭവങ്ങൾ ആയിരിക്കും ഉണ്ടാവുക…
പിന്നെ ഈ ഒരു അവസ്ഥയിൽ എനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് ഒരു അച്ഛൻ വേണമല്ലോ എന്നും ഞാൻ ആലോചിച്ചു…
അവിടെ കടിച്ചുപിടിച്ചു നിന്നു… ഞാൻ എന്നൊരു ജീവി അവിടെയുണ്ടെന്ന് ആരും ഒന്ന് കണക്കാക്കിയത് കൂടിയില്ല ഇന്നിപ്പോൾ വീട്ടിൽ നിന്ന് പെറ്റു നോവ് തുടങ്ങിയപ്പോൾ ശല്യം എന്ന് പറഞ്ഞ് അജയന്റെ പെങ്ങളാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത് ഇവിടെ കൊണ്ടിട്ട് പോകും എന്ന് കരുതിയില്ല അവരും ഒരു സ്ത്രീയല്ലേ…””””
അവളുടെ അവസ്ഥയെല്ലാം കേട്ടപ്പോൾ വല്ലാതായിരുന്നു ഞാനും എന്തു പറയണം അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നുപോലും എനിക്കറിയില്ല എരി തീയിൽ നിന്ന് വറചട്ടിയിലേക്ക് എന്നതുപോലെ അവളുടെ ജീവിതം വല്ലാത്ത ഒരു അനുഭവമായി തോന്നി എനിക്ക്…
മൂന്നുദിവസം കഴിഞ്ഞാൽ അവിടെ നിന്ന് അവളെ ഡിസ്ചാർജ് ചെയ്യും പിന്നെ എങ്ങോട്ട് പോകും എന്ന് ഞാൻ അവളോട് ചോദിച്ചു!!!
അവൾ പറഞ്ഞത് പ്രകാരം ഇനിയും അജയന്റെ വീട്ടിലേക്ക് ചെന്നാൽ അവിടെയും കുഞ്ഞിനെയും കൊല്ലാക്കൊല ചെയ്യും അവർ…
കരയുകയല്ലാതെ അവൾക്കൊന്നും പറയാനില്ലായിരുന്നു..
“”” എന്റെ കൂടെ പോരുന്നോ?? തുന്നലറിയാം എന്നല്ലേ പറഞ്ഞത്!!! തനിക്ക് ജോലി ചെയ്യാനുള്ള ചുറ്റുപാട് ഞാൻ ഉണ്ടാക്കി തരാം സ്വന്തം കാലിൽ നിന്ന് കുഞ്ഞിനെ നോക്കുകയും ആവാം!!”””
അവൾ എന്നെ, നന്ദിയോടെ നോക്കി ഞാൻ പറഞ്ഞത് അവൾക്ക് സമ്മതമായിരുന്നു…
പിന്നെയും ആ മുഖത്ത് ആകുലതകൾ കണ്ട് ഞാൻ അവളുടെ അരികിലേക്ക് ചെന്നിരുന്നു..
‘””” പേടിക്കണ്ട ഞാൻ ജനിച്ചു വളർന്നത് ഒരു ഓർഫനേജിൽ ആണ്!! വിനീതയുടെ അമ്മ ഇഷ്ടമില്ലാതെ വളർത്തിയത് പോലെ വളർത്താൻ പോലും കൂട്ടാക്കാത്ത ഏതോ മാതാപിതാക്കൾ എന്നെ ഉപേക്ഷിക്കുകയായിരുന്നു…
അവിടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഒപ്പം ഞാൻ വളർന്നു.. പഠിച്ച് ജോലി നേടിയെടുത്തു… ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന പണം അവർക്ക് വേണ്ടി തന്നെ ചെലവഴിക്കുകയാണ്….
അവരുടേ മറ്റൊരു സ്ഥാപനം ഉണ്ട് അവിടെ അശരണനായ സ്ത്രീകളെയും ചെറിയ കുട്ടികളെയും എല്ലാം സംരക്ഷിക്കും… അവിടുന്ന് തനിക്ക് ഇതുപോലുള്ള ദുരിതങ്ങൾ ഒന്നും അനുഭവിക്കേണ്ടി വരില്ല കുഞ്ഞിന് അല്പം ആവുന്നത് വരെ അവിടെ നിൽക്കാം പിന്നെ സ്വന്തമായി എന്തെങ്കിലും ഒരു വരുമാനം ആർക്കും തേടി അങ്ങനെ പോകാം!!!!
അവൾ എന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു ഇപ്പോൾ എന്റെ മുന്നിൽ ദൈവമായിട്ട് കൊണ്ട് നിർത്തിയതാ സിസ്റ്ററിനെ എന്ന്!!!
അന്നേരം അവളുടെ മുഖത്ത് നഷ്ടപ്പെട്ട ആത്മാഭിമാനം തിരിച്ചുകിട്ടിയതിന്റെ സന്തോഷമായിരുന്നു ഞാൻ കണ്ടത്..