(രചന: ശ്രേയ)
“നീയറിഞ്ഞോ നാളെ അവളുടെ കല്യാണമാണ്..”
പുറത്തു പോയി വന്ന സുഹൃത്ത് പറഞ്ഞത് കേട്ട് ശ്യാം അമ്പരന്നു അവനെ നോക്കി. ആരെ എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
“വേറെ ആരുടെയും കാര്യമല്ല നിന്റെ ആദ്യ ഭാര്യയുടെ കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്..”
അവൻ പരിഹാസത്തോടെ പറഞ്ഞപ്പോൾ ശ്യാമിന് ഒരു ഞെട്ടൽ തോന്നി.
ആദ്യ ഭാര്യ..! അങ്ങനെ അഭിസംബോധന ചെയ്യാൻ അവളല്ലാതെ മറ്റൊരു ഭാര്യ എനിക്ക് ഉണ്ടായിട്ടില്ലല്ലോ.. ”
ഉള്ളിൽ അവൻ അങ്ങനെ ചിന്തിച്ചു കഴിഞ്ഞപ്പോഴേക്കും അവനുള്ള മറുപടി സുഹൃത്ത് അനിൽ പറഞ്ഞു കഴിഞ്ഞിരുന്നു.
” ഞാൻ മനപ്പൂർവ്വം തന്നെയാണ് അങ്ങനെ പറഞ്ഞത്. കാരണം അവൾ നിന്റെ ജീവിതത്തിൽ നിന്ന് പോയിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു.
അയ്യോ സോറി.. അവൾ വെറുതെ ഇറങ്ങി പോയതല്ലല്ലോ.. നിന്റെ കയ്യിൽ ഇരിപ്പ് കൊണ്ട് അവൾ ഇറങ്ങിപ്പോയതാണ്..അതിന് അവളെയും കുറ്റം പറയാൻ പറ്റില്ല.. ”
അനിൽ പറഞ്ഞപ്പോൾ കുറ്റബോധത്തോടെ ശ്യാം തലതാഴ്ത്തി.
അവന്റെ ആ ഭാവം കണ്ടപ്പോൾ കൂടുതലൊന്നും സംസാരിക്കാതെ അനില് മുറിയിലേക്ക് കയറിപ്പോയി.
അനിൽ പറഞ്ഞതൊക്കെ ശരി തന്നെയാണ്.. സ്വർഗ്ഗം പോലുള്ള തന്റെ ജീവിതം അടിച്ചു തകർത്തത് താൻ തന്നെയാണ്. അതിന്റെ ഭംഗി നഷ്ടപ്പെടുത്തിയത് താനാണ്.
ഒരു പെണ്ണും ക്ഷമിക്കാനും സഹിക്കാനും തയ്യാറാവാത്ത തെറ്റ് അവളോട് ചെയ്തതുകൊണ്ട് മാത്രമാണ് അവൾ തന്നെ വേണ്ടെന്ന് വച്ചു പോയത്.അതും ഒന്നിലധികം തവണ ആ തെറ്റ് ആവർത്തിച്ചത് കൊണ്ട് മാത്രം..!
അത് ചിന്തിക്കുമ്പോഴേക്കും അവന്റെ ഉള്ളിൽ തെളിഞ്ഞു വന്ന മുഖം കാർത്തികയുടെതായിരുന്നു..!!
തന്റെ ഉള്ളിലേക്ക് ഒരു പ്രണയമായി കടന്നു വന്നവളായിരുന്നു കാർത്തിക.
താൻ കോളേജ് പഠനം ഒക്കെ കഴിഞ്ഞതിനു ശേഷം ഒരു ഗവൺമെന്റ് ജോലി എന്നൊരു സ്വപ്നവും കണ്ടുകൊണ്ട് സ്ഥിരമായി പിഎസ്സി കോച്ചിങ്ങിന് പോകാറുണ്ടായിരുന്നു.
ഒന്ന് രണ്ട് ടെസ്റ്റുകൾ എഴുതുകയും ചെയ്തു. ഫലമൊന്നും ഇല്ല എന്ന് കണ്ടപ്പോൾ സാധാരണ എല്ലാവരെയും പോലെ ദൈവത്തിനെ കൂട്ടു വിളിക്കാൻ തന്നെ തീരുമാനിച്ചു. അതിന്റെ ഫലമായി മിക്കവാറും എല്ലാ ദിവസവും ക്ഷേത്രദർശനം തന്റെ പതിവായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കലാണ് ക്ഷേത്രത്തിൽ വച്ച് അവളെ ആദ്യമായി കാണുന്നത്. അന്ന് അവളെ ശ്രദ്ധിക്കാനുള്ള പ്രധാന കാരണം അവളുടെ രൂപ ഭംഗി തന്നെയായിരുന്നു.
ആരെയും ആകർഷിക്കാൻ തക്കവണ്ണം സൗന്ദര്യമുള്ള ഒരു പെൺകുട്ടിയായിരുന്നു കാർത്തിക.
അവളെ തുറിച്ചു നോക്കി നിൽക്കുന്ന എന്നെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും ശ്രദ്ധിക്കാത്തത് പോലെ അവൾ മുന്നോട്ടു നടന്നു പോയപ്പോൾ തനിക്ക് ആകെ ഒരു ചമ്മൽ തോന്നിയിരുന്നു.
പിറ്റേന്നും അവളെ അതേ ക്ഷേത്രത്തിൽ അതേസമയത്ത് കണ്ടപ്പോൾ അവൾ സ്ഥിരമായി അവിടെ വരുന്നുണ്ടാകും എന്നൊരു ചിന്ത തന്റെ ഉള്ളിൽ ഉണ്ടായി. അങ്ങനെയാണ് എന്നും അതെ സമയത്ത് തന്നെ ക്ഷേത്രത്തിലേക്ക് പോയി തുടങ്ങിയത്.
ഉദ്ദേശം വായിനോട്ടം ആണെന്ന് അവൾക്ക് മനസ്സിലായത് കൊണ്ടായിരിക്കണം തന്നെ കാണുമ്പോൾ തന്നെ മുഖവും വെട്ടിച്ച് അവൾ ഇറങ്ങി പോകുന്നത്.
ഇടയ്ക്ക് വെച്ച് കുറച്ചു ദിവസത്തേക്ക് അവളെ ക്ഷേത്രത്തിൽ കാണാതായപ്പോൾ സാധാരണ എല്ലാ സ്ത്രീകൾക്കും ഉള്ള മന്ത്ലി പ്രോബ്ലം തന്നെയായിരിക്കും എന്ന് തോന്നിയിരുന്നു.
പക്ഷേ ആ ദിവസങ്ങളിൽ ഒരിക്കൽ ഒരു സുഹൃത്തിനോടൊപ്പം ആശുപത്രിയിൽ പോകേണ്ടി വന്നു.. അവനെ നല്ല പനിയും തലവേദനയും ഒക്കെ ഉണ്ടായിരുന്നു.
അവനെ കാഷ്വാലിറ്റിയിൽ കൊണ്ട് ചെന്ന് കാണിച്ച് മരുന്നിന് ബില്ലടക്കാൻ വേണ്ടി ചെന്നപ്പോൾ അവിടെ ഇരിക്കുന്ന ആളിനെ കണ്ടു താൻ ആകെ അത്ഭുതപ്പെട്ടു പോയി. അത് അവൾ ആയിരുന്നു..!
തന്നെ കണ്ടപ്പോൾ അവൾക്കൊരു ഞെട്ടൽ തോന്നിയെങ്കിലും തീരെ പരിചയമില്ലാത്ത ഒരാളിനെ പോലെയാണ് അവൾ തന്നോട് പെരുമാറിയത്. അതും കൂടെ കണ്ടപ്പോൾ ആകെ ദേഷ്യം വന്നെങ്കിലും ഒന്നും പുറത്തു കാണിക്കാൻ പോയില്ല..!
അവിടെ വച്ചാണ് അവളുടെ പേര് കാർത്തിക എന്നാണെന്ന് ഞാനറിഞ്ഞത്. പിന്നീട് ക്ഷേത്രത്തിൽ വച്ച് കണ്ട ദിവസം അവളോട് അങ്ങോട്ട് കയറി സംസാരിച്ചത് താൻ തന്നെയായിരുന്നു. തന്നോട് അവൾ വലിയ അടുപ്പം ഒന്നും കാണിച്ചിരുന്നില്ല.
പക്ഷേ അവളെ വിട്ടുകളയാൻ തനിക്ക് കഴിയുകയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ച് അവളുടെ വീട്ടിലേക്ക് ഒരു പ്രൊപ്പോസൽ കൊണ്ടുപോയത് .
ആ സമയത്ത് ദൈവം തുണയായത് പോലെ ഒരു ലിസ്റ്റിലും കയറിപ്പറ്റി. അങ്ങോട്ടേക്ക് ചെന്ന് ആലോചന ആയതുകൊണ്ട് തന്നെ അവർക്ക് അധികം തട്ടി കളയാനായിട്ട് ഒന്നുമുണ്ടായിരുന്നില്ല.
അധികം വൈകാതെ അപ്പോയിന്മെന്റ് ലെറ്റർ കൂടി കയ്യിൽ കിട്ടിയതോടെ വിവാഹം ഉറപ്പിച്ചു. അതിനുശേഷം ആണ് അവൾ തന്നോട് എന്തെങ്കിലുമൊക്കെ സംസാരിക്കുന്നത് പോലും.. അതും ഒരു പരിധിക്ക് അപ്പുറം ഒരു വാക്കുപോലും അവൾ മിണ്ടാറില്ല.
അവളുടെ സ്വഭാവം തന്നെ വല്ലാതെ ആകർഷിക്കുക തന്നെ ചെയ്തു.അധികം വൈകാതെ വിവാഹവും കഴിഞ്ഞു..
തന്നെ പൂർണമായും മനസ്സിലാക്കുന്ന തന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും ഒപ്പം നിൽക്കാൻ കഴിയുന്ന ഒരു പങ്കാളി തന്നെയായിരുന്നു അവൾ. ഞാൻ എന്ത് ആഗ്രഹിച്ചാലും അത് എന്റെ മുന്നിൽ കൊണ്ടുവന്ന് തരാൻ അവൾക്ക് നല്ല കഴിവായിരുന്നു.
എത്രത്തോളം സന്തുഷ്ടമായ ജീവിതമായിരുന്നു..! തന്റെ അച്ഛനെയും അമ്മയെയും പോലും അവൾ സ്വന്തം അച്ഛനെയും അമ്മയെയും കാൾ കൂടുതൽ സ്നേഹിച്ചു. സ്വന്തം കുടുംബത്തെ പോലെ തന്നെ ചേർത്തുപിടിച്ചു.
അതിനിടയിൽ തനിക്ക് നഗരത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ അവളെ പിരിയാൻ പറ്റില്ല എന്നൊരു കാരണം കൊണ്ട് തന്നെയാണ് അവളുടെ ജോലി രാജി വെപ്പിച്ച് അവളെയും കൊണ്ട് ഇവിടേക്ക് പോന്നത്.
അവൾക്ക് എക്സ്പീരിയൻസ് ഉള്ളതുകൊണ്ടു തന്നെ ഇവിടെ ഒരു ജോലി കിട്ടാൻ അധികം കഷ്ടപ്പെടേണ്ടി വന്നില്ല.
ജീവിതം മനോഹരമായി മുന്നോട്ടുപോകുമ്പോഴും കുട്ടികളില്ല എന്നത് ഒരു പ്രശ്നമായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷങ്ങൾ മാത്രമല്ല ആയിട്ടുള്ളൂ എന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും പരസ്പരം ആശ്വസിപ്പിക്കുക പതിവായിരുന്നു.
ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിൽ എപ്പോഴാണ് തന്റെ മനസ്സിൽ ഒരു ചെകുത്താൻ കയറിയത്.. അവൾ അരികിലില്ലാത്ത സമയങ്ങളിൽ ഫോണിലൂടെ എന്റെ സാമീപ്യമായി മാറിയ മറ്റൊരു പെണ്ണ്..!
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയാണ് ലീന.. ആദ്യമൊക്കെ സൗഹൃദ സംഭാഷണങ്ങൾ മാത്രമായിരുന്നെങ്കിലും പിന്നീട് ആ സംഭാഷണങ്ങളൊക്കെ കരുതി ലംഘിച്ചു മുന്നോട്ടു പോകുന്നത് അറിഞ്ഞിട്ടും താൻ കണ്ടില്ലെന്ന് നടിച്ചു.
ഒരിക്കൽ എന്തോ ആവശ്യത്തിനു തന്റെ ഫോൺ എടുത്ത കാർത്തിക ചാറ്റുകൾ കാണുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും അവളോട് ഫേവറബിൾ ആയിട്ടുള്ള റിപ്ലൈകൾ ഒന്നും താൻ കൊടുത്തിട്ടില്ലാത്തതു കൊണ്ട് തന്നെ കുറ്റം മുഴുവൻ ലീനയുടെ ചുമലിൽ കെട്ടിവച്ചു.
” ശ്യാമേട്ടൻ ഒരിക്കലും എന്നെ വഞ്ചിക്കരുത്. അത് മനസ്സു കൊണ്ടാണെങ്കിലും ശരീരം കൊണ്ടാണെങ്കിലും.. എന്നെ മടുത്തു എങ്കിൽ അത് തുറന്നു പറഞ്ഞാൽ മതി. അല്ലാതെ ഞാൻ ഉള്ളപ്പോൾ ഒരിക്കലും എന്നെ മറന്നു മറ്റൊരു പെണ്ണിന് പിന്നാലെ ശ്യാമേട്ടൻ പോകരുത്.. ”
അന്ന് കണ്ണീരോടെ അവൾ പറഞ്ഞത് കേട്ടപ്പോൾ തനിക്കും ആകെ ഒരു വല്ലായ്മ തോന്നിയിരുന്നു. ഒരിക്കലും അവളെ വഞ്ചിക്കില്ല എന്ന് അന്ന് വാക്ക് കൊടുക്കുകയും ചെയ്തതാണ്.
പക്ഷേ എന്നിട്ടും പലപല സാഹചര്യങ്ങളാൽ വീണ്ടും ലീനയുമായി അടുത്തു.. വീഡിയോ ചാറ്റും ഓഡിയോ ചാറ്റും ഒക്കെയായി ആ ബന്ധം പല രീതിയിലും വളരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ അതൊന്നും കാർത്തിക അറിയാതിരിക്കാൻ താൻ വല്ലാതെ ശ്രമിച്ചിരുന്നു.
എന്നാൽ എല്ലാ കള്ളത്തരങ്ങളും എല്ലായിപ്പോഴും മൂടിവയ്ക്കാൻ കഴിയില്ലല്ലോ.. അതുതന്നെയായിരുന്നു തന്റെ കാര്യത്തിലും സംഭവിച്ചത്..
ഒരു ദിവസം കാർത്തിക തന്റെ ഫോണിലെ ചാറ്റുകൾ മുഴുവൻ കണ്ടിരുന്നു. താൻ കുളിക്കാൻ കയറിയ സമയത്ത് ഫോണിലേക്ക് ആരോ വിളിച്ചപ്പോൾ കോൾ അറ്റൻഡ് ചെയ്യുന്നതിനിടയിൽ കണ്ടതാണ്..
അന്ന് തന്നെ അവൾ നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയുണ്ട്.. അവളുടെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിൽക്കുമ്പോഴും ഒരക്ഷരം കൊണ്ടു പോലും അവൾ തന്നെ നോവിച്ചില്ല.
പകരം അവളുടെ സാധനസാമഗ്രികൾ മുഴുവൻ വാരിയെടുത്ത് ഈ വീട്ടിൽ നിന്നിറങ്ങി പോകുകയാണ് ചെയ്തത്.
” ഇനി ഒരിക്കലും ശ്യാമേട്ടൻ എന്റെ പിന്നാലെ വരരുത്.. നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്.. ”
അവളെ പിൻവിളി വിളിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അവൾ തന്നെ അങ്ങനെ പറഞ്ഞു ബന്ധിച്ചിരുന്നു.
അല്ലെങ്കിലും അവളോട് സംസാരിക്കാൻ താൻ അശക്തനായിരുന്നു.
അവൾ കുറച്ചു ദിവസം വീട്ടിൽ പോയി നിന്നതിനു ശേഷം കാര്യങ്ങൾ സംസാരിച്ചു സോൾവ് ചെയ്യാം എന്നാണ് താൻ കരുതിയിരുന്നത്.
പക്ഷേ അവൾ വീട്ടിലെത്തിയതിന് പിന്നാലെ അവളുടെ അച്ഛനും ഏട്ടനും ഒക്കെ വിളിച്ച് തന്നെ ഓരോന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി സംഭവിച്ചത് മുഴുവൻ അവൾ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന്.
തെളിവിനായി തന്റെ ഫോണിലെ ചാറ്റുകൾ മുഴുവൻ അവൾ അവളുടെ ഫോണിലേക്ക് മാറ്റിയിരുന്നു എന്ന് ആ സമയത്ത് തനിക്കറിയില്ലായിരുന്നു.
പിന്നീട് തന്നെ തേടി എത്തിയത് ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. തന്നെ പിരിയരുത് എന്ന് പറയാൻ ഒരു യോഗ്യതയും തനിക്കില്ല എന്ന് അറിയാമായിരുന്നു.
പരസ്ത്രീ ബന്ധം ആരോപിച്ചു തന്നെയാണ് അവൾ ഡിവോഴ്സ് വാങ്ങിയെടുത്തത്..
ഡിവോഴ്സ് കഴിഞ്ഞതിനു ശേഷം അവളോട് ചെയ്ത തെറ്റിന്റെ ആഴം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു..
ഇപ്പോൾ അവൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു..! എന്തുകൊണ്ടാണ് തനിക്ക് അത് ഇത്രയും നോവ് തരുന്നത്..?
ഇല്ല അവളെ ഓർത്ത് വിഷമിക്കുവാൻ പോലുമുള്ള യോഗ്യത തനിക്കില്ല..!!
നെടുവീർപ്പോടെ അത് ചിന്തിക്കുമ്പോഴും താൻ നഷ്ടപ്പെടുത്തി കളഞ്ഞ ജീവിതത്തെ ഓർത്ത് അവന്റെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു..