(രചന: ശ്രേയ)
” ഈ കുഞ്ഞിനെ ഓർത്തെങ്കിലും നിനക്ക് ഒരു കല്യാണത്തെ കുറിച്ച് ചിന്തിച്ചൂടെ മോനെ.. എത്ര കാലം എന്ന് കരുതിയാണ് ഇങ്ങനെ… ”
അമ്മ സങ്കടത്തോടെ ചോദിക്കുന്നുണ്ട്.
പക്ഷെ… തനിക്ക് കഴിയുമോ..? ഇല്ല.. ഒരിക്കലും ഇല്ല ..!
അവളെ അല്ലാതെ മറ്റാരെയും അങ്ങനെയൊരു സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല. കാരണം അത്രത്തോളം ആത്മാർത്ഥമായി ഞാൻ അവളെയും അവൾ എന്നെയും സ്നേഹിക്കുന്നുണ്ട്.
“അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും എന്നെക്കൊണ്ട് കഴിയില്ല.. വെറുതെ എന്നെ നിർബന്ധിക്കരുത്. അത് ചിലപ്പോൾ എനിക്കും അമ്മയ്ക്കും ഒക്കെ വിഷമമായി വരും..”
അവൻ അറുത്തു മുറിച്ച് അങ്ങനെ പറയുമ്പോൾ പിന്നീട് അവനെ നിർബന്ധിക്കാൻ അമ്മയ്ക്കും തോന്നിയില്ല. അല്ലെങ്കിൽ തന്നെ നിർബന്ധിച്ചിട്ടും കാര്യമില്ല എന്ന് അവർക്കറിയാം.
അവനെ വിഷമത്തോടെ നോക്കിക്കൊണ്ട് അമ്മ മുറി വിട്ട് പുറത്തേക്ക് പോയി. ആ നിമിഷം അവന്റെ ശ്രദ്ധ അവന്റെ കുഞ്ഞനിൽ മാത്രമായിരുന്നു.
രണ്ടു വയസ്സുണ്ട് തന്റെ പൊന്നോമനയ്ക്ക്..! അവന്റെ അമ്മ തങ്ങളെ വിട്ടു പോയിട്ടും അത്രയും കാലമായിരിക്കുന്നു..!!
വേദനയോടെ അവൻ ചിന്തിച്ചു.
അവന്റെ കണ്ണുകൾ മേശപ്പുറത്തിരിക്കുന്ന ചില്ലിട്ട ആ ഫോട്ടോയിലേക്ക് നീങ്ങി. അവനോട് ചേർന്ന് പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി..! അത് അവൾ ആയിരുന്നു.. അവന്റെ പ്രാണനായവൾ..! നിത്യ…!!
നിത്യയുടെയും തന്റെയും ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. സത്യം പറഞ്ഞാൽ ആ സമയത്ത് ഒരു വിവാഹത്തിനോട് തീരെ താല്പര്യം ഇല്ലാത്ത ആളായിരുന്നു താൻ.
പക്ഷേ പഠനം കഴിഞ്ഞ് ജോലിയും കിട്ടിക്കഴിഞ്ഞപ്പോൾ പിന്നെ മകന് കുറച്ച് ഉത്തരവാദിത്തം വരട്ടെ എന്ന് കരുതി അവനെ പിടിച്ചു കല്യാണം കഴിപ്പിക്കാം എന്ന് അച്ഛനും അമ്മയും ഒക്കെ കൂടി തീരുമാനിച്ചു.
അവരുടെ അത്തരം വർത്തമാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഓടി ഒളിക്കാൻ വരെ തനിക്ക് തോന്നിയിട്ടുണ്ട്.
നാട്ടിൽ നിന്ന് മറ്റു വല്ലയിടത്തേക്കും ട്രാൻസ്ഫർ കിട്ടുമോ എന്ന് വരെ ഞാൻ അന്വേഷിച്ചു. പക്ഷേ ആ കാര്യത്തിലൊക്കെ ദൈവം അച്ഛനും അമ്മയ്ക്കും തുണയായിരുന്നു.
അവർ പറയുന്നതു പോലെ മാത്രമേ കാര്യങ്ങൾ നടക്കൂ എന്ന് എനിക്ക് നേരത്തെ തന്നെ തോന്നിയതാണ്.
ഒന്ന് രണ്ട് പെണ്ണുകാണൽ ഞാൻ ഉഴപ്പി. അങ്ങനെയെങ്കിലും എന്റെ താല്പര്യം ഇല്ലായ്മ കണ്ടു അച്ഛനും അമ്മയും തീരുമാനത്തിൽ നിന്ന് പിന്മാറട്ടെ എന്ന് കരുതി.
“നീ എത്രയൊക്കെ അലസഭാവം കാണിച്ചിട്ടും കാര്യമില്ല നിന്റെ വിവാഹം നടത്തിയേ പറ്റൂ. അല്ലാതെ നിന്നെ നിന്റെ ഇഷ്ടത്തിന് വിട്ടാൽ നിനക്ക് ഒരു ഉത്തരവാദിത്വവും ഉണ്ടാവില്ല.
ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവൻ കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ച് നീ നശിപ്പിച്ചു കളയും. കല്യാണം കഴിയുമ്പോൾ ഒരു ഉത്തരവാദിത്തം ഒക്കെ വരും.”
അമ്മ പറഞ്ഞപ്പോൾ ദയനീയമായി അമ്മയെ നോക്കി.
” ഞാൻ പൈസ അടിച്ചു പൊളിച്ചു കളയാതെ ബാങ്കിലിട്ടേക്കാം.. എന്നുകരുതി എനിക്കിപ്പോൾ ഒരു കുടുംബം നോക്കാനുള്ള പ്രാപ്തി ഒന്നുമില്ല. കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് മതി വിവാഹം.. ”
എന്നെക്കൊണ്ട് കഴിയുന്ന രീതിയിലൊക്കെ എതിർത്തു നോക്കി. പക്ഷേ പ്രയോജനമൊന്നും ഉണ്ടായില്ല.
എന്റെ വിവാഹം നടത്തുമെന്ന് ശപഥം എടുത്തതു പോലെയായിരുന്നു അച്ഛന്റെയും അമ്മയുടെയും ഒക്കെ ഭാവം.
അമ്മയുടെ ഏതോ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയായിരുന്നു നിത്യ. സത്യം പറഞ്ഞാൽ ബന്ധം വഴി വന്ന ആലോചന ആയിരുന്നില്ല ആ പെൺകുട്ടിയുടെത്.
അവളുടെ ഫോട്ടോയും ഡീറ്റെയിൽസും ഒക്കെ കണ്ടു കഴിഞ്ഞപ്പോഴാണ് ബന്ധുവാണ് എന്ന് അമ്മ പറയുന്നത്. എന്തായാലും അതോടെ അമ്മയ്ക്ക് നല്ല താല്പര്യം ആയി.
പിടിച്ച പിടിയാലേ എന്നെയും കൊണ്ട് പെണ്ണുകാണാനും പോയി. കണ്ടിട്ട് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടില്ല എന്ന് പറയാനുള്ള മനസ്സുറപ്പൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.
കാരണം അവളെ കാണാൻ അത്യാവശ്യം സുന്ദരിയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടപ്പെടുകയും ചെയ്തു.
എന്നെ തന്നെ ശ്രദ്ധിച്ചിരുന്ന അമ്മയ്ക്കും അച്ഛനും ഒക്കെ അത് വളരെ പെട്ടെന്ന് മനസ്സിലായി.വീണ്ടും എന്റെ മനസ്സ് മാറുന്നതിനു മുൻപ് എത്രയും പെട്ടെന്ന് അവർ കല്യാണം ഉറപ്പിച്ചു. ശരിക്കും പറഞ്ഞാൽ പെട്ടു പോയി എന്ന് തന്നെ പറയാം..
അച്ഛന്റെയും അമ്മയുടെയും മുൻപിൽ വച്ച് വായിനോക്കിയാൽ ഇങ്ങനെയിരിക്കും..!
എന്തായാലും കല്യാണം ഉറപ്പിച്ചു കഴിഞ്ഞതോടെ അവൾ എന്റേതാണ് എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടായി തുടങ്ങി.
ഇടയ്ക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും വിളിയും പറച്ചിലും ഒക്കെയായപ്പോൾ അവളോട് ചെറിയൊരു ഇഷ്ടം തോന്നി തുടങ്ങി.
അധികം വൈകാതെ എൻഗേജ്മെന്റ് നടത്തി. അതിനു ശേഷം പിന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.അങ്ങനെയാണ് ഞങ്ങൾ പരസ്പരം അടുത്തത്.
ഒരുപാട് യാത്ര ചെയ്യാനും പുതിയ പുതിയ കാഴ്ചകൾ കാണാനും പുതിയ സംസ്കാരത്തെക്കുറിച്ച് അറിയാനും ഒക്കെ താല്പര്യമുള്ള ഒരു പെൺകുട്ടിയായിരുന്നു അവൾ. സത്യം പറഞ്ഞാൽ എന്റെ ഏകദേശം ഒരേ വൈബ് വരുന്ന ഒരു പെൺകുട്ടി.
അതോടെ എന്റെ പകുതി ആശങ്കകൾ ഒഴിഞ്ഞു പോയി എന്ന് വേണം പറയാൻ. ഇനിമുതൽ ട്രിപ്പ് പോകുമ്പോൾ കമ്പാനിയനായി എന്റെ ഭാര്യ തന്നെ ഉണ്ടാകുമല്ലോ എന്നോർത്ത് ഒരു സന്തോഷം..!
കല്യാണം കഴിഞ്ഞിട്ട് എവിടെയൊക്കെ ട്രിപ്പ് പോണം എന്തൊക്കെ ചെയ്യണം എന്നുള്ള പ്ലാനിങ് ആയിരുന്നു ഞങ്ങളുടെ ഓരോ ദിവസങ്ങളും.
കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന ഞാൻ അധികം വൈകാതെ എത്രയും വേഗം കല്യാണം നടന്നിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങി.
കാത്തു കാത്തിരുന്ന് ആ ദിവസം വന്നെത്തി. അവളെ താലി ചാർത്തി ഞാൻ സ്വന്തമാക്കി. എന്റെ വീട്ടിലേക്ക് അവൾ വലതുകാൽ വച്ച് കയറി വരുമ്പോൾ ഇനിയുള്ള എന്റെ ജീവിതവും അവളുടെ ജീവിതവും സന്തോഷപൂർണ്ണമായും മുന്നോട്ടു പോകണം എന്ന് പ്രാർത്ഥിച്ചു.
വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറച്ചു ദിവസങ്ങൾ വീട്ടിൽ അവൾ നല്ലൊരു മരുമകൾ ആകാൻ ശ്രമിച്ചു. ആ സമയം കൊണ്ട് എനിക്ക് നല്ലൊരു ഭാര്യയായും അച്ഛനും അമ്മയ്ക്കും നല്ലൊരു മകളായും ഒക്കെ അവൾ പേര് കേട്ടിരുന്നു.
അതിനുശേഷം ആണ് നമുക്ക് എവിടെയെങ്കിലും പോയാലോ എന്നൊരു ചിന്ത അവളുടെ മനസ്സിൽ വരുന്നത്. കുറച്ചു ദിവസമായി എനിക്കും ആ തോന്നൽ ഉള്ളതുകൊണ്ട് അവളുമായി ആദ്യത്തെ ട്രിപ്പ് ഞാൻ ആരംഭിച്ചു.
പിന്നീട് അതൊരു പതിവായി.. ഓരോ മാസവും ഓരോ പുതിയ സ്ഥലങ്ങളിലേക്ക് ഞങ്ങൾ യാത്ര ചെയ്തു. ജീവിതത്തിലെ ഓരോ ദിവസങ്ങളും ഓരോ നിമിഷങ്ങളും ഞങ്ങൾ ആസ്വദിച്ചു.
അപ്പോഴൊക്കെയും ഞങ്ങൾ ശ്രദ്ധിക്കാതെ കാര്യം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിടുന്നു എന്നുള്ളതായിരുന്നു.
ഞങ്ങളെക്കാൾ കൂടുതൽ ഞങ്ങളുടെ നാട്ടുകാർ അതിനെക്കുറിച്ച് ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞത് നിങ്ങളിൽ ആർക്കാ കുഴപ്പം എന്നുള്ള അവരുടെ ചോദ്യം കേട്ടപ്പോഴാണ്.
അതിനുശേഷം ആണ് ഞങ്ങൾക്ക് ഒരു കുട്ടി എന്നതിനെക്കുറിച്ച് ഒരു തോന്നൽ വരുന്നത്.വിവാഹം കഴിഞ്ഞിട്ട് അപ്പോൾ ഒരു വർഷം പൂർത്തിയായിട്ടേ ഉണ്ടായിരുന്നുള്ളൂ.
ഒരു കുട്ടി വേണമെന്ന് അവൾ ആഗ്രഹം പറഞ്ഞപ്പോൾ കുറച്ചു കൂടി കഴിഞ്ഞിട്ട് പോരെ എന്ന് പറഞ്ഞ് ഞാൻ അവളെ നിരുത്സാഹപ്പെടുത്താൻ ആണ് ശ്രമിച്ചത്.
” ആൾക്കാരെ കൊണ്ട് എന്നെ മച്ചി എന്ന് വിളിപ്പിച്ചാലെ ഏട്ടന് സമാധാനം കിട്ടുകയുള്ളോ..? ”
എന്നുള്ള അവളുടെ ചോദ്യത്തിൽ സത്യം പറഞ്ഞാൽ വായടഞ്ഞു പോയി.
അവളുടെ നിർബന്ധമായിരുന്നു എത്രയും പെട്ടെന്ന് ഒരു പ്രഗ്നൻസി. പിന്നീടുള്ള ഒന്നു രണ്ടു മാസങ്ങൾ പ്രതീക്ഷയോടെ തന്നെയായിരുന്നു ഞങ്ങൾ കാത്തിരുന്നത്.
അവളുടെ ആഗ്രഹം അത്രയും വലുതായതു കൊണ്ടായിരിക്കണം കൃത്യമായി മൂന്നാം മാസം ഞങ്ങൾക്കിടയിലേക്ക് പുതിയൊരു അതിഥി വരവ് അറിയിച്ചത്.
ഡോക്ടറിനെ കണ്ടപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞതുമില്ല. സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു പിന്നീട്. അവളെ അത്രത്തോളം ശ്രദ്ധിക്കാൻ എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും മത്സരിക്കുകയായിരുന്നു.
അവളുടെ മൂന്നാം മാസത്തെ സ്കാനിങ്ങിനാണ് ഡോക്ടർ ഞെട്ടിക്കുന്ന ഒരു വിവരം പറയുന്നത്.
“നിത്യയെ സംബന്ധിച്ച് ഈ പ്രഗ്നൻസി ഒരു പ്രശ്നമാണ്. ഒന്നുകിൽ കുട്ടി അല്ലെങ്കിൽ അമ്മ എന്നൊരു കണ്ടീഷനിലേക്ക് ആയിരിക്കും ഇത് ചെന്നെത്തുക.
അതുകൊണ്ട് സ്വാഭാവികമായും ഞാൻ ഒരു അബോഷൻ ആണ് പ്രിഫർ ചെയ്യുന്നത്. ഇപ്പോഴേ ഇത് ഒഴിവാക്കിയാൽ.. ആ സമയത്തുള്ള ഒരു റിസ്ക് നമുക്ക് ഒഴിവാക്കാമല്ലോ. നിങ്ങൾ രണ്ടാളും ഒരുപാട് എജ്ഡ് ഒന്നുമല്ലല്ലോ..ഇനിയും അവസരമുണ്ട്..”
ഡോക്ടർ പറഞ്ഞു നിർത്തിയതും ഒരു ഭ്രാന്തിയെ പോലെ അവൾ പൊട്ടി കരഞ്ഞു.പിന്നെ അലറി വിളിച്ചു.
” നിങ്ങളൊക്കെ ഒരു മനുഷ്യനാണോ..? എനിക്ക് എന്ത് സംഭവിച്ചാലും ശരി എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല.. ഇവരോട് എന്റെ കുഞ്ഞിനെ കൊല്ലരുതെന്ന് പറയണേ ഏട്ടാ..”
അന്ന് ആശുപത്രിയിൽ അവൾ ബഹളം വച്ചതിനെ തുടർന്ന് അവളെ പറഞ്ഞു മനസ്സിലാക്കാനുള്ള ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ച് ആശുപത്രിയിൽ നിന്ന് ഞങ്ങളെ പറഞ്ഞു വിട്ടു.
ഞാനും ഞങ്ങളുടെ വീട്ടുകാരും ഒരുപോലെ സംസാരിച്ചിട്ടും അവളുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും വയറ്റിലുള്ള കുഞ്ഞിനെ ഉപദ്രവിക്കാൻ അവൾ സമ്മതിക്കില്ല എന്ന് വാശിയോടെ അവൾ പറഞ്ഞു.
അതോടെ അവളുടെ തീരുമാനം പോലെ നടക്കട്ടെ എന്ന് ഞങ്ങളും കരുതി. അന്നുമുതൽ അവൾക്ക് ബെഡ് റസ്റ്റ് ആയിരുന്നു.
അവളെ ഒന്ന് അനങ്ങാൻ പോലും വിടാതെ അത്രയും ശ്രദ്ധിച്ചായിരുന്നു ഞങ്ങൾ നോക്കിയത്.
ഡെലിവറിയുടെ സമയമായപ്പോഴേക്കും എനിക്ക് ടെൻഷൻ ആയിരുന്നു. അമ്മയെയും കുഞ്ഞിനെയും എനിക്ക് ഒരുപോലെ കിട്ടണം എന്നുള്ള പ്രാർത്ഥനയായിരുന്നു എനിക്കുണ്ടായിരുന്നത്.
അഥവാ രണ്ടിലൊരാൾ എന്ന കണ്ടീഷൻ വന്നാൽ എനിക്ക് അവളെ മതി. കുഞ്ഞുങ്ങളെ ഇനി ആയാലും ഞങ്ങൾക്ക് കിട്ടും..
ഡോക്ടറിനോടും പറഞ്ഞത് അതേ വാക്കുകളായിരുന്നു.
എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഓപ്പറേഷൻ തിയേറ്ററിലേക്ക് അവളെയും ഉരുട്ടിക്കൊണ്ട് ഡോക്ടർ പോകുമ്പോൾ പ്രാർത്ഥനയോടെ രണ്ടു കുടുംബങ്ങൾ ആ കോറിഡോറിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
മണിക്കൂറുളുടെ കാത്തിരിപ്പിനൊടുവിൽ ടൗവലിൽ പൊതിഞ്ഞ കുഞ്ഞുവാവയെ ഞങ്ങളുടെ മുന്നിലേക്ക് ഒരു നേഴ്സ് കൊണ്ടുവന്നു കാണിച്ചു.
കുഞ്ഞിനെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ആശങ്കയോടെ ഞാൻ അന്വേഷിച്ചത് അവളെയായിരുന്നു.
നഴ്സിന്റെ കുനിഞ്ഞ ശിരസ്സിൽ നിന്ന് തന്നെ അരുതാത്ത എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞു.
” ഞങ്ങളെക്കൊണ്ട് പറ്റുന്നതിന്റെ മാക്സിമം ഞങ്ങൾ ശ്രമിച്ചതാണ്.. പക്ഷേ… ഐ ആം സോറി.. ”
എന്റെ തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞ ആ വാചകങ്ങൾ മാത്രം മതിയായിരുന്നു അവൾക്ക് എന്ത് സംഭവിച്ചു എന്ന് ഊഹിച്ചെടുക്കാൻ.
ഞങ്ങളുടെ പ്രണയത്തിന്റെ അടയാളമായ കുഞ്ഞിനെ എനിക്ക് സമ്മാനിച്ചുകൊണ്ട് അവൾ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി യാത്രയായി.
ഒരിക്കൽ അവൾ എന്നോട് ചോദിച്ചിട്ടുണ്ട് പ്രസവത്തോടെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ വേറെ വിവാഹം കഴിക്കുമോ എന്ന്..
വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഞങ്ങളുടെ കുഞ്ഞിന് ഒരു കുറവും വരുത്താതെ നോക്കണം എന്ന് അവൾ എന്നോട് വാക്ക് ചോദിച്ചിരുന്നു.
അവൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കും. ഏത് സാഹചര്യത്തിൽ ആണെങ്കിലും അവൾ എന്നെ ഏൽപ്പിച്ചു പോയ ഞങ്ങളുടെ പൊന്നോമനയെ ഞാൻ കാത്തുസൂക്ഷിക്കും.
പക്ഷേ അവളുടെ സ്ഥാനത്തേക്ക് മറ്റൊരാളും എന്റെ ജീവിതത്തിലേക്ക് വരില്ല. അവൾ എന്നോടൊപ്പം ഉണ്ടായിരുന്ന രണ്ടു വർഷങ്ങൾ.. ആ രണ്ടുവർഷം അവൾ എനിക്ക് സമ്മാനിച്ച ഓർമ്മകൾ.. അതുമാത്രം മതി മുന്നോട്ടുള്ള ജീവിതത്തിന്..!!
അവളെ ഓർത്ത് അവന്റെ കണ്ണുകൾ പൊഴിയാൻ തുടങ്ങവേ പെട്ടെന്ന് കുഞ്ഞ് ഞെട്ടി എഴുന്നേറ്റു. അവന്റെ ശ്രദ്ധ കുഞ്ഞിലേക്ക് ആയി.
അപ്പോഴും അവരെ നോക്കി നിന്ന് അവളുടെ ആത്മാവ് പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.