ഒറ്റവരിപാത
(രചന: Jolly Shaji)
“ശ്രീ എനിക്ക് നിന്നെയൊന്നു കാണണം..”
“വേണ്ട ഫൈസി നമ്മൾ കാണേണ്ട ഇനി… ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല ഒരു കണ്ടുമുട്ടൽ…”
“എന്തുകൊണ്ടാണ് നീയിപ്പോൾ ഇങ്ങനെ പറയുന്നത്… നാട്ടിലേക്ക് ഒരേ സമയത്ത് വരണമെന്നും വന്നാൽ ഒരു ദിവസം കാണണമെന്നും ആ ദിവസം മുഴുവൻ എനിക്കൊപ്പം ഉണ്ടാവണമെന്നും പറഞ്ഞത് താൻ അല്ലേ…
എന്നിട്ടിപ്പോൾ കാണണ്ട എന്ന് പറയുന്നതും നീ… സത്യത്തിൽ നിനക്കെന്തു പറ്റി…”
“ഫൈസി ഇന്നലെ വരെ നീ ഒരാൾ മാത്രമായിരുന്നു പക്ഷേ ഇന്ന് നിനക്ക് ഒരു തുണ കൂടി ആവാൻ പോവുന്നു…”
“അതിനെന്താ നമ്മൾ കണ്ടു എന്നോർത്ത്… എന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ… ജസ്റ്റ് ആലോചിച്ചു അത്രയല്ലേ ഒള്ളു… അല്ലെങ്കിൽ തന്നേ കണ്ടു സംസാരിച്ചു എന്നാൽ എന്താ ഇപ്പൊ… നമ്മൾ നല്ല സുഹൃത്തുക്കൾ അല്ലേ…”
“വേണ്ട ഫൈസി അത് ശരിയാവില്ല..”
ശ്രീജിത വേഗം ഫോൺ കട്ട് ചെയ്തു.. ഫൈസി പറഞ്ഞതാണോ സത്യം… അവനും താനും വെറും സുഹൃത്തുക്കൾ മാത്രമായിരുന്നോ… തന്നിൽ അവനറിയാത്ത എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിട്ടുണ്ടോ…
അവനും അങ്ങനെ ആയിരുന്നില്ലേ…
താൻ മെസ്സേജ് അയക്കാൻ വൈകിയാൽ ഉടനെ ദേഷ്യം വരും ഫൈസിക്ക്…
അവന്റെ കാൾ വരുമ്പോൾ തന്റെ ഫോൺ എൻഗേജ്ഡ് ആയാൽ അന്ന് മുഴുവനും പിന്നെ വഴക്കും പിണക്കവുമാണ്…
എന്തിനേറെ തന്റെ മോളോട് പോലും താൻ കൂടുതൽ അടുക്കുന്നത് ഇഷ്ടമില്ലെന്നു പറഞ്ഞിട്ടുള്ള ആളാണ് ഫൈസി…
വീണ്ടും ഫൈസിയുടെ കാൾ വന്നു..
“ശ്രീ നീയെന്നെ മനപ്പൂർവം ഒഴിവാക്കുന്നത് പോലെ..എന്തിനാ ഇപ്പൊ ഇങ്ങനെ… കഴിഞ്ഞ രണ്ടുവർഷം നമ്മൾ പരസ്പരം ഒന്നും ഒളിച്ചിട്ടില്ലല്ലോ പിന്നെന്താ ഇപ്പൊ ഇങ്ങനെ….”
“ഫൈസി എല്ലാം നിനക്കറിയാം എന്നിട്ടും നീയെന്താ ഒന്നുമറിയാത്തത് പോലെ…”
“താൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ കാണുക തന്നേ വേണം… നീയെനിക്കു തന്ന വാക്കാണ് നാട്ടിൽ വരുമ്പോൾ കാണാം എന്ന്…”
“എനിക്ക് ചില അസൗകര്യങ്ങൾ ഉണ്ട് ഫൈസി… ഞാൻ കുറച്ച് തിരക്കാവും.. ഇനിയുള്ള ദിവസങ്ങൾ ഞാൻ എന്റെ മോൾക്ക് മാത്രമായി മാറ്റിവെക്കുകയാണ്…”
“ഓഹോ അപ്പോൾ മനഃപൂർവം ആണല്ലേ… സാരമില്ല ഞാൻ അങ്ങൊട് വരാം… തന്റെ വീടും സ്ഥലവുമൊക്കെ എനിക്ക് അറിയാമല്ലോ.. അപ്പോൾ കാണാം ഉടനെ..”
ഫൈസി വേഗം ഫോൺ കട്ട് ചെയ്തു.. ശ്രീജിതയിൽ ഒരു ഭയം രൂപപ്പെട്ടു… ഫൈസി പറഞ്ഞാൽ അങ്ങനെ തന്നേ ചെയ്യുന്ന ആളാണ്…
ഈശ്വരാ അവൻ ഇങ്ങോട് വന്നാൽ… അച്ഛൻ, അമ്മ, മോള് എല്ലാവരും തന്നേ തെറ്റിദ്ധരിക്കില്ലേ… അവൾ വേഗം അവനെ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല…
അവൾ അവന് മെസ്സേജ് അയച്ചു…”ഫൈസി ഞാൻ വരാം നിന്നെ കാണാൻ ദയവുചെയ്ത് ഇങ്ങ് വരരുത്… എവിടെ എന്ന് നീ പറഞ്ഞോളൂ.. ”
ഉടനെ മറുപടി വന്നു…
“അപ്പൊ തനിക്ക് എന്റെ സ്വഭാവം അറിയാം അല്ലേ… നാളെ വേണ്ട മറ്റന്നാൾ നീ ടൗണിൽ വരണം ഞാൻ കാറുമായി വരാം നമുക്ക് ചെറിയൊരു ട്രിപ്പ് പോകാം…”
“ഫൈസി കണ്ടു സംസാരിച്ചാൽ പോരെ പിന്നെന്തിനാ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യുന്നേ…”
“കുറച്ച് സമയം നിന്റെ കണ്ണിൽ നോക്കിയിരിക്കാൻ അല്ല ഒരു ദിവസം മുഴുവനും നീ വേണം എന്റെ കൂടെ.. നിന്റെ ആഗ്രഹവും അതല്ലായിരുന്നോ…”
“ഫൈസി ആരെങ്കിലും അറിഞ്ഞാൽ പ്രശ്നം ആകും… അത് മാത്രമല്ല എന്ത് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങും..”
“അതൊക്കെ നിന്റെ കഴിവ് പോലെ ആയിരിക്കും നടക്കേണ്ടത്…”
അന്ന് രാത്രി ശ്രീജിതക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… ഫേസ്ബുക് വഴി പരിചയപ്പെട്ടതാണ് ഫൈസിയെ… തന്റെ സങ്കടങ്ങളിൽ നല്ല ആശ്വാസം ആയിരുന്നു അവൻ…
നല്ലൊരു സുഹൃത്ത് എന്നതിലുപരി എപ്പോളൊക്കേയൊ അവൻ തന്റെ ആരൊക്കെയോ ആയി മാറുകയും ചെയ്തിട്ടുണ്ട്…. ആഗ്രഹിക്കുന്നത് എന്തും സ്വന്തമാക്കുക എന്നത് ഫൈസലിന് വാശിയാണ്…
നന്ദേട്ടന്റെ പെട്ടെന്നുള്ള മരണം തളർത്തിയ താൻ ഗൾഫിലേക്ക് വീണ്ടും പോവേണ്ട എന്ന് കരുതിയതാണ്…
അച്ഛനും അമ്മയും മോളെ നോക്കിക്കൊള്ളാം വെറുതെ നാട്ടിൽ നിന്ന് മനസ്സ് കൂടുതൽ വിഷമിപ്പിക്കേണ്ട എന്ന് പറഞ്ഞിട്ടാണ് വീണ്ടും പ്രവാസത്തിലേക്കു പോയത്….
തന്റെ സങ്കടങ്ങൾ കൊച്ച് കൊച്ച് വരികളാക്കി പോസ്റ്റ് ചെയ്തു തുടങ്ങിയപ്പോൾ മനസ്സ് ഒരുപാട് ഫ്രീ ആയതുപോലെ തോന്നി..
എഴുത്ത് വഴിയിൽ കിട്ടിയ കുറേ സൗഹൃദങ്ങളിൽ ഒരാളായിരുന്നു പാ ല ക്കാ ടുകാരൻ ഫൈസൽ…. തന്റെ എഴുത്തുകൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫൈസൽ ആയി പെട്ടന്ന് ആരുന്നു അടുത്തത്..
തനിക്ക് കൂടുതൽ എഴുതുവാൻ പ്രചോദനം ആയിരുന്നു ഫൈസി… ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന ഫൈസി തനിക്ക് എന്നും ഊർജ്ജം ആയിരുന്നു… ഇടയ്ക്കവൻ തമാശക്ക് ചോദിക്കും..
“നിന്നെ ഞാൻ കെട്ടിക്കോട്ടെടി..” എന്ന്….
“അപ്പൊ എന്റെ മോളോ..”
“നിന്റെ മോള് എന്റെ മോളായി വളരില്ലേ… നമുക്കും മക്കൾ ഉണ്ടാവില്ലേ അവരെപ്പോലെ സനമോളും വളരും… എന്നിട്ട് അവളെ നമ്മൾ കെട്ടിക്കും…”
അവന്റെ സംസാരം കേൾക്കുമ്പോൾ താൻ പൊട്ടിച്ചിരിക്കും.. അപ്പൊ ൾ അവൻ പരിഭവത്തോടെ പറയും.. “എന്നാൽ വേണ്ട… നീയിങ്ങനെ ഒറ്റയ്ക്ക് ജീവിച്ചോളു..”എന്ന്
ഒരിക്കൽ പോലും അവന്റെ സംസാരത്തിൽ ഒരു സീരിയസ്നെസ് കണ്ടിട്ടില്ല… ലീവ് റെഡിയായി നാട്ടിലേക്ക് പോകുമ്പോൾ അവൻ ഒന്നേ ആവശ്യപ്പെട്ടുള്ളു..
“നമുക്കൊന്ന് കൂടണ്ടെടി..” എന്ന് മാത്രം
വെറുതെ ഒരു തമാശ പോലെയായിരുന്നു അപ്പോളും സംസാരം… പിന്നെന്താ ഇവൻ ഇപ്പോൾ ഇങ്ങനെ.. ഓരോന്ന് ഓർത്ത് ശ്രീജിത ഉറങ്ങിപ്പോയി…
വീട്ടിൽ നിന്നും ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് കോഴിക്കോട് പോകണം എന്ന് പറഞ്ഞാണ് അവൾ ഇറങ്ങിയത്…റിസപ്ഷൻ വൈകിട്ട് ആയതിനാൽ ചിലപ്പോൾ മാത്രമേ ഇന്ന് വരൂ എന്നവൾ പ്രത്യേകം ഓർമ്മിപ്പിച്ചു…
തൃശൂർ ബസ്സ്റ്റാൻഡിൽ ഫൈസിയെ കാത്തു നിൽക്കുമ്പോൾ അവളുടെ ഉള്ളം തേങ്ങുകയായിരുന്നു… പെട്ടുപോയല്ലോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി…
ഫൈസി കാർ നിർത്തി കേറാൻ പറഞ്ഞപ്പോൾ അവൾ ബാക്ക് ഡോർ തുറന്നു.. “എന്താടോ ശ്രീ ഇത്… തന്റെ ഡ്രൈവർ ആക്കുകയാണോ എന്നേ… വന്നു ഫ്രണ്ടിൽ കയറിക്കേ..”
അവൾ മടിച്ചു നിന്നു.. ഫൈസി വേഗം ഫ്രണ്ട് ഡോർ തുറന്നു… അവൾ മെല്ലെ അകത്തു കയറി ഇരുന്നു…
ഫൈസിയുടെ കണ്ണുകൾ തന്നേ ചൂഴ്ന്നു നോക്കുന്നതായി ശ്രീജിതക്കു തോന്നി… അവൾ വേഗം ചുരിദാറിന്റെ ഷാൾ കൊണ്ട് ശരീരം നന്നായി മൂടി…
“എന്താ നിന്റെ മുഖം വല്ലാരുതിരിക്കുന്നെ…”
“ഒന്നുമില്ല ഫൈസി… നിനക്ക് തോന്നുന്നത..”
“ശ്രീ തന്നേ നേരിട്ട് ഞാൻ ആദ്യം കാണുന്നതാണ് പക്ഷേ നിന്റെ ചെറിയ മാറ്റം പോലും എനിക്ക് വേഗം മനസ്സിലാകും…”
“ഫൈസി ഈ യാത്ര വേണ്ടിയിരുന്നില്ല… എനിക്ക് നല്ല പേടിയുണ്ട്… നമുക്ക് ഇവിടെ ഏതെങ്കിലും റെസ്റ്റോറന്റിൽ ഇരുന്നു സംസാരിച്ചാൽ പോരെ..”
“ശ്രീ…. നിനക്ക് എന്നേ പേടിയുണ്ടോ….”
“ഏയ് പേടിയോ… എന്തിന് പേടിക്കുന്നു നിന്നെ…”
“പിന്നെന്താ നീയൊരു അപരിചിതയെ പോലെ പെരുമാറുന്നത്…”
“സത്യത്തിൽ നമ്മൾ അപരിചിതർ അല്ലേ ഫൈസി…”
“ഓ നിനക്ക് അങ്ങനെയാണോ തോന്നിയിരിക്കുന്നത്… എങ്കിൽ ഈ യാത്ര നമുക്കിവിടെ അവസാനിപ്പിക്കാം…”
ഫൈസി കാർ റോഡ് സൈഡിലേക്ക് ഒതുക്കി..
“ശ്രീ ഇറങ്ങിക്കോളൂ… എന്നേ വിശ്വാസമില്ലാത്ത നിനക്കൊപ്പം ഇനിയൊരു യാത്ര വേണ്ട…”
“ഫൈസി നീയെന്താ ഇങ്ങനെ… എന്തെ നീയെന്നെ മനസ്സിലാക്കുന്നില്ല… ഞാനൊരു വിധവയായ സ്ത്രീയാണ്… ഒരു കുഞ്ഞിന്റെ അമ്മയും…
പുറത്തിറങ്ങുമ്പോൾ പലരുടെയും കണ്ണുകൾ എന്നേ ശ്രദ്ധിക്കുന്നുണ്ടാവും… അവിവാഹിതനായ ഒരു പുരുഷനൊപ്പം കറങ്ങി നടക്കുന്നു എന്നറിഞ്ഞാൽ എന്റെ മോൾ പോലും എന്നേ വെറുക്കില്ലേ ഫൈസി…”
“അപ്പോൾ ഞാനോ… വിവാഹം പോലും കഴിഞ്ഞിട്ടില്ല… വീട്ടുകാർ തീരുമാനിച്ച ഒരു പെണ്ണിനെ പോയി കണ്ടു..
ഇഷ്ടമോ ഇഷ്ടക്കുറവൊ പറഞ്ഞില്ല എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തേക്കുകയാണ്… എന്റെ ഉപ്പക്കും ഉമ്മക്കും ഉണ്ടാവില്ലേ എന്നെക്കുറിച്ച് കുറേ സങ്കല്പം…”
“എടോ ഞാൻ നിന്റെ ഇഷ്ടങ്ങൾക്കെതിര് നിന്നോ ഇല്ലല്ലോ.. നിനക്ക് വിവാഹം ആയി എന്ന് പറഞ്ഞിട്ട് ഞാൻ എതിർത്തോ… ഇല്ല.. എനിക്കറിയാം ഫൈസി നിന്റെ ജീവിതത്തിൽ ഒരു വിവാഹം ആവശ്യമാണെന്ന്…”
“അപ്പോൾ തനിക്ക് എന്നോട് ഒരിഷ്ടവും ഇല്ലായിരുന്നോ…”
“ഇഷ്ടം… അതിനൊക്കെ അതിരുകൾ ഇല്ലേ ഫൈസി…”
“പക്ഷേ എനിക്ക് നിന്നോട് ഉള്ള ഇഷ്ടത്തിന് അതിരുകൾ ഇല്ല ശ്രീ… എനിക്ക് നിന്നെ വേണം…”
ഫൈസി അവളുടെ കൈകളിൽ മുറുകെ പിടിച്ചു…ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ പൊട്ടിക്കരഞ്ഞു..
“എന്താ ഫൈസി ഇത്… റോഡ് സൈഡ് ആണ് ആളുകൾ ശ്രദ്ദിക്കും…”
“ആളുകൾ കണ്ടോട്ടെ എനിക്കതൊന്നും പ്രശ്നമല്ല… ഞാൻ വീട്ടിൽ വിളിച്ചു പറയാൻ പോവാ നിന്നെകൂടെ കൂട്ടുന്നു എന്ന്…”
അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.. ശ്രീജിത ഫോൺ പിടിച്ചു വാങ്ങി..
“നീയെന്തു മണ്ടത്തരം ആണ് കാണിക്കാൻ പോകുന്നത്…”
“വേണം ശ്രീ… എനിക്ക് നിന്നെ പിരിയാൻ പറ്റില്ല.. പെണ്ണുകാണാൻ പോയിട്ടും കല്യാണം ഏറെ കുറേ ഉറപ്പിച്ച മട്ടിൽ ആയിട്ടും എനിക്ക് ആ കുട്ടിയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവുന്നില്ല… എന്റെ മനസ്സിൽ എപ്പോഴും നിന്റെ മുഖമാണ്…”
“അതിന് ഞാൻ നിന്നോട് എപ്പോളെങ്കിലും പ്രണയം ആണെന്ന് പറഞ്ഞിട്ടുണ്ടോ… നിനക്കൊപ്പം ജീവിക്കണമെന്നു ഞാൻ പറഞ്ഞൊ…
ഇല്ലല്ലോ.. പിന്നെങ്ങനെ നിനക്കെന്നെ വിവാഹം കഴിക്കാനാവും… എനിക്കെന്റെ മോളുണ്ട്… എന്റെ നന്ദേട്ടന്റെ ഓർമ്മകൾ എന്റെ കൂടെ ഉണ്ട്… അത് കഴിഞ്ഞേ എനിക്കെന്തും ഒള്ളു..”
“നീയെന്തു വട്ടാണ് ശ്രീ പറയുന്നത്.. നാട്ടിൽ വന്നാൽ കാണാമെന്നും എനിക്കൊപ്പം ഒരുദിവസം ഉണ്ടാവണം എന്നുമൊക്കെ നീ പറഞ്ഞതോ… എന്റെ സാമിപ്യം നീ കൊതിച്ചിട്ടില്ലെന്നാണോ…”
“നിന്നെ എന്റെ നല്ലൊരു സുഹൃത്തായി മാത്രമേ എനിക്ക് കാണാൻ പറ്റു ഫൈസി… നമ്മൾ രണ്ട് മ ത സ്ഥർ ആണ്.. ഞാൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്… ഇനി എന്റെ ലോകം മോളാണ്… നിനക്ക് അങ്ങനെ അല്ല നിന്റെ മുന്നിൽ ജീവിതം ഇനിയുമുണ്ട് കുറേ…
അതുമായി അഡ്ജസ്റ്റ് ആയാൽ നീയെല്ലാം മറക്കും മറക്കണം… ഞാൻ ഇവിടെ ഇറങ്ങുവാ.. ഞാൻ തിരികെ പോകും മുന്നെയാണ് കല്യാണം എങ്കിൽ ഉറപ്പായും വരും.. നിനക്ക് നല്ലൊരു മനസ്സുണ്ട് ഫൈസി… നല്ലതേ വരൂ..”
ശ്രീജിത വേഗം ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി… അപ്പോളാണ് അവളുടെ വലം കയ്യിൽ ഫൈസി പിടിച്ചു വലിച്ചത്….
“എടാ സോറി… എനിക്കറിയാം നീയെനിക്കായി ഒഴിഞ്ഞു മാറുന്നതാണെന്നു…
നിന്റെ ഉള്ളിലും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെന്ന് അറിയാവുന്ന ഒരേ ഒരാൾ ഞാനല്ലേ… നിന്റെ മോൾക്കായി നീ നിന്റെ ജീവിതം ഹോമിക്കുവല്ലേ… കേറൂ വണ്ടിയിൽ ഞാൻ കൊണ്ടാക്കാം വീട്ടിൽ..”
“വേണ്ട ഫൈസി ഞാൻ ബസിനു പൊയ്ക്കോളാം…”
“കേറടോ… തന്നേ മനസ്സിലാക്കാൻ എനിക്കെ പറ്റു…
ജീവിതത്തിന്റെ ഒറ്റവരി പാതയിൽ സഞ്ചരിച്ചു നീ നിന്നിലേക്ക് ഒതുങ്ങുവാൻ അല്ലേ ഒരു വിവാഹം കഴിച്ചു ഒരു മോളുണ്ട് അന്യമതസ്ഥ ഇത്രയൊക്കെ കാരണങ്ങൾ നിരത്തി എന്നേ വെറും സുഹൃത്താക്കി മാറ്റി നിർത്തുന്നത് …
ആ സുഹൃത്തിന്റെ അധികാരം മാത്രം മതി ഇനി എനിക്കെന്നും നിന്റെ വീട്ടിൽ വരാനും നിന്റെ അച്ഛനെയും അമ്മയെയും മോളെയും കാണാനും… അതുകൊണ്ട് തത്കാലം കേറിക്കെ വണ്ടിയിൽ…”
ശ്രീജിത വണ്ടിയിൽ കയറി ഡോർ അടച്ചു… കാർ അവളുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു… ഉള്ളിൽ ഒരു കടലിരമ്പത്തോടെ ശ്രീജിത മൗനമായി ഇരിക്കുമ്പോൾ ഫൈസിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു….