(രചന: Aneesh Pt)
അമ്മയുടെ വിളി കേട്ടാണ് രാവിലെ ഉറക്കമുണർന്നത് ..
അവളെ അന്നേഷിച്ചപ്പോൾ അവൾ ബാഗും തൂക്കി മുഖം വീർപ്പിച്ചു അതിരാവിലെ വീട്ടിലേക്കു പോയെന്നു
ഞാൻ മെല്ലെ എഴുന്നേറ്റു ‘അമ്മ തന്ന കട്ടനുമായി പേപ്പർ വായന തുടങ്ങി …
ഡാ ഇന്നലെ എന്താ ഉണ്ടായത് ..
ചോദ്യം അമ്മയുടെ വകയാണ്…
ഇന്നലെ എന്തുണ്ടായിന്ന ‘അമ്മ പറയുന്നേ …
പിന്നെ ഒന്നുമില്ലാതെയാണോ
നേരം വെള്ള കീറിയപ്പോ അവള് ബാഗും തൂക്കി പോയത് ..
അല്ല അമ്മെ ഈ നേരം എന്ത് കീറിയെന്ന ‘അമ്മ പറഞ്ഞു വരുന്നത്
ഡാ ചുമ്മാ രാവിലെ തന്നെ എന്റെ വായിന്നു കേക്കല്ലേ ..
എന്റെ അമ്മെ അമ്മേടെ മരുമോൾക്കു എന്നോട് പിണങ്ങാൻ എന്ത് കാരണമാ വേണ്ടത് …അവൾക്കേ ഞാൻ കരണം നോക്കി ഒന്ന് പൊട്ടിക്കാത്തതിന്റെ സൂക്കേടാ ..
അനികുട്ടാ അമ്മയില്ലാതെ വളർന്ന പെണ്ണല്ലേ അത് ..
അമ്മയില്ലാതെ വളർന്ന ഒരുപാട് പെണ്ണുങ്ങൾ ഈ ലോകത്തില്ലേ അവരൊക്കെ ഇങ്ങനെയാണോ .. മനുഷ്യനായാൽ കുറച്ചൊക്കെ വകതിരിവു വേണ്ടേ …
അന്നാലും അവളൊരു പാവല്ലേടാ ..
പാവം അമ്മയൊന്നാ മുറിയിൽ പോയി നോക്കിയേ ഞാൻ പൊന്നു പോലെ സൂക്ഷിച്ച എന്റെ മൊബൈല് അമ്മേടെ പാവം മോള് കാണിച്ചിട്ടേക്കുന്നെ
അഞ്ചാറു മാസത്തെ ശമ്പളം മിച്ചം പിടിച്ചു മേടിച്ചതാ, വാങ്ങിയിട്ടു ഒരു മാസം
തികഞ്ഞില്ല..
അതിനെന്താ അനി അതങ്ങു നന്നാക്കിയാൽ പോരെ ..
അമ്മക്കതു പറഞ്ഞാൽ മതി രൂപ എത്ര വേണമെന്നറിയോ ..
ഡാ പൈസ ഇന്നുവരും നാളെപോകും ..
ആഹാ കൊള്ളാലോ പൈസ ഇന്നുവരും നാളെ പോകും .. ഇതേതു സീരിയലിൽ ഏതു അമ്മായിയമ്മ പറയണതാ ..
ഇതേ നിന്റെ ‘അമ്മ പറയുന്നതാ ..
ഒന്ന് പോയിത്തരാമോ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കണ്ടു ..
ഞാൻ പറയാനുള്ളത് പറഞ്ഞു
കല്യാണം കഴിഞ്ഞിട്ട് മൂന്നാലു മാസമേ ആയിട്ടൊള്ളു ആൾക്കാര് അതും ഇതും പറയും ..
ആൾക്കാര് എന്ത് വേണേലും
പറയട്ടെ ..
‘അമ്മ പോയി കഴിഞ്ഞും പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴും എനിക്ക് രേഷ്മയെ കുറിച്ചായിരുന്നു ചിന്ത ..’
അമ്മ പറഞ്ഞതിലും കാര്യമുണ്ട് കല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിട്ടില്ല ..അപ്പോഴേക്കും ഇത് മൂന്നാമത്തെ പിണങ്ങി പോക്കാ അവളുടെ …
ഇത് വരെയുള്ള മൂന്ന് പിണക്കങ്ങളും ഓരോ സാരിയിലാണ് കലാശിച്ചത് ..
ഇനി വയ്യ പോകുന്നത് എന്റെ കാശല്ലേ ..
ഇന്നും കൂടി ഒന്ന് വാങ്ങി കൊടുക്കേണ്ടി വരും പിന്നെ ഐസ് ക്രീം സിനിമ കണകുണ ഒക്കെയും … ഒന്നോർത്താൽ
ഇന്നലെ ഞാൻ കാണിച്ചതും
മോശമായി പോയി …
കല്യാണത്തിനു മുമ്പേ അവൾക്കു സ്വൽപ്പം എഴുത്തു വാസനയുണ്ടെന്നറിയാം ..
എന്ന് വെച്ചു പാതിരാത്രിക്ക് മനുഷ്യൻ ജോലി കഴിഞ്ഞു വിശ്രമിക്കുമ്പോൾ അനിയേട്ട ഇതൊന്നു വായിച്ചു നോക്കിയേ ..
കണ്ടോ എന്റെ പോസ്റ്റിനു അഞ്ഞൂറ് ലൈക് കിട്ടിയല്ലോ ..ശൊ എന്റെ നാവു പിഴച്ചപ്പോ
“എടുത്തോണ്ട് പോടി നിന്റെ എഴുത്തു “..
തീർന്നു ..തലയിണ എടുത്തു ഒരേറാർന്നു … കയ്യിലെ മൊബൈല് ടമാർ പടാർ … വാശിക്ക് ഞാൻ ഒന്ന് പൊട്ടിച്ചൊന്നുമില്ല ..
അവൾ നോക്കാൻ തന്ന സ്റ്റോറി കീറിത്തവിടുപൊടിയാക്ക ..
അതാണ് ഇന്ന് രാവിലെ ‘അമ്മ പറഞ്ഞ മാതിരി വെള്ള കീറിയപ്പോ അവള് വീട്ടിലേക്കു ചീറിയത് …
ഇപ്പൊ തോന്നാ ഒന്ന് പൊട്ടിക്കർന്നേൽ ഇത്ര കുഴപ്പം ഉണ്ടാവില്ലാർന്നു ..
കുളികഴിഞ്ഞു നേരെ അവളുടെ വീട്ടിലേക്കു വണ്ടി വിട്ടു …
ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് ചേട്ടന്റെ കുട്ടിയെ കളിപ്പിക്കുകയാണ് ..
വീട്ടിൽ നിന്നും പോരുമ്പോൾ ധരിച്ച ചുരിദാർ മാറ്റിയിട്ടേയില്ല .. അവൾക്കറിയാം ഞാൻ അവളുടെ തൊട്ടു പിന്നാലെ കൂട്ടികൊണ്ടു പോകാൻ എത്തുമെന്ന് …
എന്നെ കണ്ട മാത്രയിൽ അവൾ കുട്ടിയേയും കൊണ്ട് അകത്തേക്ക് പോയി .. ഏടത്തി തന്ന ചായയും കുടിച്ചു മുറ്റത്തേക്കിറങ്ങി ..
ബൈക്കു സ്റ്റാർട്ട് ആക്കിയതും മ്മടെ കഥാ നായികാ മിണ്ടാതെ പിൻസീറ്റിൽ ഇടം പിടിച്ചു ..
ബൈക് ഓടിക്കുന്നതിന്റെ ഇടയിൽ ഞാൻ ഇടത് കണ്ണാടിയിലൂടെ അവളുടെ മുഖം ശ്രദ്ധിച്ചു … ഞാൻ കണ്ണാടിയിലൂടെ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒന്നുടെ അവൾ മുഖം വീർപ്പിച്ചിരുന്നു
സത്യം പറഞ്ഞാൽ ആ വീർപ്പിക്കല് കണ്ടപ്പോൾ എനിക്ക് ചിരി വന്നു ..
കണ്ണാടിയിലെ എന്റെ ചിരി കണ്ടിട്ടാണ് എന്ന് തോന്നുന്നു അവള് വായുവിലേക്ക് ഒരു തുപ്പു തുപ്പി ..
പുറകെ വന്ന പയ്യൻ ഇത് കണ്ടു പറഞ്ഞു .. ചേച്ചിയെ ഒന്ന് നോക്കിട്ടൊക്കെ തുപ്പ് ഞങ്ങൾക്കും ഇതിലെ പോകാനുള്ളത
ഏയ് രേഷ്മാ എന്താ ഇത് ഒന്ന് നോക്കിട്ടു ചെയ്തതുടെ ..
എനിക്ക് സൗകര്യമില്ല .. എനിക്ക് ഇഷ്ടമുള്ളപ്പോ ഞാൻ തുപ്പും …
ഉരുളയ്ക്ക് ഉപ്പേരി കണക്കെ അവളുടെ മറുപടി .. ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല ..അല്ലേൽ അടുത്ത തുപ്പു എന്റെ നേർക്കായിരിക്കും …
ബൈക്കു നേരെ എം സി റോഡിലുള്ള കൃ ഷ് ണ ടെക്സ്റ്റയിൽസിൽ പാർക്ക് ചെയ്യേണ്ട താമസം അവൾ നേരെ എനിക്ക് മുന്നേ ഉള്ളിലേക്ക് കയറി …
ഞാൻ ടെക്സ്റ്റയിൽസിലേക്ക് കേറവേ പഴയ സഹപാഠി സുമേഷിനെ കണ്ടു ..
ഒരു അരമണിക്കൂറോളം ഞാനും അവനും സംസാരിച്ചു നിന്നു ..സുമേഷ് പോയതും ഞാൻ ടെക്സ്റ്റയിൽസിലേക്ക്
കയറി ..
അവളെന്റെ വരവും കാത്തു ബില്ലിംഗ് കൗണ്ടറിൽ മയിൽക്കുറ്റി കണക്കെ നിക്കുന്നുണ്ടാർന്നു ..എന്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി അവൾ ബിൽ പേ ചെയ്തു ..
പാർക്കിങിൽ നിന്നും വണ്ടിയെടുക്കവേ ഞാൻ അവളോട് ചോദിച്ചു .. പു ലി മു രുകനോ അതോ തോ പ്പി ൽ ജോ പ്പനോ ..
ഒന്നും വേണ്ട നമുക്ക് വീട്ടിലേക്കു പോകാം .. ഇന്നെന്തു പറ്റി അല്ലേൽ സിനിമക്ക് പോണന്നു നിർബന്ധാലോ ..
ആ കാശു എനിക്ക് ലാഭം .. അല്ല ഇന്നെന്താ വാങ്ങിയേ സാരിയോ അതോ ചുരിദാറോ …
എനിക്കിഷ്ട്ടള്ളത് ഞാൻ വാങ്ങും നിങ്ങൾക്കെന്താ ..
മറുപടിക്കു നിൽക്കാതെ ഞാൻ വീട് ലക്ഷ്യമാക്കി ഗിയറിട്ടു .. രാത്രി അത്താഴം കഴിഞ്ഞു ഞാൻ മുറിയിൽ എത്തിയപ്പോഴേക്കും
അവൾ കിടന്നിരുന്നു ..
അല്ല ഇന്ന് തമ്പുരാട്ടി നേരത്തെ കിടന്നോ ..
തൊടണ്ട എന്നെ ..
ഏയ് എന്തെടി ..നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ ..
നിങ്ങളിത് വരെ ഞാൻ കൊണ്ട് വന്ന കവർ തുറന്നു നോക്കിയോ …
എന്ത് നിന്റെ സാരിയോ .. ഇതല്ലേ കവറു ..നോക്കട്ടെ ഏതാ കളരെന്നു ..
ഞാൻ മെല്ലെ കവർ തുറന്നതും
എന്റെ പെണ്ണെ ഇതെന്നാ രണ്ടു ഷർട്ടോ …
അപ്പൊ നീ സാരി വാങ്ങിയില്ലേ ..
ഇല്ല ..
അതെന്താടി ഞാൻ നീ സാരി വാങ്ങിയെന്നാലോ കരുതിയത് ..
ഏതായാലും ഷർട്ട് കൊള്ളാം .
അങ്ങനെ ഏത്തവണത്തെ പിണക്കം എനിക്ക് ഗുണമായല്ലോടി ..
ഉം …
നീ ഇങ്ങു വന്നേ …
ഞാൻ മെല്ലെ അവളെ എന്റെ മടിയിൽ കിടത്തി .. എന്റെ പൊന്നെ നിനക്ക് എന്നോട് ഇത്രേം സ്നേഹമുണ്ടാർന്നല്ലേ ..
അതോണ്ടൊന്നുമല്ല ..
പിന്നെ ..
നാളെ ..
നാളെ …?
നാളെ ഗ്രൂപ്പില് ഒരു കഥാ മത്സരം നടക്കുന്നുണ്ട് .. ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവാണ് ടോപ്പിക്ക് ..നിങ്ങടെ വായിന്നു വീഴുന്ന ഈ പൈങ്കിളി ഡയലോഗ്സ് നാളെ എഴുതുമ്പോ എനിക്കൊരു ഹെൽപ്പവുലോ ..
ഡി നിന്നെ ഞാൻ …നിക്കെടി അവിടെ ….