രചന: നിമ
“” എടി സ്വപ്നേ നീയറിഞ്ഞോ സന്തോഷിന്റെ കല്യാണം ഉറപ്പിച്ചു!! എല്ലാരോടും അത് പറയാൻ വേണ്ടി വന്നതാണ്!!”
അപ്പച്ചി വന്നു പറഞ്ഞപ്പോൾ ഞാനും അമ്മയും മുഖത്തോടു മുഖം നോക്കി..
പണ്ട് അച്ഛൻ മരിക്കുന്നതിനു മുമ്പ് പറഞ്ഞു വച്ചതാണ് സന്തോഷ് സ്വപ്നക്കുള്ളതാണ് എന്ന്..
കല്യാണം ഉറപ്പിച്ചു വച്ചിരുന്നത് കൊണ്ട് അതുപോലെതന്നെയായിരുന്നു പെരുമാറ്റവും..
സന്തോഷേട്ടൻ ഈ വീട്ടിലേക്ക് വന്നിട്ടുണ്ടെങ്കിൽ ആ കൈകൾ വെറുതെ ഇരിക്കാറില്ല..
അടുക്കളയിൽ എന്തെങ്കിലും ചെയ്തുകൊണ്ട് നിൽക്കുകയാണെങ്കിൽ പുറകിൽ വന്ന് കെട്ടിപ്പിടിക്കും..
കഴുത്തിനു പുറകിൽ ചുണ്ടുകൾ ചേർക്കും… ഇക്കിളി ആയി പിടയുമ്പോൾ,
കവിളിൽ ചുംബനങ്ങൾ കൊണ്ട് മൂടും.. പിന്നെയും ആ കൈകൾ ശരീരത്തിൽ വികൃതികൾ കാണിക്കും. അതെല്ലാം ഞാനും ആസ്വദിച്ചിരുന്നു എന്റെ ആണല്ലോ എന്ന അധികാരത്തിൽ..
ഒടുവിൽ ഇപ്പോൾ കുറച്ച് ആയി ആൾ ഇങ്ങോട്ടൊക്കെ ഒന്നു വന്നിട്ട് പുതിയ ജോലി കിട്ടിയതിന്റെ തിരക്കാവും എന്നാണ് ഞാനും അമ്മയും കരുതിയത് അല്ലെങ്കിൽ ഇവിടെ നിന്ന് പോകില്ലായിരുന്നു.
പക്ഷേ ഇപ്പോൾ അപ്പച്ചി ഒന്നും അറിയാത്തതുപോലെ വന്നു പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് പെണ്ണിന്റെ കാര്യം കൂടി കേട്ടപ്പോൾ ഏകദേശം ഞങ്ങൾക്കെല്ലാം മനസ്സിലായി.
സന്തോഷേട്ടന് പുതുതായി ജോലി കിട്ടിയത് ഒരു സൂപ്പർമാർക്കറ്റിൽ അക്കൗണ്ട് സെക്ഷനിൽ ആയിരുന്നു…
പെട്ടെന്ന് തന്നെ അതിന്റെ മാനേജർ ആയി എന്ന് പറഞ്ഞ് വന്നിരുന്നു എത്ര പെട്ടെന്ന് പ്രമോഷൻ കിട്ടിയോ എന്ന് ഞാൻ ചോദിക്കുകയും ചെയ്തു അതൊക്കെ കിട്ടി എന്നായിരുന്നു മറുപടി സൂപ്പർമാർക്കറ്റിന്റെ ഓണറിന്റെ മകളെയാണ് കല്യാണം കഴിക്കാൻ പോകുന്നത്..
ആര് കണ്ടാലും ഇഷ്ടപ്പെടും സന്തോഷേട്ടനെ കാണാൻ സുന്ദരനാണ് പോരാത്തതിന് നന്നായി പഠിച്ചിട്ടും ഉണ്ട്…
അപ്പച്ചിയുടെ ഭർത്താവ് സന്തോഷേട്ടൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ മരിച്ചിരുന്നു… അവരെ ഇങ്ങോട്ട് കൊണ്ടുവന്നതും സന്തോഷേട്ടനെ പഠിപ്പിച്ചതും എല്ലാം എന്റെ അച്ഛനായിരുന്നു..
അന്ന് അപ്പച്ചി ആയിട്ട് തന്നെയാണ് ഇങ്ങോട്ട് പറഞ്ഞത് അവൻ പഠിച്ച ഒരു ജോലി ആകുമ്പോൾ സ്വപ്നയെ എനിക്ക് തന്നേക്കണം എന്ന്…
എന്റെ അച്ഛന് അത് സമ്മതമായിരുന്നു പുറത്തെങ്ങോട്ടെങ്കിലും ആണ് കല്യാണം കഴിച്ച് അയക്കുന്നത് എങ്കിൽ എന്താവും എന്നൊന്നും അറിയില്ലല്ലോ ഇതിപ്പോൾ അച്ഛന് അറിയുന്നവരുടെ കൈയിൽ ആകുമ്പോൾ മകൾ സുരക്ഷിതയായിരിക്കും എന്നൊരു തോന്നൽ….
ഒടുവിൽ സന്തോഷേട്ടന്റെ അച്ഛന്റെ ഭാഗം വീതിച്ചു കിട്ടിയപ്പോൾ ആ പണം എടുത്ത് വീട് വെച്ച് അവർ മാറിയിട്ട് അധികകാലം ഒന്നും ആയില്ല…
പക്ഷേ പണമുള്ള ഇടത്തുനിന്ന് ഒരു കല്യാണാലോചന വന്നപ്പോൾ പണ്ടത്തെ എല്ലാം എത്ര പെട്ടെന്നാണ് മറന്നുപോയത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു പക്ഷേ അമ്മ അരികിൽ വന്ന് എന്നെ സമാധാനിപ്പിച്ചു..
“”” ഇങ്ങനെ ചില അവസരങ്ങളിൽ ആണ് ഓരോരുത്തരുടെ യഥാർത്ഥ രൂപം നമുക്ക് മനസ്സിലാവുന്നത്!! ഇത്തരത്തിൽ ഒരു മനോഭാവം ഉള്ളവരുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് ആദ്യമേ അവരുടെ സ്വഭാവം മനസ്സിലാക്കി വിട്ടുനിൽക്കുന്നതല്ലേ മോളെ വെറുതെ നമ്മളെ വേണ്ടാത്തവരെ പറ്റി ഓർത്ത് വിഷമിച്ചിട്ട് എന്താണ് കാര്യം!!”””
എന്ന് പറഞ്ഞപ്പോൾ എനിക്ക് തോന്നി അമ്മ പറയുന്നതിൽ കാര്യമുണ്ട് എന്ന് എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ..
പക്ഷേ സന്തോഷേട്ടൻ എന്നെ വിവാഹം ചെയ്യും എന്ന് കരുതി ഞങ്ങൾ ലംഘിച്ച പരിധികൾ അപ്പോഴും എന്റെ ഉള്ളിൽ ഇങ്ങനെ ഒരു തീയായി നിന്നിരുന്നു..
സന്തോഷേട്ടന്റെ കരലാളനങ്ങൾ ഏൽക്കാത്ത ഒരു ഭാഗം പോലും എന്റെ ശരീരത്തിൽ ഇല്ല!!!
അതെല്ലാം ഓർക്കുമ്പോഴാണ് സങ്കടം എന്റെ സ്വന്തമാകും എന്ന് കരുതി ഒരു വിഡ്ഢിയെ പോലെ ഞാൻ അതിനെല്ലാം നിന്നുകൊടുത്തു..
പതുക്കെ അതിൽ നിന്നെല്ലാം മുക്തയാവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു..
ഒരു ജോലി അന്വേഷിച്ചു കണ്ടുപിടിച്ചു…
പറമ്പിലെ ആദായം വിറ്റാണ് ഇത്രയും കാലം ജീവിച്ചിരുന്നത്…
അത്യാവശ്യം തെങ്ങ് പറമ്പും മറ്റും ഉണ്ടായതുകൊണ്ട് അല്ലരില്ലാതെ മുന്നോട്ടുപോയി എനിക്കും അമ്മയ്ക്കും മാത്രമല്ലേ വേണ്ട പിന്നെ എന്റെ പേരിൽ അച്ഛൻ ഒരു സംഖ്യ അന്ന് ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട് അതിന്റെ പലിശയും കിട്ടും ഇപ്പോൾ അത് പോരാ എന്ന് തോന്നി എന്തെങ്കിലും ഒരു ജോലിക്ക് പോകണം എന്ന് മനസ്സ് പറഞ്ഞു.
ആ പണവും കൂടി ഉണ്ടെങ്കിൽ സുഖമായി മുന്നോട്ടു പോകുകയും ചെയ്യാം കൂടാതെ ആവശ്യമില്ലാത്ത ചിന്തകളിൽ നിന്ന് മുക്തിയും നേടാം..
അങ്ങനെയാണ് ഒരു ടെക്സ്റ്റൈൽസിൽ ജോലിക്ക് ചേർന്നത് അവിടെ ബില്ലിംഗ് സെക്ഷനിൽ ആയിരുന്നു..
അത്യാവശ്യം കുഴപ്പമില്ലാത്ത ശമ്പളവും കിട്ടിത്തുടങ്ങി…
ഇതിനിടയിൽ കേട്ടിരുന്നു സന്തോഷേട്ടൻ കല്യാണം കഴിക്കാൻ വച്ച പെണ്ണിന് മറ്റൊരാളുമായി പ്രണയം ഉണ്ടായിരുന്നു അത് അറിഞ്ഞത് കൊണ്ടാണ് അവളുടെ അച്ഛൻ സന്തോഷേട്ടനുമായുള്ള അവളുടെ വിവാഹം ഉറപ്പിച്ചത് എന്നെല്ലാം.
അവൾ അയാളോടൊപ്പം ഒളിച്ചോടി പോയത്രേ… അതും കല്യാണത്തിന് രണ്ട് ദിവസം മുമ്പ്…!!
അത് കഴിഞ്ഞതും അപ്പച്ചി എന്നെ തേടി വന്നിരുന്നു പറഞ്ഞ ദിവസം തന്നെ പറഞ്ഞ സമയത്ത് സ്വന്തം മകന്റെ കല്യാണം നടത്താൻ വേണ്ടി.
“” എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല!!!”””
എന്ന് അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നില്ലെ ഇപ്പോ എന്തു പറ്റി??
എന്നവർ ചോദിച്ചതും എനിക്ക് സ്വയം നഷ്ടപ്പെട്ടു!!
“”” ഞങ്ങൾ തമ്മിൽ സ്നേഹത്തിലായിരുന്നു!! എന്നിട്ട് പണക്കാരിയായ ഒരു പെണ്ണിന്റെ കല്യാണ ആലോചന വന്നപ്പോൾ എല്ലാം മറന്നത് നിങ്ങൾ തന്നെയല്ലേ എന്നിട്ട് ഇപ്പോൾ അവൾ ആരുടെയോ കൂടെ പോയപ്പോൾ അതിന് പകരക്കാരി ആയിട്ടല്ലേ എന്നെ വിളിക്കുന്നത് അങ്ങനെ ഏതെങ്കിലും പെണ്ണിന് പകരക്കാരിയായി നിന്നു തരാൻ എനിക്കിപ്പോൾ സൗകര്യമില്ല!!””
എന്ന് ഞാൻ അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു എല്ലാത്തിനും സപ്പോർട്ട് ആയി എന്റേ അമ്മയും ഉണ്ടായിരുന്നു…
“”” എന്റെ മോൻ കുറെ കൊണ്ടു നടന്നതല്ലെടീ നിന്നെ… ഇനി ആര് വരും എന്നൊന്ന് നോക്കാം!!! “”
എന്ന് പറഞ്ഞ് അപ്പച്ചൻ ഇറങ്ങിപ്പോയി അതിനുശേഷം നാട്ടിൽ എന്തൊക്കെയോ എന്നെപ്പറ്റി ദുഷിച്ചു പറയുന്നതെല്ലാം ഞങ്ങളുടെ കാതിൽ എത്തിയിരുന്നു അതിനൊന്നും ചെവി കൊടുത്തില്ല..
ഏതൊക്കെയോ കല്യാണ ആലോചന വന്നത് എല്ലാം അതിന്റെ പേരിൽ മുടങ്ങി..
ഒടുവിൽ ഞാൻ നിൽക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിന്റെ മുതലാളി, എന്നെ കാണാൻ വന്നിരുന്നു അദ്ദേഹത്തിന്റെ, ഭാര്യ മരിച്ച മകനുവേണ്ടി കല്യാണം അന്വേഷിക്കാൻ!!!
അനൂപ് അതായിരുന്നു അദ്ദേഹത്തിന്റെ പേര് ഒരുപാട് സ്നേഹത്തോടെ ജീവിച്ചു തുടങ്ങിയതായിരുന്നു അവർ ഒരു അസുഖത്തിന്റെ രൂപത്തിൽ അനൂപേട്ടന്റെ ഭാര്യയെ വിധി തട്ടിയെടുത്തു..
അസുഖം ഉണ്ട് എന്നറിയുമ്പോൾ അവർ ഗർഭിണിയായിരുന്നു ഡോക്ടർ ആ കുഞ്ഞിനെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ട് പോലും കേൾക്കാതെ പ്രസവിച്ച് കുഞ്ഞിനെ അനുപേട്ടന് നൽകിയാണ് അവർ ഈ ലോകത്തോട് വിട പറഞ്ഞത്!!.
പെണ്ണുകാണാൻ അടുത്ത തവണ അനൂപേട്ടൻ വന്നപ്പോഴും എന്നോട് ചോദിച്ചത് അതാണ് എന്റെ കുഞ്ഞിന് ഒരു അമ്മയാകാൻ കഴിയുമോ എന്ന്!!!
ഞാൻ എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു..
സന്തോഷേട്ടനുമായി ചെറുപ്പത്തിലെ കല്യാണം ഉറപ്പിച്ചത് ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തത് എല്ലാം അതൊന്നും അദ്ദേഹം കാര്യമാക്കി എടുത്തില്ല..
ആ വിവാഹം നടന്നു..
ആ കുഞ്ഞിനെ ഞാനെന്റെ സ്വന്തം പോലെ നോക്കി… അതിലൂടെ അദ്ദേഹവും എന്നെ സ്നേഹിച്ചു തുടങ്ങി ഇന്ന് മനോഹരമായ ഒരു കുടുംബം എനിക്ക് സ്വന്തമായി ഉണ്ട്.
എന്നെ തോൽപ്പിക്കാൻ വേണ്ടി സ്വന്തം മകനെ പറ്റി അപവാദം പറഞ്ഞു നടന്ന്,
അപ്പച്ചി സ്വന്തം മകന്റെ ജീവിതം കൂടി നഷ്ടപ്പെടുത്തി ഇപ്പോൾ കള്ളും കുടിച്ച് എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ട്..
വിധികൊടുത്ത ശിക്ഷ പോലെ…