(രചന: Vidhun Chowalloor)
നമ്മുടെ ഈ ബന്ധം വേർപെടുത്തുന്ന കാര്യം അപ്പുവും മാളുവും ഒന്നും അറിയണ്ട.
സന്തോഷത്തോടെ കുറച്ചുകാലം കൂടി അവർ അച്ഛന്റെ പിന്നാലെ കളിച്ചു നടക്കട്ടെ. ഡൈവോഴ്സ് പേപ്പറിൽ വീണ കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് അവളെന്നോട് പറഞ്ഞു……
മ്യൂച്ചൽ പെറ്റീഷൻ ആവുമ്പോൾ കാര്യം എളുപ്പത്തിൽ നടക്കും എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടെങ്കിൽ പറയാം…
നമുക്കത് കോടതിയുടെ വിലയിൽ വച്ച് തന്നെ സെറ്റിൽ ചെയ്യാം അല്ലെങ്കിൽ പിന്നെ അതൊക്കെ ഒരു തലവേദനയാകും പിന്നെ കാലതാമസവും…
വക്കീൽ പറയുന്നതിൽ ഒന്നും എന്റെ ശ്രദ്ധ പിടിക്കുന്നില്ല പ്രിയയുടെ കരച്ചിലാണ് കാതുകളിൽ അലയടിച്ചു കൊണ്ടിരിക്കുന്നത്
അപ്പുവിനെയും മാളുവിനെയും എനിക്ക് വേണം
അത് മാത്രം മതി എനിക്ക്…..
അവരെ വിട്ടു തരാൻ എനിക്ക് സമ്മതമല്ല
വേറെ എന്തുവേണമെങ്കിലും നിനക്ക് ചോദിക്കാം
എന്നാ ഇതിനൊന്നും എനിക്ക് സമ്മതമല്ല
ദേഷ്യത്തോടെ കസാര പിന്നിലേക്ക് തള്ളി അവൾ ആ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി
മ്യൂച്ചൽ പെറ്റീഷൻ അല്ലെങ്കിലും കുറച്ചു സമയമെടുക്കും എന്നേയുള്ളൂ പക്ഷേ ഡിവോഴ്സ് ഞാൻ വാങ്ങിച്ചു തരും വക്കീൽ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു
ദേഷ്യത്തോടെ ഉള്ള എന്റെ ആ നോട്ടത്തിൽ അയാളുടെ പുഞ്ചിരി മാഞ്ഞു… ഞാനും ഇറങ്ങി പ്രിയയുടെ പിന്നാലെ നടന്നു…
പെട്ടെന്ന് ഒരു ദിവസം കൊണ്ട് വെറുപ്പിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയണം തിരുത്താൻ പറ്റുന്നതാണെങ്കിൽ ഒരു അവസരം തരണം അല്ലാതെ ബന്ധം വേർപെടുത്താൻ മാത്രം എനിക്ക് പറ്റില്ല…..
ഷർട്ടിൽ പിടിച്ചു കൊണ്ടുള്ള ചോദ്യത്തിനു ശേഷം നെഞ്ചത്ത് തലവച്ച് അവൾ കരഞ്ഞു
കരയാതിരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ഒന്ന് രണ്ട് കണ്ണുനീർത്തുള്ളികൾ എന്റെ പിടി വിട്ടു പോയി…….
എടോ…. തനിക്ക് ഇനിയും ഒരു ജീവിതമുണ്ട് ചെറുവുപ്പമാണ് പക്ഷേ അവർ കൂടെയുണ്ടെങ്കിൽ തനിക്ക് അതൊരു ബുദ്ധിമുട്ടാവും പിന്നെ അതാണ് ഞാൻ….
അങ്ങനെ ഒരു ജീവിതം എനിക്ക് വേണ്ട പെട്ടെന്ന് ഇന്ന് രാവിലെ ഇങ്ങനെ പറഞ്ഞപ്പോൾ ചുമ്മാ ഒരു തമാശയാണെന്ന് കരുതി…
പക്ഷേ അതീ വക്കീൽ ഓഫീസിനുമുന്നിൽ എത്തിച്ചപ്പോൾ എനിക്ക് വിശ്വാസം വരുന്നില്ല ഇതാണോ എന്റെ ഏട്ടൻ എന്ന് ഇന്നലെ കണ്ട ആളല്ല ഇന്ന് ഇങ്ങനെ മാറാൻ മാത്രം എന്താ ഉണ്ടായത് അതെങ്കിലും പറ എന്നോട്…..
ചുറ്റുമുള്ളവരുടെ ശ്രദ്ധ ഞങ്ങളിലേക്ക് ആണെന്ന് മനസ്സിലായപ്പോൾ പ്രിയ കാറിൽ കയറ്റി ഞാൻ വീട് പിടിച്ചു…..
അച്ഛാ… അമ്മയ്ക്ക് പനി ആണെന്നു തോന്നുന്നു അവിടെ ചടഞ്ഞു കൂടി ഇരിപ്പാണ് ഒന്നു വാ വന്നു നോക്കൂ…
ഉമ്മറത്തെ കസേരയിൽ ഇരുന്ന എന്റെ കയ്യിൽ പിടിച്ച് അവർ വലിച്ചു അവരെ കുറ്റം പറയാൻ പറ്റില്ല പനി പിടിക്കുമ്പോൾ അല്ലാതെ അവൾ ഒരിടത്തും അടങ്ങിയിരിക്കില്ല…
എപ്പോഴും ഉണ്ടാവും എന്റെ കൂടെ അല്ലെങ്കിൽ അവരുടെ കൂടെ അവരെക്കാളുംകുസൃതിയും കുടുംബമായിട്ട്……
ലാൻഡ് ഫോൺ ബെൽ അടിക്കുന്നുണ്ട്
പ്രിയ എടുത്തു…. ആ… ഉണ്ട്…. കൊടുക്കാം….
ഏതോ ഒരു സ്നേഹ വിളിക്കുന്നുണ്ട്.. മൊബൈലിൽ ട്രൈ ചെയ്തിട്ട് കിട്ടുന്നില്ല എന്ന്
അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി…..
ഹലോ…….
എടോ….. കുറച്ച് ഷോപ്പിംഗ് ഉണ്ട് ഒന്നു വാ എനിക്ക് തന്റെ ഹെല്പ് വേണം കുറച്ച് അധികം ഡ്രസ്സ് ഉണ്ട് കൂടെ ആരുമില്ല അതുകൊണ്ടുതന്നെ വന്നേ പറ്റൂ ഇയാളെ വന്നിട്ടെ ഞാൻ ഉള്ളിൽ കയറൂ വേഗം വേണം..
തിടുക്കത്തിൽ തന്നെ കാർ എടുത്തു ഞാൻ പുറത്തേക്കിറങ്ങി തിരിച്ചുവരാൻ കുറച്ചു നേരം വൈകി അതുകൊണ്ടാവാം കാത്തിരുന്ന കുട്ടികൾ ഉറങ്ങി…
ഒരു ജോഡി ഡ്രസ്സ്അവരുടെ അടുത്ത് വെച്ചു പ്രിയക്ക് നേരെ ഒരു സാരി നീട്ടിയപ്പോൾ അത് തട്ടിത്തെറിപ്പിച്ച് എന്റെ മൊബൈൽ എനിക്ക് നേരെ നീട്ടി ഒട്ടത്തിനിടയിൽ ഞാൻ മറന്നു വെച്ചു
എന്ന് അപ്പോൾ ആണ് ഓർമ വന്നത്…
ഇതാരാ……. ഇതാണോ സ്നേഹ…. ഉച്ചത്തിലുള്ള സ്വരം പതുക്കെ താഴ്ത്തി അവൾ കുട്ടികളെ നോക്കി നിറഞ്ഞ കണ്ണുതുടച്ചു നമുക്ക് പുറത്തുനിന്ന് സംസാരിക്കാം അവർ ഉറങ്ങി പതിയെ കതകടച്ച് ഞങ്ങൾ പുറത്തിറങ്ങി……
ഞങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഒന്ന് രണ്ട് സെൽഫി ഫോട്ടോ എനിക്ക് നേരെ നീട്ടി ഇതൊക്കെ എന്ന് എപ്പോൾ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല ഒന്നു മാത്രം അറിഞ്ഞാൽ മതി ഇതാണോ ആ കാരണം…..
മിണ്ടാതെ അവളെ നോക്കി അങ്ങനെ നിന്നപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു
നാളെ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോ കുട്ടികളെയും ഞാൻ കൂടെ കൊണ്ടുപോകുന്നു ഒന്നിനും ഞങ്ങൾ തടസ്സമാകുന്നില്ല……..
ഒരു മരണ വീട് എന്നപോലെ അന്നത്തെ രാത്രി എന്നെ ഉറക്കി കളഞ്ഞു……
കുട്ടികളെല്ലാം ഉത്സാഹത്തോടെ അമ്മ വീട്ടിലേക്ക് വിരുന്നു പോകുന്ന സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്നു പ്രിയ ഒരു വാടി റോസാപ്പൂപോലെയും
അവരുടെ ബാഗ് എടുത്ത് അവളുടെ വീടിന്റെ പടികയറുമ്പോൾ അച്ഛന്റെ അമ്മയുടെയും കണ്ണിൽ ഞാൻ കണ്ടു ഒരു ഇഷ്ടക്കേടിന്റെ തുടക്കം നീ എന്റെ മരുമകൻ അല്ല മകനാണെന്ന് പറഞ്ഞ അച്ഛനും ഇന്ന് നിശബ്ദമായി എന്നെ നോക്കി നിൽക്കുന്നു…….
ചുറ്റും നിശബ്ദമായതുകൊണ്ട് തന്നെ ആ വീട്ടിൽ ഞാൻ അന്യനായി എന്ന തോന്നൽ എന്നുള്ളിൽ ഉണ്ടായി…..
മക്കളുടെ നെറ്റിയിൽ ഓരോ ഉമ്മ കൊടുത്തു
തിരിഞ്ഞു ഞാൻ നോക്കിയില്ല എനിക്കറിയാം പ്രിയ ഒരിക്കലും ചിരിച്ചുകൊണ്ട് ആയിരിക്കില്ല അവിടെ നിൽക്കുന്നത് എന്ന് കണ്ണീരിൽ കലങ്ങി നിൽക്കുന്ന അവളെ കാണാനും എനിക്ക് തോന്നിയില്ല…
മാഡം… ഈ മാസത്തെ പ്രൊഡക്ഷനും പ്രോഫിറ്റ് ചാർട്ടും ആണ് ഈ ഫയലിൽ ഇത് മെയിന്റനൻസ് അക്കൗണ്ട് സും ഇതൊന്ന് അപ്രൂവ് ആക്കി തന്നാൽ അക്കൗണ്ട്സിലേക്ക് വിടാമായിരുന്നു
അന്തം വിട്ട് മാനേജരുടെ മുഖത്തേക്കു നോക്കിയ അവളോട് അയാൾ ഇങ്ങനെ പറഞ്ഞു
സാർ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്
പ്രിയയുടെ പേരിലാണ് അതുകൊണ്ട് ഇതിന്റെ ചാർജ് പ്രിയക്കാണ്…….
വീടെല്ലാം പൂട്ടിക്കിടക്കുന്നു. ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ് എവിടെപ്പോയി എന്ന് അറിയാൻ ഒരു യാതൊരു വഴിയുമില്ല….
ഒരു ഫാമിലി ഫ്രണ്ട് എന്ന നിലയിൽ അറിയാൻ വേണ്ടി ചോദിക്കുന്നതാണ് വിധു.. അവൻ എവിടെയാണെന്ന് അറിയുമോ…
എനിക്ക് അറിയില്ല……
മോളെ. ന്ന പോവാം ഇപ്പോൾതന്നെ പോയില്ലെങ്കിൽ താലികെട്ട് സമയത്തിന് എത്തിച്ചേരാൻ കഴിയില്ല
പിന്നെ ഭക്ഷണം കഴിക്കാൻ പോയി എന്ന ചീത്തപ്പേര് ആവും…. അമ്മ പരിഭവം പറഞ്ഞു
അവിടേക്ക് കയറി വന്നു…..
ബിസി ആണെങ്കിൽ പിന്നെ നോക്കിയാൽ മതി
ഞാൻ പിന്നെ വന്ന് കളക്ട് ചെയ്തു കൊണ്ട്
അധികം വൈകരുത്… മാനേജർ അവിടെനിന്ന് അതും പറഞ്ഞു ഇറങ്ങിപ്പോയി…..
താലി കെട്ടും അതുകഴിഞ്ഞുള്ള ഫോട്ടോയെടുപ്പും ഒന്ന് തല കാണിച്ച് അവിടെ മാറിനിന്നു പിന്നിൽ നിന്ന് ആരോ തോണ്ടി വിളിച്ചു
എന്നെ അറിയുമോ…….
സ്നേഹ…….
എന്റെ പേര് എല്ലാം അറിയാം അല്ലേ
ഞാനെങ്ങനെ മറക്കും എന്റെ താലി പൊട്ടിച്ചആൾ അല്ലെ… മരിച്ചാലും മറക്കില്ല അത്രയ്ക്കുണ്ട് വെറുപ്പ്…
എന്നാൽ എനിക്കിയാളോട് അസൂയയാണ് തോന്നുന്നത് എനിക്ക് മാത്രമല്ല അവനെ അറിയുന്ന എല്ലാവർക്കും ഇയാളോട് അസൂയ ആയിരിക്കും……..
എന്റെ കസിന്റെ വിവാഹമാണ് അതുകഴിഞ്ഞ് ഒരു വിസിറ്റ് അത് പ്രിയയുടെ വീട്ടിലേക്കാണ്
വിധു എന്റെ കൂടെയാണ് കുറച്ചു ദിവസങ്ങൾ ആയിട്ട് തെറ്റിദ്ധരിക്കേണ്ട പ്രിയ വിചാരിക്കുന്ന പോലെയുള്ള ബന്ധമൊന്നുമില്ല…
ക്ലാസ്മേറ്റ് ആയിരുന്നു പക്ഷേ ആ പരിചയം പുതുക്കൽ ഒന്നുമല്ല അവനെ എന്റെ അടുത്തേക്ക് എത്തിച്ചത് ഡോക്ടർ കൃഷ്ണമൂർത്തി എന്റെ സീനിയർ ആണ് അദ്ദേഹമാണ് അവനെ എനിക്ക് റഫർ ചെയ്തത്….
ഹസ്ബൻഡ് ഞാനും കൂടി മൈസൂരിൽ ഒരു ഹോസ്പിറ്റൽ നടത്തുന്നുണ്ട് മരണം കൂടെയുള്ളവരെ അല്ലെങ്കിൽ കൂട്ടിക്കൊണ്ടു പോകാൻ നിൽക്കുന്നവർക്ക് വേണ്ടി മാത്രം…
നടത്തുന്ന ഒരു സ്ഥാപനം മിക്കവരെയും ബന്ധുക്കൾ ഉപേക്ഷിച്ചുപോകുന്ന മട്ടിലാണ് ഞങ്ങൾക്ക് കിട്ടാറുള്ളത്…
ആദ്യമായിട്ട് ആണ് ഒരാൾ ഇങ്ങനെ കയറി വന്നത്. ചിരിച്ചിട്ട് മാത്രം കണ്ടിട്ടുള്ള അവനെ പിന്നീട് കാണുമ്പോൾ ചിരിക്കാൻ മറന്ന പോലെ എനിക്ക് തോന്നാറുണ്ട് ഞങ്ങളുടെ യോഗയും ചിരി മരുന്നും ഒന്നും അവനിൽ ഏൽക്കുന്നില്ല…
അവൻ ഇന്നും നിങ്ങളുടെ ലോകത്താണ് ഒരിക്കലും പ്രിയയിൽ നിന്ന് കുട്ടികളെ അകറ്റാനെന്നും അവൻ ശ്രമിച്ചിട്ടില്ല ഇയാൾക്ക് ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് കരുതിക്കാണും പാവം…….
നിങ്ങളാണ് അവന് ഉള്ള മരുന്ന് പിന്നെ ഡോക്ടർമാർക്ക് അപ്പുറം വിധി എഴുതുന്ന ഒരാളുണ്ടല്ലോ മുകളിൽ ന്നാ പോവാ അല്ലെ…….
കാത്തിരിക്കുന്നുണ്ടാവും അവൻ……
അച്ഛാ……..
പുറംലോകത്തെ ഒരു ജനവാതിലിന്റെ മറ കൊണ്ട് നോക്കിക്കണ്ട അവൻ പതിയെ തിരിഞ്ഞു ഗൗരവം നിറഞ്ഞ മുഖത്ത് പുഞ്ചിരിയുടെ പൂക്കൾ വിരിഞ്ഞു മക്കളെ കണ്ട ഒരു അച്ഛന്റെ സന്തോഷം വരികളിൽ ഒതുക്കാൻ കഴിയാതെ പോയി……
കണ്ണുകളിൽ ഒതുക്കുന്ന സന്തോഷം കണ്ണീരായ് പുറത്ത് വരും എന്നു പറയുന്ന പോലെ…..
അവളും അടുത്ത വന്ന് നെഞ്ചോട് തല വെച്ച് ഒരിത്തിരി കരഞ്ഞു പെട്ടെന്ന് ആണ് ദേഷ്യം വന്നത് സത്യത്തിൽ ദേഷ്യപ്പെടാൻ മറന്നു എന്ന് വേണം പറയാൻ പിച്ചിയും നുള്ളിയും അവൾ ആ ദേഷ്യം കുറച്ചൊക്കെ തീർത്തു……
അവളുടെ മടിയിൽ തലവെച്ചു മക്കളെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും വേറൊരു സ്വർഗ്ഗത്തിലും കിട്ടില്ല.
നമ്മുടെ സ്വർഗ്ഗത്തിലെ താക്കോൽ അത് നമ്മുടെ കയ്യിൽ തന്നെയാണ് അത് നഷ്ടപ്പെടുത്താനും സൂക്ഷിച്ചുവെക്കാനും നമ്മളെ കൊണ്ട് മാത്രമേ സാധിക്കുക
ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് ഞാൻ കരുതിയ പെണ്ണാണ് സ്നേഹയുടെ കൈയിൽനിന്ന് മരുന്നും മറ്റു വിവരങ്ങളും ശ്രദ്ധാപൂർവ്വം മനസ്സിലാക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..
ഇനി മരുന്നു മാറി തന്ന് ചത്താലും വേണ്ടില്ല എന്നാണ് ഉള്ളിൽ ഓർത്തത്…
എന്താ ഇതിനുമാത്രം ചിരിക്കാൻ.. ഞാനൊന്നും കാണുന്നില്ല എന്ന് കരുതണ്ട അവൾ എന്നെ നോക്കി കണ്ണുരുട്ടി…..
ഒരുമിച്ചുള്ള യാത്ര അവർ വീണ്ടും തുടങ്ങുകയാണ് ജീവിതത്തിലേക്കുള്ള മടക്കയാത്ര….
മറ്റൊരാളുടെ സന്തോഷങ്ങളിലേക്ക് ക്ഷണിക്കാതെ കയറിച്ചെല്ലാൻ നമ്മൾ ഇച്ചിരി മടികാണിക്കാറുണ്ട് സങ്കടപ്പെട്ടിരിക്കുന്നവരുടെ കുത്തിന് പിടിച്ചു തന്നെ ചോദിക്കണം…
അനക്ക് എന്താ ഇത്രയും വിഷമം എന്ന് ഇതൊന്നും ഇല്ലാതെ എന്ത് ജീവിതം ആണ് പഹയാ ഈ ദുനിയാവിൽ എന്ന്…..