ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ താഴെ വന്നു പോയപോലെ ഞെട്ടിപ്പോയി ആയിഷ. ദേഷ്യവും സങ്കടവും മുഖത്തേക്ക് വന്നപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

മറിമായം
(രചന: Navas Amandoor)

രാത്രിയിലാണ് ഭാര്യമാരുടെ കിന്നാരം പറച്ചിലും പായാരം പറച്ചിലും. ആ സമയമാണ് ഭർത്താവ് അവൾക്ക് സ്വന്തമാകുന്നത്. “എനിക്കൊരു കുഞ്ഞിമോളെ കൂടെ വേണെന്ന് തോന്നുവാ.”

“ഞാൻ എപ്പോഴേ റെഡിയാ.. നീയല്ലേ സമ്മതിക്കാത്തത്.”

“അയ്യടാ.. ചെക്കന്റെ പൂതി നോക്കിക്കേ.. ഞാൻ വെറുതെയൊരു തമാശ പറഞ്ഞത്.. ന്റെ കുട്ടി ഉറങ്ങിക്കോ.”

“കൊരങ്ങത്തി…. ബെർതെ മനുഷ്യനെ കൊതിപ്പിച്ചു.”

അങ്ങനെ ഓരോന്ന് പറഞ്ഞു അവന്റെ കൈത്തണ്ടയിൽ തല വെച്ച് നെഞ്ചിൽ കവിൾ ചേർത്ത് കെട്ടിപ്പിടിച്ച് ആയിഷ ഉറങ്ങി. അതുവരെ മൊബൈൽ തോണ്ടിക്കിടന്ന ഫൈസിയും മൊബൈൽ എടുത്തു വെച്ചു അവളെ ചേർത്ത് പിടിച്ചു കണ്ണടച്ചു.

ഡും… ഡും…

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം.

ആയിഷ വാതിൽ തുറന്നു. പുറത്ത് പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. ആ കുട്ടിയെ കണ്ടപ്പോൾ ആയിഷാക്ക് ഓർമ്മ വന്നത് ഫൈസിയുടെ മൈബൈൽ ഡിസ്പ്ലേയിൽ കണ്ടിട്ടുള്ള ഫോട്ടോയാണ്.

“ഏതാ ഇക്ക ആ കുട്ടി..?”

“ഏത്…?”

“മൈബൈൽ വാൾ പേപ്പറിൽ.”

“അതൊരു ബാലനടിയാ.. കണ്ടപ്പോൾ ഇഷ്ടായി.. അങ്ങനെ ഇട്ടതാ.”

“നല്ല മൊഞ്ചുള്ള കുട്ടിയാ.”

ദാ നിക്കുന്നു കണ്മുന്നിൽ ബാലനടിയാണെന്ന് പറഞ്ഞ കുട്ടി. ഒന്നും മനസ്സിലാകാത്തത് പോലെ അത്ഭുതത്തോടെ ആയിഷ ആ കുട്ടീടെ അരികിൽ ചെന്നു നിന്നു.

“മോൾ ഏതാ…?”

“വാപ്പിച്ചി ഇല്ലേ..”

“ആരെ… വാപ്പിച്ചി.. നിന്റെ വാപ്പിച്ചി ഇവിടെ എങ്ങനെ ഉണ്ടാവും.”

“ഉമ്മിച്ചിക്ക് തീരെ വയ്യ.. ഫൈസൽ ന്റെ വാപ്പിച്ചിയാ.. ഒന്ന് വരാൻ പറയോ.”

ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ താഴെ വന്നു പോയപോലെ ഞെട്ടിപ്പോയി ആയിഷ. ദേഷ്യവും സങ്കടവും മുഖത്തേക്ക് വന്നപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

പെട്ടന്ന് ആയിഷ മുറിയിലേക്ക് പോയി.

“ഇക്കാ… എണീക്ക്… ഒരാൾ കാണാൻ വന്നേക്കുന്നു.. എണീക്ക് ഇക്കാ.”

“ഈ സമയത്ത് ആരാ..”

“നിങ്ങളെ ബാലനടി.”

പെട്ടന്ന് ഫൈസി ചാടി എണീറ്റ് ആയിഷയെ നോക്കി.

“ഇത്രയും നാൾ എന്നെ പറ്റിക്കുവായിരുന്നല്ലേ…?” അവൾക്ക് മറുപടി കൊടുക്കാതെ പുറത്തേക്ക് പോയി ഫൈസി.

“എന്താ മോളെ ഈ നേരത്ത് ഇവിടെ.?”

“ഉമ്മിച്ചിക്ക് തീരെ വയ്യ.. ഉമ്മിച്ചിയാ വാപ്പിച്ചിയെ വിളിക്കാൻ പറഞ്ഞത്.” കത്തുന്ന കണ്ണുകളുമായി ആയിഷ രണ്ട് പേരെയും നോക്കി. ഇനി കള്ളങ്ങൾ പറഞ്ഞു പറ്റിക്കാൻ കഴിയില്ല.

“ആയിഷ.. പറ്റിപ്പോയി..”

“പറ്റിപ്പോയിന്നല്ല.. പറ്റിച്ചുപോയിന്നു വേണം പറയാൻ.. നിങ്ങക്ക് നാണമുണ്ടോ മനുഷ്യ വേറെയൊരുത്തിടെ ഒപ്പം.. ഛെ.”

“നീയും എന്റെ ഒപ്പം വാ.. അവൾക്ക് തീരെ വയ്യാന്നാണ് പറയുന്നത്.”

“ഞാൻ എന്തിന് വരണം. നിങ്ങളെ പ്രണയത്തിന് കുട പിടിക്കാൻ ഞാനില്ല.”

“പ്ലീസ്…”

എന്തായാലും അവളെയൊന്ന് കാണാനും നല്ല രണ്ട് വർത്താനം പറയാനും മനസ്സിൽ ഉറപ്പിച്ചു ആയിഷ ഫൈസിയുടെ ഒപ്പം പോയി.

“ന്റെ ഇക്കാനെ തട്ടിപ്പറിച്ചവളുടെ അവസാനമായിരിക്കും.. ഇന്ന്.”

“ന്താ ആയിഷ..”

“ഹേയ് ഒന്നുല്ല.”

വീട് എത്തി. ആദ്യം മോൾ അകത്തേക്ക് കയറി. പിറകെ ഫൈസിയും ആയിഷയും. അകത്തെ മുറിയിൽ പുതപ്പിനുള്ളിൽ ഒരു പെണ്ണ് തിരിഞ്ഞു കിടക്കുന്നു.

“ഫാത്തിമ …”

ഫൈസി സ്‌നേഹത്തോടെ അവളെ നോക്കി വിളിച്ചു.

“ഹോ.. എന്തൊരു സ്‌നേഹം.. എന്നെ പോലും. ഇത്രയും സ്‌നേഹത്തോടെ വിളിച്ചിട്ടില്ല.” വിളികേട്ട് അവൾ പുതപ്പ് മാറ്റി ഫൈസിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

“എണീക്കാൻ പോലും വയ്യ.. അതാ മോളെ വിട്ടത്.. ബുദ്ദിമുട്ടായോ..” അവളുടെ മുഖം കണ്ടപ്പോൾ ആയിഷ ഒന്നൂടെ ഞെട്ടി.

“ങ്ങേ… ഇവൾ എന്താണ് എന്നെപ്പോലെ.. ഇത് ആരാ ഇക്ക.”

“ഇത്… ഫാത്തിമ.നീ എന്നോട് ക്ഷമിക്കണം.”

“ക്ഷമയൊക്കെ പിന്നെ.. ഇവൾ എന്താണ് എന്നെപോലെ..സത്യം പറ… തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തതാണോ..?”

“പ്ലാസ്റ്റിക്കും മെഴുകൊന്നുമല്ല..”

എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം. ചുണ്ടിനു താഴെയുള്ള മറുക് പോലും അതേ പടി ഉണ്ട്.

“ഇനി ന്റെ ഉപ്പാക്ക് തെറ്റ് പറ്റിയതാവോ.. ഹേയ് ഉപ്പ പാവമാ.. ഉപ്പ അങ്ങനെ ഒന്നും തെറ്റ് ചെയ്യില്ല.” സ്വയം ഓരോ ചോദ്യങ്ങൾ ചോദിച്ചു അന്തം വിട്ട് നിന്ന ആയിഷയുടെ കൈയിൽ ഫാത്തിമ പിടിച്ചു.

“ആയിഷ എന്നോട് ക്ഷമിക്കണം..” അവൾ അത് പറഞ്ഞു തീരും മുൻപേ അവളുടെ കൈയുടെ പിടിത്തം വിടീച്ചു ആയിഷ അവളെ തള്ളി.

ആ തള്ളലിൽ കട്ടലിൽ നിന്നും താഴെ വീണത് ഫൈസി. ആ സമയം ഫൈസി സ്വപ്നത്തിലൊരു വഞ്ചിയിലും. വല കൈയിൽ പിടിച്ചു വീശി എറിയാൻ നേരത്താണ് ആയിഷയുടെ തള്ളൽ.

പെട്ടെന്ന് വഞ്ചിയിൽ നിന്നും പുഴയിൽ വീണ പോലെ തോന്നിയിട്ട് ഫൈസി തറയിൽ കിടന്ന് നീന്തി കരകയറാൻ ഒരു ശ്രമം നടത്തി.

ഫൈസി നിലത്ത് നിന്നും എണീറ്റ് കട്ടിലിൽ കയറി കിടക്കുമ്പോഴും ഫൈസിയെ തട്ടി താഴെ ഇട്ടതൊന്നും അറിയാതെ ആയിഷ നല്ല ഉറക്കത്തിലാണ്.

അപ്പോഴും അവൾ ഉറക്കത്തിൽ വിതുമ്പുന്നുണ്ട്.അത് കണ്ട ഫൈസി ആയിഷയെ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഫൈസിക്ക് അറിയാം.. ആയിഷ ഇടക്കിടെ ഇങ്ങനെ ഭർത്താവ് വേറെ കേട്ടീന്ന് സ്വപ്നം കാണുന്നത്.. പലപ്പോഴും ഉറക്കത്തിൽ വിളിച്ചുണർത്തി വഴക്ക് കൂടാൻ വരും…

അല്ലങ്കിൽ രാവിലെ കണ്ട സ്വപ്നവും പറഞ്ഞു സങ്കടത്തോടെ നിക്കും. പക്ഷെ എന്ത് കൊണ്ടാണ് അവൾ ഇങ്ങനെ ഇടയ്ക്കിടെ സ്വപ്നം കാണുന്നതെന്ന് അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *