അമ്മേ സൂക്ഷിക്കണം.അപരിചിതനായ ആളാണ്. പകൽ അമ്മയും കുട്ടനും മാത്രമല്ലേ. കാലം മോശമാണ്. എന്തിന് വേണ്ടിയാണ് അവൻ കുട്ടനോട് കൂടിയതെന്നറിയില്ലല്ലോ.

ജാലക കാഴ്ചകൾ
(രചന: നിഷ പിള്ള)

ജോലി കഴിഞ്ഞ് മടങ്ങി വന്ന വാണി കണ്ടത് ജാലകപ്പടിയിൽ തലചായ്ച്ചു കൊണ്ട് ആലോചിച്ചിരിക്കുന്ന ഹരിഗോവിന്ദിനെയാണ്.

“എന്താ ഹരികുട്ടാ ഒരാലോചന.”

“അമ്മെ പുറത്തെ കാഴ്ചകളെന്തൊക്കെയാ?. അവിടെ കുട്ടികൾ ഓടി കളിക്കുന്നുണ്ടോ?എന്നും ഷട്ടിൽ കളിയ്ക്കാൻ വരുന്ന ചേട്ടന്മാർ വന്നോ? കുഞ്ഞുവാവയുടെ അമ്മ കുഞ്ഞിനേയും കൊണ്ട് നടക്കാൻ വന്നോ.

പനിനീർ റോസിൽ ഇന്ന് എത്ര പൂക്കളുണ്ട്.നാളെ അമ്മ നേരത്തെ വന്നു എന്നെ പാർക്കിൽ കൊണ്ട് പോകണം. കുറെ നാളായി നമ്മൾ പോയിട്ട് . എനിക്ക് സുമേഷ് ഭയ്യായുടെ കടയിൽ നിന്ന് ബേൽപൂരി വാങ്ങി തരണേ .”

“ഉം”

“എനിക്കെന്താ അമ്മേ ആരും കത്തയക്കാത്തത്. ഇന്ന് ക്ലാസിൽ മാഡം കത്തുകളെക്കുറിച്ച് പറഞ്ഞു. ആർക്കെങ്കിലും ഒരു കത്തയച്ചൂടെ. എനിക്ക് കൊതിയാവുന്നു വായിക്കാൻ.”

അച്ഛൻ പെങ്ങളുടെ മകനായിരുന്നു മോഹനേട്ടൻ. അവരുടെ കല്യാണം അച്ഛൻ്റെ സ്വപ്നമായിരുന്നു. അവൾക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല രക്തബന്ധമുള്ള ആളെ വിവാഹം കഴിയ്ക്കാൻ.

ഹരികുട്ടൻ്റെ ജനനമൊക്കെ എന്തൊരു ആഘോഷമായിരുന്നു. ആറേഴു മാസം കഴിഞ്ഞാണ് കുഞ്ഞിന് കാഴ്ചയില്ലെന്ന് മനസ്സിലായത്.അതോടെ മോഹനേട്ടൻ തകർന്നു പോയി.

പക്ഷെ ഹരിക്കുട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. നിർഭാഗ്യവശാൽ അവനെ അഞ്ചാറു വർഷമേ മോഹനേട്ടനു കാണാൻ സാധിച്ചുള്ളൂ.അതിനു മുൻപേ കാൻസർ അദ്ദേഹത്തെ കൂട്ടികൊണ്ടു പോയി

കണ്ണുകാണാത്ത കുട്ടിയാണ്.അമ്മയും അമ്മുമ്മയും മാത്രമേയുള്ളൂ. തൻ്റെ ചെറിയ വരുമാനം കൊണ്ട് കുടുംബം കഴിഞ്ഞു പോകുന്നു.

അന്ധരായ കുട്ടികൾക്കുള്ള സ്കൂളിൽ ഹരിഗോവിന്ദിനെ ചേർക്കാൻ വേണ്ടി നാട്ടിലെ വീടും പറമ്പും വിറ്റ് എറണാകുളത്തെ ഫ്ളാറ്റിൽ ചേക്കേറിയതാണ്.

ഓഫീസിലെ നവാസിനോടു പറയാം ,അവന് ഹരിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്.അവനെ കൊണ്ടൊരു കത്തെഴുതിയ്ക്കണം

ഓഫിസിലിരിക്കുമ്പോൾ ഹരികുട്ടൻ്റെ ഫോൺ വന്നു.

“അമ്മേ എനിക്ക് കത്തു വന്നു.മോന് കുറെ സന്തോഷമായി.അമ്മുമ്മ വായിച്ചു തന്നു.”

അവൾ നവാസിനോട് നന്ദി പറഞ്ഞു.

“കത്തോ?,സോറി ടാ.ഞാൻ അക്കാര്യം മറന്നു പോയി.”

“അപ്പോൾ നീയല്ലേ അതയച്ചത്.പിന്നാരാ”

വീട്ടിൽ ചെന്നു കയറിയപ്പോൾ ഹരിക്കുട്ടൻ വേഗത്തിൽ തപ്പിതടഞ്ഞെത്തി.വീടിന്റെ മുക്കും മൂലയും അവനു പരിചിതമാണെങ്കിലും അവനെപ്പോഴും സൂക്ഷിച്ചേ നടക്കൂ.

“അമ്മാ ഇത് വായിക്കൂ.”

കയ്യിൽ ചുരുട്ടി വച്ച കടലാസ്.അവളതു മേടിച്ചു നോക്കി.

“പ്രിയപ്പെട്ട ഹരിക്കുട്ടന്,

സുഖമല്ലേ കുട്ടന്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ? സ്കൂളിൽ പോകുന്നില്ലേ.ധാരാളം കൂട്ടുകാരെ കിട്ടിയോ. നന്നായി പഠിക്കണം. ഓൺലൈൻ ക്ലാസ് ഒക്കെ ഉഷാറല്ലേ. അമ്മയോടും അമ്മുമ്മയോടും വഴക്കിടരുത്. ഞാൻ കുട്ടനെ കാണാൻ വീട്ടിലേക്ക് വരുന്നുണ്ട്.”

സ്വന്തം ജോ

ഇതാരാണ് ജോ. പരിചയമില്ല എന്നത് കുട്ടിയെ അറിയിക്കണ്ട. ഒരു പക്ഷേ അടുത്തുള ഫ്ളാറ്റിൽ നിന്നും ആരെങ്കിലും കേട്ടിട്ട് അവനെ പറ്റിയ്ക്കാൻ ചെയ്തതാകും

പിന്നെയുള്ള ദിവസങ്ങളിൽ അവൻ വളരെ ഹാപ്പിയായിരുന്നു.അവൻ്റെ സന്തോഷത്തിനു കാരണം ജോയും അവൻ്റെ കത്തുമായിരുന്നു.

ഒരാഴ്ചക്കു ശേഷമുള്ള ഒരു വൈകുന്നേരം വാതിൽപ്പടിയിൽ അവളെ കാത്തിരുന്ന ഹരിക്കുട്ടൻ വളരെ സന്തോഷവാനായിരുന്നു.

“അമ്മാ ജോ എന്നെ കാണാനിവിടെ വന്നിരുന്നു. ജോ എത്ര നല്ല ആളാണെന്ന് അറിയോ.ജോയ്ക്ക് അറിയാത്തതായി ഒന്നുമില്ല.

അമ്മയോട് ജോയെ പറ്റി തിരക്കി.ഉച്ച കഴിഞ്ഞ് ഫ്ളാറ്റിലേയ്ക്ക് അവനെ അന്വേഷിച്ചു പത്തിരുപത്തഞ്ച് വയസ്സുള്ള ഒരുപയ്യൻ വന്നത്രെ. വെള്ള ഷർട്ടും നീണ്ട താടിയുമുള്ളൊരാൾ.

സരസമായി സംസാരിക്കുകയും അമ്മയുടെ കയ്യിൽ നിന്നും ചായയും അവിൽ നനച്ചതും കഴിച്ചാണ് അവൻ പോയത്. കുട്ടൻ ഭയങ്കര ഹാപ്പിയായെന്നും രണ്ട് മണിക്കൂർ രണ്ടാളും പാട്ടും കഥ പറച്ചിലും ആയിരുന്നത്രെ.

താമസം ഫ്ളാറ്റിൽ തന്നെയാണ് എന്നാണ് ഹരികുട്ടൻ പറഞ്ഞത്.

“അമ്മേ സൂക്ഷിക്കണം.അപരിചിതനായ ആളാണ്. പകൽ അമ്മയും കുട്ടനും മാത്രമല്ലേ. കാലം മോശമാണ്. എന്തിന് വേണ്ടിയാണ് അവൻ കുട്ടനോട് കൂടിയതെന്നറിയില്ലല്ലോ.

ആൺകുട്ടികളുടെ കാര്യവും ഇപ്പോഴത്തെ കാലത്തു സേഫ് അല്ല. അവനാണേൽ കണ്ണ് കാണാൻ വയ്യാത്ത കുട്ടിയും. ഓടി രക്ഷപ്പെടാനും അവനു പറ്റില്ലല്ലോ.”

“നന്മയൊന്നും എവിടെയും പോയിട്ടില്ല. നന്മയുള്ളവർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.പക്ഷെ അവരെ അറിയണേൽ നമ്മുടെ മനസ്സിലും നന്മ ബാക്കി ഉണ്ടാകണം .

ഞാൻ അവനെ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു, മുഖത്തു ഒന്നേ നോക്കിയുള്ളൂ. എനിക്കറിയാം അവന്റെ കണ്ണിൽ നന്മയുണ്ട്. ഞാനൊരു കാലത്തു കുറെ കുട്ടികളെ പഠിപ്പിച്ച ഒരാളല്ലായിരുന്നോ. അവൻ പാവമാ,എനിക്ക് ഉറപ്പാ.”

അമ്മയങ്ങനാ,ആരെയെങ്കിലും ഇഷ്ടപെട്ടാൽ പിന്നെ അവർക്കു വേണ്ടി വാദിക്കും. എന്തായാലും ഹരികുട്ടൻ ഹാപ്പിയാണ് . തനിക്കു അവന്റെ സന്തോഷമാ വലുത്.

രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം ജോ വീണ്ടും ഫ്ലാറ്റിൽ വന്നു . അവനെ സംഗീതവും ധ്യാനവും ഒക്കെ പഠിപ്പിച്ചു പോയി. അന്ന് ഉച്ചയൂണും അവിടെ നിന്നാണ് കഴിച്ചത്.

അത് അമ്മയെ വളരെ അധികം സന്തോഷവതിയാക്കി. ജോയുടെ സാനിദ്ധ്യം അമ്മുമ്മയെയും കൊച്ചുമകനെയും ഒരു പോലെ സന്തോഷവാന്മാരാക്കി.

“അമ്മക്ക് ധ്യാനമെന്താണെന്നു അറിയുമോ . മനസ്സിനെ പൂർണമായും നമുക്ക് വിധേയമാക്കും, ചിന്തകളൊന്നും ഉണ്ടാകില്ല. എന്നോട് ജോ പറഞ്ഞു കാഴ്ചയില്ലാത്തതിൽ വിഷമിക്കേണ്ടയെന്നു . ഉൾകാഴ്ച ആണ് പ്രധാനമെന്ന്.അതിനുള്ള പരിശീലനം ജോ എനിക്ക് തരുമെന്ന്.”

“നീ പെട്ടെന്ന് മുതിർന്നപോലെ തോന്നുന്നു കുട്ടാ. അമ്മക്ക് മോൻ വലുതായാൽ ഒരു ആശ്വാസം ആകും. അമ്മയ്ക്കും അമ്മുമ്മക്കും മോൻ കൂട്ടായി ഉണ്ടാകുമല്ലോ.”

ജോയുടെ കാര്യം പറയാൻ മാത്രമേ ഇപ്പോൾ ഹരികുട്ടന് സമയമുള്ളൂ.ഇപ്പോൾ ജോയെ നല്ല വ്യക്തിയായി അവളും അംഗീകരിക്കുന്നു . അമ്മയും വളരെ ഹാപ്പിയായി.ഒരിക്കൽ ജാലക പടിയിൽ ഇരുന്നു സംസാരിച്ചപ്പോൾ അവൻ പറഞ്ഞു.

“അമ്മെ ,അമ്മുമ്മയെ ശ്രദ്ധിച്ചോ ,മുഖത്തൊക്കെ നല്ല ക്ഷീണമുണ്ട്. നമ്മളെ വിട്ടു പിരിയാൻ സമയമായി എന്ന് ജോ പറഞ്ഞു. അമ്മ സങ്കടപെടരുത്. എല്ലാവരുടെയും സമയം എത്തുമ്പോൾ അവർ നമ്മളെ വിട്ടു പോകും.”

അതിനു ശേഷം അവനും അമ്മുമ്മയും തമ്മിലുള്ള ബന്ധം സുദൃഢമായി.ഒരിക്കൽ ഓഫീസിൽ വച്ച് ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ വിളി വന്നു. അമ്മ കുഴഞ്ഞു വീണു .

ഹരികുട്ടനും അസോസിയേഷൻ സെക്രട്ടറിയും പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനും കൂടി ഹോസ്പിറ്റലിലേക്ക് പോയിട്ടുണ്ട്.

അവൾ എത്തുന്നതിനു മുൻപ് അമ്മ പോയിരുന്നു. അമ്മ പോയതിലും ഹരികുട്ടൻ ഒറ്റക്കായതിലും അവൾക്കു നല്ല വിഷമം ഉണ്ടായി. ഓഫീസിലെയും ഫ്ലാറ്റിലെയും എല്ലാവരും ചടങ്ങിൽ പങ്കെടുത്തു.

“എല്ലാവരേയും ക്ഷണിക്കണം അമ്മുമ്മയുടെ സഞ്ചയനത്തിനു ,എന്നാലും ജോ വന്നില്ലല്ലോ ഹരികുട്ടാ, അമ്മുമ്മയുടെ ചടങ്ങിനൊന്നും.അത് കഴിഞ്ഞെങ്കിലും വരാമായിരുന്നു. ഹോസ്പിറ്റലിൽ നിന്ന് മുങ്ങിയതല്ലേ.അമ്മുമ്മക്ക് അവനെ എന്തിഷ്ടമായിരുന്നു .”

” ജോ വന്നല്ലോ ,അമ്മ കണ്ടില്ലായിരുന്നോ . ജോ എന്റെ അടുത്ത് വന്നിരുന്നു . എന്നെ തലോടിയിട്ടു പോയി. എത്ര ദൂരെ നിന്നാലും എനിക്കാ മണം തിരിച്ചറിയാം.”

അവൾ ഫ്ളാറ്റിലെ എല്ലാവരെയും ക്ഷണിച്ചു. പക്ഷെ അവർക്കാർക്കും ജോയെന്ന ആളെ പരിചയമില്ല. അവൾ സെക്യൂരിറ്റി വഴിയും അന്വേഷിച്ചു.

ആർക്കും അയാളെ പരിചയമില്ല. എവിടെ നിന്നോ വന്നു എവിടേക്കോ പോയി മറഞ്ഞു.
അവൾ ഫ്ളാറ്റിലെ സെക്യൂരിറ്റി ക്യാമറയിൽ ഒക്കെ നോക്കിയിട്ടും താടി വളർത്തിയ ചെറുപ്പക്കാരനെ കണ്ടില്ല.

കണ്ടിട്ടുള്ള അമ്മയാകട്ടെ ഇന്ന് ജീവിച്ചിരിപ്പില്ല. സെക്യൂരിറ്റിക്കാരനും സെക്രട്ടറിയും അയാളെ ഒരു മിന്നായം പോലെയേ കണ്ടിട്ടുള്ളു.

ആകെയുള്ള ആശ്വാസം ഹരികുട്ടന്റെ മാറ്റമാണ്. അമ്മുമ്മയുടെ മരണം അവനും തനിക്കും ഉൾകൊള്ളാൻ കഴിഞ്ഞത് ജോ കാരണമാണ് . അവനെ രക്ഷിക്കാനായി വന്ന രക്ഷകനാണ് ജോ എന്ന് വിശ്വസിക്കാനാണ് ഇപ്പോൾ ഇഷ്ടം.

ഒരിക്കൽ ഓഫീസിൽ നിന്ന് മടങ്ങിയപ്പോൾ ഹരികുട്ടൻ വളരെ സന്തോഷവാനായിരുന്നു.

“അമ്മെ ജോ വന്നിരുന്നു ,ഞാൻ ഒരിക്കലും ഒറ്റക്കാവില്ലെന്നും ജോ എപ്പോഴും സഹായത്തിനുണ്ടാകുമെന്നും പറഞ്ഞു. ”

“നീ എന്തെ ജോയുടെ നമ്പർ വാങ്ങി വയ്ക്കാഞ്ഞത് ,നമുക്ക് ഇടയ്ക്കു വിളിക്കാമായിരുന്നല്ലോ.”

“അതിനു ജോയ്‌ക്കു ഫോണും നമ്പറും ഒന്നുമില്ലല്ലോ . ഞാൻ മനസ്സിൽ വിചാരിച്ചാൽ ജോ എന്റെ അടുത്ത് വരും .അത് മതിയല്ലോയെനിക്ക് .”

അവന്റെ മുഖത്തു സംതൃപ്തിയുടെ ഒരു തിളക്കം കാണുന്നുണ്ടായിരുന്നു . ജോ അവന്റെ കാവൽ മാലാഖ ആണെന്ന് വിശ്വസിക്കാൻ അവളും ഇഷ്ടപ്പെട്ടു .

ആരുടെയും കണ്ണിൽ പെടാതെ ഒളിമറയത്തിരുന്നു അവനെ സംരക്ഷിക്കുന്ന അവൻ്റെ കൂട്ടുകാരൻ…

Leave a Reply

Your email address will not be published. Required fields are marked *