വേദനയോടെ
(രചന: Anitha Raju)
ജനലിൽ കൂടെ പുറത്തേക്കു നോക്കികിടക്കുന്നു പവി. കൺകോണുകളിൽ കണ്ണുനീർ തളംകെട്ടി നിൽക്കുന്നു.
കാലൊച്ച കേട്ടു തിരിഞ്ഞു നോക്കി, അമ്മ അടുത്തേക്ക് നടന്നു വരുന്നു. ആ മുഖത്തും ദുഃഖം നിഴലിക്കുന്നു.
“അമ്മേ സമയം എത്ര ആയി?”
പന്ത്രണ്ടു ആകാറായി..
ഉം അപ്പോൾ ചടങ്ങു എല്ലാം കഴിഞ്ഞു കാണും ഇല്ലേ “പവിയുടെ ചോദ്യത്തിന് അതെ എന്ന് പറഞ്ഞു നിർത്തി. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം പവി പറഞ്ഞു.
“അമ്മേ ഈ ഫോട്ടോ അങ്ങ് നശിപ്പിച്ചേക്കു ”
അവൻ വെച്ചുനീട്ടിയ ഫോട്ടോ അവർ വാങ്ങി നോക്കി… ഇന്ദുലേഖ യുടെ ഫോട്ടോ പവി തുടർന്ന് ” ഇനി അവൾ മറ്റൊരാളുടെ ഭാര്യ അതുകൊണ്ട് ഇനി സൂക്ഷിച്ചു വെക്കേണ്ട കാര്യം ഇല്ല ”
“മോനെ അവൾ പോയി സന്തോഷം ആയി ജീവിക്കട്ടെ അഞ്ചുവർഷം നിനക്ക് വേണ്ടി ത്യജിച്ചില്ലേ ,
അവൾ ആഗ്രഹങ്ങളും, മോഹങ്ങളും,, വികാരവും ഉള്ള ഒരു സാധു പെണ്ണ്. നീ കാണാതെ അവൾ ഒഴുക്കിയ കണ്ണുനീർ എത്രയാ എന്ന് അറിയുമോ? ഞാനും ഒരു സ്ത്രീ ആണ് അവളുടെ മനസ്സ് എനിക്ക് കാണാം.
നമ്മളുടെ അത്ര ധനസ്ഥിതി ഇല്ലെന്നു വിചാരിച്ചു അവളുടെ നന്മയുള്ള മനസ്സ് കാണണം മോനെ.
നിന്നെ എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. വേറെ നിവർത്തി ഇല്ലായിരുന്നു. അതുകൊണ്ട് മാത്രം ആണ് ഞാൻ ഈ തീരുമാനത്തിൽ ഉറച്ചു നിന്നത് ”
ഉം എനിക്ക് മനസ്സിലായി അമ്മേ, സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം ആണ് അവൾ, ജീവിത കാലം മുഴുവൻ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് യോഗം ഇല്ല, ശാപം കിട്ടിയ ജന്മം.
ഇത്രയും പറഞ്ഞു പവി തേങ്ങിയപ്പോൾ അമ്മയുടെ ഇടനെഞ്ചു തകർന്നു പോയി. നിറഞ്ഞ കണ്ണുകൾ മകൻ കാണാതെ തുടച്ചു കൊണ്ട് അവർ മുറിവിട്ടു പോയി.
പവി അറിയാതെ ഇന്നലെ ഇന്ദുലേഖയുട വീട്ടിൽ കുറച്ചു ആഭരങ്ങൾ കൊണ്ടുകൊടുക്കാൻ പവിയുടെ അമ്മ എത്തി.
കാറിൽ നിന്ന് ഇറങ്ങി വരുന്ന തന്നെ കണ്ടു അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു ” എന്റെ അമ്മേ ” എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു. എന്ത് സ്നേഹം ആണ് ഇപ്പോഴും പാവം കുട്ടി.
ആഭരങ്ങൾ നൽകി തിരിച്ചു ഇറങ്ങിയപ്പോൾ അവർ ഓർത്തു അഞ്ചുവർഷം മുൻപ് ഇതുപോലെ ഒരു പന്തൽ ഈ വീട്ടുമുറ്റത്തു ഉയർന്നു.
അന്നത്തെ വരൻ തന്റെ പവി ആയിരുന്നു, ഇപ്പോൾ മറ്റൊരാൾ. ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കും.
എല്ലാം വിധി എന്ന് ആശ്വസിക്കാം.
ഒരു ഹോം നേഴ്സിന്റെ വേഷം എത്ര നാൾ അവളെ കൊണ്ട് കെട്ടിക്കും.
പവിയുടെ മനസ്സ് ശാന്തമാകാൻ സമയം എടുക്കും സാരമില്ല. മടക്കയാത്രയിൽ ഓർമ്മകൾ അവരെ പിറകോട്ടു കൊണ്ടുപോയി.
പവിക്കു ഇരുപതു വയസ്സ് പ്രായം കാണും അവന്റെ അച്ഛൻ മരിക്കുമ്പോൾ.
നാലു തലമുറയ്ക്ക് കഴിക്കാൻ ഉള്ളത് സമ്പാദിച്ചിട്ടുണ്ട്, അതൊക്കെ നോക്കി നടത്തണ്ട ചുമതലയെ പവിക്കുള്ളു.
അച്ഛന്റെ മരണം കഴിഞ്ഞു അഞ്ചാറ് വർഷത്തിന് ശേഷം താനും അവനും കൂടെ തറവാട്ടു ക്ഷേത്രത്തിൽ തൊഴാൻ പോയി അവിടെ വെച്ച് യാദൃശ്ചികം ആയി ഇന്ദുലേഖയെ കണ്ടു.
അവനു ആ കാഴ്ച്ചയിൽ അവളെ ഒരുപാടു ഇഷ്ടം ആയി. ആഗ്രഹം തന്നോട് പറഞ്ഞു.
തിരക്കിയപ്പോൾ നല്ല വീട്ടുകാർ പക്ഷെ ധനസ്ഥിതി മോശം. അതിൽ കാര്യം ഇല്ല. ആവശ്യത്തിലേറെ ഇവിടെ ഉണ്ടല്ലോ.
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. ആർഭാടത്തോടെ വിവാഹo കഴിഞ്ഞു.
വധുവിന്റെ ഗൃഹ പ്രവേശം കഴിഞ്ഞു. വരന്റെ വീട്ടിലെ സ്വീകരണം അടുത്ത ദിവസം വൈകിട്ടാണ് തീരുമാനിച്ചത്.
വൈകുന്നേരം ആയപ്പോൾ പവി അമ്മയോട് പറഞ്ഞിട്ട് അടുത്ത കൂട്ടുകാരന്റെ അമ്മ സീരിയസ് ആയി ആശുപത്രിയിൽ ആണ്.
ഒന്ന് കണ്ടു വേഗം മടങ്ങി വരാം നാളെ നല്ല തിരക്കായിരിക്കും എന്ന് പറഞ്ഞു പോയി. പറഞ്ഞ സമയവും കഴുഞ്ഞു നേരം ഇരുട്ടി തുടങ്ങിയിട്ടും വന്നില്ല.
മൊബൈലിൽ വിളിച്ചിട്ട് എടുക്കുന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വന്നു പവി ആക്‌സിഡന്റ് പറ്റി ആശുപത്രിയിൽ ആണെന്ന്.
അപകടം കണ്ട എല്ലാരും പറഞ്ഞു അവന്റെ അശ്രദ്ധ ആണ് അപകടത്തിനു കാരണം.
അതിവേഗത്തിൽ ആയിരുന്നു പവിയുടെ വരവ് ഇന്ദുലേഖയുടെ അടുത്ത് എത്താൻ ഉള്ള വരവ്. വലിയ വളവിൽ എതിരെ വന്ന സൂപ്പർ ഫാസ്റ്റ്. അതിവേഗത്തിൽ ചെന്ന് കയറുക ആയിരുന്നു പവിയുടെ കാർ.
മൂന്നുമാസത്തെ ആശുപത്രി വാസത്തിനു ശേഷം വീടെത്തി. നട്ടെല്ലിന് ഉണ്ടായ ക്ഷതം.
ഒന്ന് ചരിഞ്ഞു കിടക്കാൻ പോലും പരസഹായം വേണം. കൊടുക്കാവുന്ന ചികിത്സകൾ എല്ലാം നൽകി. വിദേശത്തു നിന്നും ഡോക്ടർമാർ വരുത്തി. പറയത്തക്ക ഫലം ഒന്നും കണ്ടില്ല.
വർഷങ്ങൾ കടന്നുപോയി പവിയുടെ ഭാര്യ ആയി വന്ന ഇന്ദുലേഖ ഹോംന്ഴ്സിന്റെ വേഷം ഒരു മടിയും കൂടാതെ അണിഞ്ഞു.
മകന് വേണ്ടി ഒരു പാവം പെൺകുട്ടിയുടെ ജീവിതം കണ്ടില്ല എന്ന് നടിക്കാൻ അവര്ക്കു കഴിഞ്ഞില്ല.
പവിയെ പറഞ്ഞു മനസ്സിലാക്കി വേദനയോടെ അവൻ സമ്മതിച്ചു . ഒരേകിടപ്പു കിടക്കുന്ന മകന് വേണ്ടി വിവാഹ മോചനത്തിനുള്ള കാര്യങ്ങൾ വീട്ടിൽ ഒരുക്കി. ഒപ്പിടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളും വേദനയോടെ ആ ചടങ്ങ് നടത്തി. അച്ഛന്റെ കൂടെ എന്നുന്നേക്കുമായി പടി ഇറങ്ങുമ്പോൾ ഒന്നേ പറഞ്ഞുള്ളു ” എന്റെ പവിയേട്ടനെ പൊന്നുപോലെ നോക്കണേ അമ്മേ ”
അവർ അവൾക്കു നല്ലൊരു ജീവിതം ആശിർവദിച്ചു.
അവൾ പോകുന്നത് നോക്കി നിന്നപ്പോൾ അവർ ഓർത്തു “അഞ്ചുവർഷത്തെ ദാമ്പത്യം കഴിഞ്ഞു പോകുമ്പോഴും മോളെ നീ ക ന്യക ആണല്ലോ?
ഒരു ദിവസം എങ്കിലും പവിയുടെ കൂടെ കഴിഞ്ഞെങ്കിൽ നിന്നെ ഞാൻ വിടില്ലായിരുന്നു. “വേദന അമ്മ ഹൃദയത്തിൽ ഒതുക്കി.