അതെ അമ്മയ്ക്ക് മറ്റൊരു കാമുകൻ ഉണ്ട്. അല്ലെങ്കിൽ ഒരു പെണ്ണിന് എങ്ങനെ ഇത്രയും നാൾ ഒരാളുടെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാൻ സാധിക്കും.

അമ്മയുടെ പ്രണയം
(രചന: Sarya Vijayan)

സത്യമാണ് ഞാൻ പറഞ്ഞത്. നമ്മുടെ അമ്മയ്ക്ക് ആരോടോ എന്തോ? ഉണ്ട്… ഉണ്ണി പറഞ്ഞത് കേട്ട് അപർണ്ണ ഞെട്ടി.

“നീയൊന്നു പോയേട ചെറുക്കാ, അനാവശ്യം പറയാതെ.”

“ഞാൻ ഇത് കുറെ നാളായി കണ്ടു പിടിച്ചിട്ട് നിന്നോട് ഇപ്പോ പറഞ്ഞു എന്നെ ഉള്ളൂ.”

അതും പറഞ്ഞ് ഉണ്ണി അകത്തേയ്ക്ക് കയറി പോയി. അവൻ പോയി കഴിഞ്ഞ് അപർണ്ണ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. പത്തിൽ പഠിക്കുന്ന അനിയനും പ്ലസ് ടു പഠിക്കുന്ന താനും പിന്നെ സ്നേഹനിധിയായ അച്ഛനും ഇതിനപ്പുറം അമ്മയ്ക്ക് മറ്റൊന്നുമില്ല.

ആ അമ്മയെ കുറിച്ചാണ് തന്റെ അനിയൻ അങ്ങനെ പറഞ്ഞിട്ട് പോയത്.
താനീ കാര്യം ആരോട് പറയാനാണ്, സുഹൃത്തുക്കളോട് പോലും പറയാൻ കഴിയില്ല.

“അപ്പു”

“എന്താ അമ്മേ”

അമ്മയുടെ വിളികേട്ട് അപർണ്ണ ഓടി അടുക്കളയിലേയ്ക്ക് പോയി.

“എന്തിനാ അമ്മേ വിളിച്ചത്.”

“ദേ,നീ ആ തേങ്ങ എടുത്ത് ഒന്ന് ചിരകിയേ.”

“ഞാനോ എനിക്ക് ട്യൂഷന് പോകാൻ സമയമായി.”

“അതിന് നിനക്ക് ട്യൂഷൻ 8 മണിയ്ക്ക് അല്ലേ, ഇപ്പോ 6.30 ആയുള്ളൂ.”

“ഇന്ന് ചോദ്യം ചോദിക്കും, അതൊന്നു പഠിക്കാൻ ഉണ്ട്.”

“ഇത്രയും നേരം നിനക്കിലായിരുന്നല്ലോ ഒന്നും പഠിക്കാൻ, ഇപ്പോ മാത്രം എവിടെ നിന്നു വന്നു.”

“അതെങ്ങനെ അമ്മയ്ക്ക് അറിയാം എനിക്ക് പഠിക്കാനുള്ളത്.”

“ശരിയാ എനിക്കൊന്നും അറിയില്ല, നീ പൊയ്ക്കോ.” ഒരു നെടുവീർപ്പോടെ അമ്മ പറഞ്ഞു.

അമ്മയോട് തർക്കിച്ചു വാദിക്കുമ്പോഴും അമ്മയുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കാൻ അവൾ മറന്നില്ല.

പകുതിവരെ നടന്നു ചെന്ന ശേഷം ഒരിക്കൽ കൂടി അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി. അമ്മയ്ക്ക് ഭാവവ്യത്യാസം ഒന്നുമില്ലാതെ തെങ്ങയെടുത്ത് ചിരകാനും തുടങ്ങിയിരുന്നു.

റൂമിൽ എത്തിയിട്ടും ഉണ്ണി പറഞ്ഞ ആ വാക്കുകൾ ആയിരുന്നു മനസ്സിൽ മുഴുവൻ… അമ്മയ്ക്ക് ആരോടോ എന്തോ? ഉണ്ട്…

ബുക്ക് തുറന്ന് വെറുതെ മുന്നിൽ വച്ചു. ഒന്നും തലയിൽ കയറുന്നില്ല. ഇനിയിപ്പോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതൊന്ന് അറിയണമല്ലോ.

കുളിച്ചൊരുങ്ങി നേരെ ഡൈനിങ് ഹാളിലേയ്ക്ക് ചെന്നു. അച്ഛനും ഉണ്ണിയും നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു. അച്ഛന്റെ ഒരു സൈഡിൽ അവനും അടുത്ത സൈഡിൽ ഞാനും ഇരുന്നു.

അപ്പോഴേയ്ക്കും അമ്മ ഇഡ്ഡലിയുമായി വന്നു. അതുകണ്ടപ്പോഴേ അച്ഛന്റെ മുഖം മാറിയിരുന്നു.

“ഇതെന്താ ലക്ഷ്മി നിനക്ക് എന്നും ഇത് മാത്രമേ ഉള്ളോ, ചമന്തിയ്ക്ക് ആണെങ്കിൽ ഉപ്പും ഇല്ല.” കറിയിൽ നിന്ന് കുറച്ചെടുത്ത് നാവിൽ വച്ചു കൊണ്ട് ചോദിച്ചു.

“അത് രാവിലെ എഴുന്നേറ്റപ്പോൾ നടുവേദനയായത് കൊണ്ട് ഇതേ പറ്റിയുള്ളൂ.”

“നിനക്ക് എന്നും ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ മതിയല്ലോ, നിന്റെ ഭാഗം ന്യായീകരിക്കാൻ നിനക്ക് എന്നും നൂറ് നാവാണല്ലോ. എന്നും ഇതുമാത്രം ഇതിനൊപ്പം ഒരു കറി കൂടി വയ്ക്കാൻ നിനക്ക് പറ്റുന്നില്ലല്ലോ.”

“ഇന്നലെ പൂട്ട് ആയിരുന്നില്ലേ.”

“ഇനി അത് പറ.”

അച്ഛനോട് തർക്കിക്കാനോ കൂടുതൽ വാദിക്കുവനോ നിൽക്കാതെ അമ്മ എല്ലാവർക്കും ഭക്ഷണം നൽകി. എനിക്ക് കറിയൊഴിച്ചു നീങ്ങിയ അമ്മയുടെ കണ്ണിൽ നിന്ന് താഴേയ്ക്ക് ഉരുണ്ടു വീണ കണ്ണീർ തുള്ളികൾ ഞാൻ മാത്രമേ കണ്ടുള്ളൂ.

ഞാനും ഉണ്ണിയും അച്ഛനും ആസ്വദിച്ചു കഴിച്ചു. ഉണ്ണിയും അച്ഛനും കൈ കഴുകി നീങ്ങിയപ്പോൾ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു. അവിടെ അമ്മ സ്വയം പറയുന്നുണ്ടായിരുന്നു.

“എന്തൊക്കെ ഉണ്ടാക്കി കൊടുത്താലും എന്നും കുറ്റം മാത്രം ഒരിക്കൽ പോലും ഒരു നല്ല വാക്ക് പറയുന്നില്ലല്ലോ.”

ഇടറുന്ന സ്വരത്തിൽ ആയിരുന്നു അമ്മ അത് പറഞ്ഞത്. ഞാൻ കയറി ചെല്ലുന്ന ശബ്‌ദം കേട്ടിട്ട് കണ്ണുകൾ തുടച്ചു പാത്രം കഴുകാൻ എന്നപ്പോലെ നിന്നു.

“അമ്മേ എന്റെ ചായ .”

“ദേ അവിടെ ഇരിപ്പുണ്ട് എടുത്ത് കുടിച്ചോ.”

അപ്പോഴേയ്ക്കും പുറത്തു നിന്ന് അച്ഛന്റെ വിളി വന്നു.

“അപ്പു നീ വരുന്നുണ്ടോ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാൻ.”

“ഞാൻ പോവാ അമ്മ.”

അമ്മയോട് യാത്ര പറഞ്ഞ് പുറത്തേയ്ക്ക് ഓടി. ഞങ്ങളുടെ പിറകെ ഞങ്ങളെ യാത്ര അയക്കാൻ അമ്മയും വന്നു. അച്ഛൻ കാറിൽ കയറി, ഞാൻ പിറകെയും. വന്നു നിന്ന അമ്മയെ കണ്ടോ? ഇല്ലയോ? അച്ഛൻ വണ്ടിയെടുത്തു.

പോകുന്ന വഴിയിൽ മുഴുവൻ അമ്മയായിരുന്നു എന്റെ മനസ്സിൽ.
അച്ഛന്റെ അത്ര പഠിപ്പൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. അച്ഛന്റെ അമ്മാവന്റെ മകൾ ആയിരുന്നു അമ്മ, എല്ലാവരും കൂടി പണ്ടേ ഉറപ്പിച്ച ബന്ധം. വളർന്നപ്പോൾ അതങ്ങു നടത്തി.

അച്ഛൻ എന്നും ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാൽ ഈ ലോകത്തിൽ വച്ച് ഏറ്റവും നല്ല അച്ഛൻ, അത് ഞങ്ങളുടെ അച്ഛൻ തന്നെ…

ഞാനും ഉണ്ണിയും പറയുന്നതെല്ലാം മുടങ്ങാതെ അച്ഛൻ എത്തിക്കും. ഞങ്ങളെ ആഴ്ചയിൽ ഒരിക്കൽ സിനിമ കാണാനും പാർക്കിലും മറ്റു പ്രോഗ്രാമ്മുകൾക്കും ഒക്കെ കൊണ്ട് പോകും, അവിടങ്ങളിൽ ഒന്നും ഒരിക്കൽ പോലും അമ്മ കൂടെ വന്നിട്ടില്ല.

അച്ഛൻ വരുന്നോ? എന്ന് ചോദിച്ചാൽ ഞങ്ങൾ റെഡിയായി പോകും. അച്ഛൻ അമ്മയോട് വരുന്നോ എന്ന് ചോദിച്ചോന്ന് ഞങ്ങൾ തിരക്കിട്ടില്ല, വരുന്നോ? അമ്മെയെന്ന് ഞങ്ങൾ അന്വേഷിച്ചിട്ടുമില്ല. ചിന്തിച്ചു സ്ഥലം എത്തിയത് അറിഞ്ഞില്ല.

“അപ്പു എപ്പോഴാ ട്യൂഷൻ കഴിയുന്നത്.”

“12 മണിയാകും അച്ഛാ..”

“നീ ബസ്സിൽ പോയിക്കൊളുമല്ലോ?”

“പൊയ്‌ക്കൊള്ളാം അച്ഛാ..”
കാറിൽ നിന്ന് ഇറങ്ങി.

“സൂക്ഷിച്ചു പോകണേ അപ്പു.”

“ശരി അച്ഛാ,ബൈ.”

എന്നോട് യാത്ര പറഞ്ഞ് അച്ഛൻ പോയി.

ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് അവിടെയായിരുന്നില്ല. ലോകത്തിൽ വച്ചു വളരെ നല്ല മനുഷ്യരാണ്, അച്ഛനുമമ്മയും. എന്നാൽ അവർ തമ്മിൽ ചേർന്നപ്പോൾ എണ്ണയും വെള്ളവും പോലെ ഒരിക്കലും കൂടി ചേരാത്ത ഒരു ജീവിതം ജന്മമെടുത്തു.

അച്ഛന്റെ പെരുമാറ്റം വച്ചു നോക്കിയാൽ ഉണ്ണി പറഞ്ഞത് നടക്കാനുള്ള സാധ്യത കൂടുതലാണ്. അപ്പൊ ശരിക്കും അവൻ പറഞ്ഞത് പോലെ..

ക്ലാസ്സിൽ ഇരുന്നിട്ടാണെങ്കിൽ ഇരുപ്പ് ഉറയ്ക്കുന്നില്ല. സാറിനോട് തലവേദനയെന്നു പറഞ്ഞു ഇറങ്ങി.
എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് വീട്ടിൽ എത്തുക അതായിരുന്നു മനസ്സിൽ.

ബസ്സിൽ നിന്നിറങ്ങി. വീട്ടിനകത്തേയ്ക്ക് ചെന്നു. മുൻ വശത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഈ വാതിലും തുറന്നിട്ടിട്ട് ഈ അമ്മ

ഇതെവിടെ പോയി? അടുക്കളയിൽ ചെന്ന് നോക്കി, അവിടെ ഇല്ല, പിന്നെ എവിടെ? നേരെ ചെന്ന് റൂമിൽ നോക്കി.

എന്തൊക്കെയോ കാര്യമായി നോക്കുകയായിരുന്നു അമ്മ അവിടെ. അതും നോക്കി അമ്മയുടെ ശ്രദ്ധ ആകർഷികാത്ത തരത്തിൽ ഞാൻ മാറി നിന്നു.

അമ്മ വായിക്കുന്നത് എന്താണ് എന്നറിയാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതൊരു കത്തായിരുന്നു. അമ്മയുടെ നേരെ കാണുന്ന അലമാരായിലെ കണ്ണാടിയിലൂടെ അമ്മയുടെ മുഖം എനിക്ക് കാണാമായിരുന്നു.

ഇടയ്ക്ക് ഇടയ്ക്ക് അമ്മ ഏതൊന്തൊക്കെയോ ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു. ഇതും കൂടി കണ്ടപ്പോൾ ഉറപ്പിച്ചു…

അതെ അമ്മയ്ക്ക് മറ്റൊരു കാമുകൻ ഉണ്ട്. അല്ലെങ്കിൽ ഒരു പെണ്ണിന് എങ്ങനെ ഇത്രയും നാൾ ഒരാളുടെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാൻ സാധിക്കും.

മാത്രമല്ല എത്രയോ നാളുകളായി അമ്മ എനിക്കും ഉണ്ണിയ്ക്കും ഒപ്പമാണ് കിടക്കുന്നത് പോലും.

എന്നാലും ഈ അമ്മ .. എങ്ങനെ കഴിയുന്നു അമ്മയ്ക്ക് ഇങ്ങനെ?
ഇങ്ങനെയുള്ളവർക്ക് ഒക്കെ അവരവരുടേതായ ന്യായീകരണവും ഉണ്ട്. ഉള്ളിൽ വന്നത് വിഷമമല്ല ദേഷ്യമായിരുന്നു. തിരികെ നടന്നു ചെന്ന് താഴെ നിന്നു.

ഉള്ളിലെ ദേഷ്യം മനസ്സിൽ അടക്കി വച്ച് നീട്ടി ഒരു വിളി വിളിച്ചു.

“അമ്മ”

“എന്താ അപ്പു”

അപ്പൊ തന്നെ അമ്മ വിളി കേട്ടു. ഒപ്പം താഴേയ്ക്ക് ഇറങ്ങി വന്നു.

“നീ എന്താ അപ്പു നേരത്തെ വന്നത്.”

“എന്തേ ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലേ, എങ്കിൽ ഞാൻ പോയേക്കാം.”

“നീ എന്തിനാ അപ്പു ഇങ്ങനെ ശബ്‌ദം ഉയർത്തുന്നത് ,ക്ലാസ് ഉച്ചവരെ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ചോദിച്ചത്.”

“എനിക്ക് തലവേദനയ അതാ വന്നത്.”

ദേഷ്യത്തോട് പറഞ്ഞു കൊണ്ട് ഞാൻ മുകളിലേയ്ക്ക് കയറി. ഞാൻ സ്റ്റെപ്പ് കയറുന്നതും നോക്കി നിസ്സഹായതയോടെ അമ്മ നിന്നു.

റൂമിൽ കയറി കതകടച്ചു. അമ്മ ഇരുന്നയിടം മുഴുവൻ പരതി. നോക്കി നോക്കി അവസാനം അലമാരയിൽ അമ്മയുടെ സാരിയുടെ ഇടയിലായി എന്റെ തിരച്ചിൽ.

അതിൽ നോക്കിയപ്പോൾ അതായിരിക്കുന്നു കുറെ കത്തുകൾ അതിൽ നിന്ന്‌ ഒരെണ്ണം എടുത്തു. വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട എന്റെ ലച്ചുവിന്,

അടുത്ത ആഴ്ച്ച ഞാൻ വരും. നിനക്ക് എന്തെങ്കിലും കൊണ്ടു വരണോ??എനിക്കറിയാം നീ വേണ്ട എന്നെ പറയൂ, എങ്കിലും ഞാൻ കൊണ്ടു വരും ഒരു കാര്യം. ഞാൻ വീട്ടിൽ എത്തുമ്പോൾ നീ അവിടെ ഉണ്ടായിരിക്കണം.

പിന്നെ വീട്ടിൽ വരുമ്പോൾ ഞാൻ കഴിഞ്ഞ തവണ കൊണ്ട് വന്ന ആ ചുവന്ന സാരി ഉടുത്താൽ മതി. അതിൽ നിന്നെ കാണാൻ പ്രത്യേക ഭംഗിയാണ്. ബാക്കിയൊക്കെ നേരിൽ കാണുമ്പൊൾ പറയാം .

എന്ന്…
നിന്റെ സ്വന്തം സേതുവേട്ടൻ…

സേതു ആ പേര് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി. അച്ഛൻ…

അച്ഛൻ പണ്ട് അമ്മയ്ക്ക് അയച്ചിരുന്ന കത്തുകൾ .. അമ്മയിന്നും നിധി പോലെ സൂക്ഷിക്കുന്നു. ഈശ്വരാ ഞങ്ങൾ എത്ര പാപികളാണ്… സ്വന്തം അമ്മയെ സംശയിച്ചല്ലോ. എനിക്കും ഉണ്ണിക്കും അച്ഛനും എന്ത് രോഗം വന്നാലും ഓടി നടന്ന് എല്ലാം ചെയ്തു തരുന്ന അമ്മ.

അച്ഛന് എന്നും ഒരു ദാ സി മാത്രമായിരുന്നു അമ്മ. എനിക്കും ഉണ്ണിക്കും വേലക്കാരിയും. ഒരിക്കൽ പോലും ഞങ്ങളോട് അമ്മ പരാതി പറഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്തിട്ടില്ല.

ഞങ്ങളുടെ അവഗണനയിൽ എത്രയോ തവണ അമ്മ നിലവിളിച്ചിരിക്കാം ഞങ്ങൾക്ക് മുന്നിൽ ചിരിച്ചു നിന്ന് ഞങ്ങൾ ആരും കേൾക്കാതെ. പാവം എന്റെ അമ്മ..

ശരിക്കും അമ്മയ്ക്ക് എങ്ങനെ കഴിയുന്നു.. നിശ്ശബ്ദതയിൽ കരയുമ്പോഴും അമ്മയുടെ ഉള്ളിൽ എന്നും അച്ഛനോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു.

അതുകൊണ്ട് തന്നെയാണതന്നെയാണ് എല്ലാം സഹിക്കുന്നത്. അമ്മയുടെ സ്ഥാനത്ത് ഈ ഞാനായിരുന്നെങ്കിൽ കൂടി എന്നേ വിട്ടു പോയേനെ.

“അപ്പു വാതിൽ തുറക്ക് മോളെ.”

കത്ത് അത് ഇരുന്ന സ്ഥലത്തു തന്നെ അതുപോലെ വച്ച ശേഷം. നേരെ ചെന്ന് കതകു തുറന്നു.

“ഇതാ മോളെ ഈ കാപ്പി അങ്ങോട്ട് കുടിച്ചേ, തലവേദനയൊക്കെ അങ്ങ് മാറും.”

അമ്മയുടെ കൈയ്യിൽ നിന്ന് ആ കാപ്പി വാങ്ങുമ്പോൾ എന്റെ ഉള്ളെന്നു വിങ്ങി.

കുറച്ചു നേരം തനിയെ കിടക്കണമെന്നു പറഞ്ഞ് അമ്മയെ പറഞ്ഞു വിട്ടു.
കട്ടിലിൽ പോയി കിടന്നു. ഉറക്കമൊന്നും വന്നില്ല, എങ്കിലും അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടങ്ങനെ കിടന്നു.

വൈകുന്നേരം ഉണ്ണി വന്നപ്പോൾ അവനെ കൊണ്ടും ആ കത്തു വായിപ്പിച്ചു. വായിച്ചു കഴിഞ്ഞ് അവനും എന്ത് പറയണമെന്ന് അറിയാതെ പോയി.

ഞങ്ങൾ രണ്ടുപേരും ഉള്ളിൽ ഒരായിരം ക്ഷമ ചോദിച്ചു അമ്മയോട്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അതുവരെ ഇല്ലാതെ ഞാനും അവനും അമ്മയെ കെട്ടിപിടിച്ചു കൊണ്ടുറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *