അറുത്ത് മുറിച്ച വാക്കുകൾ അമ്മയുടെ ഹൃദയത്തെ എത്ര കീറി മുറിച്ചുവെന്ന് അന്ന് അറിഞ്ഞില്ല. പുതിയൊരു ജീവിതം സ്വപ്നം കണ്ട അമ്മയുടെ മനസിനെ ആ വാക്കുകൾ മരവിപ്പിച്ചെന്നും അറിഞ്ഞില്ല

അറിയാതെ പോയ നിധി
(രചന: Vandana M Jithesh)

“പവിയങ്കിളിൻ്റെ കർമ്മങ്ങൾ എല്ലാം ദീപു ചെയ്യണം… ഒരു മകനായിട്ട് തന്നെ.. ഇനി ദീപുവിന് അങ്കിളിനോടും അമ്മയോടും അത്ര മാത്രമേ ചെയ്യാൻ കഴിയൂ.. മറുത്ത് പറയരുത് .. ”

ഹിമയുടെ വാക്കുകൾ ഉറച്ചതായിരുന്നു. ഒരു വേലിയ്ക്കപ്പുറമുള്ള പവിയങ്കിളിൻ്റെ വീട്ടിലേക്ക് ഞാൻ നടന്നു. ചന്ദനത്തിരിയുടെ ഗന്ധം അവിടെ പരന്നിരുന്നു.

പവിയങ്കിളിന് ബന്ധുക്കളായി ആരും ഇല്ലാത്തതു കൊണ്ട് ശാന്തമായ അന്തരീക്ഷമായിരുന്നു.

അങ്കിളിൻ്റെ തലഭാഗത്ത് ശില പോലെ എങ്ങോ കണ്ണു നാട്ടിയിരിക്കുന്ന അമ്മയെയാണ് ആദ്യം കണ്ടത്. അങ്കിൾ ശാന്തനായി ഉറങ്ങുന്നു. ചിലരെങ്കിലും അമ്മയെ അർഥഗർഭമായി പാളി നോക്കുന്നുണ്ട്.

കർമങ്ങളെല്ലാം താൻ ചെയ്തോളാമെന്ന് അറിയിച്ചപ്പോൾ ചിലർക്ക് പകപ്പും ചിലർക്ക് പരിഹാസവും ആയിരുന്നു. ഒന്നും ശ്രദ്ധിക്കാതെ എല്ലാ കർമങ്ങളും ചെയ്തു, ഒരു മകനായി തന്നെ.

തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെ കണ്ണിലെ നീർത്തിളക്കമാണ് കണ്ടത്.. അതിൽ നൊമ്പരമോ നന്ദിയോ എന്തെല്ലാമൊക്കെയോ…

അമ്മയും ഹിമയും പവിയങ്കിളിൻ്റെ വീട്ടിൽ നിന്നോളാമെന്ന് ഹിമ പറഞ്ഞിട്ട് പോയി.. താൻ തനിച്ച് വീട്ടിലെത്തി.. ചുറ്റും കനത്ത നിശ്ശബ്ദത.. ഏകാന്തത മനസിൽ പവിയങ്കിളിൻ്റെ രൂപം തെളിഞ്ഞു..

അമ്മയുടെ കൈ പിടിച്ച് ഈ വീട്ടിൽ വന്നു കയറുമ്പോൾ ആറു വയസാണ് പ്രായം. അച്ഛൻ്റെ മരണശേഷം തനിച്ചായ തങ്ങളെ മുത്തശ്ശനാണ് ഇങ്ങോട്ട് കൂട്ടിയത്. പിന്നീട് അമ്മയും താനും മുത്തശ്ശനും അടങ്ങുന്ന ചെറിയൊരു ലോകം..

ഇരുപത്തഞ്ചാം വയസിൽ വിധവയാകേണ്ടി വന്ന ഏക മകൾ മുത്തശ്ശൻ്റെ തീരാ ദു:ഖമായിരുന്നു. തൊട്ടടുത്ത വീട്ടിലെ പവിയങ്കിളിൻ്റെ കുടുംബമായിരുന്നു ആശ്വാസം.

അങ്കിളിൻ്റെ അമ്മ ജാനകി എന്ന തൻ്റെ ജാനമ്മൂമ്മ എന്നും അമ്മയ്ക്കൊരു താങ്ങായിരുന്നു.

ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയപ്പോൾ മുടങ്ങിയ പഠനം തുടരാനും ജോലി നേടാനും അമ്മയെ സഹായിച്ചത് ആ മനുഷ്യനായിരുന്നു.

മിഠായിപ്പൊതികളും വർണ പുസ്തകങ്ങളും തരുന്ന, ദീപൂട്ടാ ന്ന് നീട്ടി വിളിക്കുന്ന, എപ്പോളും ചിരിക്കുന്ന പവിയങ്കിളിനെ തനിക്കും ഏറെ ഇഷ്ടമായിരുന്നു.

വർഷങ്ങൾ കടന്നുപോയി. ജാനമ്മൂമ്മ പോയതോടെ തനിച്ചായ പവിയങ്കിളിനെ ഒരു വിവാഹത്തിന് എല്ലാവരും നിർബന്ധിച്ചിരുന്നു. എല്ലാ ചോദ്യങ്ങൾക്കും സ്വതസിദ്ധമായ ചിരി മാത്രമായിരുന്നു മറുപടി..

അതിനിടയിൽ അമ്മയെ കാണുമ്പോൾ ആ കണ്ണുകളിൽ വേറിട്ടൊരു തിളക്കം മിന്നുന്നത് അഞ്ചാം ക്ലാസുകാരന് മനസിലായിരുന്നില്ല. പിന്നിടെപ്പഴോ അതേ തിളക്കം അമ്മയുടെ കണ്ണുകളിലും ഉണ്ടായതും താനറിഞ്ഞില്ല .

” നിൻ്റെ അമ്മ പവിത്രേട്ടനെ കല്യാണം കഴിയ്ക്കാൻ പോവാണല്ലേ” എന്ന് ആദ്യം ചോദിച്ചത് ക്ലാസിലെ രാജുവാണ്.

“അത് നന്നായി ഇവന് അമ്മേടെ രണ്ടാം കെട്ടിന് കൂടാലോ”

“നീ അമ്മേടെ രണ്ടാം കെട്ടിൻ്റെ അന്ന് ഉപ്പാണോ വിളമ്പ്വാ?”

പരിഹാസച്ചിരികൾ അന്ന് ആ പതിനൊന്ന് വയസുകാരൻ്റെ കണ്ണിൽ നിന്നും കണ്ണീരല്ല, തീയാണ് വന്നത് അത് നെഞ്ചിനേയും ആത്മാവിനേയും പൊള്ളിച്ചു..

തകർന്ന മനസോടെ വീട്ടിലെത്തിയതും കണ്ടു, ചിരിയോടെ പവിയങ്കിൾ അദ്ദേഹം നീട്ടിയ മിഠായിപ്പൊതി വാങ്ങാതെ അകത്തേക്ക് ഓടിയപ്പോൾ ആദ്യമായി ആ ചിരി മങ്ങി. കട്ടിലിലേക്ക് വീഴുകയായിരുന്നു.

അമ്മ വന്നതും തലയിൽ തഴുകിയതും അറിഞ്ഞിട്ടും അറിയാത്തതായി നടിച്ചു.
സിഗരറ്റും കള്ളും മണത്തിരുന്ന, എന്നും തല്ലിയും നുള്ളിയും നോവിച്ചിരുന്ന അച്ഛനോടുള്ള സ്നേഹമല്ല,

“അമ്മയുടെ രണ്ടാം കെട്ട്” എന്ന വാക്ക് ചെവിയിലാകെ മൂളി. വെറുപ്പ് നുരഞ്ഞ് പൊന്തി എല്ലാവരോടും.. എല്ലാത്തിനോടും …..

“അമ്മ ആരേം കല്യാണം കഴിക്കണ്ട.. എനിക്കിഷ്ടല്ല” ഞാൻ പറഞ്ഞത് കേട്ട് തീപ്പൊള്ളിയതു പോലെ അമ്മ കൈകൾ പിൻവലിച്ചു.

“ദീപൂ… മോനേ… ”

“അമ്മ പവിയങ്കിളിനെ കല്യാണം കഴിക്കണ്ടാന്ന്”

“മോനേ.. നിനക്കിഷ്ടല്ലേ അങ്കിളിനെ.. അങ്കിളും നമ്മുടെ വീട്ടിൽ താമസിക്കുന്നത് ഇഷ്ടല്ലേ അങ്കിൾ നല്ല ആളല്ലേ ദീപുവിനെ ഒത്തിരി ഇഷ്ടാണല്ലോ”

“വേണ്ടാന്ന് .. എനിക്കാരടേം ഇഷ്ടം വേണ്ട”

അറുത്ത് മുറിച്ച വാക്കുകൾ അമ്മയുടെ ഹൃദയത്തെ എത്ര കീറി മുറിച്ചുവെന്ന് അന്ന് അറിഞ്ഞില്ല. പുതിയൊരു ജീവിതം സ്വപ്നം കണ്ട അമ്മയുടെ മനസിനെ ആ വാക്കുകൾ മരവിപ്പിച്ചെന്നും അറിഞ്ഞില്ല

“ദീപുവിന് വിഷമമുണ്ടാവുന്ന ഒന്നും എനിക്ക് വേണ്ടച്ഛാ .. എനിക്കിങ്ങനെയൊക്കെ ജീവിച്ചാൽ മതി ”

അമ്മയുടെ വാക്കുകളിലെ വേദന ഇന്ന് തനിക്ക് മനസിലാവും.

” ദീപു കുഞ്ഞല്ലേ മോളേ അവനെ നമുക്ക് മനസ്സിലാക്കാം ” എന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ “കുഞ്ഞാണെങ്കിലും അവനും ഒരു മനസുണ്ട് ഗോപേട്ടാ..

വലിയവരുടെ മനസിനേക്കാളും കുഞ്ഞുങ്ങൾടെ മനസാണ് നുറുങ്ങാതെ നോക്കേണ്ടത്.. ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലാന്ന് കരുതണം .

” എന്നും പറഞ്ഞ് ” ദീപൂട്ടന് ഇഷ്ടല്ലെങ്കിൽ ദീപൂട്ടൻ്റെ അമ്മയെ അങ്കിൾ കല്യാണം കഴിക്കണൊന്നൂല്യാട്ടോ ”

എന്ന് തൻ്റെ കവിളിലൊരു തട്ടും തന്ന് ആ മനുഷ്യൻ ഇറങ്ങി. അന്ന് പവിയങ്കിളിൻ്റെ ചിരിയിൽ വേദനയും നിരാശയും ഒക്കെ ആയിരുന്നിരിക്കണം.

അന്നിറങ്ങിയ പടി വീണ്ടും പവിയങ്കിൾ കയറി വന്നില്ല. പിന്നീടധിക കാലം മുത്തശ്ശൻ ജീവിച്ചിരുന്നില്ല. മകളുടെ ദുർവിധിയോർത്ത് നീറി മരിച്ച മുത്തശ്ശൻ തന്നെ ശപിച്ചിരിക്കുമോ? അറിയില്ല..

പിന്നീട് സ്വയം തീർത്ത ഒരു മതിൽക്കെട്ടിനകത്തായി തൻ്റെ ജീവിതം അവിവാഹിതനായി തന്നെ കഴിയുന്ന പവിയങ്കിളും ,

ഒറ്റയ്ക്ക് പട പൊരുതുന്ന അമ്മയും തനിക്കു വേണ്ടി ഒരു ജന്മം ഉഴിഞ്ഞുവെച്ചതാണ് എന്ന് തിരിച്ചറിവാകുന്ന പ്രായം എത്തിയപ്പോഴേയ്ക്കും ആ മതിൽക്കെട്ട് ഒരു പാട് ഉറച്ചു പോയിരുന്നു.

എല്ലാ കെട്ടുകളും പൊട്ടിച്ച് അമ്മയുടെ മടിയിലേക്ക് കുതിയ്ക്കാനൊരുങ്ങുന്ന നിമിഷം ” അമ്മയുടെ രണ്ടാം കെട്ട് ” എന്നൊരു പരിഹാസച്ചിരി മുഴങ്ങും . പിന്നെ വാശി നിറയും. ലോകത്തോട് മുഴുവനും വാശി…

പിന്നീടെപ്പഴോ ഒരു മഴച്ചാറലു പോലെ ഹിമ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. ഹിമയുടെ വരവോടെ അമ്മയും പുതുമഴ കിട്ടിയ തരിശു മണ്ണ് പോലെയായി. വീടുണർന്നു. അമ്മയുടെയും ഹിമയുടേയും കളിചിരികൾ വീടുണർത്തി.

ഒരിക്കൽ ഹിമ പറഞ്ഞു

” ദീപു ദുഷ്ടനാ അമ്മയോട് മിണ്ടിയാലെന്താ ദീപൂന്? ”

ഞാനൊന്നും പറഞ്ഞില്ല.. പറയാൻ ഒന്നുമില്ലായിരുന്നു..

മറ്റൊരിക്കൽ അമ്മ അവൾക്ക് ചോറ് വാരിക്കൊടുക്കുമ്പോഴാണ് കടന്നു ചെന്നത്. പെട്ടെന്ന് തിരിഞ്ഞു പോകാനൊരുങ്ങിയ തന്നെ ഹിമ പിടിച്ചു വെച്ചതും,

” ദീപൂനും കൊടുക്കമ്മേ ” ന്ന് പറഞ്ഞതും പെട്ടെന്നായിരുന്നു. നിലച്ചുപോയ ഒരു നിമിഷത്തിന് ശേഷം യാന്ത്രികമായി വായ തുറന്നതും അമ്മ ഒരു ചോറുരുള വായിലേക്ക് തന്നു.

അടുത്ത നിമിഷം എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് അമ്മയുടെ നെഞ്ചിലേക്ക് വീഴുമ്പോൾ ഞങ്ങൾക്കൊപ്പം ഹിമയുടെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു.

വർഷങ്ങളുടെ ഭാരം ഇറക്കി വച്ച ആ രാത്രിയിൽ ഹിമയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ചേർത്തു പിടിച്ചപ്പോൾ അവൾ കുറുമ്പോടെ കണ്ണുകൾ ചിമ്മി. ചിലപ്പോഴൊക്കെ മൗനത്തിൻ്റെ ഭംഗി വാക്കുകൾക്കില്ലല്ലോ!

പിന്നീടൊരു ദിവസം വീട്ടിൽ വന്നപ്പോൾ കണ്ടത് ഉമ്മറത്ത് ഹിമയോട് സംസാരിച്ചു നിൽക്കുന്ന പവിയങ്കിളിനെയാണ്. തന്നെ കണ്ടതും വിളറിയ ചിരിയോടെ അദ്ദേഹം തിരിഞ്ഞ് നടന്നു .

അദ്ദേഹത്തിന് താൻ മുഖം കൊടുക്കാറില്ലായിരുന്നു. അകത്തേയ്ക്ക് കയറിയപ്പോൾ ജനാലക്കർട്ടനിടയിലൂടെ അദ്ദേഹത്തെ നോക്കുന്ന അമ്മയെ കണ്ടു. അന്നാദ്യമായി കുറ്റബോധം കൊണ്ട് ഹൃദയം വിങ്ങുന്നത് താനറിഞ്ഞു.

“ദീപൂ… അമ്മയ്ക്ക് എന്തിഷ്ടാണെന്നോ പവിയങ്കിളിനെ… ദീപു എന്താ അതിന് സമ്മതിക്കാഞ്ഞേ? ”

ഹിമയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകും എന്ന് അറിയില്ലാരുന്നു. അഞ്ചാം ക്ലാസുകാരനേറ്റ അപമാനത്തിൻ്റെ കഥ അവളുടേയും കണ്ണു നിറച്ചു.

“വൈകിയിട്ടില്ല ദീപൂ.. ഇനിയും സമയണ്ട്.. അവർക്കിപ്പഴും ഇഷ്ടാ.. എനിക്കറിയാം.. ഞാൻ അത് അറിയുന്നുണ്ട് ദീപൂ.. ദീപു സമ്മതിക്കോ? അവര് ഒന്നിക്കട്ടെ.. അവര് ഒന്നിച്ചവടേം നമ്മള് ഇവടേം.. പ്ലീസ് ദീപൂ… ”

അവളെ ഞാൻ അതിശയത്തോടെ നോക്കി. ഞാൻ ചെയ്ത പാപത്തിൻ്റെ പരിഹാരമാണ്.. തെറ്റിനുള്ള പ്രായശ്ചിത്തമാണ്..

” അവര് സമ്മതിക്ക്യോ ഇനി ?”

” ദീപു സമ്മതിച്ചാ മതി.. ബാക്കി ഞാനേറ്റു ”

അവൾ ആവേശത്തോടെ പറഞ്ഞു.
ഞാൻ സമ്മതമറിയിച്ച് മൂളിയതും അവളെൻ്റെ നെറ്റിയിൽ ചുംബിച്ചു.

പിറ്റേന്ന് ഹിമയുടെ കണ്ണീരു നനഞ്ഞാണ് ഉണർന്നത്.

” വൈകിപ്പോയി ദീപൂ.. പവിയങ്കിൾ നമ്മളെയൊക്കെ തോല്പിച്ച് പോയി ”

ചിലമ്പിച്ച സ്വരത്തിൽ അവൾ പറഞ്ഞത് കേട്ട് പകച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. യാന്ത്രികമായി അവിടെയെത്തിയപ്പോൾ കണ്ടു, വെള്ള പുതച്ച് ഉറങ്ങുന്ന അങ്കിളിനരികിൽ അമ്മയെ! അങ്കിളിൻ്റെ മുഖത്ത് ഒരു നേർത്ത ചിരിയുണ്ടെന്ന് തോന്നി.

ആ കാൽക്കൽ വീണ് പൊട്ടിക്കരയാൻ മനസ് വെമ്പി. തിരികെ വീട്ടിലെത്തി ഒറ്റയ്ക്കിരുന്നപ്പോളും നെഞ്ചാകെ നീറുന്നുണ്ടായിരുന്നു. ആ സ്നേഹം വൈകിയെങ്കിലും കൈ നീട്ടി വാങ്ങാൻ,

ഇനിയുള്ള കാലം ഒന്നിച്ചു കഴിയുന്ന അവരെ കാണാൻ, ഏറ്റവും കൂടുതലായി അമ്മയെ ചേർത്തു നിർത്തുമ്പോൾ ആ മുഖത്ത് വിരിയുന്ന നറുപുഞ്ചിരി കാണാൻ ഉള്ളം വെമ്പിയിരുന്നു. ഏറെ നേരം ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഹിമ വിളിച്ചപ്പോഴാണ് തിരികെ ചെന്നത്.

ഒടുക്കം, ജീവിതം നൽകാൻ കൊതിച്ച കൈകൾ കൊണ്ട് ശേഷക്രിയയും ചെയ്യേണ്ടി വന്നു. ആരുടെ ഭാഗ്യദോഷമാണെന്ന് അറിയില്ല! ചിലപ്പോഴൊക്കെ വിധി അങ്ങനെയായിരിക്കും.

രാത്രിയിൽ പെട്ടെന്ന് അമ്മയെ കാണാൻ തോന്നിയപ്പോഴാണ് അവിടേക്ക് വീണ്ടും ചെന്നത്. ഹിമ ഉറങ്ങിയിരുന്നു. അമ്മ അങ്കിളിനെ ദഹിപ്പിച്ചിടത്തേക്ക് കണ്ണും നട്ട് ശാന്തമായിരിക്കയാണ്.. മെല്ലെ ആ മടിയിൽ കിടന്നു.

നിശ്ശബ്ദത…

” അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ?”

“ഇല്ല മോനേ.. എപ്പോഴൊക്കെയോ അമ്മയും ഒരു ജീവിതം ആഗ്രഹിച്ചിരുന്നു എന്നത് നേരാണ്.. അദ്ദേഹം ഇവിടെ ഒറ്റയ്ക്ക് കഴിയുന്നത് കാണുമ്പോൾ വിഷമവും വേദനയും ഉണ്ടായിരുന്നു.. ഒരിക്കലും അമ്മ നിന്നെ വെറുത്തിട്ടില്ല. അമ്മയ്ക്കതിന് കഴിയില്ല.”

” ഒത്തിരി ഇഷ്ടായിരുന്നല്ലേ! അമ്മയെ മനസിലാക്കാൻ കഴിഞ്ഞില്ല … ”

“അദ്ദേഹത്തിനെയാണ് നിനക്ക് മനസിലാവാതെ പോയത് ദീപൂ.. നിൻ്റെ അച്ഛനാവാൻ വേണ്ടിയാണ്.. നിന്നെ കിട്ടാനാണ് അദ്ദേഹം വിവാഹത്തിന് ഒരുങ്ങിയത്..

അച്ഛനില്ലാത്തതിൻ്റെ പേരിൽ അദ്ദേഹത്തിന് നഷ്ടമായിപ്പോയതൊന്നും നിനക്ക് നഷ്ടപ്പെടാതിരിക്കാൻ നിന്നോടായിരുന്നു ആ ഉള്ളു നിറയെ സ്നേഹം ”

ആ നിമിഷം… ആയിരം തിരമാലകൾ ഒന്നിച്ച് ആഞ്ഞടിച്ച പോലെയാണ് തോന്നിയത്. അദ്ദേഹത്തിൻ്റെ മുഖം! ചിരി! ദീപൂട്ടാ എന്ന വിളി… അമ്മയുടെ മടിയിൽ മുഖം പൂഴ്ത്തി എത്ര നേരം കരഞ്ഞുവെന്നറിയില്ല. ഒടുവിൽ, മനസ് ശാന്തമായപ്പോൾ അമ്മയോട് ചോദിച്ചു

“പവിയങ്കിൾ എന്നോട് ക്ഷമിക്കില്ലേ? ”

” അദേഹത്തിന് നിന്നോട് വിരോധം ഉണ്ടെങ്കിലല്ലേ ക്ഷമിക്കണ്ടൂ… ആ ഉള്ള് നിറയെ സ്നേഹമാണ്.. അതോണ്ടല്ലേ ഇന്ന് ഒരു മകൻ്റെ സ്ഥാനത്ത് നിന്ന് കർമങ്ങൾ ചെയ്യാൻ നീ തന്നെ യിടയായത്..

അതാണ് ആ മനസ്.. അത് നിറച്ചും സ്നേഹമാണ്.. അളക്കാനാവാത്ത സ്നേഹം.. ഒരു നിധി പോലെ… ”

അമ്മ പുഞ്ചിരിച്ചു. നേർത്ത പുഞ്ചിരി… അറിയാതെ കണ്ണുകൾ പുറത്തേയ്ക്ക് നീണ്ടു.. അതെ, ആ മനസ് നിറയെ സ്നേഹമാണ്… അളക്കാനാവാത്തവണ്ണം… നിധി പോലെ ഞാനറിയാതെ പോയ നിധി…

Leave a Reply

Your email address will not be published. Required fields are marked *