ഏട്ടന്റെ കൈ പിടിച്ചു കൊണ്ട് വൈകല്യമുള്ള തന്റെ വലതു കാൽവെച്ചവരകത്തേക്കു കയറിയപ്പോൾ ദേഷ്യത്തോടെ നോക്കിയതും, അപശകുനമെന്ന് പറയിക്കാനായവരുടെ  കയ്യിലിരുന്ന

ഏട്ടത്തി
(രചന: അച്ചു വിപിൻ)

കാലിനു വൈകല്യമുള്ള പെണ്ണിനെ കല്യാണം കഴിക്കാനുള്ള ഏട്ടന്റെ തീരുമാനത്തെ ആദ്യം എതിർത്തത് ഞാനായിരുന്നു…..

എന്റെ എതിർപ്പിനെയവഗണിച്ചു
കൊണ്ടവരുടെ കഴുത്തിൽ താലി കെട്ടിയ ഏട്ടനു നേരെ സഹതാപത്തോടെ നോക്കിയവൾ ഞാനായിരുന്നു…

ഏട്ടന്റെ കൈ പിടിച്ചു കൊണ്ട് വൈകല്യമുള്ള തന്റെ വലതു കാൽവെച്ചവരകത്തേക്കു കയറിയപ്പോൾ ദേഷ്യത്തോടെ നോക്കിയതും,

അപശകുനമെന്ന് പറയിക്കാനായവരുടെ കയ്യിലിരുന്ന കത്തുന്ന വിളക്കിലെ തിരി ആരും കാണാതെ ഊതിക്കെടുത്തിയതുo ഞാനായിരുന്നു..

ഒരു കാലിനു സ്വാധീനം കുറവുള്ളയവരെ വെറുപ്പോടെ കണ്ടതും പരിഹസിച്ചതും ഞാനായിരുന്നു… എന്നേക്കാൾ സുന്ദരിയായവരെ കാണുമ്പോൾ അസൂയ തോന്നിയവൾ ഞാനായിരുന്നു……

അമ്മയുമച്ഛനും അവരെ മരുമകളായി അംഗീകരിച്ചിട്ടും ഏട്ടത്തിയായി സ്വീകരിക്കാൻ മനസ്സനുവദിക്കാത്തവൾ ഞാനായിരുന്നു…..

സുന്ദരനായ ഏട്ടന്റെ വൈകല്യമുള്ള ഭാര്യയെ നാലാളിന് മുന്നിൽ പരിചയപ്പെടുത്താൻ നാണക്കേടു തോന്നിയവൾ ഞാനായിരുന്നു…

അവരുണ്ടാക്കുന്ന കറികളിൽ ആരും കാണാതെ ഉപ്പും,മുളകും വാരിയിട്ടവരെ ഉപദ്രവിക്കുന്നതു ഞാനായിരുന്നു….

അവരെ കൊണ്ടെന്റെ അടിവസ്ത്രം വരെയലക്കിപ്പിച്ചു സന്തോഷം കണ്ടെത്തിയവൾ ഞാനായിരുന്നു..

സ്വന്തം വീട്ടിലേക്കു പോകാൻ ആഗ്രഹം പറയുന്നയവരെ ഓരോന്ന് പറഞ്ഞു വിടാതെയിരിക്കുന്നതിൽ ആനന്ദം കണ്ടെത്തിയവൾ ഞാനായിരുന്നു…

മോളെ എന്നു വിളിച്ചു എന്റടുത്തേക്ക് സ്നേഹത്തോടെ വന്നയവരെ മനപ്പൂർവം ഒഴിവാക്കിയവൾ ഞാനായിരുന്നു…..

ഏട്ടനവരെ സ്നേഹിക്കുന്നതും ഓരോന്ന് മേടിച്ചു കൊടുക്കുന്നതുo കണ്ടപ്പോൾ മാറിനിന്നസൂയപ്പെട്ടവൾ ഞാനായിരുന്നു…

ഏട്ടൻ മേടിച്ചു കൊടുത്ത വസ്ത്രങ്ങൾ സ്നേഹത്തോടെ എന്റെനേരെയവർ നീട്ടിയപ്പോൾ അത്ഭുതപ്പെട്ടതു ഞാനായിരുന്നു….

ബസിൽ വെച്ചെന്നോട് അപമര്യാദയായി പെരുമാറിയ ഒരുത്തന്റെ കരണത്തവരടിച്ചപ്പോൾ ഞെട്ടിയത് ഞാനായിരുന്നു…..

മോളൊരു മാമിയാകാൻ പോകുന്നുവെന്നെന്റെ കാതിൽ വന്നവർ നാണത്തോടെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടാ വയറ്റിലൊരുമ്മ കൊടുത്തവൾ ഞാനായിരുന്നു…..

ഭക്ഷണം കഴിച്ചതിനു ശേഷം വയറ്റിൽ പിടിക്കാതെയവർ ശർദിക്കുമ്പോൾ ഓടിച്ചെന്നവരുടെ പുറം തിരുമ്മികൊടുത്തവൾ ഞാനായിരുന്നു…..

പുളിയുള്ളതെന്തെങ്കിലും തിന്നാനായവരുടെ ഉള്ളo കൊതിച്ചപ്പോൾ തെക്കേ പറമ്പിലെ മാവിന്റെ മുകളിൽ വലിഞ്ഞു കയറിയവൾ ഞാനായിരുന്നു….

പ്രസവവേദനയെടുത്തയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അവരെക്കാൾ ഉറക്കെ കരഞ്ഞതു ഞാനായിരുന്നു.. തല നിറയെ മുടിയുള്ള ചുന്ദരൻവാവയെ നേഴ്സ് പുറത്തേക്കു കൊണ്ടുവന്നപ്പോൾ അവനെ കയ്യിലെടുക്കാൻ കൊതിയോടെ ആദ്യമോടിയവൾ ഞാനായിരുന്നു….

എനിക്കൊരു നല്ല കല്യാണം വന്നപ്പോൾ ഇത് മോളിട്ടോളു എനിക്കെന്തിനാ സ്വർണമെന്നു പറഞ്ഞു കയ്യിലിരുന്ന ആഭരണങ്ങൾ മുഴുവൻ സ്നേഹത്തോടെ എന്റെ നേരെ വെച്ച് നീട്ടിയവരുടെ നേരെ പകച്ചു നോക്കിയവൾ ഞാനായിരുന്നു…

വിവാഹ ദിവസം രാവിലെ അനുഗ്രഹം മേടിക്കാനായി വൈകല്യമുള്ളയവരുടെ വലതു കാലിൽ പിടിക്കുമ്പോൾ അതിനേക്കാൾ വൈകല്യമുള്ളയെന്റെ മനസ്സിൽ ഒരായിരം “മാപ്പ്”പറഞ്ഞതു ഞാനായിരുന്നു…..

അവർ ദാനമായി തന്ന ആഭരണങ്ങൾ അവരുടെ കൈകളിൽ തന്നെ തിരികെയേൽപ്പിച്ചു ഭർതൃഗൃഹത്തിലേക്കു യാത്രയായപ്പോൾ അവരെയോർത്തു കണ്ണീർ പൊഴിച്ചവൾ ഞാനായിരുന്നു…..

ഒടുക്കം അവരുടെ അളവറ്റ സ്നേഹത്തിനു മുന്നിൽ തോറ്റത് ഞാനായിരുന്നെങ്കിലും എന്റെ മനസ്സിൽ “ഏട്ടത്തി” എന്ന സ്ഥാനം നേടിയെടുത്തു ജയിച്ചതവരായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *