സഹതാപം തീരുന്നിടത്തുനിന്ന് ഞാൻ തനിക്കൊരു ഭാരമായി തോന്നും അന്ന് എനിക്ക് അത് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല ദയവുചെയ്ത് എന്നെ വെറുതെ വിടൂ””””

(രചന: J. K)

“” അമ്മേ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ വിവാഹം മതി ഞാൻ ഉറപ്പിച്ചു കഴിഞ്ഞു ഇനി അതിൽ മാറ്റമില്ല… “”

ആകെ കൂടിയുള്ള മകനാണ് അവന്റെ പിടിവാശിയ്ക്ക് മുന്നിൽ പലതും താൻ വിട്ടുകൊടുത്തിട്ടുണ്ട്

പക്ഷേ ഇപ്പോൾ പറയുന്നത് തന്റെ യുക്തിക്കും അപ്പുറത്തുള്ള കാര്യമാണ് അതുകൊണ്ടാണ് അവർ അവനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് പക്ഷേ അവൻ അംബിനും വില്ലിനും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അവർക്ക് സങ്കടമായി…

പല രീതിക്ക് അവനോട് പറഞ്ഞു നോക്കിയതാണ് രണ്ടുദിവസം പട്ടിണി വരെ കിടന്നു നോക്കി എന്നിട്ടും അവൻ പിടിച്ച വാശിയിലാണ്…

എന്തും അവനെ കൊണ്ട് സാധിച്ചു എടുത്തിരുന്നത് അങ്ങനെയാണ് മിണ്ടാതെ അവനോട് പിണങ്ങി ഒന്നും കഴിക്കാതെ ഇരുന്നാൽ എന്തും അവൻ തനിക്ക് സമ്മതിച്ചു തരാറാണ് പതിവ്. പക്ഷേ ഇത്…

ചിന്താഭാരത്തോടെ സുഭദ്ര മുറിയിലേക്ക് പോയി. അവിടെ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന രാമചന്ദ്രന്റെ ഫോട്ടോയിലേക്ക് നോക്കി കണ്ണീർ വാർത്തു നമ്മുടെ മകന്റെ കാര്യങ്ങൾ കണ്ടില്ലേ എന്ന് മൗനമായി ചോദിച്ചു ആ മുഖം അപ്പോൾ ആശ്വസിപ്പിക്കുന്നത് പോലെ തോന്നി അവർക്ക്…

മുറിയിൽ അപ്പോഴും അവളെ കുറിച്ച് ചിന്തിച്ച് കിടക്കുകയായിരുന്നു വിഷ്ണു…

പ്രശസ്തമായ ചാനലിന്റെ ക്രിയേറ്റീവ് ഹെഡ് ആയിട്ട് ജോലി തുടങ്ങിയിട്ട് അധികകാലം ഒന്നുമായില്ല പുതുതായി തുടങ്ങിയ മാപ്പിളപ്പാട്ടിന്റെ സെക്ഷനിലേക്ക് തനിക്ക് ചാർജ് ഇട്ടപ്പോൾ കരുതിയില്ല അത് തന്റെ ജീവിതം കൂടി മാറ്റിമറിക്കാൻ ആകും എന്ന്….

കണ്ടസ്റ്റന്റിന് പുറമേ ഓരോ ദിവസവും ഓരോ ഗസ്റ്റിനെ കൊണ്ടുവന്ന് പാട്ട് പാടിക്കുന്ന പതിവുണ്ടായിരുന്നു ആ പ്രോഗ്രാമിന് ഓരോ ദിവസവും ഓരോരുത്തരെ ഇൻവൈറ്റ് ചെയ്യും. അന്ന് അവൾ ആയിരുന്നു…

”കൃതിക””

അമ്മയുടെ സഹായത്തോടെ വീൽചെയറും ഉന്തി വന്ന അവളോട് ആദ്യം തോന്നിയ വികാരം സഹതാപമായിരുന്നു…

“” ദേ നോക്കിയേടാ ഒരു സുന്ദരി കൊച്ച് പക്ഷേ വല്ലാത്ത കഷ്ടം അല്ലേ”””

കൂടെ ജോലി ചെയ്യുന്നവർ അങ്ങനെ പറഞ്ഞപ്പോഴാണ് എന്തോ ധൃതി പിടിച്ച് പണി ചെയ്യുന്നതിനിടയിൽ തിരിഞ്ഞു നോക്കിയത് അപ്പോൾ കണ്ടു പട്ടുപാവാട ഒക്കെ ഇട്ട് ഒരു സുന്ദരി പെണ്ണിനെ അവൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തോന്നി…

നീല കണ്ണുകളിൽ തിങ്ങിനിൽക്കുന്ന പീലികൾ.. അവിടെനിന്നും എന്റെ മിഴികൾ നീണ്ട അവളുടെ മൂക്കിലും ചുവന്നു തുടുത്ത ചുണ്ടുകളിലും ചെന്ന് നിന്നു…

ഗോതമ്പിന്റെ നിറമായിരുന്നു അവൾക്ക് ചുരുണ്ട മുടി കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്നുണ്ട് അത് അവൾ ഒരു കൈകൊണ്ട് മാടി ഒതുക്കുന്നുണ്ട്..

അന്ന് അവൾ പാടിയത് ഒരു ഗസൽ സോങ് ആയിരുന്നു. അതെന്തോ ഉള്ളിലേക്ക് തറച്ചുകയറും പോലെ അവളുടെ ഗാനത്തിൽ ലയിച്ച് ഞാൻ അങ്ങനെ നിന്നു. അവിടെ നിന്ന് പോന്നിട്ടും ഉള്ളിൽനിന്ന് അവൾ മാഞ്ഞിട്ടുണ്ടായിരുന്നില്ല..

എന്റെ ഉള്ളിലെ സഹതാപം ഒക്കെ എവിടെയോ പോയി മറഞ്ഞു മറ്റെന്തോ ഒരു വികാരം അവളോട് ഉടലെടുക്കുന്നത് ഞാനറിഞ്ഞു… അവളുടെ അഡ്രസ് ഓഫീസിൽ നിന്ന് തപ്പിപ്പിടിച്ച് അവളുടെ പുറകെ ഞാൻ ചെന്നു…

ആ കുട്ടി എന്നെ കണ്ടിട്ട് പോലുമില്ല പിന്നെ അങ്ങനെ ഒരാളുടെ പുറകെ വെറുതെ പോകേണ്ട എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ എന്റെ മനസ്സ് അപ്പോഴേക്കും എന്റെ കൈവിട്ടു പോയിരുന്നു…

അമ്മയോടൊപ്പം ഒരു ഫ്ലാറ്റിൽ ആയിരുന്നു അവൾ.. അവിടെ ചെന്ന് സ്വയം പരിചയപ്പെടുത്തി കയ്യിൽ കൊണ്ടുവന്ന റോസാപ്പൂക്കൾ നിറഞ്ഞ ബൊക്കെ അവൾക്കായി സമ്മാനിച്ചു അവളുടെ പാട്ട് നന്നായി അതിനുള്ള സമ്മാനമാണ് എന്ന് പറഞ്ഞു ആ മുഖം തെളിയുന്നതും ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിയുന്നതും കണ്ടു…

അവൾ അവിടെ അടുത്തുള്ള മ്യൂസിക്ക് അക്കാദമിയിൽ ടീച്ചറാണ് എന്നറിഞ്ഞു… അവരാരൊക്കെയോ ചേർന്നു തുടങ്ങിയ ഒരു ചെറിയ സംരംഭം…

ഓരോ കാരണങ്ങൾ ഉണ്ടാക്കി മ്യൂസിക് അക്കാദമിയിൽ ഞാൻ കയറിയിറങ്ങി ക്രമേണ ഞങ്ങളുടെ സൗഹൃദം വളർന്നു ഒരിക്കൽ അവളോട് ഞാൻ എന്റെ പ്രണയം പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് പോവുകയാണ് ഉണ്ടായത്. എനിക്ക് എന്തോ വല്ലാത്ത ശ്വാസംമുട്ടൽ ആയിരുന്നു അവൾ ഒന്നും മിണ്ടാതെ പോയത്….

പിന്നെ ഞാൻ അവളെ കാണാൻ ശ്രമിച്ചപ്പോൾ അവൾ എന്നോട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല…

എനിക്കത് വളരെ ഷോക്കായി അവളുടെ അമ്മ ഒരു ബാങ്ക് എംപ്ലോയി ആയിരുന്നു അവർ ജോലിക്ക് പോയതിനുശേഷം ഞാൻ മനപൂർവം അവളുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു..

എന്നെ അവോയ്ഡ് ചെയ്യുന്നതിന്റെ കാരണം തിരക്കി..

“” വിഷ്ണു എന്നോടുള്ള സഹതാപം കൊണ്ട് മാത്രമാണ് ഇപ്പോൾ താൻ എന്റെ പുറകെ ഇങ്ങനെ നടക്കുന്നത് സഹതാപം തീരുന്നിടത്തുനിന്ന് ഞാൻ തനിക്കൊരു ഭാരമായി തോന്നും അന്ന് എനിക്ക് അത് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല ദയവുചെയ്ത് എന്നെ വെറുതെ വിടൂ””””

“”” നിനക്ക് എന്നോട് ഇഷ്ടമുണ്ടോ കൃതിക അത് മാത്രം എനിക്കറിഞ്ഞാൽ മതി “”

എന്നു പറഞ്ഞപ്പോൾ അവൾ മൗനംപാലിച്ചു എനിക്കറിയാമായിരുന്നു അവളുടെ ഉള്ളിലും എന്നോട് ഇഷ്ടമുണ്ട് എന്ന് പക്ഷേ.. അവളുടെ പോരായ്മ അവളുടെ മനസ്സിനെ എന്നെ അംഗീകരിക്കുന്നതിൽ നിന്ന് അവളെ പിടിച്ച് പുറകിലോട്ട് വലിക്കുകയാണ്…

“”” ഒരു സഹതാപത്തിന്റെ പുറത്തല്ല പെണ്ണേ ഞാൻ നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത്… അതിന് ഒരുപാട് കാലത്തെ പഴക്കമുണ്ട് അന്ന് ആദ്യമായി കണ്ടത് മുതൽ കേറി പറ്റിയതാ നീ എന്റെ മനസ്സിൽ എനിക്ക് മറക്കാൻ വയ്യ…

അന്ന് നിന്നെ കണ്ടതിൽ പിന്നെ നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല മ്യൂസിക് അക്കാദമിയിൽ വന്നതുപോലും നീ എന്നെ അത്രമേൽ സ്വാധീനിച്ചത് കൊണ്ടാണ്…”””

അവൾക്ക് എന്തു പറയണം എന്നറിയില്ലായിരുന്നു ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് കാഠിന്യം കുറഞ്ഞു മെല്ലെ മെല്ലെ അവൾ എന്നോട് അടുക്കാൻ തുടങ്ങി ഒരിക്കലും പിരിയാൻ ആവാത്ത വിധം ഞങ്ങൾ തമ്മിൽ അടുത്തു..

ഇനിയൊരു വിവാഹം കഴിച്ചു അവളെ കൂടെ ചേർക്കണം എന്നുകൂടി എനിക്ക് മോഹം ഉണ്ടായിരുന്നു അങ്ങനെയാണ് അമ്മയോട് ചെന്ന് പറഞ്ഞത് ഏത് പെൺകുട്ടിയായാലും അമ്മയ്ക്ക് സമ്മതമാണ് എന്ന് പറഞ്ഞു പക്ഷേ അവളുടെ കുറവുകൾ അറിഞ്ഞപ്പോൾ അമ്മ ആകെ ആളുമാറി..

പക്ഷേ അവൾക്ക് മോഹം കൊടുത്ത്, ഒരുപാട് സ്നേഹിച്ചു.. ഇനി അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല അമ്മയോട് അതുകൊണ്ടുതന്നെയാണ് ഏതൊരു രീതിയിലും ഞാൻ സഹകരിക്കാതിരുന്നത്..

ഒടുവിൽ ഞാൻ അമ്മയോട് ചോദിച്ചു ഈ ഞാൻ അതുപോലൊരു കുഞ്ഞായിരുന്നെങ്കിൽ ഒരു നല്ല ആലോചന വന്നാൽ അമ്മ വേണ്ട എന്ന് പറയുമായിരുന്നോ…
അല്ലെങ്കിൽ അങ്ങനെയുള്ളവർക്കൊന്നും ജീവിതം വേണ്ട എന്നാണോ….

അമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല പക്ഷേ പിറ്റേദിവസം അമ്മ പറഞ്ഞിരുന്നു അമ്മ വരാം അവളെ കാണാൻ എന്ന്…

അമ്മയെയും കൂട്ടി അങ്ങോട്ട് തിരിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു ആ മനസ്സിൽ എന്താണെന്ന്..

അനുകൂലമായ ഒരു മറുപടിയും ആ ഭാഗത്ത് നിന്ന് കിട്ടിയില്ല ഒരുപക്ഷേ അങ്ങോട്ട് പോകണം എന്ന് പറഞ്ഞ് ശാഠ്യം പിടിച്ച് എന്റെ കൂടെ ഇപ്പോൾ വന്നത് ചിലപ്പോൾ അവളെ പറഞ്ഞു മനസ്സിലാക്കാൻ ആകും ഞങ്ങളെ തമ്മിൽ പിരിക്കാൻ ആകും..

ഇതൊക്കെ തന്നെയായാലും അവളെ ഞാൻ ചേർത്തുപിടിക്കും ഞാൻ ഉറപ്പിച്ചിരുന്നു..

അവിടെ ചെന്നതും അവളെ കണ്ടപ്പോൾ അമ്മ അവളുടെ അരികിൽ എത്തി..

“”‘ മോന്റെ കാര്യത്തിൽ ഏതൊരു അമ്മയ്ക്കും ഉള്ളതുപോലെ എല്ലാ ടെൻഷനും നിങ്ങൾക്കും ഉണ്ടാവും എന്ന് എനിക്കറിയാം…

പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ ഈ വിവാഹത്തിന് നിൽക്കാവോ കാരണം എന്റെ മോള് സങ്കടപ്പെടുന്നത് എനിക്ക് കാണാൻ വയ്യ ”
എന്ന് അപ്പോഴേക്കും അവളുടെ അമ്മ പറഞ്ഞിരുന്നു അത് കേട്ട് ചിരിയോടെ അമ്മ പറഞ്ഞു,

“” നുണ പറയുന്നില്ല എനിക്ക് അങ്ങനെ ഒരു ആശങ്കയുണ്ടായിരുന്നു പക്ഷേ ഇവൻ എന്നെ തോൽപ്പിച്ചു കളഞ്ഞു ഇവന്റെ മനസ്സിൽ അവൾ എത്രത്തോളം കയറിപ്പറ്റിയിട്ടുണ്ട് എന്ന് എനിക്ക് കുറച്ച് ദിവസങ്ങൾ കൊണ്ട് മനസ്സിലായി..
ഇനിയാ മനസ്സിൽ മറ്റൊരു പെണ്ണിന് സ്ഥാനമില്ല എന്നും..

“” അതെ തയ്യാറായി ഇരുന്നോളൂ എന്റെ മോന്റെ പെണ്ണായി എന്റെ മോളായി അങ്ങോട്ട് വരാൻ… “”

അത്രയും അമ്മ പറഞ്ഞപ്പോൾ കണ്ണ് നിറച്ചൊരു പുഞ്ചിരി അവൾ തിരികെ നൽകിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *