(രചന: അംബിക ശിവശങ്കരൻ)
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള വഴികളിൽ എവിടെയെങ്കിലും അയാൾ കുറച്ചു സമയം ചെലവഴിക്കാറുണ്ട്
ഒന്നുകിൽ അമ്പലത്തോട് ചേർന്നുള്ള ആ ആൽമരത്തണലിൽ….അല്ലെങ്കിൽ സായാഹ്നം ആസ്വദിക്കാൻ കടൽത്തീരത്തെത്തിയ ധാരാളം ആളുകളിൽ ഒരാളായി….. അതും അല്ലെങ്കിൽ പഴയകാല സൗഹൃദങ്ങൾ ഒരുമിച്ച് കൂടിയിരുന്നു സൊറ പറയുന്ന ചെറിയ ചെറിയ ചായക്കടകളിൽ….
അങ്ങനെ തനിക്കേറെ സന്തോഷം തരുന്ന ഒരു സ്ഥലത്തെങ്കിലും തന്റെ സാന്നിധ്യം അറിയിക്കാതെ അയാളുടെ സായാഹ്നം കടന്നു പോകാറില്ല. ഓഫീസില്ലാത്ത ദിവസങ്ങൾ ആണെങ്കിൽ കൂടിയും ആ നിമിഷങ്ങൾ അയാൾ ഒരിക്കലും മുടക്കാറുണ്ടായിരുന്നില്ല.
അല്പനേരം അങ്ങനെ ഇരുന്നു ചുറ്റുപാടും വീക്ഷിക്കുമ്പോൾ കണ്ണിലുടയ്ക്കി നിൽക്കുന്ന ഒരു സൗഹൃദമെങ്കിലും കാണാതിരിക്കില്ല.സത്യത്തിൽ ആ ഒരു കാഴ്ചയ്ക്ക് വേണ്ടിയാണ് അയാൾ തന്റെ ജീവിതത്തിലെ കുറച്ചു സമയം നീക്കി വയ്ക്കാറുള്ളതും.
പരസ്പരം തോളിൽ കയ്യിട്ടു നടക്കുന്ന, തമാശകൾ പറഞ്ഞു പരസ്പരം കളിയാക്കുന്ന,നിമിഷനേരത്തെ ആയുസ്സ് പോലുമില്ലാത്ത അടിപിടികൾ കൂടുന്ന, പരസ്പരം നാട്ടുവർത്തമാനങ്ങൾ പങ്കുവയ്ക്കുന്ന, ഒട്ടേറെ സൗഹൃദങ്ങൾ… അവരിലൊക്കെ വിശ്വൻ തിരയാറ് തന്നെ തന്നെയാണ്. എന്നോ തനിക്ക് നഷ്ടമായ പ്രിയ സൗഹൃദങ്ങളെയാണ്. ഇത്തരം കാഴ്ചകളിലൂടെ അയാൾ വീണ്ടെടുക്കാറുള്ളത് അയാളുടെ ഓർമ്മകളാണ്. ഒരിക്കൽ കൂടി അവരെല്ലാം ഒരുമിച്ച് പഴയപോലെ സന്തോഷത്തോടെ ഇരിക്കാൻ അയാൾ എപ്പോഴും കൊതിക്കാറുണ്ട്. പക്ഷേ അങ്ങനെ ആശിക്കുമ്പോഴും അതെല്ലാം വെറും ആഗ്രഹങ്ങൾ ആയി ചുരുങ്ങുമെന്ന് അയാൾക്ക് അറിയാമായിരുന്നു.
എന്നത്തേയും പോലെ ഓരോ സൗഹൃദങ്ങളിലൂടെയും കണ്ണോടിച്ചു കൊണ്ടിരുന്നപ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ റിങ്ങ് ചെയ്തത്.
അതെടുത്ത് ആൻസർ ബട്ടൺ പ്രസ് ചെയ്തു അയാൾ ചെവിയിലേക്ക് വെച്ചു.
“ഹലോ വിശ്വേട്ടാ….എത്താറായോ? കൃഷ്ണേട്ടന്റെ കടയിൽ നിന്ന് ഒരു പാക്കറ്റ് പാലു കൂടി വാങ്ങിയിട്ട് വരണേ..പാലില്ലാത്ത കാര്യം ഞാൻ ഇപ്പോഴാ ഓർത്തെ.”
“കുഴപ്പമില്ല രമേ… ഞാൻ വാങ്ങിയിട്ട് വരാം വേറൊന്നും വാങ്ങണ്ടല്ലോ?”
“വേണ്ട വിശ്വേട്ടാ വേറെ ഒന്നും വേണ്ട.”
“ശരി.”
അയാൾ ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
“ഭാര്യ രമയാണ്. പലതും നഷ്ടപ്പെടുത്തി താൻ നേടിയെടുത്ത പദവി തന്നതാണ് രമയെ പോലെ നല്ല കുടുംബത്തിൽ നിന്നൊരു പെണ്ണിനെ…പക്ഷേ അവൾ ഒരു പാവമാണ്. എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയും മാത്രം പെരുമാറുന്നവൾ…പണത്തേക്കാൾ മനുഷ്യബന്ധത്തിന് വില കൽപ്പിക്കുന്നവൾ.. അത് കൽപ്പിക്കാതിരുന്നത് താൻ മാത്രമായിരുന്നല്ലോ… അതുകൊണ്ടാണ് അവൾ തനിക്കും മക്കൾക്കും മാത്രമല്ല പഠിപ്പിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഏറെ പ്രിയപ്പെട്ട രമ ടീച്ചർ ആയി മാറിയതും”
ഓരോന്ന് ചിന്തിച്ച് വെറുതെ ഫോണെടുത്തു നോക്കിയപ്പോഴാണ് എന്നത്തേക്കാളും സമയം വൈകിയാണ് സത്യം മനസ്സിലായത് വേഗം അവിടെ നിന്ന് എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു പോകുന്ന വഴിയിൽ കൃഷ്ണനെട്ടന്റെ കടയിൽ കയറി പാൽ വാങ്ങാനും അയാൾ മറന്നില്ല.
“വിശ്വേട്ടാ അടുത്തയാഴ്ച എന്താ വിശേഷം എന്ന് അറിയുമോ?”
ചായകുടിച്ച് ഫ്രഷായി മുറിയിൽ വന്ന് മൊബൈൽ എടുത്ത നേരമാണ് രമ അങ്ങോട്ട് വന്നത്.
“പിന്നെ ഓർമ്മയില്ലാതെ… രമ ടീച്ചർ എന്റെ ജീവിതസഖി ആയിട്ട് പതിനഞ്ചു വർഷം തികയുകയല്ലേ?”
“അപ്പോൾ ഓർമ്മയുണ്ടല്ലോ… ഞാൻ കരുതി വിശ്വേട്ടൻ മറന്നു കാണും എന്ന്.”
“അതെങ്ങനെയാണ് മറക്കുന്നത്?ഈ മുരടന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു സൗഭാഗ്യം ആയിരുന്നില്ലേ താൻ… അപ്പൊ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലല്ലോ…”
“ഓഹ് മതി വിശ്വേട്ടാ… ഒരുപാട് അങ്ങ് സുഖിപ്പിച്ചാൽ ഞാൻ ചിലപ്പോൾ മേൽക്കൂരയും പൊളിച്ച് ആകാശത്തോട്ടു പോകും. പിള്ളേര് പറയുന്നത് ഇത് നമുക്ക് ആഘോഷിക്കണമെന്ന.വലിയ ത്രില്ലിലാ കണ്ണനും ചിന്നുവും. ഞാൻ വിശ്വേട്ടനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു.”
“അതിപ്പോ എന്താ ഇത്ര ചോദിക്കാൻ? പിള്ളേരുടെ ഇഷ്ടംപോലെ നടക്കട്ടെ… അല്ലേലും ഇതുപോലുള്ള നിമിഷങ്ങളിലെ ഓർമ്മകളെ ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ ബാക്കി കാണുള്ളൂ…”
“ആരെയൊക്കെയ വിളിക്കേണ്ടതെന്ന് ഒരു ലിസ്റ്റ് തയ്യാറാക്കണം ഇപ്പോഴേ… നാളെ തന്നെ വിളിച്ചു പറഞ്ഞു തുടങ്ങണം തലേദിവസം വിളിച്ചു പറയുന്നത് മോശമല്ലേ.”
അവർക്ക് ആകാംക്ഷ കൂടി.
“ഹ്മ്മ് ആരെയും വിട്ടു പോകേണ്ട മക്കളുടെ സുഹൃത്തുക്കളെയൊക്കെ വിളിക്കാൻ പറയണം. ആരെയും മാറ്റി നിർത്തരുത്. താനും വേണ്ടപ്പെട്ട എല്ലാവരെയും ക്ഷണിക്ക്”
“ഉം…”
അവർ തലയാട്ടി.
“ഇതുവരെ ഉത്തരം തന്നിട്ടില്ലാത്ത ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ വിശ്വേട്ടാ..”
അയാൾ എന്താണെന്നുള്ള ഭാവത്തിൽ അവരെ നോക്കി.
“വിശ്വേട്ടന് എന്താ സുഹൃത്തുക്കളില്ലാത്തത്? ആരെയും ഇതുവരെ ഒന്നിനും ക്ഷണിച്ചു കണ്ടില്ല.ആകെ വരാറുള്ളത് ഓഫീസിലെ ഒന്നോ രണ്ടോ പേർ മാത്രം.”
അവരുടെ ചോദ്യത്തിന് അയാൾ ഒരു പുഞ്ചിരി സമ്മാനിച്ചു
അവിടെനിന്നും അയാൾ എഴുന്നേറ്റുപോയി ഡയറിയിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്ത് അവർക്ക് നേരെ നീട്ടി.
” ഇതാണ് താൻ ഇത്രനാൾ ചോദിച്ചതിനുള്ള ഉത്തരം. ”
“ഒന്നുമില്ലാതിരുന്ന കാലത്ത് എന്നെ നെഞ്ചോട് ചേർത്തുപിടിച്ചവർ… ഏത് സാഹചര്യത്തിലും ഞങ്ങൾ ഉണ്ടെടാ കൂടെ എന്ന് പറഞ്ഞു ചേർത്ത് നിർത്തിയവർ… എന്റെ മുഖമൊന്നു വാടിയാൽ നെഞ്ചു പിടയുന്നവർ… ഇവർ എനിക്കെല്ലാമായിരുന്നു..”
“എന്നിട്ട്…. അവർ ഇപ്പോൾ എവിടെയാണ്?”
“വട്ടപ്പൂജ്യം ആയി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സിൽ എന്തെങ്കിലും ആവണമെന്ന് ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പുച്ഛിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന വാശിയെ ഉണ്ടായിരുന്നുള്ളൂ…. ആ വാശിക്ക് മുന്നിൽ ഞാൻ അവരെ മനഃപൂർവ്വം മറന്നു കളഞ്ഞതാണ്. ലക്ഷ്യത്തിലേക്ക് എത്താൻ സൗഹൃദം ഒരു തടസ്സമാണെന്ന് ഞാൻ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എന്നോട് സംസാരിക്കാനും കൂട്ടുകൂടാനും വന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ മനപ്പൂർവം ഒഴിവാക്കി. എന്നെങ്കിലും നല്ല നിലയിൽ എത്തി തിരികെ ആ സൗഹൃദങ്ങളിലേക്ക് മടങ്ങണമെന്ന് ഞാൻ കൊതിച്ചിരുന്നു. പക്ഷേ എത്ര സ്നേഹിച്ചിട്ടും പലവട്ടം അവഗണിച്ച എന്നെ അവർ നന്ദിയില്ലാത്തവനായി മുദ്രകുത്തിയിട്ടുണ്ടാകും. കാശു വന്നപ്പോൾ വന്ന വഴി മറന്ന അഹങ്കാരിയായി ചിത്രീകരിച്ചിട്ടുണ്ടാവും. ഇതൊക്കെ തന്നെയാണ് എന്നെ അവരിലേക്കുള്ള യാത്രയിൽ പിന്തിരിപ്പിക്കുന്നത്. പക്ഷേ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആ സൗഹൃദമാണ്. എന്റെ കൂട്ടുകാർ….. അവരിന്ന് പല സാഹചര്യങ്ങളിൽ ആയിരിക്കും. എങ്കിലും ഞാൻ ഓർക്കുന്ന പോലെ അവരും എന്നെ ഓർക്കാതിരിക്കില്ല… ഒരു ചേർത്തു പിടിക്കൽ അവരും കൊതിക്കാതിരിക്കില്ല.”
അത് പറഞ്ഞു തീർത്തതും അയാളുടെ തൊണ്ടയിടറി അവർ അയാളെ സമാധാനിപ്പിച്ചു.. ആ ഫോട്ടോ തിരികെ ഭദ്രമായി ഡയറിയിലേക്ക് വെച്ച് അയാൾ മക്കളുടെ അടുത്തേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങൾ ആനിവേഴ്സറി സെലിബ്രേഷന് വേണ്ടിയുള്ള തിരക്കായിരുന്നു.ഡെക്കറേഷനും പരിപാടികളുമായി മക്കൾ ഓടി നടന്നു. രണ്ടുപേർക്കും അണിയാൻ കേരള സ്റ്റൈൽ സാരിയും മുണ്ടും വാങ്ങി.
അങ്ങനെ കാത്തു കാത്ത് ആ ദിവസം വന്നെത്തി!.
തന്റെ അച്ഛനും അമ്മയും അതിമനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടു മക്കൾക്ക് സന്തോഷം അടക്കാൻ ആയില്ല.അവർ തങ്ങളുടെ മാതാപിതാക്കൾക്ക് ആശംസകൾ അറിയിച്ചു. ബന്ധുക്കാരും സുഹൃത്തുക്കളും എല്ലാം എത്തി ആകെ ഒരു ആഘോഷമായി. വരുന്നവരെല്ലാം അവർക്ക് ഉപഹാരങ്ങൾ നൽകി.
കേക്ക് മുറിക്കാൻ തയ്യാറായി നിന്നപ്പോഴാണ് വാതിൽക്കലേക്ക് കണ്ണെത്തിച്ച് രമ അയാളോട് കാതിൽ പറഞ്ഞത്.
” വിശ്വേട്ടാ ജസ്റ്റ് എ മിനിറ്റ് നമുക്ക് മൂന്നു ഗസ്റ്റ് കൂടിയുണ്ട്”
ആരാണെന്ന് നോക്കാൻ കണ്ണോടിച്ചതും അയാളുടെ കണ്ണുകൾ മൂന്നുപേരിൽ ഉടക്കി നിന്നു. ഒരു നിമിഷം തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ അയാൾ മിഴിച്ചു നിന്നു.
“രണ്ടാൾക്കും വിവാഹ വാർഷിക ദിനാശംസകൾ ”
മൂന്നുപേരും അതിയായ സന്തോഷത്തോടെ സമ്മാനം അവർക്ക് നൽകുമ്പോഴും വിശ്വൻ ഞെട്ടൽ മാറാതെ നിന്നു. അവർ വേഗം ആ സമ്മാനപ്പൊതി അഴിച്ചതും വീണ്ടും അയാളുടെ കണ്ണ് തള്ളി.
താൻ ഡയറിയിൽ സൂക്ഷിച്ചു വെച്ചിരുന്ന ചിത്രം മനോഹരമായി ഫ്രെയിം ചെയ്തിരിക്കുന്നു.
“ഞങ്ങൾ നിന്നെ എങ്ങനെയാടാ മറക്കുന്നത്. നീ ഞങ്ങൾക്ക് എന്നും പ്രിയപെട്ടവനല്ലേ…”
അത് പറഞ്ഞ് അവരയാളെ ചേർത്തുനിർത്തുമ്പോൾ അയാളുടെ കണ്ണുനിറഞ്ഞു.നഷ്ടമായി എന്ന് കരുതിയ സൗഹൃദങ്ങളെ അയാൾ മതിവരുവോളം വാരിപ്പുണർന്നു.
” നമുക്ക് ഇനി ഇഷ്ടം പോലെ സമയം ഇല്ലേ വിശ്വാ… ഇപ്പോൾ പരിപാടികൾ നടക്കട്ടെ ഞങ്ങൾ ഇനി എന്നും നിന്റെ കൂടെ ഉണ്ടല്ലോ. ”
അതും പറഞ്ഞവർ മാറിനിൽക്കുമ്പോൾ അയാൾ തന്റെ ഭാര്യയെ നോക്കി
“കോൺടാക്ട് ചെയ്യാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി പക്ഷേ നമ്മുടെ മക്കളും കൂടി കട്ടയ്ക്ക് നിന്നതുകൊണ്ട് പ്രശ്നമുണ്ടായില്ല”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക്സ്…. ഈ ദിവസത്തിൽ ഏറ്റവും മൂല്യമുള്ള ഗിഫ്റ്റ് എനിക്ക് തന്നതിന്.അയാൾ അവരുടെ കൈ മുറുകെ പിടിച്ചു.അപ്പോഴും അവർ മൂവരും ഇരുവരെയും നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു