നീലി
(രചന: നിഹ)
ഇരു നിറത്തെക്കാൾ കറുത്തിട്ടായിരുന്നു അവൾ,
മുഖത്ത് എപ്പോഴും എണ്ണമയം ഉള്ളവൾ.. നീണ്ട മാൻപേട മിഴിയാലെ സർവ്വം നോക്കി കാണുന്നവൾ…
നീണ്ടു ചുരുണ്ട മുടി തെരിക പോലെ കഴുത്തിനു പിന്നിൽ ചുറ്റി വെച്ചവൾ… മനസ്സിന് കാരിരുമ്പിന്റെ ശക്തിയുള്ളവൾ….
നീലി”””
പ്രതാപം കൊടികുത്തിവാഴുന്ന വലിയപുരക്കൽ പുറം പണിക്ക് വരുന്ന അടിയാത്തി പെണ്ണ്…
അവളെ കാണാൻ തന്നെ ഒരു ഐശ്വര്യം ആയിരുന്നു… അവളുടെ ഉടലഴകുകളിൽ മിഴി നട്ട് എത്രയോ കഴുകന്മാർ ചുറ്റും വട്ടമിട്ടു പറന്നിരുന്നു…
അവളുടെ മാംസത്തിനായി….
അവർക്കാർക്കും വിട്ടുകൊടുക്കാതിരിക്കാൻ കയ്യിൽ ഒരു അരിവാളും അവൾ കരുതിയിരുന്നു…..
വലിയ പുരയ്ക്കലെ ചെറിയ ഉണ്ണിക്ക് എപ്പോഴാണ് അവൾ ഒരു പൂതി ആയി മനസ്സിൽ കയറിയത് എന്ന് ഓർമ്മയില്ല…
ആദ്യമൊക്കെ അവഗണിച്ചു വിട്ടെങ്കിലും അവളുടെ ഓർമ്മകൾ തന്നിൽ ഭ്രാന്ത് നിറക്കുന്നത് അയാൾ തിരിച്ചറിഞ്ഞിരുന്നു…
ഓരോ കാരണങ്ങൾ പറഞ്ഞ് നെല്ല് പുഴുങ്ങുന്ന ഇടത്തും അരി കുത്തുന്നിടത്തും അങ്ങിങ് നടക്കുമ്പോൾ മിഴികൾ അവളെ തേടി ചെന്നിരുന്നു….
പലപ്പോഴും അവളുടെ മാന്മിഴിയാൽ ഒരു നോട്ടം തിരിച്ചും ലഭിച്ചിരുന്നു… അതിന് ഒരു വലിയ കാന്ത ത്തിന്റെ അത്രതന്നെ ശക്തിയുണ്ടെന്ന് അയാൾക്ക് തോന്നി… അവ തന്നെ വല്ലാതങ്ങ് ആകർഷിക്കുന്നതായും…
പിന്നീട് ഉണ്ണിയുടെ പല സ്വപ്നങ്ങളിലെ അവൾ അടുത്തു വന്നു.. ചിരിച്ചു… കളികൾ പറഞ്ഞു…
കെറുവിച്ചു.. മുഖം വീർപ്പിച്ചു….
ഒരു വിളി അകലത്തിൽ അവൾ ഉണ്ടെന്നുള്ള സമാധാനത്തിൽ ഉണ്ണിയും നാളുകൾ തള്ളിനീക്കി….
ഒരുദിവസം പുസ്തകം വെറുതെ നോക്കി അവളെ കുറിച്ചൊരു പകൽ സ്വപ്നം മെനയുമ്പോൾ ആണ്, “””‘ ഓടി വരണേ ആവലഞ്ജാതി (ഇഴജന്തു) കടിച്ചേ””””
എന്നുള്ള പെണ്ണുങ്ങളുടെ വലിയ വായിലെ നിലവിളി കേട്ടത്…. അതു കേട്ടാണ് കിനാവിൽ നിന്നുണർന്ന് ഉണ്ണി അതുവഴി ചെന്നത്…
പറ്റിയത് നീലിക്ക് ആണെന്ന് അറിയുന്തോറും അവന്റെ ഉള്ള് പിടച്ചു….
“””” നീലിക്ക് ഒന്നും പറ്റാതെ കാത്തോണേ തേവരെ…. “””
എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു…
മിഴികൾ അവളിൽ ചെന്നെത്തി.. തളർന്ന വാഴതണ്ട് പോലെ അവൾ അവിടെ കിടപ്പുണ്ട്, ആരുടെയോ മടിയിൽ… എന്താവും എന്നറിയാത്ത തന്റെ വിധി ഓർത്താവണം ആ മിഴികളിൽ നിന്നും രണ്ട് നീർതുള്ളികൾ ചാലിട്ടൊഴുകിയത്…
അതു കാണെ നെഞ്ച് വിങ്ങി ഉണ്ണിയുടെ… അവൻ ഓടിവന്ന് നീലിയുടെ മുറിവിനു മുകളിൽ അമർത്തി…..
അവനെ തീണ്ടാതിരിക്കാൻ മറ്റു പെണ്ണുങ്ങൾ അകലേക്ക് മാറി… പല്ല് കൊണ്ടിടത്ത് ചുവന്ന മുത്തുകൾ പോലെ ചോര ഉരുണ്ടു കൂടി നിൽപ്പുണ്ട്..
“”” എന്താ കടിച്ചത് എന്ന് ആരെങ്കിലും കണ്ടിരുന്നോ???””” എന്നവൻ ചോദിച്ചപ്പോൾ
“”””ദാ “”‘”” എന്നൊരുവൾ കൈ ചൂണ്ടി കാണിച്ചിരുന്നു…. കടിച്ച മാത്രയിൽത്തന്നെ അരയിലെ അരിവാള് വീശി രണ്ട് കഷ്ണം ആക്കിയിട്ടുണ്ട് അതിനെ നീലി…..
“””ഇത് വേശോല്ലാത്ത ഇനവാ മ്ബ്രാ “”” എന്ന് ആരോ പറഞ്ഞതും നേരിയ ഒരു ആശ്വാസം തോന്നി ഉണ്ണിക്ക്…
അവർ ആരോ തന്നെ രണ്ട് മണി കുരുമുളക് അവളുടെ വായിൽ ഇട്ടു കൊടുത്തു…. കടിച്ചിട്ട് അവൾ എരിവ് വലിച്ചപ്പോൾ എല്ലാവരുടെയും മുഖത്ത് ആശ്വാസം നിഴലിച്ചു….
കുരുമുളക് വായിലിട്ട് കടിച്ചാൽ വിഷം ഉള്ള പാമ്പാണേൽ എരിയില്ലത്രേ….
അടിസ്ഥാനമില്ലാത്ത അനുവർത്തന ശാസ്ത്രം… അന്ന് രാത്രി മുഴുവൻ കുടിയിൽ അവൾ ഉറങ്ങാതെ ഇരുന്നു….
മാളികയിൽ അവനും… ഇത്തവണ അവളുടെ മനസ്സിൽ അവനും കയറി കൂടിയിരുന്നു…
തനിക്ക് ആപത്ത് വന്നപ്പോൾ പിടയുന്ന അവന്റെ ആ മിഴികൾ… ആശ്വാസം തരാൻ എന്ന പോലെ താളമിട്ട് തട്ടിയ ആ കൈകൾ… അങ്ങനെ അങ്ങനെ രണ്ടു പേർ പരസ്പരം ആലോചിച്ച് ആ രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു….
ക്ഷീണം മാറി വീണ്ടും ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ, നീലി അറിഞ്ഞിരുന്നു അവന്റെ നോട്ടത്തിൽ ഉള്ള ഓരോ വ്യത്യാസങ്ങളെ….
അവ ഓരോന്നും തന്റെ ഉള്ളിൽ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങളെ…
ഇതാണ് പ്രണയം എന്നവൾ മനസ്സിലാക്കി..
പതിയെ ആരും കാണാതെ തന്നോട് ഒന്നോ രണ്ടോ വാക്കുകൾ അവൻ മിണ്ടുമ്പോൾ ഉയർന്നിരുന്ന തന്റെ ഹൃദയമിടിപ്പുകളെ ആദ്യം അവൾ ഭയപ്പെട്ടു…
അർഹതയില്ലാത്തത് കൊതിച്ചൊരു കുഞ്ഞിനെ പോലെ… പിന്നെ പതിയെ അവ ആസ്വദിക്കാൻ തുടങ്ങി… ഒടുവിൽ ആ സ്വരം കേൾക്കാതിരിക്കാൻ വയ്യെന്നായി…
ചില തെറ്റുകൾ പതിയെ നാമറിയാതെ തന്നെ ശരികൾ ആകാറുള്ളത് പോലെ….
ഒരിക്കൽ അസമയത്ത് വാതിലിനപ്പുറം
അവനെത്തിയപ്പോൾ വയ്യാത്ത അമ്മയെ മറി കടന്ന് വാതിൽ തുറന്നു കൊടുത്തപ്പോഴും,
അതിൽ തെറ്റില്ല എന്ന് തന്നെ മനസ്സ് പറഞ്ഞു…
ഇത് തന്റെ പ്രണയമല്ലേ എന്ന്… ഗാഡമായി പുണർന്നവന്റെ കൈ അതിരുകൾ ലംഘിച്ചപ്പോഴും വിധേയയായി നിന്നു….
അയാളിൽ നിന്നുമുള്ളതൊക്കെയും അവളെ സംബന്ധിച്ചിടത്തോളം അവളുടെ പ്രണയത്തിന്റെ പുതു നാമ്പുകൾ ആയിരുന്നു…. അവയെ പുതു പുലരി എന്ന പോലെ സ്വീകരിച്ചു അവൾ…
വീണ്ടും രാത്രികൾ കൊഴിഞ്ഞു പോയി…
പനി പിടിച്ച് കിടന്ന അമ്മയ്ക്ക് പൊടിയരികഞ്ഞി വച്ചപ്പോൾ അതിന്റെ മണം അവളിൽ ഒക്കാനം തീർത്തു…
അപ്പോൾ മുതൽ അവളെണ്ണി തുടങ്ങി ചുവപ്പ് വർണ്ണം വീഴാത്ത നാളുകളെ പറ്റി… അവളുടെ ചുണ്ടിൽ അതൊരു പുഞ്ചിരി നൽകി….. കാരണം, അപ്പോഴും അതവൾക്ക് തെറ്റായിരുന്നില്ല. പ്രണയസമ്മാനമായിരുന്നു….
അടിയാത്തി പെണ്ണ് പിഴച്ചത്, കുളി തെറ്റിയത് അങ്ങോട്ട് കണ്ണും നട്ടിരുന്നവർ കണ്ടുപിടിച്ചപ്പോൾ, കഴുകക്കൂട്ടം ഇളകിയെത്തി കാരണക്കാരനെ അറിയാൻ…
വലിയപുരക്കൽ വച്ചിട്ട് വിചാരണ,
എന്നറിഞ്ഞപ്പോൾ അവളും ഏറെ സന്തോഷിച്ചു… അവൾക്ക് വാ തുറക്കേണ്ടല്ലോ…
എല്ലാം അയാൾ പറഞ്ഞോളുമല്ലോ….
വിചാരണ ദിവസം, എല്ലാരുടെയും മുന്നിൽ വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം അന്വേഷിച്ചപ്പോൾ അവളുടെ മിഴികൾ ആരും കാണാതെ ആ ഒരാളെ തേടി ചെന്നു…
വിയർത്തൊലിച്ചു നിൽക്കുന്ന ആളിനെ കണ്ടപ്പോൾ മനസ്സിലായി താൻ തോറ്റുപോയിരിക്കുന്നു എന്ന്… കണ്ടതും അറിഞ്ഞതും ചതിയായിരുന്നു എന്ന്….
ഒരു നിമിഷം അവളൊന്നു നീട്ടി ശ്വസിച്ചു…
ഉത്തരം കിട്ടും വരെ കുത്തി നോവിച്ചു ചിരിക്കുന്നവരോട്, “””ന്റെ കുട്ടിക്ക് തന്തയില്ല””” എന്നാക്രോശിച്ചു…
പിന്നെ ചോദിച്ചേനൊന്നും മറുപടി നൽകാണ്ട്,
എല്ലാരേം നിഷേധിച്ച് ആ പടി കടന്നു…
എല്ലാരേം നിഷേധിച്ചവൾക്കും അമ്മയ്ക്കും ഊര് വിലക്കി.. അതിലും തളരാത്തവൾ, വയ്യാത്ത അമ്മേം തുടിച്ചു തുടങ്ങിയൊരു ഭ്രൂണത്തെയും കൊണ്ട് നാട് വിട്ട് പോകാൻ ഒരുങ്ങി..
വഴിയിൽ അവൻ നിന്നിരുന്നു… മാപ്പ് പറയാൻ.. ഇഷ്ടം ആണിപ്പോഴും, പേടിച്ചിട്ടാ മിണ്ടാഞ്ഞത് എന്ന് പറയാൻ…
നീട്ടി ഒന്ന് തുപ്പി, അവൾ അമ്മയുടെ കയ്യും പിടിച്ചു നീങ്ങുമ്പോ, അവനെ നോക്കി പറഞ്ഞിരുന്നു
“””നട്ടെല്ലില്ലാത്തവൻ ഒള്ളേനെക്കാൾ ന്റെ കുട്ടിക്ക് തന്ത ഇല്ലാത്തതാണ് നിക്കിഷ്ടം”””” എന്ന്….
അപ്പോൾ മാത്രമായിരുന്നു അവൾ സ്വയം വിലയിരുത്തിയത്…
തമ്പ്രാൻ ചെക്കൻ പുടവ തരുമെന്ന് വിശ്വസിച്ച അടിയാത്തി, വിഡ്ഢി അല്ലാതെ വേറെന്താണ് എന്ന് അപ്പോൾ അവൾ സ്വയം ചോദിച്ചു…