(രചന: അംബിക ശിവശങ്കരൻ)
രാത്രി പതിവുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് എംടിയുടെ ‘കാലം’ എന്ന പുസ്തകത്തിന്റെ അവസാന താളിലേക്ക് എത്തിച്ചേരുമ്പോഴാണ് സുധിയുടെ ഫോണിലേക്ക് സുഹൃത്ത് ദേവന്റെ ഫോൺകോൾ വന്നത്.
വായിച്ചു തീർത്തിട്ട് തിരികെ വിളിക്കാം എന്ന് കരുതിയതിനാൽ ആദ്യത്തെ റിംഗ് അടിച്ചതും കോൾ സൈലന്റ് മോഡിലിട്ടു. എന്നാൽ രണ്ടാം വട്ടവും റിംഗ് ചെയ്തപ്പോൾ എന്തോ അത്യാവശ്യം ഉണ്ടാകുമെന്ന് കരുതി പുസ്തകം ഒരു ഭാഗത്തേക്ക് മാറ്റിവെച്ചുകൊണ്ട് സുധി ദേവന്റെ കോൾ എടുത്തു.
” ഹലോ ദേവൻ എന്തുണ്ട് വിശേഷം സുഖമല്ലേ? ”
“സുഖം.. നീയെന്താ ആദ്യം വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നത്?”
“അത് പിന്നെ നിനക്കറിയാലോ.. വായന എനിക്ക് ഒരു ലഹരിയാണെന്ന്. അവസാനത്തെ പേജ് എത്തി നിൽക്കുമ്പോഴാണ് നീ വിളിച്ചത് എങ്കിൽ പിന്നെ അത് തീർത്തിട്ട് വിളിക്കാം എന്ന് കരുതിയപ്പോഴാണ് നിന്റെ കോൾ വീണ്ടും വന്നത്.”
” നീ ഇങ്ങനെ സദാസമയവും പുസ്തകങ്ങളെയും കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ വേറെ പലതും അതിന്റെ വഴിക്കാണ് പോകും നോക്കിക്കോ… ” എന്തോ മുന വെച്ചതുപോലെ ദേവൻ പറഞ്ഞു.
” എന്താടാ ദേവാ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്തിനാണ് ഈ മുഖവുര? ” സുധിക്ക് ചെറുതായി ദേഷ്യം വന്നു.
” പറയാൻ തന്നെയാണ് വിളിച്ചത്. ഹേമ എവിടെ? അവിടെ അടുത്തെങ്ങാനും ഉണ്ടോ? ”
ദേവന്റെ ഗൗരവം കലർന്ന ചോദ്യത്തിൽ നിന്നും കാര്യമായി എന്തോ അവന് തന്നോട് പറയാനുണ്ടെന്ന് സുധിക്ക് മനസ്സിലായി.
“അവൾ കിച്ചണിലാണ് എന്താടാ കാര്യം?” സുധിക്ക് ആകാംക്ഷയായി.
” ഞാൻ പറയുന്നത് നീ തെറ്റായി എടുക്കരുത്. എന്റെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് കണ്ട കാര്യം ഞാൻ നിന്നെ വിളിച്ചു അറിയിക്കുന്നു എന്ന് മാത്രം. ”
” നീ ഇങ്ങനെ വലിച്ചു നീട്ടാതെ കാര്യം എന്താണെന്ന് വെച്ചാൽ പറ ദേവാ.. ” സുധി അക്ഷമനായി.
“സുധി നീ ഹിമയെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. രണ്ടുദിവസമായി ഹിമയുടെ പോക്ക് അത്ര ശരിയല്ല.”
അത്രയും പറഞ്ഞശേഷം സുധിയുടെ പ്രതികരണം എന്തെന്ന് അറിയാൻ ദേവൻ ഒന്ന് നിർത്തി. അപ്പുറത്ത് തികഞ്ഞ മൗനമായിരുന്നു. മറുചോദ്യം ഒന്നും കേൾക്കാതെ ആയപ്പോൾ ദേവൻ വീണ്ടും തുടർന്നു.
“ഞാൻ ഹിമയെയും വേറൊരു ചെറുപ്പക്കാരനെയും രണ്ടുമൂന്ന് സ്ഥലങ്ങളിൽ വച്ച് കണ്ടു. ഒരുവട്ടം അവരൊന്നിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതാണ് കണ്ടത്. വിവാഹം കഴിഞ്ഞ സ്ത്രീ ഒരു കൂസലുമില്ലാതെ പബ്ലിക് ആയി ഇങ്ങനെയൊക്കെ പെരുമാറിയാൽ നാട്ടുകാർ എന്തൊക്കെയാണ് പറയുക?
ഏത് സമയവും എഴുത്തും വായനയും ആയി കഴിയുന്ന നിന്നെ പറ്റിക്കാൻ ആണോ പ്രയാസം.. നീ ഇതൊന്നും വിശ്വസിക്കില്ലെന്ന് എനിക്കറിയാം. രണ്ട് ദിവസം നീയൊന്ന് എന്റെ കൂടെ വാ നിന്റെ ഭാര്യയുടെ കാട്ടിക്കൂട്ടലുകൾ ഞാൻ കാണിച്ചു തരാം.” ഒരു പരിഹാസത്തോടെ ദേവൻ പറഞ്ഞു.
“ആ ചെറുപ്പക്കാരനെ ഇനിയും കണ്ടാൽ നീ തിരിച്ചറിയുമോ?” മറ്റൊന്നും ചോദിക്കാൻ നിൽക്കാതെ ആ ഒരൊറ്റ ചോദ്യത്തിൽ മാത്രം സുധി തന്റെ മറുപടി ഒതുക്കി.
“രണ്ടുമൂന്നു വട്ടം കണ്ടതുകൊണ്ട് മുഖം എന്റെ മനസ്സിൽ നല്ലതുപോലെ പതിഞ്ഞിട്ടുണ്ട്. നല്ല താടിയൊക്കെ വെച്ച് ആള് നല്ല ഗ്ലാമർ ആണ്.എന്നാലും എനിക്ക് മനസ്സിലാകാത്തത് പ്രായത്തിൽ കുറഞ്ഞ ഒരുത്തനെ മാത്രമേ കിട്ടിയുള്ളൂ ഹിമയ്ക്ക് കൂടെ കൊണ്ട് നടക്കാൻ എന്നാണ്…”സുധിയുടെ മനസ്സിൽ വിഷം കുത്തിവെച്ച സന്തോഷത്തോടെ ദേവൻ പറഞ്ഞു.
“നിർത്ത് ദേവാ.. എനിക്കിനി ഒന്നും കേൾക്കേണ്ട. ഇനി അവളെ അഴിഞ്ഞാടാൻ ഞാൻ അനുവദിക്കില്ല. ഇതെങ്ങനെയാണ് അവസാനിപ്പിക്കേണ്ടതെന്ന് എനിക്കറിയാം. നീ ഫോൺ വെച്ചോ ഞാൻ നാളെ വിളിക്കാം.”
” നീ അവളെ അടിക്കാൻ ഒന്നും നിൽക്കേണ്ട കേട്ടോ.. പെണ്ണുങ്ങളുടെ നേരെ കൈ ഓങ്ങിയാൽ ഇപ്പോൾ വകുപ്പ് വേറെയാണ്. ”
ഒരു ഓർമ്മപ്പെടുത്തൽ എന്നോണം പറഞ്ഞിട്ട് ദേവൻ കോൾ കട്ട് ചെയ്തു.
കോൾ കട്ട് ചെയ്ത് തിരികെവായനയുടെ ലോകത്തേക്ക് പോകാൻ സുധിയുടെ മനസ്സ് അനുവദിച്ചില്ല. മനസ്സ് നിറയെ ദേവൻ പറഞ്ഞ കാര്യങ്ങളായിരുന്നു. അവൻ തന്റെ ഭാര്യയുടെ വരവും കാത്ത് അക്ഷമനായി ഇരുന്നു.
പിറ്റേന്ന് രാവിലെ തന്നെ കാര്യങ്ങൾ അറിയാനുള്ള അതീവ താല്പര്യത്തോടെ ദേവന്റെ കോൾ വീണ്ടും വന്നു.
” എന്തായെടാ നീ ഹിമയോട് ഇതേപ്പറ്റി സംസാരിച്ചോ? “ദേവൻ ഉത്സാഹത്തോടെ ചോദിച്ചു.
“ഹ്മ്മ് സംസാരിച്ചു.”
“എന്നിട്ട്…? എന്നിട്ട് ഹിമ എന്ത് മറുപടി പറഞ്ഞു?.”
” നീ പറഞ്ഞതൊക്കെയും സത്യമാണ്. ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും പിന്നീട് അവൾക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാം പറഞ്ഞു കുറെ കരഞ്ഞു.പക്ഷേ അതിലൊന്നും എന്റെ മനസ്സ് അലിഞ്ഞില്ല. ഇനിയും ഇത് ആവർത്തിച്ചാൽ ഇനി മേലാൽ അവൾ ഈ വീട്ടിൽ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു ഞാൻ. ഇനി മേലിൽ ഇത് ആവർത്തിക്കില്ലെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്. ”
“ഇനിയിപ്പോൾ വാക്ക് തന്നിട്ടൊക്കെ എന്ത് കാര്യം എന്റെ സുധി.. ഞാൻ കണ്ടത് പോട്ടെ എന്ന് കരുതാം പക്ഷേ മറ്റുള്ളവർ അങ്ങനെയാണോ? അവരൊക്കെ ഇനി നാടാകെ പറഞ്ഞു നടക്കില്ലേ? ഇതൊക്കെ ചെയ്തു കൂട്ടുമ്പോൾ ഓർക്കണമായിരുന്നു.
ഹാ.. ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? ഇനിയെങ്കിലും നീ നിന്റെ ഭാര്യയെ നിലയ്ക്ക് നിർത്താൻ നോക്ക്.”
ശരിക്കും തകർന്നു നിൽക്കുന്ന ഒരാളെ വീണ്ടും വീണ്ടും മാനസികമായി എങ്ങനെയാണ് തളർത്തുക എന്ന് ചിന്തിക്കുന്നവരാണ് ദേവനെ പോലെയുള്ള ആളുകൾ എന്ന് സുധിക്ക് തോന്നിപ്പോയി. ആ ഫോൺ സംഭാഷണം അവിടെ അവസാനിച്ചു.
വൈകുന്നേരം ആയപ്പോൾ ദേവന്റെ ഫോൺകോളിന് പകരം വാട്സാപ്പിലേക്ക് ഒരു മെസ്സേജ് ആണ് വന്നത്. ചായ കുടിച്ചു കൊണ്ടിരിക്കെ തന്നെ സുധി അത് തുറന്നു നോക്കി.
ഹിമയും ആ ചെറുപ്പക്കാരനും ബൈക്കിൽ പോകുന്ന ഫോട്ടോ!.
അത് തുറന്നു നോക്കി ഒരു മിനിറ്റ് തികയും മുന്നേ തന്നെ ദേവന്റെ കോളും തൊട്ടു പുറകെ വന്നു.
“നീയെന്താടാ പറഞ്ഞത് അവൾ ഇനി ഇത് ആവർത്തിക്കില്ല എന്ന് വാക്ക് തന്നിരുന്നു എന്നോ?ഇന്ന് ഉച്ചയ്ക്ക് ശക്തൻ സ്റ്റാൻഡിൽ വച്ച് ഞാൻ എടുത്ത ഫോട്ടോ ആണ് നിനക്കിപ്പോൾ അയച്ചത്.. വാക്ക് തന്നെങ്കിലും ഇത് ഇങ്ങനെയൊന്നും അവസാനിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
അതാണ് ഞാൻ ഹിമയെ പിന്തുടർന്നത്. നിന്റെ വാക്കിന് അവൾ പുല്ലുവിലയല്ലേ സുധി അപ്പോൾ തന്നത്? ഇത്രയൊക്കെ നീ പറഞ്ഞിട്ടും വീണ്ടും അവൾ അത് ആവർത്തിക്കുന്നുവെങ്കിൽ… ഛെ…” അവൻ അവജ്ഞയോടെ പറഞ്ഞു.
സുധി കുറച്ച് സമയത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല.തെളിവോടെ ഭാര്യയുടെ അവിഹിതം പൊക്കി കൊടുത്തതിന്റെ ആത്മസംതൃപ്തി ദേവന്റെ ഉള്ളാകെ കോരിത്തരിപ്പിച്ചു. അവൻ സുധിയുടെ പ്രതികരണത്തിനായി കാത്തിരുന്നു.
“എനിക്കിനിയും ഇത് സഹിക്കാൻ ആവില്ല ദേവാ.. എന്റെ വാക്കിന് അല്പമെങ്കിലും അവൾ വിലകൽപ്പിക്കും എന്ന് ഞാൻ കരുതി. ഇനിയും ഇത് സഹിച്ചു നിൽക്കേണ്ട ആവശ്യം എനിക്കില്ല. ഇതിനൊരു തീരുമാനം കണ്ടേ മതിയാകൂ.. എനിക്ക് ഈ ഫോട്ടോ മാത്രം മതി.
നാളെ നീ ഇവിടെ വരെ ഒന്ന് വരണം എന്നിട്ട് നമുക്ക് ഒരു തീരുമാനത്തിലെത്താം. ഇത് എന്റെ മാത്രം പ്രശ്നമാണെങ്കിലും മറ്റാർക്കും തന്നെ ഈ വിഷയം അറിയാത്തതുകൊണ്ട് നീ എന്റെ കൂടെ നിൽക്കണം…” സുധി അപേക്ഷ സ്വരത്തിൽ പറഞ്ഞു.
” അയ്യോ സുധി…ഞാൻ എന്തിനാടാ വെറുതെ ഇതിൽ തല വയ്ക്കുന്നത്? ഞാൻ അവിടെ വന്നാൽ ഹിമയ്ക്ക് മനസ്സിലാകില്ലേ ഇതിന്റെയൊക്കെ പിന്നിൽ ഞാനാണെന്ന്.. പിന്നെ അവൾക്ക് എന്നോട് ഒരു ശത്രുത തോന്നില്ലേ? “ദേവൻ ആവലാതി പ്രകടിപ്പിച്ചു.
“അങ്ങനെയൊന്നും കരുതില്ല ദേവാ.. ഇനി കരുതിയാലും എന്താണ്? നീ എന്റെ സുഹൃത്തല്ലേ? ഞാൻ ഒരിക്കലും നിന്നെ സംശയിക്കുന്നില്ലല്ലോ… എന്തുതന്നെയായാലും നീ നാളെ രാവിലെ പത്ത് മണിയാകുമ്പോൾ ഇങ്ങോട്ട് വാ.. ബാക്കിയൊക്കെ നമുക്ക് നേരിൽ കണ്ട് സംസാരിക്കാം.” അത്രയും പറഞ്ഞശേഷം മറ്റൊന്നും പറയാൻ നിൽക്കാതെ സുധി ഫോൺ കട്ട് ചെയ്തു.
പിറ്റേന്നു രാവിലെ കൃത്യം ഒൻപതു നാൽപത്തി അഞ്ചിന് തന്നെ ദേവൻ സുധിയുടെ വീട്ടിലെത്തി. ദേവനെ കണ്ടതും സുധി അകത്തേക്ക് ക്ഷണിച്ചു.
” ഹിമ ഇല്ലേ ഇവിടെ? ” അകത്തേക്ക് കയറിയതും ചുറ്റും കണ്ണോടിച്ചുകൊണ്ട് ദേവൻ ചോദിച്ചു.
” ഇല്ല പുറത്തേക്ക് പോയിരിക്കുകയാണ് ഇപ്പോൾ വരും. നീ ഇരിക്ക് ഞാൻ ഒരു ചായ എടുക്കാം. ”
അതും പറഞ്ഞു സുധി കിച്ചണിലേക്ക് പോയപ്പോൾ വെറുതെ ചുമരിലെ പെയിന്റിങ്ങുകളിലേക്ക് നോക്കി സമയം കളഞ്ഞിരുന്നു ദേവൻ.
അപ്പോഴാണ് പുറത്ത് ഒരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. ആരാണെന്ന് അറിയാനുള്ള ആകാംക്ഷ മനസ്സിനെ വെമ്പൽ കൊള്ളിച്ചു എങ്കിലും സുധിക്ക് മുന്നേ താൻ പോയി നോക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് അവിടെ തന്നെ ഇരുന്നു.
ആരായാലും ഇങ്ങോട്ട് തന്നെയാണല്ലോ വരുന്നത് അപ്പോൾ പോയി നോക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് സുധിയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി കോളിംഗ് ബെൽ അടിക്കാതെ വന്നയാൾ അകത്തേക്ക് കയറി വന്നത്. കയറി വന്ന ചെറുപ്പക്കാരന്റെ മുഖം കണ്ടതും ദേവൻ ഒരു നിമിഷം ഞെട്ടി.
ഹിമയോടൊപ്പം സ്ഥിരം കാണാറുള്ള അതേ ചെറുപ്പക്കാരൻ!. തൊട്ടു പുറകെ ഹിമയെ കണ്ടതും ദേവനു കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി. ദേവനെ കണ്ടതും ഹിമ യാതൊരു ഭവമാറ്റവും ഇല്ലാതെ ചിരിച്ചു. എപ്പോ വന്നെന്ന് കുശലാന്വേഷണവും നടത്തി. ആ ചെറുപ്പക്കാരൻ ദേവനെ നോക്കി തലയാട്ടി.
അപ്പോൾ ഭർത്താവില്ലെന്ന് കരുതി കാമുകനെയും വിളിച്ചു വീട്ടിൽ വന്നതാണ്. എന്നാലും സ്വന്തം വീട്ടിൽ തന്നെ യാതൊരു കൂസലും ഇല്ലാതെ കാമുകനെയും വിളിച്ചു കയറ്റി അവിഹിതം സ്ഥാപിക്കാൻ ഇവൾക്ക് നാണമില്ലേ..ഇവളുടെ തൊലിക്കട്ടി അപാരം തന്നെ.
അത് മനസ്സിൽ പറഞ്ഞ് ഇരുവരെയും മാറിമാറി നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സുധി കിച്ചണിൽ നിന്ന് വന്നത്.
“ആഹ് എത്തിയോ രണ്ടാളും? ഷോപ്പിംഗ് ഒക്കെ കഴിഞ്ഞുവോ?”
സുധിയുടെ ചോദ്യം കേട്ട് അടി പ്രതീക്ഷിച്ചിരുന്ന ദേവൻ ഒരു നിമിഷം വാ പൊളിച്ചിരുന്നു.
” ദേവാ ഇതാണ് എന്റെ ഒരേ ഒരു അളിയൻ കിരൺ.
കിരൺ ഏഴു വർഷത്തോളം ദുബായിയിൽ ആയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വന്നത്. മൂന്നു നാലു ദിവസമായി ഞങ്ങളുടെ കൂടെ തന്നെയുണ്ട്. കിരൺ ഇതെന്റെ സുഹൃത്ത് ദേവൻ. ആളെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ… ” അത് പറഞ്ഞത് മൂന്നുപേരും ഒരുപോലെ ചിരിച്ചു.
” ശരി നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ പോയി ചായ എടുക്കാം. കിരണെ നീയും വാ… “അതും പറഞ്ഞ് അവർ അകത്തേക്ക് പോയപ്പോൾ തൊലി ഉരിഞ്ഞു പോകും കണക്കിന് ദേവൻ സുധിയെ നോക്കി.
” നീ ചമ്മുകയൊന്നും വേണ്ട.. ഇതിവിടെ വരെ കൊണ്ടെത്തിക്കണമെന്ന് ഞാനും കരുതിയതല്ല. പക്ഷേ നിന്റെ ആകാംക്ഷ കണ്ടപ്പോൾ ഹിമയാണ് ഒരു രസത്തിന് നിന്നെ ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞത്. നിനക്ക് ഒരു സർപ്രൈസ് തരാൻ. ഇനിയെങ്കിലും കാര്യമറിയാതെ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടല്ലേടാ.. ചിലപ്പോൾ അടി വരുന്ന വഴി അറിയില്ല. ”
ചിരിച്ചുകൊണ്ടാണ് സുധി അത് പറഞ്ഞതെങ്കിലും ദേവനത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. അപ്പോഴേക്കും ചായയുമായി ഹിമയും കിരണും വന്നു.മുഖത്ത് പോലും നോക്കാതെ ചായ കപ്പ് എടുത്ത് തിളച്ച ചായ മൂന്നോ നാലോ വലിക്ക് കുടിച്ചുതീർത്ത് അവിടെനിന്ന് ഇറങ്ങുമ്പോൾ ദേവന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ.
‘വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വയ്ക്കേണ്ടതില്ലായിരുന്നു എന്ന്. ‘