സ്നേഹത്തിന്റെ നാരങ്ങാ നീര്
(രചന: Sinana Diya Diya)
“രണ്ടു തണുത്ത നാരങ്ങാവെള്ളം…” പെട്ടികടയുടെ തുറന്നു താഴേക്കു പകുതി മലർത്തി വചിട്ടുള്ള ജാലകത്തിലൂടെ മാറിയാമ്മ പുറത്തേക്കൊന്നു പാളി നോക്കി…
കടയ്ക്ക് മുൻപിലായി രണ്ടു പേർ വന്നു നിൽക്കുന്നു… ഭാര്യയും ഭർത്താവും ആണെന്നും കല്യാണം കഴിഞ്ഞ് അധികനാൾ ആയിട്ടില്ല എന്നും ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി…
ചുരുണ്ട മുടിയിഴകൾ അലസമായി പറന്നു നടക്കുന്ന അവളുടെ നെറ്റിയിലെ കുങ്കുമം വിയർപ്പു ചാലിലൂടെ പരന്നു താഴേക്കു ഒഴുകാൻ വെമ്പി നിൽക്കുന്നു..
നീലയും വെള്ളയും നിറത്തിൽ തിളങ്ങുന്ന കണ്ണട വച്ച പുരുഷന്റെ നെറ്റിയിൽ ഗൗരവത്തിന്റെ ചുളിവുകൾ അടയാളം തീർത്തിരിക്കുന്നു.
രണ്ടു പേരുടെയും മുഖത്ത് കാർമേഘം ഇരുണ്ടുകൂടി നിൽക്കുന്നത് പോലെ തോന്നി മറിയാമ്മയ്ക്ക്..
തന്റെ വാർദ്ധക്യം കയറി തുടങ്ങിയ തടിച്ച ശരീരം ഉയരം കൂടിയ സ്റ്റൂളിൽ നിന്നും സാവധാനം ഉയർത്തി എഴുന്നേറ്റു… ഏറെ നേരം ഇരുന്നതിന്റ ക്ഷീണം ബാധിച്ച നടുവിന് കൈകൊണ്ടു ഒന്നമർത്തി…
കൈവിരലുകളെ ഞൊട്ടയിട്ട് ഉഷാറാക്കി… കമഴ്ത്തി വച്ചിരുന്ന സർബത്ത് ഗ്ളാസുകളെ ഒന്നുകൂടി കഴുകി നാരങ്ങയും പഞ്ചസാര ലായനിയും ഒഴിച്ച് ഐസിട്ട് വെള്ളമൊഴിച്ചു അവർക്ക് നേരെ നീട്ടി…
ഒറ്റ ശ്വാസത്തിനു അയാൾ അത് കുടിച്ചു തീർത്തു…അവളപ്പോഴും തണുത്ത ഐസ് പരലുകൾ ചുണ്ടിനോടടുപ്പിച്ചു തന്റെ ശരീരത്തിലേയും മനസ്സിലെയും ഉഷ്ണം കുറയ്ക്കാൻ പാടുപെടുന്നത് പോലെ…
“ഇവിടെ എവിടെ വന്നതാ മക്കളെ…”
“തണുത്ത സർബത്ത് ശിരസ്സിലേയ്ക്ക് കയറിയ പോലെ അവളൊന്നു ചുമച്ചു… കൃഷ്ണമണികൾ എന്തോ കണ്ടു ഭയന്നിട്ടെന്ന പോലെ രണ്ടു വട്ടം അയാൾക്ക് നേരെ നോട്ടമെറിഞ്ഞു വിദൂരതയിലെ ഏതോ ഒരൂ കോണിൽ ചെന്നു നിശ്ചലമായി…
“ഞങ്ങൾ ഇവിടെ ശ്രീദേവി ഡോക്ടറെ ഒന്ന് കാണാൻ വന്നതാണ് ” എന്റെ ഫ്രണ്ട് പറഞ്ഞിട്ട് അത് പറയുമ്പോൾ അയാളുടെ ശബ്ദം പതിവിലും താഴ്ന്നിരുന്നതായി തോന്നി….
“ആ…”പതിവായി കാണുന്ന കാഴ്ച്ചയായതിനാൽ മറിയാമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല…
“ഇവൾക്ക്.. മനസ്സിന് ചെറിയ ഒരൂ ടെൻഷൻ…. എന്റെ ഫ്രണ്ട് ശ്രീദേവി ഡോക്ടറുടെ ഫ്രണ്ടാണ് അവൻ പറഞ്ഞതാണ് ഒന്ന് വന്നു കാണാൻ
അയാളതു പറഞ്ഞ് അവൾക്കു നേരെ തിരിയുമ്പോൾ പകുതി കുടിച്ച സർബത്ത് ഗ്ലാസ്സ് പലകപ്പുറത്തു വച്ചു അവൾ കുറച്ചു ദൂരെ പാർക്ക് ചെയ്ത കാറിനടുത്തേയ്ക്ക് നടന്നിരുന്നു..
“അത് അമ്മച്ചിക്ക് മനസ്സിലായി മോനെ… നല്ല കൈപ്പുണ്യമുള്ള ഡോക്ടറാ…”
രണ്ടു ദ്രുവങ്ങളിലുള്ള ഭാര്യാ ഭർത്താക്കന്മാർ പതിവായി വന്നു പോകുന്നത് ഏറെ വർഷങ്ങളായി കാണുന്നതാണ്. ചിലർ രണ്ടോ മൂന്നോ പ്രാവശ്യം വന്നുപോകും. ചിലർ ഒന്നിൽ നിർത്തും. അവരെ കാണുമ്പോൾ പെട്ടെന്ന് തിരിച്ചറിയാനാകും..
മൗനത്തിന്റെ വലിയ മൂടുപടം അവരെ പൊതിഞ്ഞിരിക്കുന്നത് കാണാം.. ചിലർ ശാപവാക്കുകളും കുത്തുവാക്കുകളും കൊണ്ടു പരസ്പരം പോരടിക്കുന്നത് കാണാം…
“എപ്പോഴാ ഡോക്ടർ.. വരുന്നത് ഗെയ്റ്റ് പൂട്ടി കിടക്കുകയാണല്ലോ..” പരിചയമില്ലാത്ത സ്ഥലം ആയതുകൊണ്ട് ഞങ്ങൾ കുറച്ച് നേരത്തെ വന്നു…..”
സർബത്തിന്റെ പണം വാങ്ങി ബാക്കി കൊടുക്കുന്നതിനിടയിൽ ആസ്വസ്ഥതയോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു….
“ഇപ്പോൾ സമയം മൂന്നരയല്ലേ ആയുള്ളു.. ഇനിയും രണ്ടു മണിക്കൂർ കൂടിയുണ്ട്.. മോന്റെ പേരെന്താ.. വീടെവിടാ..?”
“എന്റെ പേര് കിരൺ….ഭാര്യയുടെ പേര് നന്ദന….തൃശ്ശൂരിൽ നിന്നും വരുന്നു…. ഇത്രയും വൈകുമെന്ന് വിചാരിച്ചില്ല….”
അയാളുടെ മുഖത്തെ ദൈന്യത മറിയാമ്മയ്ക്ക് വായിച്ചെടുക്കാമായിരുന്നു…
“നിങ്ങളുടെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല… ശ്രീദേവി ഡോക്ടർ ഇവിടെ ക്ലിനിക്ക് ആരംഭിക്കുന്ന സമയത്ത് തന്നെയാണ് ഞാനും എന്റെ കെട്ടിയവവനും കൂടി ഈ പെട്ടിക്കട തുടങ്ങുന്നത്…..
അങ്ങേരെ ദൈവം നേരത്തെ വിളിച്ചു അറ്റാക്ക് ആയിരുന്നു അതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ് നോക്കി നടത്തുന്നത്…..
ഇപ്പോൾ ഏകദേശം 18 വർഷത്തിന് മുകളിലായി.. എന്റെ ഇത്രവർഷത്തെ അനുഭവം വച്ചു പറയുകയാണെങ്കിൽ പരസ്പരം സംസാരിച്ചാൽ തീരാത്ത സങ്കടങ്ങളോ പ്രശ്നങ്ങളോ ഇല്ല….
ഭാര്യയുടെ പ്രശ്നം എന്താണെന്ന് ചോദിച്ചു മനസ്സിലാക്കു.. പരസ്പരം ക്ഷമിച്ചും മനസ്സിലാക്കിയും കഴിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കുണ്ടാകുവെന്ന് ഈ അമ്മച്ചിക്ക് അറിയാം..
ഇവിടെ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താൽ ബീച്ചും പാർക്കും ഉണ്ട് ആ കടൽ കരയിൽ പോയിരുന്ന് രണ്ടു മണിക്കൂർ നിങ്ങൾ മനസ്സ് തുറന്നു സംസാരിക്കു.. എന്നിട്ടും പ്രശ്നങ്ങൾ തീർന്നില്ലെങ്കിൽ മാത്രം ഇവിടെക്കു വന്നാൽ മതി…”
കിരൺ കാറിൽ ചാരി അകലേയ്ക്ക് നോക്കി നിൽക്കുന്ന നന്ദനയെ ഒന്ന് നോക്കി… പറിച്ചെറിയാൻ വീട്ടുകാരും ബന്ധുക്കളും ഏറെ നിർബന്ധിച്ചിട്ടും അവസാനശ്രമമെന്ന പോലെ വന്നതാണ്… രണ്ടു മണിക്കൂറുകൊണ്ട് എന്ത് മാറ്റം വരാനാണ്…..
“ചെല്ല് മോനെ… അവള് സമ്മതിക്കും.. അവളുടെ ഉള്ളിൽ എന്തോ കിടന്നു നീറുന്നുണ്ട്.. അതെന്താണെന്ന് ചോദിച്ചു മനസ്സിലാക്കു…”
അയാൾ മറിയാമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾക്കരികിലേക്ക് നടന്നു..
“ഡോക്ടർ വരാൻ വൈകും… നമുക്ക് ഇവിടെ അടുത്ത് ഒരൂ സ്ഥലം വരെ പോകാം കയറു..”
അവൾ മുൻവശത്തെ ഡോർ തുറന്നു അകത്തേക്ക് കയറി….. അവൻ അവളെ ദയനീയമായി ഒന്ന് നോക്കി.. കാർ സ്റ്റാർട്ട് ചെയ്തു കുറച്ചു ദൂരം ഓടിച്ചപ്പോഴേ പാർക്കിന്റെ ബോർഡ് അകലെ നിന്നെ ദൃശ്യമായി..
കാർ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു രണ്ടു പേരും പുറത്തേക്കിറങ്ങി.. പരസ്പരം അകന്നു തന്നെ കടൽ ലക്ഷ്യമായി നടന്നു ..
അവളുടെ മൗനം വക വെക്കാതെ അവൻ പറഞ്ഞു തുടങ്ങി
“നന്ദു..ഞാൻ പല പ്രാവശ്യം ചോദിച്ചതാണ്.. എന്താണ് തന്റെ പ്രശ്നമെന്നു.. ഇതുവരെ എനിക്കൊരു മറുപടി കിട്ടിയില്ല…. താൻ ഒരുപാട് മാറിയിരിക്കുന്നു….”
“പ്രശ്ങ്ങൾ ചോദിക്കാൻ ഇപ്പോഴാണോ സമയം കിട്ടിയത്..”
“ശരിയാണ്.. നമുക്ക് എപ്പോഴാണ് പരസ്പരം സംസാരിക്കാൻ സമയം കിട്ടിയിരുന്നത്….കല്യാണം കഴിഞ്ഞു രണ്ടുവർഷം ആയെങ്കിലും നമുക്കിടയിൽ ഒരു മാസത്തെ ദാമ്പത്യം മാത്രമല്ലേ ഉണ്ടായിട്ടുള്ളു….
പ്രാരാബ്ദം മൂലം ഞാനുമൊരു പ്രവാസിയായി മാറിയതുകൊണ്ട് വേഗം തിരിച്ചു പോവേണ്ടിവന്നു……”
നന്ദന വിദൂരതയിൽനിന്നും കണ്ണുകളെ ഒരൂ നിമിഷം കിരണിന്റെ കണ്ണുകളിലേയ്ക്കു പായിച്ചു…. അവിടെ ജീവിതത്തോട് പടപ്പൊരുതി തോൽവി ഏറ്റുവാങ്ങുന്ന മനുഷ്യനെ കണ്ടു..
“ഞാൻ പറയാം..നിങ്ങൾക്ക് എത്രത്തോളം അതിനെ മനസ്സിലാക്കും എന്നെനിക്കു അറിയില്ല…..
ആദ്യം തന്നെ എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുന്നു. വേണം എന്ന് വിചാരിച്ചിട്ട് ഒന്നും ചെയ്തതല്ലാ,
ഓരോ സാഹചര്യം എന്നെ എങ്ങനെ എത്തിച്ചതാണ് ഇനി നിങ്ങളുടെ ജീവിതത്തിൽ എനിക്കൊരു സ്ഥാനം ഉണ്ടോ എന്നറിയില്ല എന്നിരുന്നാലും എനിയ്ക്ക് എല്ലാം തുറന്നു പറയണം….”
” നന്ദു നിനക്ക് എന്നോട് പറയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല…നിന്റെ മൗനത്തിന്റെ, എന്നെ അവോയ്ഡ് ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയണം നിനക്ക് ഞാൻ ഒരു ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ ഒഴിഞ്ഞു തരാം….”
“എന്റെ പൂർണ്ണ സമ്മതത്തോടെ തന്നെ ആണ് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്… നിങ്ങൾ പറഞ്ഞപോലെ ഒരു മാസത്തെ ദാമ്പത്യം അത് കഴിഞ്ഞു നിങ്ങൾ പോയപ്പോൾ ഞാൻ ഒറ്റപ്പെട്ട പോലെയായി….
എത്രയോ കഷ്ടപ്പെട്ട് പഠിച്ചിട്ട് നേടിയെടുത്ത ജോലിയായിരുന്നു അമ്മയ്ക്ക് വയ്യ വീട്ടിൽ ആളില്ല അമ്മ ഒറ്റയ്ക്ക് ഉള്ളൂ എന്ന് പറഞ്ഞ് നിങ്ങളുടെ വീട്ടുകാർ അതു നിർത്തിച്ചു….
വീട്ടുകാരുടെ കുത്തുവാക്കുകളും, എപ്പോഴും വിരുന്നുകാർ വന്നു അവരെ സൽക്കരിക്കലും അങ്ങനെയൊക്കെ ആയി ഞാൻ അടുക്കളയിൽ തന്നെ കൂടി
വല്ലപ്പോഴും കിട്ടുന്ന രണ്ട് ദിവസങ്ങൾ മാത്രമേ എന്നെ എന്റെ വീട്ടിൽ പോകാൻ അനുവദിച്ചിരുന്നുള്ളൂ…
കല്യാണം കഴിഞ്ഞു വന്നാൽ ഭർത്താവിന്റെ വീട്ടിലാണ് കൂടുതൽ നിൽക്കേണ്ടത് എന്ന് നിങ്ങടെ അമ്മയുടെ സ്ഥിരം പല്ലവിയാണ്….
ഞാൻ പലതവണ നിങ്ങളോട് പറയാൻ ശ്രമിച്ചപ്പോൾ നിങ്ങൾക്ക് കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല
കാരണം അവർ നിങ്ങൾക്ക് അത്രയ്ക്ക് വലുതാണ് അവരെ കുറ്റപ്പെടുത്തി ഒന്നും പറയണം എന്നല്ല ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ എല്ലാം അറിഞ്ഞിരിക്കണം എന്നേ ഞാൻ കരുതിയുള്ളൂ..
എല്ലാം കേട്ട് കഴിയുമ്പോൾ സാരമില്ല നിനക്ക് ഞാൻ ഇല്ലേ എന്ന് പറഞ്ഞു ഒന്ന് ആശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ…
പക്ഷേ നിങ്ങൾ അതിനുപകരം ഞാൻ പറയുന്നത് എന്താണെന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ ദേഷ്യപ്പെട്ട് സംസാരിക്കും, എന്നെ കുറ്റപ്പെടുത്തും അവരുടെ ചീത്തയും ഞാൻ കേൾക്കണം നിങ്ങളുടെ ചീത്തയും ഞാൻ കേൾക്കണം….
അവർക്ക് വയസ്സായില്ലേ അവർ അവരുടെ കാഴ്ച്ചപ്പാടിലൂടെ മാത്രമേ സഞ്ചരിക്കുകയുള്ളൂ…പക്ഷേ നിങ്ങളും അവരെപ്പോലെ സംസാരിക്കുമ്പോൾ അത് വല്ലാത്ത ഒരു നോവാണ്…..
അങ്ങനെ ഞാൻ എല്ലാവരിൽ നിന്നും അകന്നു മാറി…
എനിക്ക് ആരുമില്ല എന്ന തോന്നൽ എന്റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു നിങ്ങൾ പോലും എന്നെ മനസ്സിലാക്കുന്നില്ല എന്ന് തോന്നൽ എന്നെ വല്ലാതെ തളർത്തി കൊണ്ടിരുന്നു
അങ്ങനെയാണ് ഞാൻ എഫ്ബിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയത് അങ്ങനെ ഒരു ദിവസം യാദൃശ്ചികമായാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് അസെപ്റ്റ് ചെയ്തത്…
ആ ഒരു ബന്ധം ഒരു ഹായ് തുടങ്ങി പിന്നീട് എപ്പോഴോ ചാറ്റ് അതിരുകടന്നു…. പിന്നെ കാൾ ആയി….
നമ്മളെ മനസ്സിലാക്കാനും ചേർത്ത് പിടിക്കാനും ഒരാൾ ഉള്ളത് പോലെ ഒരു തോന്നൽ നിങ്ങളിൽ നിന്ന് കിട്ടേണ്ട പരിഗണനയും സ്നേഹവും എല്ലാം അവനിൽ നിന്ന് കിട്ടാൻ തുടങ്ങിയപ്പോൾ
ഞാനും അവനിലേക്ക് അടുത്തു ഈയൊരു ബന്ധംതെറ്റാണെന്ന് അറിഞ്ഞിട്ടും ഞങ്ങൾ പരസ്പരം ഒരുപാട് അടുത്തു…
ആ ഒരു അടുപ്പം പിന്നീട് എനിക്കൊരു ലഹരിയായിരുന്നു അവനെ ഒരു നേരം കാണാതിരുന്നാൽ അവൻ ഒന്നും മിണ്ടാതിരുന്നാൽ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു…
അവൻ ഇല്ലാത്ത നാളുകളിൽ ശൂന്യത എന്നെ ഒരുപാട് തളർത്തി പതിയെ പതിയെ അതൊരു വിഷാദമായി പടർന്നു കയറിയിരുന്നു…
ആഗ്രഹിക്കാൻ പാടില്ല എന്നറിഞ്ഞിട്ടും ആഗ്രഹിച്ചുപോയി…. പക്ഷേ അവന് ഇതെല്ലാം തമാശ ആയതിനാൽ ആവണം മടുത്തു തുടങ്ങിയപ്പോൾ ഒന്നും പറയാതെ മൗനമായി എന്നിൽ നിന്നും അകന്നത്….
പെട്ടെന്നുള്ള അവന്റെ അകൽച്ച എന്നിൽ വലിയൊരു ഷോക്ക് ആയിരുന്നു വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു അവസ്ഥ വീണ്ടും ഞാൻ ഒറ്റപ്പെട്ട പോലെ ഒരു തോന്നൽ എനിക്ക് ഉണ്ണാനും ഉറങ്ങാനും കഴിയാത്ത ഒരു സാഹചര്യം…
മെസ്സഞ്ചറിൽ ഓരോ മെസ്സേജ് വരുമ്പോഴും അവൻ ആകുമെന്ന് ആകാംഷയിൽ ഞാൻ മിഴികൾ വിടർത്തും ആ ഒരു ഇഷ്ടം അത്രത്തോളം മനസ്സിൽ തറച്ചിരുന്നു…..
എന്റെ മനസ്സിന്റെ പക്വതയില്ലായ്മ ആവാം അപ്പോഴത്തെ സാഹചര്യം ആവാം എന്നെ ഇവിടം വരെ എത്തിച്ചത്
പിന്നെ ചിലപ്പോൾ ഓർക്കും അവൻ പോയത് നന്നായി എന്ന്.. ഞാൻ മറ്റൊരാളുടെ ഭാര്യയും അവൻ മറ്റൊരാളുടെ ഭർത്താവുമാണ്…
മറ്റൊരാളുടെ സ്വന്തം അല്ലേ ഞാനായിട്ട് എന്തിനാ ആ പെൺകുട്ടിയുടെ ജീവിതം തകർക്കുന്നത് എന്നും കരുതി മനസ്സിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്….
നിങ്ങൾ ഇല്ലാത്ത ലോകം എനിക്കും ചിന്തിക്കാൻ വയ്യ പക്ഷേ ഞാൻ ചെയ്തത് തെറ്റല്ലേ എല്ലാം തുറന്നു പറയണം എന്നുണ്ടായിരുന്നു എനിക്ക് ഭയമായിരുന്നു നിങ്ങളുടെ പ്രതികരണം എങ്ങനെ എന്നറിയില്ലല്ലോ എല്ലാറ്റിനും മാപ്പ് ചോദിക്കുന്നു…..
നിങ്ങളുടെ ജീവിതത്തിൽ തുടരാൻ എനിക്ക് അർഹത ഉണ്ടോ എന്നറിയില്ല എന്നിരുന്നാലും എല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നു….. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ മനസ്സ് ശാന്തമായി….
അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു… ദൃഷ്ടി അങ്ങ് വിദൂരതയിൽ ആയിരുന്നു….
ഇപ്പോഴെങ്കിലും എല്ലാം തുറന്നു പറയാനുള്ള ഒരു മനസ്സ് ഉണ്ടായല്ലോ ചെറിയ രീതിയിലാണെങ്കിലും ഞാനും തെറ്റുകാരൻ അല്ലേ …
ചെറുപ്പം മുതലേ അച്ഛന്റെയും അമ്മയുടെയും അനുസരണയുള്ള മകനായിരുന്നു ഞാൻ എനിക്ക് സ്വന്തമായ ഒരു അഭിപ്രായം പോലും ഉണ്ടായിരുന്നില്ല അവരെന്താണ് പറയുന്നത് അത് അക്ഷരം പടി ഞാൻ അംഗീകരിക്കുമായിരുന്നു…
അതെല്ലാം എപ്പോഴും എന്നെ നല്ലതിലെ എത്തിച്ചിട്ടെയുള്ളൂ …. ആ ഒരു മനസ്സായിരുന്നു എനിക്കെപ്പോഴും, അവരെ അംഗീകരിക്കുന്നതോടൊപ്പം നിന്നെ ചേർത്തു നിർത്താൻ ഞാൻ ശ്രമിച്ചില്ല..
നീ ഓരോ കാര്യങ്ങൾ എന്നോട് പറയുമ്പോഴും അത് നിന്റെ തോന്നൽ ആണെന്ന് ഞാൻ വിശ്വസിച്ചു അവര് അങ്ങനെയൊന്നും പെരുമാറില്ല എന്നും വിചാരിച്ചു….
എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല ഇനി ആർക്കു വേണ്ടിയും നിന്നെ മാറ്റിനിർത്തുകയും ഇല്ല…
കഴിഞ്ഞതെല്ലാം കഴിഞ്ഞു നമ്മളിലെ രണ്ടുപേരുടെയും ഇന്നലകളെ നമുക്ക് മറന്ന് പരസ്പരം തെറ്റുകൾ തിരുത്തി ഇനിയങ്ങോട്ട് മുൻപോട്ട് ജീവിതം സുന്ദരമാക്കാം അതല്ലേ നല്ലത്…..
പരസ്പരം ഉള്ള് തുറന്നു സംസാരിച്ചപ്പോൾ തന്നെ എന്റെ ഉള്ളിലുള്ള ടെൻഷൻ കുറച്ചു മാറി കിരൺ …. എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഇനി ഒരു തെറ്റും സംഭവിക്കില്ല…
“എന്നാ നമുക്ക് ഒരിക്കൽ കൂടി ആ പെട്ടിക്കടയിൽ പോയി ഓരോ നാരങ്ങാ വെള്ളം അങ്ങ് കാച്ചിയാലോ…?”
“ഞാനും പറയാൻ വരികയായിരുന്നു അത് … എനിക്കറിയാമായിരുന്നു ഇതുവരെ കിരണിന് തോന്നാത്ത കാര്യം പെട്ടെന്ന് തോന്നിയത് ആ നാരങ്ങാ വെള്ളം തന്ന അമ്മച്ചി കാരണമാണെന്ന്…
“അതേ നന്ദു..അവരൊക്കെയാണ് മനുഷ്യരെ മനസ്സിലാക്കി സ്നേഹം കൊണ്ട് മനസ്സിൽ നാരങ്ങാവെള്ളം നിറയ്ക്കുന്നത്…”