മൈഥിലി
(രചന: Sinana Diya Diya)
ചിന്നി ചിതറിയ തണുത്ത ജലത്തുള്ളികൾ മുഖത്ത് പതിച്ചപ്പോഴാണ് മൈഥിലി ഉറക്കത്തിൽ നിന്നും ഉണർന്നത്..
കണ്ണ് തുറന്ന പാടെ കണ്ടത് ഒരു കയ്യിൽ കാച്ചിയ എണ്ണയും മറു കയ്യിൽ മുഖത്തു ഒഴിച്ചതിന്റെ ബാക്കി വെള്ളവുമായി നിൽക്കുന്ന അനിയത്തി നയനയെ ആണ്..
“എന്തോന്നാടി ഈ വെളുപ്പാൻ കാലത്ത് നിനക്ക് ഉറക്കം ഇല്ലെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ..”
” ഒന്ന് പോയെ, മതി ഉറങ്ങിയത് സമയം ആറു കഴിഞ്ഞു.. ഇന്ന് അമ്പലത്തിൽ പോവണമെന്ന് ഇന്നലെ തന്നെ അമ്മ പറഞ്ഞതല്ലേ.. ഇന്നല്ലേ ചേച്ചിയെ ആദ്യമായി പെണ്ണ് കാണാൻ വരുന്നത്.. അവരൊക്കെ രാവിലെ തന്നെ വരുമെന്നാ പറഞ്ഞത്..”
“അതിനായിരുന്നോ ഇത്ര തിരക്ക് പിടിച്ച് എന്നെ ഹോസ്റ്റലിൽ നിന്നും വിളിച്ചു വരുത്തിയത്..”
“ചേച്ചിയെ മുന്നേ അവർ കണ്ടിട്ടുണ്ട്.. ഇനി നമ്മൾക്ക് ഇഷ്ടായാൽ മതി..”
ഓഹോ.. നമ്മൾക്ക് അല്ലാ എനിക്ക് ഇഷ്ടം ആവണ്ടേ, എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട.. ”
“എന്തോന്നാ പറഞ്ഞെ കല്യാണം വേണ്ടാന്നോ..ആ നമ്പർ ഇനി നടക്കൂല മോളെ കണിയാര് അന്നേ പറഞ്ഞതാ 20 വയസ്സ് കഴിഞ്ഞാൽ 26ലെ നടക്കുവെന്ന്.. ഇതും കഴിഞ്ഞാൽ പിന്നെ കല്യാണ യോഗം ഇല്ല..
അന്ന് ചേച്ചി പഠിപ്പ് കഴിഞ്ഞു മതിയെന്ന് പറഞ്ഞത് കൊണ്ട് രക്ഷപെട്ടു…ഇപ്പൊ എല്ലാം കഴിഞ്ഞ് ജോലിയും നേടി… ഇനിവല്ല സന്യാസിയാകാനാണോ ഭാവം.. എല്ലാം തീരുമാനിച്ച മട്ടില അമ്മ…
അമ്മേടെ സ്വഭാവം അറിയാലോ എന്തെങ്കിലും തീരുമാനിച്ചാൽ അത് നടത്തിയിരിക്കും വെറുതെ പണ്ടത്തെ തേപ്പും പറഞ്ഞു ഇരിക്കാതെ പോയി കുളിക്ക്… ചേച്ചിടെ കഴിഞ്ഞു വേണം എനിക്ക് നോക്കാൻ…”
“എന്ത് നോക്കാൻ…”
” എനിക്കും വേണ്ടേ കല്യാണം ഞാനും ഇങ്ങനെ ഇരുന്നാൽ മതിയോ… ”
“ഹാഹാ കൊള്ളാലോ നീ, വയസ്സ് 20 ആയുള്ളൂ സംസാരം കേട്ടാൽ നീ എന്റെ ചേച്ചിയാണോന്ന് തോന്നുമല്ലോ…നീ പഠിച്ചു ഒരൂ ജോലിയൊക്കെ സമ്പാദിച്ചിട്ടു പോരെ കല്യാണം..”
ഇവരുടെ സംസാരം കേട്ടുകൊണ്ടാണ് അമ്മ ശോഭ കയറി വന്നത് ആളൊരു ടീച്ചർ ആയത് കൊണ്ടും ഇവരുടെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചത് കൊണ്ടും വളരെ സ്ട്രിക്ട് ആയാണ് മക്കളെ വളർത്തിയത്..
അമ്മയെ ഭയങ്കര പേടിയും ബഹുമാനവുമാണ് രണ്ടു പേർക്കും… മൈഥിലി അച്ചടക്കം കൂടിയിട്ടും നയന അത് ഇല്ലാതെയും പോയി എന്നാലും അമ്മേടെ മുന്നിൽ നല്ല കുട്ടിയാ..
” നിയിപ്പോഴും കുളിച്ചില്ലേ വെളുപ്പാൻ കാലത്ത് തന്നെ കിന്നരിക്കാതെ രണ്ടും കൂടി, ആ എണ്ണ തന്നേ ഞാൻ തലയിൽ തേച്ചുതരാം നിന്റെ മുടി കോഴിയുന്നുവല്ലോ…
അതിനെങ്ങനെ മുടിയൊന്നും നോക്കൂലല്ലോ ഞാൻ വേണ്ടേ എല്ലാം ചെയ്തു തരാൻ ഇപ്പോഴും കുഞ്ഞു കുട്ടിയാനാ വിചാരം”
“ഹോസ്റ്റലിൽ മുടിയൊക്കെ നോക്കാനെവിടാ അമ്മേ സമയം.. രാവിലെ ആറുമണി ആവുമ്പോഴേക്കും ഹോസ്പിറ്റലിലെ ബസ്സ് വന്നിട്ടുണ്ടാവും..
ചിലപ്പോൾ രണ്ടു ഷിഫ്റ്റ് വരെ കേറേണ്ടി വരും തിരിച്ചു ഹോസ്റ്റലിൽ വന്നാൽ എങ്ങിനെയെങ്കിലും കിടന്നുറങ്ങിയാൽ മതിയെന്നാ..”
“നിന്റെ ആഗ്രഹത്തിന് അനുസരിച്ചല്ലേ നഴ്സിങ് ജോലി തിരഞ്ഞെടുത്തത്.. ഞാൻ അന്നേ പറഞ്ഞതല്ലേ ടീച്ചിങ് മതിയെന്ന്.. അതാവുമ്പോൾ ആവശ്യം പോലെ സമയമുണ്ടാകും.. ഇതിപ്പോ ചോറുമില്ല വെള്ളവുമില്ലാതെയുള്ള ജോലിയല്ലേ..”
“എന്നാലും ഞാനീ ജോലിയിൽ സാറ്റിസ്ഫൈഡ് ആണ് അമ്മ.. എത്ര കഷ്ടപ്പെട്ടാലും ശരി വേദന അനുഭവിക്കുന്ന രോഗികളും ബന്ധുക്കളും മാലാഖമാരാണ് ഞങ്ങളെ കരുതുന്നത്.. വേറെ ഏതു ജോലിക്ക് കിട്ടും അവരുടെ പ്രാർഥനകൾ..”
” മതി മതി… നിന്നോട് തർക്കിക്കാൻ ഞാനില്ലാ… രണ്ടും വേഗം കുളിച്ചു തൊഴാൻ പോവാൻ നോക്ക് അവരൊക്കെ രാവിലെ തന്നെ വരുമെന്നാ ചെറിയച്ഛൻ പറഞ്ഞത് ”
കുളിച്ചു കഴിഞ്ഞ് മൈഥിലിയുടെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞിട്ടും നയന ഒരുങ്ങി കഴിഞ്ഞിരുന്നില്ല…
“ഡി.. നിന്റെ കഴിഞ്ഞില്ലേ… ഒന്ന് വേഗം വായോ എനിക്ക് വയ്യ ഇങ്ങനെ ഒരുങ്ങി കെട്ടി നിൽക്കാൻ… അമ്മേടെ ഓരോരോ കോപ്രായങ്ങൾ അവൾ പിറുപിറുത്തു.. അപ്പോഴേക്കും നയന കുളി കഴിഞ്ഞു വന്നു…
“ചേച്ചിപ്പെണ്ണ് സുന്ദരി ആയല്ലോ അല്ലെങ്കിലും എന്നെ കാണാൻ ഭംഗിയില്ല… ഭംഗി ചേച്ചി തന്നെയാ”
അവൾ അല്പം കുശുമ്പോടെ പറഞ്ഞു..
“മതി സുഖിപ്പിക്കൽ ഒന്ന് നിർത്തിക്കെ.. ഞാൻ താഴെ കാണും നീ വേഗം റെഡി ആയി വായോ ”
“ശരി എയ്ഞ്ചൽ ”
അമ്പലത്തിൽ പോയി വന്നപ്പോഴേക്കും വീടുമുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു..
“ഒരൂ പെണ്ണുകാണലിന് എന്തിനാ ഇത്രയും ആളുകൾ..”വീട്ടിലെ തിരക്ക് കണ്ടവൾ മനസ്സിൽ പറഞ്ഞു.. എന്ത് തന്നെ ആയാലും പുതിയൊരാളെ ഇഷ്ടപ്പെടാൻ മനസ്സ്പാകമായിട്ടില്ല. ആർക്കും മുഖം കൊടുക്കാതെ അവൾ മുകളിലേക്കു കയറിപ്പോയി..
പെണ്ണുകാണൽ ചടങ്ങ് എല്ലാവരും ഒരു ഉത്സവം ആക്കി മാറ്റിയിരുന്നു തറവാട്ടിൽ ഉള്ളവരല്ലാം ഒത്തുകൂടിയിരുന്നു എല്ലാവരും നല്ല സന്തോഷത്തിൽ ആണ്,
പക്ഷെ മൈഥിലി മാത്രം എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു…
അവൾ അവരിൽ നിന്നെല്ലാം മാറി റൂമിൽ പോയി ഷെൽഫ് തുറന്നു 4വർഷം മുന്നേ എഴുതിയ ഡയറി എടുത്തു.. അമ്മ കാണാതെ ഒളിപ്പിച്ചു വെച്ചതായിരുന്നു.. ഓരോ പേജുകളും മറിക്കാൻ തുടങ്ങി,
“ഒരിക്കൽ ഞാനും നിനക്ക് പ്രിയപ്പെട്ടതായിരുന്നില്ലേ അലക്സ് , പിന്നെ എന്തിനു വേണ്ടിയാണ് മൗനമായ് നീ എന്നിൽ നിന്നകന്നത്, എല്ലാം അവസാനിപ്പിച്ചതും, ഒരു ഹായ് എന്ന വാക്കിൽ തുടങ്ങിയ ബന്ധം പിന്നീട് എപ്പോഴോ ദിശ മാറിസഞ്ചരിച്ചു…
മറ്റൊരാൾ കൂട്ടിന് എത്തുന്നത് വരെയോ, അതോ മടുക്കും വരെ മാത്രമായിരുന്നോ നിന്നിൽ എനിക്കുള്ള സ്ഥാനം,
അങ്ങനെ എങ്കിൽ വേണ്ടിയിരുന്നില്ല അന്നേ പറയാമായിരുന്നു, നിന്നോടുള്ള ഇഷ്ടക്കൂടുതൽ കാരണം അരികിൽ ഉള്ള പലതും മറന്നിരുന്നു…
സ്വന്തമാക്കാൻ ഒരിക്കലും കഴിയില്ല എന്ന് നീ പറഞ്ഞിരുന്നു എങ്കിലും നമ്മൾ മനസ്സ് പങ്ക് വെച്ചില്ലേ, പരസ്പരം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നില്ലേ, ആഗ്രഹിക്കാൻ അർഹത ഇല്ലെന്ന് അറിഞ്ഞിട്ടും ആഗ്രഹിച്ചില്ലേ എല്ലാം തമാശ ആയിരുന്നുവോ…
“ചേച്ചി.. ദാ അവര് വന്നു..” പെട്ടന്നാണ് നയന കയറി വന്നത്..
ഡയറി അവൾ കാണാതെ ഷെൽഫിനകത്തേയ്ക്ക് വച്ചു.. തിരിഞ്ഞതുംഅവളെത്തി..
“അത് ശരി എയ്ഞ്ചൽ പണ്ടത്തെ തേപ്പും പിടിച്ച ഓർമ്മകൾ അയവിറക്കുകയാണല്ലേ… നാണം ഉണ്ടോ ചേച്ചിക്ക് ഇപ്പോഴും ഇതും പിടിച്ച് ഇരിക്കാൻ..അമ്മ കാണേണ്ട വേഗം വായോ അവരെത്തി ..
മൈഥിലിയുടെ മുഖത്ത് ചെറിയ പരിഭ്രമം നിറഞ്ഞിരുന്നു എങ്കിലും അത് പുറത്തുകാട്ടാതെ താഴേക്ക് ചെന്നു..
“ദാ.. വരുന്നു ഞങ്ങളുടെ മാലാഖ കുട്ടി..” ചെറിയച്ഛനാണ് അവർക്കുമുന്നിൽ പരിചയപ്പെടുത്തിയത്..
” പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല.. ഞങ്ങൾക്ക് ഇവളെ നന്നായി അറിയാം.. എന്റെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതു മുതൽ എന്നെ നോക്കിയത് ഈ മോളാണ്.. ”
അപ്പോഴാണ് അവൾ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയത്..നല്ല ഐശ്വര്യമുള്ള ആ അമ്മയുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി..
കഴിഞ്ഞ മാസം ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കിടന്ന പ്രായമുള്ള അമ്മ..
ഒരിക്കലും അവർ രക്ഷപ്പെടും എന്ന് ഡോക്ടേഴ്സിനു പോലും ഉറപ്പ് ഉണ്ടായിരുന്നില്ല… ആശുപത്രിയിൽ നിന്ന് പോകുന്നതുവരെ അവരെ താനാണ് നോക്കിയിരുന്നത്…
അവർക്ക് എപ്പോഴും വേവലാതി ആയിരുന്നു തന്റെ ഇളയ മകന്റെ വിവാഹത്തിന് മുൻപേ മരിച്ചു പോകുമോയെന്നു.
നാല് തലമുറക്ക് കഴിയാൻ വേണ്ടുന്നതെല്ലാമുള്ള കുടുംബം.. താനൊന്നു സമ്മതം മൂളിയാൽ രാജകുമാരിയെപ്പോലെ വാഴാം.. എങ്കിലും മനസ്സ് അനുവദിക്കുന്നില്ല..
എന്താ മോളെ വിശ്വാസമാകുന്നില്ല അല്ലെ.. ഞാനന്നെ തീരുമാനമെടുത്തതാണ്.. ആശുപത്രിയിൽ നിന്നും ജീവനോടെയാണ് പുറത്ത് പോകുന്നതെങ്കിൽ എന്റെ മകന് വേണ്ടി മോളെ ചോദിക്കണമെന്ന്.
എത്ര സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ദൈവം എനിക്കൊരു മകളെ തന്നില്ല.. എനിക്ക് വയ്യാതെ ആയപ്പോഴാണ് ആ വിഷമം ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചത്. സത്യത്തിൽ മോളാണ് എനിക്ക് ജീവിക്കുമെന്ന പ്രതീക്ഷ തന്നത്..
എത്രയോ പേരെ ഞാൻ കിരണിന് വേണ്ടി നോക്കിയിട്ടുണ്ട് എന്നറിയാമോ.. പക്ഷെ ഇവന്റെ മനസ്സിന് പിടിച്ചില്ല.. മോളെ കണ്ടിട്ടില്ലെങ്കിലും എന്റെ വാക്കുകളിലൂടെ തന്നെ ഇവനൊരുപാട് ഇഷ്ടപ്പെട്ടു..
അടുത്തിരുന്ന ചെറുപ്പക്കാരനിൽ അവളുടെ മിഴികളുടക്കി..കിരൺ നല്ല പേര് കാണാൻ അലക്സിനോളം തന്നെ ഭംഗിയുള്ള വെള്ളാരംകണ്ണുകളുള്ള സുന്ദരൻ പയ്യൻ..പണത്തിന്റെയോ പ്രതാപ ത്തിന്റെ യും യാതൊരു അഹങ്കാരവും മുഖത്തില്ല..
എന്താ ആലോചിച്ചു നിൽക്കുന്നെ മോളവർക്ക് ചായകൊടുക്ക്.. അമ്മായി ചായ കപ്പുകൾ നിറച്ച ട്രേ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു..
ചായ കപ്പ് വാങ്ങി ചുണ്ടോടു ചേർത്തു.. പാലും പഞ്ചസാരയും കൃത്യം ചേർന്ന ചായ കുറച്ചൊന്നു നുണഞ്ഞുകൊണ്ട് അയാൾ കപ്പ് താഴെ വച്ചു..
“എനിക്കൊന്നു സംസാരിക്കണമായിരുന്നു..”
പുഞ്ചിരി തൂക്കിയിരിക്കുന്ന അയാളുടെ അരികിൽ നിന്ന് ശബ്ദം താഴ്ത്തി കൊണ്ട് അവൾ പറഞ്ഞു.. എന്നിട്ട് പതുക്കെ മുകളിലെ മുറിയിലേക്ക് നടന്നു..
ബന്ധുക്കളും വിരുന്നുകാരും കല്യാണം ഉറപ്പിച്ചതിനു സമാനമായി ചർച്ചകൾ തുടങ്ങിയിരുന്നു..അവളുടെ സംസാരം ആരും ശ്രദ്ധിച്ചിരുന്നില്ല…
“എനിക്ക് മൈഥിലിയോടൊന്നു സംസാരിക്കണം ”
“അതിനിപ്പോ എന്താ.. ഞങ്ങളൊക്കെ പുരോഗമനചിന്താഗതിക്കാര… മോൻ പോയി സംസാരിച്ചോളൂ..
കിരൺ മുഖത്ത് ജാള്യത ഒട്ടുമില്ലാതെ എഴുന്നേറ്റു മുകളിലേക്കു ചെന്നു.. തുറന്നുകിടന്ന വാതിലിലൂടെ അനുവാദം വാങ്ങി അകത്തു കടന്നു..
അപ്രതീക്ഷിതമായി കിരണിന്റെ കൈകളിലേക്ക് ഒരുഡയറിയും കുറച്ചു ഫോട്ടോകളും വച്ചു കൊടുത്തു… ഇത് വായിച്ചു നോക്കു.. ഇതൊക്കെയാണ് ഞാൻ…
സത്യത്തിൽ അവളുടെ പെരുമാറ്റം അവനെ ഞെട്ടിച്ചു കളഞ്ഞു.. കുറച്ചു മുൻപ് കണ്ട പെണ്ണേയല്ല അവൾ…
ഡയറി തുറന്നു പേജുകൾ മറച്ചുനോക്കി.. അലക്സ് ആ പേരിൽ അവന്റെ കണ്ണുകൾ ഉടക്കി..
“അലക്സ് എല്ലായിപ്പോഴും നീ കൂടെ ഉണ്ടെന്ന് തോന്നും, എപ്പോഴും ഹൃദയത്തിൽ കൊണ്ട് നടന്നിരുന്നു നീ എന്നാ ഇഷ്ടത്തെ,അത് കൊണ്ടാവാം ഒരു വിളിക്കായ്, മെസ്സേജിനായി ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്..
അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു നിന്നോടൊത്തുള്ള ഓരോ നിമിഷവും, നിന്റെ സ്നേഹവും കരുതലും, ഒരുപാട് ആസ്വദിച്ചിരുന്നു എല്ലാം കാപട്യം നിറഞതായിരുന്നുവോ..
ആരോരുമറിയാതെ രാവന്തിയോളം സംസാരിച്ചിരുന്നില്ലേ നമ്മൾ, അന്നൊക്കെ നമുക്കിടയിൽ വാക്കുകൾക് ക്ഷാമം ഉണ്ടായിരുന്നില്ല, ഇന്നോ മിണ്ടാൻ പോലും സമയം ഇല്ല നിനക്ക് എല്ലായിപ്പോഴും തിരക്കാണ്,
ഒരു നേരം കാണാതിരുന്നാൽ, ആവലാതിപ്പെടാനും, ഒരു ചെറിയ മൗനം പോലും വേദനിക്കാൻ പാകത്തിന് മനസ്സിന്റെ ഏതോ കോണിൽ നീ ഇടം പിടിച്ചിരുന്നു….
അത് ഒരിക്കൽ നിന്നോട് പറയുകയും ചെയ്തിരുന്നു,, എത്ര മറക്കാൻ ശ്രമിച്ചാലും മായാതെ, കൂടുതൽ ശക്തിയോടെ നീ വീണ്ടും എന്റെ ഓർമ്മകളിലേക്ക് ചെക്കേറിയിരിക്കുന്നു…
എല്ലാം തുടങ്ങിവെച്ചത് നിയായിരുന്നല്ലോ,, എത്ര വേദനിപ്പിച്ചാലും, അവഗണിച്ചാലും, പിണങ്ങിയാലും തിരിച്ചു വേദനിപ്പിക്കാനോ വെറുക്കാനോ, കഴിയാത്തൊരിഷ്ടം ആയി മാറിയിരിക്കുന്നു എനിക്ക് നീ….
എന്നും, എപ്പോഴൊഎന്നിൽ നിന്ന് നഷ്ട്ടപെട്ടു പോയ ഇഷ്ടത്തിന്റെ ബാക്കിയാണ് നീ എന്നു ഇടക്ക് വെറുതെ തോന്നാറുണ്ട്,ചില സമയം മൗനത്തെ കൂട്ട് പിടിച്ച് നീ പോവുമെങ്കിലും, കൂടുതൽ ശക്തിയോടെ എന്നിലേക് അടുക്കാറുണ്ടായിരുന്നു….
ചില സന്ദർഭങ്ങളിൽ എന്റെ സന്തോഷവും, സമാധാനവും നിന്നിൽ കൂടിയാണ് ഞാൻ കണ്ടെത്തിയിരുന്നത്, മൗനമായ് എന്നിൽ നിന്ന് അകന്നു പോവില്ല എന്നത് എന്റെ മാത്രം വിശ്വാസം ആയിരുന്നു, എല്ലാം വെറും തോന്നാലുകൾ ആയി അവശേഷിച്ചു….
ഇന്ന് വേദനയോടെ തിരിച്ചറിഞ്ഞു.. ഞാൻ നിനക്ക് മുന്നിൽ ഒരു കോമാളി ആയിരുന്നു എന്നും ,,
എന്നിരുന്നാലും ഇഷ്ടം ഇല്ലാഞ്ഞിട്ട് അകന്ന് പോയതായിരിക്കില്ല ഒരുപാട് ഇഷ്ടം ഉണ്ടായിട്ടും സാഹചര്യം കൊണ്ട് മാറിനിൽക്കുന്നതായിരിക്കാം എന്നു ഓർക്കാൻ ആണ് എന്നും അനികിഷ്ടം..
എന്തെന്നാൽ എന്റെ എത്രയോ വിലപ്പെട്ട സമയമാണ് നിനക്കായ് ചിലവഴിച്ചത് എല്ലാം മാറ്റിവെച്ച്, ഉണ്ണാതെയും നിന്റെ വാക്കുകളിൽ മാത്രം ഞാൻ എന്നെ തന്നെ മറന്നു പോയിരുന്നു..
ഇനിയെങ്കിലും എനിക്കൊന്നു ജയിക്കണം എന്റെ മനസാക്ഷിക്കു മുന്നിലെങ്കിലും……
ആരാണ് ഈ അലക്സ്… ലവ്വർ ആയിരുന്നോ.. കിരണിന്റെ പുരികം ചെറുതായി വിറകൊള്ളുന്നത് അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു..
യെസ്… എന്റെ എല്ലാം ആയിരുന്നു.. ഇപ്പോഴും ഞാൻ സ്നേഹിക്കുന്നു.. എന്നെ വിട്ട് പോയെങ്കിലും..
“എവിടെക്കാണ് പോയത്..?”
അറിയില്ല.. അലക്സിന്റെ എംബി എ കഴിഞ്ഞതിനു ശേഷം പിന്നെ കണ്ടിട്ടില്ല.. ഒരിക്കൽ പോലും മെസ്സേജുകൾക്ക് റിപ്ലൈ അയച്ചിട്ടില്ല.. ചിലപ്പോൾ അവൻ ഓസ്ട്രേലിയയിൽ അവന്റെ പപ്പയോടൊപ്പം ജോലി ചെയ്യുന്നുണ്ടാവും…
” ഇനി വരാത്ത ഒരാളെ കാത്തിരിക്കണോ.. എനിക്ക് ഇഷ്ടമാണ് തന്നെ..”
“എനിക്ക് വിവാഹത്തിന് എതിരൊന്നുമില്ല പക്ഷെ എല്ലാം തുറന്നു പറയണമെന്ന് തോന്നി.. അല്ലെങ്കിൽ കിരണിനെ ചതിക്കുന്നതിനു തുല്യമാണ്.. നിങ്ങളുടെ അമ്മ എന്റെ ഒരൂ മുഖം മാത്രമേ കണ്ടിട്ടുള്ളു..
ആർക്കും സ്നേഹിക്കാൻ കഴിയുന്ന മാലാഖയുടെ മുഖം.. അതല്ലാതെ എന്നോ കളഞ്ഞു പോയ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്ന മണ്ടിപെണ്ണിന്റെ മുഖം കൂടിയുണ്ട് ”
അതൊക്കെ വിട്ടുകള മൈഥിലി നമ്മൾ മനുഷ്യരല്ലെ.. ഓരോ കാലങ്ങളിലും നമ്മെ ജീവിപ്പിക്കുന്ന മനുഷ്യരുണ്ടാവും..
അച്ഛൻ,അമ്മ, കൂട്ടുകാർ, ലവ്വർ.. ഇതൊന്നുമല്ലാത്ത മുഖം പോലും കാണാത്ത കുറേ മനുഷ്യർ…എല്ലാം അടങ്ങിയതാണ് മനുഷ്യ ജന്മം..
ഞാൻ അമ്മയോട് ഏതായാലും യെസ് പറയാൻ പോവുന്നു.. മൈഥിലിയും അങ്ങിനെ പറയണം എന്നാണ് എന്റെ ആഗ്രഹം.. ഇതാണ് എന്റെ ഫോൺ നമ്പർ… യെസ് ആയാലും നോ ആയാലും അയക്കാൻ മടിക്കേണ്ട..
ഞാൻ കാറിൽ കയറുന്നതിനു മുൻപ് എനിക്ക് മെസ്സേജ് അയക്കണം.. ഞാൻ അമ്മയെ പറഞ്ഞ് മനസ്സിലാക്കാം.. തനിക്കൊരു പ്രശ്നവും വരില്ല…യെസ് ആണെങ്കിൽ നമുക്ക് ഉടമ്പടികൾ ഇല്ലാതെ തന്നെ സ്നേഹിക്കാം ”
എല്ലാംഅറിഞ്ഞിട്ടും കിരൺ വിവാഹത്തിന് സമ്മതിക്കും എന്ന് ഒരിക്കൽ പോലും അവൾ കരുതിയിരുന്നില്ല… കൂൾ ആയി പടികൾ ഇറങ്ങി പോകുന്ന അവനെ നോക്കി അവൾ ആശ്ചര്യം പൂണ്ടു…
സൽക്കാരം കഴിഞ്ഞു പുറത്തേക്കവർ ഇറങ്ങുമ്പോൾ മൈ വുഡ്ബി എന്ന് നമ്പർ സേവ് ചെയ്തു മെസ്സേജ് അയക്കാൻ മനസ്സിനെ പാകപ്പെടുത്താനുള്ള തിടുക്കത്തിലായിരുന്നു അവൾ…