ഏട്ടത്തി അമ്മ
(രചന: Sinana Diya Diya)
“എനിക്ക് ചേച്ചിയെപ്പോലെ ഒരു പെണ്ണിനെ മതി ഭാര്യയായിട്ട്.. ചേച്ചിയെപ്പോലെ വലിയ കണ്ണുകളും നീണ്ടമുടിയും.. മൂക്കും..പിന്നെ…”
“ഓ.. പിന്നെ നീ എന്നെ പറഞ്ഞങ്ങ് സുഖിപ്പിക്കാതെ അരുൺ..”
“സത്യം ചേച്ചി…. ഞാൻ പറയുന്നത് കാര്യമായിട്ടാണ്”
“അരുൺ നീ ഒരു കല്യാണം കഴിക്കൂ അപ്പോ ഈ തോന്നൽ ഒക്കെ മാറും… അച്ഛനും ഏട്ടനും എത്രയായി പറയുന്നു ”
“അതാ പറയുന്നത് ചേച്ചിയെ പോലെയുള്ള ഒരു പെണ്ണിനെ വേണം എന്നു..അങ്ങനെ ഉള്ള പെണ്ണിനെയേ ഞാൻ കല്യാണം കഴിക്കൂ അല്ലങ്കിൽ എനിക്ക് കല്യാണം വേണ്ട..”
“അങ്ങനെയൊക്കെ ഉണ്ടാവോ എല്ലാം എന്നെപ്പോലെ..”
“ഉണ്ടാവും…ചേച്ചി ഒന്ന് കണ്ടു പിടിക്കൂ.. അത് വരെയും ഞാൻ കാത്തിരിക്കാം….” അതും പറഞ്ഞു അവൻ ബൈക്കുമെടുത്ത് പുറത്തേക്കു പോയി…
അരുണിന് പത്തു വയസ്സുള്ളപ്പോൾ വന്നതാണ് അവന്റെ ഏട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക്..
അന്നൊക്കെ വല്ലാത്ത അകൽച്ച ആയിരുന്നു അവനിൽ നിന്നും ഉണ്ടായിരുന്നത്…കാര്യം എന്താണെന്ന് ഏട്ടനോട് ചോദിച്ചപ്പോഴാണ് അറിയുന്നത്…
“അമ്മ മരികുമ്പോൾ അവന് നാലു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു അനുപമേ… ഞങ്ങൾക്ക് നേരത്തിനു വല്ലതും വച്ചുണ്ടാക്കി തരും എന്നും കരുതിയാണ് എല്ലാരും നിർബന്ധം പിടിച്ചപ്പോൾ അച്ഛൻ വേറൊരു കല്യാണത്തിന് മുതിർന്നത്…
ഒരു പാവപെട്ട വീട്ടിലെ പെണ്ണ് മതിയെന്ന് അച്ഛൻ നിബന്ധം പിടിച്ചിരുന്നു..അധികം ഒന്നും തിരഞ്ഞ് നടക്കേണ്ടി വന്നില്ല… അകന്ന ബന്ധത്തിൽ നിന്ന് തന്നെ ഒരാളെ അമ്മായിമാര് കണ്ടെത്തി..
അങ്ങനെയാണ് അച്ഛൻ വീണ്ടും കല്യാണം കഴിച്ചത്…ഞങ്ങൾ അവരെ ചെറിയമ്മ എന്നാണ് വിളിച്ചിരുന്നത്….. തുടക്കത്തിൽ ഞങ്ങളോട് നല്ല രീതിയിൽ പെരുമാറിയിരുന്നുവെങ്കിലും പോകെ പോകെ മോശമായി പെരുമാറാൻ തുടങ്ങി..
എന്തിനും ഏതിനും കുറ്റം കണ്ടെത്താൻ തുടങ്ങി അവർ..സമാധാനം നശിച്ച അച്ഛൻ മ ദ്യപാനിയായി മാറി..എന്നും വീട്ടിൽ വഴക്ക് പതിവായിരുന്നു. അമ്മയാകേണ്ടവൾ സൗഭാഗ്യങ്ങൾ കണ്ടപ്പോൾ അതെല്ലാം മറന്നു..
അവർക്ക് വേണ്ടത് അച്ഛന്റെ പണം മാത്രം ആയിരുന്നു. അച്ഛൻ ജോലിക്കും ഞാൻ സ്കൂളിലും പോവുമ്പോൾ ചെറിയമ്മ അരുണിനെ ഒരുപാട് ഉപദ്രവിച്ചു.. ഭക്ഷണം കൊടുക്കാതെ പട്ടിണിക്ക് ഇട്ടു…എല്ലാം പിന്നീട് ആണ് ഞങ്ങൾ അറിഞ്ഞത്….
അപ്പോഴേക്കും അവർക്ക് വേണ്ടിയിരുന്നത് എല്ലാം എടുത്ത് ആരുടെയോ കൂടെ ഇറങ്ങി പോയിരുന്നു..
അല്ലങ്കിലും ചില പെണ്ണുങ്ങൾ അങ്ങനെയാണല്ലോ, സുഖസൗകര്യങ്ങൾ കൂടുമ്പോൾ കൂടെ ഉള്ളത് മറന്നു കളയും മറ്റുള്ളവരുടെ വേദന അവർക്ക് അറിയേണ്ടതില്ല…
അപ്പോഴേക്കും ആ കുഞ്ഞു മനസ്സിൽ അവരോടുള്ള പേടിയും ദേഷ്യവും വെറുപ്പും കൂടി വല്ലാത്ത ഒരു അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു. പിന്നീട് കൗൺസിലിങ്ങിലൂടെ ആണ് വീണ്ടും ഞങ്ങൾക്ക് അവനെ തിരിച്ചു കിട്ടിയത്…
ഇപ്പോഴും ഏതൊരു പെണ്ണിലും അവൻ ചെറിയമ്മടെ ആ സ്വഭാവം കാണുന്നു അതാണ് നിന്നോടും അടുക്കാത്തത് പതിയെ ചിലപ്പോൾ മാറ്റം കാണും, ഇനി മാറിയില്ലങ്കിൽ അനു നീ വേണം അവനെ മാറ്റിയെടുക്കാൻ…ഏട്ടൻ പറഞ്ഞത് ഇന്നും ഓർമയിൽ ഉണ്ട്…
എല്ലാം കേട്ടപ്പോൾ അവനോടു വാത്സല്യം കൂടിയിട്ടെയുള്ളൂ ഈ പ്രായത്തിൽ എനിക്കും ഉണ്ടല്ലോ ഒരു അനിയത്തി..
അമ്മ ഇല്ലാത്ത അരുണിന് അവളായിരുന്നു അമ്മ..എല്ലാം ചെയ്തു കൊടുത്തു പക്ഷെ അവനിൽ നിന്നും പ്രത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല..
പിന്നെ നാളുകൾക്ക് ശേഷം ആണ് അവൻ അവളെ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും സ്നേഹിച്ചതും അനിയൻ ഇല്ലാത്ത അവൾക് അവൻ സ്വന്തം അനിയൻ തന്നെ ആയിരുന്നു…
അന്ന് മുതൽ അവന് എല്ലാം ചേച്ചി ആയിരുന്നു… എന്നിരുന്നാലും ബാല്യത്തിലെ ആ അനുഭവങ്ങൾ പിന്നെയും അവനെ ഇടക്കൊക്കെ വേട്ടയാടികൊണ്ടിരുന്നു….
ഏട്ടത്തി അമ്മയുടെ ആവശ്യങ്ങൾക്കെല്ലാം ആരുണാണ് കൂടെ പോയിരുന്നത്. അത് ബൈക്കിലായാലും കാറിലായാലും രണ്ടുപേർക്കും കുഴപ്പങ്ങൾ ഒന്നും തോന്നിയിരുന്നില്ല..
പക്ഷെ അവരുടെ ഇടപെടലുകൾ അയൽകാരിലും ബന്ധുകളിലും നീരസം ഉണ്ടാക്കിയിരുന്നു..
അല്ലങ്കിലും സ്വന്തം കാര്യം മറന്നു മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണല്ലോ ചില ആളുകൾക്കു കൂടുതൽ ശ്രദ്ധ….ആരൊക്കെ മോശമായി ചിന്തിച്ചാലും അച്ഛനും ഏട്ടനും മോശമായി ഒന്നും തോന്നിയിരുന്നില്ല.. അത് ഏറ്റവും വലിയ ഭാഗ്യം….
“മോളെ നീ എന്താ ആലോചിക്കുന്നത് ഞാൻ പറഞ്ഞ കാര്യം അരുണിനോട് പറഞ്ഞോ കുറെ സമയം ആയല്ലോ ഈ ഇരുപ്പ് അരുൺ എന്തിയെ..?”
“ഒന്നൂല്യ അച്ഛാ..ഞാൻ വെറുതെ പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു.. അരുണിനോട് ഞാൻ സംസാരിച്ചു ”
“അവന് ആരെങ്കിലുമായി അടുപ്പം ഉണ്ടോ എന്നാൽ അത് നോക്കാമായിരുന്നു..”
“അങ്ങനെ ഒന്നും ഇല്ല അച്ഛാ..അവൻ പറയുന്നത് എന്നെ പ്പോലെ ഉള്ള ഒരു പെണ്ണിനെ മതി എന്നാണ്… ബാല്യത്തിലെ ആ അനുഭവം അവനെ ഇപ്പോഴും വേട്ടയാടുന്നു.. ഭാര്യ ആയി വരുന്ന പെൺകുട്ടി എങ്ങനെ ആവുമെന്ന ചിന്ത ആണ്”
“നിന്നെ പോലെ ഉള്ള ഒരു പെൺകുട്ടിയെ തന്നെ ആണ് ഞാനും അവന് വേണ്ടി ആഗ്രഹിക്കുന്നത്.. നീയും ചെറിയമ്മയെപ്പോലെ ആയിരുന്നേൽ എന്താകുമായിരുന്നു
അവരുടെ അമ്മയെ ദൈവം കൊണ്ടു പോകുന്നതിന് മുൻപ് ഞങ്ങൾ എന്ത് സന്തോഷത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത്
നിന്റെ ഏട്ടൻ എന്റെ മൂത്ത മോൻ ഉണ്ടായി കുറെ കഴിഞ്ഞാണ് അരുൺ ഉണ്ടായത് അതിൽ പിന്നെ ഞങ്ങടെ സന്തോഷം ഇരട്ടി ആയി ആര് കണ്ടാലും അസൂയയോടെ നോക്കുമായിരുന്നു
പക്ഷെ അതിനു ആയുസ്സ് കുറവായിരുന്നു വിധി അങ്ങനെ ആണല്ലോ അതോടെ ജീവിതം ആകെ മാറി മറിഞ്ഞു.. “അച്ഛന്റെ കണ്ണുകൾ നിറയുന്നതും തൊണ്ട ഇടറുന്നതും അവളെ സങ്കടപ്പെടുത്തി…
“ഇതൊക്കെ എത്രയോ തവണ അച്ഛനും ഏട്ടനും എന്നോട് പറഞ്ഞിരിക്കുന്നു, കഴിഞ്ഞതെല്ലാം മറക്കാം നമുക്ക് ഇനി അരുണിന് വേണ്ടി നല്ലൊരു കുട്ടിയെ കണ്ടുപിടിക്കണം അതിന് അച്ഛൻ എന്നെ സഹായിക്കണം.
അവൻ പറയുന്നത് രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും എന്നെപ്പോലെ ഒരു കുട്ടിയെ വേണം എന്നാണ് അങ്ങനെ ഒരു കുട്ടിയെ എവിടുന്ന് കിട്ടും അച്ഛാ നമുക്ക്….”
“അവനെപ്പറ്റി എല്ലാം അറിയുന്ന ഒരു പെൺകുട്ടി വേണം അവന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ. അങ്ങനെ ഒരാൾക്കെ അവനെ മനസ്സിലാക്കാൻ പറ്റു അവന്റെ കൂടെ നമ്മളെയും ചേർത്തു നിർത്താൻ കഴിവുള്ള ഒരു പെൺകുട്ടി…..”
“അച്ഛൻ ഒന്ന് അന്വേഷിക്കൂട്ടോ കൂട്ടുകാരുടെ ആരുടെയെങ്കിലും മക്കളുണ്ടോ അച്ഛന്റെ പരിചയത്തിൽ.. അവന് ഇപ്പോൾ ഒരു കുഴപ്പവുമില്ല പഠിപ്പിച്ചു നല്ലൊരു ജോലിയൊക്കെ നേടി യില്ലേ..
എന്റെ സ്നേഹത്തിനെ കുറ്റം പറയുന്ന നാട്ടുകാരെയും ബന്ധുക്കളുടെയും വായ് മൂടിക്കെട്ടാനാവില്ലല്ലോ.. ഞാൻ അത് കാര്യമാക്കുന്നുമില്ല.. പക്ഷെ വന്നു കയറുന്ന പെൺകുട്ടി എത്രത്തോളം അതിനെ ഉൾക്കൊള്ളണം എന്നില്ല ”
“അതേ മോളേ അതൊന്നും കാര്യമാക്കണ്ട എനിക്ക് നീയും എന്റെ മകൾ തന്നെയാണ് മരുമകൾ അല്ല .. എല്ലാം മനസ്സിലാക്കി നീഎല്ലാവരേയും ചേർത്തുനിർത്തിയില്ലായിരുന്നെങ്കിൽ എന്റെ മോന്റെ അവസ്ഥ എന്താകുമായിരുന്നു..
ഇപ്പോൾ ഏതെങ്കിലും ഒരു ഭ്രാന്താശുപത്രിയിൽ ഉണ്ടാകുമായിരുന്നു… അവനെ ഞങ്ങൾക്ക് എന്നെന്നേക്കുമായി നഷ്ടമായേനെ..”
“അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അച്ഛാ”
“ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായ എനിക്ക് മനസ്സിലാവും നഷ്ടപ്പെടലിന്റെ വേദന ഞങ്ങൾ അത് നന്നായി അനുഭവിച്ചിട്ടുണ്ട്….”
“ഞാനൊരു കാര്യം പറഞ്ഞാൽ മോള് സമ്മതികുമോ.?”
“എന്തായാലും അച്ഛൻ പറയൂ കേൾക്കട്ടെ”
“അരുണിന് മോളെപ്പോലെ ഒരു കുട്ടിയെ വേണം എന്നല്ലേ പറയുന്നത്, സ്വഭാവത്തിലും രൂപത്തിലും
എന്നാൽ മോളുടെ അനിയത്തി കുട്ടി ആയാലോ..
കണ്ടാലും മോളുടെ നല്ല ഛായഉണ്ട് . രണ്ടുപേർക്കും പരസ്പരം അറിയുകയും ചെയ്യും മോൾക്ക് ഇഷ്ടമുണ്ടെങ്കിൽ മതി ട്ടോ ഞാനെന്റെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളൂ മോള് അമ്മയോട് ഒന്ന് സംസാരിക്കാമോ പിന്നെ അവളോടും സംസാരിക്കൂ അവളുടെ ഇഷ്ടം അറിയണമല്ലോ”
അനുപമ അങ്ങിനെ ഒരു ആവശ്യം പ്രതീക്ഷിച്ചിരുന്നില്ല..അരുണി നേക്കാൾ മൂന്ന് വയസ്സ് ഇളയതാണ് തന്റെ അനിയത്തികുട്ടി ആരതി….
“എന്താ മോളെ മിണ്ടാത്തത്…”
ഒന്നും ഇല്ല അച്ഛാ ഞാൻ അമ്മയോടും ആരതിയോടും സംസാരിക്കട്ടെ അവരുടെ ഇഷ്ടം കൂടി അറിയണമല്ലോ.. അറിയട്ടെ എന്നിട്ട് അച്ഛനോട് പറയാം…
പിന്നീട് അമ്മ വിളിച്ചപ്പോൾ അവൾ ഈ കാര്യം പറഞ്ഞു
“അമ്മക്ക് സമ്മതമാണ് മോളെ അച്ഛനില്ലാത്ത നിങ്ങൾ രണ്ടുപേരും ഒരു വീട്ടിൽ താമസിക്കുന്നത് വലിയൊരു ഭാഗ്യമാണ് പക്ഷേ അവളുടെ സമ്മതം ചോദിച്ചു നോക്കിയിട്ട് മതി… മോള് തന്നെ അവളോട് സംസാരിക്കു അതാണ് നല്ലത്”
“ശരി അമ്മേ ഞാൻ ചോദിച്ചു നോക്കാം”
“എന്തായാലും ഇവിടെ എല്ലാവർക്കും സമ്മതമാണ്… നിങ്ങൾ രണ്ടുപേരും ഒരേ വീട്ടിൽ ആവുമ്പോൾ എനിക്കും സമാധാനം ഉണ്ടാവും…
“ശരിയമ്മേ.. ഞാൻ അവളെ വിളിച്ചു നോക്കട്ടെ…” അനുപമ അനിയത്തിയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു രണ്ടു റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു
“ഹലോ എന്താ വിശേഷം ചേച്ചി ഞാൻ ക്ലാസ് കഴിഞ്ഞു ബസ്സ് കാത്തു നിൽക്കുക ആണ് വീട്ടിൽ പോവാൻ വെറുതെ വിളിച്ചത് അല്ലേ എല്ലാവരും എന്തിയേ”
“ഒന്നുമില്ലടാ ഞാൻ വെറുതെ വിളിച്ചതാ ഏട്ടൻ വന്നിട്ടില്ല ജോലി കഴിഞ്ഞു അരുൺ പുറത്തേക്ക് പോയി കുട്ടികളും അച്ഛനും ഇവിടെ ഉണ്ട്
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..”
“മുഖവുരയുടെ ആവശ്യം എന്തിനാ ചേച്ചി പറയൂ..”
“അരുണിന്റെ ഭാര്യയായി ഈ വീട്ടിൽ വരാൻ നിനക്ക് എതിർപ്പുണ്ടോ ഞാൻ ചോദിച്ചു എന്നെ ഉള്ളൂ വീട്ടിൽ എത്തി ആലോചിച്ചിട്ട് തീരുമാനം പറഞ്ഞാൽ മതി..”
“ചേച്ചി അത് പിന്നെ ഞാൻ…”
“മോളെ നിനക്ക് പെട്ടെന്ന് പറയാൻ പറ്റില്ല എന്നറിയാം അമ്മയുമായി സംസാരിച്ചിട്ട് നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി…
അവന്റെ കാര്യങ്ങളൊക്കെ നിനക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ നിന്റെ ജീവിതമാണ് നീയാണ് തീരുമാനമെടുക്കേണ്ടത്..
അവന് അറിയില്ല അച്ഛൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞു..ഞാൻ നിന്നോട് ചോദിച്ചു എന്ന് മാത്രം എന്നാ ശരി ട്ടോ ആലോചിച്ച് ഒരു തീരുമാനം പറയൂ”
ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ അവൾ അമ്മയോട് കാര്യം പറഞ്ഞു
“എനിക്ക് സമ്മതമാണ് മോളെ അവൻ നല്ല പയ്യനാണ് നല്ലൊരു ജോലിയും ഉണ്ട്
നിന്റെ തീരുമാനമാണ് എല്ലാവർക്കും അറിയേണ്ടത്”
“എനിക്ക് സമ്മതമാണ് പക്ഷേ ഞാൻ അമ്മയെ തനിച്ചാക്കിയിട്ട് എങ്ങോട്ടും പോവില്ല ഒന്നുകിൽ അമ്മയുടെ കൂടെ ഇവിടെ അല്ലെങ്കിൽ ചേച്ചിയോട് ഇവിടെ നിൽക്കാൻ പറയണം…
ചേച്ചിയും അനിയത്തിയും ഒരു വീട്ടിൽ ആയാൽ എപ്പോഴെങ്കിലും പരസ്പ്പരം വേദനയുണ്ടാകുന്ന സംഭവങ്ങൾ നടക്കും.. എന്തെങ്കിലും വിള്ളൽ ഉണ്ടായാലോ അതുകൊണ്ട് രണ്ടു വീടുകളിലായി നിൽക്കുന്നതാണ് ബന്ധത്തിന്റെ കെട്ടുറപ്പിന് നല്ലത്..,
അകന്നുനിന്നാൽ സ്നേഹത്തിന് ആഴം കൂടുകയേ ഉള്ളൂ ആ ബന്ധം എന്നും സുന്ദരമായി തന്നെ നിലനിൽക്കും.. ഇങ്ങനെയെങ്കിൽ എനിക്ക് സമ്മതമാണ് അമ്മ എന്തു പറയുന്നു..”
“ഞാൻ അവരോട് സംസാരിക്കാം എന്തായാലും എന്റെ മോൾക് നല്ലതേ വരൂ….ഒരു പാവം കുട്ടിയാ അവൻ…”
അവർ അപ്പൊ തന്നെ മകളെ വിളിച്ചു കാര്യം പറഞ്ഞു..
വൈകിട്ട് എല്ലാവരും ഒരുമിച്ച് ഇരിക്കുന്നതിന് ഇടയിൽ അമ്മ പറഞ്ഞ കാര്യം സൂചിപ്പിച്ചു..ഇനി തീരുമാനം എടുക്കേണ്ടത് അരുൺ ആണ്
“അച്ഛനും മോളും കൂടി ഇതൊക്കെ എപ്പോ തീരുമാനിച്ചു ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ”
“അത് പിന്നെ ഏട്ടാ അച്ഛൻ എന്നോട് ഒരു ആഗ്രഹം പറഞ്ഞു ഞാനത് അമ്മയുമായി സംസാരിച്ചു പിന്നെ ഇവന്
എന്നെ പോലത്തെ ഒരു പെണ്ണിനെ മാത്രം മതിയെന്ന് നിർബന്ധമായിരുന്നു
അച്ഛൻ പറഞ്ഞപ്പോൾ ഞാനും ആലോചിച്ചു അരുണ് അനുയോജിച്ചത് അവൾ തന്നെ എന്നു.. അത്രയേ ഉണ്ടായുള്ളൂ..”
“അല്ല നീ എന്ത് തീരുമാനിച്ചു അരുൺ?”
“നിങ്ങൾക്ക് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണ് ഏട്ടാ..ചേച്ചിക്ക് എന്നോട് ഇത്രക്കും സ്നേഹമുണ്ടായിരുന്നോ സ്വന്തം കൂടപ്പിറപ്പിനെ തന്നെ എനിക്കുവേണ്ടി ആലോചിക്കാൻ”
“അതിന് നിനക്ക് എന്താ കുറവ് അരുൺ എല്ലാം നിന്റെ തോന്നൽ മാത്രമാണ്
അസുഖമെല്ലാം കണ്ടാൽ നമ്മൾ ഡോക്ടറെ കാണില്ലേ അത്രയേ ഉള്ളൂ അങ്ങനെ കണ്ടാൽ മതി ഇതിനെ…. കഴിഞ്ഞുപോയതൊന്നും ഇനി ഓർക്കേണ്ട….
പിന്നെ നീ തന്നെയല്ലേ പറഞ്ഞത് എന്നെപ്പോലെ ഒരു കുട്ടിയെ തന്നെ കല്യാണം കഴിക്കു എന്ന് അതും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും
അങ്ങനെ നോക്കിയാൽ എന്റെ ആരതി തന്നെ ആണ് നിനക്ക് ചേർന്നത്…
പിന്നെ അവളുടെ ഡിമാൻഡ് നമ്മൾ അംഗീകരിക്കണം ഒന്നാമത് കല്യാണം കഴിഞ്ഞാൽ അമ്മ അവിടെ തനിച്ചാവില്ലേ..
പിന്നെ ഞങ്ങൾ ഒരു വീട്ടിൽ ആയാൽ ചെറുതായിട്ട് അടികൂടാനും സാധ്യതയുണ്ട്..” അവളൊരു കള്ളച്ചിരിയോടെ യാണ് അത് പറഞ്ഞത്
“മോളെ അവൾ പറഞ്ഞതാണ് ശരി ആരെങ്കിലും ഒരുകൂട്ടർ അവിടെ താമസിച്ചാൽ അമ്മ തനിച്ചു ആവില്ലല്ലോ എല്ലാവർക്കും സമ്മതം ആണെങ്കിൽ നമുക്ക് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാം….”
എല്ലാവർക്കും പൂർണ്ണ സമ്മതമായിരുന്നു…
“ഞാൻ ഭക്ഷണം എടുത്തു വെക്കാം എല്ലാവരും ഇരിക്കൂ..”
അവൾ അടുക്കളയിലേക്ക് പോയി
“ചേച്ചി ഒന്ന് അവിടെ നിന്നെ…ഇങ്ങനെ ഒരു തീരുമാനം നിങ്ങൾ എടുക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല എനിക്കവളെ പണ്ടുമുതലേ ഇഷ്ടമായിരുന്നു
പക്ഷേ എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നറിയില്ല പിന്നെ എന്റെ ഉള്ളിലുള്ള ആ ഒരു തോന്നൽ ഭയം എല്ലാം എന്നെ പിറകോട്ട് വലിച്ചു…ചേച്ചി എനിക്ക് ഈശ്വരന് തുല്യമാണ്…
എല്ലാ സ്ത്രീകളും ഒരുപോലെ അല്ലാന്ന് ചേച്ചിയിലൂടെയാണ് ഞാൻ മനസ്സിലാക്കിയത് തിരിച്ചറിഞ്ഞത്….
ചെറുപ്പത്തിൽ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ അമ്മയുടെ വാത്സല്യം മുഴുവനും ചേച്ചിയിലൂടെ എനിക്ക് കിട്ടി…. എന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ നൽകിയിരുന്നത് പോലെ സ്നേഹവും പരിഗണനയും തന്നു….ഞാൻ ഒരിക്കലും മറക്കില്ല…”
“ഞാൻ എന്റെ കടമ മാത്രമേ ചെയ്തുള്ളൂ അരുൺ… നീ എന്റെ കൂടെ പിറന്നില്ല എങ്കിലും ഞാൻ നിന്നെ കൂടപ്പിറപ്പായിട്ടെ കണ്ടിട്ടുള്ളു …
ഞങ്ങടെ ചെറുപ്പത്തിൽ ഒരു അനിയനോ ഏട്ടനോ ഉണ്ടായിരുന്നെങ്കിൽ എന്നു ഒരുപാട് ആശിച്ചിട്ടുണ്ട്പിന്നെ എല്ലാ സ്ത്രീകളും ഒരേ പോലെയല്ല എന്ന ആ ചിന്ത ആദ്യം മാറ്റണം പലരും വ്യത്യസ്തമാണ്….
അവരിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ അവരുടെ മനം അറിയാൻ കഴിയൂ…. അവരെ അറിയാൻ ശ്രമിച്ചില്ല എങ്കിലും ഒരിക്കലും നിന്ദിക്കരുത്…..
അതൊക്കെ പോട്ടെ ഇനി സന്തോഷമായിരിക്കു…. എന്നാലും എന്നെ പ്പോലെ ഒരു പെണ്ണിനെ തന്നെ ഞാൻ നിനക്ക് കണ്ടുപിടിച്ചു തന്നില്ലേ..എനിക്ക് കമ്മീഷൻ വേണം കേട്ടോ…” അവൾ ഒരു പുഞ്ചിരിയാലെ പറഞ്ഞു..
“ചേച്ചി ചോദിചോളൂ ഞാൻ എന്തും തരും എന്തു തന്നാലും ചേച്ചിയോടുള്ള കടപ്പാട് തീരില്ല…”
“ഞാൻ വെറുതെ പറഞ്ഞതാ ചെക്കാ എനിക്കൊന്നും വേണ്ട ഈ സ്നേഹബന്ധം എന്നും നില നിന്നാൽ മതി….”
“ഭക്ഷണം എടുത്ത് വെക്കാം എന്ന് പറഞ്ഞിട്ട് നിങ്ങൾ വീണ്ടും ചർച്ചയിൽ ആണോ….”
“ഞാൻ അടുത്ത മാസങ്ങളിൽ വരുന്ന നല്ല ഡേറ്റുകൾ നോക്കാൻ പറഞ്ഞു കണിയരോട്….”
“എത്രയും പെട്ടെന്ന് നമുക്ക് ഇത് നടത്തണം ഇനി വച്ച് താമസിപ്പിക്കണ്ടാ…”
“അതെ അതാണ് നല്ലത് അച്ഛാ….”
പിന്നീടങ്ങോട്ട് രണ്ടു വീട്ടുകാരും കല്യാണത്തിന്റെ തിരക്കിലായിരുന്നു…
അങ്ങനെ എല്ലാവരുടെയും ഇഷ്ടത്തോടെ അടുത്ത മുഹൂർത്തത്തിൽ തന്നെ അരുൺ ആരതിയുടെ കഴുത്തിൽ താലി ചാർത്തി
പുതിയൊരു ജീവിതത്തിലേക്കുള്ള പ്രതീക്ഷയോടെ….