നിധാ
(രചന: അഭിരാമി അഭി)
“ഇതുവരെ പോയില്ലേഡീ …. …… മോളെ നീ ??? ”
ബെഡിൽ തളർന്നിരുന്ന അവളെ നോക്കി കേട്ടാലറയ്ക്കുന്ന തെറിയുടെ അകമ്പടിയോടെയായിരുന്നു അവനകത്തേക്ക് പാഞ്ഞുവന്നത്.
നിർവികാരത നിറഞ്ഞ ഒരു നോട്ടം മാത്രമവന് സമ്മാനിച്ചിട്ട് അവൾ പതിയെ എണീറ്റ് വന്നപ്പോൾ കൊണ്ടുവന്ന ആ പഴയ ബാഗ് മാത്രം കയ്യിലെടുത്തുകൊണ്ട് പുറത്തേക്ക് പോകാനൊരുങ്ങി.
“എന്താടി മൂന്നുമാസം കൂടെക്കിടന്നിട്ടും നിനക്ക് മതിയായില്ലേ ??? ഈ സുഖമൊക്കെ ഉപേക്ഷിച്ച് പോകാൻ തോന്നുന്നില്ലേ നിനക്ക്?”
അപ്പോൾ മാത്രം അവളൊന്ന് പുഞ്ചിരിച്ചു. പുച്ഛം നിറഞ്ഞൊരു പുഞ്ചിരി.
“ഉപേക്ഷിച്ച് പോകാൻ തോന്നുന്നില്ല എന്നത് സത്യമാണ്…. പക്ഷേ അത് നിങ്ങളുദ്ദേശിച്ച സുഖമല്ല ദത്തൻ….
ഈ വിരിഞ്ഞ നെഞ്ചിന്റെ ചൂടറിഞ്ഞുള്ള സുഖമുള്ള ഉറക്കം…. അത് മാത്രമാണ് ആ സുഖം മാത്രമാണ് ഉപേക്ഷിച്ചുപോകാനെനിക്ക് മടി…. ”
പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. മിഴികൾ കലങ്ങിയിരുന്നു.
” എന്താടി പ്രണയമാണോ നിനക്കെന്നോട് ??? ”
അവളെ ചുറ്റിപ്പിടിച്ച് ഇരുകൈകളാലും വരിഞ്ഞുമുറുക്കി ആ കാപ്പിപ്പൊടിക്കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തിൽ അവൻ ചോദിച്ചു.
” മ്മ്ഹ്ഹ്…….. ”
മിഴികളുയർത്തി അവനിലേക്ക് നോക്കി നേർത്ത സ്വരത്തിൽ വളരെ പതിയെ അവൾ മൂളി. പക്ഷേ ആ മുറിയേയാകെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി.
“ഹാ ഹാ ഹാ…… രാത്രിയുടെ മറവിൽ തേടിയെത്തുന്നവർക്കെല്ലാം പായ വിരിക്കുന്ന വെറുമൊരു വേശ്യയായ നിനക്കോഡീ പ്രണയം….. അതും ഈ എന്നോട്? അതും ഈ നാഗമഠത്തിൽ ദേവദത്തനോട്? ”
ചോദിച്ചിട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു. അപ്പോഴും അവളിലെ അവന്റെ പിടി അയഞ്ഞിരുന്നില്ല.
” അതേ ദത്തൻ നിധ വേശ്യതന്നെ നിങ്ങൾ പറഞ്ഞത് പോലെ ഇരുട്ടിന്റെ മറപിടിച്ചെത്തുന്ന ഏതവനും കിടക്ക വിരിക്കുന്ന വെറും വേശ്യ…. പക്ഷേ ഒന്നുറപ്പാണ് ഈ വേശ്യയുടെ ഉള്ളിൽ തുടിക്കുന്ന ജീവന് മറ്റൊരവകാശിയില്ല…”
അവന്റെ കരങ്ങൾക്കുള്ളിൽ ഞെരിഞ്ഞമരുമ്പോഴും ആ പെണ്ണിന്റെ ഉള്ളം മന്ത്രിച്ചു. പക്ഷേ അപ്പോഴേക്കും അവന്റെ അധരങ്ങളും വിരലുകളും അവളിലൂടൊഴുകിത്തുടങ്ങിയിരുന്നു.
“എത്ര നുകർന്നാലും മതി വരാത്ത വീര്യമേറിയ വൈൻ പോലെയാണ് നിധാ നീയെനിക്ക്……. നിന്റെ ഗന്ധമെന്നുമെന്നെ മത്തുപിടിപ്പിച്ചിട്ടേയുള്ളൂ..
നിന്നോളം ഒരു പെണ്ണിനെയും ഞാനിത്രമേൽ മോഹിച്ചിട്ടില്ല….. അത്രമേൽ എന്നിൽ ഭ്രാന്ത് പടർത്തുന്നവളാണ് നീ നിധാ…….”
അവസാനമായൊരിക്കൽക്കൂടി അവളിലേക്ക് പടർന്നുകയറാനൊരുങ്ങി അവളുമായവനാ മെത്തയിലേക്ക് വീണു. പക്ഷേ ആ പെണ്ണിന്റെ ഉള്ളമപ്പോൾ ഭയത്താൽ വിറങ്ങലിച്ചിരുന്നു.
മൂന്നുമാസത്തിനിടയിൽ ആദ്യമായി അവനിലെ ഭ്രാന്തിനെ സ്വീകരിക്കാനവളൊന്ന് മടിച്ചു. അവളിലെ അമ്മയുടെ കൈകളപ്പോഴും ഉള്ളിലെ ജീവനൊരു കവചമെന്നപോൽ ഉദരത്തിൽ ചുറ്റിയിരുന്നു.
ഒടുവിലെപ്പോഴോ ഒരു പേമാരിപോലവളിൽ പെയ്തിറങ്ങിയ അവനൊന്ന് ദീർഘമായി നിശ്വസിച്ചിട്ട് ആ പെണ്ണുടലിൽ നിന്നുമകന്ന് മാറി.
തിരികെ കൊണ്ടുവിടാമെന്നവനൊരൗദാര്യം പോലെ പറഞ്ഞുവെങ്കിലും നിർവികാരത നിറഞ്ഞ പതിവ് പുഞ്ചിരിയോടെ അവളാ പടികടന്ന് പുറത്തേക്ക് നടന്നു.
മൂന്നുമാസം കിടക്ക വിരിച്ചതിനവൻ കൂലിയായി നൽകിയ നോട്ടുകെട്ടുകൾ അവന്റെ അലമാരയിൽ തന്നെ തിരിച്ചുവെക്കുമ്പോഴും കയ്യിൽ മുറുകെപ്പിടിച്ചിരുന്ന മുഷിഞ്ഞ പത്തുരൂപാ നോട്ടിന്റെ ബലത്തിൽ മുന്നിൽ കണ്ട ബസ്സിന് കൈ കാണിച്ച് നിർത്തി കയറി.
ഒഴിഞ്ഞ സീറ്റുകളിലൊന്നിലേക്കിരുന്ന് മിഴികളടയ്ക്കുമ്പോൾ ഓർമ്മകളുടെ കുത്തൊഴുക്കിൽ അവളൊരുപാട് പിന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.
അച്ഛന്റെ മരണശേഷം അമ്മ പല ജോലികൾക്കും പോയിരുന്നു. പിന്നീട് പലദിവസങ്ങളിലും വീട്ടിൽ വരാതെയായി അപ്പോഴും എന്താണ് ഇത്ര തിരക്കുള്ള അമ്മയുടെ ജോലിയെന്ന് വെറുമൊരു പതിനേഴുവയസുകാരിക്കറിയുമായിയിരുന്നില്ല.
എങ്കിലും അമ്മയുടെ കയ്യിൽ എപ്പോഴും പണമുണ്ടായിരുന്നു. ആ പണം ഒന്നുമറിയാതെ ആ പൊട്ടിപ്പെണ്ണ് ധാരാളമായി ചിലവാക്കുകയും ചെയ്തിരുന്നു.
ആ പണത്തിന്റെ ബലത്തിൽ തന്നെ സാമ്പത്തികമായി ഉയർന്നവരുടെ മക്കൾ പഠിക്കുന്ന കോളേജിൽ തന്നെ അഡ്മിഷനും തരപ്പെടുത്തി. വന്നുപോകാനുള്ള ബുദ്ധിമുട്ടിന്റെ പേര് പറഞ്ഞ് അമ്മ തന്നെയായിരുന്നു കോളേജ് ഹോസ്റ്റലിൽ താമസവും ശരിയാക്കിയത്.
അങ്ങനെയിരിക്കേ ഒരു ദിവസം പ്രതീക്ഷിക്കാതെ കിട്ടിയ അവധിക്ക് വീട്ടിലേക്ക് ഓടിയണഞ്ഞപ്പോളായിരുന്നു അറിഞ്ഞത് അമ്മയുടെ ജോലിയുടെ സത്യം.
അപ്പോഴേക്കും എല്ലാം കൊണ്ടും സ്വാതന്ത്ര്യമായ അമ്മ പുറത്ത് പോയി ചെയ്തിരുന്ന ജോലി വീട്ടിലേക്ക് മാറ്റിയിരുന്നു. ഇരുട്ടിന്റെ മറപറ്റി പല പകൽമാന്യൻമാരും ആ ചെറിയ വീടിന്റെ തിണ്ണയിലേക്ക് വന്നുകയറുന്നത് വിറങ്ങലിച്ച് നോക്കി നിൽക്കാനേ എനിക്കായുള്ളൂ…….
തുടർച്ചയായ മൂന്നുദിവസങ്ങൾ സത്യത്തിന്റെ വികൃതമായ മുഖത്തേക്ക് നോക്കി അന്തംവിട്ടൊരു മുറിയിൽ തന്നെയിരുന്നവൾ.
പക്ഷേ അപ്പോഴും അമ്മയേത്തേടി ആവശ്യക്കാർ വന്നുകൊണ്ടിരുന്നു. ഒടുവിലെപ്പോഴോ ഒരുമകളൊരിക്കലും കേൾക്കാൻ പാടില്ലാത്ത സ്വരങ്ങൾ മാത്രം കേട്ട് ചെവി പഴുത്തപ്പോൾ…..
ഹൃദയത്തെ മരവിപ്പ് ബാധിച്ചുതുടങ്ങിയപ്പോൾ രാത്രിയുടെ ഇരുട്ടിനെ കൂട്ടുപിടിച്ച് ആ വീട് വീട്ടിറങ്ങുമ്പോൾ തുളുമ്പിയൊഴുകിയിരുന്ന മിഴിനീരിനെ മറക്കാനെന്നവണ്ണം മഴ നെറുകയിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു.
ആയാത്ര ചെന്നവസാനിച്ചത് സുഗന്ധിയമ്മയുടെ വീട്ടുപടിക്കൽ പനി അധികരിച്ച് കുഴഞ്ഞു വീണുകൊണ്ടായിരുന്നു.
മൂന്ന് ദിവസങ്ങൾ ആ വീട്ടിലെ ഒരു മുറിയിൽ ഉറങ്ങിതീർത്തു. കഷായവും പൊടിയരിക്കഞ്ഞിയും നാവിൽ കൈപ്പ് പടർത്തിയിരുന്ന പനിച്ചൂടകറ്റി.
പക്ഷേ പിന്നേയും ദിവസങ്ങളെടുത്തു ചെളിക്കുഴിയിൽ നിന്നും ചതുപ്പിലേക്കാണ് വന്നുചാടിയതെന്നറിയാൻ.
മണിക്കൂറുകൾക്ക് ആയിരങ്ങൾ വിലയുള്ള നക്ഷത്ര വേശ്യകളെ വളർത്തിയെടുക്കുകയായിരുന്നു അവിടെ സുഗന്ധിയമ്മ.
ദിവസങ്ങൾ കൊണ്ട് തന്നെ ഞാനറിഞ്ഞു ഞാനും അവരിൽ ഒരാളാകാൻ പോവുകയാണെന്ന്. പക്ഷേ തടയാനുള്ള കെൽപ്പ് ഈ കരങ്ങൾക്കില്ലാഞ്ഞിട്ടോ അതോ കഴിച്ച അന്നത്തിനുള്ള നന്ദിയായോ എന്തോ ഞാനും അവരിൽ ഒരാളായി.
മറ്റുമൂന്നുപെൺകുട്ടികൾക്കൊപ്പം സുഗന്ധിയമ്മയുടെ അഥിതിയുടെ മുന്നിലേക്ക് നടക്കുമ്പോൾ ശരീരവും മനസും ഒരുപോലെ മരവിച്ചിരുന്നു.
എങ്കിലും മുന്നിൽ നിൽക്കുമ്പോൾ ആ ചുവന്നമിഴികൾ തന്റെ ശരീരത്തെ ഊറ്റിക്കുടിക്കുന്നതറിഞ്ഞതും ഒരു തളർച്ചയോടെ മിഴികളിറുകെ പൂട്ടി നിന്നു.
” ഇവൾ മതി…. പക്ഷേ ഒരു രാത്രിക്കല്ല മൂന്ന് മാസം ഇവൾ ഞാൻ മോഹിക്കുന്നിടത്ത് എനിക്ക് മാത്രമായുണ്ടായിരിക്കണം….. ”
അയാളുടെ ആ ആവശ്യം കേട്ടതും ഒരു ഞെട്ടലോടെയാണ് മിഴികൾ വലിച്ചുതുറന്നത്. പക്ഷേ ആ മുഖത്ത് ഭാവഭേദമേതുമുണ്ടായിരുന്നില്ല.
സുഗന്ധിയമ്മയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി നിന്നുകൊണ്ട് നോട്ടുകെട്ടുകൾ മുന്നിലെ തടി മേശയിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു അയാൾ.
ആ നോട്ടുകെട്ടുകളിലേക്കും അയാളിലേക്കും മാറിമാറി നോക്കിയ സുഗന്ധിയമ്മ ഒരു നോട്ടത്താൽ സമ്മതമെറിഞ്ഞതും ആ ബലിഷ്ടമായ കരങ്ങളവളുടെ കൈത്തണ്ടയിലമർന്നു.
പുറത്തേക്കൊരറവുമാടിനെ പോലവന്റെ കയ്യിൽ തൂങ്ങി നടക്കുമ്പോൾ ഒരു ജീവിതം മുഴുവൻ എതിരെ നിന്ന് കൊഞ്ഞനം കുത്തുന്നത് പോലെ തോന്നിയവൾക്ക്.
” കൊച്ചേ ഇറങ്ങുന്നില്ലേ സ്ഥലമെത്തി….”
മുന്നിലെ സീറ്റിന്റെ തലപ്പത്ത് തട്ടിക്കൊണ്ട് പ്രായം ചെന്ന കണ്ടക്ടറുടെ ഒച്ച കേട്ടാണ് അവൾ മിഴികൾ വലിച്ചുതുറന്നത്. മിഴികൾ ഒലിച്ചിറങ്ങി കവിളുകളെ നനച്ചിരുന്നുവൊ ??.
ആവോ അറിയില്ല അല്ലെങ്കിൽ തന്നെ അതൊന്നും നോക്കാനുള്ള സമയവുമില്ലല്ലോ. ഓർത്തുകൊണ്ടവൾ ധൃതിയിൽ പുറത്തേക്കിറങ്ങി.
പോകാൻ വേറെ സ്ഥലമൊന്നുമില്ലാത്ത നിസ്സഹായത കൊണ്ടൊ എന്തോ സുഗന്ധിയമ്മയുടെ വീടെന്ന ചതുപ്പിലേക്ക് തന്നെ നടന്നുകയറി….
ദേവദത്തന്റെ ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ഓരോ ദിവസവും മാറ്റപ്പെടുന്ന മ ദ്യ ത്തിന്റെ ബ്രാൻഡ്കളെപ്പോലെ തന്നെ പുതിയപുതിയ പെ ൺ ശ രീരങ്ങളും അവന്റെ കിടപ്പറയലങ്കരിച്ചുകൊണ്ടിരുന്നു.
പക്ഷേ അവരൊന്നും നിധയെന്ന പെണ്ണോളം ആവനെ മ ത്തുപിടിപ്പിച്ചില്ല.. അവളോളം അവനിലേ ഭ്രാന്തിനെ സ്വീകരിക്കാൻ മാത്രം സഹനം പ്രകടിപ്പിച്ചതുമില്ല.
രാത്രികളാർക്ക് നൽകിയാലും ദത്തന്റെ പകലുകളെ നിധയുടെ ഓർമ്മകൾ കാർന്നുതിന്നുകൊണ്ടിരുന്നു.
വിലകൊടുത്ത് വാങ്ങിയതാണെങ്കിൽ പോലും മൂന്നുമാസങ്ങൾ ആ വീടിന് സ്വന്തമായിരുന്നു അവൾ….
വച്ചുവിളമ്പാനും തൂത്തുതുടയ്ക്കാനും മുഷിഞ്ഞതലക്കാനും വിളക്ക് തെളിയിക്കാനും രാത്രി മ ദ്യപിച്ച് ബോധമില്ലാതെ വരുന്നവനായി വാതിൽ തുറന്ന് നൽകാനും ഒരു ഭാര്യയുടെ
താങ്ങായി ചേർത്തുപിടിച്ച് നടക്കാനുമെല്ലാം അവളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ വിടവ് ആ വീട്ടിൽ ഓരോയിടത്തും പ്രകടവുമായിരുന്നു.
പതിയെപ്പതിയെ അവളില്ലായ്മയുടെ നീറ്റലവനെയും പൊതിഞ്ഞുതുടങ്ങിയതവനറിഞ്ഞു. ആ ഓർമ്മകളിൽ നിന്നുമൊരു മോചനം തേടി ഒരുപാടലഞ്ഞുവെങ്കിലും ഒരു പെണ്ണുടലിനും അവനിലേ താപത്തെ ശമിപ്പിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ തന്നേയേറ്റവും ഹരം കൊള്ളിച്ചിരുന്ന പെണ്ണുടലുകളെയാകെയവൻ വെറുപ്പോടെ നോക്കിത്തുടങ്ങി. അപ്പോഴും നിധയോടുള്ള ഭ്രാന്ത് മാത്രം അവനിൽ പൂർവാധികം ശക്തിയോടെ തന്നെ ജ്വലിച്ചുകൊണ്ടിരുന്നു.
“ദത്താ…… പെണ്ണിനെ വെറുമൊരു മാം സ പി ണ്ഡമായി മാത്രം കാണുന്ന നിനക്കിപ്പോ എന്തുപറ്റി ??? അവളെപ്പോലെ സ്വന്തമായൊരു ശരീരം മാത്രമുള്ളവളോട് എന്താണ് നിനക്ക് ??? പ്രണയമാണോ നിനക്കവളോട് ദത്താ….. ”
കണ്ണാടിയിൽ നോക്കി നിന്നിരുന്ന അവനെ നോക്കി പുച്ഛം നിറഞ്ഞൊരു ചിരിയോടെ അവന്റെ മനസാക്ഷി ചോദിച്ചു.
” പ്രണയമോ ഈ നാഗമഠത്തിൽ ദേവദത്തനോ ??? അതും അവളെപ്പോലെ സ്വന്തം മാം സം വിറ്റ് ജീവിക്കുന്ന ഒരുത്തിയോട്….. ”
” അതേ ദത്താ…. അല്ലെങ്കിൽ പിന്നെ ഇപ്പോഴും അവളുടെ ഓർമ്മയിൽ നീ വെന്തുരുകുന്നതിന്റെ കാരണമെന്താണ് ??? ”
” ഹാ ഹാ ഹാ….. ”
അവനൊരു ഭ്രാന്തനേപ്പോലെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു…..
” ശരിയാണ് ദത്തന് പ്രണയമാണ്….. പക്ഷേ അത് നീ പറയും പോലെ അവളോടല്ല അവളുടെ ഉടലിനോട്….. അതിനോട് മാത്രം…. ”
“എങ്കിൽ നിനക്ക് തെറ്റി ദത്താ…. നിനക്കിപ്പോൾ പ്രണയം ആ ഉടലിനോടല്ല അവളോടാണ് അവളോട് മാത്രം……. ”
“നോ…..”
ഒരലർച്ചയോടെ വലതുമുഷ്ടി ചുരുട്ടി മുന്നിലെ നിലക്കണ്ണാടിയിലേക്കാഞ്ഞിടിച്ചവൻ.
ചിന്നിച്ചിതറിയ കണ്ണാടിച്ചില്ലുകൾ തുളച്ച വിരലുകളിലെ ഞരമ്പുകളറ്റ് രക്തം പരന്നൊഴുകിയിട്ടും അവളെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാനുള്ള ശ്രമങ്ങളവൻ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ അതസാധ്യമെന്ന് തോന്നിയതിനാലാവാം വെറും തറയിലേക്കവൻ മലർന്നുകിടന്നു. മ ദ്യ വുമായുള്ള നിരന്തരസമ്പർക്കം മൂലം ആ ൽ ക്കഹോൾ ഒഴുകിയിരുന്ന സിരകളിൽ നിന്നുമപ്പോഴും പച്ചവെള്ളം പോലെ ര ക്തം തറയിലേക്കൊഴുകി പരന്നുകൊണ്ടിരുന്നു.
ഉച്ചയോടടുത്തിട്ടും അകത്തുനിന്നും അനക്കമൊന്നുമില്ലാതെ വന്നപ്പോഴായിരുന്നു ആ വലിയ വീടിന്റെ കാര്യസ്തനും ഡ്രൈവറുമെല്ലാമായ വൃദ്ധനായ ആ മനുഷ്യൻ അകത്തേക്ക് കയറി വന്നത്.
” ആരായാലും എന്തായാലും ആ പെൺകൊച്ചുണ്ടായിരുന്ന അത്രയും ദിവസം ഇതൊരു വീടായിരുന്നു…. ഇപ്പൊ കിടക്കുന്ന കിടപ്പ് കണ്ടില്ലെ….”
മ ദ്യ ക്കുപ്പികളും വലിച്ചുവാരിയിട്ട ചപ്പുചവറുകളും കാലുകൾ കൊണ്ട് തട്ടി നീക്കി മുന്നോട്ട് നടക്കുമ്പോൾ ആ മനുഷ്യൻ ആരോടെന്നില്ലാതെ മൊഴിഞ്ഞു. അയാൾ മുറിയിലെത്തുമ്പോഴേക്കും ആ മുറി മുഴുവൻ ര ക്തത്താൽ കുഴഞ്ഞിരുന്നു
” അയ്യോ കുഞ്ഞേ ഇതെന്നാ പറ്റി… വാ എണീക്ക് ആശുപത്രിയിൽ പോകാം… ”
ര ക്തം വാർന്ന് ബോധം മറഞ്ഞുകിടന്നിരുന്നവനെ കുലുക്കി വിളിച്ചുകൊണ്ട് ആ വൃദ്ധൻ ആവലാതിപ്പെട്ടു.
ഒടുവിൽ പണിക്കാരുടെയൊക്കെ സഹായത്തോടെ അവനുമായി ആശുപത്രിയിലേക്കോടുമ്പോഴും എന്തിനെന്ന് പോലുമറിയാതെ ഒരു ബന്ധവുമില്ലെങ്കിൽ പോലും അവനായി ആ വാർദ്ധക്യം ബാധിച്ച മഞ്ഞനിറമുള്ള മിഴികൾ നിറഞ്ഞു.
മുറിവുകൾ വച്ചുകെട്ടുമ്പോഴും ശക്തമായ വേദന സംഹാരികൾ നിറഞ്ഞ സൂചികൾ ഞരമ്പുകൾ തുളയ്ക്കുമ്പോഴും മാംസത്തെ മാത്രം പ്രണയിച്ചിരുന്നു എന്നവൻ വീരവാദം മുഴക്കിയ ആ പെണ്ണിന്റെ പേര് മാത്രമായിരുന്നു അബോധാവസ്തയിലും അവൻ വിളിച്ചത്.
” നിധാ…….. ”
” ആരാണ് ഈ നിധ ??? ”
വീണ്ടും വീണ്ടും അവന്റെ നാവുകളാപേരുച്ഛരിച്ചപ്പോൾ ഡോക്ടറുടെ ചോദ്യമാ വൃദ്ധന് നേർക്ക് നീണ്ടു..
” അത്…. അത്…. കുഞ്ഞിന്റെ കെട്ടിയോളാ സാറേ…. ”
ഒരുപക്ഷെ അവന്റെ ചെവിയിൽ കേട്ടിരുന്നുവെങ്കിൽ കരണം പുകയുമെന്നറിയാമായിരുന്നുവെങ്കിലും അയാളങ്ങനെയാണപ്പോൾ പറഞ്ഞത്. ഡോക്ടർ വെറുതെയൊന്ന് മൂളി.
പിറ്റേദിവസം പുലർച്ചയോടെ ബോധം വീണതും മുറിവുകൾ നിറഞ്ഞ കൈപ്പത്തിയേക്കാൾ വേദന തലയ്ക്കാണെന്നവന് തോന്നി.
കുടിക്കണം ഒരു തുള്ളിയെങ്കിലും കുടിച്ചേ മതിയാവൂ…. അല്ലെങ്കിൽ തല ചിലപ്പോൾ പൊട്ടിച്ചിതറി ഇല്ലാതെയാകും … അപ്പോഴുമവൻ പോലുമാറിയാതെ അവളുടെ പേര് ആ നാവിൽ നിന്നുമുതിർന്നു.
” നിധാ……. ”
പുറത്തേക്ക് പോയിരുന്ന വൃദ്ധൻ തിരികെ വരുമ്പോഴേക്കും കയ്യിൽ ഘടിപ്പിച്ചിരുന്ന സൂചി വലിച്ചൂരിയെറിഞ്ഞിട്ട് അവൻ പുറത്തേക്ക് പാഞ്ഞിരുന്നു.
” അയ്യോ കുഞ്ഞേ ഇന്നൊരുദിവസം കൂടി ഇവിടെ കിടക്കണമെന്നാ ഡോക്ടർ പറഞ്ഞത്…… ”
” കിടന്നിടത്തോളം മതി…. ”
പറഞ്ഞിട്ട് മുന്നോട്ട് നടന്നവന്റെ ഒപ്പമെത്താൻ ആ വയോധികൻ നന്നേ ശ്രമപ്പെട്ടു. അതിന്റെ ഫലമായി ശ്വാസം വിലങ്ങി അയാൾ ശക്തമായി ചുമച്ചുതുടങ്ങി.
പക്ഷേ പെട്ടന്ന് മുന്നിൽ നടന്നിരുന്നവൻ പിടിച്ചുകെട്ടിയത് പോലെ നിന്നു. ഒപ്പം വൃദ്ധനും. അയാൾ മറ്റൊന്നും ശ്രദ്ധിക്കാതെ ആശുപത്രിയുടെ തണുത്ത ചുവരിലേക്ക് ചാഞ്ഞുനിന്ന് ജീവശ്വാസം ഉള്ളിലേക്കാഞ്ഞുവലിച്ചുകയറ്റി.
” നിധാ….. ”
മുന്നിലൽപ്പം ദൂരെയായി സുഗന്ധിയുടെ ഒപ്പമൊരു മുറിയിലേക്ക് കയറിപ്പോകുന്ന ആ പെണ്ണിനെ നോക്കി നിന്നൊരിക്കൽക്കൂടിയാ പേര് മന്ത്രിക്കുമ്പോൾ കളഞ്ഞുപോയി കളിപ്പാട്ടം തിരികെക്കിട്ടിയ ഒരു കുട്ടിയുടെ ആഹ്ലാദമായിരുന്നോ അവനിൽ ??? അറിയില്ല….
ഒരു കാറ്റ്പോലെയാ മുറിയുടെ വാതിൽക്കലേക്ക് ഓടിയണയുമ്പോഴേക്കും അവളാസ്ത്രീക്കൊപ്പം ഡോക്ടറുടെ മുന്നിൽ ഇരുപ്പുറപ്പിച്ചിരുന്നു.
” നിധ അകത്തേക്ക് ചെന്നോളൂ….. ഒന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ പോകാം…. ”
” എന്തിന് ??? ”
ഡോക്ടറുടെ വാക്കുകൾക്ക് മേലുയർന്ന അവളുടെ ചോദ്യം വല്ലാതെ വിറച്ചിരുന്നു. അപ്പോഴതേ ചോദ്യം തന്നെയായിരുന്നു ദത്തനെയും വീർപ്പുമുട്ടിച്ചിരുന്നത്.
” അത് കൊള്ളാം സുഗന്ധിയുടെ വീട്ടിൽ നിന്നുമൊരു പെണ്ണെന്റെ മുന്നിലെത്തിയാൽ അതിനർദ്ധം ഒന്നല്ലേയുള്ളൂ അ ബോ ർഷൻ…. ”
ആ വാക്കുകൾ ആ പെണ്ണിനേയും അവളിലേക്ക് തന്നെ മിഴിനട്ട് നിന്നിരുന്നവനെയും ഒരുപോലെ മുറിപ്പെടുത്തി.
” ….. ….. മോൾ…. ”
കത്തുന്നമിഴികളോടെ പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോഴാണ് വീണ്ടുമവളുടെ സ്വരമുയർന്ന് കേട്ടത്.
“അവരെയൊക്കെ പോലെ വന്നതല്ല ഞാൻ…. ഇവിടെ വരും വരെ ഇങ്ങനെയൊരുദ്ദേശം സുഗന്ധിയമ്മയ്ക്കുമുണ്ടായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.
എന്റെ കുഞ്ഞിനെ നിങ്ങളുടെ കത്തിമുനയിലേക്ക് ഞാനൊട്ടെറിഞ്ഞുതരികയുമില്ല…… ”
പറഞ്ഞിട്ട് തികട്ടിവന്ന കണ്ണുനീരിനെ എവിടെയോ ഒളിപ്പിച്ചുകൊണ്ട് അവൾ പുറത്തേക്കൊടി. അവൾ കാണാതിരിക്കാൻ ദത്തനല്പം പിന്നിലേക്ക് മാറി നിന്നു.
” നീയെന്ത് ഭാവിച്ചാഡീ മൂ ധേവീ…. നിന്നെപ്പോലൊരുത്തിക്ക് ഒക്കത്തൊരു കൊച്ചുണ്ടായാലത്തെ ബുദ്ധിമുട്ടിനി ഞാൻ പറഞ്ഞുതരണോ ??? ”
അവളുടെ പിന്നാലെ വന്ന സുഗന്ധി ദേഷ്യമമർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചിട്ടും മൗനമായിരുന്നു അവളുടെ മറുപടി.
” ചോദിച്ചത് കേട്ടില്ലേടി ന ശിച്ചവളെ….തന്തയാരെന്നറിയാത്ത ഒരു കൊച്ചിനെക്കൂടിനി ഞാൻ തീറ്റിപ്പോറ്റണോഡീ???? ”
“സുഗന്ധിമ്മേ….. തന്തയാരെന്നറിയാതിരിക്കാൻ നിധ ഒരുപാട് പേർക്ക് കിടക്ക വിരിച്ചിട്ടില്ലെന്ന് നിങ്ങളോളം നിശ്ചയമുള്ള വേറൊരാളില്ലല്ലോ….
അതുകൊണ്ട് ഇനിയൊരിക്കൽക്കൂടി ഈ വാക്കുപയോഗിക്കരുത്. ഈ നിധ ഒരേയൊരാണിന്റെ ചൂടെ അറിഞ്ഞിട്ടുള്ളു ആ ആണിന്റെ തുടിപ്പിനെത്തന്നെ ഞാനുദരത്തിൽ പേറുന്നതും. ”
പറഞ്ഞിട്ട് തന്നെക്കടന്ന് മുന്നോട്ട് പോകുന്നവളെ നോക്കി മരവിച്ചുനിൽക്കുകയായിരുന്നു ദത്തൻ.
” അവൾ…. അവൾ പറഞ്ഞതിനർഥം അവളുള്ളിൽ പേറുന്നതീ ദത്തന്റെ ചോരയേയാണ്…. അതേ അവളെ ആദ്യമായും അവസാനമായും സ്പർശിച്ച പുരുഷൻ ഞാനാണ്….
എന്നാദ്യമായി അവളെയറിഞ്ഞ ശേഷമവളിലേക്ക് തന്നെ തളർന്ന് വീഴുമ്പോൾ വെളുത്ത വിരിയിലേക്ക് ഇറ്റുവീണ ചോരത്തുള്ളികളെപ്പോലും അവളൊരു വേശ്യയാണെന്ന ഒറ്റക്കാരണത്താലാണ് പുച്ഛിച്ചുതള്ളിയത്…. ”
കണ്ണുകളിറുക്കിയടച്ച് നിന്നോർക്കുമ്പോൾ സ്വയമറിയാതവന്റെ മുഷ്ടികൾ വലിഞ്ഞുമുറുകി. പൊതിഞ്ഞുകെട്ടിവച്ചിരുന്ന വലതുകയ്യിൽ നിന്നും വീണ്ടും രക്തം നിലത്തേക്കിറ്റുവീണു. പക്ഷേ ഹൃദയത്തിലേറ്റ മുറിവിന്റെ നൊമ്പരം കൊണ്ട് അവനതൊന്നുമറിയുന്നുണ്ടായിരുന്നില്ല.
” സുഗന്ധിയമ്മ വിളിച്ചോ….. ??? ”
” മ്മ്ഹ്ഹ്….. നിധയുറങ്ങിയോ??? ”
” ഇല്ല…. ”
” എന്തെങ്കിലും കഴിച്ചോ ???. ”
” ഇല്ല… ”
” മ്മ്ഹ്ഹ്…. അവൾക്കൊരുഗ്ലാസ് പാല് കൊടുത്തേക്ക്…. വ യ റ്റു ക ണ്ണിയല്ലേ….. ആഹ് പാലെടുക്കുമ്പോൾ ഞാൻ തന്ന ആ പൊ ടി കൂടി ചേർത്തേക്ക്… ”
” മ്മ്ഹ്ഹ്….. ശരി സുഗന്ധിയമ്മേ…. ”
” ഡീ…. ഒച്ചയും ബഹളവുമൊക്കെ കാണും ഒച്ച പുറത്ത് കേൾക്കരുത്… ”
” മ്മ്ഹ്ഹ്…. ”
(നിന്നെക്കണ്ട് ഞാനൊരുപാട് സ്വപ്നം കണ്ടിട്ടുണ്ട്…. ആ നിന്നെയൊരു കൊച്ചിന്റെ തള്ളയാക്കി വാഴിച്ചാൽ എനിക്കെന്താ ഗുണം?)
മുറ്റത്തേക്കിരച്ച് നിന്ന കാറിന്റെ ശബ്ദമായിരുന്നു സുഗന്ധിയുടെ ചിന്തകളുടെ ഇഴകൾ പൊട്ടിച്ചത്.
” കുറേ നാളായല്ലോ സാറേ ഈ വഴി കണ്ടിട്ട്…. ”
ഒരുതരം വൃത്തികെട്ട നോട്ടത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് ദത്തനും ചിരിച്ചു.
” എഡി പെൺപിള്ളേരെ ഒഴിവുള്ളവരൊക്കെ ഇങ്ങോട്ട് വരിനെടീ…. ”
ആവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അവളകത്തേക്ക് നോക്കി വിളിച്ചു.
” വേണ്ട…..എല്ലാവരെയും വെറുതെ വിളിച്ചുവരുത്തി നിരാശപ്പെടുത്തണ്ട. ”
അവൻ പറഞ്ഞതും സുഗന്ധിയുടെ മിഴികൾ കുറുകി. എങ്കിലും ഉള്ളിലെ പിടച്ചിൽ ഒളിപ്പിച്ചുകൊണ്ട് വെറ്റിലക്കറ പുരണ്ട ചുണ്ടുകൾ വിടർത്തി അവൾ വീണ്ടും ചിരിച്ചു. ദത്തനും.
” പുതിയതൊന്നും വന്നിട്ടില്ല സാറേ… ”
” എനിക്ക് പുതിയതൊന്നും വേണ്ട എനിക്ക് ഒരേയൊരുത്തിയെ മാത്രം മതി…. ”
അവൻ പറയാൻ പോകുന്ന പേര് ഊഹിച്ചത് പോലെ മുഷ്ടികൾ ചുരുട്ടിപ്പിടിച്ചവൾ നിന്നു.
” സാറ് പറയണം… ”
” നിധാ…. വീഞ്ഞുപോലെ വീര്യമേറിയ അവളെ മാത്രമാണെനിക്ക് വേണ്ടത്… അവളെവിടെ വിളിക്ക്… അല്ലെങ്കിൽ വേണ്ട ഞാനങ്ങോട്ട് പോയി കണ്ടോളാം…..”
” അത് നടക്കില്ല സാർ ….. അവൾക്കിപ്പോ ഒഴിവില്ല… ”
അകത്തേക്ക് നടക്കാൻ തുടങ്ങിയ അവന്റെ മുന്നിലൊരു തടസ്സം സൃഷ്ടിച്ചുകൊണ്ട് സുഗന്ധി പറഞ്ഞത് കേട്ട് ദത്തനൊന്ന് പുഞ്ചിരിച്ചു.
” തടയേണ്ട സുഗന്ധി ദത്തനെ അറിയാല്ലോ നിനക്ക്…. അവളെയെനിക്ക് കിട്ടിയേ തീരൂ… അല്ലെങ്കിൽ നാളെ ഈ സമയത്ത് നിന്റെയീ ഇ റ ച്ചിക്കട തന്നെയിവിടെ കാണില്ല…..അത് വേണ്ടെങ്കിൽ മാറി നിന്നോ അവളെ മാത്രമാണെനിക്ക് വേണ്ടത്… ”
ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയതിനാലാവാം പല്ലുകൾ കടിച്ചുപൊട്ടിച്ചുകൊണ്ട് അവൾ പിന്നിലേക്ക് നീങ്ങി.
ചാരിയിരുന്ന വാതിൽ തള്ളിത്തുറന്ന് മുറിയിലെ ഇരുട്ടിലേക്ക് ചുവടുവെക്കുമ്പോൾ ആ ഇരുളിലും അവന് കാണാമായിരുന്നു മുറിയുടെ മൂലയിൽ മുട്ടിൽ തലയൂന്നിയിരിക്കുന്ന ആ പെണ്ണിനെ.
കാലടിശബ്ദം അടുത്തേക്ക് വരും തോറും അവൾ കൂടുതൽ കൂടുതൽ ഉള്ളിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു.
” എന്താടീ പഴയ പറ്റുകാരനായത് കൊണ്ടാണോ എന്നേ കണ്ടിട്ടും നീയിങ്ങനെ ഇരിക്കുന്നത് ??. ”
അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് അവൻ ചോദിച്ചതും ആ ശബ്ദത്തിന്റെ ഉടമയേ തിരിച്ചറിഞ്ഞ അവളൊരു ഞെട്ടളോടെ മുഖമുയർത്തി. ഒരു തുള്ളിപോലും കുടിക്കാതെ പൂർണബോധത്തോടെ മുന്നിൽ നിൽക്കുന്നവനെ അവളമ്പരന്ന് നോക്കി. പിന്നെ പതിയെ വിളിച്ചു.
” ദത്തൻ….. ”
” അതേടി ദത്തൻ തന്നെ…. വീണ്ടുമൊരു മോഹം ഒരിക്കൽക്കൂടി നിന്നെയൊന്നറിയാൻ…. ”
” ഇല്ല ദത്തൻ….. ഇനിയെനിക്ക് കഴിയില്ല…. ”
” അതെന്താഡീ ഞാൻ തരുന്നത് നോട്ടല്ലേ അതോയിനി നിനക്ക് വയറ്റിലോ മറ്റോ ഉണ്ടോ ??? ”
” മ്മ്ഹ്ഹ്….. ”
അവന്റെ ചോദ്യമുള്ള് പൊള്ളിച്ചുവെങ്കിലും നേർത്ത സ്വരത്തിൽ അവളൊന്ന് മൂളി.
” ഓഹോ അതിനിടയിൽ അങ്ങനെയുമുണ്ടായോ ??? ഏതവന്റെയാടി ??? ”
സ്വന്തം കുഞ്ഞിന്റെ പിതാവിൽ നിന്നും ഒരു പെണ്ണും കേൾക്കാനാഗ്രഹിക്കാത്ത കാര്യമായിട്ട് കൂടിയും നെഞ്ച് മുറിഞ്ഞ് രക്തം കിനിഞ്ഞിട്ടും അവൾ വെറുതെയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
” ഇല്ല….. അല്ലെങ്കിലും വെറുമൊരു വേശ്യക്കതൊക്കെ എങ്ങനെയറി….”
പറഞ്ഞുമുഴുവനാക്കും മുൻപ് അധികം ശക്തിയിലല്ലെങ്കിൽ പോലും ദത്തന്റെ കയ്യവളുടെ കവിളിൽ പതിഞ്ഞു.
” ഇതെന്തിനാണെന്നറിയുമോ ??? നാഗമഠത്തിൽ ദേവദത്തന്റെ ചോരയുടെ പിതൃത്വം മാറ്റിപ്പറഞ്ഞതിന്…. ”
അപ്പോഴും അന്തംവിട്ട് നിന്നിരുന്ന ആ പെണ്ണിനെ ആവേശത്തോടെ ഇറുകെ പുണരുമ്പോൾ അവളോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു അവനിൽ നിറഞ്ഞിരുന്നത്.
” നിധാ…. പറയെടീ എന്റെ…. എന്റെ കുഞ്ഞല്ലേ …. ആണെന്ന് പറയെടി…. ”
വീണ്ടുംവീണ്ടുമാ പെണ്ണുടലിനെ വരിഞ്ഞുമുറുക്കിക്കൊണ്ട് ചോദിക്കുമ്പോൾ എന്തൊക്കെയോ സ്വന്തമാക്കാനുള്ള ഒറ്റപ്പെട്ടുപോയവന്റെ ആവേശമായിരുന്നു അവനിൽ.
നിറകണ്ണുകളോടെ നോക്കുന്ന അവനെ അല്പനേരം മൗനമായി നോക്കിനിന്നിട്ട് കണ്ണീരിനിടയിലും പുഞ്ചിരിച്ചുകൊണ്ട് അവൾ തലയാട്ടി.
ജീവിതത്തിലാദ്യമായി സ്വന്തമെന്ന് പറയാനെന്തോ ഉണ്ടായവന്റെ ലഹരിയോടെ അവളുടെ വയറിലവനമർത്തി ചുംബിച്ചു. തന്റെ ജീവനുള്ള ആദ്യചുംബനം….
“അതേ നിധാ ഇന്ന് ഞാനറിയുന്നു….. ഞാൻ….ഞാൻ സ്നേഹിക്കുന്നു നിന്നെ…. പ്രണയിക്കുന്നു…. മറ്റെന്തിനെക്കാളും…. ”
അവളുടെ കാതോരമവൻ മൊഴിഞ്ഞു അത്രമേൽ പ്രിയമോടെ….. അതിലേറെ പ്രണയത്തോടെ അവന്റെ മുഖം നെഞ്ചോടമർത്തിപ്പിടിച്ചുകൊണ്ട് ആ പെണ്ണും വിടർന്ന് ചിരിച്ചു.