പെണ്ണ് വെറും പെണ്ണല്ല
(രചന: അഞ്ജു തങ്കച്ചൻ)
ആളുകൾ കൂട്ടംചേർന്ന് നിന്ന് ആകാംക്ഷയോടെ എത്തി നോക്കുന്നത് കണ്ടാണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത്.
കണ്ടാൽ ഇരുപതു വയസോളം പ്രായം തോന്നുന്ന ഒരു പെൺകുട്ടി കൈകൾ രണ്ടും വീശി തലയുയർത്തിപ്പിടിച്ചു നടന്നുവരികയാണ്. അവളുടെ ഓരം ചേർന്ന് മെലിഞ്ഞ ഒരു നായയും മുരൾച്ചയോടെനടക്കുന്നുണ്ട്.
പോക്കുവെയിൽ അവളുടെ വെളുത്ത മുഖത്ത് ചുവന്ന ചായം പടർത്തിയിട്ടുണ്ട്. ചെമ്പിച്ച പാറിയ നീണ്ട മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നുണ്ട്, നിറം മങ്ങിയ ഒരു പഴയ സാരി ആണ് വേഷം ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങുകയാണ്.
പെട്ടന്നാണ് ആൾകൂട്ടത്തിൽ നിന്ന് ഒരുവൻ പറയുന്നത് കിരൺ ശ്രദ്ധിച്ചത്.
ഓഹ് … ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ ഒട്ടും ഉടഞ്ഞിട്ടില്ല.
പറഞ്ഞത് ആരാണെന്നറിയാൻ കിരൺ ചുറ്റിലും നോക്കിയെങ്കിലും ആരാണെന്നു അവന് മനസിലായില്ല.
ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന് കിരണിന് തോന്നി അയാൾ ചുറ്റിലും നോക്കി തൊട്ടപ്പുറത്തെ ചായക്കടയ്ക്ക് മുന്നിൽ രണ്ടു മൂന്ന് പേർ നിൽപ്പുണ്ട്
ചായകുടിക്കാൻ എന്നവണ്ണം അയാൾ അങ്ങോട്ട് നടന്നു. ചായ കുടിച്ചു കൊണ്ട് അയാൾ മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു.കടയുടെ തൊട്ടുമുന്നിലായി രണ്ടു സ്ത്രീകൾ നിൽപ്പുണ്ട്
എടീ നീ കണ്ടോ? ആരാണ് ആ പോയതെന്ന്
ആരാണ്? ഞാൻ ശരിക്കും കണ്ടില്ല.
ആഹാ… നീ ഈ നാട്ടിൽ ഒന്നും അല്ലേ?
എടീ.. ആ പെണ്ണിനെയാ കഴിഞ്ഞമാസം ആരോ റേപ്പ് ചെയ്തത്. രാവിലെ പത്രം എടുക്കാൻ പോയ ആളാണ് പൊന്തക്കാട്ടിൽ നിന്ന് ഞരക്കം കേട്ട് നോക്കിയത്. അയാൾ ആളുകളെ വിളിച്ചു കൂട്ടി ആശുപത്രിയിൽ എത്തിച്ചു. ഒരു മാസം ആ കൊച്ച് ആശുപത്രിയിലായിരുന്നു. മരിക്കുമെന്ന് വിധിഎഴുതിയതാ…. എന്നിട്ടിപ്പോ നോക്കിക്കേ, ഒരു കൂസലുമില്ലാതെ നടന്നു പോകുന്നത്.
ശരിയാ ഇതൊക്കെ ഒരു പെണ്ണാണോ? ഇതിന്റെയൊക്കെ അപാര തൊലിക്കട്ടി സമ്മതിക്കണം. ഒന്നും സംഭവിക്കാത്തതു പോലെ അല്ലേ നടന്നു പോകുന്നത്.
കലികാലം അല്ലാതെന്തു പറയാനാടി ആ സ്ത്രീ താടിക്ക് കൈ കൊടുത്തു.
എന്റെ ശാരദേടത്തി നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്
ആ കൊച്ച് എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പോട്ടെ. ചായയടിക്കുന്ന ആൾ പറഞ്ഞു.
അതല്ല മോഹനാ…. നീയൊന്ന് ആലോചിച്ചു നോക്കിക്കേ
തള്ള മാത്രമേ ആ പെങ്കൊച്ചിന് ഉള്ളൂ,
ആ പെണ്ണിന്റെ അപകടം അറിഞ്ഞ് തള്ള മാനക്കേട് കാരണം ആത്മഹത്യ ചെയ്തു.
ഒരാൾ ആണോ, അതോ ആരെങ്കിലും ഒക്കെ ചേർന്നാണോ പിച്ചിച്ചീന്തിയത്
എന്നാർക്കറിയാം. എന്നിട്ടും ആ പെണ്ണിന് ഒരു ഇത്തിരി വിഷമം എങ്കിലും ഉണ്ടോ എന്ന് നോക്കിക്കേ?
നിങ്ങൾക്കിത് എന്തിന്റെ കേടാ ശാരദേടത്തി, ആ കൊച്ച് പിന്നെ എന്ത് ചെയ്യണം, കരഞ്ഞു നിലവിളിച്ചു നടക്കണോ? നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ?
ഒരു പെൺകുട്ടിയെ കുറിച്ച് നിങ്ങൾ പെണ്ണുങ്ങളു തന്നെ ഇങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യും? നിങ്ങൾ തന്നെയല്ലേ ചാരുലതക്ക് നീതി വേണം എന്ന് പറഞ്ഞ് മെഴുകുതിരിയും കത്തിച്ചു പിടിച്ച് ഇത് വഴി നടന്നത്. എന്നിട്ടിപ്പോ ആ കൊച്ചിനെ നിങ്ങൾ തന്നെ പഴി പറയുന്നു.
ഓ… നീയൊക്കെ ഇനിയിപ്പോ അങ്ങനെയേ പറയൂ, ഇനി അവൾക്ക് ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ, ഇനിയിപ്പം ആണുങ്ങൾ അവളുടെ പിറകെ മണപ്പിച്ച് നടക്കും.
ദേ… തള്ളേ ചൂടുവെള്ളമാണ് എന്റെ കയ്യിൽ ഇരിക്കുന്നത്, മോന്തക്ക് കോരി ഒഴിക്കും ഞാൻ, മോഹനൻ ദേഷ്യത്തോടെ പറഞ്ഞു.
ഓ…. ഞാൻ പോവാണ്… ശാരദ മുഖം കറുപ്പിച്ചുകൊണ്ട് ഇറങ്ങി നടന്നു.
വെറുതെയല്ല നിങ്ങളെ പരദൂഷണം ശാരദ എന്ന് വിളിക്കുന്നത്.
അയാൾ ദേഷ്യത്തോടെ പറഞ്ഞു.
കിരൺ ചായ കുടിച്ചിട്ട് വണ്ടിക്കരികിലേക്ക് നടന്നു. ഡ്രൈവ് ചെയ്യുമ്പോഴും അയാളുടെ മനസ്സ് നിറയെ ആ പത്രവാർത്ത ആയിരുന്നു.
പത്രം തുറന്നാൽ മോശം വാർത്തകളെ കാണാൻ ഉള്ളു എന്നത് കൊണ്ട് തന്നെ, ഓടിച്ചിട്ട് ഒന്ന് വായിക്കുക മാത്രമേ ചെയ്യാറുള്ളൂ, പക്ഷേ താമരക്കുന്ന് എന്ന ആ സ്ഥലം തന്റെ ഓഫീസിൽ പോകുന്ന വഴിക്കുള്ളത് ആയതുകൊണ്ട് മാത്രം ആ വർത്ത താൻ വായിച്ചിരുന്നു.ക്രൂര ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നും കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നിയിരുന്നു. പക്ഷെ അതീ പെൺകുട്ടിയാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
കിടന്നിട്ടും കിരണിന് തീരെ ഉറക്കം വന്നില്ല. എന്തുകൊണ്ടോ മനസ്സിൽ നിന്നും ആ പെൺകുട്ടി മായുന്നില്ല.
മൂന്നുനാല് മാസങ്ങൾക്കു മുമ്പാണ്, താൻ ഓഫീസിൽ നിന്നും മടങ്ങി വരവെ,
പലതവണ പെറ്റ് മുലകൾ തൂങ്ങിയ,ഒരു നായ തന്റെ വണ്ടിക്കു മുന്നിൽ പെട്ടത്. താൻ പെട്ടന്ന് ബ്രേക്ക് അമർത്തിയതും ഒരു പെൺകുട്ടി ഓടി വന്ന് നായയെ മുന്നിൽ നിന്നും സൈഡിലേക്ക് വലിച്ചുമാറ്റിയതും ഒരുമിച്ചായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് ആ പെൺകുട്ടിയെ വണ്ടി ഇടിക്കാത്തത്.
അന്നവൾ രക്ഷിച്ച ആ കറുത്തു മെലിഞ്ഞ നായ തന്നെയാണ് ഇന്നും അവളുടെ കൂടെ നടക്കുന്നത്.
അന്ന് അവളെ കാണുമ്പോൾ എത്ര സന്തോഷവതിയായിരുന്നു . കൂട്ടുകാരോടൊപ്പം കലപില വർത്തമാനം പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നു പോകുന്ന ആ രൂപം തന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്.
വീണ്ടും വീണ്ടും അവളെ കാണാൻ ഉള്ള ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു.അവൾ ഏതു കോളേജിലാണ് പഠിക്കുന്നത് എന്ന് അറിയാൻ കഴിയാതെ, പല കോളേജിനും മുന്നിൽ കോളേജ് വിടുന്ന സമയം നോക്കി താൻ കാത്ത് നിന്നിട്ടുണ്ട്.
പക്ഷേ നിരാശയായിരുന്നു ഫലം.
അന്ന് താൻ മനസ്സിൽ പ്രതിഷ്ഠിച്ച ആ പെണ്ണിനെയാണ് ഇന്ന് ആളുകൾ ഒരു അന്യഗ്രഹ ജീവിയെപ്പോലെ നോക്കി നിൽക്കുന്നത്.
അയാളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു.
മോനേ കിരൺ നീ കിടന്നോ? കിരണിന്റെ ഏട്ടൻ ബാലൻ അകത്തേക്ക് കടന്നുവന്നു.
ഏട്ടൻ നിനക്കൊരു പെണ്ണിനെ ആലോചിച്ച കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ, ഏട്ടന്റെ സുഹൃത്തിന്റെ മോളാണ്. നമുക്ക് പറ്റിയ ബന്ധം, അവരും പേരുകേട്ട കുടുംബക്കാര് തന്നെയാണ്, കാണാനും കൊള്ളാം, എന്തുകൊണ്ടും നമുക്ക് യോജിച്ചതാണ്.
എന്താണ് നിന്റെ അഭിപ്രായം?
എനിക്ക് ഇപ്പോൾ വിവാഹം വേണ്ട ഏട്ടാ .
അതെന്താ നിനക്ക് ആരെയെങ്കിലും ഇഷ്ടമാണോ
അങ്ങനെ ഒന്നും അല്ല, ഇപ്പൊ എന്തായാലും വേണ്ട.
ശരി… ഇനി നിനക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ കൂടി നമ്മുടെ പാരമ്പര്യവും തറവാടിത്തവും നോക്കി യോജിച്ച ആളെ മാത്രമേ കണ്ടുപിടിക്കാവൂ.സമൂഹത്തിന് മുന്നിൽ നമുക്കൊരു നിലയും വിലയും ഉള്ളതാണ്. അത് ഒരിക്കലും മറക്കരുത്.
ഇല്ല ഏട്ടാ..
അച്ഛാ…. ചെറിയച്ഛൻ കല്യാണം കഴിക്കാൻ പോവാണോ
ഏഴുവയസുകാരി കിങ്ങിണി മോൾ ഓടിവന്നു കിരണിന്റെ മടിയിൽ കയറിയിരുന്നു.
മോളെ ചെറിയച്ഛൻ ഉറങ്ങാൻ പോവാ മോള് ശല്യപ്പെടുത്താതെ താഴേക്ക് ചെല്ല്.
ഏട്ടൻ മോളോടായി പറഞ്ഞു.
അന്നാ ശരി മോൻ കിടന്നുറങ്ങിക്കോ ഞാൻ പോവാ ഏട്ടൻ താഴേക്കിറങ്ങി പോയി.
*************
പിറ്റേന്ന്, ജോലി കഴിഞ്ഞ് കിരൺ വീട്ടിൽ വരുമ്പോൾ ഏട്ടത്തി പരിഭ്രാന്തിയോടെ മുറ്റത്തു നിൽപ്പുണ്ടായിരുന്നു.
എന്താ ഏട്ടത്തി?
കിങ്ങിണി മോൾ ഇതുവരെ വന്നില്ല. ഏട്ടത്തി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
സ്കൂളിൽ വിളിച്ചു നോക്കിയില്ലേ
വിളിച്ചു നോക്കി ആരും കാൾ എടുക്കുന്നില്ല.
ഞാൻ പോയി തിരക്കിയിട്ട് വരാം അയാൾ കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ഒരു ഓട്ടോറിക്ഷ വന്നത്.
അതിൽ നിന്നും കിങ്ങിണി മോൾ ഇറങ്ങി. കൂടെ ഇന്നലെ കണ്ട ആ പെൺകുട്ടിയമുണ്ടായിരുന്നു നിറം മങ്ങിയ ആ പഴയ സാരി തന്നെയാണ് ഇന്നും അവളുടെ വേഷം.
ഏട്ടത്തി ഓടിവന്നു കിങ്ങിണിയെ വാരിപ്പിടിച്ചു നീ എവിടെയായിരുന്നു മോളെ?
എവിടുന്നാണ് എന്റെ മോളെ കിട്ടിയത്? അവളെ സുരക്ഷിതയായി ഇവിടെ എത്തിച്ചതിൽ ഒത്തിരി നന്ദിയുണ്ട്.
ഏട്ടത്തി പെൺകുട്ടിയെ നോക്കി പറഞ്ഞു.
നിങ്ങളുടെ മോൾ സുരക്ഷിതയാണോ ഈ വീട്ടിൽ?
ഇത് ഞങ്ങളുടെ വീടാണ് ഇതെന്റെ മോളാണ് ഏട്ടത്തി പറഞ്ഞു.
ഇത് നിങ്ങളുടെ വീട് ആണെന്ന് എനിക്ക് അറിയാം അതുകൊണ്ടാണ് ഞാൻ ചോദിച്ചത് ഈ കുഞ്ഞു ഇവിടെ സുരക്ഷിതയാണോ എന്ന്?
എന്തൊക്കെയാണ് ഈ പറയുന്നത് സ്വന്തം വീട്ടിൽ കുഞ്ഞ് സുരക്ഷിതയാണോ എന്ന് ചോദിക്കേണ്ട കാര്യം ഉണ്ടോ?
അപ്പോഴാണ് ഏട്ടന്റെ കാർ കടന്ന് വന്നത്.
നിന്റെ കാൾ വന്നപ്പോൾ ഞാൻ ഭയന്നു പോയി. എന്താ സ്കൂൾ ബസ് താമസിച്ചതാണോ ഇന്ന്. ഏട്ടൻ ഏട്ടത്തിയോടായി ചോദിച്ചു
എന്റെ മോളെ നീ എവിടെയായിരുന്നു? അയാൾ കുഞ്ഞിനെ വാരിയെടുത്തു തെരുതെരെ ഉമ്മ വച്ചു. അയാൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. എട്ടു വർഷം കാത്തിരുന്നു കിട്ടിയ കണ്മണിയാണ്.
ഈ കുഞ്ഞിനെ താൻ ഉമ്മ വയ്ക്കുന്നത് വാത്സല്യം കൊണ്ട് തന്നെയാണോ, അതോ അതിനോടും തനിക്ക് കാമം ആണോ?
ഉറക്കെയുള്ള ചോദ്യം കേട്ട് ഏട്ടൻ ഞെട്ടി പോയി.
അപ്പോഴാണ് അയാൾ അവളെ കണ്ടത്. കിരണിന്റെ വണ്ടിയുടെ മുന്നിലായി അവൾ നിന്നതിനാൽ അയാൾ അവളെ കണ്ടിരുന്നില്ല.
എന്താടി നീ ഈ പറയുന്നത്, വീട്ടിൽ വന്ന് തോന്നിവാസം പറയുന്നോ, ഇതെന്റെ ഭർത്താവാണ്, എന്റെ മോളുടെ അച്ഛൻ . അദ്ദേഹം ആരാണെന്നു നിനക്കറിയുമോ? അദ്ദേഹത്തിന് സമൂഹത്തിൽ ഉളള വില എന്താണെന്നു നിനക്ക് അറിയോ? ഇതുവരെ ആരും അദേഹത്തിന്റെ ഒരു കുറ്റം പോലും പറഞ്ഞിട്ടില്ല അറിയുവോ നിനക്ക്. ഏട്ടത്തി കോപത്തോടെ പറഞ്ഞു.
ഓഹോ അത്രയ്ക്ക് നല്ലവൻ ആണല്ലേ ഇയാൾ
അപ്പൊൾ പിന്നെ ഈ കാണുന്നത് എന്താ? അവൾ വാരിപ്പുതച്ചിരുന്ന സാരിത്തലപ്പ് മാറ്റി.
അവളുടെ കഴുത്തിലും കൈകളിലും എല്ലാം ആഴത്തിൽ മുറിവുണങ്ങിയ പാടുകൾ. ഈ ശരീരത്തിൽ മുറിവില്ലാത്ത ഒരു ഭാഗം പോലും അവശേഷിക്കുന്നില്ല.
ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയിട്ടും ഞാൻ മരിക്കാതെ ഇരുന്നത് ഇയാളെ ഒന്ന് കാണാൻ ഞാൻ അത്രമാത്രം ആഗ്രഹിച്ചത് കൊണ്ടാവാം. ഇയാളുടെ അവസാനം എനിക്ക് കാണണം.
അമ്മയും ഭാര്യയും പെൺകുഞ്ഞും ഉള്ള നിങ്ങളുടെ ഭർത്താവാണ് എന്നെ ഈ രീതിയിൽ പിച്ചിച്ചീന്തിയത് തരം കിട്ടിയാൽ സ്വന്തം മകളെയും ഇതുപോലെ ഉപയോഗിക്കില്ലെന്ന് ആരു കണ്ടു?
അവൾ ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു അവളുടെ കണ്ണുകളിൽ നിന്നും തീ ജ്വാലകൾ ആളുന്നുണ്ടെന്ന് തോന്നി
ഏട്ടത്തി കരയാൻ പോലും മറന്ന്, മറ്റേതോ ലോകത്തിൽ എന്നവണ്ണം നിൽക്കുകയാണ്.
നീയെന്ത് അസംബന്ധം ആണ് എന്റെ വീട്ടിൽ വന്നു എന്ന് പുലമ്പുന്നത് ? ഏട്ടൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.
എന്റെ തലക്കടിച്ചു എന്നെ വീഴ്ത്തിയ തന്റെ മുഖം ഒരു മിന്നായം പോലെ ഞാൻ കണ്ടതാണ്. എന്നിട്ടും ഞാൻ നിന്റെ പേര് പോലീസിനോട് പറയാത്തത് എന്താണ് നിനക്കറിയാമോ? രാഷ്ട്രീയ സ്വാധീനവും, പണവും ഉള്ള നിനക്ക് ആ കേസ് മാറ്റി മറിക്കാൻ നിഷ്പ്രയാസം കഴിയും എന്ന് എനിക്കറിയാവുന്നത് കൊണ്ട് തന്നെയാണ്.
നിന്റെ മകളെ ഇത്തിരി നേരം കാണാതായപ്പോൾ നീ പേടിച്ച് ഓടി വന്നല്ലോ.
നിസഹായ ആയ എന്നെ വേദനിപ്പിച്ചപ്പോൾ നിനക്കും ഒരു പെൺകുട്ടി ഉള്ളത് നീ ഓർത്തില്ല അല്ലേ
നിനക്കുള്ള ശിക്ഷ ഞാൻ തന്നെയാണ് തരാൻ പോകുന്നത്..
അതിന് മുൻപ് നിന്റെ യഥാർത്ഥ മുഖം എന്താണെന്ന് നിന്റെ വീട്ടുകാർ അറിയണം അതിനാണ് സ്കൂൾ ബസിൽ കയറാൻ നിന്ന നിന്റെ കുഞ്ഞിനെ ഞാൻ കൂട്ടികൊണ്ടു വന്നത്
നിന്നെ ഞാൻ വെറുതെ വിടില്ല, കൈചൂണ്ടി പറഞ്ഞു കൊണ്ട് അവൾ ഒരു കൊടുങ്കാറ്റ് പോലെ പുറത്തേക്കു പോയി.
ഏട്ടത്തിയുടെ കണ്ണുകളിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു
ഇല്ലെടി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ആ പെണ്ണ് വെറുതെ പറയുന്നതാണ്, ഏട്ടൻ പറഞ്ഞുതീർന്നതും ഏടത്തിയുടെ കൈയ് ഏട്ടന്റെ മുഖത്തു പതിച്ചതും ഒരുമിച്ചായിരുന്നു.
നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവനെ ആണല്ലോ ഞാൻ വിശ്വസിച്ചതും സ്നേഹിച്ചതും,
ഏട്ടന്റെ അടുത്ത് നിന്നും ഏടത്തി ബലമായി കിങ്ങിണി മോളെ മാറ്റി നിർത്തി
ഇനിമേലിൽ തൊട്ടുപോകരുത് എന്റെ മോളെ തരംകിട്ടിയാൽ ഇതിനെയും നിങ്ങൾ….
എടീ…. എട്ടന്റെ ശബ്ദമുയർന്നു.
ഇറങ്ങി പോടാ ഇവിടുന്ന്. അമ്മ അയാൾക്ക് മുന്നിൽ നിന്നു.
ഇങ്ങനെ ഒരു മകൻ എന്റെ വയറ്റിൽ തന്നെ കുരുത്തല്ലോ ഈശ്വരാ… അമ്മ വിതുമ്പികൊണ്ട് മുറ്റത്തേക്ക് ഇരുന്നു.
അമ്മേ… ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അന്ന് മദ്യലഹരിയിലായിരുന്നു അമ്മേ അറിയാതെ സംഭവിച്ചു പോയതാണ്.
എടാ നാശം പിടിച്ചവനെ, മദ്യലഹരിയിൽ നിന്റെ പെറ്റ തള്ളയെ ആയിരുന്നു നീ കണ്ടിരുന്നതെങ്കിലോ? അമ്മ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു.
ഇനിയൊരു നിമിഷം നീ ഇവിടെ നിൽക്കരുത്.
കാർന്നോൻമാരായിട്ട് ഉണ്ടാക്കിയ ഒരു സൽ പ്പേരുണ്ട് അത് നീ നശിപ്പിച്ചു. ഇനി നിന്നെ ഇവിടെ കാണരുത്. ഇപ്പോ ഇറങ്ങണം ഇവിടുന്ന്.
അമ്മ ഏട്ടത്തിയേയും കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി പോയി.
മോനേ കിരൺ… ഏട്ടൻ അറിയാതെ ചെയ്തുപോയതാണ്. നീ ഒന്ന് പറ അമ്മയോട്.
ഇല്ല ഏട്ടാ, ഇത്ര നാൾ നിങ്ങളെ പോലെ ഒരുവനെ ആണല്ലോ ഞാൻ ആരാധനയോടെയും, ബഹുമാനത്തോടെയും കണ്ടത്, എനിക്കിപ്പോൾ അറപ്പാണ് നിങ്ങളെ . കിരൺ അകത്തേക്ക് കയറി.
അയാൾ അപമാനഭാരത്താൽ തലകുനിച്ചു കൊണ്ട് ഇറങ്ങി നടന്നു.
************
രാത്രി മഴ തിമിർത്തു പെയ്യുകയായിരുന്നു.
പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടാണ് അവൾ എഴുന്നേറ്റത്. കട്ടിലിൽ സൂക്ഷിച്ച മൂർച്ചയുള്ള കത്തി അവൾ കൈയിലെടുത്തു. കുറച്ചു നാളുകൾ ആയി തന്റെ ധൈര്യം ഈ കത്തിയാണ്.
അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി.
മുറ്റത്ത് നിൽക്കുന്ന ആളെ കണ്ടതും അവൾ
പിന്നിൽ മറച്ചു പിടിച്ച കത്തിയിൽ ഒന്നുകൂടി പിടി മുറുക്കി.
ഡീ… നീയെന്റെ കുടുംബം തകർത്തു, നീ കാരണം എനിക്കെന്റെ വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നു. ഇനിയെനിക്ക് ഒന്നും നഷ്ട്ടപ്പെടാൻ ഇല്ല. അയാൾ അവളുടെ അടുത്തേക്ക് ചെന്നതും അവൾ കൈയിലിരുന്ന കത്തി ആഞ്ഞു വീശി.
അയാൾ പെട്ടന്ന് ഒഴിഞ്ഞു മാറി.
നിന്നെ രക്ഷിക്കാൻ ആരും വരില്ല. അയാൾ അവളുടെ കൈയിൽ പിടിച്ചു.
പെട്ടെന്നാണ് മുറ്റത്തിന് സൈഡിൽ നിന്നും മെലിഞ്ഞ ആ നായ അയാളുടെ മേലേക്ക് ചാടിയത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ഇയാൾ നിലതെറ്റി താഴെവീണു.
പിറ്റേന്ന് നാടുണർന്നത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ, ചോരവാർന്ന് വഴിയിൽ കിടന്നിരുന്ന മനുഷ്യനെ അന്യ സംസ്ഥാന തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിലാക്കി എന്നാണ്.
ദിവസങ്ങളോളം അയാൾ ആശുപത്രിയിലായിരുന്നു.
അമ്മയോ, ഏട്ടത്തിയോ ആശുപത്രിയിൽ വരാൻ കൂട്ടാക്കിയില്ലെങ്കിലും, സഹോദരൻ ആയി പോയില്ലേ എന്ന് കരുതി
കിരൺ അയാളെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
****************
ചാരുലത വീണ്ടും കോളേജിൽ പോയി തുടങ്ങി.
പലരും അവളെ പരസ്യമായി കളിയാക്കിയിരുന്നുവെങ്കിലും അവൾ അതിലൊന്നും ശ്രദ്ധ കൊടുത്തിരുന്നില്ല.
അത്ര നാൾ അവൾക്ക് ചുറ്റിലും ഉണ്ടായിരുന്ന സുഹൃത്ത് വലയം, പൊടുന്നനെ ഇല്ലാതായത് അവളെ തെല്ലു വിഷമിപ്പിച്ചിരുന്നു എങ്കിലും
അവൾ ആരെയും ശ്രെദ്ധിക്കാൻ പോയില്ല. പഠനത്തിന് മാത്രം അവൾ ഊന്നൽ കൊടുത്തു.
കോളേജിൽ നിന്നും ബസ്സിറങ്ങി അവൾ വീട്ടിലേക്ക് നടക്കുമ്പോഴാണ് പരദൂഷണം ശാന്ത അങ്ങോട്ട് വന്നത്.
എന്നാലും എന്റെ കൊച്ചേ നിന്നെ സമ്മതിക്കണം. ഇത്രയൊക്കെ മനക്കട്ടി പെണ്ണുങ്ങൾക്ക് ഉണ്ടോ?
എന്താ നിങ്ങൾ പറഞ്ഞത്? അവൾ തീ പാറുന്ന കണ്ണുകളോടെ അവരെ നോക്കി.
ഒരു പെണ്ണായിട്ടും, തെല്ലും കൂസൽ ഇല്ലാതെ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് ചോദിച്ചതാ.
പിന്നെ ഞാൻ എന്ത് ചെയ്യണം? ആത്മഹത്യ ചെയ്യണോ? കാമഭ്രാന്തൻ ആയ ഒരുവൻ എന്നെ കൊല്ലാതെ കൊന്നിട്ടും നിങ്ങൾ ആരും അയാളെ കുറ്റം പറയുന്നത് കേട്ടില്ലല്ലോ. അല്ലെങ്കിലും അവന് നഷ്ട്ടപ്പെടാത്ത എന്താണ് എനിക്ക് നഷ്ട്ടപ്പെട്ടത്.
പല വട്ടം മരിക്കണം എന്ന് ചിന്തിച്ചിട്ടും ഞാനതു ചെയ്യാത്തത് എന്താണെന്നു അറിയാമോ. ഞാൻ ജീവിച്ചിരിക്കണം, ഒരു ഭ്രാന്തന്റെ കൈയിൽ അകപ്പെട്ടു പോയെന്ന് കരുതി നഷ്ട്ടപ്പെടുത്താൻ ഉള്ളതല്ല ജീവിതം എന്ന് പെൺകുട്ടികൾ അറിയണം.
ഞാൻ ഇനിയും ജീവിക്കും അന്തസോടെ, അഭിമാനത്തോടെ തലയുയർത്തി തന്നെ ജീവിക്കും.
അവൾ പറഞ്ഞ് നിർത്തി.
************
നാല് വർഷങ്ങൾക് ശേഷം. അവൾ ജോലി സ്ഥലത്തേക്ക് പോകുവാനായി ഇറങ്ങുമ്പോളാണ് ഒരു കാർ വന്ന് മുറ്റത്ത് നിന്നത്.
അവൾ ആകാംഷയോടെ മുറ്റത്തേക്ക് നോക്കി.
ഡോർ തുറന്ന് കിരൺ പുറത്തിറങ്ങി.
ഞാൻ തന്നെ കാണാൻ വന്നതാണ്. അവൻ പറഞ്ഞു
എന്താ കാര്യം.?
എന്റെ ജീവിതത്തിലേക്ക് താൻ വരുമോ എന്ന് ചോദിക്കാൻ വന്നതാണ്.
ഇല്ല.
സഹതാപം തോന്നിയിട്ടല്ല. എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമാണ്. തനിക്ക് ഓർമ്മയുണ്ടോ?
അന്നൊരിക്കൽ താൻ എന്റെ വണ്ടിക്കു മുന്നിൽ ചാടിയ നായയെ രക്ഷിച്ചത്? അന്നാണ് ഞാൻ ഇയാളെ ആദ്യം കാണുന്നത്. അന്ന് മുതൽ എന്റെ മനസ്സിൽ ഇയാള് മാത്രേ ഉള്ളൂ…
അന്ന് ആ കാറിനു മുന്നിൽ ചാടിയിട്ടും, തന്നെ ചീത്ത പറയാത്ത അയാളെ തെല്ലു ആകാംഷയോടെ താൻ നോക്കിയത് അവൾ ഓർത്തു. തിളങ്ങുന്ന ആ കണ്ണുകളും,മുഖവും ഒറ്റ കാഴ്ച്ചയിൽ തന്റെ മനസ്സിൽ പതിഞ്ഞതാണ്. പിന്നീട് പലപ്പോഴും തന്റെ കോളേജിന് മുന്നിൽ ആ കാർ കണ്ടപ്പോൾ, മുന്നിലെത്താതെ എത്ര വട്ടം ഒളിച്ചു നിന്ന് ആ മുഖം താൻ നോക്കി നിന്നിട്ടുണ്ട്.
ഞാൻ മാത്രമല്ല. അമ്മയും വന്നിട്ടുണ്ട് തന്നെ കാണാൻ . അയാളുടെ സംസാരം അവളെ ചിന്തയിൽ നിന്നുണർത്തി.
അമ്മ അവളുടെ അടുത്തേക്ക് വന്നു.
മോളെ…. അമ്മ അവളുടെ നിറുകയിൽ തലോടി.
കുറ്റബോധം മൂലം എന്റെ മൂത്ത മകൻ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇനി ആരോടാ മോളുടെ ദേഷ്യം?
എനിക്കൊരിക്കലും അയാളോട് ക്ഷമിക്കാൻ കഴിയില്ല. ഞാൻ അനുഭവിച്ച വേദന, അപമാനം. തളർന്ന സമയത്ത് താങ്ങായി നിൽക്കേണ്ട എന്റെ അമ്മ പോലും എന്നെ തനിച്ചാക്കി ജീവിതം അവസാനിപ്പിച്ചപ്പോൾ ഞാൻ ജീവിതത്തിനു മുന്നിൽ പകച്ചു പോയിട്ടുണ്ട്.
ഒരിക്കലും അയാൾ മാപ്പ് അർഹിക്കുന്നില്ല.
ഞാൻ ഒരിക്കലും ആ വീട്ടിലേക്ക് വരില്ല. അവളുടെ മറുപടി ഉറപ്പുള്ളതായിരുന്നു.
കിരൺ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.എനിക്ക് നിന്നെ വേണം. അരുതെന്ന് പറയരുത്.
മോളെ……അമ്മ തെല്ലിടർച്ചയോടെ വിളിച്ചു. ആ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.
മോള് വരണം എന്റെ മകന്റെ കൈ പിടിച്ച്. ആ വീടും, കിങ്ങിണി മോളും, നിങ്ങടെ ഏട്ടത്തിയും അവിടെ നിന്നെ കാത്തിരിക്കുകയാണ്.
കിരൺ അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ നെറ്റിയിലെ പച്ച ഞരമ്പുകൾ പിടഞ്ഞുണർന്നിട്ടുണ്ട്, കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
അയ്യേ… ഇത്രേം തന്റേടിയായ ഈ പെണ്ണ് കരയുകയോ? അയാൾ അവളെ തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു.
അത്രനാൾ അവൾ അനുഭവിച്ച ഒറ്റപ്പെടലും, വേദനയും, അവഗണനയും കണ്ണുനീരായി അയാളുടെ നെഞ്ച് കുതിർത്ത് ഒഴുകി കൊണ്ടിരുന്നു.
അവളുടെ കരച്ചിൽ തെല്ലടങ്ങിയതും, അയാൾ അവളുടെ മുഖം പിടിച്ചുയർത്തി, ആ നിറഞ്ഞ കണ്ണുകൾ അയാൾ തുടച്ചു.ഇനി ഈ കണ്ണ് നിറയാൻഞാൻ അനുവദിക്കില്ല
ചന്ദനനിറമാർന്ന അവളുടെ നെറ്റിയിൽ അയാൾ ചുണ്ടുകൾ അമർത്തി.
ചെന്താമര പൂവ് പോലെ അപ്പോഴവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.