ദരിദ്രൻ
(രചന: Kannan Saju)
” ഇല്ലെടാ.. ഞാൻ വരുന്നില്ല.. എന്റെല് പൈസ ഇല്ല ” വിഷ്ണു തല താഴ്ത്തിക്കൊണ്ട് പറഞ്ഞു…
” ഹാ.. നിനക്ക് വീട്ടിൽ ചോദിച്ചൂടെ ?? ഞങ്ങളൊക്കെ വീട്ടിന്നു ചോദിച്ച മേടിക്കുന്നെ.. ഇനി അഥവാ ചോദിച്ചാൽ തരില്ലെങ്കിൽ വല്ല ട്യൂഷനോ ബുക്കോ പ്രൊജക്ട്ടോ അങ്ങനെ എന്തേലും ഒക്കെ പറഞ്ഞങ്ങു വാങ്ങണം ”
ഫാറൂഖ് അവനെ ട്രിപ്പിന് കൊണ്ടോവാനുള്ള ശ്രമം തുടർന്നു..
” എന്റെ പോന്നു മച്ചാനെ നിനക്കെന്നെ പറ്റ്യേ??? റിസേർവേഷനിൽ സീറ്റു കിട്ടിയവനോടാണോ നീ ഈ കാര്യം ഒക്കെ പറയുന്നേ? ബെസ്റ്റ്! ഒണക്ക മീൻ മണത്തു കൂട്ടി കഞ്ഞി കുടിക്കണ ടീംസാണ്…
റിസർവേഷൻ ഇല്ലാരുന്നേൽ ഇവനൊക്കെ ഈ കോളേജ് സ്വപ്നം കാണാൻ പോലും പറ്റില്ലായിരുന്നു ” വിനീഷ് അവനെ കളിയാക്കി.
വിഷ്ണു ഒന്നും മിണ്ടാതെ കേട്ടിരുന്നു…
” എന്നാ പിന്നെ നമുക്ക് പോവാം അല്ലേ? ”
ഫാറൂഖ് ശ്രമം ഉപേക്ഷിച്ചു… അവർ മെല്ലെ ഗ്രൗണ്ടിൽ നിന്നും പുറത്തേക്കു നടന്നു.
വിഷ്ണു കുട്ടികൾ കളിക്കുന്നതും നോക്കി ഗ്രൗണ്ടിന്റെ മൂലയിൽ ഇരുപ്പു തുടർന്നു.സ്കൂളിൽ അത്രയും ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു.
എല്ലാവരും നാട്ടിൽ തന്നെ ഉള്ള കുട്ടികൾ. പരസ്പരം നന്നായി അറിയാം. ഓരോരുത്തരും ഏതാണ്ട് വലിയ വ്യത്യാസങ്ങൾ ഇല്ലാത്ത സാമ്പത്തിക നിലവാരത്തിൽ ഉള്ളവർ.
പ്ലസ്ടു കഴിഞ്ഞു എന്ട്രന്സ് കിട്ടി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലേക്ക് വന്നതിൽ പിന്നെ ആണ് താൻ പൊട്ടക്കുളത്തിലെ തവള ആയിരുന്നു എന്ന് വിഷ്ണുവിന് മനസ്സിലാവുന്നത്.
എല്ലാവരും തന്നെ സ്വന്തമായി ബൈക്കോ സ്കൂട്ടറോ ഉള്ളവർ… നല്ല മൊബൈൽ ഫോൺ ഉള്ളവർ… നല്ല വസ്ത്രങ്ങൾ ഉള്ളവർ… സ്ഥിരം പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നവർ.
അവരുടെ എല്ലാം ജീവിതം ശൈലിക്കൊപ്പം മുന്നോട്ടു പോവാൻ തനിക്കു കഴിയില്ലെന്ന് ഉറപ്പായപ്പോ വല്ലാത്ത സങ്കടം തോന്നി തുടങ്ങിയിരുന്നു. ചിലർ തന്നോട് മിണ്ടാറെ ഇല്ല.. ചിലർ അടുത്തു ഇരിക്കാറില്ല.
പിന്നെ ഉള്ള കൂട്ടുകാർ ഫാറൂഖിനെ പോലെ ഉള്ള ചിലരാണ്. അവരാണെങ്കിലും ആഴ്ചയിൽ ബൈക്കുമായി കറങ്ങൽ ആണ്.
ഓരോ സ്ഥലങ്ങളെ കുറിച്ച് അവർ പറയുന്നത് കേൾക്കുമ്പോൾ കൊതിയാവും… രാത്രിയുള്ള യാത്രകൾ.. ചില ഭക്ഷണങ്ങളുടെ പേര് പോലും ഓർത്തിരിക്കാൻ പറ്റാറില്ല…
കോളേജ് കഴിഞ്ഞാൽ അഞ്ചരക്ക് റീലിൻസിന്റെ സൂപ്പർമാർക്കറ്റിൽ ജോലിക്കു കയറും. രാത്രി പതിനൊന്നര വരെ അവിടെ. അതിൽ കിട്ടുന്ന പൈസ പഠിത്തത്തിനും മറ്റുമായി പോവും. സംവരണം ഉള്ളതുകൊണ്ട് കുറെ ചിലവുകൾ അങ്ങനെ ഒഴിവായി കിട്ടും.
വിനീഷിന്റെ വാക്കുകൾ സത്യമാണ്… സംവരണം ഇല്ലായിരുന്നെങ്കിൽ ഇന്ന് താൻ ഇവിടെ പഠിക്കില്ല.
എന്തൊരു മോശം ജീവിതം ആണ് തന്റെതെന്ന് ഇവിടെ വന്നതിനു ശേഷമാണ് തിരിച്ചറിയുന്നത്. വസ്ത്രമാണ് വ്യക്തിത്വം നിർണയിക്കുന്നത്… അല്ല ഒരുപക്ഷെ നല്ല വ്യക്തി എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളും ബൈക്കുകളും ഒക്കെ ഉള്ളവരോട് കൂട്ടുകൂടാൻ ഒരുപാടു പേരുണ്ട്.
സ്വന്തമായൊരു ബൈക്ക് ഇന്നും ഒരു സ്വപ്നമാണെന്ന് പറഞ്ഞാൽ പലരും കളിയാക്കും. പക്ഷെ ഒന്നും ഇല്ലായ്മയിൽ ജീവിക്കുന്നവനെ അത് എത്ര വിലപ്പെട്ടതാണെന്നു മനസ്സിലാവു.
ആദ്യമായി വണ്ടി ഓടിക്കാൻ കൊതി തോന്നിയപ്പോൾ കൊച്ചച്ചനോട് ഓടിക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്… അന്ന് കൊച്ചച്ചൻ പറഞ്ഞത് ചത്തു പോയ നിന്റെ തന്തയോട് പോയി ചോദിയ്ക്കാൻ ആയിരുന്നു.
അത് ഓർക്കുമ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു… താനത് ആഗ്രഹിച്ചത് തന്നെ തെറ്റായി പോയി എന്ന് തോന്നിയ നിമിഷം.
അല്ലെങ്കിലും സ്കൂൾ വിട്ടു വരുമ്പോൾ നോക്കിയാൽ വിഷമമാവും എന്ന് കരുതി കടയിലെ പലഹാരത്തിൽ നോട്ടം എത്താതെ ഇരിക്കാൻ മുഖം തിരിച്ചു നടന്നവന് ബൈക്ക് ഓടിക്കാൻ എന്ത് യോഗ്യത.
ബർഗർ കഴിക്കാൻ കൂട്ടുകാർ വിളിക്കുമ്പോൾ അവർക്കറിയില്റില്ലോ ഒരു ഉള്ളി വട പോലും കഴിക്കാൻ വകയില്ലാതെ മുഖം തിരിച്ചു നടന്നവനാണ് താനെന്ന്.
” എന്താടോ വലിയ ആലോചനയിൽ ആണല്ലോ? ” അവന്റെ അടുത്തു വന്നിരുന്നുകൊണ്ട് എയ്ഞ്ചൽ ചോദിച്ചു.. മെല്ലെ ഒന്ന് അനങ്ങി അകന്നിരുന്നു അയിത്തം പ്രകടിപ്പിക്കാൻ വിഷ്ണു മറന്നില്ല
” നീ എന്നാ ഈ നീങ്ങി പോണേ? പകർച്ച വ്യാദി വല്ലതും ഉണ്ടോ? ”
വിഷ്ണു തല താഴ്ത്തി ഇരുന്നു…
” ഓഹ്.. മൗന വൃതം ആയിരിക്കും.. അവന്മാര് പിന്നെ ബങ്കടിച്ചു ട്രിപ്പ് പോവാന്നു വിചാരിക്കാം, നീ എന്ന ക്ലാസ്സിൽ കയറാത ഇവിടെ വന്നു വെയിലും കൊണ്ടിരിക്കുന്നെ? ”
” ഒന്നുല്ല ”
” എന്നോട് ദേഷ്യണോ? ”
” അല്ലാ ”
” ഫസ്റ്റ് ഇയർ തീരുന്നതല്ലേ ഉളളൂ..അതിനുള്ളിലെ പ്രേമം എന്നൊക്കെ പറഞ്ഞ എനിക്ക് മനസ്സിലാവില്ല വിഷ്ണു ”
” അയ്യേ…! അത് അവന്മാര് വെറുതെ.. ”
” വെറുതെ അല്ലെന്നു എനിക്ക് നല്ല പോലെ അറിയാം… നീ ഒളിഞ്ഞും മറഞ്ഞും നിന്നു എന്നെ നോക്കുന്നത് പല തവണ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.. ആ.. അതൊക്കെ വിട്.. പറ എന്ന ശോകം അടിച്ചു ഇരിക്കുന്നെ? ”
” ഏയ്.. ഒന്നുല്ല! ”
” ഹ പറയടോ… തന്നെ ഞാൻ എന്നും കാണുന്നതല്ലേ.. വന്നപ്പോ ഉള്ള ആ ഉത്സാഹവും ചോറുച്ചൊരുക്കും ഒന്നും ഇപ്പൊ തനിക്കില്ല.. എന്നാ പറ്റ്യേ ??? വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടോ? ” വിഷ്ണു അവളുടെ കണ്ണുകളിലേക്കു നോക്കി…
” ഒരു നല്ല ഫ്രണ്ടായി എന്നെ കണ്ടൂടെ? “അവൾ ചോദിച്ചു
” എന്നെ അല്ലേ ആരും ഫ്രണ്ടായി കാണില്ലാത്തെ ? ”
അവന്റെ ചോദ്യം കെട്ടു അവൾ കൗതുകത്തോടെ ചിരിച്ചു…
” ചിരിക്കുന്നോ? ”
” പിന്നെ..! ഇമ്മാതിരി തമാശ കേട്ടാൽ ആരായാലും ചിരിച്ചു പോവില്ലേ വിഷ്ണു ”
” ഇതിനു മാത്രം ചിരിക്കാൻ എന്നാ ഇരിക്കുന്നെ? അല്ലെങ്കിലും പാവപ്പെട്ടവരുടെ നൊമ്പരങ്ങൾ മറ്റുള്ളവർക്ക് തമാശ ആണല്ലോ ”
” ഓഹ്..! അപ്പൊ അതാണ് കുട്ടീടെ പ്രശ്നം? ”
” അതെ… എനിക്ക് മടുത്തു… ഞാൻ പഠിത്തം നിർത്താൻ പോവാണ്… മറ്റുള്ളവർ ജീവിതം ആസ്വദിക്കുന്നത് കാണുമ്പോൾ ജനിച്ചത് തന്നെ തെറ്റായി പോയി എന്ന് തോന്നാറുണ്ട്.. ”
” എന്നിട്ടു നീ എന്ത് ചെയ്യാൻ പോവാ? പഠിത്തം നിർത്തിയിട്ടു? അമ്മയുടെ കൂടെ ചാണകം വാരാൻ പോവോ? ” വിഷ്ണു കലിയോടെ അവളെ നോക്കി
” നീ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട.. ചോദിച്ചതിന് ഉത്തരം പറ.. ”
” എനിക്കറിയില്ല ”
” ഇതിനാണോ കണ്ടവരുടെ അടുക്കള നിരങ്ങിയും തൊഴുത്തിലെ ചാണകം വാരിയും അമ്മ നിന്നെ പഠിപ്പിച്ചത്? ”
” എനിക്കറിയില്ല… കുട്ടികൾ ആവുമ്പോൾ ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടാവില്ലേ? അതൊന്നും നടത്തി തരാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ എന്നെ? ”
” എല്ലാവർക്കും എല്ലാം തികഞ്ഞിട്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റുവോ വിഷ്ണു..? നീ ജനിച്ചു… അച്ഛൻ പോയി.. എന്നിട്ടും അമ്മക്ക് പറ്റുന്ന പോലെ നിന്നെ പഠിപ്പിക്കുന്നില്ലേ? കൂടെ പണിക്കു കൊണ്ടു പോയൊന്നും ഇല്ലല്ലോ?
ഇത്രയും മോശം സാമ്പത്തിക ചുറ്റുപാടുകളിൽ ജനിച്ചിട്ടും നിനക്ക് തരാവുന്നതിൽ ഏറ്റവും വലിയ സമ്പാദ്യം അല്ലേ അമ്മ തന്നിരിക്കുന്നത്.. വിദ്യാഭ്യാസം.. നിന്റെ കയ്യിൽ നൂറോ ആയിരമോ കോടികളോ ഉണ്ടങ്കിലും എന്നെങ്കിലും അത് നഷ്ട്ടപെടാം..
പക്ഷെ നിന്റെ അറിവും വിദ്യാഭ്യാസവും ഒരിക്കലും നഷ്ടപ്പെടാൻ പോവുന്നില്ല… എത്ര പണം നഷ്ടപ്പെട്ടാലും തിരിച്ചറിവുണ്ടങ്കിൽ നല്ല വിദ്യാഭ്യാസം ഉണ്ടങ്കിൽ നിനക്കതു തിരിച്ചു പിടിക്കാം.
ഒന്നും ഇല്ലായ്മയിൽ നിന്നു ചിന്തിച്ചവരാണ് സ്വന്തം പാതകൾ വെട്ടി തെളിച്ചു പിന്നീട് ലോകം തന്നെ കീഴടക്കിയ പല ബില്ലിയനേഴ്സും. അവരാരും കോടീശ്വരന്മാരുടെ മക്കളായിരുന്നില്ല. പലരും ദരിദ്രർ ആയിരുന്നു.പക്ഷെ അവർ മാറാൻ ആഗ്രഹിച്ചു… അവരുടെ ചുറ്റുപാടുകൾ മാറ്റാൻ ആഗ്രഹിച്ചു.. അതിനുള്ള ഉപങ്ങളെ കുറിച്ച് ചിന്തിച്ചു..
പണം ഉണ്ടാക്കാൻ ഉള്ള വഴികളെ കുറിച്ച് ചിന്തിച്ചു .മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ നമുക്കും പണക്കാർ ആവാം എന്ന് അവർ തിരിച്ചറിഞ്ഞു.. അതിനായി അവർ പല സംരംഭങ്ങൾ ഉയർത്തെടുത്തു…
നീ ഇപ്പൊ കാണുന്ന ഈ കുട്ടികൾ എല്ലാം അച്ഛനും അമ്മയും ഉണ്ടാക്കി വെച്ച പണം കൊണ്ടു ആഘോഷിച്ചു നടക്കുന്നവർ ആണ്.അവർ ഉപയോഗിക്കുന്ന വസ്ത്രം മുതൽ വാഹനങ്ങൾ വരെ മാതാ പിതാക്കളുടെ കഷ്ടപ്പാടുകൾ ആണ്.അവർ കംഫർട് സോണിൽ ആണ്.
അവർക്കൊരിക്കലും പണത്തിന്റെ വില അറിയില്ല. ഇന്നല്ലെങ്കിൽ നാളെ ആ കംഫർട് സോണിൽ നിന്നും പുറത്ത് വരേണ്ട ഒരു സാഹചര്യം വരും.. ഇൻഡിപെൻഡൻഡ് ആവേണ്ടി വരും.അപ്പൊ അവർ സ്ട്രഗിൾ ചെയ്യാൻ തുടങ്ങും..
പക്ഷെ നീ ഇപ്പോഴേ കംഫർട് സോണിനു പുറത്താണ്.നിനക്ക് കിട്ടുന്ന ഓരോ പത്തു രൂപയിലും നിന്റെ അമ്മയുടെയും നിന്റെയും വിയർപ്പുണ്ട്.അതുകൊണ്ട് തന്നെ പത്തു രൂപ നിന്റെ കയ്യിൽ ഇരുന്നാലും അനാവശ്യമായി അത് ചിലവാക്കാൻ നിനക്ക് മടി ഉണ്ടാവും. ”
” എനിക്കും കൊതിയാവുന്നു എയ്ഞ്ചൽ… യാത്ര ചെയ്യാൻ.. ഒരു നേരം എങ്കിലും ഇഷ്ടം ഉള്ള ഭക്ഷണം മതിവരുവോളം കഴിച്ചു കിടന്നുറങ്ങാൻ ”
” എനിക്ക് മനസ്സിലാവും വിഷ്ണു.. പക്ഷെ നീ പഠിത്തം നിർത്തിയ നിന്റെ മക്കൾക്കും ഇതേ ഗതി വരും.. നീ ഇപ്പോ പറഞ്ഞപോലെ അവരും ചോദിക്കും ”
എന്റെ ആഗ്രഹങ്ങൾ നടത്തി തരാൻ കഴിഞ്ഞില്ലെങ്കിൽ പിന്ന എന്തിനാ എന്നെ ഇണ്ടാക്കിയത് എന്ന് ” അങ്ങനൊരു ചോദ്യം കേൾക്കണോ നമുക്കു? ”
” മനസ്സിലായി ”
” പിന്നെ അതു മാത്രല്ല… വിഷ്ണുവിന് അമ്മ ചൊറു വാരി തരാറുണ്ടോയിരുന്നോ? ”
” ഉണ്ടായിരുന്നോന്നോ.. ഇപ്പോഴും ഞാൻ നാട്ടിൽ ചെല്ലുമ്പോ അമ്മ വാരി തരും എനിക്ക് ” അത് പറയുമ്പോൾ അവന്റെ കണ്ണിലെ തിളക്കം എയ്ഞ്ചൽ ശ്രദ്ധിച്ചു.
” എന്നാൽ നമ്മുടെ കൂട്ടത്തിൽ പലർക്കും അത് വെറുമൊരു സ്വപ്നം മാത്രമാണ്.. വിനീഷ് അച്ഛനേം അമ്മേനേം കണ്ടിട്ട് തന്നെ അഞ്ചു കൊല്ലായി.. അവർ ഡിവോഴ്സ്ഡ് ആണ്..
രണ്ടും രണ്ട് രാജ്യത്തു.. മത്സരിച്ചു മത്സരിച്ചു മകന് പൈസ അയച്ചു കൊടുക്കും.. അതും ദൂർത്തടിച്ചു അവൻ ഇതിലെ നടക്കും എന്നല്ലാതെ അച്ഛന്റെയോ അമ്മയുടെയോ സ്നേഹം തെല്ലും അനുഭവിക്കാൻ ഉള്ള യോഗം അവനുണ്ടായിട്ടില്ല. ഫാറൂഖ്, അവന്റെ ഉപ്പാക്ക് മൂന്ന് ഭാര്യമാരാണ്..
മൊത്തം പന്ത്രണ്ടു മക്കളും… രാവിലേം വൈകുന്നേരവും അറ്റെൻഡൻസ് എടുക്കും എന്നല്ലാതെ യാതൊരു ബന്ധവും പെരന്റ്സും ആയി ഇല്ല. പിന്നെ ഈ ഞാൻ.. ഞാൻ എപ്പോഴേലും മൂഡ് ഔട്ട് ആയി വിഷ്ണു കണ്ടിട്ടുണ്ടോ? ”
” ഇല്ല നിന്റെ മുഖത്ത് എപ്പോഴും ചിരി അല്ലേ ”
” പക്ഷെ ഉള്ളിൽ കരയുവാണ് വിഷ്ണു . ”
” എന്തിനു? “അവൻ ഞെട്ടലോടെ ചോദിച്ചു
” എനിക്ക് പത്തു വയസുള്ളപ്പോ അമ്മ വീട്ടിലെ ഡ്രൈവർക്കൊപ്പം ഒളിച്ചോടുന്നത്.. പിന്നെ മൊത്തം പ്രശ്നങ്ങൾ.. നാണക്കേട്.. ബന്ധുക്കൾ നാട്ടുകാർ.. അച്ഛന്റെ കുടി.. അങ്ങനെ അങ്ങനെ…
രണ്ട് കൊല്ലം മുന്നേ അച്ഛൻ വേറെ കെട്ടി.. അവർക്കണേൽ എന്ന കണ്ണെടുത്താൽ കണ്ടു കൂട.. ചില സമയത്തൊന്നും ഉപദ്രവം സഹിക്കാൻ പറ്റത്തില്ല. ഒരിക്കൽ അവരെയും കൊച്ചച്ചനെയും കൂടി കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഞാൻ കണ്ടു..
അതോടെ ഇരുവരും ചേർന്ന് എന്നെ പറ്റി കഥകൾ ഉണ്ടാക്കി.. അമ്മയെ പോലെ മോളും പിഴയാണെന്നു അവർ അച്ഛനെ കൊണ്ടു തന്നെ പറയിച്ചു. അങ്ങനെ അച്ഛനും എന്നെ കണ്ണെടുത്താ കാണാതായി.
കോടികളുടെ സ്വത്തുണ്ടായിട്ടും ഞാനും കിടന്നിട്ടുണ്ട് പട്ടിണി… വിശന്നിട്ടു ഉറങ്ങാത്ത രാത്രികൾ എനിക്കും ഉണ്ടായിട്ടുണ്ട്.. അടിവസ്ത്രം മുതൽ പീരിയഡ്സ് ആവുമ്പോൾ വെക്കാൻ വാങ്ങുന്ന പാഡ് ന് വരെ ഞാൻ ആ സ്ത്രീക്ക് മുന്നിൽ കൈ നീട്ടി നിക്കണം… ”
വിഷ്ണു അത്ഭുദത്തോടെ അവളെ നോക്കി ….
” എല്ലാവര്ക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട് വിഷ്ണു… അത് അവരവരുടെ ജീവിത സാഹചര്യങ്ങൾ അനുസരിച്ചു ഇരിക്കും. ഓരോരുത്തർക്കും അവരവരുടെ പ്രശ്നങ്ങൾ വലുതാണ്. നിന്റെ പ്രശ്നത്തിന്റെ ആഴം എനിക്കോ എന്റെ പ്രശ്നത്തിന്റെ ആഴം നിനക്കോ മനസ്സിലാവണം എന്നില്ല.. അതൊരു പ്രപഞ്ച സത്യമാണ്.
നമുക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം ആ പ്രശ്നങ്ങൾക്കിടയിലും സന്തോഷങ്ങളെ കണ്ടെത്തുക എന്നുള്ളത് മാത്രമാണ്. കാരണം ഇന്ന് നാം എന്താണോ അത് ഇന്നലത്തെ ചിന്തകളുടെയും പ്രവർത്തികളുടെയും ഫലം ആണ്.
അതുപോലെ നാളെ നാം എന്താവും എന്നുള്ളത് ഇന്നത്തെ ചിന്തകളും പ്രവർത്തികളും ആണ് തീരുമാനിക്കുന്നത്.
അതുകൊണ്ടു ഭാവി നന്നാവണം എങ്കിൽ ഇന്നത്തെ ചിന്തകൾ നന്നാവണം.നല്ല ചിന്തയിൽ നിന്നെ നല്ല വാക്കും നല്ല വാക്കിൽ നിന്നെ പ്രവർത്തിയും നല്ല പ്രവർത്തിയിൽ നിന്നെ നല്ല മനുഷ്യനും നല്ല മാന്യഷ്യനിലെ സന്തോഷവും ഉണ്ടാവു.
എഞ്ചിനീറിങ്ങിനു ചേർന്നത് ഏതായാലും നന്നായി.. എഞ്ചിനീയറിംഗ് പഠിക്കുന്നവർ അത് പഠിച്ചില്ലെലും പൊതുവെ ജീവിതം പഠിക്കാറുണ്ട്.. കണ്ടില്ലേ സിനിമ മുതൽ തുടങ്ങി ബാങ്ക് വരെ എഞ്ചിനീർമാർ ഇല്ലാത്ത സ്ഥലമില്ല..
അതുകൊണ്ടു വല്യ പഠിത്തം ഒന്നും പേടിക്കണ്ട.. എല്ലാ സബ്ജെകടും പാസ്സാവു… അതിനുള്ളിൽ ഈ ലോകത്തു നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്ക്. വരാനിരിക്കുന്ന കാലത്തു ജനങ്ങൾക്ക് ആവശ്യമായേക്കാവുന്ന കാര്യങ്ങളെ കുറിച്ച് പഠിക്ക്..
നമ്മുടെ സ്കൂളും കോളേജിലും സിലബസും ഒന്നും പറഞ്ഞു തരാത്ത ഒരു വലിയ ലോകം പുറത്തുണ്ട് വിഷ്ണു… അവിടെ മാനദണ്ഡമാവുന്ന വിദ്യാഭ്യാസം ഡിഗ്രി സർട്ടിഫിക്കട്ടുകൾ മാത്രമല്ല നീ സ്വയം നേടുന്ന അറിവുകളും ആണ്…
ഇവിടെ കുത്തി ഇരുന്നു സിലിബസ് മാത്രം പഠിച്ചു മാർക്ക് വാങ്ങി ക്യാമ്പസ് സെലെക്ഷൻ കിട്ടിയാൽ ഒരുപക്ഷെ നിനക്ക് രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ ac റൂമിലെ കറങ്ങുന്ന കസേരയിൽ ഇരുന്നു ഒരു സ്ഥിര വരുമാനവും വാങ്ങി മാസ മാസം emi കെട്ടി സാധങ്ങൾ വാങ്ങിക്കൂട്ടി അമ്മക്കൊപ്പം ഇപ്പൊ ജീവിക്കുന്നതിനേക്കാൾ നല്ലൊരു ജീവിതം ജീവിക്കാമായിരിക്കും.
പക്ഷെ ജീവിതം ആസ്വദിക്കാൻ കഴിയില്ല.. അമ്മക്ക് പ്രായമാകുംപോ അവരേം കൊണ്ടു ലോകം മൊത്തം ഒന്ന് കറങ്ങേണ്ട..
എന്തെങ്കിലും അസുഖം അവരെ ബാധിച്ചാൽ ഈ ലോകത്തു കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ നൽകണ്ടെ? ഭാര്യക്കും കുട്ടികൾക്കും ഒപ്പം ഒരുപാട് സമയം ചിലവഴിക്കണ്ടേ? ജോലി മാത്രം ചെയ്തു ജീവിക്കുമ്പോൾ പ്രിപ്പെട്ടവർക്കൊപ്പം ചിലവഴിക്കാൻ നമുക്ക് സമയം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം?
അങ്ങനെ സന്തോഷമായി ജീവിക്കണം എങ്കിൽ നമ്മുടെ അബ്സൻസിലും നമുക്കൊരു വരുമാനം ഉണ്ടാവണം.. ബിസിനസ്.. കയ്യിലെ പണം ഇരട്ടിപ്പിക്കുന്ന മന്ത്രങ്ങൾ അറിയണം.. എന്റെ അച്ഛന്റെ ഷെൽഫിലെ ബുക്കുകളിൽ നിന്നുമാണ് എനിക്കിതെല്ലാം കിട്ടിയത് ..
ഞാൻ ഓരോന്നായി കൊണ്ടു തരം.. മറ്റുള്ളവർ ഇപ്പൊ പാർട്ടിയും ആഘോഷങ്ങളും ആയി കറങ്ങി നടക്കട്ടെ… നമുക്ക് ജീവിക്കാൻ പഠിക്കാം.. പ്രയത്നിക്കാം.. നാളെ നമ്മൾ ആഘോഷിക്കുമ്പോൾ അവർ സ്ട്രഗിൽ ചെയ്യും… മനസ്സിലായോ? ”
വിഷ്ണു വാ പൊളിച്ചിരുന്നു…
” വാ അടക്കട ചെറുക്കാ ”
അവൻ വാ അടച്ചു ..
” എന്നെ വിളിക്കാൻ ഇപ്പൊ കാർ വരും.. വൈകിയാൽ അവരുടെ വക ശിക്ഷകൾ ഉണ്ടാവും. ഞാൻ പോട്ടെ… മറക്കരുത്.. നമ്മൾ എവിടെ ജനിച്ചു ആർക്കു ജനിച്ചു എന്നുള്ളതൊന്നും നമ്മുടെ കയ്യിൽ അല്ലാ.
പക്ഷെ നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് നമ്മുടെ കയ്യിൽ മാത്രമാണ്. എനിക്കും നിനകക്കും എല്ലാവര്ക്കും ഈ ലോകത്തിൽ ഇരുപത്തി നാല് മണിക്കൂർ സമയമേ ഉളളൂ…
അതിൽ ചിലർ മാത്രം ആ സമയം കൊണ്ടു എങ്ങിനെ അത്ഭുദങ്ങൾ പ്രവർത്തിപ്പിക്കുന്നു എന്ന് അന്വേഷിച്ചു കണ്ടെത്തു.. പ്രേമോം മണ്ണാങ്കട്ടയും ഒക്കെ നമുക്ക് അത് കഴിഞ്ഞു നോക്കാം. ഞാൻ വേറെ എങ്ങും പോകാൻ പോവുന്നില്ല.. ഒകെ ”
അവൻ തലയാട്ടി…
” പോട്ടെ ” ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… അവൾ നടന്നു നീങ്ങുന്നതും നോക്കി മനസ്സിലെ ഭാരം ഇറക്കി വെച്ചു വിഷ്ണു നോക്കി നിന്നു…