(രചന: മഴമുകിൽ)
സൈക്കിളിന്റെ മണിയോച്ച കേട്ടതും ദേവു ഓടി മുറ്റത്തേക്കിറങ്ങി. പാലുമായി വരുന്നവന്റെ മുഖത്തേക്ക് തന്നെ അവൾ നോക്കി.
പക്ഷേ അവളെ കണ്ട ഭാവം പോലും കാണിക്കാതെ അവൻ തൂക്കുപാത്രത്തിൽ പാലും ഒഴിച്ച് സൈക്കിൾ എടുത്തു അവിടെ നിന്നും പോയി.
പ്രൗഢിയും പ്രതാപവും നശിച്ച മാളിയേക്കൽ തറവാട്ടിലെ ദേവകി തമ്പുരാട്ടി. അവൾക്ക് നിസ്സാരനായ ഒരു പാൽക്കാരൻ പയ്യനോട് പ്രണയം.
ദേവുവിനോട് അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാൽ അവൾ വാതോരാതെ സംസാരിക്കും. അവളുടെ കൂട്ടുകാരി ഷെറിൻ പലതവണ ദേവുവിനെ ഈയൊരു കാര്യം പറഞ്ഞു വിലക്കിയെങ്കിലും.
ദേവു അത് കേട്ടതായി പോലും നടിച്ചില്ല. ഇതൊക്കെ വിധിയാണ് അല്ലെങ്കിൽ അയാളെ എന്റെ കൺമുന്നിൽ ഇങ്ങനെ കൊണ്ടുവന്ന് നിർത്തുമോ.
എന്റെ പൊന്നു ദേവു നീ അയാളെ വെറുതെ കൊലയ്ക്ക് കൊടുക്കരുത്. മാത്രമല്ല സമ്പത്തിലും അയാൾ നിങ്ങളെക്കാൾ പിന്നിലാണ്. അയാൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ ദേവൂട്ടി….
ആ ഒരു പറച്ചിൽ കേട്ടപ്പോഴേക്കും ദേവുവിന് സങ്കടം വന്നു. ഷെറിന് അത് മനസ്സിലാവുകയും ചെയ്തു. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല പെണ്ണേ. ഒരുപാട് പ്രാരാബ്ദങ്ങൾക്കിടയിൽ ജീവിക്കുന്ന ആളാണ് മാധവൻ. അയാൾക്ക് താഴെ ഒരു സഹോദരിയും സഹോദരനും കൂടിയുണ്ട്.
അവരുടെ പഠിപ്പും കാര്യങ്ങളും വീട്ടുചെലവും എല്ലാം നടത്തിക്കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ആ പാവം പഠിത്തത്തോടൊപ്പം തന്നെ അല്ലറ ചില്ലറ പണികളും ചെയ്യുന്നത്.
കോളേജിൽ തന്നെ കുട്ടികൾ അയാളെ എന്തെല്ലാം പറഞ്ഞാണ് കളിയാക്കുന്നതെന്ന് നിനക്കറിയില്ലേ. ഇനി നിന്റെ പേരിൽ ഒരു സങ്കടം കൂടി ആ പാവത്തിന് കിട്ടേണ്ട എന്ന് കരുതി ഞാൻ. നിന്നോടുള്ള ഇഷ്ടം കൊണ്ടാ പറയുന്നതു മോളെ.
നടക്കാത്ത കാര്യമാണെങ്കിൽ പിന്നെ എന്തിനാ അതിന്റെ പിന്നാലെ അലയുന്നത്. തറവാട് നശിച്ചു നാമാവശേഷമായി എങ്കിലും നിന്റെ ഏട്ടന്മാർ എല്ലാം ഇപ്പോഴും അതൊന്നും അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
പഴയ മാടമ്പി സ്വഭാവവും കെട്ടിപ്പിടിച്ചിരിക്കുന്ന അവർക്കിടയിലേക്ക് വെറുതെ ആ പാവത്തിനെ വലിച്ചിഴക്കേണ്ട. ഈ ജന്മം നിനക്ക് അയാളെ വിധിച്ചിട്ടില്ല എന്ന് വിചാരിക്കുക.
മാധവനും ദേവൂട്ടിയും ഒരേ കോളേജിലാണ് പഠിക്കുന്നത്.. മാധവൻ പിജി കഴിയാറായി ദേവൂട്ടി ഡിഗ്രി സെക്കൻഡ് ഇയറും. രണ്ടുപേരും ഒരേ നാട്ടുകാരാണ്. പക്ഷേ തമ്മിൽ കാണാനും പരിചയപ്പെട്ടതും ഇപ്പോൾ ഒരു വർഷത്തിനു മുന്നേയാണ്.
കോളേജ് ഇലക്ഷന് മാധവൻ മത്സരിക്കുമ്പോഴാണ് ദേവൂട്ടി ആദ്യമായി അയാളെ കാണുന്നത്. അന്നേ മാധവനോട് ദേവുവിനു വല്ലാത്ത ആരാധന തോന്നി.
പിന്നീട് തിരക്കുമ്പോഴാണ് അറിയുന്നത് രണ്ടുപേരും ഒരേ നാട്ടുകാരാണെന്ന് പക്ഷേ മുമ്പൊരിക്കലും ദേവു മാധവനെ നാട്ടിൽ വച്ച് കണ്ടിട്ടില്ല.
ഒരിക്കൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദേവു അടുക്കളയിൽ സഹായത്തിനായി വരുന്ന ജാനകിയോട് മാധവനെ കുറിച്ച് തിരക്കുന്നത്.
ഏതാ ജാനു ഏടത്തി ഒരു മാധവൻ എന്റെ കോളേജിൽ പഠിക്കുന്ന അറിയോ ജാനു ഏട്ടത്തിക്ക്..
കുഞ്ഞിന് അറിയില്ലേ നമ്മുടെ പുറം പണിക്ക് വന്നിരുന്ന ശാരദയേട്ടത്തിയുടെ മോനാണ് മാധവൻ. മിടുക്കനാണ്. നല്ലവണ്ണം പഠിക്കും. ആ പയ്യൻ ചെയ്യാത്ത ജോലികൾ ഇല്ല.
പാടത്ത് കൃഷിപ്പണിക്ക് പോകും, പാൽ കച്ചവടത്തിന് പോകും. തെങ്ങുകയറാൻ പോകും അങ്ങനെ കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരൻ. മോള് കണ്ടിട്ടില്ലേ അവനെ.
ഇല്ല ജാനുഏടത്തി.ഞാൻ നാട്ടിൽ വച്ച് കണ്ടിട്ടില്ല. കോളേജിൽ വെച്ച് ഒരിക്കൽ കാണാനിടയായി. ഇവിടെ ദിവസവും പാൽ കൊണ്ടുവന്ന് തരുന്നത് മാധവൻ ആണ്.
മാധവനെ കുറിച്ച് അറിയുന്ന കാര്യങ്ങൾ ഓരോന്നും അവളുടെ മനസ്സിൽ അവനോടുള്ള ആരാധന കൂട്ടിക്കൊണ്ടേയിരുന്നു. അതൊരു പ്രണയത്തിലേക്ക് വഴിമാറുന്നതിന് അധികം സമയം വേണ്ടി വന്നില്ല.
അടുത്ത ദിവസം അവൾ മാധവിനു വേണ്ടി കാത്തിരുന്നു. 6:00 മണിയോടുകൂടി പാ ലുമായി എത്തുന്ന ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് അവൾ പാത്രവുമായി ചെന്നു. എന്നാൽ അവൻ അവളെ കണ്ട ഭാഗം പോലും കാണിക്കാതെ പാത്രത്തിലേക്ക് പാൽപകർന്ന് വേഗം അവിടെ നിന്നു പോയി.
മാധവന്റെ ആ ഒരു അവഗണന ദേവു ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല കോളേജിൽ വെച്ച് കണ്ടപ്പോൾ ഉള്ള ഒരു പരിചയഭാവമെങ്കിലും മാധവൻ കാണിക്കുമെന്ന് അവൾ കരുതി. പക്ഷേ അതുപോലും അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് അവൾക്ക് വിഷമം തോന്നി.
പടിപ്പുര ഇറങ്ങി സൈക്കിളിന് അടുത്തേക്ക് നടക്കുമ്പോൾ മാധവന്റെ മനസ്സ് നിറയെ അവളുടെ രൂപം ആയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കുറെ നാളായി തന്നെ പിന്തുടരുന്ന ആ കണ്ണുകളെ അവൻ പലതവണ കണ്ടിട്ടുണ്ടായിരുന്നു.
പക്ഷേ രണ്ടുപേരുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാലും ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമായതിനാലും മാധവൻ മനഃപൂർവം ഒഴിവാക്കുകയായിരുന്നു.
നടക്കാത്ത ആഗ്രഹങ്ങൾക്ക് പിറകെ പോയി വേദനിക്കുവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.
ഏകദേശം 10 ദിവസത്തോളം കോളേജ് അവധി ഉണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിലും അവളെ കാണേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ മാധവനു അവിടേക്ക് പോകാൻ തന്നെ ബുദ്ധിമുട്ട് തോന്നി.
അടുത്തദിവസം പതിവുപോലെ മാധവനെ ദേവൂട്ടി കാത്തിരുന്നു എങ്കിലും, അന്ന് പതിവിന് വിപരീതമായി പാലുമായി വന്നത് അവന്റെ അനിയൻ ആയിരുന്നു.. തന്നെ ഒഴിവാക്കുന്നതിന് വേണ്ടി മനപ്പൂർവ്വം മാധവൻ ചെയ്തതാണ് എന്ന് ദേവൂന് മനസ്സിലായി.
എന്തുതന്നെയായാലും അവൾ മാധവനെ കണ്ടു സംസാരിക്കുന്നത് തന്നെ തീരുമാനിച്ചു. വൈകുന്നേരങ്ങളിൽ മാധവൻ വായനശാലയിൽ പോകുമെന്ന് മനസ്സിലാക്കിയ ദേവു അന്ന് അവനെ കാണുന്നതിന് വേണ്ടി വായനശാലയിലേക്ക് പോയി.
വായനശാലയിൽ നിന്ന് ആവശ്യത്തിനുള്ള ബുക്കുമായി ഇറങ്ങുമ്പോഴേക്കും ഏകദേശം വൈകിയിരുന്നു. വീട്ടിലേക്ക് പോകുന്ന ഇടവഴിയിലേക്ക് ഇറങ്ങുമ്പോഴാണ് പിന്നാലെ വരുന്ന ദേവുവിനെ കാണുന്നത്.
നേരം നന്നായി ഇരുട്ടി മാധവനു അവളെ ഒറ്റയ്ക്ക് വിടുന്നതിന് മനസ്സ് വന്നില്ല. മാധവൻ അവളെയും കാത്ത് വഴിയോരത്തായി നിന്നു. തന്നെ കാത്താണ് ആ നിൽപ്പ് എന്ന് ദേവുവിന് മനസ്സിലായി. അതുകൊണ്ടുതന്നെ അവൾ നടന്നു വേഗം മാധവന്റെ ഒപ്പം എത്തി.
എന്തിനാണ് ഇയാൾ എന്റെ പുറകെ നടന്നു എന്നെ ശല്യം ചെയ്യുന്നത്.
ഞാൻ നിങ്ങളെ എങ്ങനെ ശല്യം ചെയ്തു എന്നാണ് ഈ പറയുന്നത് ദേവുവിന് സങ്കടം വന്നു.
ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല ദേവൂന്റെ മനസ്സിൽ വേണ്ടാത്ത എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് ദയവുചെയ്ത് മാറ്റിവയ്ക്കണം ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആഗ്രഹിച്ചു വെറുതെ സങ്കടപ്പെടുന്ന തിനേക്കാൾ നല്ലതല്ലേ അത്.
എന്റെ മനസ്സിൽ വേണ്ടാത്ത കാര്യങ്ങളാണ് ഉള്ളതെന്ന് മാധവനു എങ്ങനെ അറിയാം? നിങ്ങൾ എന്റെ മുഖത്തേക്ക് പോലും ഒന്നു നോക്കാതെ മറ്റെവിടെയോ നോക്കിയല്ലേ ഈ സംസാരിക്കുന്നത് മുഴുവൻ.
നിന്റെ മുഖം കാണാതെ തന്നെ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാo ദേവൂ. പക്ഷേ നമ്മുടെ സാഹചര്യങ്ങൾ ശരിയല്ല ഒരിക്കലും ഇതൊന്നും നടക്കുകയോ നിന്റെ ചേട്ടന്മാർ അംഗീകരിച്ച തരികയില്ല. അങ്ങനെയുള്ളപ്പോൾ വെറുതെ എന്തിനാ.
ഒരു കാര്യം ചോദിച്ചോട്ടെ മാധവ നിങ്ങൾക്ക് എന്നെ ഇഷ്ടമാണോ.
ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അതിനൊരു കൃത്യമായ മറുപടി ഇപ്പോൾ എന്റെ പക്കൽ ഇല്ല ദേവു.
എനിക്ക് നിങ്ങളെ ഇഷ്ടമാണ് മാധവ ഒരുപാട് ഇഷ്ടം. പക്ഷെ അതും പറഞ്ഞു ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല. എന്നെങ്കിലും ഒന്നാകാൻ കഴിയുമെന്ന വിശ്വാസത്തിൽ കാത്തിരിക്കും.
മാധവനു പിന്നാലെ നടന്നു ദേവു പടിപ്പുര എത്തിയപ്പോൾ അവൾ പോയി. പിന്നാലെ മാധവൻ വീട്ടിലേക്കു.
പഠനം പൂർത്തിയാക്കി ദേവു തിരികെ നാട്ടിൽ എത്തുമ്പോൾ കേട്ടത് മാധവന്റെ വിവാഹ വാർത്തയാണ്. ഒരു നിമിഷo കേട്ടത് വിശ്വസിക്കാൻ ആയില്ല.
അടുക്കളയിലേക്ക് പോയി നേരെ ജാനുഏടത്തിയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് കടും കാപ്പി വാങ്ങി കുടിച്ചു.
എന്തൊക്കെയുണ്ട് ഏട്ടത്തി വിശേഷങ്ങൾ.
കുഞ്ഞ് അറിഞ്ഞില്ലായിരുന്നു ഇന്ന് മാധവന്റെ വിവാഹമാണ്.
അതെന്താ ഏട്ടത്തി പെട്ടെന്ന് ഒരു വിവാഹം.
അനുജത്തിക്ക് വന്ന വിവാഹാലോജന, അവർക്ക് ഒരു മാറ്റകല്യാണം ഇഷ്ടമായിരുന്നു. അനിയത്തിയുടെ വിവാഹം നടക്കണമെങ്കിൽ മാധവൻ അവന്റെ സഹോദരിയെ കല്യാണം കഴിക്കണമെന്ന് ചെറുക്കന്റെ വീട്ടുകാർ. ഒടുവിൽ കുടുംബക്കാർക്ക് വേണ്ടി അവനു അതും ചെയ്യേണ്ടി വന്നു.
കടുംകാപ്പി കുടിച്ച് ഗ്ലാസ് അവിടെ വെച്ച് ദേവു നേരെ മുറിയിലേക്ക് പോയി.
കല്യാണ ആലോചന വന്നപ്പോഴെങ്കിലും എന്നെ ഒന്ന് ഓർക്കാമായിരുന്നില്ലേ മാധവ. അതോ എന്നെ നിങ്ങൾ ഓർത്തിരുന്നുവോ.
മാധവന്റെ വിവാഹം കഴിഞ്ഞു അവൻ ഭാര്യവീട്ടിൽ താമസമായി. ഇതിനിടയിൽ അമ്മ മരിച്ചു. അനുജൻ വിദേശത്ത് പോയി.
നാട്ടിൽ താമചിച്ചിരുന്ന വീടും സ്ഥലവും വിൽപ്പനക്ക് വയ്ക്കാൻ ആളെ അന്വേഷിച്ചു വരുമ്പോൾ ആണ് ജാനു ഏടത്തിയെ കണ്ടത്..
കുശലന്വേഷണങ്ങൾ നടത്തിയ കൂട്ടത്തിൽ ആണ്..
ദേവു ഇപ്പോൾ എവിടെയാണ് ഏട്ടത്തി സുഖമായിരിക്കുന്നോ.. വിവാഹമൊക്കെ കഴിഞ്ഞുവോ.
ജാനു ഏട്ടത്തി തോർത്തും കൊണ്ട് വാ പൊതിഞ്ഞുപിടിച്ചു പൊട്ടിക്കരഞ്ഞു.
കുഞ്ഞറിഞ്ഞില്ലായിരുന്നുവോ. ദേവു മോൾക്ക് ഏതോ ഒരു പയ്യനുമായി സ്നേഹമായിരുന്നു. അതാരാണോ എന്താണോ എന്നൊന്നും അറിയില്ല. ചേട്ടന്മാർ കൊണ്ടുവരുന്ന ഓരോ വിവാഹാലോചനയും വേണ്ടെന്നു വെച്ചുകൊണ്ടേയിരുന്നു.
അപ്പോഴൊക്കെ ചേട്ടന്മാര് ഒരുപാട് ഉപദ്രവിക്കും ആയിരുന്നു. ഒടുവിൽ ഒരു ആലോചന ഏകദേശം ഉറച്ച മട്ടായിരുന്നു. ആ കുഞ്ഞിന്റെ എതിർപ്പ് ഒന്നും ആരും കേട്ടില്ല. നിശ്ചയത്തിന്റെ തലേദിവസം ആത്മഹത്യ ചെയ്തു……..
കേട്ടത് വിശ്വസിക്കാനാവാതെ മാധവൻ തറഞ്ഞു നിന്നു. എന്നാലും ആരായിരുന്നുവോ എന്തോ ആ മഹാപാപി. ആ കുഞ്ഞ് ഇത്രയും മനസ്സിൽ കൊണ്ടുനടന്നവൻ.
ഇപ്പോൾ ഏകദേശം ഒരു വർഷം കഴിഞ്ഞു. ആ വീട്ടുകാര് പോലും അതിനെ മറന്നു മട്ടായി. പക്ഷേ എനിക്ക് മാത്രം ഇപ്പോഴും മറക്കാൻ കഴിയാത്തത് പോലെ.
എന്നും രാവിലെ ചായയ്ക്കുള്ള പാല് കയ്യിലെടുക്കുമ്പോൾ. ആ കുഞ്ഞിന്റെ മുഖം ഓർമ്മ വരും. പാൽ കൊണ്ടുവരുന്ന നിന്നെയും കാത്തുനിൽക്കുന്ന എന്റെ ദേവൂന്റെ മുഖം…….അതും പറഞ്ഞു അവർ നടന്നു നീങ്ങി.
കാൽചോട്ടിലെ മണ്ണൊലിച്ചു പോകുന്നത് പോലെ മാധവന് തോന്നി. നി എന്നെ ഇത്രയും പ്രണയിച്ചിരുന്നുവോ ദേവു…. രണ്ടു തുള്ളി കണ്ണുനീർ കവിളുകളെ ചുംബിച്ച് താഴേക്ക് ഊർന്നു വീണു.
ഒന്നവാൻ കഴിയില്ലെന്നചിന്തയിൽ ഒഴിവാക്കിയതല്ലേ ഞാനും. അപ്പോഴെങ്കിലും എന്നെ മറന്നൂടായിരുന്നോ.. കണ്ണുകൾ നിറഞ്ഞൊഴുകി..
അവളെ അടക്കം ചെയ്ത മണ്ണിൽ മാധവൻ എത്തി ആ ചിത കത്തിയമർന്ന മണ്ണിൽ കൈ ചേർത്തു….
അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ നിന്നെ എന്റേതാക്കിയിരിക്കും ദേവൂ…. എനിക്ക് മാപ്പ് തരൂ…….. മോളെ.. മാപ്പ്…. അവളുടെ ചിതക്കു മുന്നിൽ കൈകൾ കൂപ്പി..
നഷ്ട പ്രണയത്തിന്റെ നോമ്പരം പേറി മാധവൻ നടന്നു നീങ്ങി.