പക അത് വീട്ടാനുള്ളതാണ്
(രചന: നിശീഥിനി)
“മിയക്കുട്ടി എന്തെടുക്കുവാ അവിടെ?”
“ഞാനും അച്ഛനും കൂടി സാമ്പാർ ഉണ്ടാക്കുന്നു കമലയമ്മേ.”
അടുക്കളയുടെ ജനലിൽ പിടിച്ചു മുകളിലേക്ക് കയറുകയായിരുന്ന മിയയെ വീടിന് പുറത്ത് നിന്ന് കൊണ്ട് ജനലിലൂടെ അയൽവാസിയായ കമല കൊഞ്ചിക്കുകയായിരുന്നു.കമല രഘുവിൻ്റെ നേരെ ഒരു സ്റ്റീൽ പാത്രം നീട്ടി.
“കുറച്ച് മീൻ കറിയാണ് രഘൂ.മിയക്കുട്ടിക്ക് മീൻ വലിയ ഇഷ്ടമാണല്ലോ.രഘുവെന്തിനാ അവളെ ഡേ കയറിൽ കൊണ്ടാക്കുന്നത് ഞാൻ നോക്കുമല്ലോ അവളെ പകലൊക്കെ .അനുപമ ഉള്ളപ്പോഴും അവളെ വീട്ടിൽ വിടുമായിരുന്നല്ലോ.”
“ചേച്ചിക്കൊരു ബുദ്ധിമുട്ടാകില്ലേ. ഡേ കെയർ ഞാൻ ജോലി ചെയ്യുന്ന ലൈബ്രറിക്ക് വളരെ അടുത്തല്ലേ ചേച്ചി.എപ്പോൾ വേണേലും പോയി നോക്കാമല്ലോ എനിക്ക്.”
നഗരത്തിലെ പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനാണ് രഘു.ലൈബ്രറിയിൽ സ്ഥിരം വായിക്കാനും പുസ്തകങ്ങൾ എടുക്കാനും വന്നിരുന്ന സമയത്താണ് രഘു ഗവേഷണ വിദ്യാർത്ഥിനിയായ അനുപമയെ കാണുന്നത്.
പിന്നെയവർ പ്രേമത്തിലായി . വിവാഹം കഴിച്ചു. അനുപമയുടെ രണ്ടാമത്തെ പ്രസവത്തോടെയാണ് മരിച്ചത്.
അനുപമയുടെ മാതാപിതാക്കൾ വളർത്തിക്കോളാമെന്നു പറഞ്ഞിട്ടും രഘു തൻ്റെ ഏക മകൾ മിയയെ വിട്ടു കൊടുത്തില്ല.അയാൾക്ക് അനുപമയെയും മിയയെയും ജീവനായിരുന്നു.മറ്റൊരു വിവാഹത്തിന് എല്ലാവരും നിർബന്ധിച്ചിട്ടും അയാൾ സമ്മതിച്ചതുമില്ല.
“എനിക്കെന്റെ മോളുണ്ടല്ലോ,പിന്നെയെന്തിനാണ് ഇപ്പോൾ എനിക്ക് വേറെയൊരു കൂട്ട്.”
എന്നാണയാൾ ഉപദേശിക്കുന്ന എല്ലാവരോടും പറഞ്ഞിരുന്നത്.
“ചെറുപ്പത്തിന്റെ ആവേശത്തിൽ നിനക്കങ്ങനെയൊക്കെ തോന്നും,അവള് വളർന്നവളുടെ കാര്യം നോക്കി പോകും.അവളൊരു പെൺകൊച്ചല്ലേ ,അവളുടെ വളർച്ചയിൽ, അവൾക്കൊരു അമ്മ വേണ്ടേ അവൾക്കു താങ്ങും തണലുമായി രഘുവേ ”
“വേണ്ട ,എന്റെ മോൾക്കൊരു രണ്ടാനമ്മയെ വേണ്ട.അവൾക്കു ഞാൻ മാത്രം മതി.അവൾക്കു അച്ഛനായും അമ്മയായും ഒക്കെ.”
അങ്ങനെ മിയ മോളെ രഘു ആർക്കും വിട്ടു കൊടുക്കാതെ തനിയെ വളർത്തി .എല്ലാ സഹായത്തിനും പോറ്റമ്മയെ പോലെ കമലേച്ചി ഉണ്ടായിരുന്നു.നല്ലൊരു സ്ത്രീ ആയിരുന്നു അവർ.ഭർത്താവും രണ്ടു മുതിർന്ന ആണ്മക്കളുമുള്ള കമലേച്ചിക്കു അനുപമ സ്വന്തം അനിയത്തിയെ പോലെ ആയിരുന്നു.
പെണ്മക്കളില്ലാത്തതിനാൽ മിയ മോളെ സ്വന്തം മകളെ പോലെ അവർ സംരക്ഷിച്ചിരുന്നു.ഭർത്താവു സുരേഷിന് വാച്ച്മാൻ ജോലിയായിരുന്നു .പകലുറക്കവും രാത്രി ജോലിയും.അതിനാൽ പകൽ വീട്ടിൽ ആളുണ്ടാകും .
മിയയെ വീടിനടുത്തുള്ള സ്കൂളിൽ ചേർത്തു കഴിഞ്ഞപ്പോളാണ് ബുദ്ധിമുട്ടു കൂടിയത്.രഘു പോയി കഴിഞ്ഞാൽ മിയയെ സ്കൂളിൽ ഒരുക്കി വിടുക,വൈകുന്നേരം നാലു മണിക്ക് എത്തി കഴിഞ്ഞാൽ അവൾക്കു ഭക്ഷണം കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ കമല ഏറ്റെടുത്തു.
മിയയുടെ വളർച്ചയിൽ രഘുവിനെ പോലെ തന്നെ കമലയും മുഖ്യ പങ്ക് വഹിച്ചു.മിയ പകൽ സമയം മുഴുവൻ അവരോടൊപ്പമായി.കമലയുടെ ആൺമക്കൾ അവൾക്കു സ്വന്തം സഹോദരന്മാരെ പോലെയായി.
അവൾ വളരും തോറും രഘുവിലെ അച്ഛൻ്റെ ആധി കൂടി കൂടി വന്നു.കാലം നല്ലതല്ല,കമലേച്ചിയുടെ കണ്ണെങ്ങാനും തെറ്റിയാൽ,ഇരുപത്തി രണ്ടും ഇരുപത്തിനാലും വയസ്സുമുള്ള രണ്ടു ചെറുപ്പക്കാർ ആ വീട്ടിലുണ്ട്.
പകൽ അവർ പഠിക്കാനും ജോലിക്കുമൊക്കെ പോകും,എന്നാലും എന്തോ അകാരണമായ ചിന്തകളും ഭീതിയും രഘുവിനെ അലട്ടിക്കൊണ്ടിരുന്നു.
ഒരു രാത്രിയിൽ ഉറങ്ങാതെ കട്ടിലിൽ ഉണർന്നിരിക്കുന്ന മിയ എന്ന പത്തുവയസ്സുകാരി പെൺകുട്ടി.രഘു എപ്പോഴോ ഉണർന്നു നോക്കിയപ്പോൾ കുട്ടി കട്ടിലിൽ ഇരുപ്പാണ്.
“എന്താ മോളെ ഉറങ്ങാത്തത്.പാതിരാത്രി കഴിഞ്ഞു നാളെ സ്കൂളിൽ പോകേണ്ടതല്ലേ.രാവിലെ ഉണരണം.”
“അച്ഛാ എനിക്ക് നെഞ്ച് വേദനയെടുക്കുന്നു.”
“നെഞ്ച് വേദനയോ ,ഈ പ്രായത്തിലോ.”
ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി നെഞ്ച് വേദന എന്ന് ഉദ്ദേശിക്കുന്നത് മാറിടത്തിലെ വേദനയാണ് ,താനെങ്ങനെയാണ് ഒരു പ്രതിവിധി നിശ്ചയിക്കുന്നത്,അവളെ ആശ്വസിപ്പിക്കുന്നത്,വളർന്നു വരുന്ന മകളാണ്.
അമ്മയുണ്ടായിരുന്നെങ്കിൽ അവൾക്കു ഒരു പക്ഷെ കുഞ്ഞിനെ സഹായിക്കാൻ കഴിഞ്ഞേനെ.
സ്ത്രീകൾക്ക് മാത്രം മനസ്സിലാകുന്ന അവരുടെ സ്വകാര്യത.ഈ പാതിരാത്രിയിൽ കമലേച്ചിയെ എങ്ങനെയാണു വിളിച്ചു ഉണർത്തുന്നത്.ഇനി ആരെങ്കിലും മകളെ ഉപദ്രവിച്ചതാകുമോ? അവൾ പോകുന്നത് കമലേച്ചിയുടെ വീട്ടിൽ മാത്രമല്ലെ.
അവരുടെ ആണ്മക്കളിൽ ആരെങ്കിലുമാണെങ്കിൽ പിന്നെ ചോദിച്ചാൽ അവർ സത്യം പറയുമോ? അയാൾക്കാകെ പരിഭ്രമം തോന്നി.ഈ ലോകം നല്ലതല്ല ,പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.ഒരു അച്ഛന്റെ ആധി ആര് മനസ്സിലാക്കാനാണ്.
“മോള് ബാത്റൂമിൽ പോയി ഇത് പുരട്ടൂ,വേദന മാറും.”
ജനൽ പടിമേലിരുന്ന വിക്സ് ബാം എടുത്തു അയാൾ മിയക്കു നൽകി.ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ.വിക്സ് തേച്ച പൊള്ളലിൽ ,ആ നീറ്റലോടെ കുഞ്ഞു മിയ കിടന്നുറങ്ങി.പക്ഷെ രഘുവിനുറക്കം വന്നതേയില്ല.
രാവിലെ അയാൾ മിയയെ കമലേച്ചിയുടെ വീട്ടിലേയ്ക്കു വിട്ടില്ല.മിയയെ അവർ അന്വേഷിച്ചു വന്നെങ്കിലും അവൾക്കു സുഖമില്ലായെന്നു പറഞ്ഞയാൾ മടക്കി അയച്ചു.അന്നവളെ സ്കൂളിലും വിട്ടില്ല.
പണ്ട് ലൈബ്രറിയിൽ സ്ഥിരം വരാറുണ്ടായിരുന്ന ഒരു ഡോക്ടറുണ്ട്.ഗൈനക്കോളജിസ്റ്റ് ആണ്.സീനിയർ ഡോക്ടർ ആയപ്പോൾ അവർക്കു തിരക്ക് കൂടി.ഇപ്പോളങ്ങനെ ലൈബ്രറിയിൽ ഒന്നും വരാറില്ല.എന്നാലും ഒന്ന് വിളിച്ചു നോക്കാം.
പത്തു വയസുള്ള പെൺകുട്ടിയെയും കൊണ്ട് ജനറൽ ആശുപത്രിയിൽ പോയാൽ,ആരെങ്കിലും പരിചയക്കാർ കണ്ടാൽ,അതും ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ,അത് വേണ്ട ,അവൾക്ക് ചീത്ത പേരാകും.
രാവിലെ തന്നെ ഡോക്ടറുടെ വീട്ടിൽ പോയി കാണാൻ നിശ്ചയിച്ചു.അതാകുമ്പോൾ വേറെ ആരും അറിയില്ല,അറിഞ്ഞാലും ഒരു സൗഹൃദ സന്ദർശനമായി എല്ലാവരും കരുതി കൊള്ളും.
ഡോക്ടർ അവളെ പരിശോധന മുറിയിലേയ്ക്കു കൂട്ടികൊണ്ടു പോയി.കുറച്ചു കഴിഞ്ഞു ഡോക്ടർ അവളെ പുറത്തിറക്കി രഘുവിനെ അകത്തേയ്ക്കു വിളിച്ചു.
“കുട്ടിയെ ആരാണ് പകലൊക്കെ സംരക്ഷിക്കുന്നത്? സൂക്ഷിക്കണം രഘു കാലം അത്ര നന്നല്ല.”
“എന്താണ് മാഡം,അവൾക്കു എന്താണ് സംഭവിച്ചത്.?”
“അവളെ ഞാൻ തത്കാലം ആശ്വസിപ്പിച്ചു വിട്ടിട്ടുണ്ട്.കുട്ടിയെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്.അവളുടെ മാറിടത്തിൽ ചുവന്ന വിരൽ പാടുകളുണ്ട്.ശ്രദ്ധിക്കണം.അവൾ കൊച്ചുകുട്ടിയല്ലേ പോക്സോ കേസാണ്.ആരാണ് ആൾ എന്ന് കണ്ടു പിടിക്കണം.ഞാൻ ആ വ്യക്തിയെ കുറിച്ച് കൂടുതൽ ചോദിച്ചില്ല.കൊച്ചുകുട്ടിയെ ഉപദ്രവിച്ചവനെ ശിക്ഷ വാങ്ങി കൊടുക്കണം.”
“ഞാനെന്താണ് ചെയ്യേണ്ടത്.ഞാൻ ജയിലിലായാൽ…അവൾക്ക് ഞാനല്ലാതെ വേറെയാരുമില്ലല്ലോ ഡോക്ടർ.അവൾക്ക് ചീത്ത പേരാകില്ലേ ഡോക്ടർ.”
അന്നത്തെ ദിവസം രഘു ജോലിക്കു പോയില്ല.മിയയെ സ്കൂളിലും വിട്ടില്ല.പെട്ടെന്ന് വീട് മാറണം,ഈ നാശം പിടിച്ച സ്ഥലത്തു നിന്നും മകളേയും കൊണ്ട് രക്ഷപ്പെടണം.മകൾ അച്ഛനോട് പറഞ്ഞ മറുപടി കേട്ടയാളുടെ കണ്ണ് നിറഞ്ഞു.
“ഡോക്ടർ പറഞ്ഞു ഈ വേദന പ്രശ്നമൊന്നുമില്ലെന്ന്.പ്രശ്നം എൻ്റെ വളർച്ചാ ഹോർമോണിൻ്റേതാണെന്ന് അച്ഛാ,ഞാൻ വളരുന്നത് ഈ ഹോർമോൺ കാരണമാ.
വളർച്ചാ ഹോർമോൺ കാരണമാണ് ഈ വേദനയും ദേഷ്യവും ടെൻഷനുമൊക്കെ.ആരെങ്കിലും തൊട്ടാൽ വേദന കൂടും.അന്ന് സുരേഷ് അച്ഛൻ തൊട്ടപ്പോളാണ് വേദന കൂടിയത്.ഞാൻ അത് ഡോക്ടറോട് പറഞ്ഞിട്ടുണ്ട്.”
രഘു ഞെട്ടി പോയി.സുരേഷ് അയാളാണെന്റെ മകളെ ,വെറുതെ വിടില്ല അവനെ ഞാൻ.അന്ന് മിയയെ കൂട്ടി കൊണ്ട് പോകാൻ കമല വന്നപ്പോൾ രഘു അവളെ കൂടെ വിട്ടില്ല.
“എന്താ രഘൂ ? എന്താ പ്രശ്നം.?”
“ചേച്ചിയെ വിശ്വസിച്ചിട്ടല്ലേ ഞാൻ അവളെ ഏല്പിച്ചത്.ചേച്ചി തന്നെ അവളോട് ചോദിക്കൂ.നിങ്ങളുടെ ഭർത്താവായ ആ നാറി…ഞാൻ പോലീസിൽ പരാതിപ്പെടാൻ പോകുകയാണ്.”
“അതൊക്കെ രഘുവിന്റെ ഇഷ്ടം,ഞാൻ അവളെ എന്റെ സ്വന്തം മകളെ പോലെയാണ് നോക്കിയത്.ഞാൻ കുളിക്കാനെങ്ങാനും പോയ തക്കത്തിനാണ് അയാൾ അവളെ.അതിനുള്ള ശിക്ഷ അയാൾക്ക് ലഭിക്കും ,ഞാൻ അവളെ ഇവിടെ വന്നു നോക്കിക്കൊള്ളാം രഘു .
എന്റെ അനുപമയുടെ മകളെ എന്നിൽ നിന്നും അകറ്റല്ലേ.എന്റെ ആൺകുട്ടികളെയാണ് ഞാൻ പേടിച്ചത്.പക്ഷെ അവർക്കു അവൾ സ്വന്തം അനിയത്തിയെ പോലെയാണ്.അയാൾ ,ആ ദുഷ്ടൻ.”
കമലേച്ചി ഇറങ്ങി പോയി.രണ്ടു ദിവസത്തേയ്ക്ക് അവർ വന്നതേയില്ല.രഘു ലീവെടുത്തു നിന്നാണ് മകളെ സ്കൂളിൽ അയച്ചത്.മൂന്നാം ദിവസം അവർ മടങ്ങിയെത്തി.
ആദ്യമൊക്കെ അവരോടു മിണ്ടാൻ രഘുവിന് വെറുപ്പ് തോന്നി.കുട്ടികളെ ഉപദ്രവിക്കുന്ന വെറും മാനസിക രോഗിയായ ഒരുവന്റെ ഭാര്യ,ആലോചിച്ചപ്പോൾ അവരെന്തു പിഴച്ചു.
അയാളുടെ കൂടെയുള്ള ജീവിതം അവർക്കെന്തു ശിക്ഷയായിരിക്കും.പതിയെ പതിയെ അവരോടുള്ള സഹോദര സ്നേഹം രഘുവിലേയ്ക്ക് തിരികെയെത്തി.
ഒരു ദിവസം രാവിലെ കമലയുടെ മൂത്തമകനായ അർജുൻ രഘുവിനെ തേടിയെത്തി.അവൻ രഘുവിനോട് പറഞ്ഞു.
“മാമാ, അച്ഛൻ ആശുപത്രിയിലാണ്,അമ്മയ്ക്ക് ഇന്ന് വരാൻ പറ്റില്ല.മിയയുടെ കാര്യം കുറച്ച് ദിവസത്തേയ്ക്ക്… മാമൻ നോക്കണേ.”
“ആ സാരമില്ല അർജുൻ ഞാൻ നോക്കിക്കൊള്ളാം. അച്ഛനെന്താ പറ്റിയത്.”
അവൻ മറുപടി പറയാതെ നടന്നു.എന്നാൽ അച്ഛൻ ആശുപത്രിയിലായതിന്റെ വിഷമം ഒന്നും അവന്റെ മുഖത്ത് കണ്ടതുമില്ല.
രഘു മോളെ സ്കൂളിൽ വിട്ടിട്ടു ജംഗ്ഷനിലെ ചായക്കടയിൽ കയറി.എന്താ അയാൾക്ക് സംഭവിച്ചതെന്ന് അറിയാൻ ഒരാകാംക്ഷ.തന്റെ മകളെ ഉപദ്രവിച്ചവനെതിരെ ഒരു പരാതി പോലും കൊടുക്കാത്ത അച്ഛനാണെന്ന കുറ്റബോധം ഉള്ളിലുണ്ട്.അയാളുടെ മക്കളെയും ഭാര്യയെയും ഓർത്താണ് ക്ഷമിച്ചത്.
“രഘു അറിഞ്ഞില്ലേ ,ആ വാച്ച്മാൻ സുരേഷിനെ ഇന്നലെ രാത്രി ജോലിസ്ഥലത്ത് വച്ച് രണ്ടു മുഖം മൂടികൾ അക്രമിച്ചെന്ന്.ആദ്യം പുറകിലൂടെ വന്നു തലയ്ക്കു മർദ്ദനമേൽപിച്ചു,പിന്നെ നടന്നതാണ് രസം.
അത് പക്ഷെ ഇത്തിരി കടുത്തു പോയി.കടുത്ത രക്തസ്രാവം ,അത്യാഹിത വിഭാഗത്തിലാണെന്ന കേട്ടത്.രക്ഷപെടുമോയെന്ന് ആർക്കറിയാം.”
“അയാളുടെ കയ്യിലിരിപ്പ് അത്ര മോശമാണ് കേശവേട്ടാ,അത്രയല്ലേ സംഭവിച്ചുള്ളു.ആ കാലൻ മരിക്കരുത് .നരകിച്ചു ജീവിക്കണം.എത്ര പെണ്ണുങ്ങളെ നശിപ്പിച്ചവനാ.സ്ഥിരം ചെറ്റ പൊക്കൽ അല്ലായിരുന്നോ അവന്റെ പണി.”
ചായ കുടിച്ചു കൊണ്ടിരുന്ന തോമസ് കുട്ടി തന്റെ ദേഷ്യം പ്രകടിപ്പിച്ചു.
“അതൊക്കെ ശരിയാണ് തോമസ്,അവൻ നശിപ്പിച്ച ഏതോ പെൺപിള്ളേരുടെ വീട്ടുകാർ പണികൊടുത്തതാകും.എന്നാലും മർമ്മ ഭാഗമൊക്കെ മുറിച്ചു മാറ്റുക എന്ന് പറഞ്ഞാൽ.ഇനി അവൻ ആണവയവം ഇല്ലാതെ ജീവിച്ചു മരിക്കേണ്ടെടോ .”
“എന്നതായാലും ചെയ്തവന്മാർ ചുണയുള്ളവന്മാരാണ് ,ഒരു തെളിവും വച്ചില്ല.മൊത്തം മുളക് പൊടി വിതറി ,സി സി ടി വി കാമറ നശിപ്പിച്ചു.ആളെ കിട്ടാൻ പ്രയാസമാണെന്നാണ് പോലീസ് പറഞ്ഞത്.”
രഘു ചായ കുടിച്ചു ഇറങ്ങി.ഒന്ന് ആശുപപത്രിയിൽ പോയാലോ എന്നൊരു തോന്നൽ.അയാളെ കാണാനല്ല,കമലേച്ചിയെ ഒന്ന് കാണാൻ മാത്രം.”
അയാൾ ചെന്നപ്പോൾ കമലേച്ചി ക്യാന്റീനിൽ നിന്ന് ചായ വാങ്ങി മടങ്ങിയെത്തിയ സമയം.രഘുവിനെ നോക്കി ചിരിച്ചെന്നു വരുത്തി.
“ചത്തില്ല രഘു,ജീവനുണ്ട്.അയാൾ ജയിലിൽ സുഭിക്ഷമായി തിന്നും ഉറങ്ങിയും കഴിയുന്നതിനേക്കാൾ നല്ല ശിക്ഷ അയാൾക്ക് കിട്ടി.ഗോവിന്ദചാമിയെ ഒക്കെ കാണുമ്പോൾ നമ്മുടെ നിയമ വ്യവസ്ഥയോട് പുച്ഛം തോന്നാറുണ്ട്.ഈ കാര്യത്തിൽ അങ്ങനത്തെ നിരാശയില്ല.”
“ഇതെങ്ങനെ സംഭവിച്ചു ? ആരാണയാളെ,? ചേച്ചി ഇവിടെ ഒറ്റയ്ക്കേയുള്ളോ,അർജുനും അവിനാഷും എവിടെ ചേച്ചി.”
“അതൊക്കെ അങ്ങനെ സംഭവിച്ചു ,എനിക്കൊന്നുമറിയില്ല,ഞാനും ആഗ്രഹിച്ചിരുന്നു.സ്വന്തം സഹോദരിയെ പോലെ കണ്ടിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ച ആളെ ,അത് സ്വന്തം അച്ഛനായാലും അവര് വെറുതെ വിടുമോ.
അവരിവിടെ വരില്ല,അയാളെ കാണില്ല.പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളേ കിട്ടില്ല തീർച്ചയാണ് ,തെളിവ് വേണ്ടേ.തേഞ്ഞു മാഞ്ഞു പോകും.അയാൾക്ക് വേണ്ടി സംസാരിക്കാൻ ഞാൻ പോലുമില്ല.ഇനി പഴയതു പോലെ ഒന്നും ചെയ്യാൻ അയാൾക്ക് പറ്റില്ലല്ലോ. അപമാനം കൊണ്ട് പുറത്തിറങ്ങാൻ പറ്റുമോ?”
“അവരെന്തിനിത് ചെയ്തു.ശിക്ഷയൊക്കെ ദൈവം കൊടുക്കും.”
“ദുഷ്ടൻമാരെ പന പോലെ വളർത്താനാണ് ഇപ്പോൽ ദൈവത്തിനും ഇഷ്ടം.”
കമലേച്ചി കഴുത്തിൽ കിടന്ന മാലയിലെ താലി ഉയർത്തി രഘുവിനെ കാണിച്ചു.
“ഇത് കണ്ടോ രഘു,ഇത് കാരണമാ ഞാൻ ഇവിടെ കൂട്ടിരിക്കുന്നത്.അയാളുടെ കർമ്മ ഫലം അയാൾ അനുഭവിച്ചോളും.ഞാൻ എന്റെ കർമ്മം ചെയ്യുന്നു.എന്റെ മിയക്കുട്ടിയെ മരണം വരെ ഞാൻ പൊന്നുപോലെ നോക്കും.നീ അതിനു എന്നെ അനുവദിച്ചാൽ മാത്രം മതി. ”
കമലേച്ചിയോടു യാത്ര പറഞ്ഞു തിരികെ നടക്കുമ്പോൾ അയാൾക്ക് ആശ്വാസം തോന്നി ,അതോടൊപ്പം ഒരു പ്രതികാരം ചെയ്ത സുഖവും..ഇനി ആ മനുഷ്യൻ കാരണം ഒരു പെണ്ണും വിഷമിക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസം.ഒരു പക വീട്ടിയ സന്തോഷം .