നീ എന്റെയാണ് ” അവളെ പിടിച്ചു നിർത്തി നെറ്റിയിൽ ചുംബനം നല്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെയങ്ങോട്ട് അവളെന്നോട് മിണ്ടാതെയായി.

നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്ക്
(രചന: Nisha Suresh Kurup)

“ഏട്ടായി”

” എന്താടി നീ ഉറങ്ങാനും സമ്മതിക്കില്ലെ ” നവീൻ ചോദിച്ചു.

“അതല്ല ഞാൻ ആലോചിക്കുകയായിരുന്നു .അന്ന് നമ്മൾ അറെയ്ഞ്ച്ഡ് മാര്യേജ് ചെയ്യുന്നതിനു പകരം ലൗമാര്യേജ് മതിയായിരുന്നു”.

കല്യാണം കഴിഞ്ഞ് ഇരുപത് കൊല്ലമായി മോൾക്ക് പതിനെട്ട് വയസുമായി അപ്പോഴാ .നിനക്ക് എന്താ രാത്രിയിൽ വട്ട് പിടിച്ചോ “…

“എന്നാലും അതായിരുന്നു നല്ലത്
എന്നെ കാത്ത് ഏട്ടായി നിൽക്കുന്നതും
നമ്മൾ കണ്ണിൽ കണ്ണിൽ നോക്കി പ്രണയം കൈമാറുന്നതും. കത്തുകൾ
കൊടുക്കുന്നതും. അത് പൊട്ടിച്ചു വായിക്കുമ്പോൾ കിട്ടുന്ന സുഖവും അങ്ങനെ എന്തെല്ലാം രസമായിരുന്നേനെ .
ഇത് പരിചയം ഇല്ലാത്ത ഒരാളിനെ കെട്ടി
കുട്ടിയുമായി ജീവിക്കുന്നു “.

” അതെന്താടി ഞാൻ റൊമാന്റിക് അല്ലെ” .
“അങ്ങനല്ല ഇന്ന് ഞാൻ ഒരു കഥ വായിച്ചു പ്രണയത്തെ കുറിച്ച് .അപ്പോൾ അത് നമ്മൾ ആയിരുന്നെങ്കിൽ എന്ന് .

ചിന്തിച്ചു പോയി”.
‘നീ എന്തോ ചിന്തിച്ചോ. അതിന് ഉറങ്ങാൻ കിടക്കുന്ന എന്നെ ശല്ല്യം ചെയ്യണോ “.
അവൾ നവീനെ വിടാൻ ഭാവമില്ലായിരുന്നു.
“എന്നാൽ പണ്ട് ഏട്ടായി ആരെയോ സ്നേഹിച്ചിരുന്നില്ലെ ആ കഥ പറയ് “..

എന്തോ കഷ്ടകാലത്തിന് കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഞാനവളോട് പ്രേമം മൂത്ത് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്ന് പറഞ്ഞു പോയി. ഇത്രയും വർഷങ്ങൾ കഴിഞ്ഞ്
അവളിതും പൊക്കി പിടിച്ച് വരുമെന്ന് ആര് കണ്ടു. പറയ് അവൾ കൊഞ്ചലോടെ അയാളെ കുലുക്കി .

“പത്ത് നാല്പത് വയസു കഴിഞ്ഞ കിളവിയാണ് കൊഞ്ചുന്ന കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞ വരെ പോലെ “.

അവൾ മുഖം വീർപ്പിച്ചു.
പ്രായം കൂടിയെന്ന് പറയുന്നതവൾക്ക് പിടിക്കില്ല. “ചുമ്മാ പറഞ്ഞതാടി ഞാൻ പറയാം എന്ന് പറഞ്ഞ് അവളുടെ കവിളിൽ നുള്ളി. അവൾ കഥ കേൾക്കാൻ തയ്യാറായി എന്നെ
ഉറ്റുനോക്കിയിരുന്നു.

നവീൻ മേനോൻ എന്ന ഞാൻ പ്രീഡിഗ്രി രണ്ട് വിഷയം കിട്ടാതെ നില്ക്കുന്ന സമയം. അത്ര പറയത്തക സാമ്പത്തികമൊന്നും വീട്ടിലില്ല. പക്ഷെ കുല മഹിമയ്ക്ക് കുറവുമില്ല. അച്ഛൻ പറഞ്ഞു. ഇനിയും വെറുതെ കളയാൻ
പൈസയില്ല , വെറുതെ തോറ്റിട്ടു വരാനെന്ന് . അങ്ങനെ രണ്ടും കല്പിച്ച് അച്ഛന്റെ കൂടെ ഇലക്ട്രിക്ക് പണിക്ക് ഇറങ്ങി.

അച്ഛനു സർക്കാർ ജോലിയുണ്ട്. എന്നാലും അവധി ദിവസങ്ങളിലും മറ്റും ഇങ്ങനെ കൂടി പോയി വരുമാനം ഉണ്ടാക്കും.
ഒരു ദിവസം ഞാൻ ജോലിക്കു പോയ വീട്ടിന്റെ പുറത്ത് ജോലി ചെയ്ത് നിന്നപ്പോൾ എന്റെ കൂടെ പഠിച്ച പെൺകുട്ടികൾ അത് വഴി പോകുന്നു.

അവരെന്നെ കണ്ട് ചിരിച്ചപ്പോൾ ഈ തൊഴിലും ചെയ്തു നില്ക്കുന്നതിൽ എനിക്ക് ജാള്യത തോന്നി. അന്നത്തെ
പ്രായമല്ലേ. രാത്രി ഏറെ നേരം കിടന്ന് ഞാൻ ആലോചിച്ചു. എനിക്കും പഠിക്കാൻ പോണം .

രാവിലെ രണ്ടും കല്പിച്ച് അച്ഛനോട് എനിക്ക് പഠിക്കാൻ പോകണമെന്ന് വാശി പിടിച്ചു. അച്ഛൻ ആദ്യം ദേഷ്യപ്പെട്ടുവെങ്കിലും ആള് പാവമാണ്. എന്ത് പഠിക്കാനാ
പോകേണ്ടത് എന്ന് ചോദിച്ചു. രാത്രി മുഴുവൻ ആലോചിച്ച് ഞാൻ തീരുമാനത്തിൽ എത്തിയിരുന്നു. സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്സ് .

അതിനൊക്കെ പൈസ വേണ്ടെ. അച്ഛൻ ആശങ്കപ്പെട്ടു. ഒടുവിൽ എന്റെ നിർബന്ധത്തിനു മുന്നിൽ അച്ഛന് സമ്മതിക്കാതിരിക്കാൻ ആയില്ല. ഉള്ള പൈസയൊക്കെ എടുത്ത് അടുത്തുള്ള കോളേജിൽ ചേർത്തു.

വളരെ കുറച്ച് സ്റ്റുഡൻസേയുണ്ടായി രുന്നുള്ളു ”. അന്നാണ് ഞാൻ അവളെ ആദ്യം കാണുന്നത്. സുജിത. മഞ്ഞ ചുരുദാറുമിട്ടവൾ ചിരിയോടെ കടന്നു
വന്നപ്പോൾ ഞാനും കൂട്ടുകാരും ഒരു പോലെ വായ പൊളിച്ചിരുന്നു. വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നു.

ക്ലാസിലെ ഏറ്റവും മോഡേൺ പെൺകുട്ടി മരിയ ആയിരുന്നു . അവളെ പോലും നോക്കാതെ എല്ലാവരും സുജിതയെ ശ്രദ്ധിച്ചു.
ഒരു പൊട്ട് മാത്രം തൊട്ട് മുടിയൊക്കെ ഒതുക്കി കെട്ടിവെച്ചു നാടൻ രീതിയിൽ സുജിതയെ കണ്ടാൽ ആരുമൊന്ന് നോക്കി പോകും.

എല്ലാവരെയും നോക്കി ചിരിച്ചപ്പോൾ കൂട്ടത്തിൽ എന്നെയും നോക്കി ചിരിച്ചു. പക്ഷെ ഞാൻ ചുറ്റുമുള്ളതൊന്നും കണ്ടില്ല. അവൾ ചിരിച്ചു എന്നെ മാത്രം നോക്കിയെന്ന് സ്വയമങ്ങ് തീരുമാനിച്ചു.

പിന്നെ പിന്നെ അവളുടെ വരവിനായി നേരത്തെ വന്ന് ബഞ്ചിലിടം പിടിക്കും. വന്നു കഴിഞ്ഞാൽ ക്ലാസൊന്നും ശ്രദ്ധിക്കാതെ അവളെ തന്നെ
നോക്കിയിരിക്കും.

അവൾ കൂട്ടുകാരികളോട് തമാശ പറഞ്ഞ് ചിരിക്കുമ്പോൾ ഞാനും കാര്യം അറിയാതെ കൂടെ ചിരിയ്ക്കും .ഉച്ചയ്ക്ക് ആഹാരം കഴിക്കുമ്പോൾ എന്റെ തല ചെരിഞ്ഞു അങ്ങോട്ടിരിക്കും. അവളു വല്ല എരിവും കഴിച്ച് നീറ്റലോടെ അയ്യോ

ന്ന് വിളിച്ചാൽ എനിക്കും എരിഞ്ഞ പോലെ ഞാൻ വെള്ളം കുടിക്കും. അവള് പോകുന്ന ബസ് സ്റ്റോപ്പിൽ പോയി നിന്ന് അവളെ യാത്രയാക്കിയിട്ടേ ഞാൻ . വീട്ടിൽ പോകൂ .
എന്റെ കൂട്ടുകാരൻമാർ എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ അവൾ എന്റെയാണ് എന്നുറപ്പിച്ച് ജീവിക്കാൻ തുടങ്ങി.

എന്റെ ഉറ്റമിത്രം സന്തോഷ് അവളോട് ഇഷ്ടം തുറന്ന് പറയാൻ പറഞ്ഞു. എനിക്ക് ധൈര്യമില്ലാതെ അവളെ വായും നോക്കി നടന്നു.
പ്രാക്ടിക്കൽ ക്ലാസിൽ പുറത്ത് കൊണ്ട് പോയി പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളെ നോക്കി ലയിച്ചു നിന്നു.

സാറിന്റെ അലർച്ച കേട്ട് എല്ലാവരും ഞെട്ടി .എന്നെ സർ ശ്രദ്ധിക്കാത്തതിൽ കുറേ വഴക്ക് പറഞ്ഞു. എന്നിട്ടു അപ്പോൾ പഠിപ്പിച്ചത് ചെയ്ത് കാണിക്കാൻ പറഞ്ഞു. ഞാൻ അറിയാതെ നിന്നപ്പോൾ അരിശം
കയറിയ സർ ചൂരൽ കൊണ്ട് എന്റെ കൈയ്യ് നീട്ടി പിടിച്ചു അടിച്ചു.

അടി കൊണ്ടുവെന്നതിനേക്കാൾ എല്ലാവരും നോക്കുന്നല്ലോ എന്ന ചമ്മലിൽ എന്റെ കണ്ണുകൾ ഉടക്കിയത് സുജിതയുടെ മുഖത്ത് ആയിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സാരമില്ല എന്ന ഭാവത്തിൽ അവൾ മുഖം ചലിപ്പിച്ചു.
ഹിയ്യാ ഞാൻ സന്തോഷിനെ എടുത്ത്
പൊക്കി.

നോക്കിയപ്പോൾ സർ ദഹിപ്പിക്കുo മട്ടിൽ എന്റെ മുന്നിൽ.
പതിയെ വല്ലാത്ത ഒരു ഭാവത്തോടെ ഞാനവനെ തറയിൽ നിർത്തി. അവനിപ്പോൾ കരയും അടി കിട്ടുമന്ന് പേടിച്ച് വിക്കി കൊണ്ട് അവൻ ഞാനല്ല … അവനാണ് ….എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അത് കണ്ട് സാറിന്
ചിരി വന്നു.

പിന്നെ ഞാനും സുജിതയും കണ്ണുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കഥ പറയാൻ തുടങ്ങി. നമ്മുടെ ക്ലാസിൽ ചാക്കോയെന്ന് പറയുന്ന ഒരു പയ്യനുണ്ട് . അവനും സുജിതയോട് പ്രേമം. ഒരു ദിവസം സന്തോഷ് വന്നിട്ടു പറഞ്ഞു. നീ ഇങ്ങനെ കണ്ണിൽ നോക്കിയിരുന്നോ ചാക്കോ മിക്കവാറും അവളെ കട്ടോണ്ട് പോകുമെന്ന് .

ഒരു കാര്യവുമില്ലാതെ ക്ലാസിലേക്ക് വന്ന
ചാക്കോയെ നോക്കി ഞാൻ പല്ലുകടിച്ചു .എന്താടാ എന്ന രീതിയിൽ ചാക്കോ എന്നെ ആകെയൊന്നു നോക്കി.

പിന്നെയും ഞാൻ സുജിതയുടെ പുറകെ നടന്നു കൊണ്ടിരുന്നു. ഒരു ദിവസം ചാക്കോയും സുജിതയും സംസാരിക്കുന്നത് ഞാൻ കണ്ടു.
എന്നിട്ട് അവൻ കത്ത് കൊടുക്കുന്നതും.
അവളത് വാങ്ങി ചിരിച്ചു കൊണ്ട് നടന്ന് വന്നപ്പോൾ ഞാൻ ഭിത്തിയുടെ മറവിലേക്ക് മാറി. എന്റെ മനസ് പിടഞ്ഞു.

ഞാൻ തലയും താഴ്ത്തി ബെഞ്ചിൽ വന്നിരുന്നു .എന്റെ മാറ്റം കണ്ട് സന്തോഷ് ചോദിച്ചു.
‘എന്താടാ എന്തു പറ്റി ”
ഞാനവനോട് കാര്യങ്ങൾ പറയുമ്പോൾ ഇപ്പോൾ കരയുമെന്ന മട്ടായിരുന്നു.

“അപ്പൊഴെ ഞാൻ പറഞ്ഞതാ . നിന്നോട്
പറയാൻ . അവസാനം അവൻ വളച്ചെടുത്തില്ലെ ” സന്തോഷ് ചൂടായപ്പോൾ , മറ്റുള്ള കൂട്ടുകാരൻമാർ കളിയാക്കി അയ്യേ കാക്ക കൊത്തി പോയേ.

ഞാൻ പെട്ടന്ന് വീകാരധീനനായി പുറത്തേക്കിറങ്ങി. അവളും രണ്ട് കൂട്ടുകാരികളും മരച്ചുവട്ടിൽ നില്പുണ്ടായിരുന്നു.
എന്റെ കൂട്ടുകാർ ഇവനിതെവിടെ പോണു എന്ന മട്ടിൽ കൂടെ വന്നു.

ഞാൻ ഓടി ചെന്ന് അവളുടെ കൈയ്യിൽ പിടിച്ചു. പെട്ടന്നുണ്ടായ ഷോക്കിൽ അവൾ പതറി കൈയ്യ് വിടുവിക്കാൻ ശ്രമിച്ചു. ഞാൻ ഒന്നും നോക്കിയില്ല.

” നീ എന്റെയാണ് ”
അവളെ പിടിച്ചു നിർത്തി നെറ്റിയിൽ ചുംബനം നല്കി. അവളുടെ കണ്ണുകൾ
നിറഞ്ഞൊഴുകി.

പിന്നെയങ്ങോട്ട് അവളെന്നോട് മിണ്ടാതെയായി. കണ്ടാൽ മുഖം തിരിച്ച് നടപ്പായി. ക്ലാസിൽ എന്നെ ശ്രദ്ധിക്കാതെയായി. എപ്പോഴും ഒരു വിഷമം മുഖത്ത് നിഴലിച്ചു കണ്ടു. എന്നെ അത് ആകെ തളർത്തി. എന്റേതെന്ന് സ്വപ്നം കണ്ടു നടന്നവൾ അവളിലെ മാറ്റം എന്റെ നെഞ്ചിനെ കുത്തി നോവിച്ചു.

രണ്ടും കല്പിച്ച് മിണ്ടാൻ ചെന്ന
എന്നോടവൾ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ലെന്നു പറഞ്ഞൊഴിഞ്ഞു മാറി.
സന്തോഷിനോട് ഞാനെന്റെ വിഷമം പറഞ്ഞപ്പോൾ അവൻ ചോദിച്ചു.

“അവൾ പിന്നെ എന്ത് ചെയ്യണം കൂട്ടുകാരികളുടെയും നമ്മുടെയും മുന്നിൽ വെച്ച് നീയങ്ങനെ പെരുമാറിയപ്പോൾ അവൾക്കു നാണക്കേടായില്ലെ. മാത്രമല്ല
പ്രിൻസിപ്പലോ മറ്റോ അറിഞ്ഞി രുന്നെങ്കിലോ” .

കുറച്ച് ദിവസങ്ങൾ അങ്ങനെ കടന്നു പോയി.
അവൾക്ക് ചാക്കോയെ ആയിരിക്കും ഇഷ്ടമെന്ന് ഞാൻ മനസിലുറപ്പിച്ച് വിഷമം ഉള്ളിൽ ഒതുക്കി അവളെ പിന്നെ നോക്കാതിരിക്കാൻ ശ്രമിച്ചു.

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല അച്ഛനും അമ്മയും ചോദിക്കുന്നുണ്ട് നിനക്ക് എന്ത് പറ്റി എന്ന് .ഒന്നുമില്ല എന്ന്
പറയുമ്പോഴും എവിടെയൊക്കെയോ ഒരു വിങ്ങലായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കൈ കഴുകീട്ട് പൈപ്പിൻ ചുവട്ടിൽ നിന്നും വരുന്ന സമയത്ത് അവൾ എൻ്റെ മുന്നിൽ വന്നു .ഞാൻ ഒന്നും മിണ്ടാതെ നടന്നു പോകാൻ ഒരുങ്ങിയപ്പോൾ കൈ എടുത്ത് തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു

” എനിക്കൊരു കാര്യം പറയാനുണ്ട്”.
എന്റെ കൂടെ സന്തോഷും ഉണ്ടായിരുന്നു .വീണ്ടും മനസിൽ നിറഞ്ഞ സന്തോഷത്താൽ ഞാൻ സന്തോഷിന്റെ കൈയിൽ ഒന്ന് ഞെക്കി.
അവൻ എന്നെ കണ്ണുരുട്ടി നോക്കി.
അവൾ തുടർന്ന് പറഞ്ഞു.

“ചാക്കോയെ കൊണ്ട് ശല്യമാണ് വീട്ടിൽ പറഞ്ഞാൽ അത് പിന്നെ പ്രശ്നമാകും.അതുകൊണ്ട് എങ്ങനെയെങ്കിലും അവനെ ഒന്ന് ഒഴിവാക്കി തരണം “.
സന്തോഷ് എടുത്തവായിലെ ചോദിച്ചു “പിന്നെ അവന്റെ കൈയ്യിൽ നിന്ന് കത്ത് വാങ്ങിക്കുന്നത് ഞങ്ങൾ കണ്ടായിരുന്നല്ലോ “.

“അതവൻ എന്റെ കൂട്ടുകാരി സിന്ധുവിന് കൊടുക്കണം എന്ന് പറഞ്ഞു തന്നതായിരുന്നു.
ഞാനത് കൂട്ടുകാരിയെ ഏൽപ്പിച്ചു.

പൊട്ടിച്ച് വായിച്ച അവള് അത്
അവൾക്കുള്ളത് അല്ലെന്നും എനിക്കുള്ള കത്താണെന്നും പറഞ്ഞ് എന്നെ ഏൽപ്പിച്ചു.
എന്നെ ഇഷ്ടമാണെന്ന് എഴുതിയിരുന്നു. അതിനെ ചോദ്യം ചെയ്ത എന്നോട് അവൻ വീണ്ടും വീണ്ടും ശല്യത്തിന് വന്നുകൊണ്ടിരിക്കുന്നു .

വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണ് ആദ്യമാദ്യം അപേക്ഷയായിട്ടാണ് പുറകെ നടന്നതെങ്കിൽ ഇപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ നോക്കിക്കോ എന്ന
രീതിയിലുള്ള ഒരു ഭീഷണിയാണ്.

വീട്ടിൽ അച്ഛനൊക്കെ അറിഞ്ഞാൽ പിന്നെ അത് ഭയങ്കര പ്രശ്നമാവും ചിലപ്പോൾ എന്റെ പഠിത്തത്തെയും ബാധിക്കും. അതുകൊണ്ട് എങ്ങനെയെങ്കിലും അവനെ ഒന്ന് ഒഴിവാക്കി തരണം ” .

പെട്ടെന്ന് ഞാൻ സിനിമയിലൊക്കെ
കാണുന്ന ഹീറോയെ പോലെ അനാവശ്യമായ ജാഡ ഇട്ടു പറഞ്ഞു. ”

ആ നോക്കാം” ….
വേറൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ
“വാടാ “സന്തോഷിനെ വിളിച്ച് അവളെ കടന്ന് പോയി.
സന്തോഷ് അന്തം വിട്ട് എന്നെ നോക്കി.

“നിനക്കെന്താ ഭ്രാന്താണോ ഇത്രയും നാൾ അവൾ മിണ്ടുന്നില്ലെന്ന് പരാതി പറഞ്ഞിട്ടിപ്പോൾ അവൾ വന്നപ്പോൾനീയെന്താ ഇങ്ങനെ ” ?
“അതൊക്കെ ഉണ്ടെടാ .അവളും കുറച്ചു നാള് ഇങ്ങനെ നടക്കട്ടെ ഇത്രയും ദിവസം ഞാനനുഭവിച്ച വിഷമം നിനക്കറയാമോ . ഞാനും കുറച്ചു ഗമ കാണിക്കാൻ പോകുന്നു “.

എന്നാൽ ഏറെ നാൾ ജാഡ കാട്ടി
നടക്കാൻ എനിക്കായില്ല. ഒരു ദിവസം ചാക്കോ സുജിത നടന്നു വന്നപ്പോൾ മുന്നിൽ കയറി നിന്നു. മുന്നോട്ട് നടക്കാൻ നോക്കിയ അവളെ കൈയ്യിൽ കയറി പിടിച്ചു.

മുന്നും പിന്നും നോക്കിയില്ല മോഹൻലാൽ അന്ന് ഹീറോയായി തിളങ്ങി നില്ക്കുന്ന സമയം (ഇന്നും ഹീറോ തന്നെ ) ലാലേട്ടനെ മനസിൽ ധ്യാനിച്ച് അവന്റെ കഴുത്തിൽ പാഞ്ഞു ചെന്ന് പിടിച്ചു. പിന്നെ അവിടെ നടന്നതൊന്നും പറയേണ്ട . അടിയോടടി.

അതിനിടയിൽ സന്തോഷും എന്റെ മറ്റ് കൂട്ടുകാരും വന്നു. ചാക്കോയുടെ കൂട്ടുകാരൻമാരുമുണ്ട്. എല്ലാവരും കൂടി
പൊരിഞ്ഞ അടിയായി. അവസാനം തോറ്റു വീണ ചാക്കോയുടെ നെഞ്ചിൽ കാലെടുത്തു ചവിട്ടി അവൾ എന്റെ യാണെന്ന് പറഞ്ഞതും ,കോളറിൽ പിടിവീണതും ഒരുമിച്ചായിരുന്നു.

“പ്രിൻസിപ്പൽ” …
ഞെട്ടലോടെ എല്ലാവരും ചിതറി ഓടി. ഞാനും സന്തോഷും വേറെ രണ്ട് കൂട്ടുകാരും ,ചാക്കോയും ചാക്കോയുടെ രണ്ട് കൂട്ടുകാരും ഓഫീസ് റൂമിൽ എത്തപ്പെട്ടു.

ഞങ്ങളെ ചോദ്യം ചെയ്ത് വീട്ടിൽ നിന്ന്
ആളിനെ കൂട്ടി കൊണ്ട് വന്നിട്ട് ഇനിയിവിടെ തുടർന്നാൽ മതിയെന്ന് പറഞ്ഞതും സുജിത കൂട്ടുകാരിയുമായി അകത്തേക്ക് വരാൻ അനുവാദം ചോദിച്ചതും ഒന്നിച്ചായിരുന്നു.

അവൾ , ചാക്കോ കൈയ്യിൽ കയറി പിടി
ച്ചതും തുടർന്നാണ് അടിയുണ്ടായതെന്നും ഞങ്ങൾ നിരപരാധിയാണെന്നും പറഞ്ഞു.

പ്രിൻസിപ്പൽ പറഞ്ഞു
അങ്ങനെ അവൻ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കൊടുക്കാൻ ഞങ്ങൾ ഉണ്ട്. മേലാൽ അടിയുണ്ടാക്കാൻ നടക്കരുത്
പരാതി ഉണ്ടേൽ ഇവിടെ വന്നറിയിക്കണം.

ചാക്കോയെ വടി എടുത്ത് തല്ലും കൊടുത്തിട്ട്
എല്ലാവരോടും പൊയ്ക്കൊള്ളാൻ പറഞ്ഞു.
എന്റെയും സുജിതയുടെയും കണ്ണുകൾ ഉടക്കി. രണ്ട് പേരിലും ചിരി വിടർന്നു.

ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ തുടങ്ങുകയായിരുന്നു.
അച്ഛനെ സോപ്പിട്ടു ഒരു സെക്കന്റ് ഹാൻഡ് ബൈക്കു വാങ്ങി.
അവളെയും അതിലിരുത്തി കറങ്ങി .

സിനിമയ്ക്ക് ,പാർക്കിൽ , ബീഞ്ചിൽ എക്സ്ട്രാ ക്ലാസുണ്ടെന്ന് പറഞ്ഞ് കറങ്ങി നടന്നു. അവളെ ബസിൽ കയറ്റി വിട്ടിട്ട് പുറകെ ബൈക്കിൽ
പോകുമ്പോൾ അവളുടെ ഇളകിയാടുന്ന മുടികൾക്കൊപ്പമുള്ള നാണം കലർന്ന ചിരി ഒരു പ്രത്യേക ഭംഗിയായിരുന്നു.

അവള് എനിക്കായി കരുതുന്ന ഭക്ഷണങ്ങൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വായിൽ വെച്ചു കഴിച്ചു.

ഐസ്ക്രീം പാർലറിൽ അന്ന് കിട്ടുന്ന ബോൾ ഐസ്ക്രീമും , കപ്പ് ഐസ്ക്രീമും അവൾക്ക് കോരി കൊടുത്തു ഞാനും കഴിച്ചു. ബർത്ത് ഡേ പോലുള്ള വിശേഷങ്ങളിൽ ഞങ്ങൾ ഗ്രീറ്റിംഗ്സ് കൈമാറി. അതിൽ ഞങ്ങളുടെ മനസ് മുഴുവൻ പതിഞ്ഞിരുന്നു.

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ കത്തുകളായി മാറി. ദിവസം ഒരു കത്തെങ്കിലും കൈമാറി. അതിൽ ഭാവിയുണ്ടായിരുന്നു. ജനിക്കാൻ പോകുന്ന കുട്ടികൾ
ഉണ്ടായിരുന്നു. അവർക്കായി ഇടാനുള്ള പേരുണ്ടായിരുന്നു. നിറയെ ഉമ്മകൾ കൊണ്ട് പുളകിതമായ കത്തുകൾ.

ഓരോ ദിവസവും നേരം പുലരാൻ കാത്തിരുന്നു അവളെ കാണാൻ.

ഇടയ്ക്ക് എപ്പോഴെക്കെയോ നനുത്ത മുത്തങ്ങൾ നേരിട്ട് കൈമാറി.
കൈ കോർത്ത് നടന്നു.
ഏതോ ഒരു മായാലോകത്ത് ഞാനും അവളും മാത്രം.

ഒടുവിൽ മൂന്ന് വർഷത്തെ കോഴ്സ് കഴിഞ്ഞു.
അന്ന് എന്റെ വീട്ടിൽ ഫോൺ
ഇല്ലായിരുന്നു. അവളുടെ വീട്ടിൽ ലാന്റ് ഫോൺ ഉണ്ടായിരുന്നു. ഞാൻ ബൂത്തിൽ നിന്ന് വിളിക്കാം .കത്ത് അയക്കാമെന്ന് പറഞ്ഞു.

അവൾ ഒരു തേങ്ങലോടെ എന്നെ കെട്ടിപ്പുണർന്നു. എന്റെ നെഞ്ചിലെ ചൂടിൽ ഒട്ടി നിന്നു. ഞാനും അവളെ മുറുകെ പുണർന്ന് ഏറെ നേരം അങ്ങനെ നിന്നു.

പിന്നെയും രണ്ട് മൂന്ന് വർഷങ്ങൾ ഞാൻ ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു. ഒന്നും ശരിയായില്ല. വീട്ടുകാരുടെ മുന്നിൽ പിടിച്ചു നില്ക്കാൻ അവൾ വേറെയും കോഴ്സുകൾ പഠിക്കാൻ പോയി. കത്തുകൾ മുടങ്ങാതെ അയച്ചു. ഞാൻ പോസ്റ്റ് മാനോട് പ്രത്യേകം പറഞ്ഞിരുന്നു. എന്റെ കൈയ്യിൽ മാത്രമേ കത്ത് തരാവൂ എന്ന്.

അവളുടെ കത്തുകൾ തൊട്ടടുത്ത്
താമസിക്കുന്ന കൂട്ടുകാരിയുടെ വീട്ടിലാണ് അയച്ചത്. അതിൽ ഈ ദിവസം ഇത്ര മണിക്ക് ഫോൺ വിളിക്കാമെന്ന് എഴുതിയിരിക്കും.

അവൾ മറ്റാരും ഫോൺ എടുക്കാതെ കാത്തിരിക്കും ആ ഫോണിന്റെ ചുവട്ടിൽ
. എന്നിട്ടും തൃപ്തി വരാതെ ഞാൻ അവളെ പഠിക്കുന്ന സ്ഥലത്ത് കാണാൻ പോയി.

സംസാരിക്കാൻ പറ്റില്ല .കൂടെ ബന്ധത്തിലുള്ള കുട്ടിയുമുണ്ട്. അവളുടെ വീട്ടിനു മുന്നിൽ ബൈക്കിൽ കറങ്ങി അവളെ കണ്ട് കൈയ്യെടുത്ത് കാണിക്കും. അവളും ജോലിക്കായി ടെസ്റ്റുകൾ എഴുതി കൊണ്ടിരുന്നു.

ഒരിക്കൽ എനിയ്ക്ക് അവളുടെ കത്ത് വന്നു. അമ്മയ്ക്ക് ക്യാൻസർ ആണ്. അന്നത്തെ കാലത്ത് ക്യാൻസർ എന്നു പറഞ്ഞാൽ ജീവിക്കാൻ പിന്നെ പ്രതീക്ഷിക്കണ്ട. അമ്മയുടെ ആഗ്രഹം ഒരേയൊരു മകളായ അവളുടെ കല്യാണമാണ്.

അവൾക്ക് എന്നെ ഒന്നു കാണണം സംസാരിക്കണം. ചങ്ക് തകരുന്ന വേദനയിൽ ഞാൻ ആ കത്തുമായി എത്രനേരം നിന്നുവെന്നറിയില്ല.

പിറ്റേന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്നു പറഞ്ഞ് അവൾ എന്നെ കാണാൻ വന്നു. ആ പഴയ ബീച്ചിൽ . അവിടുത്തെ തിട്ടപ്പുറത്തിരുന്ന നമ്മളിൽ ഒന്നും സംസാരിക്കാൻ കഴിയാഞ്ഞ വിധം മൗനം നിറഞ്ഞു. ഒടുവിൽ സുജിത പറഞ്ഞു.
“ഞാൻ കൂടെ വരാൻ തയ്യാറാണ് എവിടെ വേണേലും പോയി ജീവിക്കാം”

എന്റെ ഹൃദയം വല്ലാതെ മിടിച്ചു.

എന്തിനെക്കാളും അവൾ എന്നെ സ്നേഹിക്കുന്നു. എന്നോടൊത്തുള്ള ജീവിതം മോഹിക്കുന്നു.

പക്ഷെ ഞാൻ നിസഹായനായിരുന്നു.
ഇരുപത്തി മൂന്ന് വയസാണ് എനിക്കും അവൾക്കും . എനിക്ക് ജോലിയില്ല ഒരിക്കലും എന്റെ വീട്ടുകാർ ഈ ബന്ധം സമ്മതിക്കില്ല.

കാരണം ഞാൻ മേനോനും അവൾ നാടാറുമാണ്. സാമ്പത്തികമായി കുറച്ച് താഴ്ന്നാണ് എന്റെ വീട്ടുകാരെങ്കിലും ജാതിയിൽ അമ്മയും അമ്മയുടെ വീട്ടുകാരും അച്ഛന്റെ വീട്ടുകാരും കടുംപിടുത്തമുള്ളവരാണ്. അച്ഛൻ മാത്രം ഭേദമാണ്. അനിയൻ എന്നെക്കാൾ ചെറുതായയത് കൊണ്ട് അവൻ കുഴപ്പമില്ല.

ജോലിയുണ്ടെങ്കിൽ എനിക്ക് അവളെ സംരക്ഷിക്കാൻ കഴിയും. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. അവളുടെ അച്ഛൻ ഹെഡ്മാസ്റ്ററാണ്. അച്ഛനും മകൾ ജോലിയൊക്കെ വാങ്ങിയിട്ട് വിവാഹം കഴിച്ചാൽ മതി എന്നാണ്
ആഗ്രഹം.

എന്നാൽ അമ്മ അങ്ങനെയല്ല പെട്ടെന്ന് മകളെ വിവാഹം കഴിപ്പിക്കണമെന്ന് അസുഖം വരുന്നതിനു മുൻപേ അവർ
ആഗ്രഹിച്ചിരുന്നു . അസുഖം വന്നതോട് കൂടി അവർ വാശിയോടെ പറഞ്ഞു .

“എൻ്റെ കണ്ണടയും മുന്നേ മകളുടെ വിവാഹം നടക്കണമെന്ന് “.

ധർമ്മസങ്കടത്തിൽ ആയ ഞാൻ അവളെ നോക്കി.
അവൾ നല്ല നിശ്ചയദാർഢ്യത്തോടെ എൻ്റെ കൂടെ വരാൻ തയ്യാറെടുത്തു നിൽക്കുന്നു.
മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിച്ച് ഞാൻ പെട്ടെന്ന് പ്രാക്ടിക്കൽ ആയി സംസാരിച്ചു .

“മൂന്ന് വർഷം കൂടി കാത്തിരിക്കുകയാണെങ്കിൽ ഞാൻ എങ്ങനേലും ഒരു ജോലി സമ്പാദിച്ച്
എല്ലാ എതിർപ്പുകളെയും മറികടന്ന് കൂട്ടിക്കൊണ്ടു പോകാൻ വരാം .ഇപ്പോൾ ഞാൻ എൻ്റെ അച്ഛന്റെ ചിലവിലാണ് ജീവിക്കുന്നത് .നിന്നെ കൂടി
നോക്കാനുള്ള ശേഷിയില്ല ” .

അവളുടെ മുഖംപെയ്യാൻ വെമ്പുന്ന വാനം പോലെ ഇരുണ്ടു. പിന്നെ പതിയെ കണ്ണുകൾ പെയ്യാൻ തുടങ്ങി.

“ഞാൻ നിന്നെ വിശ്വസിച്ചു.കൂടെ വരാൻ തയ്യാറായി. നീ എന്നെ അവഗണിക്കുകയാണ് .എന്നെ ചതിക്കുകയാണ് .എനിക്ക് നിന്നെ വിട്ട് ജീവിക്കാൻ കഴിയില്ല ” .
അവൾ എന്തൊക്കെയോ പുലമ്പി കൊണ്ടേയിരുന്നു .

അവളുടെ കണ്ണുനീരു കാണാൻ ശക്തിയില്ലാത്ത ഞാൻ മുഖം താഴ്ത്തി .

എന്റെ കരം കവർന്നവൾ ചോദിച്ചു
“പിന്നെ എന്തിനാണ് നീ എന്നെ സ്വപ്നകൾ കാട്ടി കൊതിപ്പിച്ചത് “.

ഞാൻ എന്ത് പറയണമെന്നറിയാനെ തളർന്നു. നമ്മൾക്കൊന്നും ചെയ്യൻ പറ്റില്ല സുജിതേ. വീട്ടുകാർ സമ്മതിക്കില്ല. ഇപ്പോൾ നിന്നെ കൊണ്ടുപോകാനുള്ള സാമ്പത്തികം ഇല്ല. നിനക്ക് പറ്റുമെങ്കിൽ ഒരു മൂന്ന് വർഷത്ത സമയം തരണം.

ഇല്ലെങ്കിൽ നീ എന്നെ മറക്കണം. എന്റെ കൈയ്യിൽ നിന്ന് പിടി വിട്ടവൾ പതിയെ തിരിഞ്ഞു നടന്നു. നിറയുന്ന കണ്ണാൽ ആ കാഴ്ച എന്റെ നെഞ്ചകം പൊള്ളിച്ചു. അവൾ അടർന്നു വീണ കണ്ണീർ തുള്ളികളെ തുടയ്ക്കാൻ പോലും മറന്നു നടന്നു.

എന്റെ അവസ്ഥ കണ്ട് അച്ഛൻ എന്നോട് ചോദിച്ചു കാര്യം എന്താണെന്ന്. എന്നെക്കാൾ രണ്ടു വയസിനിളയ അനിയനും ചോദിച്ചു. എന്ത് പറ്റിയെന്ന് അച്ഛന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി ഞാൻ ശബ്ദമില്ലാതെ കരഞ്ഞു. അച്ഛൻ
പറഞ്ഞു.

“ആരും ഈ ബന്ധം സമ്മതിക്കില്ല. ജാതി
വ്യത്യാസം വലിയൊരു കാര്യമാണ്. പിന്നെ നീ വിവാഹ പ്രായം ആയിട്ടില്ല. ജോലിയില്ല. ബന്ധുക്കൾ ആരും സമ്മതിക്കില്ല. നിന്റെ അമ്മയറിഞ്ഞാൽ അവളും എതിർക്കും .
എങ്കിലും നിനക്കവളെ ഇഷ്ടമാണെങ്കിൽ നീ കൂട്ടി കൊണ്ട് വന്നോ . ഒരാൾക്കു കൂടി അധ്വാനിച്ചു കൊടുക്കാനുള്ള ആരോഗ്യം അച്ഛനിപ്പോഴും ഉണ്ട് “.

തന്നെ ഇത്രമാത്രം സ്നേഹിക്കുന്ന അച്ഛനെ ഞാൻ ഒരു നിമിഷം നോക്കി . ചെറിയൊരു സർക്കാർ ജോലി ഉണ്ടെങ്കിലും ഇലക്ട്രിക് പണിക്കു കൂടി പോയി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അച്ഛൻ. തന്റെ ഏതാഗ്രഹത്തിനും ആദ്യം എതിരു നിന്നാലും അവസാനം എങ്ങനെയും സാധിച്ചു തരുന്ന അച്ഛൻ.

അച്ഛനു ഞാൻ സഹായമാവേണ്ട
സമയത്ത് അച്ഛൻ എന്നെ സംരക്ഷിക്കുന്നതും പോരാ ഞാൻ കെട്ടി
കൊണ്ടുവരുന്ന പെണ്ണിനെയും നോക്കണമെന്ന് പറഞ്ഞാൽ .

“വേണ്ടച്ഛാ ഒന്നും വേണ്ട അവൾ സുഖമായി ജീവിക്കട്ടെ ”
പകുതി മുറിഞ്ഞ വാക്കുകളാൽ എന്നിൽ നിന്നൊരു ഗദ്ഗദം പുറത്ത് വന്നു.

പിറ്റേന്ന് എന്നെ കാണാൻ സുജിതയുടെ അച്ഛൻ ആളെ അയച്ചു. ഞാൻ പോകാൻ തീരുമാനിച്ചു ഇറങ്ങിയപ്പോൾ അച്ഛനും കൂടെ വരാമെന്നു പറഞ്ഞു. അത് അമ്മയറിഞ്ഞു. കാര്യങ്ങൾ അറിഞ്ഞ അമ്മ ഉറഞ്ഞു തുള്ളി .കണ്ട നാടാ ത്തിയെയൊക്കെ കെട്ടി കൊണ്ട് വന്നാൽ അമ്മ ജീവിച്ചിരിക്കില്ലന്ന് പറഞ്ഞു നെഞ്ചിലടിക്കാൻ തുടങ്ങി.

ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു.
ഞങ്ങളെ കണ്ടതും സുജിത ഓടി വന്നു. മുന്നിൽ വന്ന് നോക്കി നിന്ന ശേഷം
മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു.

അവളുടെ അച്ഛൻ ഇറങ്ങി വന്നു. അവളോട് എന്തെങ്കിലും സംസാരിക്കും മുൻപ് അകത്ത് കയറി പോകാൻ പറഞ്ഞു.
അവൾ തിരിഞ്ഞൊന്നു നോക്കി അകത്തേക്ക് പോയി.

അവളുടെ അച്ഛൻ ഞങ്ങളെ സ്വീകരണ മുറിയിൽ കൊണ്ടുപോയി ഇരിക്കാൻ പറഞ്ഞു.എന്നിട്ട് അദ്ദേഹം വീണ്ടും പറഞ്ഞു.

“ഞങ്ങൾക്ക് ഒറ്റ മോളാണ് സുജിത.ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷയും അവളാണ് .അവളുടെ അമ്മ മരണത്തോട് മല്ലിട്ട് കഴിയുകയാണ് .ഏത് നിമിഷവും അവളുടെ അമ്മ ഞങ്ങളെ വിട്ടു പോകും. അവളുടെ വിവാഹം കഴിഞ്ഞ്
കാണാനാണ് ആ അമ്മ അവസാനമായി ആഗ്രഹിക്കുന്നത് .

എന്റെ മകൾ നിങ്ങളെ മാത്രമേ വിവാഹം കഴിക്കു വെന്ന് വാശിയിലാണ്.

സ്വന്തം അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാതെ അവൾ നിങ്ങളെ വിവാഹം കഴിച്ചാൽ അവൾക്കോ നിങ്ങൾക്കോ ആർക്കും ജീവിതകാലം മുഴുവൻ ശാന്തിയുണ്ടാവില്ല. .

വീട്ടുകാരുടെ സമ്മതത്തോടെ ഒരു കാരണവശാലും ഈ ബന്ധം നടക്കില്ല .കാരണം നിങ്ങൾക്ക് തന്നെ അറിയാമല്ലോ നിങ്ങൾ മേനോൻമാരും ഞങ്ങൾ നാടാരും ആണ്.
ദയവു ചെയ്ത് എൻ്റെ മകളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം . മാത്രവുമല്ല അവളെ അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
ഗതികെട്ട ഒരച്ഛൻ നിങ്ങളുടെ മുന്നിൽ
അപേക്ഷിക്കുകയാണ്.

എന്റെ അച്ഛൻ എന്റെ കൈയ്യിൽ പിടിച്ചു. പതിയെ പറഞ്ഞു
” മറ്റുള്ളവരുടെ കണ്ണുനീരും ശാപവും ഏറ്റുവാങ്ങണോ അവൾ സന്തോഷമായി ജീവിക്കട്ടെ .നീ അവളെ കൂട്ടിക്കൊണ്ടുവന്നാലും ഒരിക്കലും അവൾക്കോ നിനക്കോ ഒരു മനസ്സമാധാനവും കാണില്ല. ഇപ്പോൾ കുറച്ചു വേദനിച്ചാലും പിന്നെ എല്ലാം നേരെയായിക്കോളും ” .

അവളുടെ അച്ഛന്റെ കണ്ണുനീരും യാചനയും എന്റെ മനസാക്ഷിയെ ഉണർത്തി.
“ഞാനെല്ലാം മറക്കാൻ തയ്യാറാണ് അവള്‍ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ”.
അവളുടെ അച്ഛൻ സന്തോഷത്താൽ കൈകൾ കൂപ്പി .

“പക്ഷേ എനിക്ക് അവളോട്
സംസാരിക്കണം ”
ഞാൻ ആവശ്യപ്പെട്ടു.
അവളുടെ അച്ഛൻ അനുമതി തരുകയും അവളെ പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് ചുമതല ഏല്പിക്കുകയും ചെയ്തു.

ഞാൻ മുറിയിലേക്ക് കടന്നപ്പോൾ അവൾ കിടക്കയിൽ ഇരിക്കുവായിരുന്നു. എന്നെ കണ്ട് പ്രതീക്ഷയോടെ എഴുന്നേറ്റു .

പിന്നെ അരികിലേക്ക് ഓടി വന്നു എന്നിട്ട് അറച്ചു നിന്നു. ഞാൻ ആദ്യം ഒന്നും പറയാനാവാതെ അവളെ നോക്കി നിന്നു .പിന്നെ ജീവൻ പിടയുന്ന വേദനയിൽ പറഞ്ഞു.

“നമ്മൾക്ക് ഒന്നിക്കാൻ കഴിയില്ല സുജിതേ .നീ എന്നെമനസ്സിലാക്കണം. മറക്കണം .വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് നമ്മൾക്ക്
ജീവിക്കാൻ പറ്റത്തില്ല .

മാത്രമല്ല ഇനിയും വർഷങ്ങൾ കാത്തിരുന്നാൽ മാത്രമേ എനിക്ക് ഒരു ജോലി ശരിയാകൂ.
അതിനു വീട്ടുകാർ എന്തായാലും സമ്മതിക്കില്ല.
നമ്മൾ പിരിയുന്നതാണ് നല്ലത് .അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണം. നിന്നെ സ്നേഹിക്കുന്ന ഒരു പങ്കാളിയെ തന്നെ നിനക്ക് കിട്ടട്ടെ . മനസ്സിന്റെ ഒരു കോണിൽ പോലും ഞാൻ ഇനി ഉണ്ടാകരുത്.

കുറച്ചെങ്കിലും നീ എന്നെ സ്നേഹിച്ചതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം .കാരണം എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കാത്തിരിക്കാൻ പറഞ്ഞാൽ തന്നെ എത്ര നാളെന്ന് പോലും ഉറപ്പില്ല . നീ എന്നെ മറക്കണം”.

അവളും മാനസികമായി ഏറെ കുറെ
യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറെടുത്തിരുന്നു

“ശരിയാണ് വളർത്തി വലുതാക്കിയ വീട്ടുകാരെ വേദനിപ്പിക്കുന്നില്ല. .ധിക്കരിക്കുന്നില്ല. നീ എന്നോട് ഉറപ്പോടെ കാത്തിരിക്കാനും പറയുന്നില്ല .
ഞാൻ ഈ വിവാഹത്തിന് സമ്മതിക്കാം.

പക്ഷേ എന്നെ പിരിഞ്ഞാൽ നിനക്ക് വിഷമം ഇല്ലെന്ന് എനിക്ക് ഉറപ്പാവണം .

അതിനു എന്റെ കല്യാണത്തിന് വരണം. സന്തോഷത്തോടെ എന്നെ യാത്രയാക്കണം” .
ഉള്ളിൽ അലച്ച് വന്ന വേദന മറച്ചുകൊണ്ട് ചെറിയ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
” ഞാൻ വരും നിന്റെ കല്യാണത്തിന് ”

അവൾ എന്റെ അരികിൽ വന്നു വീണ്ടും
വലത് കരം കവർന്നു മൃദുവായി മുത്തി.
“ഇനിമുതൽ നമ്മൾ എന്നും വെറും പരിചയക്കാർ മാത്രമായിരിക്കും അല്ലെ “.

നെഞ്ചിൽ ഒരു വിങ്ങൽ വന്നു നിറഞ്ഞു.

“നിനക്ക് നല്ലതേ വരൂ ” ഒന്നു കൂടി അവളെ നോക്കി ഞാൻ ആ വീടിന്റെ പടികൾ ഇറങ്ങി. പുറകിൽ കേട്ട അവളുടെ ഏങ്ങലടികളെ അവഗണിച്ചു കൊണ്ട്.

ഏറെ താമസിക്കാതെ അവളുടെ കല്ല്യാണം ഉറപ്പിച്ചുകൊണ്ട് ക്ഷണക്കത്ത് വന്നു. അതിനിടയിൽ എന്റെ കൂട്ടുകാരൻ സന്തോഷിന് ജോലി ശരിയായിരുന്നു.അവൻ എന്നോട് പറഞ്ഞിരുന്നു
” നീ അവളെ വിളിച്ച് കൊണ്ടു വരണം നിനക്കൊരു ജോലി ആകും വരെ ഫിനാൻഷ്യലി സഹായിക്കാമെന്ന് “.

പക്ഷേഅവന്റെ നല്ല മനസ്സിനെ
മുതലെടുക്കാൻ തോന്നിയില്ല.
ഞാൻ സന്തോഷിനെയും കൂട്ടി കല്യാണത്തിൽ പങ്കെടുത്തു. വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി സുജിത. എന്നെ കണ്ടപ്പോൾ വിടർന്ന കണ്ണുകളാൽ അവൾ എന്തോ പറയാനൊരുങ്ങി. പിന്നെ നിറയുന്ന മിഴികൾ ആരും കാണാതെ തുടച്ചു.

താലികെട്ട് സമയത്ത് കണ്ണീർ മൂടി കാഴ്ച നശിച്ചിരുന്നു. മങ്ങിയ കാഴ്ചയിൽ അവൾ മറ്റൊരാൾക്ക് സ്വന്തമാകുന്നത് കണ്ടു നിന്നു .
സന്തോഷ് എന്റെ കൈയ്യിൽ അമർത്തി പിടിച്ചിരുന്നു. കഴിക്കാതെ ഇറങ്ങാൻ നേരം അവളുടെ അച്ഛൻ നിർബന്ധിച്ചു . അനുസരിക്കാതിരിക്കാനായില്ല.

ആഹാരം തൊണ്ടയിൽ ഇരുന്ന് വിങ്ങി.
പോകാൻ നേരം വീണ്ടും അവളെ ഒന്നുകൂടി നോക്കി.
അവൾ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അവളെന്നെ കണ്ടു.
ഒന്നും പറയാനാകാതെ പണ്ട് പരസ്പരം കഥ പറഞ്ഞിരുന്ന കണ്ണുകൾ കോർത്തു.

ഞാൻ യാത്ര ചോദിച്ചു.
അവൾ യാത്രാനുമതി തലയാട്ടി തരുമ്പോൾ കരയാതിരിക്കാൻ പാടുപെടുകയാണന്ന് എനിക്ക് മനസിലായി. ഞാൻ തിരിഞ്ഞു നടന്നു.

ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ മുറിവുമായി ,എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ പറ്റാത്ത കണ്ണുനീരുമായി എന്നെന്നേക്കുമായി ഞാൻ നടന്നു.

പറഞ്ഞു കഴിഞ്ഞപ്പോൾ വീണ്ടും
നവീന്റെ കണ്ണിൽ നനവുണ്ടായി . നോക്കിയപ്പോൾ നന്ദിനി കരയുകയാണ്.
“ഏട്ടായി ” എന്ന വിളിയോടെ
നവീനിന്റെ നെഞ്ചിലേക്ക് ചാരി.
” എനിക്ക് ഇത്രയൊന്നും അറിയില്ലായിരുന്നു. നിങ്ങൾ ഇത്രയും സ്നേഹിച്ചിരുന്നല്ലേ .എന്നിട്ടും ഒന്നിക്കാൻ പറ്റിയില്ലല്ലോ “.

“അത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയത്. എല്ലാത്തിനും എന്റെ കൂടെ നില്ക്കുന്ന എന്റ നന്ദുവിനെ . നവീനറിയാം പെട്ടന്ന് വിഷമം വരുന്ന മനസ്സാണ് നന്ദിനിക്ക് . അത് കൊണ്ടവളെ അവൻ ആശ്വസിപ്പിച്ചത്.

കരഞ്ഞു കൊണ്ടിരുന്നവൾ ചിരിച്ചു.

“പിന്നെ സുജിതയെ ഏട്ടായി കണ്ടിട്ടില്ലേ”.

” കാണാനോ അറിയാനോ ശ്രമിച്ചിട്ടില്ല. ആ നല്ല നിമിഷങ്ങൾ അങ്ങനെ തന്നെ ഇരിയ്ക്കട്ടെ. കൂടുതൽ അറിവുകൾ
ചിലപ്പോൾ ജീവിതത്തെ ബാധിക്കും. അവൾ ഇപ്പോൾ എന്താണെന്നോ എങ്ങനെയാണെന്നോ അറിയില്ല. വെറുതെ അറിഞ്ഞിട്ട് എന്തിനാണ് “.

” പ്രണയം എന്നാൽ ഒന്നിക്കൽ മാത്രമല്ലല്ലോ”.
“ശരിയാ “നന്ദിനി ചിരിച്ചു.
“പോട്ടെ ഏട്ടായി എല്ലാം മറന്നേക്ക് ഞാൻ ഒന്നും ചോദിച്ചിട്ടുമില്ല ഏട്ടായി ഒന്നും പറഞ്ഞിട്ടുമില്ല . നമ്മൾക്ക് കിടക്കാം”.

നവീന് വിഷമം ആയിട്ടുണ്ടാവുമെന്ന് അറിയാവുന്ന നന്ദിനി അവനെ പൊതിഞ്ഞ് പിടിച്ചു കിടന്നു . ചെറുതായി താരാട്ടു പോലെ തട്ടി കൊടുത്തു. പക്ഷെ നവീൻ ഉറങ്ങിയില്ല. നന്ദിനി പെട്ടന്ന് ഉറങ്ങുകയും ചെയ്തു.. പാവം നവീൻ നവീൻ നന്ദിനിയെ നോക്കി നെടുവീർപ്പിട്ടു.

മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന സുജിതയുടെ മുഖം അവനെ തേടി വന്നു. എവിടെയാണോ ആവോ ? സുഖമായിരിക്കുമോ? വേണ്ട മനസിന്റെ ഒരു കോണിൽ അതങ്ങനെ തന്നെ മധുരമുള്ള നോവായി ഇരിയ്ക്കട്ടെ.

നവീൻ നന്ദിനിയുടെ മുടിയിഴകളിൽ തലോടി.
ഇരുപത് വർഷമായി കൂടെയുണ്ട്. എന്തും മനസ് തുറന്ന് പറയാം അത്രയും സ്നേഹവും വിശ്വാസവുമാണ്. എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ എനിക്കായി ദൈവം തന്ന നിധി എന്റെ നന്ദിനിയും മോളും. പതിയെ പതിയെ നവീന്റെ കണ്ണുകളിലും നിദ്ര വന്നു മൂടി….

NB: ഈ കഥയിൽ അത്യാവശ്യമായത് കൊണ്ടാണ് ജാതിയെ പരാമർശിച്ചത് നെഗറ്റീവ് ആയിട്ട് ആരും എടുക്കരുത്. പണ്ടത്തെ കാലം ആയതും കൂടി കൊണ്ടാണ്. ഇഷ്ടമായെങ്കിൽ ലൈക്ക് ,കമന്റ് ചെയ്യുക. തുടർന്നും പ്രോഝാഹിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *