സ്നേഹ സ്പർശം
(രചന: അഥർവ്വ ദക്ഷ)
അവൾ മെല്ലെ കണ്ണുകൾ തുറന്നു…. കണ്ണിന് വല്ലാത്തൊരു ഭാരം പോലെ….. വയറ്റിനുള്ളി പുകഞ്ഞു കൊണ്ടുള്ള വേദനയും…സഹിക്കാതെ വഴിയില്ല….
അവൾ കണ്ണുകൾ വീണ്ടും അടയ്ക്കാൻ ഒരുങ്ങവേ തൊട്ടരികിൽ പ്ലാസ്റ്റിക് കവർ ഞെരിയുന്ന ശബ്ദം കേട്ടു….നേഴ്സ് അടുത്തേക്ക് വന്നു… പുതപ്പിച്ചിരുന്ന പുതപ്പ് മാറ്റി നോക്കി… പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു….
“പെയിൻ ഉണ്ട് അല്ലേ…. “അവർ തിരക്കി….
“ഉം….”അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല
“ഇൻജെക്ഷൻ തരാട്ടോ.. ഉറങ്ങിക്കോ….” അവർ പറഞ്ഞു കൊണ്ട് ബെഡിൽ വെച്ചിരുന്ന തുണി മടക്കി പാഡ് അതിൽ ഒട്ടിച്ചു…..
“വാവയെ കാണാൻ പറ്റുമോ….”അവൾ ചോദിച്ചു….
“കുറച്ച് കഴിയുമ്പോൾ കൊണ്ട് വരാട്ടോ…. ഇപ്പോൾ റൂമിലേക്ക് കൊടുത്തിട്ടുണ്ട്….”സിസ്റ്റർ പറഞ്ഞു….
അത് പറഞ്ഞു കൊണ്ട് അവർ അവളുടെ വയറിനടുത്തേക്ക് നീങ്ങി വയറിൽ മെല്ലെ കൈ അമർത്തി…
ആമിക്ക് വേദനിച്ചു….. ആ വേദന മാറും മുന്നേ അവർ വീണ്ടും അമർത്തി… മൂന്നാമത്തും അമർത്താൻ ഒരുങ്ങവേ അവൾ സിസ്റ്ററുടെ കൈയ്യിൽ പിടിച്ചു….
“വേണ്ട….”അവളുടെ കണ്ണുകൾ നിറഞ്ഞു
“ഇനി ഇല്ലാട്ടോ… പാഡ് മാറ്റേണ്ടേ ബ്ലീ ഡി ങ് ഉണ്ടോന്ന് അറിയേണ്ടേ….” അവർ അവളോട് ശാന്തമായി പറഞ്ഞു കൊണ്ട് പാഡ് മാറ്റി കൊടുത്തു….
ഇൻജെക്ഷൻ കിട്ടിയിട്ടൊന്നും പെയിൻ മാറിയതേയില്ല…. ആമിക്ക് പെയിൻ കുറഞ്ഞതേയില്ല…
ആദ്യത്തെ പ്രഗ്നെൻസി ആയിരുന്നു ആമിയെന്ന അനാമികയുടേത്.. ഹെൽത്ത് നോക്കുമ്പോൾ ആമി കുറച്ചു വീക്ക് ആയിരുന്നു.. അതുകൊണ്ട് തന്നെ അതിന്റേതായ വയ്യായികകളും ആമിക്കുണ്ടായിരുന്നു…
രണ്ട് ദിവസം മുൻപ് Dr. അഡ്മിറ്റ് ആകാൻ പറഞ്ഞപ്പോൾ അവർ ഹോസ്പിറ്റൽ എത്തിയതായിരുന്നു.. ഇടയ്ക്കിടെയുള്ള പരിശോധയും മറ്റുമായി അവൾ ആകെ തളർന്നതി നൊടുവിൽ ആണ് ഡെലിവറി പെയിൻ വരുന്നത്….
പക്ഷേ നോർമൽ ഡെലിവറി നടക്കില്ലന്നായപ്പോൾ സിസേറിയൻ ചെയ്യേണ്ടി വന്നു… ചുരുക്കി പറഞ്ഞാൽ രണ്ട് വേദനയും അവൾക്ക് അനുഭവിക്കേണ്ടി വന്നു…..
കുഞ്ഞിനെ 2വട്ടം കൊണ്ട് വന്ന് ഫീഡ് ചെയിച്ച് കൊണ്ട് പോയിരുന്നു… ഇനിയിപ്പോൾ രാവിലെ Dr. വന്നതിന് ശേഷമേ അവളെ റൂമിലേക്ക് മാറ്റുകയുള്ളൂ….
വേദനയ്ക്ക് ഇടയിലും കുഞ്ഞിനെ കുറിച്ച് ആലോചിക്കുമ്പോൾ അവൾക്ക് ആശ്വാസം തോന്നി…
അങ്ങനെ കിടക്കെ വീണ്ടും പ്ലാസ്റ്റിക് കവർ ഞെരിയുന്ന ശബ്ദം അവൾ കേട്ടു….
ആമിക്ക് കൈയ്യും കാലും വിറയ്ക്കാൻ തോന്നി അസഹ്യമായ വേദന വീണ്ടും വരുമെല്ലോ എന്ന ഭയം….. കണ്ണുകൾ നിറഞ്ഞൊഴുകി പാദങ്ങൾ തമ്മിൽ അമർത്തി വെച്ച് അവൾ കിടന്നു….
പിന്നീട് രാവിലെ യൂറിൻ ട്യൂബ് മാറ്റുമ്പോളും അവളെ ഭയം കീഴ്പ്പെടുത്തിയിരുന്നു…. ബെഡിൽ നിന്നും എഴുനേൽക്കണമെല്ലോ….. എങ്ങനെയോ ഒരു വിധത്തിൽ എഴുനേറ്റ് ഇരുന്നു കാല് തറയിൽ കുത്തി എഴുനേൽക്കാൻ നോക്കിയതും…
“അമ്മേ…”അവൾ അറിയാതെ വിളിച്ചു പോയി… അടിവയർ നീറി പുകയുന്നു എന്തോ വലുച്ചുമുറുക്കി തുന്നിയപോലെ…..
നേഴ്സ്ന്റെ കൈകൾ പിടിച്ച് അവൾ എഴുനേറ്റു.. ഒബ്സെർവഷൻ റൂം വളരെ വലുതാണ് അതിൽ ആദ്യത്തെ ബെഡിൽ ആണ് അവൾ കിടന്നിരുന്നത്…. ബാത്റൂമിലേക്ക് ഇപ്പുറത്തെ അറ്റം വരെ നടക്കണം….
വേദന കടിച്ചമർത്തി അവൾ മെല്ലെ നടന്നു… ബാത്റൂമിന്റെ അടുത്ത് എത്തിയപ്പോളേക്കും… അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി… ഇരുചെവികളും കൊട്ടി അടയ്ക്കപ്പെട്ടു.. തല മരവിക്കും പോലെ….
വീഴും മുന്നേ അവളെ അവർ അവിടെ ഇട്ടിരുന്ന ചെയറിലേക്ക് ഇരുത്തി… തലയൊന്നു നേരെയായപ്പോൾ അവൾ കണ്ടത് നിലത്ത് തളം കെട്ടി കിടക്കുന്ന ബ്ല ഡ് ഒരു ചേച്ചി ക്ളീൻ ചെയ്യുന്നതാണ്……
ബാത്റൂമിൽ പോയി… ബ്രഷ് ചെയ്തു ഡ്രസ്സ് ഒക്കെ മാറ്റി വീണ്ടും ബെഡിലേക്ക് അവളെ കിടത്തി…. ട്രിപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും അവൾക്ക് പേടിയായി.. ബാത്റൂമിൽ പോകാൻ ഇനിയും എഴുനേൽക്കേണ്ടേ…
ഏറെ നേരം കഴിഞ്ഞ് അവിടനിന്നും ഇറക്കുമ്പോൾ അവൾക്ക് വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു…. റൂമിൽ എല്ലാവരും അവളെ കാത്തിരിക്കുകയായിരുന്നു….
ഭർത്താവ് ദീപക്കും അമ്മയും അതീവ സന്തോഷത്തിൽ ആയിരുന്നു… അവർ ആഗ്രഹിച്ചപോലെ തന്നെ പെൺ കുഞ്ഞായിരുന്നു അവൾക്ക്….
“കുഞ്ഞിമണി…” അമ്മ സ്നേഹത്തോടെ കുഞ്ഞിനെ വിളിക്കുന്നത് കേട്ടപ്പോൾ അവൾ അവരെ നോക്കി
ബെഡിൽ അവൾ കിടന്നപ്പോൾ കുഞ്ഞിനെ അവൾക്കരികിൽ കിടത്തി കൊടുത്തു….കുഞ്ഞിനേയും ചേർത്ത് വെച്ചു ഉറങ്ങാൻ ഒരുങ്ങുമ്പോൾ ഓരോ ബന്ധുക്കളും മറ്റും അവിടേക്ക് എത്താൻ തുടങ്ങി…..
പാൽ ആകാത്തത് കൊണ്ട് കുഞ്ഞ് രാത്രികളിൽ കരച്ചിൽ തന്നെ ആയിരുന്നു…. 5ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം വീട്ടിൽ എത്തിയപ്പോൾ ആശ്വാസമായിരുന്നു ആമിക്…
ഇടയ്ക്കിടെ വരാം എന്ന് പറഞ്ഞ് ദീപുവും അമ്മയും വീട്ടിലേക്ക് പോയി…. അമ്മയും അനിയനും മാത്രമേ അവളുടെ വീട്ടിൽ ഉള്ളൂ… പിറ്റേന്ന് മുതലുള്ള വേദ് വെള്ളത്തിലുള്ള കുളിയും… മഞ്ഞൾ നീരാട്ടും…ശരീരം മുഴുവൻ എണ്ണ മയം തലയിലും അതേ ആമിക്കാകെ ഇർച്ച തോന്നി…
വയർ ചാടാതിരിക്കാനും മറ്റും മുറുക്കി ഉടുക്കുമ്പോൾ വല്ലാത്ത വേദനയും ആസ്വാസ്തതയും അനുഭവപ്പെട്ടു അവൾക്ക്
അരിഷ്ട്ടം കഴിക്കാൻ അവൾക്ക് ഇഷ്ട്ടമായിരുന്നു പക്ഷേ കഷായത്തിന്റെ ചുവ അവൾക്ക് മനം മറിച്ചിലുണ്ടാക്കി… അവൾ കഷ്ടപ്പെട്ട് ദിവസങ്ങൾ എണ്ണി നീക്കി…..
കുഞ്ഞിന്റെ 28 കഴിഞ്ഞ് വീട്ടിലേക്ക് പോകാമെന്നായിരുന്നു ദീപക്കിന്റെ അമ്മ പറഞ്ഞിരുന്നത്… പക്ഷേ അവരുടെ അമ്മ bp കൂടി ഹോസ്പിറ്റൽ ആയതോടെ ആ തീരുമാനം മാറ്റേണ്ടി വന്നു…..
ആമിയുടെ അമ്മ ചെറിയ ഒരു ബേക്കറിയിൽ ആണ് ജോലിചെയ്യുന്നത്… അനിയൻ പഠിക്കുകയാണ്.. അച്ഛൻ അവർ കുഞ്ഞായി ഇരിക്കുമ്പോൾ തന്നെ മരിച്ചതാണ്….
അമ്മയ്ക്ക് ഒരു മാസത്തിൽ കൂടുതൽ ലീവ് കിട്ടാത്തത് കൊണ്ട് തന്നെ…. അവർ ജോലിക്ക് പോയി തുടങ്ങി….
രാവിലെ അവൾക്ക് വേണ്ടതൊക്കെ ചെയ്തു വെച്ചിട്ട് അമ്മ പോകും….7മണി ആകുമ്പോളേക്ക് ആമിയുടെ കുളിയൊക്കെ കഴിയണം
രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ…. കുഞ്ഞ് ഒന്ന് ഉറങ്ങി വരുമ്പോളേക്ക്… ആമിക്ക് കുളിക്കാനും മറ്റുമായി എഴുന്നേൽക്കണം… കുളിയൊക്കെ കഴിയുമ്പോളേക്ക് തലകറങ്ങും പോലെ തോന്നും അവൾക്ക്…..
ഒരു വിധത്തിൽ വന്നൊന്ന് കിടക്കുമ്പോളേക്കും കുഞ്ഞ് ഉണരും…. എങ്ങനെയൊക്കെയോ അവൾ ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു…..
“ഇവിടെ മാത്രമാണ് ഇങ്ങനെ ഒരു പേറ് നടന്നത്…. ലോകത്തിലുള്ള ഒരു പെണ്ണും പെറ്റിട്ടും ഇല്ല…കുഞ്ഞിനേയും നോക്കിയിട്ടില്ല…”
ലക്ഷ്മി ദേഷ്യത്തോടെ സിങ്കിലേക്ക് പാത്രങ്ങൾ എടുത്തിട്ടു…
“എന്താ അമ്മേ….”ഹാളിൽ ഇരുന്ന് അമ്മയുടെ എണ്ണി പറച്ചിൽ കേൾക്കുകയായിരുന്ന ദീപക് അവിടേക്ക് വന്നു….
“ഡാ… മാസം 3 ഒക്കെ കഴിഞ്ഞില്ലേ ഇനി അവൾക്ക് എന്നേ ഒന്ന് അടുക്കളയിൽ സഹായിച്ചാൽ ന്താ അവൾക്ക്… തോന്നുമ്പോൾ എഴുനേറ്റ് വരും… കുളിയൊക്കെ തോന്നും പോലെ…. ഒരു വൃത്തിയും ഇല്ല വെടുപ്പും ഇല്ല…. ന്റെ തലേൽ എഴുത്ത്….”
അവർ മകനെ നോക്കി കൊണ്ട് സ്വയം തലയിൽ ഇടിച്ചു..
ദീപക് ഒരു നിമിഷം അമ്മയെ തന്നെ നോക്കി നിന്നു പിന്നെ തിരിഞ്ഞ് റൂമിലേക്ക് നടന്നു….
അവൻ ചെല്ലുമ്പോൾ ആമി ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്…. അവളുടെ മുടിയിഴകൾ എണ്ണ തെയ്ക്കാതെ പാറി കിടക്കുന്നുണ്ടായിരുന്നു….. അവൾക്ക് നന്നേ വലുതായ ഒരു നെറ്റി ആണ് അവൾ ധരിച്ചിരുന്നത്…..
വിവാഹം കഴിഞ്ഞിട്ട് 2വർഷം ആകുന്നു അതിനിടയിൽ ഇങ്ങനെ ഒരു രൂപത്തിൽ അവൻ അവളെ കണ്ടിട്ടേ ഇല്ല…. എന്നും വൃത്തിയോടെ ഭംഗിയായി ഒരുങ്ങുന്ന ഇവൾക്ക് ഇതെന്തു പറ്റി അവൻ മനസ്സിൽ ഓർത്തു…..
ഒരാഴ്ചയായി അവളെ വീട്ടിൽ നിന്നും കൊണ്ട് വന്നിട്ട്…. ഈ ദിവസമത്രയും കുഞ്ഞുറങ്ങും വരെ നോക്കി ഇരുന്നിട്ടും അവൾ തന്നോട് അടുക്കാത്തതിൽ അവന് നന്നേ ഈർഷ്യയുണ്ടായിരുന്നു…..
പെട്ടന്ന് കുഞ്ഞ് കരയാൻ തുടങ്ങി…. പക്ഷേ അതൊന്നും ശ്രെദ്ധിക്കാതെ അവൾ പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്….. ദീപക്കിന് അതിയായ ദേഷ്യം വന്നു….
“ഡീ….”അവൻ ഉറക്കെ വിളിച്ചു….
“ആ….”അവളൊന്നു ഞെട്ടി തിരിഞ്ഞു നോക്കി…
അപ്പോളേക്കും കുഞ്ഞിനെ അവൻ എടുത്തിരുന്നു…. കുഞ്ഞിനെ എടുത്തു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു…. അപ്പോളും ആമി നിർവികാരതയോടെ നോക്കി നിൽക്കുകയായിരുന്നു….
“നീ കുഞ്ഞ് കരയുന്നത് കേട്ടില്ലേ… വിശന്നിട്ടാകും…”അവൻ ദേഷ്യത്തോടെ അവളെ നോക്കി….
“ഉം…”അവളൊന്നു മൂളി കൊണ്ട് കുഞ്ഞിനെ എടുക്കാൻ ഒരുങ്ങി…
“ഈ കോലത്തിലോ…. ആ ഡ്രസ്സ് ഒന്ന് മാറ്…..”നനഞ്ഞു കുതിർന്നു മാ റോട് ഒട്ടികിടക്കുന്ന അവളുടെ ഡ്രസ്സിലേക്ക് അവൻ അറപ്പോടെ നോക്കി അവളിൽ നിന്നും വല്ലാത്തൊരു മണവും വമിക്കുന്നുണ്ടായിരുന്നു…
ആമി അതേ ഭാവത്തിൽ തന്നെ അവനെ ഒന്ന് നോക്കി കൊണ്ട്… അലമാരയിൽ നിന്ന് ഒരു ഡ്രസ്സ് എടുത്ത് ഇട്ടിരുന്നത് മാറി അതിട്ടു….
കുഞ്ഞിന് പാൽ കൊടുക്കുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി…. റൂമിന്റെ വാതിൽ തുറന്ന് കിടക്കുന്നതൊന്നും അവൾ അറിഞ്ഞിട്ടേ ഇല്ലന്ന് തോന്നി അവന്… അവൾ മാറിയ ഡ്രസ്സ് തറയിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു…..
“ആമി ഇതൊന്നും ഇവിടെ നടക്കില്ലാട്ടോ… കുഞ്ഞിനെ ഉറക്കി കൊണ്ട് വന്ന് തുണികൾ ഒക്കെ പിഴിഞ്ഞിട്ടോ… നിക്ക് വയ്യാ എല്ലാം കൂടെ…” അമ്മ ഒച്ചയെടുത്തു കൊണ്ട് അവിടേക്ക് വന്നു….
ആമി അമ്മയെയും ഒന്ന് നോക്കി എന്നെല്ലാതെ ഒന്നും പറഞ്ഞില്ല… കുഞ്ഞ് ഉറങ്ങി എന്നായപ്പോൾ അവൾ കുഞ്ഞിനെ കിടത്തി കൊണ്ട് എഴുനേറ്റ് മെല്ലെ റൂമിൽ നിന്നും ഇറങ്ങി…
ദീപക്ക് ആലോചനയോടെ റൂമിൽ ഇരുന്നു അവന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി….
ബെഡിൽ കിടന്ന് കുഞ്ഞ് കാറി കരയുകയാണ്… ആമി കുഞ്ഞിനെ ഒന്ന് നോക്കി പിന്നെ അസ്വാസ്ഥതയോടെ തിരിഞ്ഞിരുന്നു…..
കുഞ്ഞിന്റെ കരച്ചിൽ കൂടി വന്നു അതിന്റെ മൂക്കും കവിളും എല്ലാം വല്ലാതെ ചുമന്നു….. ആമി അസഹ്യതയോടെ കുഞ്ഞിനെ നോക്കി.. പിന്നെ ദേഷ്യത്തോടെ തല ചൊറിഞ്ഞു….
കുഞ്ഞിന്റെ കരച്ചിൽ അവളുടെ കാതിലേക്ക് തുളച്ചു കേറി കൊണ്ടിരുന്നു… അവൾ ഇരു ചെവിയും പൊത്തി പിടിച്ചു….. ആമിയുടെ മുഖത്ത് ചുളിവുകൾ വീണു….
പിന്നെ ദേഷ്യത്തോടെ ചെവിയിൽ നിന്നും ഇരുകൈകളും മാറ്റി കൊണ്ട് ചുറ്റും നോക്കി… അവിടെ കിടന്ന ഫില്ലോയിൽ അവളുടെ കണ്ണുകൾ ഉടക്കി….
“നിന്റെ കരച്ചിൽ ഞാൻ മാറ്റി തരാം…” അവൾ ആ ഫില്ലോ കുഞ്ഞിന്റെ മുഖത്തേക്ക് വെച്ച് അമർത്തി…. കുഞ്ഞിന്റെ കരച്ചിൽ നേർത്തു വന്നു… അത് കൈയ്യും കാലും ഇട്ടടിച്ചു കൊണ്ടിരുന്നു…. മെല്ലെ മെല്ലെ ആ കുഞ്ഞി ശരീരം നിശ്ചലമായി….
“കുഞ്ഞിമണി…”ദീപക്ക് ഒരലർച്ചയോടെ ചാടി എഴുനേറ്റു…..
കട്ടിലിന്റെ ഒരു അരികിൽ കുഞ്ഞിനേയും എടുത്തു കൊണ്ട് ഇരിക്കുകയായിരുന്ന ആമി അവനെ ഒന്ന് നോക്കി…
“ന്തായി… ദീപുച്ചേട്ടാ….”
“ഒന്നും ഇല്ല… ന്തേ മോള് കിടക്കുന്നില്ലേ….” അവൻ തിരക്കി…
“കിടക്കുമ്പോൾ ഉണരുവാ….” അവളുടെ തിളക്കം മങ്ങിയ കണ്ണുകളിൽ ദയനീയ ഭാവം നിറഞ്ഞു…
“പാൽ കൊടുത്തില്ലേ….”അപ്പോളും ചുരനൊഴുകി നനഞ്ഞിരുന്നു അവളുടെ മാറിടം
“കുറച്ചേ കുടിക്കൂ ദീപുചേട്ടാ വല്ലാത്ത വിങ്ങലാ.. പിഴിഞ്ഞ് കളഞ്ഞാലും…” അവളുടെ ശബ്ദം ഇടറി…
“ഇങ്ങു താ…”അവൻ കുഞ്ഞി മണിയെ കൈകളിലേക്ക് വാങ്ങി അവൾ കുഞ്ഞിനെ അവന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു….
“വാ…”ദീപു കുഞ്ഞിനെ ഒരു കൈയ്യിൽ മാറോടു ചേർത്ത് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി…
ഒരുപാട് ആശിച്ചിരുന്ന പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു പിന്നെ ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങി…..
“വല്ലാതാകുകയാണോ എന്റെ കൊച്ച്…പോട്ടെ ഞാനുണ്ട് കൂടെ പേടിക്കേണ്ടാട്ടോ… ടെൻഷൻ ഒക്കെ നമുക്ക് മാറ്റാം…”അവൻ അവളെ ചേർത്ത് പിടിച്ചു
നാളുകളായി തലയിൽ അനുഭവപ്പെട്ടിരുന്ന ഭാരം തെല്ല് ഒഴിഞ്ഞത് പോലെ തോന്നി ആമിക്ക്.. അവൾ അവനോട് ചേർന്ന് അങ്ങനെ കിടന്നു…
ദീപുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു… എത്ര അനുഭവിച്ചിരിക്കണം തന്റെ പെണ്ണ് അവളെ അറിയാതെ പോയ തന്നോട് അവന് തന്നെ ദേഷ്യം തോന്നി…
കുഞ്ഞിമണി രാവിലെ തന്നെ എഴുനേറ്റു… കുഞ്ഞി കൈകൾ ചുരുട്ടി പിടിച്ച് ഒന്നു നിവർന്നുകൊണ്ട്….കുഞ്ഞി കൊട്ടുവായിട്ട്… അവൾ ചുറ്റും നോക്കി….
“അച്ഛന്റെ കുഞ്ഞിപെണ്ണ് ഉണർന്നോ…” ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന ദീപക് ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു…
“ഇങ്ങേ….”അവൾ ശബ്ദമുണ്ടാക്കി ചിരിച്ചു….
“വാ… അച്ഛൻ എടുക്കാലോ… അമ്മ ഉറങ്ങിക്കോട്ടെ… കളിപ്പെണ്ണ് രാത്രി അമ്മയെ ഉറക്കൂലാലോ…”അവൻ കുഞ്ഞിനെ എടുത്തു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി….
കുഞ്ഞിനേയും കൊണ്ട് അവൻ നേരെ കിച്ചണിലേക്കാണ് ചെന്നത്…. കുഞ്ഞിനെയും കൊണ്ട് വരുന്ന അവനെ കണ്ടപ്പോൾ അമ്മയുടെ നെറ്റി ചുളിഞ്ഞു…..
“തമ്പുരാട്ടി ഇനിയും എഴുന്നേറ്റില്ലേ….” അവർ പുച്ഛിച്ചു
“അവൾക്ക് രാത്രി തീരെ ഉറക്കം കിട്ടുന്നില്ലമ്മേ… ഉറങ്ങി കോട്ടെ….”അവൻ ശാന്തമായി പറഞ്ഞു
“കൊള്ളാം… എടാ എല്ലാ പെണ്ണുങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ്… ചുമ്മാതാണോ നിയൊക്കെ ഇത്രയായെ….” അവർ കറിക്കാരിയുന്നതിനിടയിൽ പറഞ്ഞു….
“അങ്ങനെ അല്ലാമ്മേ.. എല്ലാവരും ഒരുപോലെ ആകില്ല… ചിലർക്ക് ഈ ട്രെസ്സ് താങ്ങാൻ ആകില്ല…. അമ്മ ശ്രെദ്ധിച്ചില്ലേ ആമി അവൾ ഇങ്ങനെ ആയിരുന്നോ….”അവൻ അമ്മയുടെ അടുത്തേക്ക് വന്നു നിന്നു
“നീയെന്താ പറയുന്നത്….”ലക്ഷ്മി കൈ കഴുകി തുടച്ചു കൊണ്ട് കുഞ്ഞിനെ കൈയ്യിലേക്ക് വാങ്ങി…
“അമ്മയ്ക്കറിയാലോ അവളുടെ ഡെലിവറി കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നെന്ന്…. കൂടാതെ അവളുടെ അമ്മയ്ക്ക് അധിക ദിവസം അവൾക്കൊപ്പം എപ്പോളും നിൽക്കാനും കഴിഞ്ഞിട്ടില്ല… അമ്മ ഒന്ന് ഓർത്തു നോക്കൂ…” അവൻ പറഞ്ഞു
“അതിനിങ്ങനെ മടി പിടിച്ചിരുന്നിട്ടെന്തിനാ…” അവർക്ക് മനസിലായില്ല
“മടിയല്ല അമ്മേ… അവൾക്ക് പറ്റുന്നില്ല എന്നതാ സത്യം…. കുഞ്ഞ് പാല് കുടിക്കുന്നില്ല… അതിന്റേതായ അസ്വസ്ഥതകളും ഉണ്ട് അവൾക്ക്… ഇതൊക്കെ അവൾക്ക് നമ്മളോട് പറയാനും പറ്റുന്നില്ല… പറഞ്ഞാൽ തന്നെ എല്ലാവർക്കും ഉള്ളതായി പറഞ്ഞ് നമ്മളത് തള്ളും….”
“ഇപ്പോൾ ഞാൻ ന്താ ചെയ്യേണ്ടേ….” അവർ അവനെ നോക്കി…
“ഇന്നലെ മുതലാ ഞാൻ അവളെ ശെരിക്കും ശ്രെദ്ധിച്ചേ… ഞാനത് എന്റെ ഫ്രണ്ട് കിരണിനോട് പറയുകയും ചെയ്തു അപ്പോൾ അവന്റെ വൈഫ് ആണ് ആ അവസ്ഥയെ പറ്റി വിശദീകരിച്ചത്….”
അവൻ അമ്മയുടെ കൈയ്യിൽ ഇരിക്കുന്ന കുഞ്ഞിമണിയെ ഒന്നു തലോടി കൊണ്ട് തുടർന്നു…
“കൂടെ നിൽക്കണം… സ്നേഹമായും കരുതലായും ഒക്കെ…. അവൾക്കും കുഞ്ഞിനും വേണ്ടതൊക്കെ ചെയ്തു കൊടുത്തിട്ട്… ചെയ്യാൻ പറ്റുന്നത് എന്തോ അത് മതി അമ്മേ ഇവിടെ…. ഞാനും അമ്മയെ സഹായിക്കാം… അവളുടെ അമ്മയോടും പറയാം….
അമ്മ കേട്ടിട്ടില്ലേ മാനസിക ആസ്വാസ്ഥതയുള്ള അമ്മ കുഞ്ഞിനെ അപായപ്പെടുത്തിയ വാർത്തകൾ… അങ്ങനെ ഒരവസ്ഥയിലേക്ക് വിട്ട് കൊടുക്കണോ നമ്മൾക്കവളെ ”
“മോനെ… “ഞെട്ടലോടെ ലക്ഷ്മി അവനെ നോക്കി
“ഇങ്ങനെയുള്ളപ്പോൾ അവളുടെ കൂടെ നമ്മൾ നിന്നെ പറ്റൂ അമ്മേ…. കൈവിട്ട് പോയിട്ട് പിന്നെ എത്ര പരിതപിച്ചിട്ടു കാര്യമില്ല….”
“അമ്മയ്ക്ക് മനസിലാകുന്നുണ്ട് മോനെ… എത്ര കേട്ടാലും നമ്മൾക്കൊക്കെ ചിലത് മനസിലാകില്ല… അങ്ങനെ ആയി പോയി ഞാനും… അമ്മയ്ക്കറിയാം എന്താ വേണ്ടതെന്ന്….” അവർ കുഞ്ഞിനെ മകന്റെ കൈയ്യിലേക്ക് തിരികെ കൊടുത്തു…
വേഗത്തിൽ രാവിലത്തെ ഫുഡ് ഉണ്ടാക്കിയിട്ട് അവർ ആമിയുടെ അരികിലേക്ക് ചെന്നു… അവൾ ഉറക്കം ഉണർന്ന് ബെഡിൽ വെറുതെ കിടക്കുകയായിരുന്നു….
“ആഹാ… മടിഞ്ഞു കിടക്കുവാണോ… വന്നേ ഈ മുടിയിലൊക്കെ അമ്മ എണ്ണ തേച്ച് തരാം ന്നിട്ടൊന്ന് കുളിക്കാം…. എന്താ…” അവർ സ്നേഹത്തോടെ അവളുടെ കൈയ്യിൽ പിടിച്ച് എഴുനേറ്റു……
എണ്ണ ഇട്ടു കൊടുക്കുമ്പോൾ ഒക്കെ ലക്ഷ്മി അവളോട് സംസാരിച്ചു കൊണ്ടിരുന്നു…. കുഞ്ഞിനെ പിടിച്ചു കൊണ്ട് ദീപുവും അവളുടെ അരികിൽ ഉണ്ടായിരുന്നു….
കുളിയൊക്കെ കഴിഞ്ഞു വന്നപ്പോളേക്കും അവൾക്ക് കഴിക്കാനുള്ളത് ലക്ഷ്മി എടുത്ത് വെച്ചിരുന്നു….
“മോളെ ഇത്തിരി പാൽ കൊടുത്തേച്ച് കുഞ്ഞിനെ ഇങ്ങു താ…. ന്നിട്ട് കഴിക്ക്….” ലക്ഷ്മി കുഞ്ഞിനെ അവളുടെ കൈയ്യിലേക്ക് വെച്ച് കൊടുത്തു..
ലിവിങ് റൂമിൽ ഇരുന്നു തന്നെ അവൾ കുഞ്ഞിന് പാലൂട്ടാൻ തുടങ്ങി… ദീപക് അത് നോക്കി ഒന്ന് പുചിരിച്ചു കൊണ്ട്…. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് പാലപ്പവും സ്റ്റൂവും എടുത്തു….
പാലപ്പത്തിൽ സ്റ്റൂ മുക്കി അവൻ അവൾക്ക് നേരെ നീട്ടി… ദീപ്പുവിനെ കണ്ണീരോടെ നോക്കി കൊണ്ട് അവൾ അത് കഴിച്ചു….
ലക്ഷ്മി സന്തോഷത്തോടെ അത് നോക്കി നിന്നു… പാല് കൊടുത്തു കഴിഞ്ഞപ്പോൾ അവർ കുഞ്ഞിനെ വാങ്ങി കൊണ്ട് പോയി…
കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ ആമിയ്ക്ക് ഇടാൻ ആവിശ്യമായ ഡ്രസ്സും മറ്റും ദീപക്ക് തന്നെ എടുത്ത് കൊടുത്തു….
ഹോസ്പിറ്റലിലേക്ക് Dr. റെ കാണാൻ ഇറങ്ങുമ്പോളും ദീപക്ക് അവളെ ചേർത്ത് പിടിച്ചിരുന്നു… കൂടെ കുഞ്ഞുമായി അമ്മയുമുണ്ടായിരുന്നു…
ആമി തന്നെ ചേർത്ത് പിടിച്ച കൈകളിലേക്ക് നോക്കി… പിന്നെ മുഖമുയർത്തി തന്റെ പാതിയെ നോക്കി…
മെല്ലെ മെല്ലെ അവളുടെ മനസ്സിലെ കരിനിഴൽ നീങ്ങി വന്നു നാളുകൾക്ക് ശേഷം ആ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു…