(രചന: ജ്യോതി കൃഷ്ണ കുമാർ)
“”അതേ വെയ്റ്റിംഗ് പറ്റൂല്ല ട്ടൊ “”
“”ഇല്ല ചേട്ടാ ദേ വന്നു “” എന്ന് പറഞ്ഞു ആ പെൺകുട്ടി ധൃതിയിൽ ഉള്ളിലേക്ക് കയറി പോയി…””
ഏതോ കല്യാണ മണ്ഡപത്തിലേക്ക് ഓട്ടം കിട്ടി വന്നതായിരുന്നു ഗോപൻ ..
അത് കഴിഞ്ഞു സ്കൂൾ ട്രിപ്പ് ഉള്ളതാ അതിന്റെ മുന്നേ വീട്ടിൽ പോണം ഊണ് കഴിക്കണം അമ്മക്ക് വാങ്ങിയ മരുന്നു കൊടുക്കണം…
വീട്ടിലേക്ക് പോവാനായി സ്റ്റാർട്ട് ചെയ്തപ്പോഴാ ഈ പെൺകൊച്ചു വന്നു കേറിയെ…. ഒരു പത്തോ പതിനേഴോ വയസ്സുള്ള സുന്ദരി കൊച്ച്
മീന മാസം അല്ലേ നല്ല വെയിൽ… സ്റ്റാൻഡിൽ ആണേ വേറെ ഓട്ടോയും ഇല്ല… അങ്ങനെ ആയിരുന്നേൽ ഉറപ്പായും ഈ ഓട്ടം എടുക്കില്ലായിരുന്നു….
പെട്ടെന്ന് വരാം എന്ന് അവൾ പറഞ്ഞെങ്കിലും വലിയ പ്രതീക്ഷ ഒന്നുമുണ്ടായിരുന്നില്ല…
കല്യാണത്തിന് അല്ലേ വന്നത് ഇനി ഇപ്പോൾ ഊണും കഴിച്ചു വരൂ എന്നുള്ള കണക്കുകൂട്ടലിൽ ഫോണും തോണ്ടി ഇരുന്നു….
പെട്ടെന്നാണ് അവൾ കണ്ണുതുടച്ച് വന്ന്,
“”” പോവാം ചേട്ടാ””” എന്ന് പറഞ്ഞത്…
കല്യാണ വീട്ടിൽ നിന്ന് അവൾ ഊണ് പോലും കഴിക്കാതെ പോയ അതേ സ്പീഡിൽ കരഞ്ഞു കൊണ്ട് ഇറങ്ങി വന്നതിന് കാരണം എന്താണ് ഓർക്കുകയായിരുന്നു ഞാനപ്പോൾ….
നേരിട്ട് ചോദിക്കാൻ ഒരു മടി അതുകൊണ്ടുതന്നെ മിണ്ടാതെ സ്റ്റാൻഡിലേക്ക് വണ്ടി ഓടിച്ചു….
പകുതി വഴിയിൽ എത്തിയപ്പോൾ ഒരു പാലം ഉണ്ട്….. അവിടെ എത്തിയതും,
“”ചേട്ടാ എന്നെ ഇവിടെ വിട്ടാൽ മതി”””” എന്ന് അവൾ പറഞ്ഞു..
അവളുടെ മട്ടും ഭാവവും കണ്ട് എനിക്ക് എന്തോ പന്തികേട് തോന്നി…. ചോദിക്കണ്ട എന്ന് വിചാരിച്ചിട്ട് പോലും ചോദിച്ചുപോയി…
“”ചാവാൻ ആണോ കൊച്ചേ എന്ന്???”
തുറിച്ചൊരു നോട്ടം ആയിരുന്നു തിരിച്ചു കിട്ടിയത്….
“””പാലത്തിനു താഴേക്ക് ചാടുന്ന ഒക്കെ കൊള്ളാം… മീനമാസം ആണ് ഒരു തുള്ളി വെള്ളം കാണത്തില്ല… കയ്യോ കാലോ ഓടിയത്തെയുള്ളൂ “””
എന്ന് അവൾ തന്ന പൈസ മേടിച്ച് കീശയിൽ ഇടുമ്പോൾ ഞാൻ പറഞ്ഞു….
അവൾ എന്തിനാണ് അവിടെ ഇറങ്ങിയതെന്ന് അറിയാൻ വളരെ കൗതുകം ഉണ്ടായിരുന്നു…
അതുകൊണ്ടുതന്നെ പതുക്കെ സ്റ്റാർട്ട് ചെയ്തു കണ്ണാടിയിൽ അവളെയും നോക്കി വണ്ടി മുന്നോട്ടെടുത്തു….
നട്ട പൊരിവെയിലത്ത് പാലത്തിൽ രണ്ട് കൈയും ഊന്നി അങ്ങുദൂരെ നോക്കി നിൽക്കുന്നവളെ കണ്ടു….
വട്ടാണോ ദൈവമേ… ഇജ്ജാതി വെയിലത്ത് ഇങ്ങനെ നിൽക്കാൻ “””” എന്നോർത്ത് പാലത്തിന് അപ്പുറത്തുള്ള മമ്മദ് ഇക്കയുടെ ചായകടയുടെ ഓരം ചേർത്തു നിർത്തി…
അപ്പോളും അവൾ അങ്ങനെ തന്നെ നിൽക്കുന്നുണ്ടായിരുന്നു..
മെല്ലെ അവളുടെ അടുത്തേക്ക് നടന്നെത്തിയപ്പോൾ അവൾ കരയുക ആണെന്ന് മനസ്സിലായി…
“””കൊച്ചേ “”””
എന്ന് വിളിച്ചതും അവൾ ഏതോ ലോകത്ത് നിന്നും ഉണർന്നു..
“”ഏതോ ഒരുത്തനെ പ്രേമിച് അവൻ തേച്ചു കാണും അല്ലിയോ… ഇപ്പോ നിന്നു മോങ്ങുന്നു “”””
അത് കേട്ട് അവൾ താല്പര്യമില്ലാത്ത പോലെ മുഖം തിരിച്ചു…
“”അവൻ കെട്ടുന്നത് കാണാനാണോ ഇപ്പോ വന്നേ… കണ്ടല്ലോ ഇനി വീട്ടിൽ പോവാൻ നോക്ക്.. അമ്മേം അച്ഛനും ഒക്കെ കാത്തിരിക്കുന്നുണ്ടാവും”””
“””നിങ്ങൾ പൊയ്ക്കോ “””
എന്ന് സഹികെട്ടു ആവണം അവൾ പറഞ്ഞത്…
“”അങ്ങനങ്ങു പോവാൻ ഒക്കുവോ… എന്റെ വണ്ടീൽ കേറി വന്നിട്ട് ചാ കാൻ നോക്കിയാ എനിക്കും കൂടെ പ്രശ്നാ….””
“””ഞാൻ ചാ കില്ല.. പോരെ….”””
“”പിന്നെ ഈ പൊരി വെയിലത്തു കുറ്റി അടിച്ച പോലെ നിൽക്കാൻ എന്നാ വട്ടാണോ…കരിഞ്ഞു പോവും കൊച്ചേ…..”””
“””ഉള്ള് വേവുമ്പോ പുറത്തെ ഈ ചൂട് അറിയത്തില്ല ചേട്ടാ “””
എന്നവൾ പറഞ്ഞപ്പോൾ ശരിക്കും ദേഷ്യം വന്നു…
ജനിപ്പിച്ച തന്തേം തള്ളേം ഓർക്കാതെ ഏതോ ഒരുത്തന്റെ കല്യാണം കഴിഞ്ഞതാണോടി ഇപ്പോ നിന്റെ ഉള്ള് വേവിക്കണെ “””
“”ചേട്ടൻ എന്തറിഞ്ഞിട്ടാ “”””
അവൾ പുച്ഛത്തോടെ ചോദിച്ചതും മെല്ലെ അവളെ നോക്കി…
“”ഏതോ ഒരുത്തൻ തേച്ചെന്നും പറഞ്ഞു ചാ വാൻ മാത്രം വിഡ്ഢി അല്ല ഞാൻ… അവിടെ നടന്നത് എന്റെ അച്ഛന്റെ കല്യാണമാ…
കുറെ ആയി ഞങ്ങളെ ഉപേക്ഷിച്ച മട്ടാ… തീരെ വീട്ടിൽ വരില്ല… പാവാ എന്റെ അമ്മ എല്ലാം സഹിച്ച് ഒതുങ്ങി കൂടി…..
എന്നിട്ടും അച്ഛൻ എന്ന് പറയുന്ന ആൾ….. ആരോ പറഞ്ഞറിഞ്ഞു ഇന്നയാളുടെ കല്യാണം ആണെന്ന്… ഞങ്ങൾ രണ്ടു പേരും വിശ്വസിച്ചില്ല… എന്നായാലും തിരിച്ചു വരും എന്ന് കരുതി….
പക്ഷെ… ഒറപ്പിക്കണമായിരുന്നു എല്ലാം നേരിൽ കണ്ട്.. അതിന് വന്നതായിരുന്നു…. അമ്മയോട് എന്താ പറയാ എന്ന ഇത്രേം നേരം ഓർത്തെ… അമ്മ കേട്ടത് വിശ്വസിച്ചിട്ടില്ല എന്റെ അത്ര പോലും….””
“””നിങ്ങൾക്ക് വേറെ ആരും “”””
എന്തോ ആ കുട്ടിയോട് ഒരു പാവം തോന്നി….
“””ഇല്ല, അമ്മ അച്ഛനെ സ്നേഹിച്ചു പോരുകയായിരുന്നു വീട്ടുകാരെ ധിക്കരിച്ചു… ആരും സഹകരിക്കില്ല “””
“”വീട്ടിൽ ഞാൻ കൊണ്ടു വിടാം വാ “””
എന്ന് പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാതെ അവൾ കൂടെ വന്നു…
അവൾ പറഞ്ഞ വഴിയിലൂടെ ഒക്കെ പോയി…
“””താൻ എന്താ അമ്മയോട് പറയാൻ പോണേ “””
ആകാംഷ കൊണ്ട് ഞാൻ അവളോട് ചോദിച്ചു…
“””ഞാൻ ഉണ്ടെന്നു പറയും ഒരു കാര്യവും ഇല്ലാതെ ഇട്ടിട്ട് പോയ അയാൾ ഇനി ഞങ്ങടെ ജീവിത്തത്തിൽ വേണ്ടാ എന്ന് പറയും.. എനിക്ക് അമ്മയും അമ്മക്ക് ഞാനും… ഞാൻ നോക്കും എന്റെ അമ്മയെ…””
അത് പറയുമ്പോൾ അവളുടെ കണ്ണിലെ ആത്മാധൈര്യം ശരിക്കും അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു…
“””അതേ തനിക്ക് അമ്മയും അമ്മക്ക് താനും മതി എന്നെ “””””
എന്ന് അവളോട് അത് കണ്ട് പറഞ്ഞു പോയി….
അവളുടെ വീടിനരികെ ഏത്തിയതും ഒരാൾക്കൂട്ടം… ഓടി ഇറങ്ങി അവൾ…. അന്വേഷിച്ചപ്പോൾ അവൾ പോയതും അവളുടെ അമ്മ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചു എന്നറിയാൻ കഴിഞ്ഞു…
അപ്പോൾ ചെവിയിൽ മുഴങ്ങിയത് ജീവിതത്തിൽ തോൽക്കാൻ ഇഷ്ടമില്ലാത്ത അവളുടെ വാക്കുകൾ ആയിരുന്നു..
“””അമ്മക്ക് ഞാനും എനിക്ക് അമ്മയും””” എന്ന്…
പക്ഷെ ആ അമ്മയും അവളെ തോൽപിച്ചു..
അത്രക്ക് ആ പാവം പെണ്ണിനോട് വിധി ക്രൂരമാവേണ്ടായിരുന്നു എന്ന് തോന്നി പോയി…
ഒന്ന് അകത്തേക്ക് കയറി…. അവിടെ ചെന്നപ്പോൾ അവൾ ജീവനില്ലാത്ത അമ്മക്കരികിൽ ഇരിപ്പുണ്ടായിരുന്നു.. അമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ….
അവളെ തോൽപിച്ചതിന്റെ ദേഷ്യമാകാം…. എല്ലാരും പിരിഞ്ഞു പോയി… ഒരു പിടി ചാരമായി അവളുടെ അമ്മയും….
ഒറ്റക്കായ പാവത്തിനടുത്തേക്ക് ഞാൻ എന്റെ അമ്മയെ പറഞ്ഞു വിട്ടു…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മ തന്നെ ആണ് അവളെ കാണണം എന്ന് പറഞ്ഞത്…
ഇത്രേം നേരമായും അവൾ ഒന്ന് കരഞ്ഞത് പോലും ഇല്ലാ എന്നത് അത്ഭുതമായിരുന്നു…
അമ്മ അവളെ സമാധാനിപ്പിക്കുന്നുണ്ട്…
ഒന്നും ശ്രെദ്ധിക്കുന്നില്ലായിരുന്നു അവൾ…
“ആരോരും ഇല്ലാത്ത ഇതിനെ എങ്ങനാടാ ഇവിടെ ഒറ്റക്കാക്കണേ…?? ”
എന്ന് ചോദിച്ച് അമ്മ അവളെ കൂടെ കൂട്ടിയിരുന്നു…. ആദ്യം എതിർത്തു അവൾ പിന്നെ സമ്മതിച്ചു വരാം എന്ന്…
ഇന്നിപ്പോൾ എനിക്ക് അനിയത്തികുട്ടി ആണ് അവൾ… ജീവിതത്തിന്റെ യാത്രയിൽ നിന്നും എനിക്ക് കിട്ടിയ എന്റെ അനിയത്തി കുട്ടി…