പൂക്കാലം കൊതിച്ചവർ
(രചന: Jolly Shaji)
“ഇന്ദു മോനെ കിടത്തി ഉറക്കിക്കേ എനിക്ക് ഉറക്കം വരുന്നു…”
“ശ്രീയേട്ടന് ഉറങ്ങിക്കൂടെ ഞാനും മോനും പകൽ ഉറങ്ങിയിട്ട് വൈകിയാണ് എണീറ്റത്…”
“ഇതിപ്പോ ഒരു പതിവ് ആക്കിയേക്കുവാ അല്ലെ അമ്മയും മോനും കൂടെ പകലുറങ്ങി രാത്രിയിൽ എണീറ്റിരുന്നു കളിക്കൽ…
പാവം ഞാൻ പകൽ കഷ്ടപ്പെട്ടു വന്നിട്ടു ഭാര്യെനെ ഒന്ന് കെട്ടിപിടിച്ചു ഉറങ്ങാന്നു വെച്ചാൽ അവളെ കിട്ടില്ല…”
“ഹാ സഹിച്ചോ… മോന് അഞ്ചു വയസ്സാവൻ പോകുന്നു ഇനി അപ്പൻ തന്നെ കിടന്നുറങ്ങിയാൽ മതി.. എനിക്കെ എന്റെ മോന്റെ കൂടെ വേണം എപ്പോളും… അവനു കളിക്കാൻ ആരുമില്ലല്ലോ അവൻ ഒറ്റക്കാവും…”
“എടിയേ ഇനിയും നമുക്ക് ഒന്ന് ശ്രമിച്ചാൽ അവന് ഒരു കൂട്ടുകാരിയെ കൊടുക്കാൻ പറ്റും… താൻ ഒന്ന് പകലുറക്കം നിർത്തി മോനെ രാത്രിയിൽ ഉറക്കിയാൽ മാത്രം മതി..”
“അയ്യടാ ആ പൂതി മനസ്സിൽ ഇരിക്കട്ടെ.. എന്റെ മോന് കൊടുക്കേണ്ട സ്നേഹം പകുത്ത് ഇനിയൊരു കുഞ്ഞിന് കൊടുക്കാൻ ഞാൻ ഒരുക്കമല്ല… ഇനി എന്റെ സ്നേഹം മുഴുവനും അവനു വേണ്ടിയാണ്… ന്റെ ജീവിതവും..”
“തനിക്കു ഇപ്പൊ മോൻ മാത്രം മതി.. എന്റെ കാര്യത്തിൽ ശ്രദ്ധയെ ഇല്ല… മോനും അതേ അമ്മയെ മതി… എന്റെ അടുത്തൊന്നു വരിക പോലുമില്ല..”
“മിക്ക ആൺകുട്ടികളും ഇങ്ങനെ ആണ് ശ്രീയേട്ടാ… അവർക്ക് അമ്മയോട് ആവും അടുപ്പം കൂടുതൽ.. പെൺകുട്ടികൾക്കു അപ്പന്മാരോടും..”
“ഇതൊക്കെ അറിഞ്ഞിട്ടും നീയെനിക്കൊരു മോളെ തന്നില്ലല്ലോ ”
“ആ ഇനി ഇപ്പൊ ഇങ്ങനെ ഒക്കെ മതി..”
“എങ്കിലേ അമ്മയും മോനും ഇറങ്ങിക്കെ മുറിയിൽ നിന്നും എനിക്ക് ഉറങ്ങണം…”
“വാടാ കണ്ണാ നമുക്ക് ഹാളിൽ പോകാം അച്ഛ ഉറങ്ങിക്കോട്ടെ…”
ഇന്ദു കണ്ണനെയും കൊണ്ട് മുരിക്ക് വെളിയിലേക്കു പോയി… ശ്രീ കണ്ണടച്ചു കമിഴ്ന്നു കിടന്നു… ഉറക്കം വരുന്നില്ല…
അറിയാതെ അയാൾ ആ വാകമരച്ചോട്ടിലേക്കു മനസ്സ് പായിച്ചു..
“മാളൂ നീയെന്തിനാടി എന്നെ ഇത്രയും സ്നേഹിക്കുന്നത്… ഒന്നാകാൻ പോലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല…”
“ശ്രീ വിളിച്ചാൽ ഞാൻ ഇറങ്ങിവരും.. ശ്രീ ഇല്ലാതെ എന്റെ ജീവിതം ഒരിക്കലും പൂർണ്ണമാവില്ല…’
“അതിന് നിന്റെ വീട്ടുകാർ സമ്മതിച്ചിട്ടു വേണ്ടേ മോളെ… അവര് നമ്മളെ സന്തോഷത്തോടെ കഴിയാൻ അനുവദിക്കില്ലെടാ..”
“നമുക്ക് എങ്ങോടെലും ഓടിപ്പോകാം ശ്രീ.. ആരും തേടിവരാത്ത ഒരിടത്തേക്ക്… അവിടെ ഞാനും എന്റെ ശ്രീയും മാത്രം…
കുറച്ച് മണ്ണ് വാങ്ങി അതിൽ കൃഷി നട്ടുവളർത്തി അതിന്റെ ഫലങ്ങൾ ഭക്ഷിച്ച് ഒരുമിച്ചു ഉണ്ടും കുളിച്ചും ഉറങ്ങിയും നമ്മൾ മാത്രം…
നമ്മിൽ ഒരാൾ ഇല്ലാതാകുമ്പോൾ കൂടെ അടുത്തയാളും കൂടെ പോകണം… അങ്ങനെ മതി ശ്രീ എനിക്ക്…”
“അപ്പോൾ കുട്ടികൾ ഒന്നും വേ ണ്ടേ.”
“വേ ണ്ട ശ്രീ… എന്റെ മോൻ ആയി ശ്രീയും ശ്രീയുടെ മോൾ ആയി ഞാനും മതി… നമുക്ക് നമ്മളെ കൊഞ്ചിക്കാം കുളിപ്പിക്കാം ഊട്ടിക്കാം ഒരുക്കാം ഉറക്കാം… അതുപോരെ..”
“എനിക്ക് മനസ്സിലാവും മോളെ എന്റെ സ്നേഹം പങ്കുവയ്ക്കാൻ നിനക്ക് ഇഷ്ടമില്ലെന്നു…”
“ഏട്ടാ..”
ആ വിളിയാണ് ശ്രീകുമാറിനെ ഉണർത്തിയത്…
“എന്താടോ തന്റെ മുഖം വല്ലാതെ ഉണ്ടല്ലോ താൻ കരഞ്ഞോ..”
“ഇല്ല പക്ഷെ എനിക്ക് താങ്ങാൻ പറ്റുന്നില്ല ഏട്ടാ…”
“എന്താടോ ഭാര്യേ ഇപ്പോൾ തന്റെ പ്രശ്നം..”
“കണ്ണൻ ഒരാഴ്ച്ച കൂടി ഇന്ന് വിളിച്ചു…”
“ഉവ്വോ… ഞാൻ എപ്പോ മയക്കത്തിൽ അവനെ സ്വപ്നം കണ്ടതെ ഉള്ളു… എന്ന അവര് വരുന്നത്… ഈ മാസം നോക്കാം എന്ന് കഴിഞ്ഞമാസം പറഞ്ഞതല്ലേ..”
“അതേ പക്ഷെ അവർ വരുന്നില്ലെന്ന്..”
“വരുന്നില്ലേ.. എന്താ ഈ കുട്ടികൾ ഇങ്ങനെ.. ഇപ്പൊ നാലുവർഷം ആയേക്കുന്നു നാട്ടിൽ നിന്നും പോയിട്ടു…
അവന്റെ മോൾക്ക് ഒരു വയസ്സ് ആയപ്പോൾ കണ്ടതല്ലേ… ഇളയത് ഒരു മോൻ ഉണ്ടെന്നു പറഞ്ഞ് അറിഞ്ഞതല്ലാതെ ഒരു നോക്കു കാണാൻ പറ്റിയിട്ടില്ല…”
“എനിക്കും ആ കുഞ്ഞിനെ ഒന്ന് കാണാൻ വല്ലാതെ കൊതിയാകുന്നു..”
“ഇപ്പൊ അവനു വെക്കേഷൻ സമയം അല്ലെ പിന്നെന്താ വരുന്നില്ലാത്തതു.. താൻ ചോദിച്ചില്ലേ..”
“മോൾക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ടത്രേ… അവൻ കൂടെ ഇരുന്നാലേ കുഞ്ഞ് പഠിക്കുകയൊള്ളു അത്രേ… ആമിക്ക് കുഞ്ഞിമോന്റെ കാര്യം നോക്കണ്ടേ…”
“അങ്ങനെ ആണെടോ എല്ലാവർക്കും അവരുടെ കാര്യങ്ങൾ ആണ് വലുത്.”
“എങ്കിലും ശ്രീയേട്ടാ ഞാൻ അവനെ എത്ര സ്നേഹിച്ചാണ് വളർത്തിയത്… അവനുണ്ടായതിൽ പിന്നെ അവന്റെ ലോകത്തേക്ക് ഒതുങ്ങി മാറിയതല്ലേ ഞാൻ നിങ്ങളിൽ നിന്നും… എന്നിട്ടും അവൻ ഒന്നും അറിയാതെ പോയല്ലോ..”
“മം.. നമുക്ക് നമ്മൾ മതിയെടോ.. നമ്മിൽ ഒരാൾ ഇല്ലാതാകുമ്പോൾ എങ്ങനെ എന്നത് മാത്രമാണ് ഇന്നെന്റെ വേദന…”
“ഉള്ളിടത്തോളം നമ്മൾ ആയിരിക്കാം ശ്രീയേട്ടാ… പോകുമ്പോൾ നമുക്കൊരുമിച്ചു പോവുകയും ചെയ്യാം…”
വല്ലാത്ത സങ്കടത്തോടെ അവർ തങ്ങളുടെ ലോകത്തേക്ക് ഒതുങ്ങി…