“അമ്മ എന്താണ് ഈ പറയുന്നത്? ആ ഭ്രാന്തന്റെ ഭാര്യയായി ഞാൻ ഈ ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കണം എന്നാണോ?അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു.”

(രചന: അംബിക ശിവശങ്കരൻ)

“അമ്മ എന്താണ് ഈ പറയുന്നത്? ആ ഭ്രാന്തന്റെ ഭാര്യയായി ഞാൻ ഈ ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കണം എന്നാണോ?അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു.” കരഞ്ഞുകൊണ്ട് അവൾ തന്റെ അമ്മയോട് ഒച്ച വെച്ചു.

” അങ്ങനെയൊന്നും പറയാതെ മോളെ… ആ കുട്ടിക്ക് മോള് കരുതുന്ന പോലെ ഭ്രാന്ത് ഒന്നുമില്ല. ജീവനുതുല്യം പ്രണയിച്ച പെൺകുട്ടി കൺമുന്നിൽ വച്ച് മരണപ്പെട്ടപ്പോൾ ഉണ്ടായ ഒരുതരം മാനസിക വിഭ്രാന്തി.

എന്ന് കരുതി ആ പാവം ഇന്നു വരെ ആരെയും ഉപദ്രവിക്കുകയൊന്നും ചെയ്തിട്ടില്ല. എവിടെയെങ്കിലും ഒറ്റയ്ക്കിരുന്ന് കരയും ചിലപ്പോൾ തനിച്ചിരുന്ന് എന്തെങ്കിലുമൊക്കെ പറയുന്നത് കാണാം.

നല്ലൊരു ഡോക്ടറാണ് ചികിത്സിക്കുന്നത്. ഇപ്പോൾ ഒരുപാട് മാറ്റവും ഉണ്ട്. ഒരു വിവാഹ ജീവിതത്തിലൂടെ, ഒരു പെൺകുട്ടിയുടെ സാമീപ്യത്തിലൂടെ പൂർണമായും ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ഡോക്ടർ പറഞ്ഞത്. ”

“ആഹ് ബെസ്റ്റ്.. ഇത്തരം കോമാളിത്തരത്തിന് ഒരു അച്ഛനും അമ്മയും കൂട്ടുനിൽക്കാത്തതുകൊണ്ട് അവിടുത്തെ ജോലിക്കാരിയായ അമ്മയെ തന്നെ അവർ കരുവാക്കി. കടപ്പാടിന്റെ പേരും പറഞ്ഞ് അമ്മയ്ക്ക് മറുത്തൊരു വാക്ക് പറയാനും നിവൃത്തിയില്ലല്ലോ…

ഒരു പരീക്ഷണ വസ്തുവായി എന്റെ ജീവിതം ഹോമിക്കാൻ എനിക്ക് താല്പര്യമില്ല. എനിക്കും ഉണ്ടാകില്ലേ എന്റെ ജീവിതത്തെക്കുറിച്ച് മോഹങ്ങളും സങ്കല്പങ്ങളും. ഇതിനുവേണ്ടിയാണോ ഞാൻ ഇത്രയും പഠിച്ചത്?”

തന്റെ മകൾ പറയുന്നത് തികച്ചും ന്യായമായിരുന്നുവെങ്കിലും അവർക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

“എന്റെ മോളുടെ ചോദ്യങ്ങൾക്ക് ഒന്നും അമ്മയ്ക്ക് ഇപ്പോൾ ഉത്തരമില്ല.പക്ഷേ ആ തറവാട്ടുകാർ ഒരു കാര്യം ആവശ്യപ്പെട്ടാൽ അമ്മയ്ക്ക് എതിര് പറയാൻ കഴിയില്ല. ഇന്നെന്റെ മുന്നിൽ അപേക്ഷയായിട്ടാണ് അവരത് പറഞ്ഞത്.

അപ്പോൾ എനിക്ക് എങ്ങനെയാ മോളെ പറ്റില്ലെന്ന് പറയാൻ കഴിയുക?നിന്റെ അനിയത്തി വയറ്റിലുള്ളപ്പോഴാണ് നിങ്ങളുടെ അച്ഛനെ ദൈവം വിളിച്ചത്.നിന്നെ ഒക്കിലും വെച്ച് നിറ വയറുമായി വിശന്നു വലഞ് നിവൃത്തിയില്ലാതെയാണ് ഞാൻ ആ വീട്ടുമുറ്റത്ത് ചെന്ന് നിന്നത്.

അന്നോളം ഇന്നുവരെ പട്ടിണി എന്താണെന്ന് നമ്മൾ അറിഞ്ഞിട്ടില്ല അവർ അത് നമ്മളെ അറിയിച്ചിട്ടില്ല എന്ന് പറയുന്നത് ആണ് ശരി. നീ പറഞ്ഞ പഠിത്തത്തിന്റെ കാര്യം പോലും സത്യം പറഞ്ഞാൽ അവരുടെ ദാനമല്ലേ?മോളെ അമ്മ നിര്ബന്ധിക്കില്ല മോളുടെ തീരുമാനം പോലെ എല്ലാം നടക്കട്ടെ…”

അവൾ മറുപടി പറഞ്ഞില്ല.

“ഹലോ അരുൺ. ഇവിടെ ആകെ പ്രശ്നമാണ്. എന്റെ കല്യാണം ഏകദേശം ഉറച്ച മട്ടാണ്. ഈ കല്യാണം എങ്ങാൻ നടന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

രാത്രി എല്ലാവരും ഉറങ്ങിയ ശേഷം അവൾ ഫോണിൽ തന്റെ കാമുകനായ അരുണിനോട് ആയി അടക്കം പറഞ്ഞു.

“കല്യാണമോ അതെന്താ പെട്ടെന്ന്? ഇന്ന് രാവിലെ വരെ ഇതേപ്പറ്റിയുള്ള സംസാരം ഒന്നും ഉണ്ടായിരുന്നില്ലല്ലോ?”

“ഞാനും ഇതേപ്പറ്റി അറിഞ്ഞിരുന്നില്ല. അമ്മ പണിയെടുക്കുന്ന തറവാട്ടിലെ അച്ഛന്റെയും അമ്മയുടെയും മകനാണ്. അയാൾക്കാണെങ്കിലോ തലയ്ക്ക് നല്ല സുഖമില്ലാത്തതും. കല്യാണം കഴിപ്പിച്ച് മകന്റെ അസുഖം ഭേദമാക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. അതിനു കണ്ടെത്തിയതോ എന്നെ..

എനിക്ക് നീയില്ലാതെ പറ്റില്ല അരുൺ. നാളെ ഞാൻ ഉറപ്പിച്ചു പറയാൻ പോകുവാ എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ലെന്ന്.നമ്മുടെ കാര്യവും ഞാൻ അമ്മയോട് തുറന്നു പറയാൻ പോകുവാ.. ഇനിയും ഇത് മറച്ചുവെച്ചാൽ അപകടമാണ്.”
അവളുടെ വാക്കുകൾ തേങ്ങലായി മാറി.

” നീ കരയാതിരിക്ക് മീനാക്ഷി… ഞാൻ എന്തായാലും ഒന്ന് ആലോചിക്കട്ടെ. നീ എടുത്തു ചാടി ഒരു തീരുമാനമെടുക്കേണ്ട അവിടത്തെ അച്ഛനും അമ്മയ്ക്കും ഈ ഒരൊറ്റ മകനെ ഉള്ളൂ…? ”

” അതെ. ”

” ശരി ഞാൻ നാളെ വിളിക്കാം. എന്റെ മോള് സമാധാനമായി കിടന്നു ഉറങ്ങിക്കോ.. ” അതും പറഞ്ഞ് അവൻ കോൾ കട്ട് ആക്കി.

പിറ്റേന്ന് പതിവിലും വിപരീതമായി അവൻ ആദ്യമേ അവളെ വിളിച്ചു.

” മീനാക്ഷി നീ ഇനി ആ വിവാഹത്തിന് എതിരൊന്നും പറയാൻ നിൽക്കേണ്ട.. ”

അത് കേട്ടതും അവൾ ആകെ ഞെട്ടിത്തെറിച്ചു.

“എന്തൊക്കെയാണ് അരുൺ നീ ഈ പറയുന്നത്? നീയില്ലാതെ ഒരു ജീവിതം എനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ? ആ നിമിഷം ഞാൻ ചത്തു കളയും.” അവൾക്ക് കരച്ചിൽ അടക്കാൻ ആയില്ല.

” അതിന് ഞാൻ ഇല്ലാതാകുന്നു എന്ന് ആരാണ് പറഞ്ഞത്?ഒരു താലി കഴുത്തിൽ വീണതുകൊണ്ട് മാത്രം നീ അയാളുടെ ഭാര്യ ആകുന്നില്ലല്ലോ? ”

” അരുൺ നീ എന്തൊക്കെയാണ് ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല. ”

” എടി മണ്ടി എന്നും ദരിദ്രരായി ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മൾ. ദൈവമായിട്ട ഈ കല്യാണ ആലോചന ഇപ്പോൾ നിന്റെ മുന്നിൽ എത്തിച്ചത്. നമുക്ക് ജീവിക്കേണ്ടേ? ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ നമുക്ക് സന്തോഷമായി ജീവിക്കേണ്ടേ?അതിന് പണം വേണമല്ലോ..

ഞാൻ ആ വട്ടനെ പറ്റി കൂടുതൽ അന്വേഷിച്ചു ആളൊരു പാവമായിരുന്നു ഏതോ ഒരു പെണ്ണിനെ പ്രേമിച്ചു വട്ടായതാണ്. പക്ഷേ ആ തള്ളയും തന്തയും സകലമാന സ്വത്തുക്കളും അവന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത്. അതായത് ബോധം ഇല്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ ആസ്തിയുണ്ട് ആ പൊട്ടന്. ഇനി അതെല്ലാം അവനെ കല്യാണം കഴിക്കുന്ന പെൺകുട്ടിക്ക് കൂടി അവകാശപ്പെട്ടതാണ്. അതായത് എന്റെ മീനാക്ഷി കുട്ടിക്ക്. ”

“പക്ഷേ അരുൺ…”

“എന്റെ മോള് എതിർത്തൊന്നും പറയരുത്. ഒരു താലിയുടെ അവകാശം മാത്രമേ അവനു ഉണ്ടാവുകയുള്ളൂ ബാക്കിയെല്ലാം കൊണ്ടും നീ എന്റേത് മാത്രമായിരിക്കും…”

“പക്ഷേ ഇതിനിടയിൽ അയാൾക്ക് സ്വബോധം തിരിച്ചുകിട്ടിയാലോ? അയാൾ എന്നെ ഭാര്യയായി അംഗീകരിക്കില്ലേ?”

“അതോർത്ത് എന്റെ മോള് വിഷമിക്കേണ്ട.. അവനു ഇനി ഒരിക്കലും സ്വബോധം തിരിച്ചു കിട്ടാതിരിക്കാൻ ഉള്ള വഴിയൊക്കെ എനിക്കറിയാം. ഞാൻ പറയുന്നതുപോലെയൊക്കെ നീയങ്ങ് ചെയ്തു തന്നാൽ മതി. പിന്നെ കുറെ പണം കൈക്കലാക്കി കഴിഞ്ഞാൽ നിന്നെയും കൊണ്ട് ഞാൻ ഈ നാട് വിടും. കുറേക്കാലം കഴിയുമ്പോൾ എല്ലാം എല്ലാവരും മറന്നോളും.”

അവൾ അതിനെല്ലാം സമ്മതം മൂളി.

“അമ്മേ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ് ഞാൻ കാരണം അമ്മ ഒരിടത്തും തല കുനിക്കേണ്ട.” അമ്മയുടെ മുന്നിൽ ചെന്ന് അത് പറഞ്ഞതും അവരവളെ വാരിപ്പുണർന്നു.

” അല്ലെങ്കിലും അമ്മയ്ക്ക് അറിയാം എന്റെ കുട്ടിക്ക് ഒരിക്കലും നന്ദികേട് കാട്ടാൻ കഴിയില്ലെന്ന്. ”

പിന്നീട് ഒട്ടും കാലതാമസം ഇല്ലാതെ തന്നെ അവരുടെ വിവാഹം നടന്നു.

“പാവം കുട്ടി…എന്നാലും ആ കുട്ടിയുടെ ഒരു നല്ല മനസ്സേ… ഒത്തുകൂടിയവരിൽ ആരെല്ലാമോ അടക്കം പറയുന്നുണ്ടായിരുന്നു.”

രാത്രി തന്റെ ഭർത്താവായ വിഷ്ണു ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് അവൾ അരുണിനെ വിളിച്ചത്.

“ഹലോ അരുൺ..”

“എന്തായി പൊട്ടൻ ഉറങ്ങിയോ?”

“ആ ഉറങ്ങി നല്ല ഉറക്കമാ..”

“ഞാൻ തന്ന ഗുളികയെല്ലാം നീ കലക്കി കൊടുത്തില്ലേ?”

“കൊടുത്തു എനിക്ക് പേടിയാകുന്നുണ്ട് അരുൺ ആരെങ്കിലും അറിഞ്ഞാൽ…”

“ഹാ നീ ഇങ്ങനെ പേടിക്കാതെ മോളെ.. നാലാള് കാണ്കേ നീ അവനെ നല്ലപോലെ അങ്ങ് സ്നേഹിച്ചാൽ മതി പിന്നെ ആരും നിന്നെ സംശയിക്കില്ല. പിന്നെ സ്വർണ്ണവും പണവും എല്ലാം എവിടെയ വച്ചേക്കുന്ന എന്നൊരു കണ്ണ് വേണം കേട്ടോ…”

അവൾ മൂളി.

പിന്നീട് പിന്നീട് ആ ഫോൺവിളികൾ നീണ്ടു. വിഷ്ണു ഉണർന്നിരിക്കുമ്പോൾ പോലും അവൾ അരുണിനെ വിളിച്ചു സംസാരിക്കാൻ തുടങ്ങി. സ്വബോധം നഷ്ടപ്പെട്ടയാൾ എന്ത് ശ്രദ്ധിക്കാനാണ്?

മാസങ്ങൾ കടന്നുപോയി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം വിഷ്ണുവിന്റെ അച്ഛനും അമ്മയ്ക്കും അത്യാവശ്യമായി ഒരിടം വരെ പോകണം എന്ന് പറഞ്ഞത്.

” മോളുടെ ഒപ്പം വിഷ്ണുവിന് യാതൊരു കുറവും ഉണ്ടാകില്ലെന്ന് അമ്മയ്ക്ക് അറിയാം എങ്കിലും മോൾക്ക് ഒരു കൂട്ടിന് ഞാൻ മോളുടെ അമ്മയോട് വരാൻ പറഞ്ഞിട്ടുണ്ട്. ”

” അയ്യോ വേണ്ടമേ എനിക്ക് കൂട്ടിന് വിഷ്ണുവേട്ടൻ ഉണ്ടല്ലോ അമ്മ ധൈര്യമായി പോയി വാ… ” അവൾ സ്നേഹം നടിച്ച് തന്ത്രപൂർവ്വം തന്റെ അമ്മ വരുന്നത് ഒഴിവാക്കിപ്പിച്ചു.

” അരുൺ.. ഇന്നിവിടെ ആരുമില്ല ഞാനും അയാളും മാത്രമേയുള്ളൂ. അമ്മയും അച്ഛനും ദൂരെ എവിടെയോ പോയിരിക്കുകയാണ് നാളെ വരികയുള്ളൂ.. അരുൺ വരുമോ ഇങ്ങോട്ട്? ”

” അതെന്ത് ചോദ്യമാ മോളെ.. ഇങ്ങനെ ഒരു ദിവസത്തിനുവേണ്ടിയല്ലേ നമ്മൾ കാത്തിരുന്നത് ഞാനിപ്പോൾ വരാം. ”

രാത്രി ആയപ്പോഴേക്കും അവൾ വിഷ്ണുവിനു ഗുളിക കൊടുത്ത് ഉറക്കി കിടത്തിയിരുന്നു. മുറിയെല്ലാം ഭംഗിയായി അലങ്കരിച്ച് അവൾ അരുണിനു വേണ്ടി കാത്തിരുന്നു.

“പിന്നിലെ വാതിൽ തുറക്ക് ഞാനിവിടെ എത്തിയിട്ടുണ്ട്.”

അവൻ ഫോൺ വിളിച്ചു പറഞ്ഞതും അവൾ വേഗം വാതിൽ തുറന്നു. അവനെ കണ്ടതും അവളുടെ മുഖം പ്രണയാർദ്രമായി. മഴ കാത്തുനിന്ന വേഴാമ്പലിനെ പോലെ അവൾ അവനെ നോക്കി.

“അകത്തേക്ക് വാ ”
അവൻ അവളെ മുറിയിലേക്ക് ആനയിച്ചു.

“ഹോ ഇവിടെ രാജ്ഞയായി വാഴുകയാണല്ലോ എന്റെ മോൾ..”

“അരുണില്ലാതെ എന്ത് കിട്ടിയിട്ടും എന്താണ്?” അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.

“അതൊക്കെ പോട്ടെ.. എനിക്ക് കുറച്ച് പൈസ വേണം ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ? അത് ഓക്കേ അല്ലേ?” അവൻ സീരിയസായി തന്നെ ചോദിച്ചു.

“അതൊക്കെ ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്. പോകുമ്പോൾ തരാം.”

അത് കേട്ടതും അവൻ അവളെ തന്നോട് ചേർത്തുനിർത്തി അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.

“നമുക്ക് അപ്പുറത്തെ മുറിയിലേക്ക് പോകാം.”
വിഷ്ണു കിടക്കുന്ന മുറിയിൽ നിന്ന് അവൾ അവനെ ആരും ഉപയോഗിക്കാത്ത ഒരു മുറിയിലേക്ക് കൊണ്ടുപോയി.

ഇത്രനാൾ അടക്കിവെച്ച കാമത്തിന്റെയും പ്രണയത്തിന്റെയും ഒത്തുചേരൽ ആയിരുന്നു പിന്നീട്. അവർ മതിമറന്ന് പരസ്പരം തങ്ങളുടെ ശരീരം പങ്കുവച്ചു.

പെട്ടെന്നാണ് വാതിൽ തള്ളി തുറന്നു വിഷ്ണു അങ്ങോട്ട് വന്നത്.മുഖം മുഴുവൻ കോപത്താൽ ജ്വലിച്ചിരുന്നു.ഉറക്കി കിടത്തിയിട്ടും വിഷ്ണു എങ്ങനെ എഴുന്നേറ്റന്ന് അവൾ അത്ഭുതപെട്ടു.ആരുമില്ലാത്തതിനാൽ വാതിലിന്റെ അബദ്ധമായി എന്ന് അവൾക്ക് തോന്നി. അവർ വേഗം ബെഡ്ഷീറ്റ് കൊണ്ട് തങ്ങളുടെ നഗ്നത മറച്ചു.

” എന്നെ അങ്ങനെ പൊട്ടനാക്കാമെന്ന് കരുതിയോ രണ്ടുംകൂടി.. നീയെന്താ വിചാരിച്ചത് നീ കലക്കി തരുന്ന ഉറക്കഗുളിക എല്ലാം കഴിച്ച് ഒന്നുമറിയാതെ ഞാൻ ഉറങ്ങുകയാണെന്നോ?നീ എത്ര ദൂരം പോകുമെന്ന് അറിയാനല്ലേ ഞാൻ ഇത്രനാൾ മിണ്ടാതിരുന്നത്. കാമുകി കൺമുന്നിൽ വച്ച് മരിച്ചത് കണ്ടു നിൽക്കേണ്ടി വന്നപ്പോഴാണ് വിഷ്ണുഭ്രാന്തനായത് എന്നല്ലേ നീ അടക്കം എല്ലാവരും കരുതിവച്ചിരിക്കുന്നത്? എന്നാൽ ഞാൻ തന്നെയാണ് അവളെ കൊന്നത് എന്ന് നിനക്കറിയുമോ? ”

അത് കേട്ടതും അവൾ ഭയത്തോടെ അവനെ നോക്കി.

” അതേടി നിന്നെപ്പോലെ തന്നെ അവളും എന്നെ സ്നേഹം കാണിച്ചു ചതിച്ചു. എങ്കിൽ പിന്നെ അവള് ഈ ലോകത്ത് വേണ്ടെന്ന് ഞാനും തീരുമാനിച്ചു. നിനക്കറിയില്ലേ ഭ്രാന്തന്മാർ എന്ത് ചെയ്താലും ആരും ചോദിക്കില്ല. നിങ്ങൾ രണ്ടിനെയും അതുപോലെ കൊല്ലണം എന്നാണ് ഞാൻ ആദ്യം കരുതിയത്. ”

“ടാ…”
അരുൺ അലറിയതും അവന്റെ കരണം നോക്കി വിഷ്ണു ഒന്ന് പൊട്ടിച്ചു.

” ശബ്ദിക്കരുത് നീ.. സ്നേഹിക്കുന്ന പെണ്ണിനെ വിറ്റ് കാശാക്കുന്ന നായിന്റെ മോനെ… നിങ്ങളെ ഞാൻ കൊല്ലില്ല. അങ്ങനെ ഒറ്റയടിക്ക് നിങ്ങൾ രക്ഷപ്പെടേണ്ട.. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും സമ്മാനം വേണ്ടേ? ”

ഉടനെ അവർ അഴിച്ചിട്ട വസ്ത്രങ്ങൾ വാരിക്കൂട്ടി പുറത്തേക്ക് ഇട്ട് വിഷ്ണു വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടു.ശേഷം ഒരു ഭ്രാന്തനെ പോലെ ഉറക്കെ നിലവിളിച്ചു. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നഗ്നത മറക്കാൻ ഒരു വസ്ത്രം പോലും ഇല്ലാതെ അവർ ഇരുവരും നടുങ്ങി.

വിഷ്ണുവിന്റെ അലർച്ച കേട്ട് ഓടിക്കൂടിയവരോടെല്ലാം പേടിച്ചു വിറച്ച കണക്കേ ഒരു കൈ കൊണ്ട് ചെവി പൊത്തിപ്പിടിച്ച് അവൻ വാതിലിന് നേരെ ചൂണ്ടിക്കാണിച്ചു. കള്ളൻ ആയിരിക്കുമെന്ന് കരുതി നാട്ടുകാരെല്ലാം ചേർന്ന് വാതിൽ ചവിട്ടി തുറക്കുമ്പോൾ ബെഡ്ഷീറ്റ് കൊണ്ട് ശരീരം മറച്ച് വിറച്ചു നിൽക്കുന്ന അരുണിനെയും മീനാക്ഷിയെയും ആണ് കണ്ടത്.

അപ്പോഴേക്കും വിവരമറിഞ്ഞ് അവളുടെ അമ്മയും എത്തിയിരുന്നു.

” നാണം കെട്ടവളെ… മാനം കളഞ്ഞല്ലോടി നീ. നീ ഒരിക്കലും ഗുണം പിടിക്കില്ലടീ… ”

തല തല്ലിക്കൊണ്ട് അവർ അവളെ ശപിച്ചു.

“എന്നാലും ആ പെണ്ണിന്റെ ഒരു ധൈര്യം… പാവം ആ ചെക്കനെ ഉറക്കി കെടുത്തിയിട്ടല്ലേ അവൾ വേറൊരുത്തനെ വിളിച്ചു കയറ്റിയത്..”
ആളുകൾ പിറു പിറുത്തു കൊണ്ടിരുന്നു.

അപ്പോഴും അവൻ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിക്കുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *