ദാമ്പത്യം
രചന: അഞ്ജു തങ്കച്ചൻ
കൗൺസിലിംഗിനായ് ഊഴം കാത്തിരിക്കുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടുന്നില്ലായിരുന്നു, അപരിചിതർ ആയ രണ്ടു മനുഷ്യരെ പോലെ ആ ദമ്പതികൾ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നു.
കാത്തിരുപ്പു അവരെ വല്ലാതെ അക്ഷമരാക്കിയിരുന്നു.
യുവതിയുടെ പച്ചക്കണ്ണുകൾ നിസംഗത വിളിച്ചോതുന്നവയായിരുന്നു.
പുരുഷൻ മറ്റേതോ ലോകത്തിലെന്നവണ്ണം ഫോണിൽ മാത്രം ദൃഷ്ടിയുറപ്പിച്ചു.
കണ്ണട വച്ച, വെളുത്ത ഒരു മധ്യവയസ്കയായിരുന്നു കൗൺസിലർ.
ഇരിക്ക്.. എന്താണ് നിങ്ങളുടെ പ്രശ്നം?
യുവതിയാണ് പറഞ്ഞു തുടങ്ങിയത്, വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയതേ ഉള്ളൂ പക്ഷെ ഞങ്ങൾക്കു ഒത്തുപോകാൻ കഴിയുന്നില്ല. ഈ വിവാഹം തന്നെ വേണ്ടിയിരുന്നില്ലെന്നു തോന്നി തുടങ്ങിയിരിക്കുന്നു.
ഇവൾക്ക് ആരോടും ബഹുമാനവുമില്ല, സ്നേഹവുമില്ല, അവൾക്കു അവളെ മാത്രമേ സ്നേഹിക്കാൻ പറ്റു… തന്നിഷ്ട്ടവും അഹങ്കാരവും മാത്രമേ ഉള്ളൂ… അടക്കി വച്ചിരുന്ന ദേഷ്യം കൊണ്ടാവാം അയാൾ അൽപ്പം ഉച്ചത്തിലാണത് പറഞ്ഞത്.
അയാളുടെ കവിളുകൾ ദേഷ്യം കൊണ്ടു ചെറുതായി വിറക്കുന്നുണ്ടായിരുന്നു .
എന്റെ ഇഷ്ട്ടങ്ങൾ തുറന്ന് പറഞ്ഞാൽ ഞാൻ തന്നിഷ്ട്ടക്കാരി അല്ലേ ആണുങ്ങൾക്ക് എന്തുമാകാം..
യുവതിയും വിട്ടു കൊടുക്കുന്നില്ല.
നിനക്ക് ഞാൻ പറയുന്നത് അനുസരിച്ചു കഴിയാൻ പറ്റില്ല അല്ലേ?
അതെന്താ അങ്ങനെ വല്ല നിയമവും ഉണ്ടോ? ഭർത്താവ് പറയുന്നത് മാത്രം അനുസരിച്ചു ഭാര്യ കഴിയണം എന്ന്. ഞാൻ ഒരു മനുഷ്യ സ്ത്രീയാണ്, അല്ലാതെ നിങ്ങൾ വിലക്കു വാങ്ങിയ അടിമയല്ല.
നിന്നെ പിന്നെ തോന്നിവാസം ജീവിക്കാൻ ഞാൻ വിടണോ?
എന്റെ ജോലി എനിക്കു വലുതാണ്. ഞാൻ ജോലി കളയണം പോലും, എനിക്കു പറ്റില്ല.അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് പോകരുത്, എല്ലായിടത്തും നിയന്ത്രണങ്ങൾ.
ദാമ്പത്യത്തിന്റെ നിയന്ത്രണ രേഖ പെണ്ണ് കടക്കാൻ പാടില്ല, ആണിണ് എന്തുമാകാം .
ഓഹ്…. നിനക്കൊക്കെ പെണ്ണ് എന്നുള്ള പരിഗണന കിട്ടുമല്ലോ പുരുഷൻ എവിടെയും എപ്പോഴും വില്ലനാണ്. പെണ്ണ് എപ്പോഴും നല്ലവളും.
നിങ്ങളാണോ നല്ലവൻ? ആദ്യ ഭാര്യയെ നിഷ്കരുണം ഉപേക്ഷിച്ചവൻ അല്ലേ താൻ.
നിനക്കെന്റെ കൂടെ കഴിയാൻ പറ്റില്ലെങ്കിൽ അതു പറഞ്ഞാൽ മതി.
അതെ… അങ്ങനെ തന്നെയെന്ന് കൂട്ടിക്കോ.
ഒന്ന് നിർത്തിക്കെ രണ്ടാളും…
ഇരച്ചു വന്ന ദേഷ്യം നിയന്ത്രിച്ചുകൊണ്ടു, ശാന്തതയോടെ കൌൺസിലർ ഗായത്രി പറഞ്ഞു
ഉള്ളിൽ അടക്കി വച്ചത്എല്ലാം കൗൺസിലറുടെ മുന്നിൽ വാശിയോടെ പറയുകയായിരുന്നു അവർ. രാജീവ് എന്ന ബിസിനസ് കാരനും,അയാളുടെ ഭാര്യ അദ്ധ്യാപികആയ മേഘയും.
എന്ത് കൊണ്ട് വ്യക്തികളെ ഉൾകൊള്ളാൻ നിങ്ങൾക്കാകുന്നില്ല,
നിങ്ങൾ നിങ്ങളെ കുറിച്ച് മാത്രമാണോ ചിന്തിക്കുന്നത്? നിങ്ങളുടെ വീട്ടുകാർ, അവരെക്കുറിച്ച് നിങ്ങൾ ഓർക്കുന്നില്ലേ?
അത്ഓർത്തത് കൊണ്ടു മാത്രമാണ് ഇത്രയും നാൾ ഒരുമിച്ചു കഴിഞ്ഞത്. അവൾ ഈർഷ്യയോടെ പറഞ്ഞു.
തങ്ങളുടെ ഇഷ്ട്ടങ്ങളിലേക്ക് പങ്കാളിയെ മാറ്റാൻ ശ്രെമിക്കുമ്പോഴാണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങുന്നത്, അവരെ അവരായി തന്നെ ഉൾകൊള്ളാൻ ശ്രെമിക്കണം.
കൌൺസിലർ പറഞ്ഞു.
രാജീവ് പറയുന്നത് എന്തായാലും അത് ഞാൻ അനുസരിക്കണം. രാജീവ് പഴയ മൂല്യബോധം ഉള്ള ആളാണ്.. പെണ്ണ് അടുക്കളയിൽ കഴിയെണ്ടവൾ. എനിക്കതു പറ്റില്ല വീട്ടിൽ വച്ചുവിളമ്പി മാത്രം ജീവിക്കാൻ എനിക്കു പറ്റില്ല
ഈ ലോകം എന്റേതും കൂടിയാണ്. ഇപ്പോൾ
എനിക്കു മറ്റാരോ ആയി ബന്ധമുണ്ടെന്നു വരെ രാജീവ് പറയുന്നു. ആയിക്കോട്ടെ എനിക്കിതിൽ നിന്നും ഒന്ന് ഒഴിവായാൽ മതി ഒരു വർഷം കൊണ്ടു പാതി മരിച്ചു ഞാൻ.
കൗൺസിലർക്ക് എന്തെങ്കിലും പറയാനുള്ള അവസരം നൽകാതെ മേഘ ദേഷ്യത്തോടെ ഇറങ്ങി പോയി.
കൗൺസിലർക്ക് മുന്നിൽ തല കുനിച്ചു ഏറെ നേരം രാജീവ് ഇരുന്നു.
ഹേയ് താൻ വിഷമിക്കണ്ട.. തിരുത്തലുകൾ
ജീവിതത്തെ മെച്ചപ്പെടുത്തുകയെ ഉള്ളൂ…
നമുക്ക് എല്ലാം ശെരിയാക്കി എടുക്കാം.
ഇല്ല മേഡം ഒന്നും ശെരിയാകാൻ പോണില്ല.
മേഘ പറഞ്ഞത് പോലെ രാജീവ് ആണോ കുറ്റക്കാരൻ?
അങ്ങനല്ല , ഞാൻ അവളുടെ ഇഷ്ട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്.
അവൾ തോന്നുന്ന സമയത്തുവീട്ടിൽ വരും,
രാവിലെ ചിലപ്പോൾ ഞാൻ ഉണരും മുൻപേ പോകും.
എനിക്കു ബിസിനസ് തിരക്കുകൾ ധാരാളം ഉണ്ട്.
ഇപ്പോൾ അമ്മക്ക് തീരെ വയ്യ അതുകൊണ്ട് അവളോട് ജോലി ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞു അതാണ്.
അതിനിപ്പോൾ ഒരു ഹോംനേഴ്സിനെ വച്ചാൽ പോരെ, പ്രശ്നം തീരില്ലേ.
അത് പോരാ അവൾക്കു, അവൾ പറയുന്നത് അമ്മയെയും അച്ഛനേയും വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കണം എന്നാണ്.
ഞാൻ പറഞ്ഞു അത് പറ്റില്ല എന്ന്.
എന്റെ കുഞ്ഞിനെ ലാളിക്കണം എന്ന് എന്റെ മാതാപിതാക്കൾക്ക് ആഗ്രഹിക്കാൻ അവകാശം ഇല്ലേ?
അതിനും അവൾക്കു വയ്യ, അവള് പറയുന്നേ കുട്ടികൾ വേണ്ട എന്നാണ്.
അസംതൃപ്തി പൂത്ത മരം പോലെയായി ജീവിതം.
സുഹൃത്തുക്കളുടെ നിർബന്ധം കാരണം
അവസാന വഴിയെന്നവണ്ണം ഇവിടെ വന്നതാണ്.
ഇയാൾ വിഷമിക്കണ്ട, നമുക്ക് ഒന്നുകൂടി പറഞ്ഞു മനസിലാക്കാൻ നോക്കാം.
ഇല്ല. തെറ്റ് എന്റേത് മാത്രമാണ് എന്റെ ആദ്യ ഭാര്യ മാലിനിയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു.
മേഘയെ കണ്ടപ്പോൾ ഞാൻ അവളെ മറന്നു, നിഷ്കരുണം ഞാൻ അവളെ ഉപേക്ഷിച്ചു
അതിന്റെ ശിക്ഷയാണ് അനുഭവിക്കാതെ പറ്റില്ല.
അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു.
++++++++++
രാജീവ് വീട്ടിൽ ചെല്ലുമ്പോൾ നേരം വൈകുന്നേരം ആയിരുന്നു. ഗേറ്റ് തുറന്ന് അയാൾ അകത്തു കടന്നതും അയാളെ കാത്തിരുന്ന പോലെ അച്ഛൻ ഇറങ്ങി വന്നു.
രാജീവ് … മേഘ എവിടെ?
അവൾ അവളുടെ വീട്ടിൽ പോയി.ഇനി അവൾക്കു ഒത്തുപോകാൻ കഴിയില്ലെന്ന്.
രാജീവ് അകത്തേക്ക് നടന്നു.
വീട്ടിലാകെ ശ്മശാനമൂകത തളം കെട്ടി നിൽക്കുന്നതായ് അയാൾക്ക് തോന്നി.
അയാൾക്ക് തന്റെ ആദ്യ ഭാര്യ മാലിനിയെ ഓർമ്മ വന്നു.
അവളുടെ മുറിയിലേക്ക് അയാൾ നടന്നു. അവൾക്ക് നൃത്തം ജീവനായിരുന്നു.
അനാഥമായ് കിടക്കുന്ന അവളുടെ ചിലങ്കകൾ അയാൾ കൈയിലെടുത്തു…
തന്നെ പേടിച്ചിട്ടായിരിക്കണം, അവൾ മുറിയിൽ മറ്റാരും കാണാതെ ചിലപ്പോഴെല്ലാം നൃത്തം ചെയ്യാറുണ്ടായിരുന്നു.
ഒരിക്കൽ അവൾ ചോദിച്ചു ഒരു ഡാൻസ് സ്കൂൾ തുടങ്ങാൻ ആഗ്രഹം ഉണ്ടെന്നു തന്റെ അച്ഛനും അമ്മക്കും അവളുടെ അഭിപ്രായം തന്നെയായിരുന്നു
അന്ന് പക്ഷെ താൻ സമ്മതിച്ചില്ല.
പിന്നീട് ഒരുദിവസം അവൾ ചോദിച്ചു അടുത്തുള്ള കൊച്ചു കുട്ടികളെ ഫീസ് വാങ്ങതെ നൃത്തം പഠിപ്പിച്ചു കൊടുത്തോട്ടെ എന്ന്.
അന്ന് താൻ അവളെ ഒരുപാട് വഴക്ക് പറഞ്ഞു
നിനക്ക് ഇവിടെ എന്തിന്റെ കുറവാണ് എന്ന് ചോദിച്ചു.
അന്നാണ് അവൾ കരയുന്നത് താൻ ആദ്യമായി കാണുന്നത് .
രാജീവേട്ടാ എന്നുള്ള വിളി അയാൾ ഓർത്തു..
എപ്പോഴും കുറുമ്പാണ്. താൻ ഓഫീസിൽ നിന്നും താമസിച്ചു വന്നാൽ അത് മതി പെണ്ണിന് പിണങ്ങാൻ.
അവൾ വന്നതിൽ പിന്നെയാണ് വീട് ഉണർന്ന്.
അച്ഛൻ പറമ്പിൽ പണിയുമ്പോൾ ഒപ്പം അവളും പറമ്പിൽ കാണും, പൊതുവെ ഗൗരവക്കാരൻ ആയ അച്ഛൻ അവളുടെ കൂടെ ഉറക്കെ ചിരിക്കുന്നത് തനിക്ക് അത്ഭുതം ആയിരുന്നു.
അമ്മയ്ക്കും അവളെ പ്രാണൻ ആയിരുന്നു.
അവൾക്കിഷ്ട്ടമുള്ളതെല്ലാം അമ്മ ഉണ്ടാക്കും. അവൾ ഉണ്ടാക്കുന്ന കറികൾ വായിൽ വയ്ക്കാൻ കൊള്ളില്ല എങ്കിലും ഒരു കുറ്റവും പറയാതെ രണ്ടാളും കഴിക്കുന്നത് കാണാം.
വീട്ടിൽ എപ്പോഴും ആരെങ്കിലും ഉണ്ടാകും അയൽവക്കക്കാരോ അല്ലെങ്കിൽ അച്ഛന്റെ സുഹൃത്തുക്കളോ അങ്ങനെ ആരെങ്കിലും, എല്ലാവർക്കും എന്ത് സ്നേഹമായിരുന്നു അവളോട്.
എപ്പോഴും സംസാരമാണ് തന്റെ കൈമടക്കിൽ തല ചേർത്തുവച്ചു, നെഞ്ചിലെ രോമങ്ങൾക്കിടയിൽ വിരലുകൾ ഓടിച്ചു കൊണ്ടു ഓരോ വിശേഷവും പറയും.
ഇന്ന് അമ്മയും അവളും കൂടെ പുതിയ പാചക പരീക്ഷണം നടത്തിയത്, അച്ഛന്റെ നരച്ച താടിയും മീശയും കറുപ്പിച്ചത് താൻ എല്ലാം മൂളി കേൾക്കണം… ഇടക്ക് ഒന്ന് മൂളാൻ മറന്നാൽ നല്ല പിച്ചു വച്ചു തരും.
ചെറിയ കാര്യം മതി പിണങ്ങാൻ, വലിയ വാശിയാണ്.. എന്നാലും താനൊന്നു മിണ്ടിയാൽ മതി എല്ലാം മറന്നു തന്റെ കൂടെ ഇരിക്കും.
അവളുടെ സ്നേഹത്തിന്റെ ലാവാ പ്രവാഹത്തിൽ താൻ ഉരുകിയിരുന്നു
പിന്നെ എപ്പോഴാണ് അവളെ താൻ മറന്നത്?
അവൾക്കു പകരം മേഘയായിരുന്നെങ്കിൽ എന്ന് ഏത് നശിച്ച നിമിഷത്തിലാണ് തനിക്ക് തോന്നിയത്?
അയാൾക്ക് അവളെ കാണണമെന്ന് തോന്നി.
വാത്സല്യം ചുരത്തുന്ന ആ മാറിൽ ഒരു പിഞ്ചുപൈതലിനെ പോലെ ചേർന്ന്, എല്ലാ വിഷമങ്ങളും മറക്കണമെന്ന് അയാൾക്കു തോന്നി.
അയാളുടെ മിഴികൾ നിറഞ്ഞൊഴുകി.
മോനെ…. വിളിയൊച്ച കെട്ടിട്ടു അയാൾ മുഖമുയർത്തി . അമ്മയാണ്.
നീയല്ലേ മോനെ തെറ്റ് ചെയ്തത്. എന്നിട്ട് നീ തന്നെ കരയുന്നു.
അന്ന് ഞാനും അച്ഛനും നിന്നോട് എത്ര പറഞ്ഞു
നീ ചെയ്യുന്നത് വലിയ തെറ്റാണെന്ന്. അന്ന് ഞങ്ങളെ നീ ധിക്കരിച്ചു.
മാലിനി എത്ര നല്ല കുട്ടിയായിരുന്നു നിനക്കവളെ
മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.
മോൻ നാളെ തന്നെ ചെന്ന് മാലിനിയെ കാണണം, നീ ചെയ്ത തെറ്റിന് മാപ്പ് പറയണം. അവൾ അത്രക്കും പാവമായിരുന്നില്ലേ?
കുറ്റബോധംകൊണ്ടു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
നാളെ തന്നെ അവളെ കാണണം കാലു പിടിച്ചിട്ടെങ്കിലും അവളെ തിരികെ കൊണ്ടുവരണം
അവളില്ലാതെ തനിക്കിനി ജീവിക്കാൻ വയ്യ…
***********
മുറ്റത്ത് തഴച്ചു വളർന്നു നിൽക്കുന്ന പൂച്ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്നു മാലിനിയുടെ അമ്മ സാവിത്രി.
അമ്മേ ഞാനൊന്നു അമ്പലത്തിൽ പോയി തൊഴുതു വരാം.. മാലിനി അമ്മയോട് പറഞ്ഞു.
മോളെ.. തനിച്ചു പോവണ്ട, തിരിച്ചു വരുമ്പോൾ നേരം ഇരുട്ടും
അത് സാരമില്ല, അമ്മേ, ഞാൻ വന്നോളാം.
രാജീവ് അവളെ ഇവിടെ കൊണ്ടുവന്നാക്കിയതിൽ പിന്നെ, തന്റെ മകൾ ചിരിക്കുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലല്ലോയെന്ന് അവർ വേദനയോടെ ചിന്തിച്ചു.
മോളെ ഒത്തിരി വൈകരുത് വരാൻ. അവർ ഉറക്കെ വിളിച്ചു പറഞ്ഞു.
റോഡ് പണി നടകുന്നതിനാൽ വഴി നിറയെ പൊടിമണ്ണ് ആയിരുന്നു. നേർത്ത കാറ്റ് കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് പൊടിമഴ തൂകികൊണ്ടിരുന്നു. അലസമായ യാത്രയുടെ ഏകാന്തതയിൽ പൊടി തീർത്ത ചിത്രങ്ങളോട് അവൾക്കു ആരാധന തോന്നി, അകലെനിന്ന് നോക്കുമ്പോൾ പൊടിമണ്ണ് തീർക്കുന്ന അവ്യക്തമായ ചില രൂപങ്ങൾ ഉണ്ട് ഒരുപക്ഷേ അത് ആസ്വദിക്കാൻ തനിക്ക് മാത്രമേ കഴിഞ്ഞുവെന്നും വരാം. അല്ലെങ്കിൽ തന്നെ ഈ പ്രകൃതിയിൽ സൗന്ദര്യം ഇല്ലാത്തതായി താൻ ഒന്നും ഇതുവരെ കണ്ടിട്ടില്ല ദൈവത്തിന്റെ സൃഷ്ടികളെല്ലാം ഒന്നിനൊന്നു മഹത്തരം തന്നെ…
പൊതുവെ തിരക്കു കുറഞ്ഞ ചെറിയൊരു അമ്പലമായിരുന്നു അത്
ശ്രീകോവിലിനു മുന്നിൽ അവൾ ഒരുപാട് നേരം തൊഴുകൈകളോടെ നിന്നു. അല്ലെങ്കിലും തന്റെ മനസ്സിലെ ഭാരങ്ങൾ എല്ലാം ഇറക്കി വയ്ക്കുന്നത്ഈ തിരുസന്നിധിയിലാണ്.
നേരം പതിയെ ഇരുണ്ടു തുടങ്ങിയിരുന്നു
നേർത്ത തണുത്ത കാറ്റു തന്നെ തഴുകുന്നുണ്ട്, ഒരുപക്ഷേ തന്റെ ചൂടുപിടിച്ച മനസ്സിനെ കുളിർപ്പിക്കാനാവണം തന്നെ തൊട്ടു തലോടി ഇങ്ങനെ വീശുന്നത്.
അവൾ തൊഴുതിറങ്ങി.
നേരം ഇരുണ്ടു തുടങ്ങിയതോടെ വഴി തീർത്തും വിജനമായിരുന്നു, വഴിയുടെ ഇരുവശത്തും പൂത്തുലഞ്ഞു സുഗന്ധം പരത്തിയ പാരിജാത പൂക്കൾ.
രാത്രിയുടെ നിശബ്ദതയിൽ അവൾക്ക്അൽപ്പം ഭയം തോന്നി തുടങ്ങിയിരുന്നു. എങ്കിലും അവൾ സ്വയം ആശ്വസിച്ചു, എന്നും തനിക്ക് കൂട്ടായി ഉണ്ടായിരുന്നു ഈ നിശബ്ദതയും ഏകാന്തതയും, താൻ കണ്ടസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നു മൗനത്തിന്റെതായ ഒരു ലോകം.
പൂത്തുലഞ്ഞുനിൽക്കുന്ന പാരിജാത പൂക്കളെ അവൾ ഇറുത്തെടുത്തു. ഈ സുഗന്ധം ആവോളം നുകരാൻ മറ്റൊരു വഴിയുമില്ല. ഇരുട്ടിൽ അധികനേരം തനിച്ചു നിൽക്കുവാനോ, ഈ വാസനയത്രയും തന്റെ ആത്മാവിലേക്കാവാഹിക്കുവാനോ തനിക്ക് കഴിഞ്ഞില്ലെന്ന് വരാം, ഭയം തന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിരിക്കുന്നു.
അവൾ നടത്തം വേഗത്തിലാക്കി.
ഗേറ്റിനരുകിൽ തന്നെ അച്ഛനും അമ്മയുംഅക്ഷമയോടെ കാത്തു നിൽക്കുന്നുണ്ട്.
അവർ അവളോട് ഒന്നും ചോദിച്ചില്ല. അവർക്കറിയാം ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളെ കുഴപ്പത്തിലാക്കുമ്പോൾ അവൾ ഈശ്വരനെ കൂട്ട് പിടിക്കുമെന്ന്.
അവൾ കുറ്റം ചെയ്തു പിടിക്കപ്പെട്ട കുട്ടിയെ പോലെ തല കുനിച്ചു പിടിച്ചു മുറിയിലേക്കു നടന്നു.
കട്ടിലിൽ ഇരുന്നു താൻ കൈയിൽ പിടിച്ചിരിക്കുന്ന പാരിജാതപൂക്കളെ തലയണക്കടിയിലേക്ക് വച്ചു. ഉറക്കത്തിലും ഈ വാസനയത്രയും തന്നെ പൊതിയണം.
മോളെ…. അച്ഛൻ മുറിയിലേക്ക് കടന്നു വന്നു.
എന്താ അച്ഛാ…
കുറച്ചു നാളായി അച്ഛൻ പറയണമെന്ന് വിചാരിക്കുന്നു.നിനക്ക് ജോലി ഉണ്ട്. സ്വന്തം കാലിൽ നിൽക്കാൻ നീയിപ്പോൾ പ്രാപ്തയുമാണ്, പക്ഷെ അത് പോരല്ലോ നിനക്ക് ഒരു ജീവിതം വേണ്ടേ…
ഇനിയൊരു വിവാഹത്തേ കുറിച്ചാന്നോ അച്ഛൻ പറഞ്ഞു വരുന്നത്?
അതേ… നിനക്ക് താഴെ രണ്ടനിയൻമാർ വിവാഹപ്രായം എത്തിനിൽക്കുന്നു. മോൾ ഇവിടെ വന്നു നിൽക്കുന്നകാരണം പറഞ്ഞു അവർക്കു നല്ല വിവാഹാലോചന പോലും വരുന്നില്ല. അതുകൊണ്ട് മോൾ മറ്റൊരു വിവാഹം കഴിക്കണം.
ഞാൻ ഒരു ബാധ്യത ആയി അല്ലേ അച്ഛാ?
അങ്ങനല്ല മോളെ, നിനക്കും വേണ്ടേ ഒരു ജീവിതം.
ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ അനിയൻമാർക്കൊരു ബാധ്യത ആകും അത് പാടില്ല. അതുകൊണ്ട് മറ്റൊരു ജീവിതത്തേകുറിച്ച് നീ ചിന്തിച്ചു തുടങ്ങണം.
അയാൾ മുറി വിട്ടിറങ്ങി.
++++++++++++++++++
മാലിനിയുടെ വീട്ടിലേക്കു പോകുമ്പോൾ രാജീവിന് മനസിന് വല്ലാത്ത സന്തോഷം തോന്നി.
തെറ്റ് തിരുത്തി ഇനിയുള്ള ജീവിതം മാലിനിയോടൊപ്പം ജീവിച്ചു തീർക്കണം.
അവളുടെ വീട്ടുമുറ്റത്തെക്ക് കയറുമ്പോൾ അയാളുടെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു..
ഒരു വർഷത്തിനു ശേഷം തന്റെ മാലിനിയെ താൻ കാണുകയാണ്.
മാലിനിയുടെ അച്ഛനും അമ്മയും ആശ്ചര്യത്തോടെ ഇറങ്ങി വന്നു.
എന്താ രാജീവ് അവിടെ നിൽക്കുന്നത് കയറി വരൂ.
അച്ഛനാണ് പറഞ്ഞ്.
അച്ഛന് വല്ലാതെ പ്രായം കൂടിയെന്ന് രാജീവിനു തോന്നി.
മുടിയാകെ നരച്ചു.
അമ്മഒന്നും മിണ്ടുന്നില്ല. മരിച്ച ആളുടെ കണ്ണുകൾ പോലെ നിർജീവമായ നോട്ടമായിരുന്നു അമ്മയുടെത്.
എന്താ രാജീവ് ഈ വഴിക്ക്?
അച്ഛാ എനിക്കു മാലിനിയെ ഒന്ന് കാണണം. അവളോട് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു
അവളെ കൂട്ടിക്കൊണ്ട് പോകണം. എനിക്കു അവളില്ലാതെ പറ്റില്ല അച്ഛാ, എന്റെ തെറ്റ് എല്ലാരും പൊറുക്കണം.
അപ്പോൾ രാജീവിന്റെ പുതിയ ഭാര്യ എവിടെ?
അച്ഛന്റെ ചോദ്യത്തിൽ അൽപ്പം പരിഹാസം നിറഞ്ഞിരുന്നു.
ഞങൾ പിരിഞ്ഞു. എനിക്കു മാലിനി മാത്രം മതി. എനിക്കുറപ്പുണ്ട് അവൾ എന്നോട് ക്ഷമിക്കുമെന്ന്. ഞാൻ അവളെ ഒന്ന് കണ്ടോട്ടെ?
അവൾ മുറിയിലുണ്ട്,
അച്ഛന്റെ മുഖത്തെ ഇഷ്ട്ടക്കേട് അയാൾക്ക് തിരിച്ചറിഞ്ഞെങ്കിലും അയാൾക്ക് വിഷമം തോന്നിയില്ല. അത്ര വലിയ പാപം അല്ലേ താൻ അവരോടു ചെയ്തത്.
അയാൾ ചെല്ലുമ്പോൾ മാലിനി കട്ടിലിൽ ഇരിക്കുകയായിരുന്നു..
അയാൾ വന്നത് അവൾ നേരത്തെ അറിഞ്ഞതു പോലെ.
അവൾക്കു മാറ്റമൊന്നും ഇല്ലെന്നു അയാൾക്ക് തോന്നി.
കുസൃതി നിറഞ്ഞ മുഖത്തു ഇപ്പോൾ നിറഞ്ഞ ശാന്തതയാണ് എന്ന് മാത്രം.
മാലിനി….. അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു
അയാൾ അവളുടെ കൈകളിൽ അമർത്തി പിടിച്ചു. കഴിഞ്ഞതെല്ലാം മറന്നു നീ എനിക്കൊപ്പം വരണം. എന്റെ തെറ്റ് തിരുത്താൻ എനിക്കൊരവസരം നീ തരണം.
അവളുടെ മുഖത്തു യാതൊരു ഭാവവിത്യാസവും ഉണ്ടായിരുന്നില്ല.
അടുത്ത ദിവസം ഞാൻ വരും നിന്നെ കൊണ്ടുപോകാൻ, നീ വരണം. അയാളുടെ കണ്ണുനീർ അവളുടെ കൈകളിൽ വീണു ചിതറി.
ഉം.. വരാം അവൾ മെല്ലെ പറഞ്ഞു.
അയാൾ പോയതും, അത്ര നാൾ അടക്കിവച്ചിരുന്ന സങ്കടങ്ങൾ അവളിൽ നിന്നും കണ്ണുനീരായി പെയ്തു തുടങ്ങി.
ഈ ദിവസത്തിനായാണ് താൻ കാത്തിരുന്നത് . നിങ്ങൾ എന്നെ തേടി വരുന്ന ദിവസം.
അവഗണനയെക്കാൾ വലിയ മാനസിക പീഡയുണ്ടോ? ഒരാളെ ഇഞ്ചിഞ്ചായി കൊല്ലാൻ അവഗണന മാത്രം മതി.
അപമാനഭാരത്താൽ കീറി പറിഞ്ഞ തന്റെ ഹൃദയം…അതിനാരു കണക്കു പറയും
തന്നെ തേടി വരുന്ന ഈ ഒരൊറ്റ നിമിഷത്തിനു ഇവേണ്ടിയാണ് താൻ ഇത്രയും നാൾ ജീവിച്ചത്.
ഇനി മടങ്ങി ചെല്ലണമെന്ന്, എല്ലാം മറക്കാനും പൊറുക്കാനും തയ്യാറാവണം പോലും.
അവൾ ആത്മനിന്ദയോടെ ചിരിച്ചു.
പുറത്ത് വെയിൽ കത്തികാളുന്നുണ്ടായിരുന്നു,
അവൾ പതിയെ ടെറസിലേക്ക് കയറി. നീലാകാശം നിറയെ തൂവെള്ള മേഘങ്ങൾ പാറിനടക്കുന്നു.
കിഴക്കേ ചെരുവിൽ വലിയ വെൺമേഘ കൂട്ടം തിളങ്ങുന്നുണ്ട്.
അവൾ ടെറസിൽ നിന്നും ഒരു പറവയെ പോൽ താഴേക്കു പറന്നു.
അവളിൽ നിന്നൊഴുകി പടർന്ന ചോരച്ചാലുകൾ മുറ്റത്തു ചിത്രം വരച്ചുതുടങ്ങി . അപ്പോഴും എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ മാത്രം തുറന്നിരുന്നു.