ചുരുളഴിയുമ്പോൾ
രചന: Vijay Lalitwilloli Sathya
“…ചീ പോടാ….അവന്റെ ഒരു നോട്ടം കണ്ടില്ലേ…നാണമില്ലല്ലോഡേ….നിനക്ക്…..ഇതാണപ്പം തന്റെ സ്ഥിരം പരിപാടി
അല്ലെ.. പെമ്പിള്ളേർ ഡ്രസ്സ് മാറുന്നത് ഒളിഞ്ഞു നോക്കുകയെന്നത്…
കഷ്ടം..!!.. എന്നാൽ ഇത് സെറ്റ് അപ്പ് വേറെയാ കേട്ടോ മോനെ… എന്നെ നോക്കിയ
നീ തീർന്നെടാ തീർന്നു.”
ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കണേ….എന്ന ക്ഷമാപണത്തോടെ കൂടിയുള്ള കുറ്റവാളിയുടെ
നോട്ടം കണ്ടപ്പോൾ പൊതുവേ ആർദ്രതയുള്ള അവളുടെ മനസ് പെട്ടെന്ന് അലിഞ്ഞുപോയി…!
അവളുടെ ഉള്ളിലുള്ള കോപമെല്ലാം അങ്ങനെ താനെ അടങ്ങി..!
“ശരി… എന്നാൽ ഞാൻ വെറുതെ വിടാം..പക്ഷേ ഒന്നോർത്തോ എന്നെ ഈ കോലത്തിൽ കണ്ട നീ ഒരു നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ഒന്നുകിൽ നിന്നെ പിടിച്ച് ഞാൻ കെട്ടുമായിരുന്നു അല്ലേൽ തല്ലികൊന്നേനെ..”
പുറത്തുപോകാൻ വഴിയൊന്നും കാണാതെ
തന്നെ പേടിച്ചു ഡ്രസിംഗ് ക്യാബിൻറെ മൂലയിൽ പതുങ്ങിയിരിക്കുന്ന
ആ കുഞ്ഞൻ ചുണ്ടെലിയെ നോക്കിയാണ് പൂജ ദേഷ്യത്തോടെ ഇത്രയും പറഞ്ഞത്!!
കഴിഞ്ഞ ഒരു നിമിഷം കൊണ്ട് ആ ചുണ്ടെലി കുഞ്ഞ് അവളുടെ ജീവിതം ‘കോഞ്ഞാട്ട’ ആക്കുമായിരുന്നു…!
ലീവിന് നാട്ടിലേക്ക് തിരിക്കാൻ നേരം
താൻ പഠിക്കുന്ന ഹൈദരാബാദ് പട്ടണത്തിലെ ഒരു ടെക്സ്റ്റൈൽ കടയിൽ കൂടെ പഠിക്കുന്ന മലയാളികൂട്ടുകാരികളായ പ്രിയയും സുമയുമൊത്തു അവരവർക്കുള്ള ഡ്രസ്സ് എടുക്കാൻ വന്നതായിരുന്നു കഥാനായികയായ പൂജ
“പൂജ ഇതു നിനക്ക് ചേരുന്നത് ആണോ എന്ന് നോക്കിക്കേ…”
കൂട്ടുകാരി പ്രിയ ഒരു നല്ല ജീൻസ് എഴുത്ത് അവളെ കാണിച്ചു പറഞ്ഞു.
“നോക്കട്ടെ ”
അവൾ അത് വാങ്ങിച്ചു
“കൊള്ളാമെല്ലെടി ഇത് ടൈറ്റ് ഫിറ്റും കംഫർട്ടും ആണ്. കൂടാതെ എനിക്കിഷ്ടപ്പെട്ട കളറാ.. അപ്പോ പിന്നെ
ഇത് എടുത്താലോ”
പൂജയ്ക്ക് ഇഷ്ടപ്പെട്ടു
“നന്നായിട്ടുണ്ട് ഈ സെലക്ഷൻ എടുത്തോ ”
കൂട്ടുകാരികൾക്ക് പറഞ്ഞു.
പിന്നെയും
അവർ പരസ്പരം ഡ്രസ്സ് ചൂസ് ചെയ്തുകൊണ്ടിരുന്നു.
ഇതിനിടെ പൂജ എടുത്ത ഡ്രസ്സു ഇട്ടു നോക്കാൻ തീരുമാനിച്ചു
“ഏതായാലും ഞാൻ ഇതൊന്നു ഇട്ടു നോക്കട്ടെ”
സെലക്ട് ചെയ്ത ടീഷർട്ടും ജീൻസുമായി അവൾ ഡ്രസ്സിംഗ് ക്യാബിനിൽ കയറി.
ഡോർ അടച്ചു
ആദ്യം തന്ന വല്ല ഒളിക്യാമറയും വച്ചിട്ടുണ്ടോ എന്ന് നന്നായി ചെക്ക് ചെയ്തു നോക്കി….ഇല്ല കുഴപ്പമില്ല.!
ഇട്ടു വന്ന വസ്ത്രങ്ങൾ മാറി ആ ജീൻസും ടീ ഷർട്ടും ഇട്ട ശേഷം മിററിൽ നോക്കി…നന്നായി ചേരുന്നു രണ്ടും..
അവൾക്ക് നല്ല കംഫർട്ട് ആയി തോന്നി.
ചെറിയ ക്യാബിനിൽ നല്ല ചൂട് ഉണ്ടായിരുന്നു.
കൊച്ചു ഫാൻ ഉണ്ട്.
പക്ഷേ അവൾ ഓൺ ചെയ്തില്ല.
നന്നായി വിയർക്കുന്നു.
ചൂടും വിയർപ്പും സഹിക്കവയ്യാതായപ്പോൾ,
പുതിയ ഡ്രസ്സ് ഊരി മാറിയപ്പോൾ
ശരീരമൊന്നാറ്റാൻ
അതിനകത്തുള്ള ആ ചെറിയ ഫാൻ ഒന്നു ഓൺ ചെയ്തു.
ഫാൻ കറങ്ങി നല്ല കാറ്റ് കിട്ടി.
പക്ഷേ അതിന്റെ ലിഫിലോ പിറകിലോ മറഞ്ഞു നിന്നിട്ടുണ്ടായിരുന്ന ഒരു കൊച്ചു ചുണ്ടെലി അവളുടെ ദേഹത്തോട്ട് ചാടിവീണു.
“അമ്മോ ”
പേടിച്ചരണ്ട അവൾക്ക് ഒരു നിമിഷം എന്തെന്നറിയാതെ ക്യാബിനിന്റെ വാതിൽ തുറന്നു പുറത്തു ചാടാൻ ഒരുങ്ങി.
പെട്ടെന്നാണ് പിടിച്ചുവലിച്ചതുപോലെ ആ ചിന്ത ഉണ്ടായത്.
അയ്യോ ഡ്രസ്സില്ല.
പണ്ടാരം ഈ കാലമാടൻ കാരണം
ടൂ പീസിൽ താനിപ്പോൾ
പുറത്തുചാടി നാണം കെട്ടേനെ…
ആ കാര്യം തലയിൽ കത്തിയപ്പോൾ.. ഉള്ളിൽ
ഈ പീറ ചുണ്ടെലിയോടുള്ള ഭയം ദേഷ്യമായി മാറി…
അതാണ് അവൾ കട്ട ഡയലോഗ് പറഞ്ഞു തീർത്തതു!!
ശേഷം
സാവധാനത്തിൽ വസ്ത്രങ്ങൾ ധരിച്ച്
ക്യാബിനിൽ നിന്നും പുറത്തിറങ്ങി.
വസ്ത്രങ്ങളുടെ ബില്ലുകളൊക്കെ പേ ചെയ്തു കൂട്ടുകാരികളുമായി ട്രെയിൻ കയറി അവൾ നാട്ടിലേക്ക് പുറപ്പെട്ടു…
പൂജ നാട്ടിലെ കോളേജിലെ ബി എസ് സി ക്ക് ശേഷം എംഎൽടി എടുത്തു പ്രാഗല്ഭ്യം നേടി, ഇപ്പോൾ ഹൈദരാബാദിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎൻഎ ടെക്നോളജി പഠിക്കുകയാണ്.
പിറ്റേന്ന് ഉച്ചയോടെടുത്തു പൂജയുടെ വീട്ടിൽ
“എന്തിനാ പ്രസാദേട്ടാ നമ്മുടെ മോള് പൂജ ഇങ്ങനെ സൂക്ഷ്മാണുക്കളുടെ പിറകെ പോകുന്നത്. വല്ലേടത്തും ജോലിക്കു ശ്രമിക്കാൻ പറയണം ഇപ്രാവശ്യം ലീവിന് വന്നാൽ. അവൾ ഏതാണ്ട് ഉച്ചയോടെ എത്തും”
“അവൾ കൊച്ചല്ലേ പഠിക്കട്ടെ എന്നിട്ടാവാം ജോലിയൊക്കെ ”
“അല്ല പത്മിനി, നമ്മുടെ പൂജ മോളു ജോലിയെടുത്ത് വേണോ നമുക്ക് കഴിയാൻ?”
“ഞാൻ കാശു സമ്പാദിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതൊന്നും അല്ല.. സദാസമയം ലാബിൽ അല്ലേ ഇപ്പോ വൈറസും ബാക്ടീരിയയും നാടുഭരിക്കുന്ന കാലമല്ലേ? അതുകൊണ്ടുള്ള കളിയല്ലേ അവളുടേത്.. എപ്പോഴെങ്കിലും ഒരു അശ്രദ്ധകൊണ്ട്.. അതു കൊണ്ട് പറഞ്ഞു പോയതാ!”
“എന്റെ പൊന്നു പത്മിനി അതിനൊക്കെ പ്രൊട്ടക്ഷൻ പ്രോക്യൂഷൻസ് ഉണ്ട്. അതിന്റെ ഭാഗമായി പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റൊക്കെ ധരിച്ചല്ലേ ലാബിൽ കയറുന്നത് തന്നെ… നീ ചുമ്മാതിരി”
നിന്നെ അവർ ഒന്നും മിണ്ടിയില്ല
ഭാര്യ പത്മിനിയുടെ മകളെക്കുറിച്ചുള്ള ആകുലത പൂജയുടെ അച്ഛൻ പ്രസാദ് കാര്യമാക്കിയില്ല.
ഊണ് കാലമാകുമ്പോഴേക്കും
പൂജ വീട്ടിലെത്തി.
പ്രസാദ് സിറ്റൗട്ടിൽ ഇരുന്നു ഫോൺ ചെയ്യുകയായിരുന്നു.
“ആ മോൾ എത്തിയോ
എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ ”
“കുഴപ്പമില്ല അച്ഛാ”
അവൾ അതും പറഞ്ഞ് അകത്തു കയറി.
“മോളെ…ഇതെന്താ കോലം അപ്പടി ക്ഷീണിച്ചല്ലോ”
“എന്റെയീ പൊന്നമ്മച്ചിയുടെ കൈസ്വദുള്ള ഫുഡ് ഒന്നും അവിടെ കിട്ടില്ല… പൂരിയും തൈര് സാദവും… പിന്നെ ഗോതമ്പ് ചപ്പാത്തിയും ഇതൊക്കെയാണ് അവിടുത്തെ കാന്റീൻ മെസ്സിൽ”
അവൾ അമ്മയുടെ രണ്ടു കവിളിലും പിടിച്ചുവലിച്ചു പറഞ്ഞു.
“ദേ വീഴും”
അവരുടെ ഇരുകൈയ്യിലും ഡൈനിങ് ടേബിളിൽ വെക്കാനുള്ള ഭക്ഷണം പാത്രമായിരുന്നു
പൂജ കവിളിൽ നിന്നും കയ്യെടുത്തു.
“സുഖമാണോ?”
അവർ അവളോട് ഒരുനിമിഷം അവിടെനിന്ന് ചോദിച്ചു.
“ആണ് അമ്മേ”
“മോളെ നീ കൈകഴുകി വാ…അച്ഛനോടു കഴിക്കാൻ ഇരിക്കാൻ പറ”
അമ്മ ഡൈനിങ് ടേബിളിൽ ഭക്ഷണം കൊണ്ടു വയ്ക്കവേ പറഞ്ഞു.
“എനിക്കു ഫ്രഷ് ആവണം അച്ഛനും അമ്മയും കഴിച്ചോളു”
അവൾ തുള്ളിച്ചാടി സ്റ്റെപ്പ് കയറി മുകളിലെ റൂമിലേക്ക് പോയി.
ദിവസങ്ങൾക്കുശേഷം പൂജ പഠനത്തിനായി ഹൈദരാബാദിലേക്ക് തിരിച്ചുപോയി
ഇപ്രാവശ്യം നാട്ടിൽ നിന്ന് വരുമ്പോൾ പഠനാർത്ഥം അച്ഛനും അമ്മയുടെയും അല്പം മുടികൾ ശേഖരിച്ച് സ്പേസ്മാനായി അവൾ കൊണ്ടുവന്നിരുന്നു.
കമ്പയർ പ്രാക്ടിക്കൽ ടെസ്റ്റിനായി പഠനാർഥികളായ കുട്ടികൾ അവരവരുടെ ബന്ധക്കാരുടെ സ്പേസ്മാനാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
അങ്ങനെയാണ് പൂജയും അതു ശേഖരിച്ചു കൊണ്ടുവന്നത്.
തന്റെ അച്ഛന്റെ ഡിഎൻഎ യുമായി തന്റെ ഡി എൻ എ ക്ക് ഒരു സാമ്യവുമില്ല. അവൾ ഞെട്ടി.
അമ്മയുടേത് ഉണ്ടാവാൻ സാധ്യതയില്ല.
കാരണം അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചപ്പോൾ എല്ലാവരുടെയും നിർബന്ധപ്രകാരം അച്ഛൻ പ്രസാദ് ഇപ്പോഴുള്ള അമ്മ പത്മിനിയെ കെട്ടിയതാണ്.
അതുകൊണ്ട് പത്മിനി അമ്മയുടേതുമായി തന്റെ ഡി എൻ എ ക്ക് സാമ്യം ഉണ്ടാകണമെന്നില്ല.
എന്നാലും അച്ഛൻ?
അവൾക്ക് അത്ഭുതമായി.
പലപ്രാവശ്യം അവൾ ടെസ്റ്റ് ചെയ്തു നോക്കി.
ഉറ്റ കൂട്ടുകാരി പ്രിയ യോട് മാത്രം പറഞ്ഞു
അവൾ ആദ്യം അത്ഭുതപ്പെട്ടു.
“നിന്റെ അപ്പൻ വീഗ്ഗ് വെക്കുമോ അതിൽ നിന്നാണോ എടുത്തുകൊണ്ടു വന്നത്?”
പ്രിയ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഏയ് എന്റെ അച്ഛനു നന്നായി മുടി ഉണ്ട്.
മാത്രവുമല്ല ഞാൻ നേരിട്ട് പറിച്ചെടുത്തതാണ്. ”
പൂജ സങ്കടത്തോടെ പറഞ്ഞു.
“ഇടയ്ക്ക് നമ്മുടെ സീനിയർ റാണിക്ക് അങ്ങനെ ഒരു പറ്റു പറ്റി
അതുകൊണ്ട് പറഞ്ഞതാ”
കൂട്ടുകാരിയെ എങ്ങനെ സമാധാനിപ്പിക്കും എന്ന് ആലോചിച്ചിട്ട് പ്രിയക്ക് ഒരു എത്തും പിടിയും കിട്ടിയില്ല
പൂജക്ക്അത് താങ്ങാവുന്നതിനും അപ്പുറമാണ്…
താൻ തന്റെ അച്ഛന്റെ മകൾ അല്ലേ
സംശയം തീർക്കാൻ പിന്നെയും പല പ്രാവശ്യം അവൾ ടെസ്റ്റ് ചെയ്തു നോക്കി. കഷ്ടം
ഒരു സാമ്യവുമില്ല.
പൂജയ്ക്കു സമാധാനം നഷ്ടപ്പെട്ടു. ഒടുവിൽ പഠനം പൂർത്തിയാക്കാതെ അവൾ നാട്ടിലേക്ക് പോയി നിജസ്ഥിതി അറിയാൻ തീരുമാനിച്ചു….!
കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരു മുന്നറിയിപ്പുമില്ലാതെ കടന്നു വന്ന മകളെ കണ്ടപ്പോൾ ആ മാതാപിതാക്കൾ അമ്പരന്നു..
എന്താണ് കാര്യമെന്ന് അന്വേഷിച്ച അവരെ രണ്ടുപേരെയും നോക്കി
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ഓടിപ്പോയി റൂമിൽ കയറി കതകടച്ചു ബെഡിൽ വീണ് കമിഴ്ന്നു കിടന്നു കരഞ്ഞു.
കതക് ലോക്ക് ചെയ്തില്ലായിരുന്നു.
പത്മിനിയും പ്രസാദും അകത്തു പ്രവേശിച്ചു
മകളോട് കാര്യം തിരക്കി..
അവൾ ഒരു കെട്ട് റിപ്പോർട്ടുകളുടെ പേപ്പേഴ്സ് അവരുടെ മുമ്പിലേക്ക് ഇട്ടുകൊടുത്തു.
“അപ്പോൾ ഞാൻ നിങ്ങളുടെ മകൾ പോലും അല്ല അല്ലേ അച്ഛാ ”
തന്റെ നെഞ്ചിൽ മുഖം ചേർത്തു നിന്ന് കരഞ്ഞുകൊണ്ടുള്ള മകൾ പൂജയുടെ
ചോദ്യം കേട്ട് പ്രസാദ് ഒന്നു നടുങ്ങി.
ഇങ്ങനെ ഒരു രഹസ്യം ഭദ്രമായി പൂട്ടി വെച്ച് താൻ അതിന്റെ താക്കോൽ എന്നോണം ഉള്ള ഈ ഡിഎൻഎ ടെക്നോളജി പഠനത്തിന് മകളെ വിട്ടത് ആന മണ്ടത്തരം ആയെന്ന് പ്രസാദിനു തോന്നിപ്പോയി.
പത്മിനിക്കും ആ അറിവ് പുതുമയുള്ളതാണ്. അവളും പൂജയുടെ വശം ചേർന്നു..
രണ്ടുപേരുടെയും നിർബന്ധത്തിനു വഴങ്ങുക… അതാണ് മുഖം രക്ഷിക്കാൻ വഴി..! ആ രഹസ്യം ഇനി മറച്ചുവെക്കാൻ പ്രസാദിന് ആവില്ല…..
അയാൾ പറഞ്ഞു തുടങ്ങി
പ്രസാദിന്റെഅച്ഛന്റെ ഒരേ ഒരു പെങ്ങൾ. വസുമതി..! അവളുടെ അരുമയായ മകളും പ്രസാദിന്റെ മുറപ്പെണ്ണുമായ സാവിത്രിക്കുട്ടിയുടെ മകളാണ പൂജ !
പൂജയെപ്പോലെ തന്നെ
എംഎൽടി പഠിച്ച് അവൾ ഗൾഫിൽ ജോലിക്കായി പോയി. അവിടെ വച്ച് ഒരു മലയാളി യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഒന്നുരണ്ടു വർഷം ആ പ്രണയം മുന്നോട്ടുപോയി.
വിരസമായ ഹോസ്പിറ്റൽ ജീവിതത്തിനിടയിൽ യുവാവിന്റെ പ്രണയം അവളിൽ കുളിർമഴയായ് പെയ്തിറങ്ങി..
ഒടുവിൽ
വിവാഹം കഴിക്കണമെന്ന് ആവശ്യം അവൾ ഉന്നയിച്ചപ്പോൾ
അവിടെയുള്ള ഒരു ബ്രാൻഡഡ് ഹോട്ടലിൽ വെച്ച് സുഹൃത്തുക്കളെ വിളിച്ചു കൂട്ടി രഹസ്യമായി താലിചാർത്തി.
പിന്നെ ഒന്നിച്ച് ആയി ജീവിതം
അവളുടെ കൂടെ കഴിയുകയായിരുന്നു അവന്റെ ലക്ഷ്യം. ഒരു സ്ത്രീയുടെ വിലപ്പെട്ടതൊക്കെ കവർന്ന ശേഷം അവൻ ആളു മാറി.
വിവാഹത്തിനുശേഷം
അവനിൽ കണ്ട മാറ്റം അവളിൽ അന്വേഷനോൽസുകത ജനിപ്പിച്ചു. അങ്ങനെ അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ നാട്ടിൽ ഭാര്യയും കുട്ടികളും ഉള്ളതായി മനസ്സിലാക്കി.
ആ ബന്ധം ഉപേക്ഷിക്കുമ്പോഴേക്കും അവൾ വൈകിപ്പോയിരുന്നു. അപ്പോഴേക്കും അവളുടെ ഉദരത്തിൽ നീ ജന്മം കൊണ്ടിരുന്നു.
കസിൻ ആയ ഞാൻ അവളുടെ നാട്ടിലുള്ള പഠനത്തിനും ഗൾഫിൽ പോകാനുള്ള സഹായത്തിനും അവളുടെ എല്ലാകാര്യത്തിനും മുന്നിലുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവൾക്ക് അവിടെ പ്രേമം മുളപൊട്ടിയ ഇപ്പോൾതന്നെ വിളിച്ചറിയിച്ചിരുന്നു. അവൾ ഒരു പയ്യനെ
സ്വന്തമായി കണ്ടെത്തിയ എന്നറിഞ്ഞപ്പോൾ
ഇത്തിരി വിഷമം തോന്നിയെങ്കിലും
നമ്മുടെ സാവിത്രിക്കുട്ടി അല്ലേ അവളുടെ ജീവിത സ്റ്റാറ്റസ് മാറുമെങ്കിൽ മാറട്ടെ എന്ന് താനും കരുതി.
വിവാഹിതയായി
ചതിയിൽ പെട്ടപ്പോൾ അതും എല്ലാം അവൾ കരഞ്ഞുകൊണ്ട് പറഞ്ഞത് ഈ ലോകത്ത് തന്നോട് മാത്രമാണ്.
ആത്മഹത്യ ഭീഷണി മുഴക്കുന്നു അവളെ പരമാവധി ഞാൻ എന്റെ പോസിറ്റീവ് എനർജികൊണ്ട് ധൈര്യം നൽകി പിടിച്ചുനിർത്തി.
ഒടുവിൽ അവള് പ്രസവിച്ചു.
കൈക്കുഞ്ഞുമായി അവൾ നാട്ടിലേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അമ്പരന്നു.
വളരെ രഹസ്യമായി കാറു പിടിച്ച് ഞാൻ എയർപോർട്ടിൽ അവളെ കൂട്ടാൻ പോവുകയായിരുന്നു.
എയർ പോർട്ടിൽ നിന്നും അമ്മയെയും കുഞ്ഞിനെയും കൂട്ടി കാറിൽ വരവേ അവൾ പറഞ്ഞു
” പ്രസാദേട്ടാ അവിടെ മരിക്കാൻ എനിക്ക് പേടിയാണ്. പിഴച്ചു പെറ്റ ഒരു സന്താനത്തെ കൊണ്ടു
ഇവിടെ ഈ അപമാനം പേറി ഞാൻ ജീവിക്കില്ല ഇവളെയും കൊല്ലും ഞാനും ചാവും”
കടുത്തതായിരുന്നു ആ സ്വരം.
“ഞാൻ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ ഞാൻ നിനക്കൊരു ജീവിതം തന്നേനെ
നിനക്കറിയാലോ എന്റെ ഭാര്യ രോഗിണിയാണ്. ഞങ്ങൾക്ക് ആറു വർഷമായി കുട്ടികളില്ല. കുഞ്ഞിനെ കൊല്ലാൻ ഉള്ള ചിന്ത ശരിയല്ല
ഈ മോളെ വേണമെങ്കിൽ ഞങ്ങൾ വളർത്തി കൊള്ളാം നീ വീട്ടിലേക്ക് പൊയ്ക്കോളൂ”
കുഞ്ഞിനെ താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞപ്പോൾ അവളിൽ ഒരു ആശ്വാസം
വളരുന്നത് ഞാൻ കണ്ടു. അവൾ അപ്പോൾ
സന്തോഷത്തോടെ കുഞ്ഞിനെ തന്നു
“കുഞ്ഞിന് കൊണ്ടുപോയിക്കൊള്ളൂ പ്രസാദേട്ടൻ ദത്തെടുത്താണെന്നു സരോജ ചേച്ചിയോട് പറഞ്ഞു വളർത്തിക്കോ
. . പക്ഷേ വീട്ടിൽ പോയ ഞാൻ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല… ”
“നിർത്തൂ നിന്റെ ഈ ദൈവദോഷം പറച്ചിൽ. കൂടുതലും ചിന്തിക്കാതെ
വീട്ടിൽ പോയി സമാധാനമായി കഴിയൂ.”
ഞാൻ ഒച്ച എടുത്തപ്പോൾ
അവൾ മൗനം ഭജിച്ചു.
ദൂരെ അനാഥാലയത്തിൽ നിന്നും ദത്ത് കിട്ടിയതാണ്. വിവരം രഹസ്യമായി വച്ചിരിക്കുകയായിരുന്നു കുറെ നാളായി ഞാൻ ഇതിന്റെ പിറകിൽ ആയിരുന്നു എന്നും അവർ വിളിച്ചപ്പോൾ ഞാൻ പോയതാണ് കുഞ്ഞിനെ കൂട്ടാൻ എന്ന് പറഞ്ഞു ഞാൻ എന്റെ ഭാര്യ സാരോജത്തെ വിശ്വസിപ്പിച്ചു കുഞ്ഞിനെ നൽകി.
പാവം അത് വിശ്വസിച്ചു.
നിന്നെ കിട്ടിയപ്പോൾ തന്നെ അവളുടെ രോഗം പാതി കുറഞ്ഞത് പോലെ തോന്നി.
വീട്ടിലെത്തി ആദ്യ കുറച്ചു ദിവസങ്ങളിൽ സാവിത്രികുട്ടി നല്ല സന്തോഷത്തിൽ കഴിഞ്ഞുകൂടി. എല്ലാം മറന്ന് അവളും നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ഞാനും ആഗ്രഹിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോൾ സാവിത്രികുട്ടിയുടെ നില പരുങ്ങലിലായി. വിഷാദ രോഗത്തിന് അടിമപ്പെട്ടു.
ഒരു ദിവസം വസുമതി അപ്പച്ചി വിളിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു
“നമ്മുടെ
സാവിത്രിക്കുട്ടി പോയി മോനെ പ്രസാദ് കുഞ്ഞെ…”
കാമുകനാൽ ചതിക്കപ്പെട്ട ദുഃഖത്താൽ അവളൊരു സാരിത്തുമ്പിൽ അവസാന ആശ്രയം കണ്ടെത്തുകയായിരുന്നു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ
പൂജ യിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.
കുറേ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം
അവൾ ഗദ്ഗദത്തോടെ ചോദിച്ചു
അമ്മ ആരാണെന്ന് അറിഞ്ഞു…
എങ്കിൽ പറ ആരാണ് എന്റെ അച്ഛൻ.. ആരാണയാൾ ഇപ്പോഴും വിദേശത്ത് ആണോ? ”
“മോളെ അതു…”
പ്രസാദ് പരുങ്ങി.
“എന്താണച്ചാ പറയാൻ ഒരു വിഷമം പോലെ”
മോളെ അവരൊക്കെ സമൂഹത്തിൽ വലിയ നിലയിലാണ് ഇപ്പോൾ. നിന്നെ അവർ മകളായി അംഗീകരിക്കുകയില്ല.”
“അംഗീകാരത്തിനു വേണ്ടിയല്ല അച്ഛാ എനിക്കറിയണം അതിനുവേണ്ടിയാണ്.”
“മോളെ നീ ഇപ്പോൾ ഞങ്ങളുടെ മകൾ അല്ലേ ഇനി എന്തിനാ അതൊക്കെ അറിഞ്ഞിട്ടു”
“എനിക്ക് എന്റെ ഈ ജന്മത്തിൽ മരണംവരെ അച്ഛനും അമ്മയും നിങ്ങൾ തന്നെയാണ്…. അതിനെ യാതൊരു മാറ്റവുമില്ല. എന്റെ അമ്മയെ പ്രേമിച്ചു ചതിച്ചു ജീവിതത്തിന്റെ ദുരിതക്കയത്തിൽ ഒറ്റപ്പെടുത്തി നശിപ്പിച്ച ആ ദുഷ്ടനെ എനിക്ക് അച്ഛനായും വേണ്ട. അയാളുടെ ഒരു അംഗീകാരവും ഞാൻ ആഗ്രഹിക്കുന്നില്ല.
ഞാനും അച്ഛനായി അയാളെ അംഗീകരിക്കുകയില്ല.
മാത്രവുമല്ല ഒരു പ്രശ്നവും ഞാൻഇതേ ചൊല്ലി ഉണ്ടാക്കുകയില്ല.
എന്നാലും അതാരാണെന്നറിഞ്ഞു ഒരു നിമിഷമെങ്കിലും ദൂരെ മാറി നിന്ന് കാണണമെന്ന് ഒരാഗ്രഹമുണ്ട്.”
രണ്ടു ദിവസത്തിനു ശേഷം പഠനത്തിനായി ഹൈദരാബാദിലേക്ക് പോകുന്ന മകളെ
മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളുടെ ഇടയിൽ ആരവത്തോടെ വേദിയിലേക്ക് കടന്നുവരുന്ന ജനക്കൂട്ടത്തിന് മുന്നിൽ
നേതാവായ ആ മനുഷ്യനെ ചൂണ്ടിക്കാട്ടി പ്രസാദ് പൂജയോട് പറഞ്ഞു
“അതാണ് നിന്റെ സൃഷ്ടികർത്താവ്.”
ജനങ്ങളെ തൊഴുതുകൊണ്ട് വേദിലേക്ക് കയറി മധ്യ സ്ഥാനത്തുള്ള ആ കസേരയിൽ അയാൾ കയറി ഇരുന്നു…..!!
അയാളെ അവൾ വ്യക്തമായി കണ്ടു.
പക്ഷെ അവളുടെ ചുണ്ട് ഒരു പുച്ഛം മാത്രം ആയിരുന്നു.