കല്യാണം കഴിയുന്നതുവരെ നിന്നെപ്പോലെ തന്നെയായിരുന്നു അവളും. മറ്റൊരു വീട്ടിൽ ചെന്ന് അവൾ എന്തു ചെയ്യുമെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്

(രചന: അംബിക ശിവശങ്കരൻ)

രാവിലെ മുതൽ അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു. പതിവുപോലെ എഴുന്നേറ്റ് ബ്രഷും ചെയ്ത് ആരതി അമ്മയുടെ കൂടെ കത്തി അടിക്കാൻ ചെന്നിരുന്നു. വലിയ പണികൾ ഒന്നും ഏൽപ്പിക്കില്ലെങ്കിലും പച്ചക്കറി അരിയുക, ഉള്ളി തൊലി കളയുക, തേങ്ങ ചിരകുക എന്നീ ജോലികൾ അവൾ ഉണർന്നു കഴിഞ്ഞാൽ അവൾക്കുള്ളതാണ്.

” എന്താണ് അമ്മേ ഇന്ന് വിഭവങ്ങൾ കൂടുതൽ ഉണ്ടല്ലോ.. ഓഹ്.. മൂത്ത മകൾ വരുന്നത് പ്രമാണിച്ചുള്ള തയ്യാറെടുപ്പുകൾ ആണല്ലേ ഈ കാണുന്നതെല്ലാം..? ഇന്നലെ വിളിച്ചു ലിസ്റ്റ് പറഞ്ഞു കാണുമല്ലോ… നമ്മളൊക്കെ നൂറുവട്ടം പറഞ്ഞാല ഇഷ്ടമുള്ള ആഹാരം എന്തെങ്കിലും വെച്ച് ഉണ്ടാക്കി തരുന്നത്. നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ… ”

തേങ്ങ ചിരകുന്നതിനിടയിൽ അവൾ കള്ള പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു.

“പാവം കല്യാണം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും ഇവിടെ വന്നാലാണ് അവൾ ഇഷ്ടമുള്ള ആഹാരം വയറുനിറയെ കഴിക്കുന്നത്. ചിലപ്പോഴൊക്കെ ആർത്തിയോടെ ആഹാരം വലിച്ചുണ്ണുന്നത് കാണുമ്പോൾ എനിക്ക് തന്നെ സങ്കടം വരും.

അവർ അവിടെ ആഹാരം കൊടുക്കാഞ്ഞിട്ടല്ല. പക്ഷേ ചിലർക്ക് അങ്ങനെയാ മോളെ.. അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. നിന്റെ കല്യാണം കഴിഞ്ഞ് നീ വീട്ടിൽ നിൽക്കാൻ വരുമ്പോഴും നിനക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ വെച്ച് ഉണ്ടാക്കി തരും. മക്കളെ എത്ര ഊട്ടിയാലും ഏതൊരു അമ്മയ്ക്കാണ് മതിയാകുക?’

അമ്മയുടെ ശബ്ദം ഇടറുന്നത് അവൾ അറിഞ്ഞു.

“എനിക്കെന്തേലും തിന്നാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ അതിന്റെ കെട്ടിയോനോട് പറഞ്ഞങ്ങ് സാധിക്കും. സ്വന്തം ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അയാൾ എന്തിനാ എന്നെ കെട്ടുന്നത്? എനിക്കിവിടെ അമ്മ വെച്ച് ഉണ്ടാക്കുന്നതും കഴിച്ച് നല്ല ജോളിയായി കഴിഞ്ഞാൽ പോരെ..

ചേച്ചിക്ക് എന്തെങ്കിലും കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചേട്ടനോട് തുറന്നു പറഞ്ഞാൽ എന്താ? അല്ലേൽ ഇഷ്ടമുള്ള ആഹാരം എന്താണെന്ന് വെച്ചാൽ ഉണ്ടാക്കി കഴിക്കണം. മറ്റുള്ളവർക്ക് ഇഷ്ടമുള്ളത് മാത്രം വെച്ച് വിളമ്പി കൊടുക്കാനാണോ നമ്മൾ വിവാഹം കഴിക്കുന്നത്? അപ്പോൾ നമ്മുടെ ഇഷ്ടങ്ങൾ ആരാ നോക്കുക?”

തികച്ചും ന്യായമായ ചോദ്യമാണെങ്കിലും അവളുടെ ആ ചോദ്യത്തിന് മറുപടിയായി അമ്മ ഒന്ന് പുഞ്ചിരിച്ചു.

“കല്യാണം കഴിയുന്നതുവരെ നിന്നെപ്പോലെ തന്നെയായിരുന്നു അവളും. മറ്റൊരു വീട്ടിൽ ചെന്ന് അവൾ എന്തു ചെയ്യുമെന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ വിജയവും പരാജയവും. ഏതൊരു സാഹചര്യത്തോടും അവൾ പെട്ടെന്ന് ഇണങ്ങി ജീവിക്കും.

ഒട്ടുമിക്ക പെൺകുട്ടികളും ഭാര്യമാരായി കഴിഞ്ഞാൽ തന്റെ ഇഷ്ടത്തേക്കാൾ ഏറെ തന്റെ ഭർത്താവിന്റെയും ആ കുടുംബത്തിലുള്ളവരുടെയും ഇഷ്ടങ്ങൾക്കാണ് മുൻതൂക്കം നൽകുക. അവർ ആഗ്രഹിച്ചല്ലെങ്കിൽ കൂടിയും താൻ കയറിച്ചെല്ലുന്ന കുടുംബത്തിലെ രീതികൾ അതേപടി നിലനിർത്താൻ അവൾ തന്റെ ഇഷ്ടങ്ങളെ അവരുടെ ഇഷ്ടങ്ങളായി മാറ്റിമറിക്കുന്നു. താൻ സന്തോഷവതിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു.

ഇതുതന്നെയായിരിക്കും ഓരോ പെൺകുട്ടികളുടെ ജീവിതം എടുത്താലും കാണാൻ കഴിയുക. ഭാര്യയിൽ നിന്ന് അമ്മയായാൽ പിന്നെ മക്കളുടെ ഇഷ്ടങ്ങൾക്കാവും മുൻതൂക്കം. എന്നും ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടങ്ങൾ അറിഞ്ഞ് വെച്ചുണ്ടാക്കുന്ന അവളോട് ഒരു ദിവസമെങ്കിലും ഇന്ന് നിനക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കിയാൽ മതിയെന്നോ… ഞങ്ങളുടെ ഇഷ്ടങ്ങൾ നോക്കേണ്ട അമ്മയുടെ രുചിക്ക് അനുസരിച്ച് പാചകം ചെയ്താൽ മതി എന്നോ പറയുന്ന എത്രപേരുണ്ട്?? അവൾ മാറുന്നത് ഒരിക്കലും അവൾക്ക് വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ്. ”

അവർ അത്രയും പറഞ്ഞു നിർത്തിയതും അവൾക്ക് എന്തോ വല്ലാത്ത കുറ്റബോധം തോന്നി. അമ്മ പറയാതെ പറഞ്ഞത് അമ്മയുടെ ജീവിതം തന്നെയാണ്. ഇക്കാലത്തിനിടയ്ക്ക് എത്രവട്ടം അമ്മയുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്? അതോ അമ്മയ്ക്കും ഇഷ്ടങ്ങൾ ഉണ്ടെന്ന് മറന്നുവോ? തങ്ങൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇല്ലെങ്കിൽ പിണങ്ങി ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന മക്കൾക്ക് വേണ്ടി അമ്മയുടെ ഇഷ്ടങ്ങൾ മനപ്പൂർവ്വംഅമ്മ ത്യജിച്ചതല്ലേ?

പെട്ടെന്നാണ് പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടത്.

ചേച്ചിയാണ്.!

അമ്മയും ആരതിയും പണികളെല്ലാം അവിടെ നിർത്തിവച്ചു സിറ്റൗട്ടിലേക്ക് ചെന്നു. അപ്പോഴേക്കും അച്ഛൻ ഓട്ടോയിൽ നിന്ന് ബാഗും സാധനങ്ങളും എല്ലാം എടുക്കുന്ന തിരക്കിലായിരുന്നു.

അമ്മ ഓടി ചെന്ന് കുട്ടിയെയാണ് ആദ്യം എടുത്തത് അല്ലെങ്കിലും പേരക്കുട്ടി ആയാൽ പിന്നെ അമ്മമാർക്ക് അവരെ മതിയല്ലോ..

” എന്താ മോളെ അരുൺ വന്നില്ലേ? ”
അച്ഛനാണ് തിരക്കിയത്

“ഇല്ലച്ഛാ അരുണേട്ടന് ഒരു ഫ്രണ്ടിന്റെ കല്യാണം ഉണ്ട് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അതാണ് എന്നെ ഓട്ടോയിൽ കയറ്റിവിട്ടത്. തിരികെ കൊണ്ടുപോകാൻ അരുണേട്ടൻ വരും.”

“അല്ലെങ്കിലും ഭാര്യയുടെ വീട്ടിൽ വരുന്നത് അരുണേട്ടന് എന്തോ നരകത്തിൽ പോയിരിക്കുന്നത് പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചേച്ചി സ്വന്തം വീട് ഉപേക്ഷിച്ച് ആജീവനാന്തം അവിടെ ചെന്ന് താമസിക്കുമ്പോൾ ഒരു ദിവസം തികച്ച് ഇവിടെ നിൽക്കാൻ അരുണേട്ടന് എന്താ ഇത്ര ബുദ്ധിമുട്ട്? അരുണേട്ടൻ ഒട്ടു നിൽക്കുകയും ഇല്ല ചേച്ചിയെ നിർത്തുകയും ഇല്ല.”

അവൾ മനസ്സിൽ പിറുപിറുത്തു

അഞ്ജലി വന്നുകയറിയതും നേരെ അടുക്കളയിലേക്കാണ് ഓടിയത് പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി സ്വയം നിർവൃതി അടയുന്ന അവളെ കണ്ടതും അമ്മ ആരതിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.

“ഒരു പ്ലേറ്റിൽ എടുത്ത് കഴിക്ക് എന്റെ അഞ്ജു..ചട്ടിയിലെ കരി മുഴുവൻ ഇനി ഡ്രസ്സിൽ ആക്കേണ്ട..”

തലേന്ന് വെച്ച മീൻകറിയുടെ ചട്ടിയിൽ അതേപടി ചോറിട്ട് ഉണ്ണുന്ന
അവളെ കണ്ടതും അമ്മ ശകാരിച്ചു.

“അമ്മയ്ക്ക് അത് പറയാം. ഇങ്ങനെ ചട്ടിയിൽ ചോറിട്ട് തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഈ ലോകത്ത് സ്വന്തം അമ്മ വെച്ച് ഉണ്ടാക്കി തരുന്ന ഭക്ഷണത്തേക്കാൾ രുചി മറ്റെന്തിനുണ്ട്.,? അതറിയണമെങ്കിൽ സ്വന്തം പാചകം ചെയ്ത് കഴിച്ചു തുടങ്ങണം.”

അവൾ അത് ആർത്തിയോടെ കഴിക്കുന്നത് കണ്ട് അവർ രണ്ടുപേരും അവിടെ തന്നെ നിന്നു. കുഞ്ഞ് അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു.

അന്ന് രാത്രി അവർ ഒരുപാട് നേരം വിശേഷങ്ങൾ പങ്കുവെച്ചു. എന്നും ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും നേരിൽകണ്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണല്ലോ…

“ഇനി എന്നാണ് മാഡം തിരികെ പോകുന്നത്? നാളെയോ അതോ മറ്റന്നാളോ? അല്ല… ഒന്നോ രണ്ടോ ദിവസത്തേക്ക് പറഞ്ഞുറപ്പിച്ച കരാറിൽ ആണല്ലോ എന്നും ഇവിടെ വന്നു പോകാറുള്ളത്.”

അവൾ തന്റെ ചേച്ചിയെ കളിയാക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല.

” നീ അങ്ങനെ കളിയാക്കുകയും ഒന്നും വേണ്ട… മറ്റന്നാൾ പോണം അവിടുത്തെ അമ്മയ്ക്കും വയ്യാതിരിക്കുകയാണ്. പറഞ്ഞ ദിവസം തന്നെ ചെന്നാലേ അടുത്തവട്ടം ചോദിക്കുമ്പോൾ മുഖം കറുക്കാതെ സമ്മതിക്കുകയുള്ളൂ.. ”

” അല്ല… എനിക്കൊരു സംശയം സ്വന്തം വീട്ടിലേക്ക് തന്നെയല്ലേ വരുന്നത് അതിനിത്ര മുഖം കറുക്കേണ്ട കാര്യമെന്താ? ഈ കല്യാണ കരാറിൽ അവർ ചേച്ചിയെ മൊത്തമായി അങ്ങ് എടുത്തേക്കുവാണോ? സ്വന്തം വീട്ടുകാർക്ക് അപ്പോൾ ചേച്ചിയുടെ മേൽ ഒരു അവകാശവും ഇല്ലാതായോ? പറയുന്നത് കേട്ടാൽ തോന്നും ഓരോ ആഴ്ചയും ഇവിടെ വന്ന് നിന്ന് പോകുകയാണെന്ന്. ഒന്നരമാസം കഴിഞ്ഞാ മോള് ഇന്ന് ഇങ്ങോട്ട് വന്നത്. ”

ആരതി പരിഭവം പറഞ്ഞപ്പോൾ അഞ്ജലി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അഞ്ജലി എപ്പോഴോ ഉറങ്ങി പോയപ്പോൾ ആരതിക്ക് ലൈറ്റ് ഓൺ ആയി കിടക്കുന്നതുകൊണ്ട് ഉറങ്ങാനേ കഴിഞ്ഞില്ല. കുഞ്ഞ് ഉള്ളതുകൊണ്ട് തന്നെ ലൈറ്റ് ഓഫ് ചെയ്യാനും നിവർത്തിയില്ല.

അവൾ തന്റെ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് നോക്കി ഒന്നുമറിയാതെ എത്ര സുന്ദരമായാണ് ചേച്ചി കിടന്നുറങ്ങുന്നത്.

അമ്മ പറഞ്ഞത് എത്രയോ ശരിയാണ്. ഒരു ഭാര്യയായപ്പോൾ അതിലുപരി ഒരു അമ്മയായപ്പോൾ ചേച്ചിക്ക് എന്തെല്ലാം മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

ഒരു തരി വെളിച്ചം കണ്ടാൽ പോലും ഉറങ്ങാത്ത ചേച്ചിയാണ് ഇപ്പോൾ ഇത്ര വെളിച്ചത്തിന് നടുവിലും സുഖമായി കിടന്നുറങ്ങുന്നത്. ഒരുപാട് സമയമെടുത്ത് കഴിക്കുന്നതിന് എപ്പോഴും അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് കേൾക്കാറുള്ള ചേച്ചിയാണ് ഇപ്പോൾ നാലോ അഞ്ചോ മിനിറ്റ് മാത്രം എടുത്ത് ആഹാരം മുഴുവൻ കഴിച്ചു തീർക്കുന്നത്.

ചെറിയ കളിയാക്കലുകൾ പോലും സഹിക്കാതിരുന്ന ചേച്ചി ഇപ്പോൾ എത്ര വേദനിക്കുന്ന വാക്കുകളും ചെറുപുഞ്ചിരിയോടെ കേട്ടുനിൽക്കുന്നു. തീരെ ചെറിയ മുറിവ് പോലും സഹിക്കാതിരുന്ന ആളിപ്പോൾ സകല വേദനയും സഹിച്ചൊരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.

അതെ അവൾ ഒരു സ്ത്രീയാണ്. മകളിൽ നിന്ന് ഭാര്യയാകുമ്പോഴും ഭാര്യയിൽ നിന്ന് അമ്മയാകുമ്പോഴും കാലം അവൾക്കായി ഒരുപാട് മാറ്റങ്ങൾ കരുതിവച്ചിരിക്കുന്നു. അവൾ അത് നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങുന്നു. ചിലപ്പോൾ ആ മാറ്റത്തിന്റെ പട്ടികയിൽ നാളെ താനും ഉണ്ടാകാം.

കുറെയേറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറക്കം വരാതായപ്പോൾ ആരതി അപ്പുറത്തെ മുറിയിൽ പോയി കിടന്നു.

രണ്ടുദിവസം കടന്നുപോയത് അറിഞ്ഞില്ല. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങാൻ നേരം ചങ്ക് തകർന്നു പോകുന്ന വേദനയായിരുന്നു അഞ്ജലിക്ക്. വിരുന്നു കഴിഞ്ഞുപോകുന്ന ഒരു അതിഥിയെ പോലെ സ്വന്തം അച്ഛനോടും അമ്മയോടും കൂടെപ്പിറപ്പിനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തിനെന്നറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.

ഇനിയും ഒരു അതിഥിയെ പോലുള്ള അവളുടെ വരവിനായി അവർ മൂവരും തങ്ങളുടെ പ്രിയപ്പെട്ടവളെ വേദനയോടെ യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *