പിന്നെ കേട്ടത് കാത് പൊട്ടുന്ന രീതിയിൽ ഒരു അടിയാണ്… നിലത്തേക്ക് വീണുപോയ എന്നെ അവിടുന്ന് പിടിച്ചു എണീപ്പിച്ച് വീണ്ടും അടിച്ചു പിന്നെയും അടിക്കാൻ കൈ

(രചന: J. K)

“”ജാനകി “””

അപ്പ വിളിച്ചപ്പോൾ അവളുടെ കയ്യും കാലും വിറച്ചു… എന്ത് ചെയ്യണം എന്നറിയാതെ നിന്നു വീണ്ടും വിളിച്ചപ്പോഴാണ് മെല്ലെ പൂമുഖത്തേക്ക് ചെന്നത് അവിടെ ഇരിക്കുന്നവരെ കണ്ട് അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി…

“”റോയ് ഇച്ചായൻ… പിന്നെ ഇച്ചായന്റെ പപ്പയും ചേട്ടനും..””

പെണ്ണ് ചോദിച്ചു വരുമെന്ന് പറഞ്ഞിരുന്നു പക്ഷേ അതത്ര കാര്യമാക്കി എടുത്തില്ല അല്ലെങ്കിലും ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ അപ്പ സമ്മതിക്കില്ല എന്നത് നൂറുതരം ആയിരുന്നു… അപ്പൊ പിന്നെ കളിയാക്കി പറയുകയാണ് എന്നാണ് വിചാരിച്ചത് ഇന്ന് കോളേജ് ഇല്ലാത്തതുകൊണ്ട് രാവിലെ തന്നെ പാട്ട് ക്ലാസിനു പോയി.

അത് കഴിഞ്ഞ് ഇങ്ങോട്ട് വന്ന് ഡ്രസ്സ് മാറ്റാൻ വേണ്ടി റൂമിലേക്ക് ചെന്നതാണ് അപ്പോഴാണ് പൂമുഖത്ത് നിന്ന് ആരുടെയോ പരിചയമുള്ള സ്വരത്തിൽ സംസാരം കേട്ടത് സംശയം തോന്നി ജനലിലൂടെ എത്തി നോക്കിയപ്പോഴാണ് സംശയമല്ല അത് യാഥാർത്ഥ്യമാണ് എന്ന് മനസ്സിലായത് അപ്പോൾ തുടങ്ങിയ ടെൻഷനാണ്…

“””” ജാനകി നിനക്ക് ഇവനെ അറിയാമോ?
അപ്പ ചോദിച്ചപ്പോൾ കയ്യൊക്കെ വിറച്ച് എന്ത് പറയണം എന്നറിയാതെ നിന്നു… പേടിച്ച് ഹൃദയമൊക്കെ ഇപ്പോൾ പൊട്ടും എന്ന നിലയിൽ ആയിരുന്നു എങ്കിലും പറഞ്ഞു അറിയാം എന്ന്….

അത് പറഞ്ഞപ്പോഴേക്ക് അപ്പയുടെ ചുവന്നു വന്ന മുഖം മനസ്സിലാക്കി തന്നിരുന്നു ഉള്ളിലെ ദേഷ്യം…. എന്നിട്ടും അതൊന്നും പുറത്ത് കാണിക്കാതെ ശാന്തനായി ഇരിക്കുകയാണ്…

“”” ദേ ഇവര് പറയുന്നു നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. നിന്നെ അവർക്ക് കല്യാണം കഴിച്ച് കൊടുക്കണം എന്നൊക്കെ ആ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ??? “””

ആ സ്വരത്തിലെ ഭീഷണി എനിക്ക് മാത്രമേ മനസ്സിലായിരുന്നുള്ളൂ… പക്ഷേ നുണ പറയാൻ എന്തോ തോന്നിയില്ല അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞിരുന്നു ഞങ്ങൾ തമ്മിൽ ഇഷ്ടമാണ് എന്ന്…

പിന്നെ കേട്ടത് കാത് പൊട്ടുന്ന രീതിയിൽ ഒരു അടിയാണ്…
നിലത്തേക്ക് വീണുപോയ എന്നെ അവിടുന്ന് പിടിച്ചു എണീപ്പിച്ച് വീണ്ടും അടിച്ചു പിന്നെയും അടിക്കാൻ കൈ ഓങ്ങിയപ്പോഴാണ് ഇച്ചായൻ വന്നു തടഞ്ഞത്…
“””” എന്റെ കൺമുന്നിൽ അവളെ ഇങ്ങനെ തല്ലി ചതിക്കാൻ പറ്റില്ല “”””

എന്ന് പറഞ്ഞു….

“”””നീ ആരാടാ അത് ചോദിക്കാൻ എന്റെ മകളെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും””””
എന്ന് പറഞ്ഞ് അപ്പ ഇച്ചായനെ പിടിച്ചു തള്ളി..
അപ്പോഴേയ്ക്ക് ഇച്ചായന്റെ പപ്പയും ചേട്ടനും എല്ലാം കൂടി ഇടപെട്ട് അത് വഷളാക്കിയിരുന്നു…

“”” എന്റെ കൂടെ ജീവിക്കണമെങ്കിൽ ഇപ്പോൾ നീ ഇറങ്ങി വരണം”””

എന്ന് പറഞ്ഞ് ഇചായൻ വിളിച്ചപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവിടെത്തന്നെ നിന്നിട്ടുണ്ടെങ്കിൽ ആരുടെയെങ്കിലും തലയിൽ എന്നെ കെട്ടിവെക്കും അപ്പ എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ എന്റെ ഇച്ചായന്റെ കൂടെ ഇറങ്ങി..

എനിക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്ന് പറഞ്ഞ് അന്ന് തന്നെ അപ്പ പടിയടച്ച് പിണ്ഡം വെച്ചിരുന്നു

ഇച്ചായന്റെ വീട്ടിലേക്ക് പോയെങ്കിലും എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടായിരുന്നില്ല…

ചെറുപ്പത്തിലെ നഷ്ടപ്പെട്ടതായിരുന്നു അമ്മയെ പിന്നെ എല്ലാം അപ്പയായിരുന്നു പക്ഷേ ഒരിക്കൽ പോലും ഒന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടില്ല അപ്പ…. എപ്പോഴും ഭയങ്കര സ്ട്രിക്ട് ആയിരുന്നു ആ മുഖത്തേക്ക് നോക്കി ഒരു കാര്യം പറയാൻ പോലും പേടിയായിരുന്നു എനിക്ക്..
പക്ഷേ അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം കഴിക്കാത്തത് എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് എല്ലാവരും പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു..

എങ്കിലും ജീവിതത്തിൽ ചേർത്ത് പിടിക്കാൻ ഒരാളില്ലാത്തതിന്റെ അരക്ഷിതാവസ്ഥ നന്നായി അനുഭവിച്ചിരുന്നു. അങ്ങനെയാണ് ഇച്ചായനെ പരിചയപ്പെടുന്നത്..

കോളേജിൽ ഗസ്റ്റ് ആയി വന്ന ലെചറർ ആയിരുന്നു… എന്നോട് എന്തോ ആൾക്ക് പ്രത്യേകതയുണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു പിന്നീട് ഓരോ പ്രശ്നങ്ങൾ വന്നപ്പോഴും ചേർത്ത് നിർത്താൻ തുടങ്ങി…
വിഷമിക്കുമ്പോൾ വിഷമിക്കേണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു…

ആദ്യമൊക്കെ ഒരു സാർ എന്നതിലുപരി അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചിട്ട് പോലുമില്ലായിരുന്നു പക്ഷേ എന്റെ കാര്യത്തിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയും എനിക്ക് തരുന്ന കെയറിങ് എനിക്ക് കണ്ടില്ല എന്ന് നടിക്കാൻ കഴിയാതെയായി എപ്പോഴും അദ്ദേഹം കൂടെയുണ്ടാവണം എന്ന മോഹം എന്റെ ഉള്ളിലും ഉദിച്ചു…

കാരണം തെറ്റും ശരിയും ചൂണ്ടി കാണിച്ചു തരാനും ഒരു വിഷമം വീഴുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും

ഇതിനൊന്നും എനിക്ക് ആരും ഉണ്ടായിരുന്നില്ല അപ്പ എനിക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം എത്തിച്ചു തരും എന്ന് ഉണ്ടെങ്കിലും ഒരിക്കൽ പോലും എന്നോട് അടുത്ത് സംസാരിക്കാനോ മനസ്സ് തുറക്കാനോ ശ്രമിച്ചിട്ടില്ല….

ഇച്ചായൻ അവരുടെ മതാചാരപ്രകാരം എന്നെ വിവാഹം കഴിച്ചു.. ഇച്ചായനോടോത്തുള്ള ജീവിതം സുഖകരമായിരുന്നുവെങ്കിലും അപ്പായെ കുറിച്ചുള്ള ഓർമ്മ എന്നിൽ വല്ലാത്ത കുറ്റബോധം നിറച്ചിരുന്നു….

അപ്പോഴൊക്കെയും ചേർത്ത് പിടിച്ചിരുന്നത് ഇച്ചായൻ ആണ് അവിടുത്തെ അച്ഛനും മക്കളും തമ്മിൽ സുഹൃത്തുക്കളെ പോലെയായിരുന്നു…
അവർക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവരുടെ അപ്പൻ കൊടുത്തിരുന്നു..

എന്റെ അപ്പ പക്ഷേ അങ്ങനെ ആയിരുന്നില്ലെങ്കിലും ആ മനസ്സും മുഴുവൻ എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം…

അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞത്…

ഗർഭകാലം മുതൽ എന്റെ പ്രസവം വരെ എനിക്ക് തന്ന പരിചരണം കാണെ എന്റെ ഉള്ളിലെ കുറ്റബോധം വളർന്നു… ഇച്ചായന് കുഞ്ഞിനെ കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ അച്ഛനെയാണ്… ഞാൻ ജനിച്ചപ്പോൾ അദ്ദേഹവും ഇത്രത്തോളം സന്തോഷം അനുഭവിച്ചിട്ടുണ്ടാവില്ലെ…

അദ്ദേഹത്തെ ധിക്കരിച്ചു വന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല സ്നേഹം എന്താണെന്ന് അറിഞ്ഞത് ഇച്ചായനിൽ നിന്നായിരുന്നു ആ ആളെ എനിക്ക് ഒഴിവാക്കാൻ പറ്റാത്തതുകൊണ്ടാണ് ഒരിക്കലും അപ്പാ ഈ വിവാഹത്തിന് സമ്മതിക്കില്ല എന്നെനിക്കുറപ്പായിരുന്നു…

അപ്പായെ ഇച്ചായൻ ഞാൻ പ്രസവിച്ച വിവരമറിയിച്ചപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു എന്നാണ് പറഞ്ഞത്. എന്നെ കാണാൻ ഒന്ന് വരുമെന്ന് പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല അതെനിക്ക് വല്ലാത്ത വിഷമം ആണ് ഉണ്ടാക്കിയത്..

മോനെയും കൊണ്ട് അങ്ങോട്ടേക്ക് ചെല്ലണമെന്ന് എനിക്കുണ്ടായിരുന്നു പക്ഷേ അപ്പായ്ക്ക് എന്ത് തോന്നും എന്ന് വിചാരിച്ചാണ് അങ്ങോട്ട് ചെല്ലാൻ മടിച്ചിരുന്നത് ഒരു ചെറിയ ഭയം ഇപ്പോഴും എനിക്കുണ്ട്…

അപ്പോഴാണ് അറിഞ്ഞത് അപ്പായ്ക്ക് നെഞ്ചുവേദനയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല ഞാൻ മോനെയും എടുത്ത് ഇച്ചായനോട് പറഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ചു…

ഭാഗ്യത്തിന് വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല…
എങ്കിലും ഒബ്സർവേഷനിൽ കുറച്ചുനേരം കിടന്നിട്ട് പോയാൽ മതി എന്നു പറഞ്ഞു അവിടെ കിടത്തിയിരിക്കുകയായിരുന്നു അപ്പയെ…

എന്നെ കണ്ടതും അപ്പ മുഖം എതിർവശത്തേക്ക് തിരിച്ചു എനിക്ക് അത് കണ്ട് സങ്കടം വന്നു..
അപ്പയുടെ പെങ്ങൾ അവിടെ കൂടെയുണ്ടായിരുന്നു അപ്പച്ചി എന്നോട് കുഞ്ഞിന് ആ മടിയിലേയ്ക്ക് അങ്ങ് വെച്ചുകൊടുക്കാൻ പറഞ്ഞു..

പറഞ്ഞതുപോലെ ചെയ്തു പിന്നെ അപ്പാക്ക് മോനെ എടുക്കാതിരിക്കാൻ ആയില്ല..

അപ്പോഴേക്കും അപ്പച്ചി പറഞ്ഞറിഞ്ഞിരുന്നു ഞാൻ പോയതിനുശേഷം ആകെ തകർന്നുപോയ അപ്പയെ കുറിച്ച്…

ഭാര്യ മരിച്ച ശേഷം മറ്റൊരു ജീവിതം പോലും തെരഞ്ഞെടുക്കാതെ എനിക്ക് വേണ്ടി ജീവിച്ച അപ്പ ധിക്കരിച്ച് ഞാൻ മറ്റൊരു ജീവിതം തിരഞ്ഞെടുത്തത് അപ്പായെ സംബന്ധിച്ചിടത്തോളം സഹിക്കാനാവാത്ത ഒന്നായിരുന്നു..

പക്ഷേ ഞാൻ പോയതിനുശേഷം ആണ് അപ്പ അപ്പയുടെ ഭാഗത്ത് നിന്ന് സംഭവിച്ച
പാളിച്ചകൾ എന്തൊക്കെയാണെന്ന് ചിന്തിച്ചത് അതോടെ അപ്പയ്ക്ക് മനസ്സിലായി സ്നേഹം ഒരിക്കലും കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ല അത് തുറന്നു ആവശ്യസമയത്ത് പ്രകടിപ്പിക്കാനുള്ളതാണ് എന്ന്…

എന്നോട് എന്നോ ക്ഷമിച്ചിരുന്നു അപ്പാ.. ഞാനൊന്ന് വരാനായി കാത്തിരിക്കുകയായിരുന്നു..

ഇപ്പോ അപ്പാക്ക് സ്വന്തം മകൻ തന്നെയാണ് ഇച്ചായൻ..
ഇച്ചായന് തിരിച്ചും അങ്ങനെ തന്നെയാണ്..

സ്നേഹം കൊടുത്തു സ്വീകരിച്ചും കഴിയുമ്പോൾ ജീവിതം ഇത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *