വിഷാദിനി
(രചന: Nisha Pillai)
സത്യൻ മാഷിന്റെ വിരമിക്കലിനു ശേഷം വിശ്രമം എന്തെന്ന് അറിഞ്ഞിട്ടില്ല.അദ്ധ്യാപകൻ എന്ന തൊഴിലിനോടൊപ്പം പ്രിൻസിപ്പൽ പദവിയെന്ന അഡിഷണൽ ചാർജ് .
കോറോണക്കും ഓൺലൈൻ ക്ലാസ്സിനും ഒക്കെ ഒരു അവധി കൊടുത്തുകൊണ്ട് സ്കൂൾ തുറന്നു . കോവിഡാനന്തരം കുട്ടികൾക്ക് ഒരു ഉത്സവ പ്രതീതി ആയിരുന്നു ക്ലാസ്സുകളിൽ . അദ്ധ്യാപകരും ഹാപ്പി.അപ്പോഴാണ് പുതിയ പ്രശ്നം.
രാഷ്ട്രീയ ശാസ്ത്രം പഠിപ്പിക്കാൻ ആളില്ല .അതിഥി അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നടത്തിയതാണ്.ഇത് പോലെയുള്ള പട്ടിക്കാട്ടിൽ ആരു വരാനാണ്.വാഹന സൗകര്യം കുറവുള്ള ഏരിയ അല്ലെ .ഞാൻ ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി നിൽക്കുകയാണ്.
നല്ല ഭക്ഷണം ,നല്ല താമസം .വില തുച്ഛം ഗുണം മെച്ചം .ദിനം തോറും വീട്ടിൽ പോയി വരുന്നത് നടക്കില്ല.വീട്ടിൽ നിന്ന് 170 കി.മി. ദൂരമുണ്ട്.മാസത്തിൽ ഒരിക്കലേ വീട്ടിൽ പോകൂ.ജോലിയോടുള്ള ഒരു പ്രതിബദ്ധതയും അതിനൊരു കാരണമാണ് .
ഭാര്യയുടെ അഭിപ്രായ പ്രകാരം അറുപിശുക്കനായ ഒരു ഭർത്താവു .അവള് മിടുക്കിയാണ്. അപ്പനെയും അമ്മയെയും കുട്ടികളെയും ഒക്കെ നന്നായി അവൾ നോക്കി കൊള്ളും.
ആവശ്യപ്പെടുമ്പോൾ പൈസ കൊടുക്കുന്ന ഒരു എ . ടി . എം മെഷീൻ മാത്രമായി പോകുന്നു ഞാൻ.കല്യാണം കഴിഞ്ഞു വന്നു കയറിയപ്പോൾ അമ്മായിഅമ്മ നാത്തൂൻ പോരുകൾ പ്രതീക്ഷിച്ചു വന്ന അവൾക്കു ആകെ നേരിടേണ്ടി വന്നത് ഭർത്താവിന്റെ പോരാണ്.
പോരാടി പോരാടി അവൾ എന്നെക്കാൾ മികച്ച പോരാളിയായി.തേനും പാലും ഒഴുക്കാമെന്ന എന്റെ വാഗ്ദാനങ്ങൾ വൃഥാവിലായി.അവൾ കുറേ കണ്ണീരൊഴുക്കി.
ഇപ്പോൾ ജീവിതം വീണ്ടെടുക്കാനുള്ള ശ്രമമാണ് .ഇനി അവളുടെ കണ്ണ് നനയ്ക്കില്ല എന്ന പ്രതിജ്ഞയിലാണ് .ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് വീട്ടുടമസ്ഥൻ ഗണേശേട്ടൻ കയറി വന്നത്.
“എന്താ മാഷെ ആലോചനയിൽ ആണല്ലോ ”
“അത് പിന്നെ ഒരു വിഷയം പഠിപ്പിക്കാൻ മാഷിനെ കിട്ടുന്നില്ല.ഈ വര്ഷം മുന്നോട്ടു പോകണ്ടേ ” ഒരു കള്ളം പറഞ്ഞു.
“എന്റെ ഒരു അനന്തരവന് ഒരു പാരലൽ കോളേജ് ഉണ്ട് മാഷെ ,അവനോടു പറഞ്ഞാൽ ആരെയെങ്കിലും കിട്ടാതിരിക്കില്ല.”
ഗണേശേട്ടന്റെ വാക്കുകൾ ഞാൻ മുഖവിലക്കു എടുത്തില്ലയെങ്കിലും.തിങ്കളാഴ്ച ആളെത്തി. ആനന്ദ് മാഷ്.ആറടി പൊക്കം ,ഖദർ കുപ്പായവും മെലിഞ്ഞ ശരീരവും ,കണ്ണുകൾ കൊണ്ട് ചിരിക്കുന്ന പ്രകൃതം.
സുന്ദരൻ സഹൃദയൻ.പക്ഷെ മാഷിനേക്കാൾ എല്ലാരും ശ്രദ്ധിച്ചത് കൂടെ വന്ന യുവതിയെ ആണ്.മാഷിന്റെ ഭാവി വധു ആണ്.”ദുർഗ”.പേരും രൂപവും എല്ലാം തികഞ്ഞ പൊരുത്തം .നാവിനു ഒരു വിശ്രമവുമില്ല.
കോളേജ് അദ്ധ്യാപികയാണ്.വീട്ടുകാരുടെ സമ്മതം ലഭിക്കാഞ്ഞതിനാൽ കല്യാണം ഇത് വരെ നടന്നില്ല .ഒറ്റ ദിവസം കൊണ്ട് മാഷിനെ എല്ലാർക്കും ഇഷ്ടമായി.
ഹ്യുമാനിറ്റീസ് ക്ലാസ്സുകാരുടെ പ്രിയപ്പെട്ട മാഷ് ഞാൻ ആയിരുന്നു.ഒരാഴ്ച കൊണ്ട് എന്റെ സ്ഥാനം ആനന്ദ് മാഷ് കൊണ്ട് പോയി.ഒരു ക്ലാസും ഒഴിഞ്ഞു കിടക്കാൻ മാഷ് സമ്മതിക്കില്ല. പൊതുവെ കുറച്ചു നല്ല പിള്ളേരുള്ള ക്ലാസ് ആണ്.
അവിടെ ഒരു കൊച്ചു മിടുക്കി ഉണ്ടായിരുന്നു ശരണ്യ.എല്ലാ വിഷയത്തിനും ഫുൾ മാർക്കുണ്ടായിരുന്നു.ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി.അച്ഛൻ ടാപ്പിംഗ് തൊഴിലാളി .അമ്മക്കു വീട്ടു ജോലി.ഇളയ രണ്ടു ആൺകുട്ടികൾ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്നു.
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മൊബൈൽ ഒക്കെ വാങ്ങി നൽകിയത് അദ്ധ്യാപകരുടെ കൂട്ടായ്മ വഴിയായിരുന്നു.സ്കൂൾ തുറന്നപ്പോൾ അവൾക്കായിരുന്നു കൂടുതൽ സന്തോഷം .അവളുടെ സംശയങ്ങൾ ഒക്കെ അദ്ധ്യാപകർ ദൂരീകരിക്കുമല്ലോ .
എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു അവൾ.ഇപ്പോൾ ആനന്ദ് മാഷിന്റെയും.അവൾ ഇപ്പോൾ സ്റ്റാഫ് റൂമിൽ വരുന്നത് തന്നെ മാഷിനെ കാണാനായി ആണ് .
ഇടയ്ക്കു സുമ ടീച്ചർ അതിനെ കുറിച്ച് ഒരു ഗോസിപ്പ് അടിച്ചിറക്കിയായിരുന്നു.ടീച്ചർ അങ്ങനെയാണ് സ്ത്രീ പുരുഷ ബന്ധങ്ങളെയൊക്കെ മറ്റൊരു കണ്ണ് കൊണ്ടേ കാണുകയുള്ളു.
അവരെ പേടിച്ചു മാഷുമാരും ടീച്ചേഴ്സും അധികം സംസാരിക്കാറു പോലുമില്ല.അവര് അമ്മാതിരി ഒരു ജന്മം ആണ്.സാധാരണ കൗമാര പ്രായത്തിലെ പെൺകുട്ടികൾ ചെറുപ്പക്കാരായ മാഷ് മാരോട് ഒരു ആകർഷണം ഒക്കെ തോന്നാറുണ്ട്.
പക്ഷെ ശരണ്യ അമ്മാതിരി ഒരു കുട്ടിയല്ല. അവളുടെ ഈ മാറ്റം അവൾ ഒഴിച്ച് ബാക്കി എല്ലാരും അറിയുന്നുണ്ടായിരുന്നു. സ്കൂളിലെ ടോപ്പർ ആണവൾ.കുട്ടികളുടെ ഇടയിലും സംസാരം ഉണ്ടായിട്ടുണ്ട്.
അപ്പോൾ പുതിയ പ്രശ്നം .കുറച്ചു ദിവസമായി ശരണ്യ ക്ലാസ്സിൽ വരുന്നില്ല.അദ്ധ്യാപകരും കൂട്ടുകാരും വിളിക്കാൻ നോക്കിയിട്ടു കിട്ടുന്നില്ല.
ഓൺലൈൻ ക്ലാസിനു ഒരു മൊബൈൽ അവൾക്കു കൊടുത്തിരുന്നു. ക്ലാസ് ടീച്ചറായ ആനി ടീച്ചർ ലീഡർ വിനുവിനെ വിളിച്ചു കാര്യം പറഞ്ഞു.വിനുവിന് ശരണ്യയോടുള്ള സോഫ്റ്റ് കോർണർ ടീച്ചറങ്ങു പ്രയോജനപ്പെടുത്തി.
പിറ്റേന്ന് ഇന്റർവെൽ സമയത്തു ആനി ടീച്ചറും വിനുവും കൂടി ക്യാബിനിലേക്ക് കയറി വന്നു.അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.ടീച്ചർ അവനെ ഒരു കസേരയിൽ പിടിച്ചിരുത്തി .
“സാറെ ഇവൻ ഇന്നലെ ശരണ്യയുടെ വീട്ടിൽ പോയെന്നു ”
ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി .അവനും മണികണ്ഠനും സംഗീതയും കൂടി ഒന്നിച്ചാണ് പോയത് .
ചെന്നപ്പോൾ ശരണ്യ വീടിനുള്ളിലേക്ക് കയറി പോയത്രേ . ആരും അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കുറെ വിളിച്ചിട്ടാണത്രെ അവൾ ഇറങ്ങി വന്നത്. വന്ന പാടെ അവൾ സംഗീതയെ പിടിച്ചു പൊട്ടിക്കരഞ്ഞു.
അവൾ പറയുന്നത് അവളെ ആനന്ദ് മാഷ് ചീത്തയാക്കിയെന്നാണ്. വിനുവിന്റെ മുഖത്തു സങ്കടവും ദേഷ്യവും നിസ്സഹായതയും ഒക്കെ മാറി മാറി പ്രകടമായി കൊണ്ടിരുന്നു.ഞാനും ആനി ടീച്ചറും ഞെട്ടി.
“നീയിതു ആരോടെങ്കിലും പറഞ്ഞോ”
“അപ്പോൾ മാഷിന് അതാണല്ലേ പ്രശ്നം,ആരും അറിയരുത്,അതല്ലേ മാഷെ ” അവൻ ചാടിഎണീറ്റു
ഞാൻ അവനെ പിടിച്ചു കസേരയിൽ ഇരുത്തി.
“അതല്ല പ്രശ്നം ,നമ്മൾ പഠിച്ചിട്ടില്ലേ ഒരു വിവരം കൈമാറ്റം ചെയ്യപെടുന്നതിനു മുൻപ് അതിന്റെ ആധികാരികത ഉറപ്പാക്കണം. അത് മൂലം ശരണ്യയുടെ ഭാവി പ്രശ്നം ആകരുത്. ഉടനെ തന്നെ ശരണ്യയുടെ വീട്ടിൽ പോയി അന്വേഷിക്കാം .വേണമെങ്കിൽ നമുക്ക് നിയമ നടപടി സ്വീകരിക്കാം .”
മാഷിന്റെ കാര്യം മനഃപൂർവം പറഞ്ഞില്ല. അതവനെ ദേഷ്യം പിടിപ്പിക്കും. കൗമാരക്കാരനാണ് .വികാരങ്ങൾക്ക് പെട്ടെന്ന് തീപിടിക്കും. സൂക്ഷിച്ചു കൈകാര്യം ചെയ്യണ്ട വിഷയമാണ്. അവനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.
രാവിലെ സ്കൂളിൽ വന്നപ്പോൾ എന്നെ കാത്തു ദുർഗ ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. അന്ന് കണ്ട കുട്ടിയെ ആയിരുന്നില്ല .അവൾ അകെ തകർന്ന പോലെ.
“മാഷെ ഞാൻ ആനന്ദിന് വേണ്ടി സംസാരിക്കാൻ വന്നതല്ല ,പക്ഷെ ഒന്നുറപ്പുണ്ട് , ആ കുട്ടി പറയുന്നതിൽ എവിടെയോ തെറ്റുണ്ട്.സത്യം എന്താണെന്നു അറിയാൻ എനിക്കും അവകാശമുണ്ട് .ആനന്ദിന്റെ സഹോദരി ആത്മഹത്യ ചെയ്തതാണ്.
അതും ഒരു ക്ലാസ്സ്‌മേറ്റ് അവളെ മിസ് യൂസ് ചെയ്തതിന്റെ പേരിൽ. അയാളുടെ മാതാപിതാക്കളുടെ ഒരേയൊരു തണൽ അയാളാണ്. അങ്ങനെയുള്ളൊരു ആൾ അങ്ങനെ ചെയ്തതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല.
പിന്നെ ആ കുട്ടി പറഞ്ഞ തീയതി 6 മണി വരെ ആനന്ദ് നിങ്ങൾ സ്റ്റാഫുകൾക്കൊപ്പം ഉണ്ടായിരുന്നല്ലോ .പിന്നെ എപ്പോഴാണ് ഇത് നടന്നത്. എന്റെ യുക്തിക്കു ഇതൊന്നും മനസിലാകുന്നില്ല. ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുകയാണ്.എന്റെ കൂടെ അവളുടെ വീട്ടിൽ ഒന്ന് വരണം.”
ഞാനും ആനി ടീച്ചറും പരസ്പരം നോക്കി.
“ശരണ്യ നല്ല കുട്ടിയാണ്.ആ കുട്ടി പറയുന്ന സംഭവം ഭാവന സൃഷ്ടി മാത്രമാണോ ? യാഥാർഥ്യമാണോ . അതിലെ സത്യസന്ധത എത്രമാത്രമാണ് ?ആനന്ദിനെ പോലൊരാളെ പോക്‌സോ കേസില്പെടുത്തിയാൽ അയാളുടെ ഭാവി എന്താകും .
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ . അവനെ കുറ്റവാളിയാക്കി മുദ്ര കുത്താൻ ഇവിടെ എല്ലാരും കാണും .അവനെ നിരപരാധിയായി കാണാൻ ഒരു പക്ഷെ എനിക്ക് മാത്രമേ ആഗ്രഹം കാണൂ .
ഞാൻ ആ കുട്ടിയെ കാണാൻ മാഷിന്റെയും ടീച്ചറിന്റേം സഹായം, സാന്നിധ്യം ആഗ്രഹിക്കുന്നു. അല്ലാത്തപക്ഷം എനിക്ക് നിയമത്തിന്റെ സഹായം തേടേണ്ടി വരും.ആനന്ദിന്റേത് പോലെ തന്നെ ശരണ്യയുടെ പേരും പൊതു ധാരയിലേക്ക് വരും. ”
ഞങ്ങൾ മൂന്നു പേരും ആ കുട്ടിയുടെ വീട്ടിലേക്കു ചെന്നു. അവൾ ഞങ്ങളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇരിക്കാൻ കസേരയൊന്നുമില്ലാതിരുന്ന വീട്ടിലെ ഒരു പുല്പായയിൽ വനിതകളും ഒരു പൊട്ടി പൊളിഞ്ഞ കസേരയിൽ ഞാനും ഇരുന്നു.അയല്പക്കത്തെ ചേച്ചി ഞങ്ങൾക്ക് കുടിക്കാനായി ചായ കൊണ്ട് വന്നു .
ആനി ടീച്ചർ അവളുടെ തോളിൽ കൈ വച്ചു “മോളെന്താ സ്കൂളിൽ വരാത്തത് ?,കുറെ ക്ലാസ് നഷ്ടപെട്ടല്ലോ .”
അവൾ പൊട്ടിക്കരഞ്ഞു .ആനന്ദ് മാഷിന്റെ കാര്യം പറയാൻ തുടങ്ങി.മാഷ് എന്നെ ബസിൽ കയറ്റി ദൂരെ റബ്ബർ തോട്ടത്തിന് നടുവിലുള്ള ഒരു ഓല മേഞ്ഞ വീട്ടിൽ കൊണ്ട് പോയി.
എന്റെ വസ്ത്രങ്ങളൊക്കെ മാറ്റി എന്നെ കെട്ടിപ്പിടിക്കുകയും നിറയെ ഉമ്മ വയ്ക്കുകയും ചെയ്തു. മാഷ് എന്നെ ചീത്തയാക്കി .വീണ്ടും അവൾ കരയാൻ തുടങ്ങി.അപ്പോൾ ദുർഗ അവളോട് സംസാരിച്ചു .
“മാഷ് മോളെ സ്കൂളിൽ നിന്നാണോ വിളിച്ചു കൊണ്ട് പോയത് ,ഏത് സമയത്താണ്.”
“ഞാൻ ഉച്ച കഴിഞ്ഞു സ്കൂളിൽ നിന്നിറങ്ങി . മാഷ് എന്റെ പുറകെ ഉണ്ടായിരുന്നു . മാഷ് എന്റെ കൈ പിടിച്ചു ബസിൽ കയറ്റി .കുറെ നേരം കഴിഞ്ഞപ്പോൾ ബസ് ഒരു അങ്ങാടിയിൽ നിർത്തി.
മാഷ് എന്നെ ബസിൽ നിന്നിറക്കി.ഞങ്ങൾ പാടത്തിന്റെ വരമ്പത്തൂടെ നടന്നു. അവിടെയെങ്ങും ആരുമില്ലായിരുന്നു. മാഷിന് എന്നെ കുറെ ഇഷ്ടമായിരുന്നു.രാത്രിയിൽ ആണ് മാഷ് എന്നെ വീട്ടിൽ കൊണ്ടാക്കിയത് ”
ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി. ദുർഗ പറഞ്ഞപോലെ എന്തോ എവിടെയോ തകരാർ . അവളോട് യാത്ര പറഞ്ഞു .ചോദിച്ചും പറഞ്ഞും അമ്മ ജോലിക്കു നിൽക്കുന്ന വീട് കണ്ടെത്തി.സ്കൂളിൽ വരാത്തതിന്റെ കാരണം ചോദിച്ചു.
“അവൾക്കു സുഖമില്ല ,മാഷെ .എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാ. അസുഖം വരുന്ന സമയത്തു ചിലപ്പോൾ ദിവസങ്ങളോളം ഒന്നും മിണ്ടാതെയിരിക്കും ,ചിലപ്പോൾ കാണാത്ത കാര്യങ്ങളും നടക്കാത്ത കാര്യങ്ങളും ആകും പറയുക.
ആ സമയത്തു പുറത്തേക്കു വിടില്ല. അയല്പക്കത്തെ ചേച്ചിക്ക് എല്ലാം അറിയാം . അവരെ ഏല്പിച്ചിട്ടാകും ഞാൻ ജോലിക്കു വരിക.” അവർ സാരിയുടെ തുമ്പ് എടുത്തു കണ്ണീരൊപ്പി.
“എന്താ അസുഖം നമുക്ക് ചികിൽസിക്കാല്ലോ .ചേച്ചി തുറന്നു പറഞ്ഞോളൂ”
അമ്മുമ്മക്ക് സുഖമില്ലാതെ മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പിനായി അമ്മയും അച്ഛനും പോയതും,അവളും അനിയന്മാരും വീട്ടിൽ തനിച്ചായ ഒരു രാത്രിയിൽ ,മോഷ്ടിക്കാൻ കയറിയ ആൾ അവളെ നശിപ്പിച്ചതും .
രാവിലെ ഉണരുമ്പോൾ കുഞ്ഞനുജന്മാർ കണ്ടത് ചോരയിൽ മുങ്ങി കിടന്ന പാവാട കഷ്ണങ്ങളും ,ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ചേച്ചിയെയും.അവരുടെ നിലവിളി കേട്ട് വന്ന അയല്പക്കത്തെ ചേച്ചി അവളെ വെള്ളം തളിച്ച് ഉണർത്തിയെങ്കിലും അവൾ മാനസികമായി തകർന്നു പോയിരുന്നു.
അഭിമാനം ഭയന്ന് പീഡന വിവരം അവർ എല്ലാവരിൽ നിന്നും മറച്ചു വച്ചു.പ്രത്യക്ഷത്തിൽ മിടുക്കിയാണെങ്കിലും ഇടയ്ക്കു അവൾ വിഷാദത്തിലാകും.
അവിടുന്ന് ഞങ്ങൾ വളരെ സങ്കടത്തോടെ മടങ്ങിയെങ്കിലും ,ദുർഗ മുൻകൈ എടുത്തു അവൾക്കു ട്രീറ്റ്മെന്റ് നൽകി.കുറെയേറെ കൗൺസിലിങ് സെഷൻസിനു ശേഷമാണു ശരണ്യ പഴയ പോലെ മിടുക്കിയായതു.
ഇടവേളയ്ക്കു ശേഷം അവൾ സ്കൂളിൽ വന്നു തുടങ്ങി.മാഷിന്റെ ക്ലാസുകൾ ഒഴിച്ച് എല്ലാ ക്ലാസ്സുകളും ഭംഗിയായി നടന്നു.മാഷ് മാത്രം വന്നില്ല.
ഒരു ദിവസം ദുർഗ മാഷുമായി സ്കൂളിൽ വന്നു.യാത്ര പറയാൻ. മാഷിന് യൂണിവേഴ്സിറ്റിയിൽ താത്കാലികമായി ജോലി ലഭിച്ചു.കുട്ടികൾ മാഷിന് ചുറ്റും ഒരു നോക്ക് കാണാൻ വട്ടം കൂടി.
ചുരുങ്ങിയ സമയം കൊണ്ടായിരുന്നു മാഷ് എല്ലാരുടേം പ്രിയങ്കരൻ ആയതു.അത്ര പെട്ടെന്ന് തന്നെ അവർ മാഷിനെ വെറുക്കുകയും ചെയ്തു.
തെറ്റിദ്ധാരണകൾ എല്ലാം നീങ്ങി സ്വസ്ഥ ഹൃദയനായി മാഷിന് യാത്ര പറയാൻ പറ്റി . ശരണ്യ മാഷിന്റെ കാലിൽ തൊട്ടു മാപ്പു ചോദിച്ചു. എല്ലാ നല്ല അദ്ധ്യാപകരെ പോലെ മാഷും അവളെ ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചു.
എല്ലാരോടും യാത്ര പറഞ്ഞു മാഷ് കാറിൽ കയറുമ്പോൾ മാഷിന് സുമ ടീച്ചർ ഒരു ‘ഭഗവദ് ഗീത’ സമ്മാനിച്ചു.മാഷ് കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞൊഴുകി.
“മാഷ് കരയുകയാണോ ” ആനി ടീച്ചർ
“അല്ല കണ്ണിൽ പൊടി പോയതാ ” ഞാൻ ടീച്ചറുടെ നിറഞ്ഞ കണ്ണുകളിൽ നോക്കി കള്ളം പറഞ്ഞു.