(രചന: ജ്യോതി കൃഷ്ണ കുമാർ)
“”നീയെങ്കിലും പോയി രക്ഷപ്പെട് മോളെ അമ്മേടെ ജീവിതമോ ഇങ്ങനെ ആയി…”””
വിവാഹം കഴിഞ്ഞ് പോകുമ്പോൾ അമ്മ പറഞ്ഞ വാക്കുകളാണ്….
രക്ഷപെടാൻ”””””…..
അമ്മേടെ ജീവിതം…
സത്യമാണ് ഇത്രേം ദുരിത പൂർണ്ണമായ ഒരു ജീവിതം വേറെ ഉണ്ടോ എന്നു തന്നെ സംശയം ആണ്…
കുടിയനായിരുന്നു അച്ഛൻ… അമ്മയെ ഉപദ്രവിക്കുന്നത് കണ്ടാണ് വളർന്നത്.. രാത്രികളെ പേടിയായിരുന്നു.. എനിക്കും താഴെ ഉള്ള രണ്ട് അനുജത്തി മാർക്കും
അച്ഛൻ ബോധം നശിച്ചു വന്നു കാണിക്കുന്ന പേക്കുത്തുകൾ…. അത് കണ്ടു നിസ്സഹായായ അമ്മ… ചാ വാൻ വരെ നോക്കിയിട്ടുണ്ട്…
ജന്മംനൽകിയ കുഞ്ഞുങ്ങളെ കൊ ല്ലാൻ കഴിയാത്തത് കൊണ്ടാവണം…. അല്ലെങ്കിൽ ഞങ്ങൾക്കും മരിക്കാനുള്ള ഭയം ഉള്ളതുകൊണ്ടാവണം ഈ നാലു പെണ്ണുങ്ങളും ഇന്നും ജീവനോടെ ഇരിക്കുന്നത്…
അത്രമാത്രം അനുഭവിച്ചിട്ടുണ്ട്..
എന്തിനാ ഇങ്ങനെ ഒരു ജീവിതം… ഈ അച്ഛനെ ഉപേക്ഷിക്കാം.. സ്വസ്ഥത എങ്കിലും കിട്ടുമല്ലോ…. എന്ന്”””
എന്ന് പറയുമ്പോ അമ്മ പറയുന്ന ഒരു ന്യായം ഉണ്ട്…
മൂന്ന് പെൺകുട്ടികൾ ആണ് … അവരെ കൈപിടിച്ച് കൊടുക്കണം എന്ന്…”””
അതിന് നമ്മൾ പെണ്ണുങ്ങൾ വേണം ക്ഷമിക്കാൻ എന്ന്…. സഹിക്കാൻ എന്ന്…
അതിൽ മുങ്ങി പോയിരുന്നു എന്റെ എല്ലാ അമർഷങ്ങളും… എല്ലാ പ്രതികരണങ്ങളും…
എന്തും സഹിച്ച് ക്ഷമിച്ചു പുരുഷന്റെ കാ ൽക്കൽ കി ടക്കണം സ്ത്രീ എന്ന പാഠം അവിടെ തുടങ്ങി..
കുഞ്ഞുങ്ങൾക്ക് വേണ്ടി പല സ്ത്രീകളും സർവം സഹകളായി…
ചവിട്ടേറ്റു വാങ്ങി….
കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ, അടപടലം ഉഴിഞ്ഞു നോക്കി സ്വർണ്ണം അളക്കുന്ന വീട്ടുകാരെ കണ്ടപ്പോ തന്നെ സന്തോഷം പോയിരുന്നു..
പിന്നെ ആദ്യരാത്രിയിലെ ഭർത്താവ് എന്നയാളുടെ പരാക്രമങ്ങൾ കൂടി കഴിഞ്ഞതോടെ മുഴുവനായും മനസിലാക്കി ജീവിതം ഇനി അങ്ങോട്ട് ദുർഗടം ആകും എന്ന്…
രാവിലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നതും ചെയ്യാനുള്ള ജോലികൾ കൃത്യമായി ഏല്പിച്ചു തന്നിരുന്നു…
ഒന്നും മിണ്ടാതെ തല കുലുക്കുമ്പോൾ അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി….
രക്ഷപ്പെടാൻ….
അന്ന് മീൻ വിക്കാൻ വന്ന ചേട്ടൻ വീട് എവിടെയാ എന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞതിന്,
അയാളുമായി ബന്ധം ആരോപിച്ചു ഭർത്താവ് അ ടിച്ചപ്പോൾ മനസിലാക്കി വച്ചു അയാളിലെ സംശയ രോഗിയെ..
അപ്പോഴും അമ്മ പറഞ്ഞത് കാതിൽ മുഴങ്ങി….
രക്ഷപെടാൻ…..
ഇത് പക്ഷെ രക്ഷപ്പെടൽ ആയിരുന്നില്ല..
എരി തീയിൽ നിന്ന് വറ ചട്ടിയിലേക്ക് ഉള്ള എടുത്തു ചാട്ടം ആയിരുന്നു…. അവിടത്തെ ജോലികൾ മുഴുവൻ ഒരു മാടിനെ പോലെ പേറി… എന്നിട്ടും കുറ്റങ്ങൾ കൂലി കിട്ടി….
ചെന്നതിന്റെ നാലാം മാസം വയറ്റിലുണ്ടായപ്പോൾ ആ കുറ്റവും ഏറ്റെടുക്കേണ്ടി വന്നു…
“”വന്നു കേറീല അപ്പഴേക്കും വയറു വീർപ്പിച്ചോ “”””എന്ന്…
ഒന്ന് സമ്മതം പോലും ചോദിക്കാതെ ഇങ്ഗിതങ്ങൾ നടത്തിയിരുന്നവനെ ആരും കുറ്റം പറഞ്ഞില്ല എന്നതും അത്ഭുതകരമായിരുന്നു….
മാസം തികയുന്ന വരെയും കയ്പ്പേറിയ അനുഭവങ്ങൾ ആയിരുന്നു..
ഒരു ബസ്സിൽ പോലും അയാളോടൊത്ത് പോയാൽ അത്രമേൽ നാണം കെടുത്തുമായിരുന്നു..
“”നിനക്ക് അവന്റെ മേല് ചാരി നിന്നാലേ പറ്റത്തൊള്ളോ “””
എന്നിങ്ങനെ എല്ലാരുടേം മുന്നിൽ തൊലി ഉരിച്ചു പറയുമ്പോൾ കണ്ണ് നീറിയിട്ടും മിണ്ടാതെ നിന്നു…..
അപ്പോഴും ഓർത്തു അമ്മയുടെ വാക്കുകൾ… പോയി രക്ഷപെടാൻ…..
ഒടുവിൽ ഒരു കുഞ്ഞിനെ പെറ്റപ്പോൾ അതിന് നിറം കൂടുതൽ ഉണ്ട് ആരുടേതാണ് എന്ന് ചോദിച്ച് അയാൾ പ്രശ്നം ഉണ്ടാക്കിയപ്പോൾ.. അപ്പോൾ തിരിച്ചറിഞ്ഞു,
ഇതൊരു രക്ഷപ്പെടൽ അല്ല എന്ന്….
കിട്ടാവുന്നതിലും വച്ച് വലിയ ഒരു ശിക്ഷ തന്നെ ആണ് എന്ന്… അവിടെ ജീവിതത്തിലെ പ്രധാന തീരുമാനം എടുക്കേണ്ടി വന്നു…
ഇനിയും ചവിട്ടാൻ താഴ്ന്നു കൊടുക്കണോ… അതോ ഉശിരുള്ള പെണ്ണായി ജീവിക്കണോ എന്ന്..
രക്ഷപെടാൻ ആയിരുന്നു തീരുമാനം…. ഒടുവിൽ ഇതിൽ നിന്നൊന്നു രക്ഷപെട്ടു ഓടുമ്പോൾ പിന്നേം ഉപദേശങ്ങളും ആയി ആരൊക്കെയോ പുറകെ കൂടിയിരുന്നു,
ഉള്ളതൊരു പെൺകുട്ടിയാ കൈ പിടിച്ച് കൊടുക്കാൻ അച്ഛൻ വേണ്ടേ എന്ന്…??
എന്നെങ്കിലും അവളെ കൈ പിടിച്ച് കൊടുക്കാൻ വേണ്ടി ഇപ്പോഴേ സമാധാനം വേണ്ടാ എന്ന് വക്കാൻ ഞാൻ തയ്യാറല്ല എന്നായിരുന്നു മറുപടി…
അച്ഛൻ കൈ പിടിച്ച് കൊടുക്കാതെ അമ്മ കൈ പിടിച്ച് കൊടുക്കുമ്പോൾ സ്വീകരിക്കുന്നവർ മതി എന്റെ മോൾക്ക് എന്നായിരുന്നു മറുപടി….
ആ തീരുമാനം ഉറച്ചതായതു കൊണ്ടാവാം എതിർത്തവരൊക്കെയും പത്തി മടക്കിയത്…
സ്വന്തം കാലിൽ നില്ക്കുന്നത് സഹിക്കാഞ്ഞവാം അവരെല്ലാം ഇച്ഛഭംഗത്തോടെ പോയത്….
അവിടെയും ഇവിടെയും മറഞ്ഞു നിന്നു മാത്രം കുറ്റം പറഞ്ഞത്….
അതൊന്നും ബാധിക്കുന്നില്ലായിരുന്നു….
അവിടെ നിന്നിറങ്ങിയതിൽ പിന്നെ അയാളുമായി ഒരു ബന്ധവും നില നിർത്തിയില്ല.. അതിന് മാത്രം ഒരു ബന്ധവും മനസ്സ് കൊണ്ട് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം…
ആ ഒരധ്യായം അവിടെ വച്ച് തീർന്നിരുന്നു…
ഇന്ന് എല്ലാരും പറഞ്ഞു ഭയപ്പെടുത്തിയ ആ ദിവസമായിരുന്നു… മോൾടെ കൈ പിടിച്ച് കൊടുക്കേണ്ട ദിവസം… അവളുടെ മുഖത്തു സന്തോഷം മാത്രേ ഉള്ളൂ…
കാരണം അവളിന്നൊരു കോളേജിൽ ലെക്ചർ ആണ്… കൂടെ ജോലി ചെയ്യുന്ന ആളെ തന്നെ ആണ് ജീവിതത്തിലും കൂട്ട് ആക്കിയത്… എല്ലാം അറിഞ്ഞൊരു ബന്ധം….
മണ്ഡപത്തിലേക്ക് കേറും മുമ്പ് ചോദിച്ചിരുന്നു,
“”അച്ഛൻ വേണം എന്നെന്റെ കുട്ടിക്ക് തോന്നുന്നുണ്ടോ “”” എന്ന്…
“”ഈ അമ്മയാണെന്റെ എല്ലാം മാർഗദീപം “”” എന്ന് പറഞ്ഞു അവളെന്നെ തോൽപിച്ചു…
അവന്റെ കയ്യിൽ അവളെ ഏൽപ്പിക്കുമ്പോൾ മിഴികൾ നിറഞ്ഞ് വന്നു…
അന്നേരം അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞിരുന്നു, അമ്മേടെ മോൾടെ കണ്ണ് നിറക്കില്ല… അവന്റെ വാക്ക് ആണെന്ന്…
പോവുമ്പോൾ അവളോട് പറഞ്ഞതും അതായിരുന്നു…
ജീവിതം ഒന്നേ ഉള്ളൂ അത് ഒന്നിന്റെ പേരിലും നഷ്ടപ്പെടുത്തരുത്… നീ നീയായിട്ടിരിക്കുക എന്ന്…
കെട്ടിപിടിച്ചു അവളെന്റെ കവിളിൽ മുത്തുമ്പോൾ അറിയാരുന്നു,
അവൾ””” എന്ന പൂർണ്ണത നേടിയ വ്യക്തിയെ…..
നമുക്ക് നമ്മളായിട്ടിരിക്കാം… നമ്മളായിട്ട് ജീവിക്കാം എന്നും അല്ലേ???