(രചന: സൂര്യ ഗായത്രി)
വന്നു കയറിയിട്ട് മൂന്നു വെള്ളിയാഴ്ച ആയില്ല അതിനുമുമ്പ് വയറ്റിലും ആയി. കൊട്ടക്കണക്കിന് സ്ത്രീധനം അല്ലേ കൊണ്ടുവന്നേക്കുന്നത്.
നാണക്കേട് കാരണം മനുഷ്യന്റെ മുഖത്ത് നോക്കാൻ വയ്യ. അതെങ്ങനെയാ ഏതുനേരവും രണ്ടുംകൂടി മുറിയടച്ചു അകത്തിരിപ്പല്ലേ.
എന്തിനാ അമ്മ എപ്പോഴും ഇങ്ങനെ അവളെ കുത്തി പറയുന്നത്. നിങ്ങളൊക്കെ കൂടെ കണ്ടുപിടിച്ചു തന്ന ബന്ധമല്ലേ. ആ പാവത്തിനെ വെറുതെ ഇങ്ങനെ ദുഷിക്കല്ലേ.
അവൾ പാപവും ഞാൻ ഭയങ്കരിയും അങ്ങനെയല്ലേ നീ പറഞ്ഞു വരുന്നത്.
അമ്മ എന്തിനാ എല്ലാത്തിനും ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നത്. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.
എനിക്ക് മനസ്സിലായി നീ എന്തൊക്കെയാണ് ഉദ്ദേശിച്ചതെന്ന്.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായതും ഗണേശൻ അവിടെ നിന്ന് പോയി. എല്ലാം കേട്ടുകൊണ്ട് ആ പെണ്ണ് കരച്ചിൽ അടക്കി മുറിയിലിരുന്നു.
അമ്മ പറയുന്നതൊന്നും നീ കാര്യമാക്കേണ്ട. കുറച്ചുകഴിഞ്ഞ് ദേഷ്യമൊക്കെ മാറുമ്പോൾ ശരിയായിക്കോളും.
എനിക്ക് സങ്കടം ഒന്നുമില്ല ഗണേശേട്ടാ. ചേട്ടൻ പോകാൻ നോക്ക്. ഇപ്പോൾ തന്നെ നേരം ഒരുപാട് വൈകി.
ഗണേശൻ ബൈക്കുമായി പുറത്തേക്ക് പോയതും ഭവാനി അമ്മ അകത്തേക്ക് വന്നു. ഇങ്ങനെ മേലനങ്ങാതെ മുറിയിൽ അടച്ചിരിക്കാതെ എഴുന്നേറ്റുപോയി വല്ല ജോലിയും നോക്കടി. നിന്റെ കുടുംബത്തിൽ നിന്ന് സമ്പാദ്യം ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ.
ഗണേശനും ഗായത്രിയും ഭവാനി അമ്മയുടെ രണ്ടു മക്കൾ. ഇവരുടെ അച്ഛൻ സുകുമാരൻ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷമായി. ഗണേശൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.
ഗായത്രിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി എങ്കിലും ഇതുവരെയും കുട്ടികൾ ഒന്നുമില്ല.
അതുകൊണ്ട് ഗായത്രിയുടെയും ഭർത്താവിന്റെയും ഇടയിൽ എന്നും വഴക്കും അസ്വസ്ഥതകളും ആണ്. മിക്കവാറും സമയങ്ങളിലും ഗായത്രി ഭർത്താവിനോടും അമ്മയോടും വഴക്കു കൂടി വീട്ടിൽ തന്നെയായിരിക്കും.
ഇപ്പോൾ ഗണേശന്റെ വിവാഹം കഴിഞ്ഞ് ആറുമാസമായി. ഈ ആറുമാസത്തിനിടയിൽ ഇതുവരെയും ഗായത്രി വഴക്കും കൂടി വീട്ടിലേക്ക് വന്നിട്ടില്ല എന്നത് മാത്രമാണ് ഒരു സമാധാനം.
മാളുവിന്റെയും ഗണേശന്റെയും വിവാഹം. വളരെ ലളിതമായ ചടങ്ങുകളോട് കൂടിയാണ് നടന്നത്. മാളുവിന് അച്ഛനും അമ്മയും മാത്രമേ ഉള്ളൂ.
അച്ഛൻ ഒരു സാധാരണ കൃഷിക്കാരൻ ആയിരുന്നു.അതുകൊണ്ടു തന്നെ ഒരുപാട് ആഭരണങ്ങൾ ഒന്നും മാളുവിനെ ഇല്ലായിരുന്നു. വീടും പുരയിടവും അച്ഛന്റെ കാലശേഷം മാളുവിനായി എഴുതി കൊടുത്തു.
പൊന്നും പണവും ഒന്നുമില്ലാത്തതാണ് ഭവാനി അമ്മയ്ക്ക് മാളുവിനെ ഇഷ്ടമില്ലാത്തത്.
മാത്രവുമല്ല വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേക്കും മാളു ഗർഭിണിയായി. സ്വന്തം മകൾക്ക് കിട്ടാത്ത ഭാഗ്യം മകന്റെ ഭാര്യക്ക് കിട്ടിയപ്പോൾ അമ്മയ്ക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.
അവർ മാളുവിനെ വിശേഷമുള്ളത് ഉടനെ തന്നെ വിളിച്ച് ഗായത്രിയെ അറിയിച്ചു.
ഗായത്രിക്കു അത് കേട്ടു സന്തോഷം തോന്നി.
എത്രകാലമായി ഞാനൊരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിക്കുന്നു ഏട്ടനെങ്കിലും ആ ഭാഗ്യം ഉണ്ടായല്ലോ.
എനിക്ക് അത്ര വലിയ സന്തോഷം ഒന്നും തോന്നിയില്ല…എന്റെ മോൾ ഇങ്ങനെ സങ്കടപ്പെട്ട് നിൽക്കുമ്പോൾ ഇന്നലെ വന്നു കയറിയവൾ വിശേഷം ഉണ്ടാക്കി വച്ചിരിക്കുന്നു.ആളുകൾ കേട്ടാൽ തന്നെ എന്ത് വിചാരിക്കും നാണക്കേട്.
അമ്മ ഇതെന്തു വർത്തമാനം ആണ് പറയുന്നത് ഏട്ടത്തി ഒരു പാവമാണ്.
അന്ന് പകൽ മുഴുവനും ഓടി നടന്നു ഓരോ ജോലികൾ ചെയ്തുകൊണ്ടിരുന്നു. ഉച്ചയ്ക്ക് അമ്മയ്ക്ക് ഭക്ഷണം വിളമ്പി നൽകി. അവളും കഴിക്കാനായി വന്നിരുന്നു. രണ്ടു പിടി ചോറ് വാരി വായിൽ വെച്ചപ്പോൾ തന്നെ ഓർക്കാനിക്കാൻ വന്നു.
അവള് ചോറ് പാത്രം മാറ്റി വെച്ചുകൊണ്ട് എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് ഓടി.. ഛർദിച്ച് അവശയായ ആ പെണ്ണിനു എഴുന്നേറ്റ് വരാൻപോലും ആവത് ഉണ്ടായിരുന്നില്ല.
ഉച്ചകഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയ ഗണേശൻ എന്തോ ആവശ്യത്തിന് അതുവഴി പോയപ്പോൾ വീട് വരെ കയറാൻ നോക്കിയതാണ്..
ഉമ്മറത്ത് ഒന്നും ആരെയും കാണാഞ്ഞ് അവൻ നേരെ അന്വേഷിച്ചു പിന്നാമ്പുറത്തേക്ക് ചെന്നു.. അപ്പോൾ അവൻ കണ്ട കാഴ്ച ക്ഷീണിച്ച് അവശയായി കൈവരിയിൽ ചാരി ഇരിക്കുന്ന. മാളുവിനെയാണ്.
അവളെ പതിയെ തട്ടി വിളിച്ചു. ഇതെന്താ മാളു നീ ഇവിടെ ഇരിക്കുന്നത്..
ഗണേശൻ പതിയെ മാളുവിനെ പിടിച്ചെഴുനേൽപ്പിച്ചു….
നടക്കാൻ പോലും കഴിയാതെ വെച്ചു വേച്ചു പോകുന്നവളെ പതിയെ താങ്ങി പിടിച്ചു മുറിയിൽ എത്തിച്ചു .
കിടക്കാനായി പോകുന്ന പെണ്ണിനെ ചേർത്തുപിടിച്ച്. നിനക്ക് ഇത്രയും വയ്യാതിരിക്കുമ്പോൾ നീ കിടന്നാൽ ശരിയാകില്ല നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാം. അവൻ തന്നെ ഒരു ചുരിദാർ എടുത്ത് അവൾക്ക് അണിയിച്ചു കൊടുത്തു.
ഹോസ്പിറ്റൽ എത്തിയഉടനെ തന്നെ അവൾക്ക് ട്രിപ്പിട്ടു കിടത്തി.
ഇത്രയും അവശയാകുന്നത് വരെ വച്ചുകൊണ്ടിരുന്നത്… ആ കുട്ടി പ്രഗ്നന്റ് ആണ് എന്നെങ്കിലും ചിന്തിച്ചു കൂടായിരുന്നോ. ഡോക്ടർ ഗണേശന്റെ നേർക്ക് ആക്രോശിച്ചു
അന്ന് ഹോസ്പിറ്റലിൽ വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ ആ കുട്ടിക്ക് അത്യാവശ്യം റസ്റ്റ് ആവശ്യമാണെന്ന്. എന്നിട്ട് വീട്ടിലെ ജോലി മുഴുവൻ അതിനെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചാൽ എങ്ങനെയാണ്.
ആ കുട്ടിയെ കണ്ടാൽ തന്നെ അറിയാം അതിനു വിളർച്ച ബാധിച്ചിരിക്കുകയാണെന്ന്.
ഡോക്ടർ പറയുന്നതെല്ലാം കേട്ട് കിടക്കുന്നവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. ഇരു ചെന്നി യിലൂടെയും കണ്ണുനീർത്തുള്ളികൾ പൊഴിഞ്ഞു.
ഗണേശൻ മാളുവിന്റെ അടുത്തേക്ക് വന്ന് അവളുടെ കൈകളിൽ അമർത്തി പിടിച്ചു.
ഞാൻ നിന്നെ നിന്റെ വീട്ടിൽ വിടാം. വീട്ടിൽ അമ്മ നിനക്ക് ഒരു സ്വസ്ഥതയും തരില്ല.
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ആശുപത്രിയിൽ നിന്ന് നേരെ മാളുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
മോളെ കണ്ടപാടെ അച്ഛനും അമ്മയും സന്തോഷത്തോടുകൂടി വന്ന് രണ്ട് പേരെയും സ്വീകരിച്ചു കൊണ്ടു പോയി.
അവൾക്ക് വിശേഷം കൂടി ഉണ്ടെന്നറിഞ്ഞപ്പോഴേക്കും അവരുടെ സന്തോഷം ഇരട്ടിച്ചു. അവൾക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി അമ്മയും അച്ഛനും ഇടവും വലവും ഇരുന്ന് അവളെ തീറ്റിച്ചു. ഗണേശൻ ഇതെല്ലാംനോക്കിയിരുന്നു..
ഏകദേശം വൈകുന്നേരത്തോടുകൂടിയാണ് ഗണേശൻ വീട്ടിലെത്തിയത്.
ഇതെന്താടാ നിന്റെ ഭാര്യയും കൊണ്ട് പോയിട്ട് ഇപ്പോൾ നീ മാത്രം വന്നു കയറുന്നത്.
അമ്മ ഇത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അമ്മായിയമ്മ പോരൊക്കെ നിർത്താനുള്ള കാലം കഴിഞ്ഞു. ഗായത്രിക്ക് ഒരു കുഞ്ഞുണ്ടാവാത്തത് എന്റെയും മാളുവിന്റെയും പ്രശ്നമാണോ. അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ ഹോസ്പിറ്റലിൽ പോയി കാണിക്കണം.
കല്യാണം കഴിഞ്ഞ് വന്നത് മുതൽ ഞാൻ കാണുന്നതാണ് അമ്മയുടെ മാളുവിന് നേരെയുള്ള ഈ പ്രശ്നങ്ങൾ. നമ്മുടെ ഗായത്രി മോളോടാണ് അവളുടെ വീട്ടുകാർ ഇങ്ങനെ പെരുമാറിയതെങ്കിൽ അമ്മയ്ക്ക് അത് സഹിക്കാൻ കഴിയുമായിരുന്നുവോ.
എനിക്കിപ്പോൾ ഒരു കുഞ്ഞുണ്ടാകുന്നതാണോ അമ്മയ്ക്ക് പ്രശ്നം. എങ്കിൽ ഞാൻ അതിനെ അങ്ങ് വേണ്ടെന്നു വച്ചേക്കാം അപ്പോൾ അമ്മയുടെ വിഷമം തീരുമോ.
ഞങ്ങളുടെ കുഞ്ഞിനെ അങ്ങനെ വേണ്ടെന്ന് വെച്ചാൽ ഗായത്രിക്ക് ഒരു കുഞ്ഞു ഉണ്ടാകുമോ. അമ്മയ്ക്ക് എങ്ങനെ ഇത്രയും തരംതാണ രീതിയിലൊക്കെ ചിന്തിക്കാൻ കഴിയുന്നു. ഡോക്ടർ ഇന്ന് പറഞ്ഞത് എന്താണെന്ന് അറിയാമോ..
അവളുടെ വയറ്റിൽ ഒരുവറ്റ് ചോറ് പോലും ഇല്ലെന്ന്… ശർദിച്ച് അവശയായി ഇരിക്കുന്ന അവൾക്ക് ഒരു ഗ്ലാസ് കഞ്ഞിവെള്ളമെങ്കിലും കൊടുക്കാൻ അമ്മയ്ക്ക് തോന്നിയോ.. എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നത്. .
എന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ വളരുന്നത്. ഞാൻ അമ്മയുടെ മോൻ തന്നെയല്ലേ. എന്റെ കുഞ്ഞിനെ കാണണമെന്നുംലാളിക്കണം എന്ന് ഉള്ള ആഗ്രഹം അമ്മയ്ക്ക് ഇല്ലേ..
അവളെ എന്തായാലും ഞാൻ കുറച്ചു ദിവസം അവളുടെ വീട്ടിലേക്ക് നിർത്തിയിട്ടാണ് വന്നിരിക്കുന്നത്. ഇനി കുറച്ചുനാൾ അവിടെ നിൽക്കട്ടെ. അമ്മയും ഈ ഒരു പ്രായമൊക്കെ കഴിഞ്ഞല്ലേ വന്നത്.
അത്രയും പറഞ്ഞുകൊണ്ട് ഗണേശൻ അകത്തേക്ക് കയറിപ്പോയി… രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഗായത്രി അവിടേക്ക് വന്നു.
ആഹാ ഏട്ടൻ പോയില്ലായിരുന്നോ. വന്ന പാടെ ഗണേശനെ കണ്ടു ഗായത്രി കുശലാന്വേഷണം നടത്തി.
ഇന്ന് ഞാൻ ലീവ് ആണെടി എനിക്ക് ഒന്നും മാളുവിന്റെ വീട് വരെ പോണം.
ഏട്ടത്തി ഇവിടെയില്ലേ ഞാൻ ഏട്ടത്തിയെ കാണുന്നതിനു വേണ്ടിയാണ് ഓടി പാഞ്ഞു വന്നത്.
അവൾ കയ്യിലിരിക്കുന്ന പൊതിയിലേക്ക് വിഷമത്തോടെ കൂടി നോക്കി. ഞാനിതെല്ലാം ഏട്ടത്തിയ്ക്ക് കൊടുക്കുന്നതിനു വേണ്ടി വാങ്ങിക്കൊണ്ടു വന്നതാണ്.
അതെല്ലാം നീ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചേക്ക് അമ്മയ്ക്ക് സന്തോഷമാകട്ടെ. എന്താ ഏട്ടാ എന്താ പ്രശ്നം.
അത് നീ അമ്മയോട് തന്നെ ചോദിക്കു ഗണേശൻ അകത്തേക്ക് കയറിപ്പോയി.
എന്താ അമ്മേ എന്താ ഇവിടെ പ്രശ്നം എന്താ അമ്മയുടെ മുഖം വല്ലാതെ ഇരിക്കുന്നത്.
മോളെ അമ്മയ്ക്ക് ചില തെറ്റുകൾ ഒക്കെ പറ്റിപ്പോയി. അവർ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ഗായത്രിയോട് പറഞ്ഞു.
അമ്മ ഈ ചെയ്തതൊന്നും തന്നെ ഒട്ടും ശരിയായില്ല. അത് ചേട്ടന്റെ കുഞ്ഞല്ലേ. ചേട്ടത്തിക്ക് എന്തുമാത്രം സങ്കടം ഉണ്ടായിക്കാണും അമ്മയുടെ ഈ പെരുമാറ്റം കൊണ്ട്. ഒരു കുഞ്ഞു ഇല്ലാത്തതിന്റെ വേദന ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഞാനാണ്.
എന്റെ അമ്മായി എന്നെ കുറ്റപ്പെടുത്തുമ്പോൾ എനിക്ക് അതിൽ വേദന തോന്നാറില്ല. കാരണം അവരുടെ മകന്റെ കുഞ്ഞിനെ ലാളിക്കാനുള്ള അവരുടെ ആഗ്രഹം കൊണ്ടാണ് പറഞ്ഞു പോകുന്നത്.
ഇപ്പോൾ അമ്മയുടെ നിർബന്ധത്തിൽ ആണ് ഞങ്ങൾ ട്രീറ്റ്മെന്റ് പോലും എടുക്കുന്നത്. എത്രയായാലും ഏട്ടന്റെ കുഞ്ഞിനോട് അമ്മ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു.
എന്നോടാണ് ഇങ്ങനെ എന്റെ അമ്മായി പെരുമാറിയതെങ്കിൽ അമ്മ സഹിക്കുമായിരുന്നോ….
ഭവാനിക്ക് തന്റെ തെറ്റുകളെല്ലാം മനസ്സിലായി. ഗായത്രിയും ഗണേശനും ഭവാനിയും കൂടിയാണ് മാളുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പോയത്.. തെറ്റുകൾക്കൊക്കെ അവർ മാളുവിനോട് ക്ഷമ ചോദിച്ചു.
അമ്മ എന്നോട് ക്ഷമയൊന്നും ചോദിക്കേണ്ട ആവശ്യമില്ല. എനിക്ക് അമ്മയോട് ഒരു ദേഷ്യവും ഇല്ല…
പിന്നീട് അവർ മാളുവിനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്. ഇന്നാണ് മാളുവിന്റെ ഡെലിവറി.ഒരു പെൺകുഞ്ഞാണ്. കുഞ്ഞുമായി ഗണേശൻ നിൽക്കുമ്പോഴാണ് അവിടേക്ക് ഗായത്രിയും ഭർത്താവും കൂടി വന്നത്.
രാവിലെ മുതലേ ഗായത്രി വലിയ ശർദിൽ ആണ് അത് കാണിക്കാൻ വേണ്ടി ഭർത്താവുമായി എത്തിയതാണ്.
ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ സന്തോഷിക്കാനുള്ള വകയുണ്ട്. ഗായത്രി ഗർഭിണിയാണ്…. ഭവാനി അമ്മയും ഗണേശനും ഒക്കെ ഒരുപോലെ സന്തോഷിച്ചു…