രചന : ശ്രീ
ഇളം തെന്നലായി
…………………………..
” ചക്കീ… ചിന്നൂ.. അമ്മയ്ക്ക് രണ്ടു പേരോടും ഒരു കാര്യം പറയാനുണ്ട് ” ആറിലും രണ്ടിലും പഠിക്കുന്ന മക്കളേ വിളിച്ചിരുത്തി അവരുടെ കുഞ്ഞിക്കൈകൾ ചേർത്ത് പിടിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ രാജിയുടെ കണ്ണുകൾ അരുതെന്ന് നിനച്ചിട്ടും പെയ്തു തുടങ്ങി..
” അമ്മ എന്തിനാ കരയണേ.. വയ്യായ ആണോ? ” ഇളയവൾ ചക്കി അമ്മയുടെ നിറഞ്ഞ കണ്ണുകൾ കുഞ്ഞിക്കൈ കൊണ്ട് തുടച്ചു.
” ഇല്ല മോളേ.. അമ്മ പറയാൻ വന്നത് നമ്മളുടെ കൂടെ ഇനി അച്ഛൻ ഉണ്ടാവില്ല ട്ടോ.. താമസിക്കാൻ. ഇനി അമ്മയും അമ്മയുടെ സുന്ദരിക്കുട്ടികളും ഒറ്റയ്ക്കാണ് താമസിക്കുക ”
പറഞ്ഞ ശേഷം മക്കളുടെ പ്രതികരണം അറിയാൻ നെഞ്ചിടിപ്പോടെ രാജി കാത്തു നിന്നു. പന്ത്രണ്ടു വയസ്സുകാരി ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അവളുടെ നെഞ്ചും പൊടിഞ്ഞു.
” അപ്പൊ അച്ഛൻ എവിടെ പോകും അമ്മേ?? അപ്പൊ നമ്മൾക്കു ആരാ ഉടുപ്പും ഫുഡും ഒക്കെ വാങ്ങിത്തരുക? പിന്നെ നമ്മളെ പാർക്കിലും ടൂറിനും ഒക്കെ കൊണ്ടുപോകുക? ”
ചക്കി കരച്ചിലിന്റെ വക്കിലെത്തി. അവൾ അച്ഛന്റെ ചക്കിപ്പൊണ്ണായിരുന്നു.. കുറച്ചു മാസങ്ങൾക്കു മുൻപ് വരെ..
” അതിനു അച്ഛൻ ഇപ്പൊ കുറേ ആയി നമ്മളെ എങ്ങോട്ടും കൊണ്ടുപോകാറില്ലല്ലോ ചക്കീ.. എപ്പോളും വഴക്ക് പറച്ചിലല്ലേ.. നമ്മളോട് പിണക്കമാവും . നമ്മളെ കുറച്ചു ദിവസം കാണാത്തപ്പോ അച്ഛൻ പിണക്കം മാറി വരും.. ഇപ്പൊ നമുക്ക് അമ്മയുടെ കൂടെ പോകാം.. വാ നമുക്ക് നമ്മുടെ ബാഗ് എടുത്തു വെക്കാം ”
ചിന്നുവിന്റെ മറുപടിയിൽ രാജിയുടെ ശ്വാസം നിലച്ചുപോയി. ഇവളിത്ര മുതിർന്നുവോ?
” നാളെ നമ്മൾ പോകുവാണോ അമ്മേ? ” ചക്കി പോയപ്പോൾ ചിന്നു അമ്മയുടെ കഴുത്തിലൂടെ കയ്യിട്ട് ചോദിച്ചു. രാജി ദുർബലമായി മൂളി.
” അമ്മ സങ്കടപ്പെടണ്ട. ആരൊക്കെ ഇല്ലെങ്കിലും അമ്മയ്ക്ക് ഞങ്ങളുണ്ട് ട്ടോ ”
കവിളുകളിലെ കണ്ണീർച്ചാലിൽ ചൂടുള്ള ഉമ്മകൾ പതിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി രാജിയ്ക്ക്..
ദീപനുമായുള്ള വിവാഹം കഴിഞ്ഞ് ഇപ്പോൾ വർഷം പതിനാലായി. വീട്ടുകാരായി കണ്ടു പിടിച്ചു കൊണ്ടുവന്ന ആളാണ് ദീപൻ. പരസ്പരം ഇഷ്ടപ്പെട്ടു. വിവാഹിതരായി. ഒരുപാട് പ്രണയിച്ചു. സന്തോഷത്തോടെ ജീവിച്ചു.
അരുമകളായ രണ്ടു പെണ്മക്കളും ജനിച്ചു. രണ്ടു മക്കളും പെണ്മക്കൾ ആയതുകൊണ്ട് ദീപന്റെ അച്ഛനമ്മമാർക്ക് ചെറിയ നീരസമുണ്ടായിരുന്നു. എങ്കിലും ദീപന്റെ തന്നോടും മക്കളോടും ഉള്ള സ്നേഹം മാത്രം മതിയായിരുന്നു അതെല്ലാം അവഗണിക്കാൻ. ഒടുവിൽ മൂന്നുവർഷങ്ങൾക്ക് മുൻപ് കുടുംബവീട്ടിൽ നിന്നും ഈ വീട്ടിലേയ്ക്ക് മാറിയപ്പോൾ ആ പ്രശ്നവും ഇല്ലാതെയായി..
എല്ലാം കൊണ്ടും മാതൃകയായ ഒരു കൊച്ചു കുടുംബം. ദീപൻ സ്നേഹമുള്ള ഭർത്താവും വാത്സല്യ നിധിയായ അച്ഛനുമായിരുന്നു. പിന്നെ എപ്പോളാണ് തങ്ങൾക്കിടയിൽ താളപ്പിഴകൾ തുടങ്ങിയത്??
കുറച്ചു മാസങ്ങൾക്കു മുൻപ്.. കൃത്യമായി പറഞ്ഞാൽ ദീപന്റെ ഓഫീസിൽ ലയ ജോലിയ്ക്ക് ചേർന്നത് മുതൽ..
കാണാൻ വളരെ സുന്ദരനായിരുന്നു ദീപൻ. കൃത്യമായ വ്യായാമവും ഭക്ഷണരീതികളും ഒക്കെ നോക്കിയിരുന്നത് കൊണ്ടു തന്നെ ദീപനെ കണ്ടാലും നാല്പത്തുകളിലാണ് എന്ന് പറഞ്ഞിരുന്നില്ല. അതായിരിക്കാം ലയയ്ക്ക് ദീപനോട് അത്തരത്തിൽ ഒരു താല്പര്യം തോന്നിയത്..
തുടക്കത്തിൽ സഹ പ്രവർത്തകർ തമ്മിലുള്ള വെറുമൊരു സൗഹൃദംമായിരുന്നു. പിന്നെ അത് വളർന്നു. അവരുടെ സൗഹൃദം ഓഫീസ് വിട്ടു വന്നാലും നീളുന്ന ഫോൺവിളികളിലേക്ക് വഴിമാറി. ആദ്യമൊന്നും തന്നെയത് ബാധിച്ചിരുന്നില്ല. പിന്നെ താനും മക്കളും ദീപന് ശല്യമാവാൻ തുടങ്ങിയപ്പോൾ.. തങ്ങൾ ഉള്ളയിടത്തു നിന്നും ദീപൻ മാറി നടക്കാൻ തുടങ്ങിയപ്പോൾ.. മക്കളുടെ കൂടെയുള്ള കളികളും തന്നോടുള്ള കുസൃതികളും മാഞ്ഞപ്പോൾ.. മനസ്സിലായി തുടങ്ങി.. ദീപന് എന്തോ സംഭവിച്ചെന്ന്..
എന്തെങ്കിലും ചോദിക്കാനോ തുറന്നു സംസാരിക്കാനോ ദീപൻ തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോളേക്കും പുറത്തു ജോലിക്ക് പോകുന്ന ദീപന്റെ കഷ്ടപ്പാടുകളും പറഞ്ഞു ദേഷ്യപ്പെടും. ഒപ്പം വീട്ടിൽ വെറുതെ ഇരുന്നു തിന്നുമ്പോൾ തനിക്കത് എല്ലിൽ കുത്തുകയാണ് എന്ന അപഹാസ്യവും.
മക്കളെയും ദീപനെയും നോക്കുന്ന, വീട് നന്നായി കൊണ്ടുനടക്കുന്ന ഒരു വീട്ടമ്മയാണ് ദീപന്റെ സങ്കല്പത്തിലെ ഭാര്യയെന്നു പറഞ്ഞു തന്നെ അങ്ങനെ ആക്കിയതാണ് എന്ന കാര്യം ദീപൻ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ കിടപ്പ് പോലും രണ്ടിടത്തായപ്പോളാണ് ദീപന്റെ മാറ്റത്തിന്റെ വേരുകൾ ചികയാൻ തുടങ്ങിയത്.
ദീപന്റെ ഓഫീസിലെ സുഹൃത്തായ നീരജ് വഴി ലയയുമായുള്ള ബന്ധത്തെ പറ്റി അറിഞ്ഞു. അവരും വിവാഹമോചിതയാണത്രെ.. അവർ തമ്മിലുള്ള ബന്ധം പരിധി വിട്ടെന്നറിഞ്ഞപ്പോൾ ഒരു മരവിപ്പായിരുന്നു. അങ്ങനെയൊരു സംശയം ഉണ്ടായിരുന്നത് കൊണ്ട് ഞെട്ടൽ ഉണ്ടായില്ല. പക്ഷേ ഹൃദയം വല്ലാതെ മുറിഞ്ഞു..
ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ വന്നപ്പോൾ പകച്ചു പോയി. മക്കളേ ഓർത്തു.. പക്ഷേ.. എങ്ങനെ താലിമാല പങ്കുവെക്കും??
താൻ എല്ലാമറിഞ്ഞു എന്നറിഞ്ഞിട്ടും ദീപന് ഒരു കൂസലും ഉണ്ടായില്ല എന്നുള്ളതാണ് ഏറെ വിഷമിപ്പിച്ചത്.. ഒരു ക്ഷമാപണം.. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന്.. അവളെ മറന്നു താനും മക്കളും മാത്രമുള്ള കൊച്ചു ലോകത്തേക്ക് തന്നെ വരാമെന്ന്..
അങ്ങനെയൊരു വാക്ക് താനൊത്തിരി പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ എങ്കിൽ താൻ എല്ലാം മറക്കുമായിരുന്നു. അത്രയ്ക്ക് ജീവനായിരുന്നു ദീപനെ.. പക്ഷേ.. താനിഷ്ടം പോലെ ജീവിക്കുമെന്നും വേണമെങ്കിൽ അവിടെ കഴിഞ്ഞോളാനും പറഞ്ഞപ്പോൾ സഹിച്ചില്ല.
ദീപൻ ചെലവിന് തന്നോളാമത്രെ. അത്രത്തോളം അധഃപതിക്കാൻ തന്നിലെ ഭാര്യയ്ക്ക്.. അമ്മയ്ക്ക്.. പെണ്ണിന്.. പറ്റില്ലായിരുന്നു. ഒത്തിരി ആലോചിച്ചു. പലകുറി അതേ പറ്റി സംസാരമുണ്ടായി. വഴക്കുകൾ ഉണ്ടായി. എല്ലാത്തിന്റെയും ബാക്കിയാണ് ഈ പടിയിറക്കം. ഈ വീട്ടിൽ നിന്ന്.. പതിനാല് വർഷത്തെ ദാമ്പത്യത്തിൽ നിന്ന്..
” നീയെന്തൊക്കെ പറഞ്ഞാലും എടുപിടി എന്ന് മക്കളെയും കൊണ്ട് പോന്നത് ഒട്ടും ശരിയായില്ല രാജീ.. ഒന്നുകിൽ നിനക്ക് എന്നേ ഈ കാര്യം ആദ്യം വിളിച്ചു പറയാമായിരുന്നു.. ”
തന്റെ കൂടപ്പിറപ്പിന്റെ ദേഷ്യവും അസ്വസ്ഥതയും കണ്ടപ്പോൾ രാജിയ്ക്ക് അമ്പരപ്പും കൗതുകവും തോന്നി.
” അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നു മാറ്റം ഏട്ടാ? ” രാജി ചോദിച്ചപ്പോൾ രാജീവൻ അവളെ ദേഷ്യത്തോടെ നോക്കി.
” അവനോട് ഞാൻ സംസാരിച്ചേനെ.. ഞാൻ ഒത്തു തീർപ്പാക്കിയേനെ.. ഇതിപ്പോ നീ അഹങ്കാരം കാണിച്ചു ഇറങ്ങിപ്പോന്ന സ്ഥിതിയ്ക്ക് ഞാൻ എങ്ങനെ അവനെ വിളിക്കും? ”
” അതിനു ഞാൻ ദീപനെ വിളിക്കാൻ ഏട്ടനോട് പറഞ്ഞോ? പിന്നെ ഒത്തുതീർപ്പ്.. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യ അരിഞ്ഞു എന്നറിഞ്ഞിട്ടും ഒരു കുറ്റബോധം പോലുമില്ലാത്ത ആളുമായി എന്ത് ഒത്തുതീർപ്പ് ഉണ്ടാക്കാനാണ്!”
” പിന്നെ എന്താണ് നിന്റെ ഉദ്ദേശ്യം? രണ്ട് പെണ്മക്കളാണ് നിനക്ക്.. അച്ഛനില്ലെങ്കിൽ അവർക്ക് ആരു ചിലവിനു കൊടുക്കും? പഠിപ്പിക്കും? വളർത്തും? ”
” അവരുടെ അമ്മ മരിച്ചിട്ടില്ല ഏട്ടാ.. ” രാജിയുടെ സ്വരം ഇടറി. വല്ലാതെ സങ്കടം തോന്നിയപ്പൊ സ്വന്തമെന്ന് കരുതിയ ഇടത്തേക്ക് ഒന്ന് വന്നു എന്നേ ഉള്ളൂ.. നാളെ രാവിലെ തന്നെ ഞാൻ പൊക്കോളാം.. ഞാനും മക്കളും ബാധ്യത ആവില്ല.. ഈ രാത്രി ഒന്ന് ക്ഷമിക്കൂ ”
രാജിയുടെ കണ്ണുകൾ അറിയാതെ തൂവി.അവൾ വെട്ടി തിരിഞ്ഞു പോയി. രാജീവ് ഒരു നിമിഷം പതറിപ്പോയി. എല്ലാം കാണുന്ന അവരുടെ അച്ഛൻ മൗനമായിരിക്കുന്നു. ഒരുപക്ഷേ അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ തന്നെ മനസ്സിലാക്കിയേനെ എന്നവൾക്ക് തോന്നി.
ആ രാത്രി മക്കളെയും നെഞ്ചോട് ചേർത്തു കിടക്കുമ്പോൾ രാജി ഹൃദയത്താൽ നോവടുത്തു പുതിയൊരു രാജിയ്ക്ക് ജന്മം നൽകി.
പിറ്റേന്ന് രാവിലെ തന്നെ മക്കളുമായി ഇറങ്ങുമ്പോൾ അവളെ കാത്തു ഉമ്മറത്ത് തന്നെ ഒരു ബാഗുമായി അവളുടെ അച്ഛൻ നിന്നിരുന്നു
” പോകാം മോളേ.. ” അച്ഛൻ പറയുമ്പോൾ രാജിയുടെ കണ്ണുകൾ അനുസരണയില്ലാതെ പെയ്തു. അയാൾ ആ കണ്ണുകൾ തുടച്ചു കൊടുത്തു.
” അച്ഛനിതെന്ത് ഭാവിച്ചാണ്? ഇവളുടെ ഓരോ ” ” നിർത്തെടാ ” കാലങ്ങൾക്ക് ശേഷം മകന്റെതിനു മുകളിൽ അച്ഛന്റെ ശബ്ദം ഉയർന്നു.
” രാജി സ്വന്തം കാലിൽ നിൽക്കുന്നതിനു മുൻപേ ദീപനെ കൊണ്ട് അവളെ കല്യാണം കഴിപ്പിച്ചത് ഞാനാണ്. അവൻ അവളെ ജീവിതകാലം മുഴുവൻ സംരക്ഷിക്കും എന്ന് വിശ്വസിച്ചത് എന്റെ തെറ്റ്..
ഒരച്ഛന്റെ കടമ മകളെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കുന്നതല്ല.. അവളെ ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തയാക്കുന്നതാണ് എന്ന തിരിച്ചറിവ് ഇന്ന് എനിക്കുണ്ട്.. അതുകൊണ്ട് ഇപ്പൊ എന്റെ ആവശ്യം അവൾക്കുണ്ട്.. ഞാൻ അവൾക്കൊപ്പം പോകുന്നു ”
രാജീവൻ എന്തെങ്കിലും പറയും മുൻപേ അയാൾ കൊച്ചുമക്കളുടെ കൈ പിടിച്ചു നടന്നു. രാജി ഒരു കുഞ്ഞിനെ പോലെ അയാളെ അനുഗമിച്ചു. ടാക്സി വിളിച്ചതും വഴി പറഞ്ഞു കൊടുത്തതും ഒക്കെ അച്ഛനായിരുന്നു. രാജി ഒന്നും വിശ്വസിക്കാൻ കഴിയാതെ ഇരുന്നു. ടൗണിൽ തന്നെയുള്ള ഒരു കൊച്ചു വീടിനു മുന്നിലാണ് വണ്ടി നിന്നത്.
” ഇറങ്ങി വാ മോളേ.. നിന്റെ അമ്മയുടെ കുടുംബ ഓഹരി കിട്ടിയതും അച്ഛന്റെ റിട്ടയേർമെന്റ് ബെനിഫിറ്റ് കിട്ടിയതും ഒക്കെ ചേർത്തു അച്ഛൻ വാങ്ങിയതാണ് ഈ വീട്.
നിന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും സ്വഭാവവും രീതിയും ഒക്കെ കണ്ടപ്പോ ഇങ്ങനെയൊന്നു അച്ഛന് ആവശ്യം വരുമെന്ന് കരുതി. അവന് അറിയില്ല ”
അയാൾ ചിരിച്ചു. വേദനയുടെ നിഴലുള്ള ഒരു ചിരി.. ” നമുക്കിവിടെ കൂടാം.. മോൾക്ക് ഇവിടെ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ അച്ഛനൊരു ജോലി ശരിയാക്കിയിട്ടുണ്ട്. അച്ഛന്റെ ഫ്രണ്ടിന്റെ കടയാണ്.മക്കൾക്കും ഇവിടെ നിന്ന് അവരുടെ സ്കൂളിൽ പോകാം.. അങ്ങനെ നമുക്ക് പുതിയൊരു ജീവിതം ഒന്നിൽ നിന്ന് തുടങ്ങാം.. എന്താ മക്കളേ? ”
കുട്ടികൾ പുതിയ വീട് ഓടി നടന്നു കാണുമ്പോൾ രാജി അച്ഛനെന്ന ആ തണലിൽ ഒതുങ്ങി അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാളുടെ കണ്ണുകളും നിറഞ്ഞു തൂവി.
അച്ഛൻ പറഞ്ഞത് പോലെ പുതിയൊരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു. പുതിയ താമസസ്ഥലം.. ജോലി.. എല്ലാതുമായും മക്കളും അവളും ഇണങ്ങി..
അതിനിടയിൽ ദീപനുമായുള്ള വിവാഹമോചനം കഴിഞ്ഞു. എല്ലാത്തിനും അച്ഛൻ കൂടെ നിന്നു. പുതിയ വീട് പണിയാനായി താൻ കൊടുത്ത പണവും തന്റെ സ്വർണവും മാത്രം തിരിച്ചു വാങ്ങി. അത് അച്ഛന്റെ തീരുമാനമായിരുന്നു.
തന്റെ ദീപനോടൊപ്പമുണ്ടായിരുന്ന പതിനാല് വർഷത്തെ ദാമ്പത്യത്തിന് വിലയിടണ്ട എന്ന് തന്റെയും.. കോടതിയിൽ ദീപനോടൊപ്പം ഒരിക്കൽ ലയയെ കണ്ടു. തന്റെ മനസ്സ് തെല്ലും നൊന്തില്ലായെന്ന് രാജി തിരിച്ചറിഞ്ഞു.
ദീപന്റെ വീട്ടുകാർ എല്ലാമറിയുമ്പോൾ തന്നെ കുറ്റപ്പെടുത്തുമെന്നാണ് കരുതിയത്. പക്ഷേ ദീപന്റെ അമ്മ തന്നെ കെട്ടിപ്പിടിച്ചു കരയുകയാണ് ഉണ്ടായത്.
ദീപന് വേണ്ടി അവർ മാപ്പ് പറഞ്ഞു. താൻ വേണ്ടെന്ന് നിർബന്ധിച്ചിട്ടും ദീപന്റെ കുടുംബ ഓഹരി മുഴുവൻ മക്കളുടെ പേർക്ക് അവർ എഴുതി വെച്ചു. ഇടയ്ക്കു മക്കളുമായി വരണേ എന്ന് പറഞ്ഞാണ് അവർ മടങ്ങിപ്പോയത്.
ദീപനും ലയയും ഒന്നിച്ചു താമസം തുടങ്ങിയെന്നും അവർ ലിവിങ് ടുഗെതർ ആണെന്നും അല്ലാ വിവാഹിതരാവാൻ പോകുകയാണ് എന്നും പലരും അവളോട് പറഞ്ഞു. ഒന്നും രാജിയെന്ന പെണ്ണിനെ തെല്ലും ബാധിച്ചില്ല. അവൾക്ക് തന്റെ മക്കളും അച്ഛനും മാത്രമായിരുന്നു ലോകം. ഒരു കൊച്ചു ലോകം.