ഭർത്താവ് തൊടുക പോലും ചെയ്യാതെ ഗർഭിണിയാവാൻ തനിക്ക് ദിവ്യമന്ത്രങ്ങളൊന്നും അറിയില്ലല്ലോ…? അവളോർത്തിരുന്നു അന്നെല്ലാം..

(രചന: രജിത ജയൻ)

“കടുക്കനിട്ടവൻ പോയാൽ കമ്മലിട്ടവൻ വരുമെന്ന് പറഞ്ഞതു പോലെയാണല്ലോ പെണ്ണേ നിന്റെ കാര്യം…?

“ഒരുത്തൻ കെട്ടി ഒഴിവാക്കിയങ്ങ് ഇറങ്ങി പോയതേ ഉള്ളു.. അപ്പോഴേക്കും ഇതാ അടുത്തവൻ വന്നു… ”

” അതും ആദ്യത്തവനെക്കാൾ കേമൻ …,,

“ഇതിനും മാത്രം എന്താടീ നിനക്കു ള്ളത്..?
ഞങ്ങൾക്കുള്ളതൊക്കെ തന്നെ അല്ലേ …?

”അതോ ഇനി അതിനും വല്ല പണിക്കൂലിയും പണിക്കുറവും പോലെയുള്ള വ്യത്യാസം ഉണ്ടോ…?

ചുറ്റും കൂടി നിന്നവളുമാരൊക്കെ എന്തോ വലിയ തമാശ കേട്ടതു പോലെ ഷീല പറഞ്ഞതിന് ചിരിക്കുമ്പോൾ അവർക്കിടയിൽ നിന്ന് ഒന്നും മിണ്ടാതെ തന്റെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി രാഖി..

വയ്യ …പരിഹാസങ്ങളൊന്നും പഴയതുപോലെ സഹിക്കാൻ…

പെട്ടന്നു മനസ്സ് തളരുകയും സങ്കടം വരുകയും ചെയ്യുന്നു..

ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ രാഖി ഓർത്തു…

ആദ്യം വിവാഹം കഴിച്ചത് പ്രകാശേട്ടനെയായിരുന്നു …

അച്ഛൻ മരിച്ചപ്പോൾ മുതൽ ഏട്ടന്റെ ചിലവിൽ, ഏട്ടന്റെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് ജീവിച്ച തനിക്ക് എന്നും ഏട്ടനെ അനുസരിക്കാനാണ് ഇഷ്ട്ടം..

പ്രകാശേട്ടനെ ഏട്ടന് ഇഷ്ട്ടമായെന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിച്ചില്ല, ഏട്ടന് ഇഷ്ട്ടമായല്ലോ എന്നു മാത്രമാണ് ചിന്തിച്ചത്..

തന്നെക്കാളും പന്ത്രണ്ടു വയസ്സോളം പ്രായകൂടുതലുണ്ടായിരുന്നു പ്രകാശേട്ടന്..
തന്റെ ഏട്ടന്റെ പ്രായം …

അച്ഛനും അമ്മയും പ്രകാശേട്ടനും താനുമടങ്ങുന്ന ആ കുടുംബത്തിൽ താൻ സന്തോഷവതി തന്നെയായിരുന്നു.

അവിടുത്തെ അച്ഛനും അമ്മയ്ക്കും താൻ അവരുടെ മകൾ തന്നെയായിരുന്നു ..

അത്ര കരുതലോടെയും സ്നേഹത്തോടെയും അവർ തന്നെ സ്നേഹിച്ചിരുന്നു.

പക്ഷെ പ്രകാശേട്ടൻ മാത്രം തന്നിൽ നിന്നകന്ന് നിന്നു എപ്പോഴും…

തനിക്ക് വേണ്ടതെന്തും വാങ്ങി തരുമെങ്കിലും ഒരു ഭാര്യ എന്ന രീതിയിൽ ഏട്ടനൊരിക്കൽ പോലും തന്നെ പരിഗണിച്ചില്ല

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ വിശേഷമായില്ലേ എന്ന വീട്ടുക്കാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്ക് ഒരു പുഞ്ചിരി മാത്രം ഉത്തരമായ് നൽകി പോന്നു

ഭർത്താവ് തൊടുക പോലും ചെയ്യാതെ ഗർഭിണിയാവാൻ തനിക്ക് ദിവ്യമന്ത്രങ്ങളൊന്നും അറിയില്ലല്ലോ…?
അവളോർത്തിരുന്നു അന്നെല്ലാം..

തീരെ പ്രതീക്ഷിക്കാതെ ഒരു ദിവസം, പ്രകാശേട്ടനെ അന്വോഷിച്ചൊരു പെൺകുട്ടി വീട്ടിൽ വന്നു

പത്തിരുപത്തെട്ട് വയസ്സോളം തോന്നിക്കുന്ന അവളുടെ കൈയ്യിൽ നാലു വയസ്സോളം പ്രായമുള്ളൊരു ആൺക്കുട്ടി ഉണ്ടായിരുന്നു

അവളെ കണ്ട പ്രകാശേട്ടന്റെ മാതാപിതാക്കളുടെ മുഖത്തൊരു ഞെട്ടലുണ്ടാവുന്നതും പിന്നീടതൊരു കൂട്ടക്കരച്ചിലായ് മാറുന്നതും നോക്കി താനമ്പരന്ന് നിന്നു..

അവിടെ നടക്കുന്നതൊന്നും മനസ്സിലായില്ലെങ്കിലും കണ്ണുകൾ ആ ആൺ കുട്ടിയിൽ തന്നെയായിരുന്നു

നോക്കിനിൽക്കെ അവന്റെ മുഖത്തിന് പ്രകാശേട്ടന്റെ മുഖവുമായുള്ള പ്രകടമായ സാമ്യത്തിൽ മനസ്സൊന്നിടറി …

താടിയിലുള്ള ചുഴിയും നെറ്റിയിലെ മറകുമെല്ലാം അവരെ ഒരുമിച്ചു കാണുന്ന ആരും പെട്ടന്നു ശ്രദ്ധിക്കും പോലെയായിരുന്നു

വീട്ടിലേക്ക് വന്ന പ്രകാശേട്ടനും ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഓടിയണച്ചവരെ വാരി പൊതിയുന്നതും ചുംബനങ്ങൾ കൊണ്ട് മൂടുന്നതും കണ്ണീരിനിടയിലൂടെയാണ് കണ്ടത്..

തന്നെ അകറ്റി നിർത്തിയത്, പരിഗണിക്കാതെ ഇരുന്നത് എല്ലാം എന്തിനായിരുന്നെന്ന ചോദ്യത്തിനെല്ലാം ഉത്തരം കൺമുന്നിൽ തെളിഞ്ഞു വന്നു

പക്ഷെ ഒരു ചോദ്യം മാത്രം ബാക്കിയായ് …

എന്തിനു തന്നെ ഇതിനിടയിൽ കൊണ്ടുവന്നു ..?

അതിനുത്തരം ലഭിക്കാൻ തന്റെ ഏട്ടൻ വരേണ്ടി വന്നു

അമ്മാവന്റെ മകളാണ് ,…

വീട്ടുക്കാരറിഞ്ഞ് പരസ്പരം സ്നേഹിച്ചവരാണ് …

മനസ്സിനൊപ്പം ശരീരം കൂടി പങ്കിട്ടവരാണ് ..

അവന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നവളാണ് …

ഒരു തെറ്റിദ്ധാരണയുടെ പുറത്ത് രാത്രിയ്ക്ക് രാത്രി അമ്മാവൻ അവളെ നാടുകടത്തിയ അന്നു മുതലിന്നോളം കാത്തിരുന്നത് ഇവളുടെ മടങ്ങിവരവിനായിരുന്നു പോലും..

എല്ലായിടത്തും അവരെ തിരഞ്ഞു പരാജയപ്പെട്ടവന്റെ അവസാന മാർഗ്ഗമായിരുന്നു താനുമായുള്ള വിവാഹം

പ്രകാശേട്ടന്റെ വിവാഹം കഴിഞ്ഞാൽ അമ്മാവൻ അവരെ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് തന്നെ വിവാഹം കഴിച്ചതെന്ന അവരുടെ വെളിപ്പെടുത്തൽ തളർത്തി തന്നെ..

താനെന്ന പെൺകുട്ടിയെ ഒരു മനുഷ്യജീവിയായ് കൂടി അവർ പരിഗണിച്ചിട്ടില്ലേ എന്നു തോന്നിപോയ്…

തന്റെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും ഒന്നും യാതൊരു വിലയുമില്ല അവരുടെ മനസ്സിൽ..

അതിലുപരി സ്വന്തം മകൾ അച്ചനില്ലാത്ത ഒരു കുഞ്ഞിനെ പെറ്റുപോറ്റുന്ന നാണക്കേടിനെക്കാൾ വലുത് തന്റെ വാശിയാണെന്ന് കരുതി ഇരിക്കുന്നൊരച്ഛന്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടു വരികയാണവളെന്നും താനായിട്ടിനിയവരെ അകറ്റരുതെന്നും പറഞ്ഞാ പെണ്ണ് അവളുടെ കാൽ ചുവട്ടിലേക്കിരുന്നതോടെ പകച്ചു പോയ് രാഖി…

ആരോടും ഒന്നും പറയാതെ കഴുത്തിലെ താലിചെയിനവിടെ ഊരിവെച്ച് തന്റേതു മാത്രമായ സാധനങ്ങളുമെടുത്ത് ആ വീടിന്റെ പടിയിറങ്ങുമ്പോൾ രാഖി പിന്നീടൊരു തിരിഞ്ഞുനോട്ടം പോലും ആ വീടിനോ അവിടെ ഉള്ളവർക്കോ നൽകിയില്ല

കഴുത്തിലെ താലി ഊരിമാറ്റി ഒന്നും മിണ്ടാതെ കെട്ടി കയറി ചെന്ന വീടിന്റെ പടിയിറങ്ങി വരുന്ന പെങ്ങളുടെ നിറകണ്ണുകളിലേക്ക് ഒന്നു നോക്കിയവളെ തന്റെ നെഞ്ചോരം ചേർക്കുമ്പോൾ ആ ഏട്ടന്റെ കണ്ണു നിറഞ്ഞതിനൊപ്പം തന്നെ മനസ്സും വല്ലാതെ നൊമ്പരപ്പെട്ടു പോയി അവളെ ഓർത്ത്…

ഒരച്ഛന്റെ കരുതൽ നൽകി വളർത്തിയെങ്കിലും പകർന്നു കൊടുക്കാത്ത ഒരേട്ടന്റെ സ്നേഹം മുഴുവൻ ആ നെഞ്ചിനുള്ളിൽ വിങ്ങി…

ആരോടും ഒന്നും ചോദിക്കാനും പറയാനും ഇല്ല..
മനസ്സ് ശൂന്യമായ പോലെ..

അവളെയും ചേർത്ത് പിടിച്ചാ വീടിന്റെ പടിയിറങ്ങി പോയവൻ …

പ്രകാശേട്ടനുമായുള്ള ഡിവോഴ്സ് കഴിഞ്ഞതിനു പുറകെയാണ് മനുവേട്ടന്റെ ആലോചന വരുന്നത്

ആളിവിടുത്തെ വലിയൊരു കുടുംബത്തിലെ അംഗമാണ് ആളുടെയും രണ്ടാം വിവാഹമാണ് .. പോരാത്തതിനൊരു ചെറിയ കുഞ്ഞുമുണ്ട്..

ആദ്യ ഭാര്യയെ അവരുടെ ഇഷ്ട്ടപ്രകാരം ഒഴിവാക്കിയെന്നാണ് പറഞ്ഞത്, ആ സ്ത്രീ ഇപ്പോൾ വിവാഹിതയുമാണ് …

ആലോചന ഉറപ്പിക്കട്ടെ എന്നു ചോദിച്ച ഏട്ടനെ ഒന്നും മിണ്ടാതെ നോക്കി നിന്നു അവൾ ..

ഒരുത്തന്റെതാലിയും കഴുത്തിലേറ്റി അയാളുടെ ഭാര്യയായ് എട്ടു മാസത്തോളം ജീവിച്ചിട്ടും ഇപ്പോഴും കന്യകയായിരിക്കുന്നവൾക്ക് അതാരാടും പറയാൻ വയ്യ..

ഒരു കുഞ്ഞുളവനെ സ്വീകരിക്കാതെന്തോ മടിയും..

പക്ഷെ താനെങ്ങനെയായാലും മറ്റുള്ളവർക്ക് താനൊരു രണ്ടാം കെട്ടുക്കാരി തന്നെയാണ് എന്ന ചിന്ത മനസ്സിൽ വന്നതും അവളാ വിവാഹത്തിന് സമ്മതിച്ചു..

ഈയൊരു പരീക്ഷണം കൂടിയാവട്ടെ തന്റെ ജീവിതത്തിലെന്ന ഭാവമായിരുന്നു അവൾക്ക്..

വിവാഹം കഴിഞ്ഞവിടെ ചെന്നതും പക്ഷെ രാഖി അത്ഭുതപ്പെട്ടു പോയ് …

വർഷങ്ങളായ് അവിടെ ജീവിച്ചിരുന്നു അവളെന്ന് തോന്നുംപ്പോലെയൊരടുപ്പം അവൾക്കാ വീടിനോടും വീട്ടുകാരോടും തോന്നി

രണ്ടു വയസ്സ് കഷ്ട്ടി പ്രായമുള്ള കുഞ്ഞാണെങ്കിൽ അവളോടൊട്ടി അവളുടെ മാറിലെ ചൂടിൽ പതുങ്ങി കിടന്നു എപ്പോഴും…

അവനെ പ്രസവിച്ചത് താൻ തന്നെയാണോ എന്നു തോന്നും പോലൊരു ഹൃദയ ബന്ധം ആ കുഞ്ഞും അവളും തമ്മിലുണ്ടായ്.

ദിവസങ്ങൾ മുന്നോട്ടു പോകവേ മനുവിനെയും കുഞ്ഞിനെയും പിരിഞ്ഞൊരു നിമിഷം പോലും നിൽക്കാൻ വയ്യാത്ത വിധം അവൾ അവരിൽ ലയിച്ചു ചേർന്നു

മറ്റൊരുവനെ സ്നേഹിച്ച അവനു മനസ്സും ശരീരവും നൽകിയ ഒരുവളായിരുന്നു അവന്റെ ആദ്യ ഭാര്യയെന്നും അതെല്ലാം മനുവറിഞ്ഞത് മനുവിന്റെ കുഞ്ഞവളുടെ വയറ്റിൽ പിറവി എടുത്തതിന് ശേഷമായിരുന്നുവെന്നും അവൻ പറഞ്ഞറിഞ്ഞപ്പോൾ അവനോളം വേദന അവൾക്കും തോന്നി..

ഒരു പോലെ ജീവിതത്തിൽ ചതി പറ്റിയ രണ്ടു പേർ.. അവളോർത്തു

പ്രസവശേഷം കാമുകനൊപ്പം ജീവിക്കാനാണ് അവൾക്ക് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ തന്റെ കുഞ്ഞിനെ മാത്രം വാങ്ങിയവൻ അവളെ അവളുടെ ഇഷ്ട്ടത്തിനു വിട്ടുവെന്ന് പറഞ്ഞപ്പോൾ അന്നാദ്യമായ് അവളിലെ പെണ്ണിന് അവനോട് അടങ്ങാത്ത മോഹം തോന്നി

ഒരൊറ്റ ഉടലായ് അവനോട് ചേരാൻ അവന്റെ വിയർപ്പിന്റെ ഗന്ധമാസ്വദിക്കാനെല്ലാം അടങ്ങാത്ത കൊതി …

അന്നാ രാവിൽ അവളിലെ പെണ്ണിനെ അറിയുമ്പോൾ മനുവിലും നിറഞ്ഞു നിന്നത് ആദ്യമൊരമ്പരപ്പായിരുന്നു .

നിറകണ്ണുകളുമായ് അവളെ അറിഞ്ഞ് അവളിൽ ലയിക്കുമ്പോൾ അവന്റെ മനസ്സ് ആഗ്രഹിച്ചതെന്തോ നേടിയെടുത്ത സന്തോഷത്തിലായിരുന്നുവെങ്കിൽ ഇനിയുള്ള ജന്മവും ഈയൊരാളിന്റെ ഭാര്യയായ്, ഈ മകന്റെ അമ്മയായ് തന്നെ ജനിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലായിരുന്നു രാഖി…

ചില ജീവിതങ്ങൾ അങ്ങനെയാണ് … എത്ര കറങ്ങി തിരിഞ്ഞാലുമൊടുവിലത് ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും ….

Leave a Reply

Your email address will not be published. Required fields are marked *