ഭർത്താവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ മുന്നിലൂടെ വഴിതെറ്റി ,അല്ല വഴി പിഴച്ചു ജീവിക്കുന്ന ഒരു സത്രീയുള്ള വീട്ടിലേക്ക് മരുമകളായ് വന്നുകയറാൻ

(രചന: രജിത ജയൻ)

ഭർത്താവ് ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ മുന്നിലൂടെ വഴിതെറ്റി ,അല്ല വഴി പിഴച്ചു ജീവിക്കുന്ന ഒരു സത്രീയുള്ള വീട്ടിലേക്ക് മരുമകളായ് വന്നുകയറാൻ എനിക്കൽപ്പം ബുദ്ധിമുട്ടുണ്ട് ദേവൻ …

ഞാൻ ദേവനെ സ്നേഹിച്ചതും ഇപ്പോഴും സ്നേഹിക്കുന്നതും ആത്മാർത്ഥമായിട്ടു തന്നെയാണ്‌…

ഒരു ജന്മം മുഴുവൻ ദേവന്റെ കൂടെ ദേവന്റെ സ്നേഹമറിഞ്ഞ് ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാൻ കൊതിച്ച ആ പഴയ ഗോപിക തന്നെയാണ് ഞാനിന്നും… പക്ഷെ ആ വീട്ടിലേക്ക് അവരുടെ മരുമകളായ് വരാൻ എനിക്ക് വയ്യ ദേവാ…

അവരുടെ ഏക മകനായ ദേവനെ അവരിൽ നിന്നകറ്റി സ്വന്തമാക്കണമെന്ന ആഗ്രഹവും എനിക്കില്ല… അതു കൊണ്ടു മാത്രമാണ് ഞാനെല്ലാം ഉപേക്ഷിച്ച് എന്നിലേക്കൊതുങ്ങിയത്..

തന്നെ തന്നെ ശ്വാസം വിടാതെ എന്നവണ്ണം നോക്കി നിൽക്കുന്ന ദേവന്റെ മുഖത്തു നോക്കി യാതൊരു പതർച്ചയുമില്ലാതെ കാര്യങ്ങൾ വ്യക്തമായ് പറയുമ്പോൾ തന്നിൽ നിന്നുയരുന്ന കരച്ചിലിനെ അവനറിയാതെ തന്നെ ഒതുക്കുന്നുമുണ്ടായിരുന്നു ഗോപിക…

പ്രാണനോളം പ്രണയിക്കുന്നവനാണ് മുന്നിൽ, അറിഞ്ഞു കൊണ്ടാരെയും വേദനിപ്പിക്കാനറിയാത്ത സാധു ..പക്ഷെ വയ്യ എല്ലാം അറിഞ്ഞു കൊണ്ട് അവന്റെ വീട്ടിലെ മരുമകളാവാൻ …

അതുപോലെ തന്നെ അവരെത്ര മോശക്കാരിയാണെങ്കിലും മകനെ ജീവനായ് കാണുന്ന അവരിൽ നിന്നവനെ അടർത്തി സ്വന്തമാക്കാനും മനസ്സ് അനുവദിക്കുന്നില്ല

ഏറ്റവും നല്ലതും എളുപ്പവും സ്വയം പിൻ വാങ്ങുക എന്നതാണ്‌.. വേദനങ്ങൾ അതിജീവിക്കുക എന്ന താണ് … മനസ്സതിനൊരുങ്ങി കഴിഞ്ഞു…

ശബ്ദമിടറാതെ കണ്ണുകൾ നിറയാതെ തനിക്കു മുമ്പിൽ കാര്യങ്ങൾ വ്യക്തമാക്കി തന്റെ പ്രണയത്തെ വളരെ മാന്യമായ് പറഞ്ഞവസാനിപ്പിച്ച് തന്നിൽ നിന്നും പിൻതിരിഞ്ഞു നടക്കാനൊരുങ്ങുന്നവളെ നിറകണ്ണുകളുമായ് ദേവൻ നോക്കി നിന്നു

പറഞ്ഞതെല്ലാം ബുദ്ധിയുറച്ച കാലം മുതൽ കേട്ടും കണ്ടും അറിഞ്ഞ കാര്യങ്ങൾ തന്നെയാണ്..

എതിർത്തു പറയാനൊന്നുമില്ല കയ്യിൽ ,തടഞ്ഞു നിർത്താൻ ന്യായങ്ങളും …

തികച്ചും രണ്ടപരിചിതരായ വ്യക്തികളായ് ഇരു വഴിപിരിഞ്ഞു പോയപ്പോൾ നിറഞ്ഞു തൂവിയ കണ്ണുനീരിനെ തടഞ്ഞു നിർത്തിയില്ല രണ്ടു പേരും…

ആകെ തകർന്നും തളർന്നുമാണ് ദേവൻ വീട്ടിലെത്തിയത് …

സന്ധ്യ മയങ്ങിയതുകൊണ്ടുതന്നെ ഉമ്മറത്തു കത്തിച്ചു വെച്ച നിലവിളക്കും അതിനരികെ ഇരുന്ന് സന്ധ്യാനാമം ചെല്ലുന്ന അമ്മയേയും അവൻ കണ്ടു

നിറഞ്ഞുകത്തുന്ന നിലവിളക്കിനരികെ മറ്റൊരു നിറദീപം പോലെ തന്റെ അമ്മ…

ദേവനാ മുഖത്തേക്കുതന്നെ നോക്കി നിന്നു കുറച്ചു നേരം…

കണ്ണുകൾ നിറയാനൊരുങ്ങുന്നുവെന്ന് തോന്നിയതും അവനൊന്നും മിണ്ടാതെ വീടിനകത്തേക്ക് നടന്നു..

സോഫയിൽ ചാരി കിടന്ന് ടിവി കാണുന്ന അച്ഛനെ ഒന്നു നോക്കി സ്വന്തം മുറിയിലെത്തിയപ്പോൾ ഒന്നുറക്കെ അലറി കരയാൻ തോന്നിദേവന്…

തന്നോടൊന്ന് പതിവുപോലെ പുഞ്ചിരിക്കുക പോലും ചെയ്യാതെ വീടിനകത്തേക്ക് നടന്നു പോവുന്ന ദേവനെ ഒന്നു നോക്കി ലളിതശ്രീ…

ദേവനെ അന്വേഷിച്ചവന്റെ മുറിയിലേക്ക് നടക്കുമ്പോൾ സോഫയിലിരിക്കുന്ന വേണുവിനെയൊന്നു നോക്കി ലളിത ..

അയാളും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു അന്നേരം..

കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ വേണുവിന്റെ മുഖത്തു തെളിഞ്ഞത് നിസ്സഹായത ആണെങ്കിൽ ലളിതയിൽ ഉറച്ചൊരു തീരുമാനമെടുത്ത ഭാവവുമായിരുന്നു

ദേവന്റെ മുറിയിലെത്തി ബെഡ്ഡിൽ കമിഴ്ന്നു കിടക്കുന്ന അവനരികിലിരുന്നു ലളിത

ഉലയുന്ന അവന്റെ ശരീരമവർക്ക് പറയാതെ തന്നെ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു ആ കിടപ്പിലവൻ കരയുകയാണെന്ന്…

ആ കാഴ്ച തന്റെ മനസ്സിനെ ആഴത്തിൽ മുറിവേല്പിക്കുന്നത് ലളിത തിരിച്ചറിയുന്നുണ്ടായിരുന്നു …

കെട്ടാൻ പ്രായത്തിലൊരു മകനുള്ളപ്പോഴും കാമുകന്റെ ചൂടും തേടി പോവുന്ന അഴിഞ്ഞാട്ടക്കാരി ….

ആരോ തന്റെ കാതിനരികെ നിന്നുച്ചത്തിൽ വിളിച്ചു പറയുന്നതായ് തോന്നി അവർക്ക് ..ഒപ്പം തന്നെ അതു കേട്ട് പരിഭ്രമത്തോടെ തന്നെ പതറി നോക്കുന്നൊരു പന്ത്രണ്ടു വയസ്സുക്കാരന്റെ മുഖവും അവളുടെ ഉള്ളിൽ തെളിഞ്ഞു..

ദേവനെയൊന്നു നോക്കി, അവനെ തലോടാനായ് ഉയർത്തിയ കൈകൾ അങ്ങനെ തന്നെ താഴ്ത്തി അവനരികിൽ നിന്നു പിൻതിരിഞ്ഞു നടന്നു ലളിത..
മനസ്സിലൊരു ഉറച്ച തീരുമാനവും എടുത്ത് കൊണ്ട്‌…

ഗോപികക്ക് ആകെയൊരു പരിഭ്രമം തോന്നുന്നുണ്ടായിരുന്നു ഹാളിൽ ഇരിക്കുന്ന ദേവനെയും അമ്മയെയും കാണുപ്പോൾ….

അവൾ പലവട്ടം ദേവനെ നോകിയെക്കിലും അവനവളെ നോക്കാതെ അമ്മയെ തന്നെ നോക്കിയിരിരുന്നു

അമ്മയ്ക്കൊപ്പം അമ്മയോട് ചേർന്നിരിക്കുമ്പോൾ ദേവൻ പലവട്ടം അവരെ നോക്കുന്നുണ്ടായിരുന്നു ഇതു വേണോ എന്ന ഭാവത്തിൽ .. ലളിത പക്ഷെ അവനെ നോക്കിയതേ ഇല്ല..

തനിക്ക് മുന്നിൽ തന്നോടെന്തു പറയണമെന്നറിയാതെ ഇരിക്കുന്ന ഗോപികയുടെ വീട്ടുക്കാരെയൊന്ന് നോക്കി ലളിത ഒടുവിലാനോട്ടം ഗോപികയിലെത്തി നിന്നു

അവളൊരു നേർത്ത പുഞ്ചിരിയോടെ ലളിതയെ നോക്കിയതും ലളിത എഴുന്നേറ്റ്അവൾക്കരികിലേക്കു നടന്നു

ഒരു നേർത്ത ചിരിയോടെ തന്നിലേക്ക് അവളെ അവർ ചേർത്തു പിടിച്ചു…

“ഒരുപാട് സ്നേഹവും നന്ദിയുമെല്ലാം ഉണ്ടെനിക്ക് മോളോട്.. ഒന്നും പറയാതെ ഉപക്ഷിച്ചു പോവുകയോ എന്നിൽ നിന്നവനെ അടർത്തിമാറ്റുകയോ ഒക്കെ കുട്ടിയ്ക്ക് ചെയ്യാമായിരുന്നു. ഒന്നും ചെയ്യാതെ മാന്യമായ് കാര്യങ്ങളവനോട് പറഞ്ഞ് മോളീ ബന്ധത്തിൽ നിന്ന് പിന്മാറി എന്നറിഞ്ഞതുകൊണ്ടു മാത്രമാണ് ഞാനിപ്പോൾ ഇവിടേക്ക് വന്നത്….’

‘നിങ്ങളോടെല്ലാവരോടും കൂടിയാണ് എനിക്ക് പറയാനുള്ളത് ,കേട്ടു കഴിഞ്ഞിട്ട് നിങ്ങൾക്ക് തീരുമാനിക്കാം എന്തു വേണമെന്ന്…’

ലളിത പറഞ്ഞതിന് അരുതെന്ന ഭാവമായിരുന്നു ദേവനെങ്കിലും മറ്റുള്ളവർ അവരുടെ വാക്കുകൾക്ക് കാതോർത്തു…

“ഭർത്താവ് ജീവിച്ചിരിക്കേ അന്യപുരുഷൻമാരോടൊത്ത് വഴി പിഴച്ചു നടക്കുന്ന ഒരുവളായിട്ടാണ് നിങ്ങളുടെ മനസ്സിലെ എന്റെ സ്ഥാനം..’

‘ഞാനീ പറയുന്ന കാര്യങ്ങളെല്ലാം ഒരു വേശ്യയുടെ കുമ്പസാരമായി നിങ്ങൾക്ക് തോന്നാം..’

‘ജീവിതത്തിൽ അന്നും ഇന്നും ഞാൻ ഒരാളോടൊപ്പമേ ജീവിച്ചിട്ടുള്ളൂ…’

‘അതെന്റെ മകന്റെ അച്ഛനോടൊപ്പം ആണ്..’

“ഞാൻ ഇന്നും എന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന ആളോടൊപ്പം..”

“പക്ഷെ അതൊരിക്കലും നിങ്ങൾ കരുതുംപോലെ എന്റെ ഭർത്താവ് വേണുവിനൊപ്പമല്ല, എന്റെ മകന്റെ അച്ഛൻ, എന്റെ കഴുത്തിൽ ആദ്യം താലികെട്ടിയ നന്ദദേവനൊപ്പം..”

“ദേവന്റെ അച്ഛൻ എന്റെ ഭർത്താവ് വേണുവല്ല, ഞാൻ അഴിഞ്ഞാടി നടക്കുന്നുവെന്ന് നിങ്ങളും നിങ്ങളെ പോലെ മറ്റുള്ളവരും വിശ്വസിക്കുന്ന നന്ദ ദേവനാണ്…”

ലളിതശ്രീ പറയുന്നതൊരു ഞെട്ടലോടെയാണ് ദേവനൊഴികെയുള്ളവർ കേട്ടത് ..

സത്യമാണ് ഞാൻ പറഞ്ഞത്, ഇതെന്റെ ദേവനും അറിയാം.. ‘

“ഗോപികയെ പോലെ ഇഷ്ട്ടങ്ങൾ തുറന്നു പറയാനും വേണ്ടാ എന്നുള്ളത്തിനെ തള്ളികളയാനുമുള്ള സ്വാതന്ത്ര്യമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല, എന്നിട്ടും ഞാനന്ന് എന്റെ വീട്ടിലും എന്നെ വിവാഹം കഴിക്കാൻ വന്ന വേണുവേട്ടനോടുമെല്ലാം പറഞ്ഞതാണ് എനിക്കിഷ്ടം നന്ദദേവനെയാണെന്ന്…’

“സ്വന്തം വാശിയിൽ വീട്ടുക്കാരും, എന്റെ സമ്പത്തിൽ കണ്ണുവെച്ച് വേണുവേട്ടനും കല്യാണവുമായ് മുന്നോട്ടു പോയപ്പോൾ ഞാനിറങ്ങി പോയതാനന്ദനൊപ്പം..”

“അമ്പലത്തിൽ നിന്ന് താലികെട്ടി രണ്ടു ദിവസം ആ കൂടെ താമസിച്ച എന്നെ അവിടുന്ന് പിടിച്ചുകെട്ടി കൊണ്ടുവന്നാണ് വേണുവുമായുള്ള കല്യാണം നടത്തിയത്… അതും നന്ദന്റെ ജീവൻ വെച്ച് ഭീഷണിപ്പെടുത്തി ..”

“അവർക്ക് മുന്നിൽ കീഴടങ്ങുമ്പോൾ തീരുമാനം ഒന്നേയുണ്ടായിരുന്നുള്ളു മനസ്സിൽ ലളിത ശ്രീ എന്നും മനസ്സുകൊണ്ടും ശരീരം കൊണ്ടും നന്ദ ദേവന്റെ മാത്രമായിരിക്കുമെന്ന്….”

“അതീ നിമിഷംവരെ ഞാൻ പാലിച്ചിട്ടുമുണ്ട്..വേണുവേട്ടൻ ആഗ്രഹിച്ച എന്റെ സമ്പത്ത് ഇന്നദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്നു ഒപ്പം ഞാൻ ഭിക്ഷയായ് കൊടുത്ത എന്റെ ദേവന്റെ അച്ഛനെന്ന സ്ഥാനവും…’

“എനിക്ക് എന്റെ മകനോടല്ലാതെ വേറെ ആരോടും ഒന്നും ബോധിപ്പിക്കേണ്ടതില്ല, അവനോട് അവന്റെ പന്ത്രണ്ടാം വയസ്സിൽ തന്നെ ഞാനിതെല്ലാം പറഞ്ഞും കൊടുത്തതാണ്…’

“ഇപ്പോൾ ഇവിടെ വന്നിത് പറഞ്ഞത് ഒരു സ്ത്രീക്ക് ഒരാളെ മാത്രമേ ആത്മാർത്ഥമായ് തന്റെ ജീവിതത്തിൽ സ്നേഹിക്കാനും വിശ്വസിക്കാനും കഴിയൂവെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ്.. ‘

“എന്റെ മകനു നിന്നെയും ,നിനക്ക് എന്റെ മകനെയും നഷ്ടപ്പെടാൻ ഞാനൊരു കാരണമാവരുതെന്ന് തോന്നി ..വന്നു… ഇനി തീരുമാനം നിങ്ങളുടെയാണ്… അതെന്തായാലും ഞാൻ അംഗീകരിക്കും … ”

ദേവനെ നോക്കിയത് പറഞ്ഞു കൊണ്ടാ വീടിന്റെ പടിയിറങ്ങുമ്പോൾ ലളിത തലയുയർത്തി തന്നെ പിടിച്ചിരുന്നു …

അന്നേരം ഗോപികയുടെയും വീട്ടുകാരുടെയും മനസ്സിലൊരു വിവാഹ പന്തലൊരുങ്ങിയിരുന്നു.. അതിൽ വരൻ ദേവനും വധു ഗോപികയുമായിരുന്നു …

ലളിതയുടെ ജീവിതം അവളുടെ ശരിയാണെന്ന ബോധമുൾകൊണ്ടു തന്നെ…..

Leave a Reply

Your email address will not be published. Required fields are marked *