നല്ല കടുത്ത തലവേദന
(രചന: അംബിക ശിവശങ്കരൻ)
രാത്രി സകല പണിയും കഴിച്ചുവച്ച് ചിത്ര മുറിയിലേക്ക് എത്തുമ്പോൾ നല്ലതുപോലെ ക്ഷീണതയായിരുന്നു. എങ്ങനെയെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ….
ലൈറ്റും ഓഫ് ചെയ്ത് കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് ചുംബിച്ച ശേഷം തലയിൽ കൈ അമർത്തി കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് ഭർത്താവായ രമേഷ് മുറിയിൽ വന്ന് ലൈറ്റ് ഇട്ട് എന്തൊക്കെയോ പരതുന്നത് കണ്ടത്.
അത്രമേൽ അസഹ്യമായ തലവേദന സഹിക്കാൻ വയ്യാതെ കിടക്കുമ്പോൾ ലൈറ്റിന്റെ വെളിച്ചം അവളെ വല്ലാതെ അലോസരപ്പെടുത്തി. അതുകൂടാതെ അവിടെയും ഇവിടെയും തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദവും.
” രമേശേട്ടാ നിങ്ങൾ കിടക്കുന്നില്ലേ? എന്താണ് ഈ ലൈറ്റും ഓണാക്കി വെച്ച് തിരയുന്നത്? ”
അവൾ അസ്വസ്ഥതയോടെ ചോദിച്ചു?
“ഞാൻ കളി കാണുകയാണ്. അത് കഴിഞ്ഞ് കിടക്കുകയുള്ളൂ… ഞാനെന്റെ ജേഴ്സി ഇവിടെ വെച്ചിരുന്നു അത് നീ കണ്ടിരുന്നോ?”
അവൾക്ക് പറഞ്ഞറിയിക്കാനാകാത്ത വിധം ദേഷ്യം വന്നു.
“”എന്റെ രമേശേട്ടാ നിങ്ങൾ ഇപ്പോൾ ജെയ്സിയും ഇട്ട് കളിക്കാൻ പോകുന്നൊന്നുമില്ലല്ലോ? കിടക്കുന്നില്ലെങ്കിൽ വേണ്ട ആ ലൈറ്റ് എങ്കിലും ഓഫ് ചെയ്യ്.. വെളിച്ചം കണ്ണിലേക്ക് തുളച്ചുകയറുകയാണ്. ഞാനാണെങ്കിൽ തലവേദന സഹിക്കാൻ വയ്യാതെയാണ് കിടക്കുന്നത്.”
ഇനിയും നിന്നാൽ പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടഴിയുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവൻ പെട്ടെന്ന് തന്നെ ലൈറ്റ് ഓഫ് ആക്കി പോയി.
നിനക്ക് ബാം പുരട്ടി തരട്ടെ എന്ന ഒരു ഒറ്റ ചോദ്യം…. സാരമില്ല നീ കിടന്നോ മാറിക്കോളും എന്നൊരു ആശ്വാസവാക്ക്….. അതുമല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു തലോടൽ…. ഇതിൽ ഏതെങ്കിലും ഒന്നു മതിയായിരുന്നു തന്റെ വേദനയ്ക്ക് ഒരല്പമെങ്കിലും ആശ്വാസമേകാൻ എന്ന് അവൾ വേദനയോടെ ഓർത്തു.
ഏറെനേരത്തെ പ്രയാസത്തിനൊടുവിൽ ആണ് അവളെപ്പോഴോ ഒന്ന് മയങ്ങി പോയത്. ഉറക്കത്തിനിടയിൽ തന്റെ
മേൽ ഇഴയുന്ന കൈകളാണ് അവളെ ഞെട്ടി എഴുന്നേൽപ്പിച്ചത്.
അയാൾ അവളെ വാരിപ്പുണർന്നു. വിവശനായി അവളെ തുരുതുരാ ചുംബിച്ചു. അവൾക്ക് വല്ലാതെ അസ്വസ്ഥത തോന്നി.
കിടപ്പറയിൽ മാത്രം ഒരു സ്ത്രീയെ ഭാര്യയായി അംഗീകരിക്കുന്ന,അപ്പോൾ മാത്രം അവളെ സ്നേഹത്തോടെ പുണരുന്ന,ചുംബിക്കുന്ന, ഒരു പുരുഷനെ ഏത് സ്ത്രീക്കാണ് ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുക?
“വിട് രമേശേട്ടാ… എനിക്ക് വയ്യ എന്ന് നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ?”
അതും പറഞ്ഞ് അവൾ അവനെ തന്റെ ദേഹത്തുനിന്ന് അടർത്തിമാറ്റി. ആഗ്രഹം സഫലമാകാത്തതിന്റെ നിരാശയും ദേഷ്യവും അന്നേരം അവന്റെ മുഖത്ത് പ്രകടമായിരുന്നു.
” നിങ്ങൾ നേരത്തെ വന്നപ്പോൾ ഞാൻ തലവേദനിച്ച് ഇവിടെ കിടക്കുകയായിരുന്നില്ലേ? ഒരു കണക്കിനാണ് ഞാൻ ഒന്നുറങ്ങിയത്. എല്ലാം അറിഞ്ഞുകൊണ്ടും ഇങ്ങനെയൊന്നും പെരുമാറരുത്… ഈ ഒരു കാര്യത്തിന് അല്ലാതെ നിങ്ങൾ എന്നോട് എപ്പോഴെങ്കിലും സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ? ഞാൻ നിങ്ങളുടെ ഭാര്യ മാത്രമല്ല ഒരു മനുഷ്യസ്ത്രീ കൂടിയാണ് ആ ഒരു പരിഗണന എങ്കിലും എനിക്ക് വേണം. ”
അവളുടെ കണ്ണ് നിറഞ്ഞു.
“ഓഹ് പറയുന്നത് കേട്ടാൽ തോന്നും ഞാൻ ആവശ്യപ്പെടുമ്പോഴൊക്കെ നീ എനിക്ക് കിടന്നു തരുവാണെന്ന്… നിനക്കെന്നും വേദനയും ധണ്ണവും തന്നെയല്ലേ? താല്പര്യം ഇല്ലെങ്കിൽ പറഞ്ഞാൽ മതി അതിന് ഓരോ മുട്ടു ന്യായങ്ങൾ പറഞ്ഞു ഉണ്ടാക്കേണ്ട..”
അവന്റെ ശബ്ദം ഉയർന്നതും കുഞ്ഞു ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. അവളോടുള്ള ദേഷ്യത്തിൽ കുഞ്ഞിന്റെ കരച്ചിൽ പോലും വകവയ്ക്കാതെ അവൻ തിരിഞ്ഞു കിടന്നു. തന്റെ ആവശ്യം സാധിച്ചു തരാത്ത ഭാര്യയുടെ ഉറക്കം കളയാൻ കുഞ്ഞ് എണീറ്റത് നന്നായി എന്ന് തന്നെ അവൻ മനസ്സിൽ ചിന്തിച്ചു.
കുഞ്ഞിനെ വാരിയെടുത്ത് പാല് നൽകുമ്പോൾ അവൾക്ക് തലയ്ക്കുള്ളിൽ എന്തൊക്കെയോ ചിന്നി ചിതറുന്നത് പോലെ തോന്നി. മൂന്ന് വയസ്സ് കഴിഞ്ഞെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ കരച്ചിൽ നിർത്താൻ കുഞ്ഞിന് പാല് തന്നെ വേണം…
മറ്റൊന്നിനും അവളുടെ കരച്ചിലിനെ ശമിപ്പിക്കാൻ കഴിയുമായിരുന്നില്ല.. കുഞ്ഞു തന്റെ മുലപ്പാൽ നുണഞ്ഞു കുടിക്കുമ്പോഴും അവൾ അത്രയേറെ സങ്കടത്തോടെ തന്റെ ഭർത്താവിനെ നോക്കി.
ഇത്രയൊക്കെ പറഞ്ഞിട്ടും നീ കിടന്നോളൂ ഞാൻ കുഞ്ഞിനെ നോക്കിക്കോളാം എന്ന് ഒരു വാക്കുപോലും പറയാത്ത ആ മനുഷ്യൻ എത്ര ക്രൂരൻ ആണെന്ന് അവൾക്ക് തോന്നി.താനെന്ന വ്യക്തിയുടെ വികാരങ്ങൾക്കോ വേദനകൾക്കോ സങ്കടങ്ങൾക്കോ യാതൊരു വിലയും തരാത്തവൻ ആണ് തന്റെ ഭർത്താവ് എന്ന് അവൾക്ക് മനസ്സിലായി.
കുഞ്ഞിനെ ഉറക്കിയശേഷം അവൾ തലയിണയിൽ മുഖം അമർത്തി കിടന്നു.
“എത്ര ദിവസമായി ഒന്ന് സുഖമായി ഉറങ്ങിയിട്ട്… ഉറക്കം ശരിയാകാതെ വരുമ്പോഴാണ് മൈഗ്രൈൻ ശക്തി പ്രാപിക്കുന്നത്. എന്ത് പറഞ്ഞാലും ഉണ്ട് അവൾക്കൊരു മൈഗ്രേൻ എന്ന് പറയുന്നവരോട് എന്തു മറുപടി പറയാനാണ്? നിനക്ക് മാത്രം എന്താ ഇത്ര ക്ഷീണം എന്ന് പാലൂട്ടുന്ന ഒരു അമ്മയോട് പുരുഷനായ ഭർത്താവ് ചോദിക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കാം… എന്നാൽ ഒരു സ്ത്രീയും അമ്മയുമായ തന്റെ അമ്മായിയമ്മ ചോദിക്കുമ്പോഴാണ് ഏറെ വേദന തോന്നിയിട്ടുള്ളത്.”
പിന്നെയും ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞു കിടന്നെങ്കിലും വേദന ശമിക്കാതെ ഒടുക്കം ടാബ്ലറ്റ് കഴിച്ചപ്പോഴാണ് അല്പം എങ്കിലും വേദന ശമിച്ചൊന്ന് ഉറങ്ങാൻ സാധിച്ചത്.
ഉറങ്ങാൻ ഒരുപാട് നേരം വൈകിയതിനാലും മരുന്നിന്റെ ഡോസ് കൊണ്ടും രാവിലെ നേരത്തെ ഉണരാൻ കഴിഞ്ഞില്ല. ചാടി പിടഞ്ഞു എഴുന്നേറ്റ് അടുക്കളയിൽ ചെല്ലുമ്പോൾ രമേശിന്റെ അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ടായിരുന്നു.
“ഈ നേരത്താണോ പെൺകുട്ടികൾ എഴുന്നേറ്റ് വരുന്നത്? വീട്ടിൽ അങ്ങനെയൊക്കെ ശീലിച്ചിട്ടുണ്ടാകും അതുപോലെയാണോ കയറിച്ചെല്ലുന്ന വീട്ടിൽ…? വെയിൽ ഉറക്കും വരെ വീട്ടിലെ പെണ്ണുങ്ങൾ കിടന്നുറങ്ങിയാൽ തന്നെ ആ വീട് ഗതി പിടിക്കില്ല. ഇതൊന്നും പറഞ്ഞു തരാതെയാണോ വീട്ടുകാർ ഇങ്ങോട്ട് വിട്ടത്?”
എന്തുപറഞ്ഞാലും വീട്ടുകാരുടെ നെഞ്ചത്തോട്ട് കയറുന്നത് അവരുടെ പതിവായിരിക്കുന്നു. ഇന്നലത്തെ ദേഷ്യവും ഉറക്കമില്ലായ്മയും രാവിലെ തന്നെ അവരുടെ പെരുമാറ്റവും അവളെ ഭ്രാന്ത് പിടിപ്പിച്ചു.
“അമ്മ എന്തിനാണ് എന്ത് പറഞ്ഞാലും എന്റെ വീട്ടുകാരെ വലിച്ചിഴക്കുന്നത്…? അമ്മയുടെ മകൾ ഇവിടെ വന്നാലും പത്തു മണിയാകാതെ എഴുന്നേൽക്കാറില്ലല്ലോ അപ്പോൾ ഒരു പ്രശ്നവും ഇല്ലേ?
എന്നിട്ടും ഞാൻ എപ്പോഴെങ്കിലും അമ്മയുടെ മകളെ നമ്മുടെ സംസാരത്തിനിടയിലേക്ക് വലിച്ചിട്ടിട്ടുണ്ടോ?ഇന്നൊരു ദിവസമല്ലേ വൈകി എഴുന്നേറ്റൊള്ളൂ. അതിന് ഇത്രമാത്രമൊക്കെ പറയാനുണ്ടോ?
ഇന്നലെ കുഞ്ഞു വാശിപിടിച്ചു കരഞ്ഞു പിന്നെ എനിക്ക് നല്ല സുഖം ഉണ്ടായിരുന്നില്ല അമ്മയുടെ മോൻ കുഞ്ഞിനെ നോക്കിയിരുന്നുവെങ്കിൽ എനിക്കുറങ്ങാമായിരുന്നു. എങ്കിൽ പിന്നെ എത്ര വൈകില്ലായിരുന്നു എഴുന്നേൽക്കാൻ…”
അവൾ യാതൊരു കൂസലും ഇല്ലാതെ പറഞ്ഞു.
“ആഹാ…എന്റെ മോൾ ഇവിടെ വന്ന് പത്തുമണിവരെ കിടന്നുറങ്ങുന്നുണ്ടെങ്കിൽ അവൾ അവളുടെ കെട്ടിയോന്റെ വീട്ടിൽ നേരത്തെ എഴുന്നേറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്..
പിന്നെ ലോകത്ത് നീയാണല്ലോ ആദ്യമായി പ്രസവിക്കുന്നത്? നീ ഈ ഒരെണ്ണത്തിനെ അല്ലേ നോക്കുന്നുള്ളൂ.… ഇതുപോലെ മൂന്നെണ്ണത്തിനെ നോക്കി വലുതാക്കിയവളാ ഞാൻ.. കൊച്ചുങ്ങളെ നോക്കേണ്ടത് അമ്മമാരുടെ കടമയാണ് അതിനു പറ്റാത്തവർ പ്രസവിക്കാൻ നിൽക്കരുത്.”
കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേക്കും കുഞ്ഞിക്കാല് കാണാൻ ഇവർക്ക് തന്നെയായിരുന്നു ധൃതി. അമ്മയാകാൻ മനസ്സുകൊണ്ട് തയ്യാറാകും മുന്നേ അതും ഇതും പറഞ്ഞു സ്വസ്ഥത തരാതിരുന്നതും ഇവർ തന്നെയാണ്.
പിന്നെ ഇത് ദിവ്യഗർഭം ഒന്നുമല്ലെന്ന് അവരുടെ മുഖത്തുനോക്കി പറയാൻ അവളുടെ നാവ് തരിച്ചെങ്കിലും മിണ്ടിയില്ല. അപ്പോഴേക്കും ശബ്ദം കേട്ട് രമേഷ് അങ്ങോട്ട് വന്നു.ഇന്നലത്തെ ദേഷ്യം പൂർണമായും ശമിക്കാതിരുന്നത് കൊണ്ട് തന്നെ അമ്മയുടെ പക്ഷം ചേർന്ന അവന്റെ സംസാരം അവളുടെ ദേഷ്യത്തെ ഇരട്ടിപ്പിച്ചു.
അവിടെ നിന്നും ഒന്നും മിണ്ടാതെ മുറിയിൽ കയറി അവൾ വാതിൽ അടച്ചു. അല്പസമയം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കയ്യിൽ ഒരു ബാഗും കരുതിയിരുന്നു. ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിന്റെ നെറുകയിൽ അമർത്തി ചുംബിച്ച് അവൾ മുറിവിട്ട് ഇറങ്ങി.
“ഞാൻ ഇറങ്ങുന്നു എനിക്ക് ഒരു വിലയും തരാത്തവർക്കിടയിൽ ജീവിതം തുടരുവാൻ ബുദ്ധിമുട്ടുണ്ട്.. എനിക്ക് എന്ന് ഈ വീട്ടിൽ ഒരു വ്യക്തിയായി പരിഗണന ലഭിക്കുന്നുവോ അന്നേ ഞാൻ തിരികെ വരുകയുള്ളൂ.…”
“അപ്പോൾ നീ കുഞ്ഞിനെ കൊണ്ടു പോകുന്നില്ലേ?”
രമേഷ് ആണ് അത് ചോദിച്ചത് അത് കേട്ടതും അവൾ അവനെ ദഹിപ്പിച്ച ഒരു നോട്ടം നോക്കി.
” ഇങ്ങോട്ട് വരുമ്പോൾ കുഞ്ഞിനെയും കൊണ്ടല്ലല്ലോ ഞാൻ വന്നത്? കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്തമാണ്.
അമ്മ മാത്രം കുഞ്ഞിനെ ഊട്ടണം, ഉറക്കണം, ഉറക്കമൊഴിച്ച് കാവൽ ഇരിക്കണം, എല്ലാം കഴിഞ്ഞ് ഒരു വീട്ടു വേലക്കാരിയുടെ സകല ജോലികളും ചെയ്യണം. അല്ലേ…? ഞാൻ ഇത്രയും നാളും ഉറക്കമൊഴിച്ച് കുഞ്ഞിനെ യാതൊരു കുറവുമില്ലാതെ നോക്കിയില്ലേ? ഇനി കുറച്ചുനാൾ അച്ഛനായ നിങ്ങൾ നോക്കൂ… കാണട്ടെ മിടുക്ക്. ”
“അവൾ നമ്മളെ തോൽപ്പിക്കാനുള്ള തയ്യാറെടുപ്പ് ആണെടാ മോനെ… അങ്ങനെ നിന്റെ മുന്നിൽ വന്നു കേണ് തൊഴുതു നിൽക്കേണ്ട ഗതികോട് ഒന്നും ഞങ്ങൾക്കില്ലടി…. ഞങ്ങൾ നോക്കിക്കോളാം അവളെ.,. അമ്മയില്ലെങ്കിലും അവൾ ഇവിടെ സന്തോഷത്തോടെ കഴിയും നഷ്ടം നിനക്ക് മാത്രമാണ് ഓർത്തോ…”
അവൾ മറുപടിയൊന്നും പറഞ്ഞില്ല കുഞ്ഞിനെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് പടിയിറങ്ങി.
സ്വന്തം വീട്ടിൽ കയറി ചെല്ലുമ്പോൾ കുഞ്ഞിനെ തനിച്ചാക്കി വന്നതിൽ അവരും അവളെ നല്ലതുപോലെ കുറ്റപ്പെടുത്തി. പക്ഷേ അവൾ തന്റെ തീരുമാനത്തിൽ നിന്നും അല്പം പോലും വ്യതിചലിച്ചില്ല. സത്യത്തിൽ നെഞ്ച് തകരുന്ന വേദനയോടെയാണ് മോളെ അവിടേ ആക്കി വന്നത്. കുഞ്ഞുങ്ങൾ അമ്മമാരുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ ഉലക്കുവാൻ വേണ്ടി മാത്രം.
താൻ അനുഭവിച്ചത് മുഴുവനായി അല്ലെങ്കിലും അല്പമെങ്കിലും അവരെ മനസ്സിലാക്കി കൊടുക്കാൻ ഇതല്ലാതെ തന്റെ മുന്നിൽ വേറെ വഴി ഉണ്ടായിരുന്നില്ല…കുഞ്ഞിന്റെ മുഖം ഓർക്കും തോറും അവളുടെ മിഴികൾ നിറഞ്ഞൊഴുകി. എങ്കിലും തന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും കുഞ്ഞ് ആ വീട്ടിൽ സുരക്ഷിതയായിരിക്കും എന്നതായിരുന്നു ഏക ആശ്വാസം.
മൂന്നുദിവസം കുഞ്ഞിനെ കാണാതെ അവൾ എങ്ങനെയൊക്കെയോ തള്ളിനീക്കി.
അന്ന് രാത്രി അവൾ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. ഇനിയും കുഞ്ഞില്ലാതെ തന്നെ കൊണ്ട് പറ്റില്ല എന്ന സത്യം… അവരെ മാറ്റിയെടുക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല… നാളെത്തന്നെ പോയി കുഞ്ഞിനെ കൂട്ടിക്കൊണ്ടു വരണം.
ആ തീരുമാനത്തിൽ കിടന്നുറങ്ങുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. അവൾ ക്ലോക്കിലേക്ക് നോക്കി. വെളുപ്പിന് രണ്ടു മണിയായിരിക്കുന്നു!. രമേശിന്റെ കോളാണ്.ദൈവമേ കുഞ്ഞിന് എന്തെങ്കിലും??? അവൾ ചാടി എഴുന്നേറ്റു ഫോൺ എടുത്തു
” ഹലോ ചിത്രേ, നീ ഉറങ്ങിയോ? ”
കുഞ്ഞിന്റെ കരച്ചിൽ നിർത്താതെ കേൾക്കാമായിരുന്നു.
“കുഞ്ഞെവിടെ..? മോൾ എന്തിനാ കരയുന്നത്..?
അവൾ പരിഭ്രമത്തോടെ ചോദിച്ചു.
“നീ പോയതിൽ പിന്നെ അവൾ രാത്രി ഉറങ്ങുന്നതേയില്ല ഭയങ്കര കരച്ചിൽ ആണ്.. ആര് എടുത്തിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല. അമ്മ അവസാനം എന്നെ കുറ്റപ്പെടുത്തി തുടങ്ങി. നീ ഉള്ളപ്പോൾ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.
നിന്റെ വില ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നീയില്ലെങ്കിലും കുഞ്ഞിനെ നോക്കാമെന്ന് ഞങ്ങൾ അഹങ്കരിച്ചിരുന്നു. പക്ഷേ ഒരമ്മയ്ക്ക് പകരം ആകാൻ മറ്റാർക്കും കഴിയില്ല എന്ന് എന്റെ മോൾ എന്നെ പഠിപ്പിച്ചു.
ഞങ്ങൾ നിന്നോട് ചെയ്തതിനെല്ലാം ഞാൻ മാപ്പ് ചോദിക്കുന്നു. നാളെ തന്നെ നിന്നെ കൊണ്ടുവരാൻ ഞാൻ വരാം നീ എന്നോടൊപ്പം lവരണം. ഇനി ഒരിക്കലും നിന്നെ മനസ്സിലാക്കാതെ ഞാൻ ഒന്നും സംസാരിക്കില്ല. വാക്ക്… നീ ഇത്രനാൾ അനുഭവിച്ച വേദനകളെല്ലാം ഈ രണ്ടു ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കി ചിത്രേ മാപ്പ്…”
” മതി ഇത്രയുമേ താനും ആഗ്രഹിച്ചിരുന്നുള്ളൂ… അതിനുമാത്രമാണ് പ്രാണനായ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു വന്നത്. ഒരു വ്യക്തി എന്ന പരിഗണന മാത്രമേ താനും കൊതിച്ചിരുന്നുള്ളൂ.. ഇത്ര നാളത്തെ വേദനകൾ മറക്കാൻ ഈയൊരു ഏറ്റുപറച്ചിൽ തന്നെ ധാരാളം. ”
അന്ന് അവൾ സുഖമായി ഉറങ്ങി. ഉള്ളിലെ ഭാരം എല്ലാം ഇറക്കിവെച്ച്.….. കുറെ നാളുകൾക്ക് ശേഷം സ്വസ്ഥമായി അവൾ അങ്ങനെ നിദ്രയെ പുണർന്നു…