“എനിക്കൊരു ചെറിയ മോൻ ആണുള്ളത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ.? അവനു ചില ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഇടയ്ക്ക് ഉണ്ടാവാറുണ്ട്. അവനു സുഖമില്ലാതെ ആകുമ്പോൾ അവനോടൊപ്പം

(രചന: ശ്രേയ)

” എടോ.. എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്.. ഞാൻ എത്ര പറഞ്ഞിട്ടും തനിക്ക് എന്താണ് അതൊന്നും മനസ്സിലാവാത്തത്..? ”

അന്നും പതിവു പോലെ അപ്പുവിന്റെ ഇൻബോക്സിലേക്ക് ആ മെസ്സേജ് കടന്നു വന്നു. അത് വായിച്ചപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോകുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ ഈ മെസ്സേജിനോട് വല്ലാത്ത ദേഷ്യം ആയിരുന്നു. പിന്നെ പിന്നെ അത് ശ്രദ്ധിക്കാതെയായി. പക്ഷേ ഇടയ്ക്കെപ്പോഴോ ആ മെസ്സേജ് ഇല്ലെങ്കിൽ തനിക്ക് മുന്നോട്ടു പോകാൻ ആവില്ല എന്നൊരു തോന്നൽ.

ഉള്ളിൽ എവിടെയോ അയാളോട് ഒരു ചെറിയ ഇഷ്ടം ഉടലെടുക്കുന്നുണ്ട്. തുറന്നു പറയാൻ ആവാത്ത തരത്തിലുള്ള ഒരു ഇഷ്ടം..!!

നെടുവീർപ്പോടെ അവൾ ചിന്തിച്ചു.

എന്നാണ് ആദ്യമായി തനിക്ക് ഇങ്ങനെയൊരു മെസ്സേജ് വന്നത്..?

അവൾ ഓർമ്മയിൽ നിന്ന് പരതിയെടുക്കാൻ ഒരു ശ്രമം നടത്തി.

അതെ… അന്ന് തന്നെ..

തനിക്ക് സുഖമില്ലാതെ താൻ ക്ലാസുകളിൽ നിന്ന് ലീവെടുത്ത ദിവസം..

” താൻ ഇനി ക്ലാസിന് വരുന്നില്ലേ..? ”

അതായിരുന്നു ആദ്യത്തെ ചോദ്യം..

“ക്ലാസിന് വരണമെന്ന് തന്നെയാണ് എന്റെ താല്പര്യം. പക്ഷേ ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അത് നടക്കുന്നില്ല എന്ന് മാത്രം.. ഇതിപ്പോൾ ഒന്നു മാറി ഒന്നു മാറി എനിക്ക് എന്നും ഓരോരോ പ്രശ്നങ്ങളാണ്.. ഇതൊക്കെ എന്നാണ് അവസാനിക്കുക എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല..”

അവൾ മറുപടി അയച്ചു. അവളുടെ ക്ലാസിലെ തന്നെ ഒപ്പം പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു അത്.

ക്ലാസ്സ് എന്ന് പറയുമ്പോൾ ഒരു ട്രേഡ് ആണ്.. പല പ്രായത്തിലുള്ള ഒരുപാട് ആളുകൾ ഒന്നിച്ചു പഠിക്കുന്ന ഒരു സ്ഥലം.

” തനിക്ക് എന്താടോ ഇതിനു മാത്രം പ്രശ്നങ്ങൾ..? ”

അവന്റെ മറുചോദ്യം അവളെ തേടിയെത്തി. അവൾ അതിനു മറുപടി കൊടുത്തു.

“എനിക്കൊരു ചെറിയ മോൻ ആണുള്ളത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ.? അവനു ചില ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഇടയ്ക്ക് ഉണ്ടാവാറുണ്ട്. അവനു സുഖമില്ലാതെ ആകുമ്പോൾ അവനോടൊപ്പം ഇരിക്കാൻ ഞാനല്ലാതെ മറ്റാരുമില്ല.”

അങ്ങനെ പറഞ്ഞു പറഞ്ഞു വീട്ടിലെ വിശേഷങ്ങൾ ഓരോന്നും അവർ തമ്മിൽ പറഞ്ഞു തുടങ്ങി.. അവളുടെ ക്ലാസുകൾ മിസ്സായി പോയി തുടങ്ങിയപ്പോൾ അവളെക്കാൾ വിഷമം അവനാണെന്ന് അവൾക്ക് തോന്നിപ്പോയി.

” താൻ എങ്ങനെയെങ്കിലും ക്ലാസിൽ വരാൻ നോക്കടോ.. ”

അവൻ ഇടക്കെങ്കിലും അവളെ നിർബന്ധിക്കാറുണ്ട്.

” ഞാൻ നോക്കുന്നുണ്ട്… പക്ഷേ പറ്റണ്ടേ..? ”

അവൾ മറുപടി അയച്ചു.

പക്ഷേ പിന്നീടപ്പോഴോ അവന്റെ മെസ്സേജുകളുടെ രീതി മാറി തുടങ്ങിയത് അവൾ ശ്രദ്ധിച്ചു. ഒരു കാമുകിയോട് സംസാരിക്കുന്നതുപോലെ ഒരുപാട് സ്വാതന്ത്ര്യത്തിൽ അവൻ വർത്തമാനം പറഞ്ഞു തുടങ്ങി.

അതൊക്കെയും അവൾക്ക് പരിധി വിട്ടു പോകുന്നതു പോലെയാണ് തോന്നിയത്.അവൾ അവനെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു.

” നീ എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.. എനിക്ക് വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ഉള്ളതാണ്.. എന്നോട് ഇങ്ങനെ സംസാരിക്കുന്നത് തന്നെ തെറ്റാണ്.. ”

അവൾ പറഞ്ഞപ്പോൾ അവൻ കുറച്ചു നേരത്തേക്ക് മൗനമായിരുന്നു. പിന്നെ സംസാരിച്ചു തുടങ്ങി..

” എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അറിയാമോ..? നിന്റെ വിവാഹം കഴിഞ്ഞതും നിനക്കൊരു കുട്ടിയുള്ളതോ എനിക്ക് പ്രശ്നമല്ല.. നിന്നെ ആദ്യ കാഴ്ചയിൽ കണ്ടപ്പോൾ തന്നെ എനിക്കൊരു ആകർഷണം തോന്നിയതാണ്.. പക്ഷേ അത് മനസ്സിൽ ഇങ്ങനെ കിടന്നു വീർപ്പുമുട്ടുകയാണ്. നിന്നോട് തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോകും എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ തുറന്നു പറഞ്ഞത്.”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ആകെ ഒരു മരവിപ്പായിരുന്നു..

ഇതെവിടേക്കാണ് ഇതിന്റെ പോക്ക് എന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല..

“നീ ഇങ്ങനെ ചിന്തിക്കാൻ പോലും പാടില്ലാട്ടോ..”

അവൾ ഒരിക്കൽ കൂടി അവനെ പറഞ്ഞു തിരുത്താൻ ശ്രമിച്ചു.

പക്ഷേ അവൻ പറയുന്നത് നിന്ന് ഒരു വാക്കുപോലും പിന്നിലേക്ക് പോകാൻ താൽപര്യം കാണിച്ചില്ല.

എല്ലാദിവസവും അവളെ ഉണർത്തുന്നത് അവന്റെ മെസ്സേജുകൾ ആയിരുന്നു. അതിൽ നിറഞ്ഞു നിന്നതാവട്ടെ പ്രണയവും.. ഭർത്താവിനെയും കുഞ്ഞിനെയും ഒക്കെ ഓർത്ത് ഒരു പരിധിവരെ അവൾ തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

പക്ഷേ… ഒരിക്കൽ.. അവന്റെ മെസ്സേജുകൾ അവളുടെ മനസ്സിനെ സ്പർശിച്ച ആ നിമിഷം…!

വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അവൾക്ക് ഒരു അന്യ പുരുഷനോട് പ്രണയം തോന്നി… അതും ആത്മാവ് തൊട്ടറിഞ്ഞതു പോലെ അടക്കി വയ്ക്കാനാവാത്ത ഒരു പ്രണയം…

” എടാ എനിക്ക് നിന്നോട് എന്ത് ഉണ്ടായിട്ടും കാര്യമൊന്നുമില്ല.. നമുക്കൊരുമിച്ച് ഒരു ലൈഫ് പോലുമുണ്ടാവില്ല..”

അവൾ അങ്ങനെ ഒരു മറുപടി അവനോട് പറഞ്ഞു.

” അതായത് നിനക്കെന്നെ ഇഷ്ടമാണ് എന്നല്ലേ അർത്ഥം..? ”

അവൻ ആകാംക്ഷയോടെ അന്വേഷിച്ചു.

കുറച്ചു നേരത്തേക്ക് മൗനം പാലിച്ചെങ്കിലും അതേ എന്നൊരു മറുപടി അവളിൽ നിന്ന് പുറത്തേക്ക് വന്നു. ആ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു അവൻ കാത്തിരുന്നത്.

“എനിക്കിനി എന്തു പറ്റിയാലും അതൊരു വിഷയമല്ല.. എന്റെ എത്ര നാളത്തെ ആഗ്രഹമാണെന്ന് അറിയാമോ നിന്റെ നാവിൽ നിന്ന് ഇങ്ങനെ ഒരെണ്ണം കേൾക്കണമെന്ന്.. ഐ ലവ് യു എന്ന് എന്നോട് പറയാമായിരുന്നില്ലേ.?”

അവൻ ചോദിച്ചു കഴിഞ്ഞപ്പോൾ അവൾ അതിനെ എതിർത്തു.

” ഐ ലവ് യു പറഞ്ഞു പ്രണയിച്ചു നടക്കാൻ ഞാൻ കോളേജ് വിദ്യാർത്ഥി അല്ല. എപ്പോഴും ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്.. എനിക്ക് ഒരു കുടുംബമുണ്ട്.. അത് വിട്ട് ഒരു ജീവിതം എനിക്ക് ഉണ്ടാവുകയുമില്ല.. ”

അവന്റെ മൗനം അവളെ തളർത്തി കളഞ്ഞു.

” നമ്മൾ എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും നമ്മുടെ മുന്നിൽ ഒരു മറ പോലെ ഉള്ളതാണ് എന്റെ കുടുംബം. എനിക്കൊന്നും ചെയ്യാൻ പറ്റില്ല.. പക്ഷേ നിന്നോടുള്ള ഇഷ്ടം കണ്ട്രോള് ചെയ്യാനും എനിക്ക് പറ്റുന്നില്ല.. നിന്നോട് ഏതോ ഒരു നിമിഷത്തിൽ എനിക്കിഷ്ടം തോന്നി പോയി.. അതൊരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നതുമില്ല.. ഒരു ആകർഷണമായിരിക്കാം.. പക്ഷേ.. ”

അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു..

” നിനക്ക് ഞാനൊരു കാര്യത്തിൽ ഉറപ്പു തരാം.. ഏതെങ്കിലും ഒരു നിമിഷത്തിൽ നമ്മുടെ പ്രണയം വേണ്ടെന്നു വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.. എപ്പോഴെങ്കിലും ഞാനും എന്റെ പ്രണയവും നിനക്കൊരു ശല്യമായി തോന്നിയാൽ അത് എന്നോട് തുറന്നു പറയാനുള്ള മനസ്സ് നീ കാണിക്കണം. ആ നിമിഷം എല്ലാം അവസാനിപ്പിച്ച് മടങ്ങി പോകാൻ ഞാൻ തയ്യാറാണ്.. ”

സ്നേഹം കൊണ്ട് ഓരോ നിമിഷവും അവൻ അവളെ തോൽപ്പിക്കുകയായിരുന്നു. ഓരോ ദിവസവും അവൾ എവിടെ പോകുന്നു എന്ത് ചെയ്യുന്നു ഒക്കെ അവനോട് പറയണമായിരുന്നു.

ഒരിക്കലും അതൊന്നും അവൻ ഡിമാൻഡ് ചെയ്തതല്ല. പകരം അവളായി തുടങ്ങി വച്ചതായിരുന്നു. അവന്റെ മെസ്സേജുകൾ വൈകിയാൽ അവൾക്ക് ടെൻഷൻ ആകാൻ തുടങ്ങി.

അവനെ ഒന്ന് കണ്ടില്ലെങ്കിൽ അവൾക്ക് സങ്കടം വരാൻ തുടങ്ങി. ഭർത്താവ് കൂടെയുള്ളപ്പോൾ പോലും അവനെ അവൾ മിസ്സ് ചെയ്തു തുടങ്ങി.ഭർത്താവിനെക്കാൾ കൂടുതൽ അവൾ അവനെ സ്നേഹിക്കുന്നുണ്ടോ എന്ന് പോലും അവൾ സംശയിച്ചു.

അങ്ങനെ ഒരു നിമിഷത്തിൽ അവൾ അത് അവനോട് തുറന്നു പറഞ്ഞു.

” നീ അങ്ങനെയൊന്നും ചിന്തിക്കരുത് കേട്ടോ..”

അത്രമാത്രമായിരുന്നു അവൻ മറുപടി പറഞ്ഞത്..

പക്ഷേ പിന്നീടുള്ള ഓരോ ദിവസവും അവൾ അറിയുകയായിരുന്നു തന്നിൽ നിന്ന് അകന്നു പോകുന്ന അവനെ… മെസ്സേജുകൾ ഇല്ലാതെ, കോളുകൾ ഇല്ലാതെ , അയക്കുന്ന മെസ്സേജുകൾ ഒന്നിനും മറുപടിയില്ലാതെ അവൻ ദിവസങ്ങൾ തള്ളി നീക്കി..

എന്തുകൊണ്ട് മെസ്സേജ് അയക്കാത്തത് എന്ന് ചോദിച്ചാൽ തിരക്കിലാണ് എന്ന ഒരൊറ്റ മറുപടി..

പക്ഷേ ഒരു ഹായ് പറയാൻ പറ്റാത്ത തിരക്കുള്ള ഒരു മനുഷ്യനും ഈ ഭൂമിയിൽ ഇല്ല എന്ന് ചിന്തിക്കാൻ അവൾക്ക് കഴിയുമായിരുന്നു. പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളത് പോലെ ഒഴിവാക്കലിന്റെ ആദ്യപടി ആണല്ലോ തിരക്കുകൾ..!

അന്നോളം തങ്ങൾക്ക് വേണ്ടി നീക്കിവെച്ച സമയത്തിന്റെ ഒരംശം പോലും താങ്കൾക്ക് കിട്ടാതാകുമ്പോൾ ഏതു മനുഷ്യനും മനസ്സിലാകുന്നതാണല്ലോ അതൊക്കെ..

പതുക്കെ പതുക്കെ അവളും ആ സത്യം അംഗീകരിച്ചു തുടങ്ങി..അവൻ തന്നെ വിട്ടു പോകാൻ തുടങ്ങിയിരിക്കുന്നു..

പക്ഷേ..

ആ സത്യം അംഗീകരിക്കാൻ അവളുടെ മനസ്സും മടിച്ചു. തനിക്ക് കിട്ടിയിരുന്ന സ്നേഹം തനിക്ക് എല്ലായിപ്പോഴും വേണമെന്ന് അത് വാശി പിടിച്ചു. പക്ഷേ അത് അവനോട് തുറന്നുപറയാനോ സംസാരിക്കാൻ ശ്രമിക്കാനോ അവൾക്ക് മടിയായിരുന്നു. അവളുടെ ആത്മാഭിമാനം അതിന് അനുവദിച്ചില്ല എന്ന് പറയാം..

പതിയെ പതിയെ അവളുടെ മനസ്സിന്റെ താളം തെറ്റി. വീട്ടിൽ നടക്കുന്ന ഒരു കാര്യങ്ങളെക്കുറിച്ച് അവൾ അറിയാതെയായി. ആരോഗ്യം ക്ഷയിച്ചു.. ഭംഗി നശിച്ചു.. ഒന്നിനെക്കുറിച്ചും ആരെക്കുറിച്ചും അറിയാതെയായി..!

അപ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്ത മുഴുവൻ അവനെക്കുറിച്ച് ആയിരുന്നു. ഓരോ സെക്കൻഡുകൾക്ക് അപ്പുറവും തന്റെ ഫോണിലേക്ക് അവന്റെ മെസ്സേജുകൾ വന്നിട്ടുണ്ടോ എന്ന് അവൾ ആകാംക്ഷയോടെ ചെക്ക് ചെയ്തു. മറു തലക്കൽ അവൻ ഇല്ലെന്ന് കാണുമ്പോൾ ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു.

അവളുടെ അവസ്ഥ കണ്ട് ആ കുടുംബം ഓരോ ദിനവും വേദനയോടെ തള്ളി നിൽക്കുമ്പോൾ, മറുവശത്ത് അവൻ മറ്റൊരാളെ തേടിയുള്ള യാത്രയിൽ ആയിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *