“അമ്മയോട് ക്ഷമിക്കു മോനെ വേറെ വഴിയില്ല എന്റെ മോൻ അമ്മയോട് ക്ഷമിക്കു. ശാപം കിട്ടിയ ജന്മമാണ് എന്റേത് എന്റെ വയറ്റിൽ പിറന്ന മോനും അമ്മയോടൊപ്പം അവസാനിക്കട്ടെ

എന്നും എപ്പോഴും
(രചന: Nisha Suresh Kurup)

നിത്യ മകൻ നന്ദുവിനെയും എടുത്ത് ആ രാത്രിയിൽ വേഗത്തിൽ നടന്നു. അവളുടെ വീട്ടിലെ നാട്ടുവഴി കഴിഞ്ഞ് കുറച്ച് ദൂരം നടന്നവൾ പാലത്തിനരുകിൽ എത്തിയതും ഒന്നു അറച്ചു നിന്നു.

താഴെ നല്ല ആഴത്തിൽ ഒഴുകുന്ന പുഴ. കൈവരിയിൽ പിടിച്ചവൾ കുറച്ചു നേരം നിന്നു. പിന്നെ കുഞ്ഞുമായി കൈവരിയിൽ വലിഞ്ഞ് കയറാൻ ശ്രമിച്ചു. നന്ദു ഉറക്കെ കരയാൻ തുടങ്ങി. അവൾ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു.

“അമ്മയോട് ക്ഷമിക്കു മോനെ വേറെ വഴിയില്ല എന്റെ മോൻ അമ്മയോട് ക്ഷമിക്കു. ശാപം കിട്ടിയ ജന്മമാണ് എന്റേത് എന്റെ വയറ്റിൽ പിറന്ന മോനും അമ്മയോടൊപ്പം അവസാനിക്കട്ടെ” .

വിതുമ്പി കരഞ്ഞു കൊണ്ട് അവൾ കുഞ്ഞിനെ തുരുതുരെ മുത്തി. കുഞ്ഞ് കരച്ചിലിനിടയിൽ പറഞ്ഞു
“മോന് പേടിയാവുന്നു അമ്മാ മോന്
പേടിയാകുന്നു പോവാം ” .
നന്ദുവിന്റെ കരച്ചിൽ അവളെ തളർത്തിയെങ്കിലും തിരിച്ച് പോകാൻ ഇടമില്ല ആർക്കും വേണ്ട ആ ചിന്തകളാൽ ചാടാനായി വീണ്ടും ശ്രമിച്ചതും ഒരു ജീപ്പിന്റെ വെട്ടം അവളുടെ കണ്ണുകളിൽ അടിച്ചു.

ഒന്നു പകച്ചു പോയ അവൾക്കു മുന്നിൽ ജീപ്പ് സഡൻ ബ്രേക്കിട്ട് നിന്നു. അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് അവൾ അറിയാതെ പറഞ്ഞു ടീച്ചറമ്മയുടെ മോൻ വിനോദ് ചേട്ടൻ . അയാൾ അവൾക്കരുകിലേക്ക് വന്ന് അത്യധികം ദേഷ്യത്തോടെ ചോദിച്ചു.

” നീയെന്ത് ഭ്രാന്താണ് കാണിക്കുന്നത്. ചാവണമെങ്കിൽ തനിയെ ചത്തൂടെ ഒന്നും അറിയാത്ത കുഞ്ഞിനെ കൊല്ലണോ ” .
ഒന്നും പറയാൻ കഴിയാതെ നിത്യ പൊട്ടിക്കരഞ്ഞു.
“എന്ത് കാരണം കൊണ്ടായാലും

ആ ത്മഹത്യ ഒന്നിനും പരിഹാരമല്ല “.

അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. അയാൾ തന്നെ തുടർന്നു .
“എനിക്ക് ടൗണിൽ പോയി കുറച്ചധികം കാര്യങ്ങൾ ഉണ്ടായിരുന്നു.

അതിനിടയിൽ ജീപ്പും പഞ്ചറായി. എല്ലാം ശരിയാക്കി വന്നപ്പോൾ പാതിരാത്രിയായല്ലോ എന്ന അമർഷത്താൽ വന്നതാണ്. ഇപ്പോൾ തോന്നുന്നു അത് നന്നായി ഇല്ലെങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കുമായിരുന്നു “. അയാൾ കുഞ്ഞിനെ നിത്യയുടെ കൈയ്യിൽ നിന്ന് വാങ്ങി. പേടിച്ചിരുന്ന കുഞ്ഞ് ആശ്വാസത്തോടെ അയാളെ കെട്ടിപ്പിടിച്ചു.

” ഇന്ന് എന്റെ വീട്ടിൽ പോകാം രാവിലെ എന്ത് വേണമെന്ന് തീരുമാനിക്കാം “. അവൾ മടിച്ചു.
“പേടിയ്ക്കണ്ട ഞാൻ പിടിച്ചു
വിഴുങ്ങാനൊന്നും പോണില്ല. എന്തായാലും ചാവാൻ ഇറങ്ങി തിരിച്ചതല്ലെ. വരൂ “..
അയാൾ കുഞ്ഞിനെയും കൊണ്ട് മുൻപേ നടന്നപ്പോൾ എതിർക്കാൻ നില്ക്കാതെ അവളും അനുഗമിച്ചു. അയാൾ കുഞ്ഞിനെ സീറ്റിൽ ഇരുത്തി അവളോടും കയറാൻ പറഞ്ഞു.

അവൾക്ക് വിനോദിനെ കണ്ടും ചിരിച്ചും ഒന്നോ രണ്ടോ വാക്ക് സംസാരിച്ചും പരിചയമുണ്ടെന്നല്ലാതെ കൂടുതൽ അടുപ്പമൊന്നുമില്ല. വിനോ ദിന്റെ അമ്മ അവളുടെ ഹൈസ്ക്കൂളിലെ ടീച്ചറായിരുന്നു. ടീച്ചറമ്മയെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അവളുടെ വീട്ടിൽ നിന്ന് നടന്ന് വിനോദിന്റെ വീടും കഴിഞ്ഞാണ് പഠിക്കാൻ പോകാനും മറ്റും ബസ് സ്റ്റോപ്പിൽ എത്തുന്നത് .ടീച്ചറമ്മക് അവളെ കാര്യമായിരുന്നു..

ടീച്ചറമ്മക്ക് ക്യാൻസർ പിടിപ്പെട്ടെന്നും മറ്റു മക്കൾ
രണ്ടു പേരും ജോലിയും കാര്യങ്ങളുമായി തിരക്കിലായപ്പോൾ നല്ല ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ച് അമ്മയെ നോക്കിയത് വിനോദ് ആണെന്നും വിവാഹം പോലും കഴിക്കാതെ വർഷങ്ങളോളം അമ്മയെ പൊന്നു പോലെ കൊണ്ട് നടന്നെന്നും അമ്മയുടെ മരണ ശേഷം ഒറ്റയ്ക്കായ വിനോദ് കൃഷിയും കാര്യങ്ങളും ടൗണിൽ ബിസിനസുമായി തറവാട്ട് വീട്ടിൽ ആണ് താമസമെന്നും പറഞ്ഞും കേട്ട് അവൾക്കറിയാം വിനോദിന്റെ ആ വിശാലമായ തറവാട് വീട്ടിലേക്ക് വണ്ടി നിന്നു.

ഇറങ്ങ് അയാൾ അവളോട് പറഞ്ഞു. അവളുടെ കൈയ്യിലിരുന്ന് ഉറക്കം പിടിച്ച കുഞ്ഞിനെ എടുത്തു അവൾ മെല്ലെ ഇറങ്ങി.

വരൂ അവൾ അകത്തളത്തിലേക്ക് കടന്നതും കണ്ടു മാലയിട്ട് ചിരിയോടെ ഇരിക്കുന്ന ടീച്ചറമ്മ . തൊട്ടുത്ത് വിനോദിന്റെ
അച്ഛന്റെ ഫോട്ടോയും . അവൾ അങ്ങോട്ട് നോക്കി നില്ക്കുന്നത് കണ്ട് വിനോദ് പറഞ്ഞു. അച്ഛൻ കുഞ്ഞിലേ പോയി.

അമ്മ ഈ അടുത്തും .ചേച്ചിയും ചേട്ടനും അവരുടെ കുടുംബവും തിരക്കുകളുമായി കഴിയുന്നു. ഈ വീടും ഞാനും കുറേ ഓർമകളുമായി അങ്ങ് പോകുന്നു. ഒന്നു നെടുവീർപ്പിട്ടു അയാൾ പറഞ്ഞു
” കുഞ്ഞിനെയും കൊണ്ട് അകത്ത് പോയി കിടന്നോളൂ. നേരം പാതിരാത്രിയായില്ലേ “.

അവൾ ഒന്നു മടിച്ചു വിനോദിനെ നോക്കി നിന്നെങ്കിലും വിനോദ് വീണ്ടും നിർബന്ധിച്ചപ്പോൾ എവിടെയെങ്കിലും ഒന്നു കിടക്കാൻ തോന്നിയതിനാൽ നന്ദുവിനെയും എടുത്ത് വിനോദ് കാട്ടി കൊടുത്ത മുറിയിൽ കയറി കതകടച്ചു. കിടക്കയിലേക്കിരുന്ന അവളുടെ ചിന്തകൾ തന്റെ നശിച്ച ജീവിതത്തിൽ ചെന്നു നിന്നു . എന്തൊക്കെയാണ് ഇന്ന്

ഒരു ദിവസം കൊണ്ട് സംഭവിച്ചത്. നന്ദുമോനെ കാണും തോറും അവളുടെ ഹൃദയം വിങ്ങി. ഒറ്റക്കായെന്ന തോന്നലിൽ ഒരു നിമിഷം കൊണ്ട് തോന്നിയ അവിവേകം. തന്റെ കുഞ്ഞിന്റെ ജീവനും ഇപ്പോൾ …. അപ്പോഴാണ് വാതിലിൽ
മുട്ട് കേട്ടത് വാതിൽ തുറന്ന അവൾക്കു
മുന്നിൽ വിനോദ് ചിരിയോടെ നിന്നു .

“രാത്രി ഞാൻ പുറത്ത് നിന്നാ കഴിച്ചത്. ഇവിടെ കഴിക്കാനൊന്നുമില്ല. പഴവും ബിസ്ക്കറ്റുമുണ്ട് കുഞ്ഞിന് രാത്രിയിൽ വിശന്നാൽ കൊടുക്കാലോ ഇതാ .

നീയെന്തെങ്കിലും കഴിച്ചോ ഇപ്പോൾ ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് രാവിലെ
നമ്മൾക്ക് എല്ലാം ശരിയാക്കാം ”
മുറികളൊന്നും അങ്ങനെ ഉപയോഗിക്കാറില്ല പറഞ്ഞു കൊണ്ട് വിനോദ് കിടക്ക വിരി നേരയാക്കാനും മറ്റും അകത്ത് കയറി .

അയാൾ
ഉത്തരവാദിത്വത്തോടെ വേറൊന്നും ചോദിക്കാതെ അതൊക്കെ ചെയ്തപ്പോൾ നിത്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിനോദിന്റെ മുഖം വാടി.
“ഇപ്പോൾ ഒന്നും ചോദിക്കെണ്ടന്നാ വിചാരിച്ചെ രാവിലെയാകട്ടെ എന്ന് കരുതി ആ ത്മഹത്യ ചെയ്യാൻ മാത്രം എന്താ നിന്റെ പ്രശ്നം.

അറിഞ്ഞിരുന്നു ഭർത്താവ് മരിച്ചതൊക്കെ .പിന്നെ എന്താ ഉണ്ടായേ സാമ്പത്തികമാണോ പ്രശ്നം നീ ഡിഗ്രി കഴിഞ്ഞതല്ലേ അമ്മ പറയുമായിരുന്നു നന്നായി പഠിക്കുമായിരുന്നെന്ന്. ജോലിക്ക് ശ്രമിച്ചാൽ പോരെ എന്തെല്ലാം ജോലികൾ ചെയ്യാം :ഇന്നത്തെ കാലത്ത് “. വിനോദ് ആകാംഷയോടെ അവളെ നോക്കി. നിത്യ ഒരു തേങ്ങലോടെ അയാളോട് തന്റെ കഥ പറഞ്ഞു

എന്റെ ഭർത്താവ് ഗോപൻ മരിയ്ക്കുമ്പോൾ ഞാൻ മൂന്ന് മാസം ഗർഭിണിയായിരുന്നു. ആ മരണം വേദനയെക്കാൾ ഏറെ ഒരു തരം മരവിപ്പ് ആണുണ്ടാക്കിയത്.

വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങളെ ആയുള്ളൂ ഭർത്താവിന് വിദേശത്തായിരുന്നു ജോലി. വീട്ടുകാർ ആലോചിച്ച് പെട്ടന്ന് നടത്തിയ വിവാഹം. കൂടുതൽ അടുക്കാനോ പറയാനോ ഒന്നും പറ്റിയില്ല മൂന്ന് മാസത്തെ ലീവ് കഴിഞ്ഞ് ആള് പോയി. അതിനു ശേഷമാണ്
അറിയുന്നത് ഞാൻ ഒരു മാസം ഗർഭിണിയാണെന്ന്.

ദിവസവും വിളിക്കും പാവമാണോന്ന് ചോദിച്ചാൽ വീട്ടുകാരും ഞാനും എല്ലാവരും വേണം . അമ്മയും അച്ഛനും പറയുന്നതിന് അപ്പുറമില്ല. ഒരു ചേച്ചിയുണ്ട് അവളെയും കാര്യമാണ്. ഗോപേട്ടൻ കാണാൻ വന്ന് സ്വന്തം നിർബന്ധത്തിൽ കഴിച്ച
വിവാഹമായതിനാൽ വീട്ടുകാർക്ക് അന്നേ ചെറിയൊരു മുറുമുറുപ്പുണ്ട്.

എപ്പോഴും കുറ്റങ്ങൾ പറയാൻ മിടുക്കുള്ളവരായിരുന്നു വീട്ടുകാർ. ഗോപേട്ടനോട് വല്ല പരാതിയും പറഞ്ഞാൽ നീ ഒന്നു അഡ്ജസ്റ്റ് ചെയ്യണം അവര് മുതിർന്നവരല്ലേന്ന് പറയും. പിന്നെ പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല. അങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ആക്സിഡന്റിൽ ഗോപേട്ടൻ മരിക്കുന്നത്.

അവിടത്തെ ഫോർമാലിറ്റീസൊക്കെ
കഴിഞ്ഞ് ബോഡി വിട്ടു കിട്ടാൻ കുറച്ചു ദിവസമെടുത്തു. കരയാൻ തോന്നിയില്ല. ഇനി എന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ. അച്ഛൻ കുട്ടിക്കാലത്തേ മരിച്ചു. പറയത്തക്ക സാമ്പത്തികമൊന്നുമില്ല. അമ്മയാണ് പിന്നെ കഷ്ട്ടപ്പെട്ട് വളർത്തിയത്. അമ്മയുടെ സഹോദരനും

സഹായിച്ചു.ഇപ്പോൾ അമ്മയ്ക്ക് തീരെ വയ്യാണ്ടായി കിടപ്പിലാണ്. ചേച്ചിയും ഭർത്താവും ആണ് ഇപ്പോൾ കുടുംബ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. ചേച്ചിയുടെ ഭർത്താവ് അത്ര നല്ല സ്വഭാവമല്ല. പലപ്പോഴും തന്നോട് മോശം രീതിയിൽ വന്നിട്ടുണ്ട്.

അമ്മയോട് അതേ കുറിച്ച് പറഞ്ഞപ്പോൾ ഒന്നും ചേച്ചിയെ അറിയിക്കരുത് അവൾക്കത് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക റിയാം ചേച്ചി ഭർത്താവിനെ അത്രമാത്രം സ്നേഹിക്കുന്നു .അവർക്ക്
മക്കളുമില്ല. അത് കൊണ്ടാണ് സ്ത്രീധനം പോലും വേണ്ടെന്ന് പറഞ്ഞ ഗോപേട്ടനുമായുളള വിവാഹം അമ്മാവൻ കൊണ്ട് വന്നപ്പോൾ അമ്മ പെട്ടന്ന് നടത്തിയത്.

എനിക്കും വേറെ വഴിയില്ലായിരുന്നു. അവസാനം ഗോപേട്ടൻ എന്നെ വിട്ടു പോകുകയും ചെയ്തു. ബോഡിക്കരുകിൽ കരയാൻ മറന്ന് ഞാനിരുന്നു
മരണ ശേഷം രണ്ട് മാസത്തോളം ഞാൻ ആ വീട്ടിൽ പിടിച്ചു നിന്നു. ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും പ്രാകാനും മാത്രമേ അവിടെയുള്ളവർക്ക് സമയം ഉണ്ടായിരുന്നുള്ളു.

മകൻ മരിച്ചിട്ട് ഞാൻ അവിടെ ബാദ്ധ്യതയാകുമെന്ന പേടി അവർക്കുണ്ടായിരുന്നു എല്ലാവരും എന്നോട് വീട്ടിൽ പോകാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.എന്നിട്ടും വീട്ടിലെ സാഹചര്യം ഓർത്തു പിടിച്ച് നിന്നു. ഒടുവിൽ ഗോപേട്ടന്റെ വീട്ടുകാർ തന്നെ എന്റെ അമ്മാവനെ വിളിച്ച് വരുത്തി.

എന്നെ കൂടി അവർക്ക് നോക്കാൻ പറ്റത്തിലെന്നും കൂട്ടി കൊണ്ട് പോകണമെന്നും പറഞ്ഞു.എന്നിട്ട് അമ്മാവന്റെ കൈയ്യിൽ കുറച്ച് കാശ് ഏല്പിച്ചു. ഗോപന്റേതെന്ന് പറയാൻ ഇതേ യുള്ളു എന്ന് പറഞ്ഞു. പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയില്ല അവിടുന്ന്
ഇറങ്ങുമ്പോൾ .

കാരണം അവിടെ ആർക്കും വലിയ മമതയൊന്നും എന്നോട് ഇല്ലായിരുന്നല്ലോ. പക്ഷെ ഇനിയെന്ത് എങ്ങോട്ട് എന്ന ചിന്തയിൽ ഞാൻ ആശങ്കപ്പെട്ടു
അമ്മയുടെ അടുത്തേക്കാണ് പോയത്. എന്നെ കണ്ടതും തീരെ അവശയായി എഴുന്നേൽക്കാൻ പോലും പറ്റാതെ കിടന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ചേച്ചിയുടെ ഭർത്താവിന്റെ കുത്തു വാക്കുകളും മുനവെച്ചുള്ള സംസാരവും വല്ലാത്ത രീതിയിലുള്ള നോട്ടവും
എനിക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. എങ്ങനെയൊക്കെയോ പിടിച്ചു നിന്നു . കഷ്ടപ്പാടുകൾക്കൊടുവിൽ ഞാൻ മോന് ജന്മം നല്കി. മക്കളില്ലാത്ത ചേച്ചി മോനെ നല്ല രീതിയിൽ കൊണ്ടു നടന്നു.

പിന്നെയും ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. ചേട്ടന്റെ അർത്ഥം
വെച്ചുള്ള നോട്ടവും സംസാരവും ദിവസം പ്രതി കൂടി കൂടി വന്നു. ജോലിയ്ക്കോ മറ്റോ പോകാമെന്ന് വിചാരിച്ചാൽ ചേച്ചി കുഞ്ഞിനെ നോക്കുമെങ്കിലും ചേച്ചിയുടെ ഭർത്താവിന് അത് ഇഷ്ടമല്ല. ഗോപേട്ടന്റ വീട്ടുകാർ തന്ന പൈസയുടെ പലിശ കൊണ്ടാണ് ഞാൻ എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ നടത്തുന്നത്.

ഒരിക്കൽ ചേച്ചിയുടെ ഭർത്താവ് എന്നെ തടഞ്ഞു നിർത്തി പറഞ്ഞു
“ഒന്നു പെറ്റപ്പോൾ നീ കുറച്ചു കൂടി സുന്ദരിയായല്ലോ ”
വഴി മാറാൻ പറഞ്ഞ് കൈ തട്ടി മാറ്റാൻ ശ്രമിച്ച എന്നോട് അയാൾ പരിഹാസ ചിരിയോടെ പറഞ്ഞു

” എന്റെ ചെലവിൽ തിന്നു കൊഴുത്തിട്ട് എന്നെ തട്ടിമാറ്റുന്നോ “.
പല്ല് കടിച്ച് പിടിച്ചു കൊണ്ട് ഞാൻ തിരിച്ച് പറഞ്ഞു.
“ഞാൻ എന്റെ പൈസ കൊണ്ടാണ്
എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ നോക്കുന്നത് അല്ലാതെ നിങ്ങളുടെ ചില വിലല്ല “.

നീ എന്നോട് തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചു കൊണ്ട് എന്റെ കൈയ്യ്
പിടിച്ചു തിരിച്ചു തിരിഞ്ഞപ്പോൾ ചേച്ചി പുറകിൽ നില്ക്കുന്നു. ചേച്ചിയുടെ മുഖം വലിഞ്ഞ് മുറുകി . സംശയത്തിൽ എന്തോ പറയാനാഞ്ഞ ചേച്ചിയെ പറയാൻ സമ്മതിക്കാതെ അയാൾ പറഞ്ഞു

” ഞാൻ എന്ത് ചെയ്യാനാ ഇവൾ തട്ടാനും മുട്ടാനും വന്നാൽ എനിക്കവൾ സ്വന്തം അനിയത്തി തന്നെയാ നീ തന്നെ പറഞ്ഞ് മനസിലാക്കി കൊടുക്ക് “.
ചേച്ചിക്ക് എന്നെ നല്ല വിശ്വാസമാണ് അതിനാൽ ചേച്ചി പറഞ്ഞു

“എനിയ്ക്കവളെ നന്നായി അറിയാം മേലിൽ ഇത്തരത്തിൽ എന്റെ
അനിയത്തിയോട് പെരുമാറിയാൽ ഞാൻ നാട്ടുകാരെ മുഴുവൻ അറിയിക്കും പോലീസിൽ പരാതിയും കൊടുക്കും “. ചേച്ചിയുടെ മുഖത്തെ ഭാവം അയാളെ ഒന്നു ഭയപ്പെടുത്തി അയാൾ തിരിച്ചൊന്നും പറയാതെ തത്ക്കാലത്തേക്ക് ഇറങ്ങി പോയി.

മോനു 4 വയസാകുന്നതുവരെ ഞാൻ പിടിച്ചു നിന്നു. അതിനിടയിൽ വീണ്ടും അയാൾ പല തവണ എന്നോട് പല അടവുകളും കാട്ടി അടുക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി നടന്നു. മനപൂർവ്വം ദേഹത്ത് തൊടാനും മറ്റും ശ്രമിക്കും. ഞാൻ മുന്നിൽ ചെന്ന് പെടാതിരിക്കാൻ നോക്കും. അതിനിടയിൽ ചേച്ചി ഗർഭിണിയായി. താമസിച്ചുണ്ടായ വിശേഷം ആയതിനാൽ നന്നായി റസ്റ്റ് എടുക്കണമെന്ന് പറഞ്ഞിരുന്നു.

ഒരു ദിവസം ചേച്ചിയുടെ ഭർത്താവ്
ജോലിയ്ക്കും ചേച്ചി ചെക്കപ്പിന് അമ്മായിയെയും കൂട്ടി ഹോസ്പിറ്റലിലും പോയിരുന്നു. എനിക്ക് കൂടെ പോകാൻ പറ്റിയില്ല. കുഞ്ഞിനെ കൂടി കൊണ്ട് പോകണം .വീട്ടിലെ ജോലി. വയ്യാതെ കിടക്കുന്ന അമ്മ എല്ലാം കൊണ്ടും ഞാൻ പോയില്ല . അതിനാലാണ് അമ്മായിയെ കൂട്ടി പോയത്.

ആ സമയത്ത് ചേച്ചിയുടെ ഭർത്താവ് വരുകയും അടുക്കളയിൽ ജോലിയിൽ മുഴുകി നിന്ന എന്നെ കടന്ന് പിടിയ്ക്കുകയും ചെയ്തു. ഞാൻ കുതറി ഓടി മുറ്റത്തേക്ക് എത്തിയതും ചേച്ചിയും അമ്മായിയും മുന്നിൽ നില്ക്കുന്നു.

അയാൾ അപരാധിയെ പോലെ തലതാഴ്ത്തി നിന്നു. ചേച്ചി നിയന്ത്രണം വിട്ട് എന്നോട് അലറി
” എന്നെ ജീവിയ്ക്കാൻ അനുവദിക്കണം എന്റെ കുഞ്ഞിന് അതിന്റെ അച്ഛൻ വേണം “.
ചേച്ചിയുടെ അപ്രതീക്ഷിതമായ
സംസാരം എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ ചേച്ചിയെ നോക്കി നിന്നു.

ചേച്ചി പിന്നെയും പറഞ്ഞു കൊണ്ടിരുന്നു
” നീ വന്നതിനു ശേഷം ഒരു രാത്രി പോലും
ഞാൻ മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ല. എന്റെ സ്വസ്ഥത നശിപ്പിക്കരുത്. ഇത്രയും നാളും എനിയ്ക്ക് ഒന്നും നോക്കാനില്ലായിരുന്നു ഇപ്പോൾ ആറ്റു നോറ്റു ഒരു കുഞ്ഞിനെ ദൈവം തന്നു എനിയ്ക്ക് ജീവിക്കണം എന്റെ ഭർത്താവും കഞ്ഞുമായി. ശാപം കിട്ടിയ നിന്റെ ജന്മം എന്റെ ജീവിതവും മുടിക്കുമോ ” .

ചേച്ചിയിൽ നിന്ന് കേട്ടത് വിശ്വസിക്കാനാവാതെ ഏറെ നേരം ഞാൻ നിന്നു .
തെറ്റു ചെയ്ത ഭർത്താവിനെയല്ല ഒന്നും ചെയ്യാത്ത എന്നെയാണ് ചേച്ചി കുറ്റപ്പെടുത്തിയത് എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ എന്ത് തെറ്റ് ചെയ്തുവെന്ന് മനസിലാകാതെ കുറച്ചു നേരം സ്തബ്ധയായി നിന്ന ശേഷം എന്റെ മുറിയിലേക്ക് പോയി.

അമ്മായി കുറച്ച് കഴിഞ്ഞ് എന്റെ അടുത്തേക്ക് വന്നു.

“മോള് മറ്റെങ്ങോട്ടെങ്കിലും മാറണം നിന്റെ ജീവിതമോ ഇങ്ങനെയായി അവളെങ്കിലും കുടുംബമായി സ്വസ്ഥമായി ജീവിയ്ക്കട്ടെ”.

” ഞാൻ എന്ത് ചെയ്തിട്ടാ ”
അറിയാതെ അമ്മായിയോട് ചോദിച്ചു.

“നീ ഒന്നും ചെയ്തില്ലെന്ന് എല്ലാവർക്കും അറിയാം പക്ഷെ നിന്റെ ചേച്ചിയെ കുറിച്ച് ചിന്തിക്ക് പുറം ലോകം അവളുടെ ഭർത്താവ് മോശമാണെന്ന് പറഞ്ഞാൽ അവളുടെ അവസ്ഥ എന്താകും.

അവൾക്ക് ഭർത്താവ് വേണം. ഉപക്ഷിച്ച് പോയാൽ അവൾക്കും കുഞ്ഞിനും ആരാ ഉള്ളത്. അവള് പാവം ഒത്തിരി ആശിച്ചു കിട്ടിയ കുഞ്ഞുമായി ജീവിയ്ക്കട്ടെ .

ചിലർക്ക് ഈശ്വരൻ വിധിച്ചേക്കുന്നത് ഇങ്ങനെയാ മോളെ ശാപം പോലെ സ്വന്തം ജീവിതവും നശിച്ചു ബാക്കിയുള്ളവരുടെ ജീവിതവും തീരും. കുറച്ച് ദിവസം നിന്നെ വീട്ടിൽ കൊണ്ടു നിർത്താന്ന് വെച്ചാൽ അവിടത്തെ സൗകര്യങ്ങൾ നിനക്കറിയാല്ലോ മോളും മരുമോനും വന്നിട്ടുണ്ട് ” … അമ്മായി സഹതാപത്തോടെ പറഞ്ഞു.

” ഇനി നീ തന്നെ തീരുമാനിക്കു ” എന്ന് കൂടി കൂട്ടിച്ചേർത്ത് എഴുന്നേറ്റ് പോയി.

” രാത്രി വരെ അവൾ അതേ കിടപ്പു കിടന്നു. ശാപമാണ് താൻ . ഒറ്റയ്ക്ക് എങ്ങനെ ജീവിയ്ക്കും എന്ന ചിന്തകൾ
എന്നെ വല്ലാതെ വരിഞ്ഞു മുറുക്കി .
ചേച്ചി പിന്നെ ഒന്നും മിണ്ടാൻ വന്നില്ല. ഞാൻ അമ്മയുടെ അടുത്ത് ചെന്നപ്പോൾ അമ്മ വിറയാർന്ന കൈകളാൽ എന്നെ പിടിച്ചു .

ഞാൻ ഏറെ നേരം അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവ്യക്തമായ ഭാഷയിൽ അമ്മ എന്നോട് എന്റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.ഒടുവിൽ രണ്ടും കല്പിച്ച് മോനെയും എടുത്തു ഞാൻ ഇറങ്ങി. മനസ് മുഴുവൻ എന്തിന് ഇങ്ങനെയൊരു ജീവിതം എന്ന തോന്നലായിരുന്നു.

കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. അമ്മ കഷ്ടപ്പെട്ട് വളർത്തി. പഠിക്കാനും ജോലി വാങ്ങാനും ആഗ്രഹിച്ചു. ചേച്ചിയും ഞാനും എപ്പോഴും താങ്ങും തണലും ആയിരുന്നവർ ആണ്. അമ്മയ്ക്കു സുഖമില്ലാതായി. കല്യാണം കഴിച്ച് പോയിട്ട് ഭർത്താവും മരിച്ചു .അവിടെ ഉള്ളവർക്കും വേണ്ട .

ആകെയുള്ള ചേച്ചി
ഒടുവിൽ സ്വാർതഥയായി എന്നെ ഒറ്റപ്പെടുത്തി. ഇങ്ങനെ ആലോചിച്ച എന്നെ മണിൽ മരണം മാത്രമായിരുന്നു ഏക വഴി. മോനെ കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല. ഒരു വീട് പോലുമില്ല. ജോലിയില്ല. പൊരുതി മുന്നോട്ട് പോകുന്നതിനേക്കാൾ എളുപ്പം മരണമാന്നെന്ന് തോന്നി. ഒരു നിമിഷത്തെ തോന്നൽ ….അവൾ മുഖം പൊത്തി ഏറെ നേരം കരഞ്ഞു.

ആരെങ്കിലും കരയുന്നത് കണ്ടാൽ അപ്പോൾ മിഴികൾ കലങ്ങുന്ന വിനോദ് പറഞ്ഞു. വിഷമിക്കേണ്ട .

“നമ്മൾക്ക് എന്തെങ്കിലും ചെയ്യാം. നീ ഇവിടെ സുരക്ഷിതയായിരിക്കും. ഇപ്പോൾ ഒന്നും ആലോചിക്കാതെ ഉറങ്ങാൻ നോക്കു ” .
അവൾ മനസിലെ വീർപ്പുമുട്ടൽ ഇറക്കി വെച്ചതു പോലെ ദീർഘ നിശ്വാസം ഉതിർത്തു.

രാവിലെ ചായയുമായി വിനോദ് വന്നു വാതിലിൽ മുട്ടി വിളിച്ചു. അവൾക്ക് വല്ലായ്മ തോന്നി
“ഞാൻ ചായ ഇടുമായിരുന്നല്ലോ തനിച്ച് ” …. അവൾ പറയാൻ വന്നത് മുഴുവിപ്പിക്കാതെ നിർത്തി.

“ഇതൊക്കെ എന്റെ ശീലങ്ങളാണ്. മോന് പാലിരിപ്പുണ്ട്. രാവിലെ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ ”
അവളുടെ മറുപടി പോലും കേൾക്കാതെ അയാൾ പോയി.

അവൾ ഒന്നു ഫ്രഷായി അടുക്കളയിലേക്ക് കടന്നു. അടുക്കും ചിട്ടയുമായി ഓരോ കാര്യങ്ങൾ ചെയ്യുന്ന അയാൾ അവൾക്കാരു അത്ഭുതമായിരുന്നു.
“ഞാനുണ്ടാക്കാം പൊയ്ക്കോളൂ ” അവൾ പറഞ്ഞപ്പോൾ

” കൂടി വേണേൽ കൂടിയ്ക്കോ അമ്മ ജോലിക്കു പോകുമ്പോഴേ ഉള്ള ശീലങ്ങളാണ് അമ്മയെ സഹായിക്കാൻ
കൂടെ കൂടും.

പിന്നെ സുഖമില്ലാതായപ്പോൾ ഞാൻ തന്നെയാ എല്ലാം നോക്കിയത്. പുറം പണിക് ഒരു സ്ത്രീ വരും ”
അയാൾ പറഞ്ഞ് കൊണ്ട് ജോലിയിൽ മുഴുകി അവളും കൂടെ കൂടി. അവൾ അയാളെ കാണുകയായിരുന്നു. എല്ലാ കാര്യങ്ങളിലും എന്ത് ഉത്തരവാദിത്തമാണ്. കരുതലോടെ എല്ലാം നോക്കി ചെയ്യുന്ന മനുഷ്യൻ.

വീട്ടിലെ കാര്യങ്ങൾ , കൃഷി , ബിസിനസ്സ് അങ്ങനെ പോകുന്നു ദിനചര്യകൾ. എല്ലാവരോടും സ്നേഹമാണ്. ജോലിക്കാർക്ക് തിരിച്ചയാളോടും അതേ ബഹുമാനവും സ്നേഹവുമാണ്.തന്റെ മകനെ വാത്സല്യത്തോടെ കൊണ്ട് നടക്കുന്നു. കുഞ്ഞ് എത്ര പെട്ടന്നാണ് അയാളുമായി അടുത്തത്.

കുഞ്ഞിന് കണ്ടറിഞ്ഞ് എല്ലാം കൊടുക്കുന്നു. നിത്യയുടെയും ഓരോ കാര്യങ്ങളും അയാൾ ശ്രദ്ധയോടെ ചോദിച്ച്
മനസിലാക്കി കൂടെ നില്ക്കുന്നു.
സുരഷിതത്വത്തോടെ ഒരാഴ്ച അവൾ ഉറങ്ങി. പറമ്പിലും പാടത്തും അനിലിന്റെ ബിസിനസ് സ്ഥാപനത്തിലുമൊക്കെയായി നന്ദു കളിച്ച് നടന്നു.

ഒരു ദിവസം നിത്യയുടെ അമ്മാവനും നാട്ടുകാരിൽ ചിലരും തിരക്കി വന്നു. വന്നയുടൻ അമ്മാവൻ ചൂടായി
“ഒരു അന്യ പുരുഷന്റെ കൂടെ ജീവിയ്ക്കുന്നു നാണമില്ലെ നിനക്ക് ഇറങ്ങി വാ പോകാം “.

വരാൻ മടിച്ചു നിന്നയവളെ അമ്മാവൻ കൈയ്യിൽ പിടിച്ചു അവൾ കൈയ്യ് വെട്ടിച്ചു.
“ഞാൻ വരില്ല. ഇത്രയും കാലം അമ്മാവനും നാട്ടുകാരും എവിടെയായിരുന്നു. ഇവിടെ ഞാൻ സുരക്ഷിതയാണ്. എന്തെങ്കിലും ജോലി
ചെയ്ത് മോനെയും കൊണ്ട് ഞാൻ മറ്റൊരു വീട്ടിലേയ്ക്ക് മാറും. ഇനി എന്തായാലും ആ വീട്ടിലേക്ക് ഇല്ല “.

” നാണക്കേടാ നീ ഉണ്ടാക്കിയിരിക്കുന്നതെന്നറിയാമോ നീ ഇവന്റെ കൂടെ രാത്രി ഇറങ്ങി വന്നുവെന്നാ നാട്ടിൽ മുഴുവൻ പാട്ട് . വെറുതെ മാനക്കേട് ഉണ്ടാക്കാതെ വരാൻ നോക്കു ”

അമ്മാവൻ അത്യധികം ദേഷ്യത്തോടെ പറഞ്ഞു
വിനോദ് ഇടപ്പെട്ടു
“അവൾ വരുന്നില്ലെന്ന് പറഞ്ഞില്ലെ . വരാത്തയടുത്തോളം കാലം അവളെ ഇവിടുന്ന് കൊണ്ട് പോകാൻ പറ്റില്ല “.

“അത് നീയാണോ തീരുമാനിക്കുന്നത് നിന്നോട് വരാൻ ആണ് പറഞ്ഞത് ” അമ്മാവൻ ഉച്ചത്തിൽ അലറി “.

“ഞാൻ വരില്ല ഒരോ നിമവും പേടിച്ചാണ് ഞാനവിടെ തള്ളി നീക്കിയത് ഇവിടെ ഞാൻ സുരക്ഷിതയാണ് എങ്ങോട്ടും ഞാനില്ല “.

വീണ്ടും അമ്മാവൻ പറയാൻ വന്ന വാക്കുകളെ തടഞ്ഞ് കൊണ്ട് വിനോദ് പറഞ്ഞു

“അവൾ മരിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് നാണക്കേടില്ലേ. ജീവിച്ചിരിക്കുന്നതാണോ പ്രശ്നം. ഇത്രയും കാലം സ്വന്തം മാനഭയത്താൽ അവൾ ആ വീട്ടിൽ ജീവിച്ചപ്പോൾ നിങ്ങൾക് കൊണ്ട് പോയി നിർത്താനോ ജോലി വാങ്ങി കൊടുക്കാനോ തോന്നിയോ ഇപ്പോൾ അവൾ വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ കൊണ്ടു പോകാൻ നിങ്ങൾക്ക് അവകാശവും ഇല്ല “.

അമ്മാവൻ വാക്കുകൾ നഷ്ടപ്പെട്ട് നിന്നു അവൾ അകത്ത് കയറി പോയി.
അമ്മാവനും കൂട്ടരും വന്നത് പോലെ മടങ്ങി പോയി.

കുറച്ച് കഴിഞ്ഞ് വിനോദ് വന്നു നോക്കിയപ്പോൾ അവൾ ആലോചനയിലായിരുന്നു. അയാളെ കണ്ട് അവൾ പറഞ്ഞു.
“എനിക്ക് എവിടേലും ഒരു ജോലിയും വാടകവീടും ഏർപ്പെടുത്തി തരുമോ ഞാൻ കാരണം എന്തിനാണ് ചേട്ടനും കൂടി പേരുദോഷം കേൾക്കുന്നെ “.

“നീ അതൊന്നും ആലോചിയ്ക്കണ്ട നാട്ടുകാരോട് പോകാൻ പറ .നിനക്ക് എത്ര കാലം വേണമെങ്കിലും ഇവിടെ തുടരാം . ജീവിതം കാലം മുഴുവൻ വേണമെങ്കിലും നിനക്ക് ഇവിടെ കൂടാം”.

അവന്റെ മനസിൽ അവളോട് പറഞ്ഞറിയാക്കാൻ പറ്റാത്ത ഇഷ്ടം തോന്നി തുടങ്ങിയിക്കുന്നു. അതവൻ പറയാതെപറഞ്ഞു . അവള് ചിന്തയിൽ
മുഴുകി നിന്നതല്ലാതെ മറുപടി പറഞ്ഞില്ല.
പിന്നെയും ദിവസങ്ങൾ കടന്ന് പൊയ്ക്കൊന്നിരുന്നു.

നാട്ടുകാർ മുഴുവൻ അപവാദം അവളെയും അവനെയും ചേർത്ത് പറഞ്ഞുണ്ടാക്കി. നിത്യയ്ക്ക് അതിൽ ചെറിയ വിഷമം തോന്നി. ഞാൻ കാരണം അയാൾക്ക് അപവാദം കേൾക്കുന്നല്ലോ എന്ന കുറ്റബോധം . എന്നാൽ വിനോദ് അതൊന്നും കാര്യമാക്കിയില്ല. അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു കുഞ്ഞും അവളും .

ഒരിക്കൽ ക്ഷേത്രത്തിൽ പുറം പണിക്കു വരുന്ന സ്ത്രീയും നിത്യയും ക്ഷേത്രത്തിൽ പോയി വരുമ്പോൾ ആ നാട്ടിലെ രണ്ട് ചെറുപ്പക്കാർ കമന്റ് അടിച്ചു . വിനോദിനെ മാത്രമേ പരിഗണിക്കുളേളാ . നമ്മളും ഈ നാട്ടുകാരാണേ അതിൽ ഒരുത്തൻ പറഞ്ഞു. അവൻ കുറച്ചു നാൾ കഴിഞ്ഞ് മടുക്കുമ്പോൾ നമ്മുടെ കൈയ്യിൽ തന്നെ വരുമെന്ന് മറ്റേ ചെറുപ്പക്കാരൻ പറഞ്ഞു രണ്ടു പേരും കൂടി ചിരിച്ചു.

കൂടെ വരുന്ന സ്ത്രീ മറുപടി പറയാൻ ഒരുങ്ങിയപ്പോൾ നിത്യ തടഞ്ഞു. നാട്ടുകാരുടെ മുഴുവൻ വായ് മൂടിക്കെട്ടാൻ പറ്റില്ലല്ലോ. പരസ്യമായി പറഞ്ഞത് കൊണ്ട് കേട്ടു. എല്ലാവരും കേൾക്കാതെ എന്തൊക്കെ പറയുന്നുണ്ടാവും. അവളുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ കാരണം വിനോദിനേൽക്കുന്ന അപമാനം ഓർത്തു.

ഒന്നും അറിയിക്കാത്തതാണ്. താൻ വിഷമിക്കാതിരിക്കാൻ .വല്ലപ്പോഴും പുറത്തിറങ്ങുന്ന തന്റെ അവസ്ഥ ഇതാണെങ്കിൽ ദിവസവും എന്തൊക്കെ കേൾക്കുന്നുണ്ടാവും. ഓർക്കും തോറും അവളുടെ മനസ് പിടഞ്ഞു. നന്ദുവിന്റെ കൂടെ കളിക്കുകയായിരുന്നു നിത്യ തിരികെ ചെന്നപ്പോൾ വിനോദ്. ഏത്

കാര്യത്തിനും മോന് വിനോദ് മതി. അത്രയും സ്നേഹവും കരുതലും നല്കുന്ന അയാൾ നിത്യയുടെ മനസിലും ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. അവളുടെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കേൾക്കാൻ ഒരാൾ. മനസിലാക്കുന്ന ഒരാൾ. ഏത് പെണ്ണും ആഗ്രഹിക്കുന്ന സ്നേഹത്തിന് ഉടമ. എങ്കിലും ഒന്നിനുമുള്ള അർഹതയില്ലെന്ന തിരിച്ചറിവിനാൽ അവൾ തന്റെ ആഗ്രഹം കുഴിച്ച് മൂടി.

ക്ഷേത്രത്തിൽ നിന്ന് വന്നയവളുടെ മുഖം തെളിച്ചമില്ലാതിരിക്കുന്നത് കണ്ട് വിനോദ് കാര്യം തിരക്കി. കൂടെ വന്ന സ്ത്രീയാണ് അതിന് മറുപടി കൊടുത്തത്. എന്നിട്ട് അവർ തന്റെ ജോലികളിലേക്ക് പോയി.

വിനോദ് നിത്യയെ ഇമ ചിമ്മാതെ നോക്കി നിന്നു.
നമ്മൾക്ക് ഒന്നിച്ചു കൂടെ എന്റെ ജീവിതത്തിലേക്ക് ഭാര്യയായി
സുഹൃത്തായി എല്ലാമായി നിനക്ക് വന്നു കൂടെ വളച്ച് കെട്ടൊന്നുമില്ലാതെ വിനോദ് ചോദിച്ചു .

നിത്യ തല താഴ്ത്തി നിന്നു
“ഞാനും ഒറ്റയ്ക്കാണ് നന്ദു മോൻ വളർന്ന് വരുന്നു. നാളെ നമ്മൾ അന്യരായി ഒരേ വീട്ടിൽ ജീവിച്ചാൽ കുഞ്ഞിനെ സമൂഹം കളിയാക്കും. എനിക്ക് നീ വരും വരെ ഒരു വിവാഹമെന്ന ചിന്തയില്ലായിരുന്നു. നിന്നെ ഞാൻ അത്രയും ഇഷ്ടപ്പെടുന്നു. നീയും മോനുമില്ലാതെ ഇനി എനിക്കറിയില്ല “.

അയാളുടെ കണ്ണുകൾ എന്തിനോ നനഞ്ഞു.
അയാൾ അവളുടെ കരം കവർന്നു
“നിനക്ക് സമ്മതമല്ലെ ?കടപ്പാടിന്റെ പേരിൽ വേണ്ട മനസ് കൊണ്ട് അംഗീകരിക്കുന്നെങ്കിൽ മാത്രം മതി
ഇല്ലെങ്കിൽ ഇത് പോലെ എത്ര വർഷം വേണേലും നിനക്കിവിടെ തുടരാം.
ആൾക്കാർ എന്തോ പറഞ്ഞോട്ടെ. നീ പറയ് ഞാൻ എന്താ വേണ്ടത് ”

അവൾ പതിയെ പറഞ്ഞു
“ഇതുപോലൊരു ജീവിതം നീട്ടുന്നതിന് ഞാനല്ലേ നന്ദി പറയേണ്ടത്. ഞാൻ കാരണം പേരുദോഷവുമായി . എന്നിട്ടും ഇറക്കി വിടാതെ എന്റെ മോനെ പോലും സ്നേഹിക്കുന്ന ആ മനസ് വലുതാണ്. മരണത്തിൽ നിന്ന് ചേട്ടൻ ആണ് എന്നെ രക്ഷിച്ചത്. ഇതെന്റെ പുനർജന്മം ആണ് .

ഇവിടെ വന്നതിനു ശേഷമാണു സമാധാനത്തോടെ ഞാൻ ജീവിച്ചത്. കാമകണ്ണുകളുമായി ചുറ്റിലും കൊത്തിക്കീറാൻ നിന്ന മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ ബഹുമാനത്തിന്റെ കണ്ണുകൾ കണ്ടത് ഇവിടെയാണ് ” .

നിത്യയുടെ കൈയ്യുകൾ ഒന്നു കൂടി അമർത്തി പിടിച്ചവൻ പറഞ്ഞു
“എന്നും കൂടെ കാണും ” .അയാൾ അവളെ മാറിലേക്ക് ചേർത്തു. അവൾ പറ്റി ചേർന്നു നിന്നു . നന്ദു ഓടി വന്ന് വിനോദിനോട് എടുക്കാൻ പറഞ്ഞു. ചിരിയോടെ വിനോദ് കുഞ്ഞിനെ എടുത്ത് ഉമ്മ വെച്ചു.

നിറഞ്ഞ സന്തോഷത്താൽ നിത്യ അവന്റെ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു.
വിവാഹം കഴിഞ്ഞ് അവൾ അമ്മയെ കാണാൻ പോയി. ചേച്ചിയുടെ ഭർത്താവ് അകത്ത് കയറാൻ സമ്മതിക്കാതെ തടഞ്ഞു. വിനോദ് അവന്റെ കോളറിൽ പിടിച്ചു പറഞ്ഞു.

” അവൾക്ക് ചോദിക്കാനും പറയാനും ആളുണ്ട് വഴി മാറി കൊടുക്ക് അവൾ അമ്മയെ കാണട്ടെ “.
വിനോദിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ പതറി അയാൾ മാറി കൊടുത്തു. അവൾ അകത്തേക്ക് കയറി പോയി.

വിനോദ് പല്ല് അമർത്തി കടിച്ചു
പറഞ്ഞു.
“അബലയായ സ്ത്രീകളെ കീഴ്പ്പെടുത്താൽ ആർക്കും കഴിയും ബഹുമാനിക്കാൻ പഠിക്കണം അതാണ് നട്ടെല്ലുള്ള ആണ് “. എന്നിട്ട് വിനോദ് പുച്ഛത്തോടെ മുറ്റത്തേക് ആഞ്ഞ് തുപ്പി. ചേച്ചിയുടെ ഭർത്താവ് തല കുനിച്ചു.

അമ്മയെ കെട്ടിപ്പിടിച്ചു നിത്യ ഏറെ നേരം കരഞ്ഞു. അമ്മ അവളെ അനുഗ്രഹിച്ചു നല്ലതേ വരൂ. ചേച്ചി പതിയെ അവളുടെ ചുമലിൽ കൈ വെച്ചു . നിത്യ ഒരു നിമിഷം നോക്കിയ ശേഷം രണ്ടു പേരും കെട്ടിപ്പുണർന്നു കരഞ്ഞു.
“ചേച്ചിക്ക് മാപ്പ് താ മോളെ എന്നോട് ക്ഷമിക്കൂ ചേച്ചി ” ചേച്ചി കരഞ്ഞു കൊണ്ടിരുന്നു.
“ഒരു നിമിഷം സ്വാർത്ഥയായി പോയി. സ്വന്തം ജീവിതം നഷ്ടപ്പെടുന്നുവെന്ന് തോന്നിയപ്പോൾ .

എനിക്ക് എത്ര
കൊള്ളരുതാത്തവനാണേലും എന്റെ ഭർത്താവിനെ ഇഷ്ടമാണ് മോളെ . ഞാൻ നിന്നോട് അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു “.
അവൾക്ക് ചേച്ചിയോട് വിരോധമൊന്നും തോന്നിയില്ല. വീണ്ടും വീണ്ടും മാപ്പ് ചോദിച്ച് കരയുന്ന ചേച്ചിയെ അവൾ ആശ്വസിപ്പിച്ചു സാരമില്ല ചേച്ചി എനിക്കറിയാല്ലോ ….

വർഷങ്ങൾ പിന്നെയും കടന്ന് പോയി.
” അമ്മാ എന്നെ കാണാൻ അച്ഛനെ പോലെയാണെന്ന് അമ്മയുടെ ഇൻസ്റ്റയിലെ ഫോട്ടോ കണ്ട് കൂട്ടുകാരന്റെ അമ്മ പറഞ്ഞെന്ന്. മൂക്കു പോലും അച്ഛനെ വാർത്ത് വെച്ചേക്കുന്നുവെന്ന് “.

മാസമുറയുടെ ചെറിയ ക്ഷീണത്തിൽ
കിടക്കുകയായിരുന്ന നിത്യയോട് ടൗണിലെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ നന്ദു അത് പറഞ്ഞ് സന്തോഷാധിക്യത്താൽ ചിരിച്ചപ്പോൾ നിത്യയും പുഞ്ചിരിച്ചു.

ചൂട് വെള്ളം നിറച്ച ബാഗുമായി വന്ന വിനോദ് അത് കേട്ട് പറഞ്ഞു
“പിന്നെ അച്ഛന്റെ മോൻ അച്ഛനെ പോലെയല്ലെ ഇരിക്കു “.
വിനോദ് നന്ദുവിന്റെ കവിളിൽ മെല്ലെ തട്ടി. നിത്യയ്ക്കരുകിൽ ഇരുന്ന് മൃദുമാവി വയറ്റിൽ ചൂട് പിടിച്ച് കൊടുത്തു.
“എന്റെ പൊന്നു ചേട്ടാ എനിയ്ക്ക് അത്രയ്ക്ക് വലിയ വേദനയൊന്നും ഇല്ലെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല “.

“ഈ അച്ഛന്റെ ഒരു
കാര്യം അമ്മ ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാ വിചാരം. ഇത്രയും വലുതായെങ്കിലും എൽ കെ ജി കുട്ടിയെ പോലെയാണ് എന്നെയും കൊണ്ട്
നടക്കുന്നത് ”
നന്ദു വിനോദിന്റെ കഴുത്തിൽ കൈയ്യ് ചുറ്റി.
“പിന്നെ വല്യ ഒരാള് ….മോൻ എനിയ്ക്കെന്നും കൊച്ചു കുഞ്ഞാണ് “.

ചൂട് പിടിച്ച് കഴിഞ്ഞ് നിത്യയോട് പറഞ്ഞു.
“നീ കിടന്നോ വെറുതെ എഴുന്നേറ്റ് ജോലി ചെയ്യാൻ നില്ക്കണ്ട ” .

അപ്പോഴേക്കും കളിച്ചു കൊണ്ട് നിന്ന ഇളയ മകൻ ആറ് വയസുകാരൻ അനന്തു ഓടി വന്നു.
“മോൻ വന്നേ സ്കൂൾ വിട്ടു വന്നതല്ലെ എന്തെങ്കിലും കഴിയ്ക്കണ്ടേ ” പറഞ്ഞയാൾ നന്ദുവിനെ വിളിച്ചപ്പോൾ നന്ദു വിനോദിന്റ കൈയ്യിൽ തൂങ്ങി ചോദിച്ചു.

“അച്ഛാ നല്ല മണമടിയ്ക്കുന്നല്ലോ കിച്ചണിൽ . ഇന്ന് എന്താ സ്പെഷ്യൽ ” ?
“എനിയ്ക്കും വിശക്കുന്നച്ഛാ വാ
കഴിക്കാം “അനന്തു ചിണുങ്ങി .
“ഡാ ഭയങ്കരാ നീ അരമണിക്കൂർ മുന്നേ കഴിച്ചതോ വിനോദ് ചിരിയോടെ ചോദിച്ചും എല്ലാവരും കൂടെ ചിരിച്ചു.
നിത്യ അവരെ തന്നെ നോക്കി കിടന്നു. എനിക്കായി ദൈവം തന്ന പുണ്യം. കേൾക്കാൻ മനസിലാക്കാൻ കഴിയുന്ന ഒരാളുണ്ടാവുക എന്ന്
പറയുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. .

മരണത്തിന്റെ പടിവാതിൽക്കൽ നിന്ന് എന്നെ കൈയ്യ് പിടിച്ച മനുഷ്യൻ ഒരിയ്ക്കും പിന്നെ ഒറ്റപ്പെട്ടിട്ടില്ല. ഒറ്റപ്പെടാൻ സമ്മതിച്ചിട്ടില്ല. എവിടെയും ചേർത്ത് പിടിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ആണെങ്കിലും അത് കേൾക്കാൻ മനസു കാണിക്കുന്ന ഞാനില്ലേ കൂടെയെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും പ്രവർത്തിയിലൂടെ പറയുന്ന അവൾക്ക് ബഹുമാനം നല്കുന്ന ഒരു പങ്കാളി അങ്ങനെയൊരാൾക്കല്ലേ സ്ത്രീയുടെ
മനസിൽ കടന്നു ചെല്ലാൻ കഴിയുന്നത്.

അതല്ലേ ഒരു സ്ത്രീയ്ക്ക് ആവശ്യം സുരക്ഷിതമായി തന്നെ പൊതിഞ്ഞു പിടിക്കുന്ന കരങ്ങൾ. എത്ര വേണേലും മുന്നോട്ട് പറക്കാൻ കൂടെ നില്ക്കുന്ന ഒരാൾ. ഏറ്റവും ഭാഗ്യവതിയായ സ്ത്രീ ഞാനാണ്. ശപിയ്ക്കപ്പെട്ട ജന്മം അല്ല എന്റേത് അവൾ സമാധാനത്തോടെ കണ്ണടച്ചു കിടന്നു ….

Leave a Reply

Your email address will not be published. Required fields are marked *