(രചന: J. K)
അനു ഇത്തവണയും വീട്ടിൽ പോണില്ലേ?? “”
അജ്മിയാണ് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്നെ വേണം എന്നറിയാതെ നിന്നു… കഴിഞ്ഞതവണ വെക്കേഷന് വാശിപിടിച്ച് പപ്പയുടെ അടുത്തേക്കാണ് പോയത് പക്ഷേ അവളെ എത്തിയപ്പോൾ തനിക്ക് തോന്നിയിരുന്നു വേണ്ടിയിരുന്നില്ല എന്ന്..
പപ്പയുടെ പുതിയ ഭാര്യയുടെ ഇടയിൽ താൻ എപ്പോഴും ഒരു അധികപ്പറ്റായിരുന്നു..
അല്ലെങ്കിലും ഒരിക്കൽ പോലും അങ്ങോട്ട് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല എപ്പോഴും വെക്കേഷൻ എന്ന് പറയുമ്പോൾ തന്നെ നാട്ടിലേക്ക് ഓടിയെത്താൻ ആയിരുന്നു കൊതി പക്ഷേ എല്ലാം മാറിമറിഞ്ഞത് എത്ര പെട്ടെന്നാണ്..
അമ്മയുടെ തറവാട് അത് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്.. അവിടെ ഉള്ളവരും.. ഒരു പെൺകുട്ടിക്ക് അവളുടെ അമ്മ ഏറെ വേണ്ട സമയത്താണ് തനിക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടത് അപ്പോൾ മുതൽ തന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മൂമ്മയാണ്..
ക്യാൻസർ എന്ന അസുഖം വന്ന് തന്റെ അമ്മ തന്നെ വിട്ടുപോകുമ്പോൾ അറിഞ്ഞിരുന്നില്ല ജീവിതത്തിന്റെ ഗതി തന്നെ മാറുകയാണ് എന്ന് അധികം വൈകാതെ തന്നെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു അതുവരെയും ഡൽഹിയിലെ ഫ്ലാറ്റിൽ തങ്ങൾക്ക് സ്വർഗ്ഗം പോലെ ഒരു ജീവിതമായിരുന്നു…
അതിനിടയിലേക്ക് മറ്റൊരാൾ കടന്നുവന്നത് തീർത്തും അസ്വരസ്യങ്ങൾ സൃഷ്ടിച്ചു അതുകൊണ്ടുതന്നെയാണ് അച്ഛൻ നാട്ടിലെ ഒരു ബോർഡിങ് സ്കൂളിൽ അഡ്മിഷൻ എടുത്ത് എന്നെ അങ്ങോട്ടേക്ക് മാറ്റിയത്..
ആദ്യമൊക്കെ അതിനോട് പൊരുത്തപ്പെടാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു അച്ഛൻ ഓരോ വെക്കേഷനിലും കൊണ്ടുപോകാൻ വരും… ഇല്ല എന്ന വാശിയോടെ പറഞ്ഞിരുന്നു..
പകരം പോയിരുന്നത് അമ്മൂമ്മയുടെ അടുത്തേക്കാണ് അമ്മയുള്ളപ്പോഴും അങ്ങോട്ട് പോകാൻ ഒരു പ്രത്യേക ഇഷ്ടമായിരുന്നു അവിടെ അമ്മയുടെ ഏട്ടനും അവരുടെ രണ്ട് ഇരട്ട കുട്ടികളും അമ്മൂമ്മയും അമ്മായിയും മാത്രമേ ഉള്ളൂ എല്ലാവർക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ..
അമ്മാവന്റെ ഇരട്ടക്കുട്ടികൾ എന്നേക്കാൾ നാലഞ്ചു വയസ്സിന് മൂത്തതാണ് ഒന്ന് ഒരാൺകുട്ടിയും ഒന്ന് പെൺകുട്ടിയും..
ദത്തേട്ടനും ദിവ്യ ചേച്ചിയും…
അമ്മൂമ്മയെ പോലെ അമ്മയെ പോലെ ഏറെ വാൽസല്യമാണ് ദിവ്യ ചേച്ചിക്ക് പക്ഷേ ദത്തെട്ടൻ അങ്ങനെയായിരുന്നില്ല ആൾക്ക് എന്നെ കണ്ണിന് നേരെ കാണുന്നത് ഇഷ്ടമല്ലായിരുന്നു ഞാനും അങ്ങോട്ട് മൈൻഡ് ചെയ്യാനേ പോയില്ല..
എല്ലാവരോടും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്ന ദത്തെട്ടൻ എന്നോട് മാത്രം ഈ അകൽച്ച കാണിക്കുമ്പോൾ എന്തോ അറിയാത്ത ഒരു നോവ് ഉള്ളിൽ ഉണർന്നിരുന്നു…
എങ്കിലും അത് പുറത്ത് കാണിക്കാതെ ഇതൊന്നും തനിക്കൊരു പ്രശ്നമേ അല്ല എന്ന് മട്ടിൽ ഞാനും നടന്നു..
പത്താം ക്ലാസ് പരീക്ഷയെഴുതി നേരെ പോയത് അത്തവണയും അമ്മൂമ്മയുടെ വീട്ടിലേക്കാണ്… ഇനിയും ആ സ്കൂളിൽ തന്നെ തുടർന്ന് പഠിച്ചാൽ മതി എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ എതിർത്തു. എനിക്കിനി ഇവിടെ എവിടെയെങ്കിലും ഒരു സ്കൂളിൽ അഡ്മിഷൻ എടുത്താൽ മതി എന്ന് പറഞ്ഞു..
എന്റെ വാശി നന്നായി അറിയാവുന്നതുകൊണ്ട് അച്ഛൻ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല..
എന്റെ തീരുമാനത്തിൽ അമ്മൂമ്മയ്ക്കും അമ്മായിക്കും അമ്മാവനും ദിവ്യ ചേച്ചിക്കും എല്ലാം സന്തോഷമായിരുന്നു ദത്തേട്ടന്റേ കാര്യം ഞാൻ ഒട്ടു നോക്കാനും പോയില്ല…
അവിടുത്തെ ജീവിതം ഏറെ ആസ്വാദ്യകരമായിരുന്നു കാവും കുളവും പാടവും എല്ലാം..
അവിടെ അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ നേടി. പത്താം ക്ലാസിൽ അത്യാവശ്യ മാർക്കുള്ളതുകൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടായില്ല..
ദത്തേട്ടൻ ഒഴികെ എല്ലാവരും എന്നെ അവിടെ സ്നേഹിച്ചു കൊന്നു..
മനപ്പൂർവ്വം ഞാനും ആ ഒരാളെ മൈൻഡ് ചെയ്തില്ല… പക്ഷേ
എല്ലാം താറുമാറാക്കിയത് അന്നത്തെ ആ ദിവസമാണ്… അതൊരു മഴക്കാലം ആയിരുന്നു..
തോടും കുളവും എല്ലാം നിറഞ്ഞു നിൽക്കുന്ന സമയം .. അപ്പുറത്ത് ഒരു ഗ്യാങ് കുട്ടികൾ തന്നെ ഉണ്ടായിരുന്നു എനിക്ക് കൂട്ടായി..
ഇത്രയും കാലം അവിടെത്തന്നെ താമസിച്ച ദിവ്യ ചേച്ചിയെക്കാൾ അവർക്ക് അടുപ്പം എന്നോട് ആയിരുന്നു.. അവരുടെ കൂട്ടത്തിൽ എല്ലാ കുസൃതിക്കും കൂടെ കൂടുന്നത് കൊണ്ടാവാം..
അവിടെ അടുത്തുതന്നെ ഏതോ ഒരു കാവുണ്ട് അവിടെ എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട് എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവരുടെ കൂടെ ഞാനും പോയി..
വീട്ടിൽ പറഞ്ഞാൽ അമ്മൂമ്മയും അമ്മായിയും ഒന്നും സമ്മതിക്കില്ല എന്ന് അറിയുന്നതുകൊണ്ട് അവരോട് ആരോടും മിണ്ടാതെ ആയിരുന്നു യാത്ര..
പക്ഷേ എല്ലാം കുളമായത് ആ നശിച്ച മഴയാണ്.. പറഞ്ഞിടത്തേക്ക് എത്തിയതും ഇല്ല മഴകൊണ്ട് തിരികെ പോരാനും വയ്യാത്ത അവസ്ഥയിലായി ഒടുവിൽ മഴയൊന്നു ശമിച്ചപ്പോഴാണ് തിരികെ നടന്നത്..
വലിയൊരു കുളം ഉണ്ടായിരുന്നു പോരുന്ന വഴിയിൽ അതിന്റെ വക്കത്ത് എത്തിയപ്പോൾ കാൽവഴുതി ഞാൻ കുളത്തിലേക്ക് വീണു…
കൂടെയുള്ളവർ അലറി കരഞ്ഞു.. നീന്തൽ അറിയാത്തതുകൊണ്ട് മുങ്ങിത്താണു..
പെട്ടെന്നാണ് ബലിഷ്ടമായ രണ്ട് കൈകൾ എന്നെ പൊക്കിയെടുത്തത്..
ഓർമ്മ മറയുമ്പോഴും അവ്യക്തമായി ഞാനാ മുഖം കണ്ടിരുന്നു..
ദത്തേട്ടൻ “”
മോളെ.. അനൂ… “‘ എന്ന് പ്രാണൻ പോകുന്നതുപോലെ കരഞ്ഞിരുന്നു…
പിന്നെ കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലെ ഫാനിന്റെ താഴെയാണ്…
എല്ലാവരുടെ കയ്യിൽ നിന്നും കണക്കിന് കേട്ടു.. ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് ദത്തേട്ടനിൽ നിന്നും ആണ് പക്ഷേ ആ മുഖത്ത് അപ്പോൾ ദേഷ്യമല്ലായിരുന്നു കണ്ടത് പേരറിയാത്ത മറ്റെന്തോ ഒരു വികാരം..
അതൊരു തുടക്കം മാത്രമായിരുന്നു.. ആ ഒരാൾ എന്റെ ഈ നെഞ്ചിൽ ആഴത്തിൽ പതിയാൻ..
പിന്നെ അങ്ങോട്ട് കൊണ്ട് നടന്നു ഈ നെഞ്ചിൽ പ്രാണൻ പോലെ..
ആൾക്ക് തിരിച്ചും അതേ ഇഷ്ടമുണ്ടെന്ന് എനിക്കറിയാമായിരുന്നു…
എങ്കിലും നേരിട്ട് കേൾക്കാൻ ഒരു കൊതി അതുകൊണ്ടാണ് കുറെനാൾ കാത്തിരുന്നത് എവിടെ നല്ലയാളാ… കുന്തം പറയും… ക്ഷമ കേട്ടിട്ടാണ് അങ്ങോട്ട് പറയാം എന്ന് കരുതി ചെന്നത്…
പതിവുപോലെ അവരിരിക്കാറുള്ള കുളപ്പടവിലേക്ക് നടന്നു,. അവിടെ കൂട്ടുകാരോടൊത്ത് ഒരുപാട് നേരം ഇരിക്കുന്ന പതിവുണ്ടായിരുന്നു ആൾക്ക്…
ആരുടെയോ കരച്ചിൽ ഇത്തിരി അപ്പുറത്ത് നിന്നെ കേട്ടു… ഒരു പെണ്ണാണ് എന്ന് മനസിലായി…
കുളപ്പടവിന്റെ മറവിൽ ആയത് കൊണ്ട് വ്യക്തമായില്ല ഇത്തിരി നീങ്ങിയപ്പോൾ കണ്ടത്,
ദത്തേട്ടനെയും പുണർന്നു നിൽക്കുന്ന ഒരുവളെ ആണ്.. സപ്ത നാഡികളും തളർന്ന പോലെ തോന്നി.. എന്റേത് എന്ന് കരുതിയ ആൾക്ക് പുതിയ അവകാശി…
“”എന്റെ കൂടെ ഉണ്ടാവുമോ??””
എന്നവൾ വിതുമ്പി കൊണ്ട് ചോദിക്കുന്നുണ്ട്…
“”ഉണ്ടാവും എന്ന് അയാൾ വാക്കും കൊടുത്തു..
പിന്നെ അവിടെ എന്നല്ല ആ നാട്ടിൽ പോലും നിക്കാൻ തോന്നിയില്ല..
പ്ലസ് ടൂ കഴിഞ്ഞിരുന്നു അപ്പോഴേക്കും.. അച്ഛനോട് പറഞ്ഞു ദൂരെ ഒരിടത്ത് ഡിഗ്രിക്ക് ചേർന്നു… ഹോസ്റ്റലിൽ നിന്നു…പോകുന്നതിനു മുമ്പ് ദത്തേട്ടൻ പല തവണ സംസാരിക്കാൻ ശ്രെമിച്ചു.. മുഖത്ത് നോക്കി പറഞ്ഞു എനിക്ക് വെറുപ്പാണ് എന്ന്.. എന്റെ കണ്മുന്നിൽ ഇനി വരരുത് എന്ന്…
ആ മുഖത്തെ അപ്പോഴത്തെ തളർച്ച എന്നിൽ നോവുണർത്തി.. പക്ഷേ മനഃപൂർവം ഞാൻ അത് കടിച്ചമർത്തി. അവിടെ എങ്കിലും എനിക്കൊന്ന് ജയിക്കണമായിരുന്നു…
വെക്കേഷൻ പിന്നെയും വന്നു എങ്ങോട്ടും പോകാതെ അവിടെ തന്നെ നിന്നു…
അമ്മാവൻ വിളിക്കാൻ വന്നിരുന്നു പലകുറി.. പോയില്ല…
ദത്തേട്ടൻ അന്നത്തേതിൽ പിന്നെ മുന്നിൽ വന്നത് പോലും ഇല്ല…
ഇന്നിപ്പോൾ മൂന്ന് വർഷത്തെ പഠനം പൂർത്തിയായി എങ്ങോട്ടെങ്കിലും പോയെ പറ്റൂ…
“”ഡൽഹി “”
അതായിരുന്നു തീരുമാനം.. അമ്മാവൻ വിളിച്ചപ്പോ പറയുകയും ചെയ്തു.. ഇഷ്ടം ഉണ്ടായിട്ടല്ല.. ഇതേ പറ്റൂ…
അച്ഛന്റെ പുതിയ ഭാര്യയ്ക്ക് ഞാൻ അങ്ങോട്ട് ചെയ്യുന്നത് പോലും ഇഷ്ടമല്ല എന്നറിയാം പക്ഷേ തറവാട്ടിലേക്ക് ഇനി വയ്യ..
എല്ലാം പാക്ക് ചെയ്തു പോകാൻ വേണ്ടി റെഡിയായപ്പോഴാണ് ഒരു വിസിറ്റർ ഉണ്ട് എന്ന് ആരോ വന്ന് പറഞ്ഞത്..
അമ്മാവൻ ആകും.. വരുന്നില്ല എന്ന് പറഞ്ഞാലും ഇതുവരെ വന്ന് നിർബന്ധിക്കും…
വരില്ലെന്ന് ഞാൻ തീർത്ത് പറയും വരേയ്ക്കും…
വേഗം ചെന്നു… വന്നയാളെ കണ്ട് ഒരു നിമിഷം ഞെട്ടിപ്പോയി..
“”ദത്തേട്ടൻ ” ചുവന്ന മിഴികളോടെ ദേഷിച്ചു നോക്കി നിൽക്കുന്നു..
ആദ്യം ഒന്ന് പതറി എങ്കിലും ധൈര്യം സംഭരിച്ചു നിന്നു…
“”നീ തറവാട്ടിലേക്ക് വരുന്നില്ലേ..??””
ഗൗരവത്തിൽ തന്നെയാണ് ചോദ്യം..
“”ഇതിനുള്ള മറുപടി ഞാൻ മാമയോട് പറഞ്ഞതാണല്ലോ??””
“”ഇപ്പൊ ഞാനാ ചോദിച്ചത്?? നീ വരുന്നില്ലേ??””
ഉത്തരം ഒന്നും പറയാതിരുന്നപ്പോൾ ആള് അടുത്തേക്ക് വന്നു..
“” ഇത്രയൊക്കെ കാണിച്ചു കൂട്ടാൻ മാത്രം എന്ത് തെറ്റാടീ ഞങ്ങൾ ചെയ്തത്”””
എന്ന് പറഞ്ഞ് എന്റെ കയ്യിൽ മുറുക്കി പിടിച്ചു…
“” നിങ്ങൾക്ക് ഒന്നും അറിയില്ലല്ലേ? ”
എനിക്കും സങ്കടം വരാൻ തുടങ്ങിയിരുന്നു ഞാൻ പൊട്ടിത്തെറിച്ചു..
അന്ന് ഞാൻ കണ്ട.. എന്റെ പ്രണയത്തെ പോലും ഹോമിച്ച ആ കാഴ്ചയെപ്പറ്റി ഞാൻ അയാളോട് പറഞ്ഞു അത് കേട്ട് പൊട്ടി പൊട്ടി ചിരിച്ചു ആള്..
അത് കാണെ അത്ഭുതത്തോടെ… ദേഷ്യത്തോടെ… ഞാൻ അയാളെ നോക്കി…
“‘ ഇതിനാണോ നീ അവിടുന്ന് കൂടും കിടക്കയും ഒക്കെ എടുത്തു പോന്നത്… എടി മണ്ട ശീരോമണി അവൾ എനിക്ക് പെങ്ങളെ പോലെയാണ്… എന്റെ ഒരു കൂട്ടുകാരനുമായി അവൾക്ക് മുടിഞ്ഞ പ്രണയം..
അതറിഞ്ഞ് അവളുടെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. അവനെ കിട്ടിയില്ലെങ്കിൽ അവൾ ചത്തു കളയും എന്നു പറഞ്ഞു എന്റെ മുന്നിൽ വന്നു കരഞ്ഞപ്പോൾ ഒരു പെങ്ങളെ പോലെ കണ്ട ഞാൻ അന്നവളെ ആശ്വസിപ്പിച്ചത്…. അവളും അവനും ദേ ഇപ്പൊ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു…””
മിഴിച്ച എന്റെ കണ്ണുകൾ ഒന്നുകൂടി തുറിച്ചു….
അപ്പോഴേക്ക് എന്റെ കൈ പിടിച്ചു വലിച്ച് ആ നെഞ്ചോട് ചേർത്തിരുന്നു..
“”” ഈ ജന്മത്തിൽ എന്നല്ല ദത്തന് ഇനി ഏത് ജന്മത്തിലും ഒരേ ഒരു പെണ്ണ് തുണയായി വീണ്ടും അത് എന്റെ ഈ കുറുമ്പിപെണ്ണാ”””
എന്ന് കാതോരം വന്നു പറഞ്ഞു…
ഉള്ള് നിറഞ്ഞ ഒരു ചിരി എന്റെ ചുണ്ടിൽ പടർന്നിരുന്നു…
ഒപ്പം മിഴികളും നിറഞ്ഞിരുന്നു….