(രചന: പ്രജിത്ത് സുരേന്ദ്രബാബു)
‘പ്രമുഖ ബിസിനസ്മാൻ മോഹൻ കുമാർ ആത്മഹത്യ ചെയ്തു.. ഇന്ന് രാവിലെ സ്വവസതിയിൽ ആണ് അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുട്ടികൾ ഉണ്ടാകഥ വിഷമവും അമിതമായ മദ്യപാനം വഴിയുള്ള മാനസിക സമ്മർദ്ദവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നികമനം. സി ഐ സഞ്ജീവിന്റെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി വരുന്നു’
അതി രാവിലെ തന്നെ ഈ വാർത്ത നാട്ടിലുടനീളം പരന്നു.. നിമിഷ നേരം കൊണ്ട് തന്നെ ആ വീടിന് ചുറ്റും ആളുകൾ വന്ന് നിറഞ്ഞു.
” മാഡം നിങ്ങളുടെ ഭർത്താവിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് നിഗമനം. നിലവിൽ സംശയിക്കേണ്ടതായി ഒന്നും തന്നെയില്ല.. മാഡത്തിന് എന്തെലും പ്രത്യേകിച്ച് പറയുവാനുണ്ടോ ”
സി ഐ സഞ്ജീവന്റെ ചോദ്യത്തിന് മുന്നിൽ നിശബ്ദയായി തല താഴ്ത്തി അനന്യ. അവരുടെ മിഴികളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു.
” സർ … പത്തു വർഷങ്ങൾ ആകുന്നു ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട്. ഒരു കുഞ്ഞിക്കാല് കാണുവാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായിട്ടില്ല.
ഈ അടുത്ത കാലങ്ങളിലായി ഒരു കുഞ്ഞില്ലാത്തതിൽ അദ്ദേഹം ഏറെ മാനസിക വിഷമത്തിൽ ആയിരുന്നു. ആ വിഷമം അമിതമായ മദ്യപാനത്തിലേക്ക് വഴിവച്ചു…. ഒടുവിൽ ഇപ്പോൾ… ”
അത്രയും പറഞ്ഞൊപ്പിക്കുമ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയി അനന്യ. അത് കണ്ടിട്ട് പതിയെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവർക്കരികിലായി ചെന്നു സഞ്ജീവൻ.
” മാഡം.. ഇങ്ങനെ വിഷമിക്കാതിരിക്കൂ .. സംഭവിച്ചതൊക്കെ വിധി. കയ്യിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു എന്ന് പറയുമ്പോൾ ആള് ഒരിക്കലും താൻ രക്ഷപ്പെടരുത് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു എന്ന് വേണം കരുതാൻ. ഇവിടെ മാഡവും ഹസ്ബന്റും മാത്രമേ ഉണ്ടായിരുന്നുള്ളോ താമസക്കാരായിട്ട്. ”
” അല്ല.. ഒരു കുട്ടി കൂടിയുണ്ട്..ദിവ്യ.. ”
മിഴികൾ തുടച്ചു കൊണ്ട് അനന്യ പറയുമ്പോൾ സഞ്ജീവന്റെ മിഴികൾ ചുളിഞ്ഞു.
” അതാരാണ് മാഡം ആ കുട്ടി…. നിങ്ങളുടെ റിലേറ്റീവ് ആണോ.. ”
” ഏയ് അല്ല.. പക്ഷെ അവൾ ഞങ്ങൾക്ക് മോളെ പോലെയാണ്.. അല്ല മോളാണ്…. ”
ആ മറുപടിയിൽ സഞ്ജീവൻ തൃപ്തനല്ല എന്ന് മനസ്സിലാക്കിയ അനന്യ തുടർന്നു.
“ഇവിടെ എന്റെ അമ്മ കൂടിയുണ്ടായിരുന്നു. പ്രായമായ അമ്മയ്ക്ക് സഹായത്തിനായ് ഒരു ബന്ധു കൊണ്ടാക്കിയതാണ് ദിവ്യയെ.. അവൾക്ക് ബന്ധുക്കൾ ആരും ഇല്ല അമ്മ മാത്രമേ ഉണ്ടായിരുന്നു അവർക്ക് കാൻസർ ആയിരുന്നു. അവര് മരണപെട്ടപ്പോൾ ദിവ്യമോൾ ഒറ്റയ്ക്കായി..
അങ്ങിനെയാണ് അമ്മയ്ക്ക് ഒരു സഹായത്തിനായി ഇവിടെ കൊണ്ടാക്കിയത്. ആറു വർഷത്തോളമാകുന്നു അവൾ ഇവിടെ വന്നിട്ട്.. സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയായത് കൊണ്ട് ഞങ്ങൾ അവളെ വീട്ടിൽ നിർത്തിയില്ല തുടർന്ന് പഠിക്കാൻ വിട്ടു..
അവൾ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. പിന്നെ അവളെ എവിടേക്കും പറഞ്ഞു വിടാൻ മനസ്സ് വന്നില്ല ഒരു മോളെ പോലെ അവളെ ഞങ്ങൾ ഏറ്റെടുത്തു ഇപ്പോൾ പതിനെട്ടു വയസ്സ് കഴിഞ്ഞു ദിവ്യക്ക്. ”
” ഓ .. ഗ്രേറ്റ്…. നിങ്ങളുടെ മനസ്സ് വലുതാണ്.. ”
ഉള്ളിൽ നിന്നുമുള്ള പ്രശംസയായിരുന്നു അത്. പതിയെ തിരികെ ജനലിനരികിലേക്ക് നടന്നു സഞ്ജീവൻ. ദിവ്യയെ പറ്റി പറയുമ്പോൾ അനന്യയുടെ ഭാവമാറ്റത്തിൽ നിന്നും അവൾ ഇത്രത്തോളം അനന്യക്ക് പ്രിയപ്പെട്ടവൾ ആണെന്നുള്ളത് മനസ്സിലാക്കി അവൻ. അപ്പോഴേക്കും എസ് ഐ അൻവർ അവിടേക്കെത്തി.
” സാർ.. നമ്മുടെ പ്രൊസീജിയേഴ്സ് ഒക്കെ കഴിഞ്ഞു ഇനീപ്പോ പോസ്റ്റ് മോർട്ടത്തിന് വിട്ടേക്കട്ടെ.. ”
അത് കേൾക്കെ സാരി തുമ്പാൽ വായ് പൊത്തി പിടിച്ചു കരഞ്ഞു പോയി അനന്യ.. അത് കണ്ടിട്ടെന്നോണം പതിയെ അൻവറിനരികിലേക്ക് ചെന്നു സഞ്ജീവൻ. ശബ്ദം താഴ്ത്തി അയാളോട് എന്തൊക്കെയോ പറഞ്ഞു.
നിമിഷങ്ങൾക്കകം അൻവർ അവിടെ നിന്നും മറഞ്ഞു. അതോടെ തിരികെ അനന്യയ്ക്ക് മുന്നിലായി ചെന്നിരുന്നു. അവൻ.
” മാഡം.. വിഷമിക്കാതിരിക്കു അത് സംഭവിച്ചു കഴിഞ്ഞു ഇനി ഇങ്ങനെ വിഷമിച്ചിട്ടു എന്ത് കാര്യം.. ”
ആ വാക്കുകൾ അനന്യയ്ക്ക് ആശ്വാസമായില്ല എന്നതാണ് സത്യം. അപ്പോഴേക്കും ഒരു വനിതാ കോൺസ്റ്റബിൾ ദിവ്യയുമായി അവിടേക്കെത്തി.. ആകെ വാടി തളർന്നിരുന്നു അവൾ.
ദിവ്യയെ കണ്ടമാത്രയി വാത്സല്യത്തോടെ പിടിച്ചു അരികിൽ ഇരുത്തി സാരി തുമ്പാൽ അവളുടെ മുഖം തുടച്ചു തന്നോട് ചേർത്തിരുത്തി അനന്യ. അത് നോക്കി അല്പസമയം ഇരുന്നശേഷം തുടർന്നു സഞ്ജീവൻ.
” മാഡം.. ഇന്നലെ എന്താണ് സംഭവിച്ചത് ഇവിടെ.. അതുകൂടൊന്ന് പറയാവോ.. ”
ആ ചോദ്യം കേട്ടപാടെ മിഴികൾ തുടച്ചു അനന്യ..
“പറയാം സാർ.. ഞാൻ പറയാം ”
പതിയെ ഓർമയിലൂടെ തലേന്ന് നടന്ന ആ തർക്കം അവൾ വിവരിച്ചു.
” അമിതമായ മദ്യപാനം പലപ്പോഴും ഞാനും ഏട്ടനും തമ്മിൽ ചെറിയ വഴക്കുകൾക്ക് വഴി വച്ചിരുന്നു. ഇന്നലെ അതല്പം വലുതായി എന്നതാണ് സത്യം.
ഒടുവിൽ അദ്ദേഹം എന്നെ അടിച്ചിരുന്നു… ഇതുവരെ ഒരുമിച്ചുള്ള ജീവിതത്തിൽ ആദ്യമായിരുന്നു അങ്ങിനെ ഒരു പെരുമാറ്റം. ആ വിഷമത്തിൽ ഞാനും മോളും എന്റെ വീട്ടിലേക്ക് പോയി.. പിന്നെ ഞങ്ങൾ അറിയുന്നത്…. ”
ബാക്കി മുഴുവിപ്പിച്ചില്ല അവർ. അത് കേട്ടിരുന്ന സഞ്ജീവൻ പതിയെ എഴുന്നേറ്റു..
” ഓക്കേ മാഡം ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം… ഞാൻ ജനറൽ ഹോസ്പിറ്റലിലേക്ക് പോയി വരാം. അവിടെ പോസ്റ്റുമോർട്ട നടപടികൾ വേഗത്തിൽ തീർത്തു ബോഡി തിരികെയെത്തിക്കാം. മാഡവും മോളും റസ്റ്റ് എടുക്കു.. ”
മറുപടിക്ക് കാക്കാതെ പുറത്തേക്ക് നടന്നു അവൻ. അപ്പോഴേക്കും ബോഡിയുമായി ആംബുലൻസ് ഹോസ്പിറ്റലിലേക്ക് പോയിരുന്നു. ജീപ്പ് കിടക്കുന്ന ഭാഗത്തേക്ക് നടക്കുന്നതിനിടക്ക് രണ്ട് വനിതാ കോൺസ്റ്റബിൾ മാരെ അരികിലേക്ക് വിളിച്ചു അവൻ.
” നിങ്ങൾ പരിസരത്തു ഒക്കെ ഒന്ന് അന്യോഷിച്ചേക്ക്.. ഈ മരിച്ച മോഹനനും വൈഫും തമ്മിൽ എങ്ങിനാരുന്നു എന്നൊക്കെ.. ജെസ്റ് ഒരു ഫോർമാലിറ്റിക്ക് വേണ്ടി മതി കേട്ടോ.. ”
” ഓക്കേ സാർ.. ”
അവർ തിരികെ പോകുന്നത് കണ്ട് പതിയെ ജീപ്പിലേക്ക് കയറി സഞ്ജീവൻ. നിമിഷങ്ങൾക്കകം ആ ജീപ്പ് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
പോസ്റ്റുമോർട്ടം കഴിഞ്ഞു ഉച്ചയോടെ ബോഡി തിരികെ വീട്ടിൽ കൊണ്ട് വന്നിരുന്നു. അലമുറിയിട്ട് കരഞ്ഞു അനന്യയും ദിവ്യയും അടുത്ത ബന്ധുക്കളും.
“പാവം നല്ല സ്നേഹത്തോടെ കഴിഞ്ഞവരാ.. ഈ ഗതി വന്നല്ലോ ഭഗവാനേ.. ”
” ഇതിങ്ങനെ തന്നെ അവസാനിക്കും എന്ന് എനിക്ക് മുൻപ് തോന്നിയതാ. ഈ മനുഷ്യൻ അത്രക്ക് കള്ള് കുടിയായിരുന്നു ”
” ആ പെങ്കൊച്ചിനെ പൊന്ന് പോലാ രണ്ടാളും നോക്ക്യേ.. പാവം അതിനും നല്ല വിഷമം കാണും. ”
ആൾക്കൂട്ടത്തിനിടയിലെ പല പല അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നു സഞ്ജീവൻ.
” സാർ ഞങ്ങൾ ഒന്ന് അന്യോഷിച്ചു. അങ്ങിനെ സംശയിക്കാൻ വേണ്ടി ഒന്നുമില്ല സാർ.. ഇവർ തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു പിന്നെ പുള്ളിക്കാരൻ ഭയങ്കര കള്ള് കുടിയായിരുന്നു.. ആ മോളെയും ഇവര് പൊന്ന് പോലെയാ നോക്കിയിരുന്നത്… അനന്യയ്ക്ക് സ്വന്തം മോളെ പോലെ തന്നെയാണ് ദിവ്യ.. ”
വനിതാ കോൺസ്റ്റബിൾ മാരുടെ മറുപടിയും അവർക്ക് അനുകൂലമായിരുന്നു. അപ്പോഴേക്കും എസ് ഐ അൻവറും എത്തിയിരുന്നു.
അധികം വൈകാതെ തന്നെ സംസ്കാര ചടങ്ങുകളും നടന്നു. വൈകുന്നേരത്തോടെ അടുത്ത ബന്ധുക്കൾ ഒഴികെ എല്ലാവരും പിരിഞ്ഞിരുന്നു.
സംസ്കാര ചടങ്ങുകൾ കഴിഞ്ഞു സ്റ്റേഷനിലേക്ക് പോയ സഞ്ജീവൻ വൈകുന്നേരത്തോടെ വീണ്ടും അവിടേക്ക് തിരികെയെത്തി. യൂണിഫോം മാറ്റി സിവിൽ ഡ്രെസ്സിൽ ഡ്രൈവറെ ഒഴിവാക്കി തനിയെ ജീപ്പോടിച്ചാണ് അവൻ എത്തിയത്.
പോലീസ് ജീപ്പ് കണ്ടത് കൊണ്ട് തന്നെ മുറ്റത്ത് കസേരയിട്ടിരുന്ന അടുത്ത ബന്ധുക്കളിൽ ചിലർ സംശയത്തോടെ എഴുന്നേറ്റു. ജീപ്പിൽ നിന്നിറങ്ങിയ സഞ്ജീവൻ അവരെ നോക്കി പുഞ്ചിരിച്ചു.
” ഒന്നുമില്ല.. രാവിലെ കൃത്യമായി മൊഴിയെടുക്കാനൊന്നും സാധിച്ചില്ല. അനന്യയെയും മോളെയും ഒന്ന് കണ്ട് സംസാരിച്ചു പോകാൻ വന്നതാ.. ഞങ്ങൾക്ക് ഈ പ്രൊസീജിയേഴ്സ് ഒന്ന് തീർക്കാനായിട്ട്. ”
അതോടെ അവരുടെ മുഖത്തും ആശ്വാസം നിറഞ്ഞു.
” അതിനെന്താ സാർ.. ഞാൻ അവരെ വിളിക്കാം”
ബന്ധുക്കളിൽ പ്രായമായ ഒരു സ്ത്രീ അകത്തേക്ക് പോകാനൊരുങ്ങവേ അവരെ തടഞ്ഞു അവൻ .
” ഏയ് ഈ അവസ്ഥയിൽ അവരെ പുറത്തേക്ക് വിളിക്കേണ്ട.. ഞാൻ വന്നിട്ടുണ്ട് ന്ന് അവരെ ഒന്ന് അറിയിക്കു എന്നിട്ട് അകത്ത് എവിടേലും സൗകര്യം പോലെ ഒന്ന് ഇരുന്ന് സംസാരിച്ചാൽ മതി.”
വളരെ ഭാവ്യതയോടെയാണ് സഞ്ജീവൻ സംസാരിച്ചത്
” ഓക്കേ സാറേ.. ഞാൻ പറയാം സാർ അകത്തേക്ക് ഇരിക്കു.. ”
അവർ അകത്തേക്ക് പോയി നിമിഷങ്ങൾക്കകം തിരികെയെത്തി.
” സാർ മുകളിലേക്ക് വരൂ.. അവിടെ മുറിയിൽ ഇരിക്കാം മോള് അവിടേക്ക് വരും. ”
“ഓക്കേ.. താങ്ക്യു.. ”
അവർ കാട്ടിയ മുറിയിൽ സഞ്ജീവൻ എത്തി നിമിഷങ്ങൾക്കകം അനന്യയും അവിടേക്കെത്തി. അതൊരു ഓഫീസ് മുറിയായിരുന്നു. ഒരു പക്ഷെ ബിസിനസ് ആവശ്യങ്ങളുടെ ഭാഗമായി സജ്ജീകരിച്ചതാകാം എന്ന് ഊഹിച്ചു അവൻ.
” സർ.. മോൾക്ക് നല്ല തലവേദനയുണ്ട്. റ്റയേർഡ് ആണ്. സാറിന് എന്താണ് അറിയേണ്ടത് എന്ന് വച്ചാൽ എന്നോട് ചോദിച്ചാൽ പോരെ.. ”
“ഓ..ഷുവർ.. മാഡം ഇരിക്കു”
അനന്യ മുറിയിലെ ചെയറിലേക്ക് ഇരുന്നതും പതിയെ എഴുന്നേറ്റു സഞ്ജീവൻ.
” മാഡം.. മാഡത്തിന്റെ മൊഴി പ്രകാരം മക്കള് ഇല്ലാത്ത വിഷമത്താൽ നിങ്ങളുടെ ഹസ്ബന്റ് കുറെയേറെ നാളുകളായി ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു.
ഇന്നലെ നിങ്ങൾ വഴക്ക് ഉണ്ടാക്കി പോയ ശേഷം രാത്രിയിൽ ആകാം അദ്ദേഹം ഇങ്ങനെ ഒരു കൃത്യം ചെയ്തിട്ടുണ്ടാവുക. അല്ലെ… .”
അതേ എന്ന അർത്ഥത്തിൽ തലയാട്ടി അവൾ .. അത് കണ്ട് പതിയെ അവൾക്ക് അഭിമുഖമായി ചെയറിലേക്ക് വന്നിരുന്നു സഞ്ജീവൻ. അല്പസമയം അനന്യയെ തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്ന ശേഷം തുടർന്നു അവൻ.
” മാഡം.. ഏകദേശം ഇരുപത് വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു പോലീസ് ഓഫീസർ ആണ് ഞാൻ. ഈ കാലത്തിനിടയിൽ അനേകം ബോഡികൾ ഇൻക്വസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായതാണ് എന്നാൽ പോസ്റ്റുമോർട്ടത്തിലൂടെ അത് സ്ഥിതീകരിച്ചു.
മാഡത്തിന്റെ ഹസ്ബന്റ് ആത്മഹത്യ ചെയ്തതല്ല. നൂറു ശതമാനവും അതൊരു കൊലപാതകമാണ്. ഇന്നലെ നിങ്ങൾ ഇവിടുന്ന് പോയ ശേഷം രാത്രിയിൽ ഇവിടെന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ”
ഏറെ അന്ധാളിപ്പോടെയാണ് അനന്യ ആ വാക്കുകൾ ശ്രവിച്ചത്
” കൊലപാതകമോ… സർ എന്താണ് ഈ പറയുന്നത്.. ആരാ ഏട്ടനെ.. എനിക്ക് തോന്നുന്നില്ല അങ്ങിനൊന്നും… ”
“അതേ മാഡം. കൊലപാതകം തന്നെയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒഫീഷ്യലി കിട്ടിയിട്ടില്ല പക്ഷേ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ സുനിൽ എന്റെ അടുത്ത സുഹൃത്ത് ആണ്. സംശയം ഉള്ളത് കൊണ്ടാണ് ഞാൻ ഉച്ചക്ക് ഹോസ്പിറ്റലിലേക്ക് പോയതും. ”
അവന്റെ ഓരോ വാക്കുകളും ഏറെ ഞെട്ടലാണ് അനന്യയിൽ ഉളവാക്കിയത്.. അവരുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു
” എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല സർ.. ആരാണ് .. ആരാണ് ഏട്ടനോട് ഇങ്ങനെ ചെയ്തത്…. എന്താണ് കാരണം ”
” അത് പറയാം മാഡം.. അതിനു മുൻപായി ഒരു ചോദ്യം കൂടി. ഇന്നലെ മരണം നടക്കുന്ന സമയം കൃത്യമായി പറഞ്ഞാൽ രാത്രി പന്ത്രണ്ടര മണി. ആ സമയം നിങ്ങളും ദിവ്യയും എവിടെയായിരുന്നു. ”
ആ ഒരു ചോദ്യം അനന്യയുടെ മുഖത്തുണ്ടാക്കിയ ഭാവമാറ്റം പ്രത്യേകം ശ്രദ്ധിച്ചു സഞ്ജീവൻ .
” സർ എന്തെ അങ്ങിനെ ഒരു ചോദ്യം.. ഞങ്ങൾ എന്റെ വീട്ടിലായിരുന്നു അപ്പോൾ… ”
സംശയത്തോടെ അനന്യ നോക്കുമ്പോൾ പതിയെ പുഞ്ചിരിച്ചു സഞ്ജീവൻ .
” മാഡം ഇതൊരു തനി നാട്ടിൻ പുറമാണ് ഇവിടെ സിസിടീവി ഉള്ള വീടുകൾ ഒന്നും തന്നെയില്ല ആകെയുള്ളത് നിങ്ങടെ ഈ വീട്ടിൽ അത് ആണേൽ ഒരു മാസത്തോളമായ വർക്കിംഗ് അല്ല. ഈ ഒരു ധൈര്യത്തിൽ ഇനിയും എന്നോട് കള്ളം പറയരുത്.”
അത്രയും പറയുമ്പോൾ തന്നെ അനന്യയുടെ നടുക്കം ശ്രദ്ധിച്ചു അവൻ.
“എ.. എന്ത് കള്ളം..”
അവളുടെ വാക്കുകളിലെ പതർച്ചയും ഭാവ മാറ്റവും നിരീക്ഷിച്ചു കൊണ്ട് തന്നെ തുടർന്നു അവൻ.
” മാഡം നിങ്ങൾ ഇന്നലെ ഈ വീട്ടിൽ വന്നിരുന്നു രാത്രി. അതിനുള്ള തെളിവ് എന്റെ പക്കൽ ഉണ്ട്. ഇനി എന്താണ് മാഡത്തിന് പറയാനുള്ളത്.. കള്ളം പറയരുത്.. അത് പിന്നെ എനിക്ക് ബുദ്ധിമുട്ട് ആകും ”
ഇത്തവണ നടുക്കത്തോടെ ചാടി എഴുന്നേറ്റു പോയി അനന്യ
” മിസ്റ്റർ സി ഐ. എന്ത് തോന്ന്യവാസമാണ് നിങ്ങൾ ഈ വിളിച്ചു പറയുന്നത്. എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ഞാൻ ആണ് എന്റെ ഏട്ടനെ….. എന്നാണോ.. എന്നാൽ അത് തെളിച്ചു പറയ്.. ”
ആ വാക്കുകളിൽ കോപം നിറഞ്ഞിരുന്നു അത് കേട്ട് ശാന്തനായി തന്നെ പുഞ്ചിരിച്ചു സഞ്ജീവൻ.
” എന്റെ മാഡം. പതർച്ച മറച്ചു പിടിക്കാനുള്ള ഈ ശ്രമം..ഈ അഭിനയം ഇത് വെറും പാഴ് ശ്രമമാണ്. അതും എന്നെ പോലെ എക്സ്പീരിയൻസ്ഡ് ആയ ഒരു പോലീസ് ഓഫീസറുടെ മുന്നിൽ.
ഇനിയും മാഡം സത്യം തുറന്ന് പറയുവാൻ തയാറായില്ല എങ്കിൽ വ്യക്തമായ തെളിവുകളോടെ അറസ്റ്റ് രേഖപ്പെടുത്തും ഞാൻ. മാഡത്തിനെ മാത്രമല്ല ദിവ്യയെയും… അത് എന്നെ കൊണ്ട് ചെയ്യിക്കരുത്. ”
ശാന്തമായി തുടങ്ങി ഒടുവിൽ കടുത്ത സ്വരത്തിലാണ് സഞ്ജീവൻ സംസാരിച്ചു നിർത്തിയത്. ദിവ്യയുടെ പേര് കൂടി പറഞ്ഞു കേട്ടതോടെ ക്ഷണ നേരം കൊണ്ട് ശാന്തയായിരുന്നു അനന്യ.
” സർ.. പ്ലീസ്.. ഒച്ചയെടുക്കരുത്.. പ്ലീസ്.. ”
” ഓക്കേ.. ഓക്കേ.. ഞാൻ വെറുതെ പറഞ്ഞതല്ല അനന്യ. നിങ്ങൾ ഇന്നലെ രാത്രി ഈ റൂട്ടിൽ എത്തിയതിനു തെളിവുണ്ട് എന്റെ കയ്യിൽ ഇവിടെങ്ങും സിസിടീവി ഇല്ല.
പക്ഷെ ഇന്നലെ രാത്രി ഇവിടെ പരിസരത്തു കുറച്ചു കോളേജ് സ്റ്റുഡന്റസ് ഒരു ഷോർട്ട് ഫിലിമിന്റെ ഷൂട്ടിങ്ങിനായി വന്നിരുന്നു സ്റ്റേഷനിൽ ന്ന് അവർ പെർമിഷൻ എടുത്തതാണ്.
യാദൃശ്ചികമായി അവരുടെ ക്യാമെറയിൽ നിങ്ങളുടെ കെ എൽ സീറോ ടു എക്സ് ഇരുപത്തി രണ്ട് പതിനാറ് എന്ന നമ്പറിൽ ഉള്ള ഹോണ്ട ആക്ടിവ വണ്ടി പതിഞ്ഞിട്ടുണ്ട് ഒപ്പം നിങ്ങൾ രണ്ട് പേരും. നിങ്ങളും ദിവ്യയും… എസ് ഐ അൻവർ നേരിട്ട് പോയി അന്യോഷിച്ചു കണ്ടെത്തിയതാണ് അത്.”
സഞ്ജീവന്റെ ഓരോ വാക്കുകളും കേൾക്കെ അനന്യ കൂടുതൽ പരവശയായി.
” പിന്നെ മാഡം ഞാൻ ഒരാള് വിചാരിച്ചാൽ ഈ കേസ് തേച്ച് മാച്ചു കളയുവാനും പറ്റും അതുപോലെ തന്നെ കുത്തി പൊക്കുവാനും പറ്റും. ഇവിടിപ്പോ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാണ്.
ഒരാൾക്ക് പോലും ഇത് ആത്മഹത്യ അല്ല എന്ന സംശയം ഇല്ല… ഇൻക്വസ്റ്റ് സമയത്തും നിങ്ങളുടെ ഫിംഗർ പ്രിന്റ്സ് ഒന്നും കിട്ടിയിട്ടില്ല. പിന്നെ മറ്റു തെളിവുകൾ… എന്തേലും കിട്ടിയാലും അത് എന്റെ അണ്ടറിൽ തന്നെയായിരിക്കും.
പിന്നെ പോസ്റ്റുമോർട്ടത്തിൽ നിങ്ങളുടെ ഭർത്താവ് കഴിച്ച മദ്യത്തിൽ ഉറക്ക ഗുളിക ചേർത്തിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അയാളുടെ ജനനേന്ദ്രിയ ഭാഗത്തിൽ ശക്തിയിൽ ആരോ തൊഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതിപ്പോൾ അറിയാവുന്നത് എനിക്കും ഡോക്ടർ സുനിലിനും മാത്രമാണ്.സൊ എന്നെ വെറുതെ വട്ടു പിടിപ്പിക്കരുത്. മാഡത്തിനു പറയാനുള്ളത്. ഇപ്പോൾ ഇവിടെ വച്ച് എന്നോട് പറയണം. ”
ഇനി പിടിച്ചു നിൽക്കുവാൻ തനിക്ക് കഴിയില്ല എന്ന് ഉറപ്പായി അനന്യയ്ക്ക്. അത്രക്ക് സ്ട്രോങ്ങ് ആയിരുന്നു സഞ്ജീവൻ.
” ഞാ. ഞാൻ പറയാം.. എല്ലാം പറയാം.. ”
മിഴികൾ തുടച്ചു പതിയെ ചെയറിലേക്ക് ഇരുന്നു അനന്യ.
” സാർ… പ്ലീസ് ചതിക്കരുത് എന്നെയും മോളെയും രക്ഷിക്കണം.. ”
അപേക്ഷയുടെ സ്വരമായിരുന്നു ആദ്യം.
” മാഡം നടന്നത് പറയ് ആദ്യം .. ”
സഞ്ജീവൻ അനന്യയ്ക്ക് അഭിമുഖമായിരുന്നു. പതിയെ അനന്യ പറഞ്ഞു തുടങ്ങി.
” സർ.. കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ ഏട്ടൻ കുടി തുടങ്ങിയതാ.എപ്പോഴോ അതിനു അഡിക്റ്റ് ആയി പോയി.. ആ സമയം ആണ് ദിവ്യയെ ഞങ്ങൾക്ക് കിട്ടുന്നത്. അതോടെ ഏട്ടനിൽ മാറ്റം വന്നതാണ്.
ഞങ്ങൾ രണ്ടാളും ദിവ്യയെ സ്വന്തം മോളായി തന്നാ കണ്ടത്… കുറച്ചു നാൾ വളരെ സന്തോഷകരമായ ജീവിതമായിരുന്നു. പക്ഷെ… പക്ഷെ അധികം പിടിച്ചു നിൽക്കുവാൻ അദ്ദേഹത്തിനായില്ല. മദ്യപാനം വീണ്ടും ആരംഭിച്ചു.
അതോടെ സ്വഭാവത്തിലും മാറ്റമായി. മകളായി കണ്ടിരുന്ന ദിവ്യയോട് പിന്നീട് പലപ്പോഴും മദ്യപിച്ചെത്തി അദ്ദേഹം മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്… അതോടെ മോളും മാനസികമായി ഏറെ വിഷമത്തിലായി.”
അത്രയും പറഞ്ഞവസാനിപ്പിക്കുമ്പോൾ വല്ലാതെ കിതച്ചു അവൾ. അത് വക വയ്ക്കാതെ വീണ്ടും തുടർന്നു.
” ഏട്ടന് പരസ്ത്രീ ബന്ധങ്ങൾ ഉണ്ട് എന്നത് മുന്നേ തന്നെ എനിക്ക് അറിയാരുന്നു. അത് അറിഞ്ഞിട്ടും സഹിച്ചു ഞാൻ പക്ഷെ കഴിഞ്ഞ ഞായറാഴ്ച. ആ നശിച്ച ദിവസം അന്ന് എല്ലാം കൈവിട്ടു പോയി സർ.. വൈകുന്നേരം ഞാൻ ക്ഷേത്രത്തിൽ പോയ സമയം വീട്ടിൽ മദ്യപിച്ചെത്തിയ അയാൾ ദിവ്യ മോളെ…… ”
അവളുടെ വാക്കുകളിൽ നോവ് പടർന്നിരുന്നു. അറിയാതെ പൊട്ടിക്കരഞ്ഞു പോയി അനന്യ. പ്രതീക്ഷിച്ച കഥയായിരുന്നെങ്കിലും കേട്ടിരുന്ന സഞ്ജീവനും ഉള്ളിൽ ഒരു നോവ് തട്ടി.
” പാവം മോള്.. ഞാൻ വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു.. ബോധം ഇല്ലാതെ കിടക്കുവാരുന്നു .. എന്റെ മോളെ കടിച്ചു കീറി കളഞ്ഞു അയാൾ.. ”
വേദനയിൽ നിന്നും പതിയെ പതിയെ കടുത്ത രോഷമായി മാറി അവളുടെ ഭാവം..
” പുറത്ത് അറിഞ്ഞാലുള്ള അപമാന ഭയം മൂലം എല്ലാം മറച്ചു ഞാൻ. മാത്രമല്ല ഈ കാര്യം പുറത്തറിഞ്ഞാൽ എന്റെ കുഞ്ഞിന്റെ ഭാവി എന്താകും… പക്ഷെ ഇങ്ങനൊരു തെറ്റ് ചെയ്തിട്ട് ഇനി അയാൾ ജീവിക്കേണ്ട എന്ന് തന്നെ തീരുമാനിച്ചു ഞങ്ങൾ.
പ്ലാൻ ചെയ്ത് തന്നെയാണ് അന്ന് ഉച്ചക്ക് വഴക്ക് ഉണ്ടാക്കിയതും വീട്ടിലേക്ക് പോയതും. സാർ പറഞ്ഞപോലെ രാത്രി ഈ വീട്ടിലെത്തി ഞങ്ങൾ മദ്യപിച്ചു കിടന്നിരുന്ന അയാളെ ഉറക്ക ഗുളിക കലർത്തിയ മദ്യം കുറേ കൂടി കുടിപ്പിച്ചു. എന്നിട്ട്… ”
ബാക്കി പറഞ്ഞില്ല അനന്യ.. എല്ലാം കേട്ട് അല്പസമയം നിശബ്ദനായിരുന്നു സഞ്ജീവൻ.
” അനന്യ കൂൾ.. ഇങ്ങനൊരു ട്രാജഡി ഞാനും പ്രതീക്ഷിച്ചിരുന്നു. നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും.നിങ്ങൾ ചെയ്തതിനെ ഒരു സാധാരണക്കാരൻ എന്ന നിലയിൽ കുറ്റം പറയുവാൻ പറ്റില്ല പക്ഷെ.. ആസ് എ പോലീസ് ഓഫീസർ.. എനിക്ക് കണ്ണടക്കുവാൻ കഴിയുകയുമില്ല.
” സർ പ്ലീസ് എന്നെ വേണേൽ അറസ്റ്റ് ചെയ്യൂ… എല്ലാം ഞാൻ ഏറ്റോളാം ദിവ്യയെ.. അവളെ വെറുതെ വിടണം പ്ലീസ്.. ”
തൊഴുകയ്യുമായി അനന്യ കെഞ്ചുമ്പോൾ കണ്ണടക്കുവാൻ കഴിഞ്ഞില്ല സഞ്ജീവന്.
” പോലീസ് ഓഫീസർ ആണെങ്കിലും ഞാനും ഒരു മനുഷ്യനാണ് ഒരു മകൾ എന്റെ വീട്ടിലും ഉണ്ട്. ഇവിടെ സംഭവിച്ചത് നമുക്ക് മൂടി വയ്ക്കാം. അതിനു ഞാൻ നിങ്ങളെ സഹായിക്കാം.. ”
ആ വാക്കുകൾക്ക് അനന്യയുടെ ഉള്ളിലെ തീ കെടുത്തുവാനുള്ള കഴിവുണ്ടായിരുന്നു.
” സത്യമാണോ സർ.. എനിക്ക് വിശ്വസിക്കാമോ നിങ്ങളെ.. ”
അവിശ്വസനീയമായി തന്നെ തുറിച്ചു നോക്കുന്ന അനന്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു സഞ്ജീവൻ..
സമയം വീണ്ടും നീങ്ങി. കുറച്ചു കഴിയവേ പതിയെ ആ വീട് വിട്ടു പുറത്തേക്ക് വന്നു സഞ്ജീവൻ.
വീടിന് മുൻവശത്തിരുന്ന ബന്ധുക്കൾളോട് പുഞ്ചിരിയോടെ തന്നെ യാത്ര പറഞ്ഞു അവൻ ജീപ്പിനരികിലേക്കെത്തി ഫോൺ കയ്യിലേക്കെടുത്ത് ഡോക്ടർ സുനിലിന്റെ നമ്പറിലേക്ക് കോൾ ചെയ്തു.. മറു തലയ്ക്കൽ കോൾ അറ്റന്റ് ചെയ്യപ്പെട്ടു.
” സുനിലേ.. റിപ്പോർട്ടിൽ ആത്മഹത്യ മതി.. അതിനു വേണ്ടത് ചെയ്യ് നീ.. ബാക്കി ഞാൻ നോക്കിക്കോളാം ”
അത്രയും പറഞ്ഞു കൊണ്ട് കോൾ കട്ട് ആക്കി എസ് ഐ അൻവറിനെ വിളിച്ചു
” അൻവറേ.. ആ വീഡിയോ ഇനി തിരികെ കൊടുക്കേണ്ട.. എന്തേലും ഒരു റീസൺ പറഞ്ഞു പിള്ളേരോട് ഒന്നുടെ ഷൂട്ട് ചെയ്യാൻ പറയ് അതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കി കൊടുത്തേക്ക് പിന്നെ നമ്മളുടെ സംശയങ്ങൾ അത് വേറാരും അറിയേണ്ട.. നമ്മളിൽ തന്നെ ഒതുങ്ങിയാൽ മതി. ഇത് ഒരു ആത്മഹത്യ തന്നെയാണ്.”
“ഓക്കേ സാർ എല്ലാം ഞാൻ ഏറ്റു.. ”
മറുപടി കിട്ടിയ മാത്രയിൽ കോൾ കട്ട് ആക്കി സഞ്ജീവൻ ജീപ്പിലേക്ക് കയറി. പതിയെ ആ ജീപ്പ് റോഡിലേക്കിറങ്ങി.. കണ്ണിൽ നിന്നും മറഞ്ഞു
അല്പ ദൂരം സഞ്ചരിക്കവേ സഞ്ജീവന്റെ ഫോൺ റിങ് ചെയ്തു. ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ ആരുടേതെന്ന് വേഗത്തിൽ അവൻ മനസ്സിലാക്കി. വണ്ടി സൈഡ് ആക്കി പതിയെ കോൾ അറ്റന്റ് ചെയ്തു
” പറയു അനന്യ… ”
” സാർ നിങ്ങൾ പറഞ്ഞ തുക ഇരുപത് ലക്ഷം മൂന്ന് ദിവസത്തിനുള്ളിൽ കയ്യിലെത്തും. അതിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്.
പക്ഷെ സർ എനിക്കൊരു ഉറപ്പ് തരണം. ഈ ഒരു കേസിൽ ഇനി എനിക്കും ദിവ്യയ്ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്… സംഭവിച്ചത് ഒന്നും ഇനി ആരും അറിയുകയും അരുത് മാത്രമല്ല ഈ പേരും പറഞ്ഞു ഇനി സാറും വന്നേക്കരുത്.. ”
അനന്യയുടെ വാക്കുകൾ കേട്ട് പതിയെ ചിരിച്ചു അവൻ.
“അനന്യാ.. എനിക്ക് വാക്ക് ഒന്നേ ഉള്ളു ഞാൻ പറഞ്ഞത് കിട്ടിയാൽ പിന്നെ നിനക്ക് ഒരു ശല്യവും ഉണ്ടാകില്ല.ഈ കേസിന്റെ ചാർജ് എനിക്കാണ്. ഞാൻ തീരുമാനിക്കുന്നതാണ് ഇവിടെ വിധി. ഞാൻ ഉറപ്പ് തരുന്നു ഇനി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.. എല്ലാം ഞാൻ നോക്കിക്കോളാം ”
” ഓക്കേ താങ്ക് യൂ സർ.. ഞാൻ കോൾ വച്ചേക്കട്ടെ ”
അനന്യയുടെ കോൾ കട്ട് ആകുമ്പോൾ സഞ്ജീവന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി നിറഞ്ഞു പതിയെ പതിയെ ആ ചിരി ഒരു പൊട്ടിച്ചിരിയായി മാറി.
‘ഇരുപതു…. പത്ത് എനിക്ക് അഞ്ചു വീതം അൻവറിനും സുനിലിനും. കേസ് ക്ലോസ്ഡ്… കോടീശ്വരനായ മോഹനന്റെ ഭാര്യയെ വെറുതെ നന്മയ്ക്ക് വേണ്ടി സഹായിക്കാൻ പറ്റില്ലല്ലോ .. അങ്ങിനെ ചെയ്താൽ ഞാൻ വെറുമൊരു പൊട്ടൻ ആകില്ലേ …’
ആത്മഗതത്തോടെ വീണ്ടും ആക്സിലേറ്ററിലേക്ക് കാലമർത്തി അവൻ.. വിജനമായ റോഡിലൂടെ ആ ജീപ്പ്. പാഞ്ഞു