ഒരുമ്പെട്ടോൾ
(രചന: ശാലിനി)
സ്കൂളിലെ ഇന്റർവെൽ സമയത്താണ്
ആ സംസാരമുണ്ടായത് !
“ഡാ നിനക്കൊരു കാര്യം അറിയ്യോ?
നിന്റെ അമ്മയില്ലേ..
നിന്റെ അച്ഛന്റെ
രണ്ടാം ഭാര്യ ആണത്രെ,,!
പിന്നെ നിന്റെ
അച്ഛന്റെ ആദ്യത്തെ ഭാര്യ
ആരായിരുന്നെന്ന് അറിയാമോ..?
ഇല്ലേൽ നീ പോയി നിന്റെ അമ്മയോട് ചോദിക്ക്..പറഞ്ഞു തരും.”
ങ്ഹേ ! ഇവനെന്തൊക്കെ വൃത്തികേടാ
ഈ പറയുന്നത് ??
ബാലു അന്തം വിട്ടു..!
“നിന്നോട് ആരാടാ ഈ
ചെറ്റത്തരം പറഞ്ഞത് ?
എന്റെ വീട്ടുകാരെ കുറിച്ച്
അനാവശ്യം പറയുന്നോ..?”
“അനാവശ്യമാണോയെന്ന് നീ വീട്ടിൽ
പോയി ചോദിക്ക്. നിനക്ക് അനാവശ്യമാണെങ്കിൽ അവർക്കത് ആവശ്യം ആയിരുന്നു.”
കൂസലില്ലാതെയാണ് ആദർശ് അത് പറഞ്ഞത്.
അന്ന് ബാക്കിയുള്ള ക്ലാസുകളൊന്നും
തന്നെ ശ്രദ്ധിക്കാൻ ബാലുവിന് കഴിഞ്ഞില്ല.
അവന്റെ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു.
എന്തൊക്കെയാണ് താൻ കേട്ടത്..!!
ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
പക്ഷെ, ആദർശ് തറപ്പിച്ചു പറയുമ്പോൾ ആകെ കൺഫ്യൂഷൻ ആകുന്നു.
ആദർശിന്റെ അച്ഛൻ വീടിന് അടുത്തായിരുന്നു പണ്ട് തന്റെ അമ്മയുടെ വീട്.. പക്ഷെ പിന്നീട് ആ വീട് വിറ്റിട്ട് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ എങ്ങോട്ടോ പോയെന്നാണ് അറിഞ്ഞത്.
ആദർശിന്റെ അമ്മയോട് അവന്റെ അച്ഛൻ രഹസ്യമായി ഒരിക്കൽ ഇതെക്കുറിച്ച് പറയുന്നത് അവൻ യാദൃച്ഛികമായി കേട്ടതാണത്രേ.
ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ ചെന്നത് വല്ലാത്ത മാനസിക അവസ്ഥയിലാണ്.
എങ്കിലും അവൻ അത് പുറമെ കാണിച്ചില്ല.
അച്ഛന്റെയും അമ്മയുടെയും എല്ലാ ഭൂതകാലങ്ങളും മക്കൾ അറിഞ്ഞിരിക്കണം എന്ന് നിർബന്ധം ഇല്ലല്ലോ.
പിന്നെ എന്തിന് താൻ ഇങ്ങനെ ടെൻഷൻ പിടിക്കണം.
പോട്ടെ പുല്ല് !
അവൻ അത് വിട്ടു കളയാൻ ശ്രമിച്ചു.
എപ്പോഴെങ്കിലും അത് ചോദിക്കാൻ അവസരം വരും.
അതുവരെ ക്ഷമിക്കാം.
എവിടെയോ അമ്മ വീട്ടുകാരുണ്ട് എന്നതല്ലാതെ അവരെ ആരെയും പറ്റി അവന് ഇതുവരെയും അറിയില്ല.
അവരുമായി എന്തോ വലിയ പിണക്കത്തിലാണ് അച്ഛനും അമ്മയും
എന്ന് മാത്രം അറിയാം.
ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ,
വീട്ടിൽ ഒരപരിചിതൻ ഇരിക്കുന്നത് കണ്ടു. സാധാരണ പോലെ തന്നെ ആരെയും മൈൻഡ് ചെയ്യാതെ സ്വന്തം റൂമിലേക്ക് ബാഗുമായി പോകാൻ ഒരുങ്ങുമ്പോഴാണ് അമ്മ പിന്നാലെ വന്നത്.
“മോനെ, നീ ബാഗ് അവിടെ വെച്ചിട്ട് ഇങ്ങോട്ടൊന്ന് വന്നെ. ദേ നിന്നെ കാണാൻ ഒരാൾ ഇവിടെ കാത്തിരിക്കുന്നു.”
അവൻ ഒന്നമ്പരന്ന് അമ്മയെ നോക്കി.
“എന്നെ കാണാനോ? അതിന് അവിടെ ഇരിക്കുന്നത് ആരാണെന്ന് എനിക്ക് അറിയില്ലല്ലോ.”
“അതിനാ വരാൻ പറഞ്ഞത്.
ഇങ്ങനെ ഒക്കെയല്ലേ ഓരോരുത്തരെ പരിചയപ്പെടുന്നത്..”
അവൻ ബാഗ് കട്ടിലിലേക്ക് ഇട്ടു.
പിന്നെ മുഖം അമർത്തി
ഒന്ന് തുടച്ചിട്ട് അമ്മയുടെ പിന്നാലെ നടന്നു.
ഹാളിൽ ഇരുന്ന ആള് അവനെ കണ്ട് നന്നായി ഒന്ന് ചിരിച്ചു.
നല്ല ചിരി, ആളൊരു ചുള്ളനാണല്ലോ !
“ആഹാ, ഇത് കൊച്ചു മധു അളിയൻ തന്നാണല്ലോ ചേച്ചീ..!
മോൻ എത്രയിലാണ് പഠിക്കുന്നത്..?”
അവൻ ചെറുതായി ചുണ്ട് അനക്കി.
“ഒൻപതില്.”
“ഞാൻ ആരാണെന്ന് പിടികിട്ടിയോ?”
അവൻ അമ്മയെ ഒന്ന് നോക്കി.
“ഇത് മോന്റെ ചെറിയമ്മാവൻ
ആണ്. ഇവൻ കുറെ നാളായിട്ട് ഗൾഫിൽ ആണ്. ഒത്തിരി നാളുകൾ കൂടിയാണ്
ഇപ്പോൾ അവധിക്ക് വരുന്നത്.”
ഹ്ഹോ ! ജനിച്ചതിൽ പിന്നെ അമ്മയുടെ ബന്ധത്തിൽ പെട്ട ഒരാളെ കാണുന്നത് ഇന്നാണ്. ഇവരൊക്കെ ഇത്രയും നാൾ എവിടായിരുന്നു..??
“അവനെ എങ്ങനെ കുറ്റം പറയാനാണ്. അമ്മ വീട്ടിൽ നിന്ന് ജീവനുള്ള ഒരാളെ
എന്റെ മോൻ കാണുന്നത്
ആദ്യമായിട്ടല്ലേ.!”
“ചേച്ചി ഈ പറയുന്നത് കേട്ടാൽ തോന്നും എല്ലാം ഞങ്ങളുടെ കുഴപ്പം കൊണ്ടാണെന്ന്..”
പെട്ടെന്ന് ബാലുവിന്റെ അമ്മ ഭദ്ര
അയാളെ ഇടം കണ്ണിട്ട് കാണിച്ചു..
ശ്..മോൻ നിൽക്കുന്നു..
അയാൾ പെട്ടെന്ന് പറയാൻ വന്നത്
അപ്പാടെ വിഴുങ്ങിക്കളഞ്ഞു.
പിന്നെ വിഷയം മാറ്റാനായി
കയ്യിൽ ഇരുന്ന ഒരു ചെറിയ
ബാഗ് തുറന്നു.
ഭംഗിയായി പായ്ക്ക് ചെയ്ത
മറ്റൊരു കവർ എടുത്തു ബാലുവിന്റെ
നേർക്ക് നീട്ടി.
“ദാ, ഇത് നിനക്കുള്ളതാണ്.,
വാങ്ങിച്ചോ.”
അവൻ ഒന്ന് സംശയിച്ചു.
പിന്നെ അത് വാങ്ങി മുഖത്തോട്
അടുപ്പിച്ചു.
നല്ല ഫോറിൻ മണം..!
കൂട്ടുകാരൻ നൗഫലിന്റെ ഉപ്പയും ഗൾഫിൽ ആണ്. അവൻ ഉപ്പ കൊണ്ട് കൊടുക്കുന്ന പുതിയ കുപ്പായം ഇട്ടു കൊണ്ട് വരുമ്പോൾ ക്ലാസ്സിലെല്ലാം എന്തൊരു വാസനയാണ്.!
ഇപ്പോൾ ഈ പായ്ക്കറ്റിനും ഉണ്ട് അതെ വാസന!
അവൻ അതുമായി മുറിയിലോട്ട് ഓടുന്നത് കണ്ട ഭദ്രയുടെ മനസ്സ് നീറി.
പാവത്തിന് സന്തോഷമായെന്ന് തോന്നുന്നു!
ആദ്യമായിട്ടാണ് ഒരു ഫോറിൻ സാധനം അവന് കിട്ടുന്നത് !
“ചേച്ചി, അളിയൻ ഷോപ്പ് അടച്ചിട്ട് വരാൻ ലേറ്റ് ആകുമായിരിക്കും.. ഞാൻ പിന്നെ
ഒരു ദിവസം വരാം.
അപ്പോൾ പറഞ്ഞത് മറക്കരുത്..
എല്ലാവരും കല്യാണത്തിന് അങ്ങ് വന്നേക്കണം.
ഇനിയും പിണക്കവും ശത്രുതയും ഒന്നും കൊണ്ട് നടക്കണ്ട .നടക്കാനുള്ളത് നടന്നു.
എല്ലാം ഈയൊരു കൂടി കാഴ്ചയോടെ
ഒത്തു തീർപ്പാകണം..ഞാൻ അളിയനെ വിളിച്ചോളാം..”
പറഞ്ഞതും അയാൾ എഴുന്നേറ്റു.
“മോനെ സുധീ…,
ഇനി വരുമ്പോൾ നിന്റെ ഭാര്യയെയും കൂടി കൂട്ടിക്കൊണ്ട്
വരണേ. എനിക്ക് നിന്റെ കല്യാണം കൂടാനുള്ള ഭാഗ്യം പോലും ഉണ്ടായിട്ടില്ല.”
ഭദ്രേച്ചി കരയുന്നത് കണ്ടപ്പോൾ സുധിക്കും വിഷമമായി.
“എന്ത് ചെയ്യാനാ ചേച്ചി..
വീട്ടിൽ എല്ലാവർക്കും അത്രയ്ക്കും ചേച്ചിയോട് വെറുപ്പായിരുന്നല്ലോ.
പിന്നെ, അച്ഛന്റെ കണ്ടീഷനും മോശമായിരുന്നു..
കഴിഞ്ഞത് കഴിഞ്ഞു
ഇനിയതൊക്കെ പറഞ്ഞിട്ട്
ഒരു കാര്യവുമില്ല..”
അവൻ ഇറങ്ങി കഴിഞ്ഞു.
മുറ്റത്തെ മാവിന്റെ തണലിൽ വെച്ചിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു സുധി അകന്നു പോകുമ്പോൾ ഭദ്ര പൊട്ടിയൊഴുകുന്ന കണ്ണുകൾ തുടയ്ക്കാൻ പോലും മറന്നു നിന്നു..!
അതെ..
എല്ലാം എന്റെ മാത്രം തെറ്റാണ്..
എന്റെ അവിവേകം..എടുത്തു ചാട്ടം..
മാപ്പ് അർഹിക്കാത്ത വലിയൊരു തെറ്റ് ചെയ്തവളാണ് താൻ !
“നീ മാത്രമാണോ തെറ്റ് ചെയ്തത്..
അതിനു പ്രേരിപ്പിച്ച ആളും കുറ്റക്കാരൻ തന്നെയാണ്. അത് നീ മറന്നു പോകരുത്.”
ഉള്ളിലിരുന്ന് ആരോ തനിക്ക് നേരെ
വിരൽ ചൂണ്ടുന്നു.
പക്ഷെ,
ഒരു പെണ്ണ് എന്തെങ്കിലും തന്നിഷ്ടം കാട്ടുമ്പോഴാണല്ലോ ഒരുമ്പെട്ടോൾ എന്നൊരു പേര് വീഴുന്നത്.!
അവർ ഒരു നെടുവീർപ്പിട്ടു..
മോൻ വന്നിട്ട് ഒരുപാട് നേരമായി.
വിശന്നിരിക്കുകയാവും.
ചായയും പലഹാരങ്ങളും ഡൈനിംഗ് ടേബിളിൽ എടുത്ത് വെച്ചിട്ട് അവർ നീട്ടി വിളിച്ചു.
“ബാലൂ…”
അവൻ ചെറിയമ്മാവൻ കൊടുത്ത സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു..
സ്പ്രേയും,മിട്ടായികളും, പേനകളും,
പിന്നെ ടീ ഷർട്ടുമൊക്കെ ഉണ്ടായിരുന്നു
ആ കവറിൽ..
അമ്മ വിളിക്കുന്നത് കേട്ട് മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.
“അമ്മേ.. ഈ ചെറിയമ്മാവൻ എന്താ ഇത്രയും നാള് ഇങ്ങോട്ടൊന്നും
വരാഞ്ഞത്.?”
അവരൊന്നും മിണ്ടിയില്ല.
“അമ്മയോട് അവർക്കെന്താ പിണക്കമാണോ..?”
അവൻ വിടാൻ ഭാവമില്ല.
“അവർക്കൊന്നും നേരമില്ലാഞ്ഞിട്ടല്ലേ ഇങ്ങോട്ടൊന്നും വരാത്തത്.
അടുത്ത ആഴ്ച നമ്മളെ എല്ലാവരെയും അവിടെയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
ചെറിയമ്മാവന്റെ മോൾടെ കല്യാണമാണന്ന്..”
അവന് സന്തോഷം തോന്നി.
അപ്പോൾ ഇനിയും പുതിയ പുതിയ ബന്ധക്കാരെയൊക്കെ കാണാം.
ഇതുവരെ അമ്മ വീട് കണ്ടിട്ട് പോലുമില്ല. എല്ലാവരും അവധിയ്ക്ക് അമ്മ വീട്ടിൽ പോകാറുണ്ട്. പക്ഷെ അങ്ങനെ
ഒരു വാക്ക് പോലും ഇവിടെ ആരും
പറഞ്ഞു കേട്ടിട്ടില്ല !
അവൻ ചായ കുടിയും കഴിഞ്ഞു കളിക്കാനായി പുറത്തേയ്ക്ക് ഓടി.
അത്താഴത്തിനു ശേഷം മുറിയിൽ ഉണങ്ങിയ തുണികൾ മടക്കി വെയ്ക്കുന്ന തിരക്കിലായിരുന്നു ഭദ്ര.
ബാലുവിന്റെ അച്ഛൻ ടിവിയിൽ ന്യൂസ് കാണുകയാവും ആ നേരത്ത്..
ബാലു എപ്പോഴേ ഉറങ്ങിക്കഴിഞ്ഞു.
ജോലികളെല്ലാം തീർത്തിട്ട്
ലൈറ്റ് അണച്ച് ഭദ്രയും കിടന്നു..
പുലർച്ചെ എഴുന്നേൽക്കാൻ
ഉള്ളതാണ്..
ബാലുവിനും അവന്റെ അച്ഛനും കൊണ്ട് പോകാനുള്ള ആഹാരം റെഡിയാക്കണം.
ടൗണിൽ ഒരു തുണിക്കട നടത്തുകയാണ് ബാലുവിന്റെ അച്ഛൻ. രാവിലെ പോയാൽ തിരിച്ചെത്തുന്നത് രാത്രി ഒൻപതു മണി ആകുമ്പോഴായിരിക്കും !
ഉറങ്ങാനായി കണ്ണുകൾ അടച്ചിട്ട് ഉറക്കം വരുന്നതേയില്ല. മനസ്സ് നിറയെ മറക്കാൻ ശ്രമിക്കുന്ന കുറെ രൂപങ്ങൾ
നിഴൽ ചിത്രങ്ങളെപ്പോലെ കണ്മുന്നിൽ കരയുകയും, അലറുകയും
ശപിക്കുകയും ചെയ്യുന്നു..
നീയൊരുകാലത്തും ഗുണം പിടിക്കില്ലെടീ..
അമ്മ തലയിൽ കൈ വെച്ച് ശപിക്കുന്നു !
ആ ശാപം ഫലിച്ചുവോ ??
അറിയില്ല..
പക്ഷെ, അന്ന് തുടങ്ങിയ ഒറ്റപ്പെടുത്തൽ ഇന്നും അവസാനിച്ചിട്ടില്ല.
“നീയെന്താ ഇതുവരെ ഉറങ്ങിയില്ലേ..?
“എന്താന്ന് അറിയില്ല, ഉറക്കം വരുന്നില്ല.
ഒത്തിരി നാളുകൾക്കു ശേഷം സുധിയെ കണ്ടിട്ടായിരിക്കും. വീട്ടിലെ ഓരോന്നും ഓർമ്മ വരുന്നു . എങ്ങനെ ഇനി തിരിച്ച് അവിടെയ്ക്ക് കയറി ചെല്ലും..”
“നിനക്ക് കല്യാണത്തിന് പോണമെന്നുണ്ടോ?
ഞാനായിട്ട് നിർബന്ധിക്കില്ല.
പോണമെങ്കിൽ പോകാം ”
“പോകണമെന്നുണ്ട് ,
പക്ഷെ, കാണുമ്പോൾ കടിച്ചു
കീറാൻ വന്നിരുന്ന പലരെയും കാണേണ്ടി വരും. അവരെ ഒക്കെ നോക്കി എങ്ങനെ ചിരിക്കും. എല്ലാവർക്കും മുന്നിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കണം.
എനിക്ക് വയ്യ.”
“അതിന് സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും ഒരു കുറ്റമാണോ.
ലോകത്ത് ഇതുവരെ ആരും അങ്ങനെ ഒന്നും ചെയ്തിട്ടില്ലേ..?”
“കൊള്ളാം, ആരെങ്കിലും ചെയ്തത് പോലെയാണോ ഞാൻ ചെയ്ത പ്രവൃത്തി.
അല്ലെങ്കിലും ചേട്ടന് എല്ലാത്തിനും
ഒരു ന്യായമുണ്ടല്ലോ
ആ ന്യായീകരണം കൊണ്ടാണല്ലോ
എല്ലാം ഇത്രടം വരെ എത്തിയത്.
അല്ല എത്തിച്ചത്..”
അയാൾ ഒന്ന് കുലുങ്ങിചിരിച്ചു.
പഴയ ഓർമ്മകൾ പൊടുന്നനെ അയാളിലേയ്ക്കും
ഒരു ലഹരിയായി പടർന്നു.
അയാൾ അവളോട് ചേർന്ന് കിടന്നുകൊണ്ട് അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റിപ്പിടിച്ചു..
അവളാകട്ടെ അരിശത്തോടെ അയാളുടെ കൈ പിടിച്ച് അതെ വേഗത്തിൽ തള്ളിമാറ്റി.
ങ്ങുഹും, മനുഷ്യൻ ഇവിടെ തീയിൽ
ചവുട്ടി നിൽക്കുമ്പോഴാ ഇങ്ങേരുടെ
ഒരു കൊഞ്ചല്!
കുറച്ചു കഴിഞ്ഞതും
അയാളുടെ കൂർക്കം വലി കേട്ട് തുടങ്ങി. എന്നിട്ടും അവൾക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
ഭദ്ര എഴുന്നേറ്റ് കട്ടിൽ തലയ്ക്കൽ ഇരുട്ടിലേയ്ക്ക് നോക്കി വെറുതെ ചാരിയിരുന്നു
എത്ര സന്തോഷത്തോടെ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ഒപ്പം കഴിഞ്ഞിരുന്നതാണ്.
മൂന്ന് മക്കളെ അച്ഛൻ പൊന്നു
പോലെയാണ് വളർത്തിയത്.
ഭദ്രയെക്കാൾ മൂന്ന് വയസ്സിനു മൂത്തതായിരുന്നു ഭാമ. ഇളയവൻ
സുധി എന്നു വിളിക്കുന്ന സുധീഷ്..
ടൗണിലുള്ള ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുമ്പോഴാണ് ഭാമയ്ക്ക് ഒരു വിവാഹാലോചന വരുന്നത്. സ്വന്തമായി ടെക്സ്റ്റയിൽസ് ഒക്കെ ഉള്ള ചെറുക്കൻ. കാണാനും സുന്ദരൻ. ചേച്ചിക്കും പയ്യനെ ഇഷ്ടമായി.
അങ്ങനെ വളരെ പെട്ടെന്ന് തന്നെ കല്യാണം കെങ്കേമമായി നടന്നു.
ഭദ്ര അന്ന് കോളേജിൽ പഠിക്കുകയാണ്. അനിയൻ സുധി പത്തിലും.
ഭാമയുടെ ഭർത്താവ് എല്ലാവരോടും
വളരെ ഫ്രീയായിട്ട് ഇടപെടുന്ന ആളായിരുന്നു..
ഇടയ്ക്ക് ഒക്കെ രണ്ടു പേരും വീട്ടിൽ വരികയും പോവുകയും ചെയ്യും.
ചേട്ടൻ വരുമ്പോഴൊക്കെ എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ട് വരും.
ചിലപ്പോൾ നല്ല ഭംഗിയുള്ള ഡ്രസ്സ്,
ചിലപ്പോൾ ഫാൻസി ഐറ്റംസ്..
പക്ഷെ, രണ്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും അവർക്ക് കുട്ടികൾ ഒന്നും ആയില്ല.
ഭാമ ഭയങ്കര നിരാശയിലും വിഷമത്തിലും ആയിരുന്നു..
ചേട്ടനാകട്ടെ അങ്ങനെ ഉള്ള യാതൊരു ടെൻഷനും ഇല്ലായിരുന്നു.. ഉണ്ടാകുമ്പോൾ ആകട്ടെ എന്നൊരു മനോഭാവം.
പോരെങ്കിൽ വീട്ടിൽ വരുമ്പോഴൊക്കെ ഭദ്രയോട് ഇത്തിരി കൂടുതൽ അടുപ്പം കാണിച്ചു. ഒരുപാട് കഥകൾ പറഞ്ഞു ചിരിപ്പിക്കുകയും സിനിമ കാണിക്കാൻ കൊണ്ട് പോവുകയും, ഐസ് ക്രീം വാങ്ങികൊടുക്കുകയും ഒക്കെ ചെയ്യും.
പിന്നെ പിന്നെ, ചേട്ടനും ചേച്ചിയും വീട്ടിൽ വരാൻ ഭദ്ര കാത്തിരിക്കാറ് പോലുമുണ്ടായിരുന്നു.
പക്ഷെ, ചേച്ചിയോട് സംസാരിക്കുന്നതിലും അവൾക്ക് താല്പര്യം ചേട്ടനോട് ലാത്തിയടിക്കുന്നതിലായിരുന്നു !
ഒരിക്കൽ ചേച്ചി വീട്ടിൽ വന്നത് അമ്മയോടൊപ്പം ദൂരെയെവിടെയോ
ഒരു ക്ഷേത്രത്തിൽ വഴിപാട് കഴിക്കാൻ പോകാനായിരുന്നു..
അന്നൊരു ഞായറാഴ്ച ആയിരുന്നു.
സുധി ഏതോ കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണത്തിന് രാവിലെ പോയി.
അച്ഛനും അമ്മയും കൂടിയാണ്
ചേച്ചിയെയും കൂട്ടി പോയത്.
ഭദ്രയ്ക്ക് ഡിഗ്രി തേഡ് ഇയർ എക്സാം തുടങ്ങുന്നത് കൊണ്ട് എങ്ങോട്ടും പോകാതെ വീട്ടിലിരുന്നു പഠിക്കുകയാണ്.
കോളിങ് ബെൽ അടിക്കുന്നത് കേട്ടാണ് അവൾ വാതിൽ തുറന്നത്.
പുറത്ത് നിൽക്കുന്ന ആളെ കണ്ടപ്പോൾ
ഒന്ന് ഞെട്ടി. ചേട്ടൻ !
“കൊള്ളാം, നല്ല ആളാണ്. ചേട്ടനെന്താ അവരോടൊപ്പം ക്ഷേത്രത്തിൽ പോകാഞ്ഞത്..?”
“എനിക്ക് ഇന്ന് വേറൊരു പ്രോഗ്രാം ഉണ്ടായിരുന്നു. ഒരു ഹൗസ് വാമിങ്. ടെക്സ്റ്റയിൽസിൽ ജോലി ചെയ്യുന്ന
ഒരു സ്റ്റാഫിന്റെ വീടാണ്..
ഇപ്പോൾ അവിടെ പോയിട്ട് വരുന്ന
വഴി ആണ്.
ഭദ്ര എന്താ അവരോടൊപ്പം
പോകാഞ്ഞത്.? ”
“എനിക്ക് വരുന്ന ആഴ്ച എക്സാം തുടങ്ങുവാണ്.. ചേട്ടൻ ഇരിക്ക്, ഞാൻ കുടിക്കാൻ എടുക്കാം.”
ഭദ്ര അടുക്കളയിലെക്ക് നടന്നു.
ഫ്രിഡ്ജിൽ തണുത്ത വെള്ളം ഇരിപ്പുണ്ട്.
നാരങ്ങാ വെള്ളം എടുക്കാം.
നാരങ്ങാ നീരിലേയ്ക്ക് പഞ്ചസാര
ചേർത്ത് ഇളക്കുമ്പോഴാണ് പിന്നിൽ നിന്ന് രണ്ട് കയ്കൾ വന്ന് അവളുടെ ശരീരത്തെ മുറുകെ പുണർന്നത്.
ഞെട്ടലോടെ തിരിഞ്ഞു നോക്കി.
ചേട്ടൻ !!
“ചേട്ടാ എന്താ ഇത് ?എന്നെ വിടുന്നുണ്ടോ. ഇല്ലേൽ ഞാൻ വിളിച്ചു കൂവും..”
കുതറുകയും പിടയുകയും ചെയ്യുന്ന
ഭദ്രയെ അയാൾ അമർത്തി ചുംബിച്ചു.
എന്തൊരു വാസനയാണ് പെണ്ണിന് !
എത്ര നാളായിട്ട് കൊതിക്കുന്നതാണ്.
അവളുടെ കരച്ചിലോ, പിടച്ചിലോ ഒന്നും അയാളുടെ മനസ്സ് മാറ്റിയില്ല.
ഇതുപോലെ ഒരവസരം ഇനിയൊരിക്കലും കിട്ടാൻ പോകുന്നില്ല.
ഒരു സുന്ദരിപ്പെണ്ണിനെ
കയ്യിൽ കിട്ടിയിട്ട് വെറുതെ വിടാനോ!!
ഒരു പുഷ്പത്തെപോലെ അയാൾ
അവളെ പൊക്കിയെടുത്തു മുറിയിൽ കൊണ്ട് പോയി വാതിൽ അടച്ചു കൊളുത്തിട്ടു.
പിന്നെ, നടന്നതൊന്നും അവൾക്ക് ഓർത്തെടുക്കാൻ ശക്തിയില്ലായിരുന്നു.
എന്തൊരു ശൗര്യമായിരുന്നു!
ഒരു പെണ്ണിനെ ആദ്യമായി കയ്യിൽ കിട്ടിയത് പോലെയാണ് അയാൾ അവളെ നക്കിത്തുടച്ചത് !
ശരീരം അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവളുടെ കണ്ണുനീർ ഉണങ്ങിയ കവിളുകളിൽ അയാൾ ഉമ്മ വെച്ച് ആശ്വസിപ്പിച്ചു.
എന്ത് സംഭവിച്ചാലും ഒപ്പമുണ്ടെന്ന് വാക്ക് കൊടുത്തു..!
നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞു അമ്പരപ്പിച്ചു..!
ചേച്ചിയെ ഇപ്പോഴും ഉപേക്ഷിക്കാത്തത് നിന്നെ കാണാൻ വേണ്ടി മാത്രമാണെന്ന് പറഞ്ഞു ഞെട്ടിച്ചു..!
എല്ലാം കേട്ട് ഷോക്കേറ്റ അവസ്ഥയോടെ തളർന്നു കിടന്നു ഭദ്ര!
ഇത്രയും നാൾ സ്വന്തം ചേട്ടനെപ്പോലെ കണ്ടിരുന്ന ആൾ ഇങ്ങനെ ഒരു കണ്ണ് കൊണ്ടാണ് തന്നെ കണ്ടിരുന്നത് എന്ന അറിവ് അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
ചേച്ചിയുടെ ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന വൃത്തികെട്ട പെണ്ണായി തന്നെ എല്ലാവരും കാണുമല്ലോ എന്നോർത്ത് അവൾ നെഞ്ചു പൊട്ടിക്കരഞ്ഞു.
എപ്പോഴാണ് ചേട്ടൻ അവിടെ നിന്നെഴുന്നേറ്റ് പോയതെന്ന് അറിയില്ല.
സ്ഥാനം മാറിക്കിടന്ന തുണികൾക്ക് മേലെ അയാൾ ഒരു പുതപ്പ് കൊണ്ട് അവളെ നന്നായി പുതപ്പിച്ചിരുന്നു.
എല്ലാവരും തിരികെ വീട്ടിൽ എത്തുമ്പോൾ ചെറിയൊരു തലവേദന എന്ന് മാത്രം പറഞ്ഞു മൂടിപ്പുതച്ചു കിടന്നു.
അമ്മ എന്തൊക്കെയോ ഇലകൾ ഇട്ടു തിളപ്പിച്ച കഷായം അവളെക്കൊണ്ട് കുടിപ്പിച്ചു.. പരീക്ഷയാണ് വരുന്നത്.
പനിയും പിടിച്ചു കിടന്നാൽ പരീക്ഷ എഴുതാൻ പറ്റില്ല.
ചേച്ചിയെ വരുന്ന വഴി തന്നെ അച്ഛൻ അവളുടെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു.
അതിനു ശേഷവും പലപ്പോഴും ചേച്ചിയും ചേട്ടനും വീട്ടിൽ വന്നു.
ഒന്നും സംഭവിക്കാത്തത് പോലെ ചേട്ടൻ അവളോട് സംസാരിക്കുകയും, വിശേഷം തിരക്കുകയും ചെയ്തു..
ആരും ഇല്ലാത്ത അവസരം നോക്കി
അവളെ ചുംബിക്കാനും, കെട്ടിപ്പിടിക്കാനും ശ്രമിച്ചു..
അപ്പോഴെല്ലാം അവൾ ആവുന്നതും തടയാൻ നോക്കി.
പക്ഷെ,
പിന്നീട് എപ്പോഴോ അറിയാതെ അയാളുടെ നോട്ടവും, സ്പർശനവും, ലാളനകളും അവളും ഇഷ്ടപ്പെടാൻ തുടങ്ങി..!!
അയാൾക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി.
പല വട്ടം അവർ കൂടുതൽ കൂടുതൽ അടുത്ത് തുടങ്ങി. അയാൾ വിലയേറിയ
പല സമ്മാനങ്ങളും ആരുമറിയാതെ അവൾക്ക് സമ്മാനിച്ചു.
കോളേജിൽ നിന്ന് മറ്റു പലയിടങ്ങളിലേക്കും കാറിൽ അവളെയും കൊണ്ട്
സഞ്ചരിച്ചു.
ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തുല്ലസിച്ചു നടന്നു !
ഡിഗ്രി തേഡ് ഇയർ എക്സാം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു. അവൾക്ക് വയറ്റിൽ വല്ലാത്ത വേദന തോന്നിത്തുടങ്ങി.
കഴിഞ്ഞ മാസം പീരിയഡ് ആയില്ല എന്ന വിവരം അമ്മയെ അറിയിച്ചതുമില്ല..
ആരും വീട്ടിൽ ഇല്ലാതിരുന്ന നേരത്ത് ചേട്ടനെ ഫോൺ വിളിച്ചു പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിച്ചിരിക്കില്ല എന്നു കൂടി തറപ്പിച്ചു പറഞ്ഞു.
അയാൾ ആരുമറിയാതെ അവളെയും
കൂട്ടി ദൂരെയൊരു ഹോസ്പിറ്റലിൽ പരിചമുള്ള ഒരു ഡോക്ടറെ കാണിച്ചു.
രണ്ട് മാസം ഗർഭിണി ആണെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് ഭദ്ര ഞെട്ടിത്തരിച്ചു.
കാറിൽ ഇരുന്നു പൊട്ടിക്കരഞ്ഞ അവളെ അയാൾ അശ്വസിപ്പിച്ചു.
ഇത് കളയണം. ഇല്ലെങ്കിൽ വീട്ടിൽ അറിഞ്ഞാൽ കൂട്ട ആത്മഹത്യ നടക്കും എന്നവൾ അയാളോട് അപേക്ഷിച്ചു.
പക്ഷെ, വിവാഹം കഴിഞ്ഞിട്ട് മൂന്നാല്
വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി കൊതിച്ചിരുന്ന അയാൾക്ക് ആ തീരുമാനത്തോട് യോജിക്കാൻ കഴിഞ്ഞില്ല.
ചേച്ചിക്ക് തരാൻ കഴിയാത്തത് അനിയത്തിക്ക് സാധിച്ചിരിക്കുന്നു..!
ഇവളെ കൈവിട്ട് കളയാൻ പറ്റില്ല.
ഇവളാണ് ഇനി തന്റെയെല്ലാം..
“നിന്നെ ഞാൻ പൊന്നുപോലെ നോക്കാം എന്റെ ഒപ്പം ജീവിക്കുമെങ്കിൽ…”
അയാൾ പറഞ്ഞത് കേട്ട് അവൾ സ്തംഭിച്ചു.
ചേച്ചിയുടെ ജീവിതം തകർക്കാനോ ??
“അപ്പോൾ ചേച്ചിയോ?”
“ഒരു ചേച്ചി ! അവൾക്ക് തരാൻ കഴിയാത്തതാണ് നീയെനിക്ക് സമ്മാനിക്കുന്ന ഈ കുഞ്ഞ്…
നമുക്ക് എങ്ങോട്ടെങ്കിലും പോയി ഒന്നിച്ചു ജീവിക്കാം. നിന്നെ എനിക്ക് വേണം. പറ്റില്ലെന്ന് മാത്രം പറയരുത്.
പ്ലീസ് മോളെ..”
യാചനയോടെ അവളുടെ മുന്നിൽ അയാൾ നിന്നു..
എന്താ വേണ്ടത്..
ഇനിയൊന്നും ചിന്തിക്കാൻ നേരമില്ല.
നടക്കാൻ പാടില്ലാത്തത് നടന്നു.
ഇനി മുന്നോട്ട് ജീവിക്കാൻ, ഒപ്പം വരാൻ ഒരാൾ തയ്യാറാണെങ്കിൽ പിന്നെ താൻ എന്തിന് മരിക്കണം. ഒരു കുഞ്ഞിനെ ഇല്ലാതാക്കിയിട്ടുള്ള ബാക്കി ജീവിതം മറ്റൊരാളെ ചതിക്കുന്നതിനു തുല്യമാണ്.
ഒടുവിൽ അവൾ തീരുമാനിച്ചു.
ജീവിക്കാം അയാൾക്കൊപ്പം !
ബാക്കിയൊക്കെ വരുന്നത് പോലെ വരട്ടെ..
ഒരു കത്തെഴുതി വെച്ചിട്ട് അന്ന് രാത്രി
മധു ചേട്ടനോടൊപ്പം വീട്ടിൽ നിന്ന് പടിയിറങ്ങി പോയതാണ്…!!
പിന്നീട് ആരോ പറഞ്ഞറിഞ്ഞു.
താനുണ്ടാക്കിവെച്ച അപമാനം മൂലം ശരീരം തളർന്നു രോഗ കിടക്കയിലായി അച്ഛൻ..!
അമ്മ സദാ നേരവും തന്നെ ശപിച്ചു കൊണ്ട് നടപ്പാണത്രെ!
പിന്നെ, ചേച്ചി ഏതോ കൂട്ടുകാരിക്കൊപ്പം നോർത്ത് ഇന്ത്യയിലേക്ക് പോയി. അവിടെ ഏതോ കമ്പനിയിൽ ജോലിചെയ്യുന്നു.
വീട്ടുകാർ തന്നെ പടിയടച്ചു പിണ്ഡം വെച്ചത്രെ!!
അച്ഛൻ കുറച്ചു നാളുകൾ കിടക്കയിൽ തന്നെ ആയിരുന്നു. പിന്നെ ഒരു ദിവസം ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ആണ്ടു പോയി. അതൊന്നും ആരും അറിയിച്ചില്ലെങ്കിലും എല്ലാം ചേട്ടൻ
എങ്ങനെയൊക്കെയോ അറിയുന്നുണ്ടായിരുന്നു.
ചേട്ടൻ ടൗണിൽ തന്റെ പേരിൽ പുതിയ
ഒരു തുണിക്കട തുടങ്ങി.
ഭദ്ര ടെക്സ്റ്റയിൽസ്.
ചേച്ചിയുടെ മുന്നിൽ ഇനിയൊരിക്കലും ചെന്ന് പെടരുത് എന്നാണ് തീരുമാനിച്ചിരുന്നത്.
പക്ഷെ, ഇനിയൊരു തിരിച്ചു പോക്ക് ആരുടെയൊക്കെ കറുത്ത മുഖങ്ങൾക്ക് മുൻപിലേക്കാവും എത്തിക്കുക
എന്നൊരു ശങ്കയുണ്ട്.
തന്റെ ഭാഗത്ത് ഒരു ന്യായവും ഇല്ല.
ആരോടും തർക്കിച്ചു നേടാനുള്ള യോഗ്യതയും ഇല്ല .
ഈയിടെയായി മകന് പോലും ഒരകൽച്ച ഉള്ളത് പോലെ തോന്നുന്നു..
അവൻ വലുതാകുമ്പോൾ എല്ലാം
അറിയട്ടെ.
യാതൊന്നും അറിഞ്ഞില്ലെങ്കിലും അത് അവനെ ബാധിക്കുന്നതെയല്ല..
അവന്റെ അച്ഛനും അമ്മയും അവനൊപ്പമുണ്ട്..
ഒരു കുഞ്ഞിനെ കൊതിച്ച ആൾക്ക്
ഇപ്പോൾ മക്കൾ മൂന്നു പേരാണുള്ളത് !
മൂത്ത രണ്ടു പേരും പെണ്മക്കൾ ആണ്. അവർ പഠിത്തവും ജോലിയുമൊക്കെയായി പുറം നാടുകളിൽ ആണ്.
സ്വസ്ഥം ഗൃഹഭരണം ആണ്.
പക്ഷെ, തന്റെ ഉള്ളു നീറുന്നത് ആരും അറിയുന്നില്ല.
കൂടെ കിടക്കുന്നയാളു പോലും !
ഒന്നിനെയും കുറിച്ച് ഒരു ടെൻഷനും
ഇല്ലാതെ സുഖമായി ചരിഞ്ഞു കിടന്നുറങ്ങുന്ന ഭർത്താവിനെ കണ്ട് അവൾക്ക് അസൂയ തോന്നി.
ഒരുപക്ഷെ എല്ലാത്തിന്റെയും കാരണക്കാരൻ..
ഒന്നും അറിയാത്തത് പോലെ കിടക്കുന്നത് കണ്ടില്ലേ..!
അവൾക്ക് ദേഷ്യവും സങ്കടവും വന്നു.
പിന്നെ, ഉറക്കം വരാനായി അയാളെ കെട്ടിപ്പിടിച്ചു കണ്ണുകൾ അടച്ചു കിടന്നു.