ആദ്യം നീ ഒന്ന് വൃത്തിയിൽ കിടപ്പറയിലേക്ക് വാ. നിന്റെ മുഷിഞ്ഞ ശരീരം കാണുമ്പോൾ തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു.

(രചന: Krishna Das)

ചേച്ചി ഇവിടെ വന്നു നിന്നാൽ എങ്ങനാ?
ഇവിടെ ഒന്നാമത് കിടക്കാൻ രണ്ടു മുറി മാത്രമേ ഉളളൂ. അതും കൊച്ചു മുറികൾ.

ചേച്ചിയും മകനും കൂടി അമ്മയുടെ മുറിയിൽ കിടന്നാൽ പിന്നെ ഞങ്ങളുടെ മോളെ എവിടെ കിടത്തും.

നീത അതു ചോദിച്ചപ്പോൾ റീന പറഞ്ഞു ഞാനും മോനും ഹാളിൽ എവിടെ എങ്കിലും ചുരുണ്ടു കിടന്നോളാം.

എന്റെ ഗതികേട് കൊണ്ടല്ലേ നീതെ ഞാൻ ഇങ്ങോട്ടു പോന്നത്?.

എന്ത് ഗതികേട് എല്ലാം ചേച്ചിയുടെ വാശിയും കുറുമ്പും.

സുരേഷേട്ടൻ എത്ര സ്നേഹം ഉള്ളവൻ ആണ് എന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങളോട് എത്ര സൗമ്യമായി ആണ് പെരുമാറാറ്.

അതു ഇവിടെ വരുമ്പോൾ അല്ലെ
ഒരു നിവൃത്തി ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ടു വരുമോ?.

അതെങ്ങനെ കയ്യിലിരുപ്പ് നന്നാകണം എങ്കിലേ ഭർത്താവിന് സ്നേഹം ഉണ്ടാവുകയുള്ളൂ.
അതു പറഞ്ഞു നീത വാതിൽ അടച്ചു.
റീനക്ക് വല്ലാത്ത സങ്കടം തോന്നി.

നീതക്ക് തന്നോട് എന്ത് സ്നേഹമായിരുന്നു.
താനും സുരേഷേട്ടനും ഒന്നിച്ചു വരുമ്പോൾ രാഹുലിനെ കൊണ്ടു കോഴിയെ വാങ്ങിപ്പിച്ചു സൽക്കരിക്കാൻ വളരെ ഉത്സാഹം ആയിരുന്നു.
അമ്മക്ക് അതുകൊണ്ട് തന്നെ മരുമകൾ എന്നു വെച്ചാൽ ജീവൻ ആണ്.

അവളെ ഒരുതരത്തിലും വേദനിപ്പിക്കില്ല.
രാഹുൽ ഒന്ന് ഒച്ചയുയർത്തി അവളോട്‌ സംസാരിച്ചാൽ അമ്മ ഇടയിൽ കയറി വഴക്ക് രാഹുലിനെ വഴക്ക് പറയും.

അതോടെ അവൻ നിശബ്ദനാകും. ഒരുദിവസം കൂടുതൽ നീത അവളുടെ വീട്ടിൽ പോയി നിൽക്കില്ല. അവൾക്കു അവിടെ നിൽക്കുന്നതിലും ഏറെയിഷ്ടം ഇവിടെ
നിൽക്കുന്നതാണ്.

അവളുടെ അച്ഛനും അമ്മയും അനിയത്തിയും ഭർത്താവും എല്ലാം ദിവസങ്ങളോളം ഇവിടെ വന്നു നിൽക്കും. അന്നൊന്നും അമ്മ ഒരു ഇഷ്ടക്കേടും കാണിക്കാറില്ല.

കുറച്ചു നാളായി സുരേഷേട്ടന് ചെറിയ മാറ്റങ്ങൾ.
താൻ ജോലി കഴിഞ്ഞു വരുമ്പോൾ അൽപ്പം സമയം എന്താണ് വൈകിയത് എന്ന് ചോദിച്ചാൽ താൻ പറയുന്ന മറുപടിയിൽ അത്ര വിശ്വാസം പോരാ?

തനിക്കു വരുന്ന കോളുകൾ ആരാണ് എന്താണ് എന്നെല്ലാം കൃത്യമായി ചോദിക്കും. അതിനു ഒന്നും തനിക്കു പരാതി ഇല്ല. കിടപ്പറയിൽ സംഭവിക്കുന്ന പരാജയങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുവെന്നു തോന്നുന്നു.

അതിനു തനിക്കു പരാതിയൊന്നുമില്ല.
സുരേഷേട്ടന് വിഷമം ആകുമെന്ന് കരുതി താൻ അതിനെ കുറിച്ച് ഒന്നും സംസാരിക്കാറില്ല.
എങ്കിലും ഇപ്പോൾ അദ്ദേഹത്തിന് വല്ലാത്ത ദേഷ്യമാണ്.

അകാരണമായി തന്നോടും മോനോടും ദേഷ്യപ്പെടും. അച്ഛൻ കാരണം അറിയപ്പെടാതെ ദേഷ്യപെടുമ്പോൾ സോനു മോനും ഇപ്പോൾ അച്ഛനെ ഭയമാണ്.

ഇപ്പോൾ സുരേഷേട്ടൻ പതിവില്ലാതെ മദ്യപിച്ചു തുടങ്ങിയിരിക്കുന്നു. തന്നെ വിവാഹം കഴിഞ്ഞത് മുതൽ ആണ് അദ്ദേഹം മദ്യപിച്ചു തുടങ്ങിയത് എന്നു പറഞ്ഞു സുരേഷേട്ടന്റെ അമ്മയും തന്നെ കുറ്റപ്പെടുത്തി തുടങ്ങി.

അദ്ദേഹത്തിന്റെ മാറ്റത്തിന്റെ കാര്യം തനിക്കു അറിയാമെങ്കിലും ആരോടും പറയാൻ കഴിയാത്ത അവസ്ഥ. ഒരിക്കൽ മടിയോടെ ആണെങ്കിലും സുരേഷേട്ടനോട് തുറന്നു പറയുക തന്നെ ചെയ്തു.

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒരു ഡോക്ടറെ കാണാമെന്ന്. പക്ഷേ അതിന്റെ പ്രതികരണം വളരെ മോശമായിരുന്നു.

നിനക്കു ഇപ്പോൾ എന്നെ മതിയാകാതെ ആയി എന്നു എനിക്ക് മനസ്സിലായി.

ആദ്യം നീ ഒന്ന് വൃത്തിയിൽ കിടപ്പറയിലേക്ക് വാ.
നിന്റെ മുഷിഞ്ഞ ശരീരം കാണുമ്പോൾ തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു. അതും പറഞ്ഞു തന്നെ കിടക്കയിൽ നിന്ന് തള്ളി താഴെയിട്ടു.

പിന്നീട് നിസ്സാരകാരണങ്ങൾക്ക് പോലും വഴക്ക് ഉണ്ടാക്കുകയും മർദിക്കുകയും ചെയ്തു തുടങ്ങി.
സോനു മോന് അച്ഛനെ കാണുന്നത് തന്നെ ഭയമാണ് ഇപ്പോൾ.

ആരുടെയും സപ്പോർട്ട് ഇല്ലാതെ അവിടെയുള്ള ജീവിതം മടുത്തപ്പോൾ ആണ് അവിടെ നിന്ന് ഇറങ്ങിയത്.

പക്ഷേ ഇവിടെ വന്നപ്പോൾ നീതയുടെ പെരുമാറ്റം കണ്ടപ്പോൾ വരേണ്ടിയിരുന്നില്ലെന്നു തോന്നി.

നീതയും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർധിച്ചപ്പോൾ വീട്ടിലെ അന്തരീക്ഷം മോശമാകുന്നുവെന്ന് കണ്ടപ്പോൾ അമ്മക്ക് ആവലാതി ആയി. അവസാനം അമ്മയോട് എല്ലാം തുറന്നു പറയേണ്ടി വന്നു.

എല്ലാം അറിഞ്ഞപ്പോൾ അമ്മയും പറഞ്ഞു എങ്കിൽ ഇനി മോള് അങ്ങോട്ട്‌ പോകേണ്ട എന്ന്.
നീതയെ പറഞ്ഞു മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചു എങ്കിലും അവൾ ഒട്ടും വഴങ്ങാൻ തയ്യാറായില്ല.

രാഹുൽ ഒരു ദിവസം ചോദിച്ചു നീ എത്ര നാൾ ഇങ്ങനെ ഇവിടെ നിൽക്കും?

റീന ഒന്നും മിണ്ടിയില്ല.

ഞാൻ സുരേഷേട്ടനോട് സംസാരിക്കാം.
വേണ്ട!മറുപടി പറഞ്ഞത് സരസ്വതി ആണ്.
അമ്മേ!

നീ ബഹളം വെക്കേണ്ട അവളെ ഇനി പറഞ്ഞയക്കുന്നില്ല?

കാരണം!

കാരണം ഒന്നുമില്ല അവൾക്കു ഇനി ഇങ്ങനെ ഒരു ഭർത്താവ് വേണ്ട.

അമ്മയും അവളെ സപ്പോർട്ട് ചെയ്യുകയാണോ?
അവളുടെ ജീവിതം നശിപ്പിക്കാൻ ആണോ അമ്മ ശ്രമിക്കുന്നത്?

ഇതിലും കൂടുതൽ അവളുടെ ജീവിതം നശിക്കാനില്ല. ഒരു പെണ്ണിനെ മനസ്സിലാക്കാൻ ഒരു പെണ്ണിനെ കഴിയൂ.

നിനക്കു ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ നിന്റെ ഭാര്യയെയും വിളിച്ചു ഇറങ്ങി പോകാം. ഞാൻ എങ്ങോട്ട് പോകാൻ ഇത് എന്റെ അച്ഛൻ പണിത വീടാണ്.

ആണല്ലോ? അല്ലാതെ നീ പണിത വീടൊന്നുമല്ലല്ലോ? നിനക്ക് ഉള്ള അതേ അവകാശം അവൾക്കു ഇവിടെ ഉണ്ട്.

അവൾ എത്ര നാൾ ഇവിടെ ജീവിക്കണം എന്ന് അവൾ തീരുമാനിക്കുന്നിടത്തോളം അവൾ ഇവിടെ ജീവിക്കും. എങ്കിൽ ശരി നിങ്ങൾ അമ്മയും മകളും കൂടി ഇവിടെ ജീവിക്കൂ.
ഞങ്ങൾ പോവുകയാണ്.

രാഹുൽ നീതയുടെയും മകളുടെയും കയ്യിൽ പിടിച്ചു ഇറങ്ങി പോകുമ്പോൾ നൊമ്പരം തോന്നിയെങ്കിലും സരസ്വതി അവരെ തടഞ്ഞില്ല.
മരുമകളെയും കുഞ്ഞിനേയുംഎവിടെ ആണെങ്കിലും മകൻ പൊന്നുപോലെ നോക്കിക്കൊള്ളും.

ഇപ്പോൾ തുണ വേണ്ടത് മകൾക്കാണ്. അവളെ ഇപ്പോൾ കയ്യൊഴിഞ്ഞാൽ ചിലപ്പോൾ അവളെ തനിക്കു എന്നെന്നേക്കുമായി നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *